സെറ്റില്‍മെന്‍റ് കണ്‍ഫ്യൂഷന്‍, അഥവാ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

”സെറ്റിലാകണം”, ഞാന്‍ അധികസമയവും കേള്‍ക്കുന്ന വാക്കാണിത്. ”എന്ത് അങ്ങനെ ജീവിച്ചു പോയാല്‍ മതി. ഇങ്ങനെ ജീവിക്കാന്‍ കഴിയുന്നതില്‍ ആഹ്ലാദിക്കാം”. എന്ന നിലപാടിലായിരുന്നു ഞാന്‍ മുന്നോട്ടു പോയിരുന്നത്. പക്ഷേ, പിള്ളേരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ചിലപ്പോഴൊക്കെ നമ്മള്‍ വട്ടം കറങ്ങി പോകുന്നു.

1രണ്ടു പേര്‍ക്കും ഒരു നായ്ക്കുട്ടിയെ വേണം. പറയുമ്പോഴെല്ലാം ഞാന്‍ പറയും. അച്ഛന്റെ ജോലി ഇങ്ങനെ മാറി കൊണ്ടിരിക്കും. നായകുട്ടിയെ വാങ്ങിയാല്‍ നമുക്ക് നാട്ടില്‍ പോകാന്‍ കഴിയില്ല. സാരമില്ല, നാട്ടില്‍ പോകണ്ട..എന്നായിരിക്കും ഉടന്‍ വരുന്ന മറുപടി. അപ്പോ ഞാന്‍ പറയും. നമുക്ക് വീട് വാങ്ങിയിട്ട് നായ്ക്കുട്ടിയെ വാങ്ങാം. അപ്പോ പിന്നെ അതെന്നാണെന്നായിരിക്കും ചോദ്യം.. പൂച്ചട്ടി വെയ്ക്കാന്‍ പോലും ഇതേ ഡയലോഗായിരിക്കും.

2 സ്‌കൂട്ടറിലാണ് നാലുപേരുടെയും യാത്ര. പക്ഷേ, നിലവിലെ അവസ്ഥയില്‍ യാത്ര പ്രായോഗികമല്ല. ” അച്ഛാ നമുക്ക് കാറു വേണം. ശരിയാണ്. നാലു പേര്‍ക്കും ഇനി ഒരുമിച്ച് യാത്ര ചെയ്യണമെങ്കില്‍ കാറ് വാങ്ങണം അല്ലെങ്കില്‍ ഓല, യൂബര്‍, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങളെ ആശ്രയിക്കണം. തീര്‍ച്ചയായും നമ്മുടെ ചോയ്‌സ് രണ്ടാമത്തെതാണ്. അപ്പോഴും പിള്ളേരോട് പറയും.. ആദ്യം നമുക്ക് വേണ്ടത് വീടല്ലേ.. പിന്നെയല്ലേ കാറ്.. അതില്‍ അവര്‍ പറയും. ശരിയാ ആദ്യം വേണ്ടത് വീടാണ്..

3 എളുപ്പത്തില്‍ ഇളക്കി മാറ്റാവുന്ന ഭാരം കുറഞ്ഞ ഫര്‍ണിച്ചറുകളാണ് വീട്ടിലുള്ളത്. ഭാര്യയുടെ പലപ്പോഴുമുള്ള പരാതിയാണ്. അലമാരയില്‍ സ്ഥലമില്ലെന്നത്. പക്ഷേ, അധികം വെയ്റ്റുള്ളത് വാങ്ങിയാല്‍ മൂവ് ചെയ്യുമ്പോള്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് വാങ്ങാറില്ല. അതിനും മറുപടി വീട് വാങ്ങട്ടെ..എന്നാല്‍ പിന്നെ ഇത് കൊണ്ട് ഓടി നടക്കണ്ടല്ലോ?

4 പിന്നെ പിള്ളേര് കണ്ടെത്തിയ സൂത്രമാണ്. നമുക്ക് നാട്ടില്‍ വീടെടുക്കാം. നാട്ടിലെ സ്‌കൂളില്‍ പോകാം. നാട്ടിലേക്ക് മാറാം. നായ്കുട്ടിയെ വാങ്ങാം എന്നത്. രണ്ടു പേര്ക്കും‍ നാട് നല്ല ക്രേസാണ്. അപ്പോ ഞാന്‍ മനസ്സില്‍ ആലോചിക്കും..നാട്ടിലേക്ക് മാറിയാല്‍ ആരു പണി തരും? ആരു ശമ്പളം തരും..നിലവിലുള്ള അവസ്ഥയില്‍ ബാംഗ്ലൂര്‍, ഹൈദരാബാദ് , നോയിഡ എന്നിവിടങ്ങളില്‍ മാത്രമാണ് നമുക്ക് ഭാവിയുള്ളത്. (അതേ സമയം ഇവിടത്തെ സാലറി തന്നെ തരാമെന്നു പറഞ്ഞ നാട്ടിലെ രണ്ടു പ്രമുഖ മാധ്യമ സ്ഥാപനങ്ങളെ ഞാന്‍ മറക്കുന്നുമില്ല.)

