ആ ഫോട്ടോയ്ക്കും ചിലതു പറയാനുണ്ട്

ഇന്നലെ ഓഫീസ് വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് ആ കോൾ വന്നത്…ഷിനോദ് മനസ്സിലായോ….സൗണ്ട് കേട്ടപ്പോൾ പരിചയം തോന്നിയില്ല. വാസ്തവത്തിൽ ഇങ്ങനെ ചോദിക്കുന്നത് എനിക്കിഷ്ടമല്ല. പക്ഷേ, ആ ശബ്ദത്തിലെ കോൺഫിഡൻസിൽ നിന്നും ആൾക്ക് എന്നിലുള്ള അധികാരവും സ്നേഹവും മനസ്സിലായി… രജനി ചേച്ചി.. ഒടുവിൽ ആ പേര് തെളിഞ്ഞു വന്നു… നീയറിഞ്ഞോ? എന്ത് എന്ന് ചോദിക്കും മുമ്പെ.. ഒരു കുഞ്ഞു മോളുടെ രൂപം നിറഞ്ഞു വന്നു…’ മോളുടെ കല്യാണമാണോ?’ അതേ, ഏപ്രിൽ പത്തിനാണ്..നീ വരണം, ഭാര്യയെയും കുട്ടികളെയും കൂട്ടി.. പിന്നെ നീ വരുമ്പോ അതും കൊണ്ടു വരണം…അത്രയേ മൂപ്പത്തി പറഞ്ഞുള്ളൂ…എന്താണ് അത് ? എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല..

ചേച്ചിയുടെ മോള്..ഞങ്ങളുടെ ഭാഗത്തെ ആദ്യത്തെ കുഞ്ഞാവയായിരുന്നു..എല്ലാവരുടെയും കുഞ്ഞാവ.. രാവിലെ എന്റെ കൂടെ വന്നാൽ ചിലപ്പോൾ എല്ലാ കറക്കവും കഴിഞ്ഞ് ഉച്ചയോടു കൂടിയാണ് വാവ വീട്ടിലെത്തുക. തൊട്ടടുത്തുള്ള അമ്മയുടെ അനിയത്തിയുടെ വീട്ടിലോ മാമന്റെ വീട്ടിലോ മറ്റു കുട്ടികളോടൊപ്പം കളിയ്ക്കും. ഞങ്ങളുടെ തോളിൽ കരഞ്ഞുപിടിച്ച് കയറി പോരും. വാവയുടെ ചിരിയും കളിയും നിറഞ്ഞതായിരുന്നു ഞങ്ങളുടെ അധിക ദിവസങ്ങളും. സ്വാഭാവികമായും ഒട്ടേറെ ഫോട്ടോകളും ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരുടെ ആൽബത്തിലും കാണുമായിരുന്നു. ഇന്നത്തെ പോലെ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ കഴിയാത്തതുകൊണ്ട് ഭൂരിഭാഗവും നഷ്ടപ്പെട്ടു.

മോൾക്ക്.എകദേശം രണ്ടു വയസ്സ് മാത്രം പ്രായമുള്ള സമയത്ത് ഒരു ഫോട്ടോയെടുത്ത് ലാമിനേറ്റ് ചെയ്തെടുത്തിരുന്നു.. ഇപ്പോഴും ബാംഗ്ലൂരിലെ ഞങ്ങളുടെ ആൽബത്തിൽ ആ പടം ഉണ്ട്. 20 വർഷത്തിലേറെ പഴക്കമുള്ള ഈ ഫോട്ടോയാണ് രജനിയേച്ചി..ചോദിക്കുന്നത്. കല്യാണ പെണ്ണിന് സമ്മാനമായി ആ ഫോട്ടോ തന്നെ കൊടുക്കണം.. ബോർഡ് ലാമിനേഷനാക്കി..ഇത്തിരി പത്രാസിൽ..(കല്യാണത്തിന് പോയാലും ഇല്ലെങ്കിലും)…