വീണ്ടും റസല്യൂഷന്‍, ആ തേരും തെളിച്ച് വരുന്നുണ്ടേ..Happy New Year

കഴിഞ്ഞ വര്‍ഷം ഒറ്റ റസല്യൂഷന്‍ മാത്രമാണുണ്ടായിരുന്നത്. വര്‍ക്കും ലൈഫും ബാലന്‍സ് ചെയ്യണം. അധികനേരം കംപ്യൂട്ടറിന് മുന്നിലോ മൊബൈലിന് മുന്നിലോ ഇരിയ്ക്കുന്നത് ഒഴിവാക്കണം. കൂടുതല്‍ യാത്രകള്‍ നടത്തണം. ഫാമിലി ടൈം കൂട്ടണം. പുസ്തക വായന വേണം, സൈക്‌ളിങ്..അങ്ങനെ അങ്ങനെ എന്തൊക്കെയോ തീരുമാനിച്ചിരുന്നു. എത്ര ശതമാനം സക്‌സസായെന്ന് ചോദിച്ചാല്‍ അഞ്ച് ശതമാനം മാത്രം. അപ്പോ, ഈ നടക്കാത്ത കാര്യങ്ങള്‍ക്ക് എന്തിനാണ് സമയം കളയുന്നത് എന്ന ചോദ്യമായിരിക്കും ന്യായമായും ഭൂരിപക്ഷം പേരുടെയും മനസ്സില്‍ കടന്നു വരിക. പക്ഷേ, ഇത്തരത്തിലൊരു കുറിപ്പ് തയ്യാറാക്കുമ്പോഴും ഒരു വര്‍ഷം കഴിഞ്ഞ് അതെല്ലാം വിശകലനം ചെയ്യുമ്പോഴും ഒരു രസമുണ്ട്. നമുക്ക് സന്തോഷമുള്ള കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് എന്റെ ബേസിക് പോളിസി. അതുകൊണ്ട് ഇതെനിക്ക് ഇഷ്ടമാണ്, അതുകൊണ്ട് ഞാന്‍ ചെയ്യുന്നു. അപ്പോള്‍ പുതിയ റസല്യൂഷനിലേക്ക് പോകാം.

കരിയര്‍
ഈ ടാര്‍ജറ്റ് ഫൈറ്റ് നിറഞ്ഞ ജീവിതം ബോറടിച്ചു തുടങ്ങി. ഡിജിറ്റല്‍ മീഡിയയില്‍ കൂടുതല്‍ അറിവ് നല്‍കുന്ന ഏത് ജോലി കിട്ടിയാലും അത് സ്വീകരിക്കുകയെന്നതാണ് ഈ തീരുമാനം നടപ്പാക്കുന്നതിലെ ആദ്യപടി. കൂടാതെ കേരളത്തില്‍ നിന്നും പുറത്തേക്ക് സ്ഥലം മാറി പോകാന്‍ കിട്ടുന്ന ഒരു അവസരവും കളഞ്ഞുകുളിക്കാതിരിക്കാന്‍ ശ്രമിക്കും. അതേ സമയം അനാവശ്യ തിടുക്കം കാണിയ്‌ക്കേണ്ട സാഹചര്യം നിലവിലില്ല(ഇത് എടുത്തുചാട്ടക്കാരനായ എന്നോട് തന്നെ ഞാന്‍ പറയുന്നതാണ്). ബിസിനസും സൗഹൃദവും രണ്ടാണെന്ന അടിസ്ഥാന വിശ്വാസത്തില്‍ മുറുകെ പിടിച്ച് ജീവിക്കും.