പറഞ്ഞു വരുന്നത്..സെറ്റില്‍മെന്റ് എന്ന ചിന്ത ഇടക്കിടെ തലയിലേക്ക് കയറി വരുന്നത് ഇത്തരം സംഭവങ്ങളിലൂടെയാണ്. 2008-2010 കാലത്ത് ഓഹരി വിപണിയിലെ പ്രതിസന്ധി ജീവിതമാകെ മാറ്റി മറിച്ചതുകൊണ്ട് റിസ്‌കെടുക്കാന്‍ പേടിയാണ്. അതിനു മുമ്പുള്ള കാര്യമാണെങ്കില്‍ രസകരമാണ്…. രാവിലെ സ്‌കൂട്ടര്‍ വാങ്ങാന്‍ തീരുമാനിക്കുന്നു, ഉച്ചയ്ക്ക് റെഡിക്യാഷ് കൊടുത്ത് സ്‌കൂട്ടറും വാങ്ങി വീട്ടിലെത്തുന്നു. ലാപ്പ് ടോപ്പിന് വലിയ ഭാരം..നേരെ പോയി അടുത്ത കംപ്യൂട്ടര്‍ കടയില്‍ നിന്നും ഒരു ലൈറ്റ് വെയ്റ്റ് മോഡലും വാങ്ങി വീട്ടിലേക്ക്.. ഇതായിരുന്നു നമ്മുടെ സ്റ്റൈല്‍. ഓഹരി വിപണിയില്‍ നിന്നു തന്നെ നല്ലതുപോലെ പണം കിട്ടിയിരുന്നു. രാത്രി മാത്രമുള്ള പത്രപ്രവര്‍ത്തന ജോലി കഴിഞ്ഞാല്‍ ഫുള്‍ ടൈം ഷെയര്‍മാര്‍ക്കറ്റ് കച്ചവടത്തിലായിരുന്നു. പക്ഷേ, ഇന്നും വേട്ടയാടി കൊണ്ടിരിക്കുന്ന ആ രണ്ടു വര്‍ഷം ജീവിതത്തില്‍ ചില തിരിച്ചറിവുകളെല്ലാം നല്‍കിയിട്ടുണ്ട്. ഇപ്പോഴും പരിപൂര്‍ണമായി പഠിച്ചു തീരാത്ത പാഠങ്ങള്‍..

എന്തായാലും വീട് വേണം. പക്ഷേ, എവിടെ എന്ന ചോദ്യം നിര്‍ണായകമാണ്. കാരണം നമ്മുടെ ജോലി എവിടെയാണെന്നത് വലിയ ഉറപ്പില്ലാത്ത കാര്യമാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി ബാംഗ്ലൂരാണുള്ളത്. കൈയില്‍ കാശൊന്നുമില്ലെങ്കിലും ലോണെല്ലാം എടുത്ത് ചെറിയ തോതില്‍ ബാംഗ്ലൂരില്‍ ഒന്നു വാങ്ങാമെന്നു വെച്ചാലോ? അപ്പോ നാളെ സ്ഥലമാറ്റം കിട്ടിയാല്‍.. അപ്പോ കരുതും നാട്ടില്‍ വാങ്ങിയാലോ? നാട്ടില്‍ വാങ്ങിയിട്ട് ജോലി ഇവിടെ തന്നെ ആയാലോ? ചിലര്‍ പറയുന്നത് വീടൊന്നും വെയ്ക്കുന്നില്ലെങ്കില്‍ നിനക്ക് സ്ഥലം വാങ്ങിക്കൂടെന്നാണ്. സ്ഥലം വാങ്ങാന്‍ ആരുടെ കൈയില്‍ വെറുതെ പണം കിടക്കുന്നു. അതേ സമയം സ്ഥലം വാങ്ങി വീടു വെയ്ക്കാന്‍ ലോണ്‍ കിട്ടും. ഇതെല്ലാം നമ്മുടെ പിള്ളേരോട് പറയാന്‍ പറ്റ്വോ? എന്തായാലും കണ്‍ഫ്യൂഷന്‍ പിരിയഡ് തന്നെയാണ്.. അതു തുടരുന്നു.. ടൈംസ് ഓഫ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായിക്കുന്നത് റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങളാണ്. അതു വായിക്കുമ്പോള്‍ വല്ലാത്തൊരു സന്തോഷവും സുഖവുമാണ്…അല്ലെങ്കിലും ആ പത്രം ഞാന്‍ വാങ്ങുന്നത് പരസ്യം വായിക്കാന്‍ വേണ്ടിയാണ്. വാര്‍ത്തകളെല്ലാം ഓണ്‍ലൈനില്‍ വായിച്ചു കഴിഞ്ഞിരിക്കും.