ആരോഗ്യം
വാസ്തവത്തില്‍ നിലവിലുള്ള വര്‍ക്കിങ് കള്‍ച്ചറില്‍ ആരോഗ്യത്തിന് തീരെ പരിഗണനയില്ല. ഇത് മറികടക്കാന്‍ യാത്രകള്‍ കൂട്ടുക മാത്രമേ മാര്‍ഗ്ഗമുള്ളൂ. ഒറ്റയ്ക്ക് കൂടുതല്‍ യാത്രകള്‍ 2022ല്‍ നടത്താന്‍ ശ്രമിക്കും. (കൂട്ടായ യാത്രകളാണ് നല്ലതെങ്കിലും അതിനു സമയം എടുക്കുന്നു, ഗ്യാപ്പ് വരുന്നു) കഴിഞ്ഞ വര്‍ഷം നടത്തിയത് ആകെ അഞ്ച് യാത്രകളാണ്. കൊവിഡ് കാലത്തിന്റെ പരിമിതിയുണ്ടായതുകൊണ്ടായിരിക്കാം നമ്പര്‍ കുറഞ്ഞത്. പക്ഷേ പുതിയ വര്‍ഷത്തില്‍ പ്രതിമാസം രണ്ട് യാത്രകളെങ്കിലും നടത്തിയെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കും. കൂടുതല്‍ സിനിമകള്‍ (തിയേറ്ററില്‍ പോയി) കാണാനും പുസ്തകങ്ങള്‍ വായിക്കാനുമുള്ള ശ്രമങ്ങള്‍ തുടരും. (കഴിഞ്ഞ വര്‍ഷം ഒറ്റ പുസ്തകം പോലും വായിക്കാത്തവന്റെ സ്വപ്‌നമാണെന്ന് നല്ല ബോധ്യമുണ്ട്). നിലവിലുള്ള കൊവിഡ് തിരക്ക് കഴിഞ്ഞാല്‍ ഉടന്‍ തന്നെ വര്‍ക്ക് ഔട്ട് തുടരും. എല്ലാ ദിവസവും നടത്തം അല്ലെങ്കില്‍ സൈക്ലിങ് എന്നിവ ഉറപ്പാക്കും.

കുടുംബം
ഫാമിലി ടൈം കൂട്ടുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതേ സമയം ഞാന്‍ ബേസിക്കലി ഒരു ഫാമിലി മാന്‍ അല്ല. എനിക്ക് ഒരു മാതൃകാ ഭര്‍ത്താവോ അച്ഛനോ ആകാനൊന്നും പറ്റില്ല. ഇത്രയും കാലത്തിനിടയില്‍ ഞാന്‍ ഇങ്ങനെയാണെന്ന് പിള്ളേരും പ്രജിയും മനസ്സിലാക്കിയിട്ടുണ്ട്. മറിച്ച് ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയാലാണ് പ്രശ്‌നം. അതേ സമയം അവരുടെ ചില അടിസ്ഥാന കാര്യങ്ങളിലും സന്തോഷങ്ങളിലും പങ്കാളിയാവാന്‍ ശ്രമിക്കും. മാസത്തിലെ ഒരു ഞായറാഴ്ച ഇവരുമൊന്നിച്ചുള്ള യാത്രകള്‍ക്കായി മാറ്റിവെയ്ക്കണമെന്ന് കരുതുന്നു.

സൗഹൃദം
കാലാകാലങ്ങളില്‍ മാറി വരുന്ന സൗഹൃദങ്ങളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായുള്ളത്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് സ്ഥിരമായി കൂട്ടുള്ളത്. അതില്‍ തന്നെ മനസ്സ് തുറക്കുന്നവര്‍ ഒന്നോ രണ്ടോ പേര്‍. ഒരു പക്ഷേ, ഇതിനു കാരണം നമ്മുടെ അടച്ചിട്ട മനസ്സായിരിക്കാം. ഇതിന് എന്തു മാറ്റം വരുത്താമെന്നും പുതുവര്‍ഷത്തില്‍ ആലോചിക്കണം. എന്തായാലും ഈ ഏരിയയില്‍ ഒന്നും കഴിഞ്ഞ വര്‍ഷത്തെ പോലെ പോയാല്‍ പോരാ..ഏറ്റവും കൂടുതല്‍ സൈക്കോളജിക്കല്‍ ഇംബാലന്‍സ് ഉണ്ടാക്കിയ ഏരിയ ആണിത്. അത് 2022ല്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല.. ഇവിടെ ശക്തമായ കോള്‍ തന്നെ നടത്തേണ്ടി വരും..