Tag Archives: അമിത ഉപയോഗം

മൊബൈൽ ഫോൺ കൂടുതൽ ഉപയോ​ഗിച്ചാൽ എന്തു സംഭവിക്കും?

മൊബൈൽ ഫോണിന്റെ വരവ് എല്ലാ കാര്യങ്ങളും എളുപ്പാക്കിയിട്ടുണ്ട്.  പോസിറ്റീവായ ഒട്ടേറെ കാര്യങ്ങൾക്കൊപ്പം ചില നെ​ഗറ്റീവ് സം​ഗതികളുമുണ്ട്. ഓൺ ലൈൻ ക്ലാസ്സുകളുടെ കാലമാണ്.   കൂട്ടികൾ മൊബൈൽ ഉപയോ​ഗിക്കുന്ന വേ​ഗത കണ്ട് അഭിമാനിക്കുന്ന രക്ഷിതാക്കൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. കുട്ടികൾ കരയുന്നത് ഒഴിവാക്കാൻ മൊബൈൽ കൊടുക്കുന്ന പ്രിയപ്പെട്ടവർ തിരിച്ചറിയേണ്ട ചില സം​ഗതികളുണ്ട്. താഴെ പറയുന്ന കണ്ടീഷനിൽ എത്തിയാൽ നമ്മൾ അവരിൽ നിന്നും മൊബൈൽ പിടിച്ചു വാങ്ങി മാറ്റിവെയ്ക്കണം. എന്നിട്ട് നിയന്ത്രിതമായ രീതിയിൽ കൊടുക്കാൻ ശ്രമിക്കണം. മുതിര്‍ന്നവരും ഇതിനു സമാനമായ മാനസികാവസ്ഥയിലൂടെ കടന്നുപോകും.

ഏകാ​ഗ്രത കുറയുന്നത്
തുടർച്ചയായി മൊബൈൽ ഉപയോ​ഗിക്കുന്നത് ഏകാ​ഗ്രത നശിപ്പിക്കും. ഹോം വർക്ക് ചെയ്യുന്നതിലും റിവിഷൻ നടത്തുന്നതിലും തുടർച്ചയായി വീഴ്ച വരുത്തുന്നുവെങ്കിൽ സൂക്ഷിക്കേണ്ട സം​ഗതിയാണ്. നിശ്ചിത ഇടവേളകളിൽ മൊബൈൽ കൈയിലെടുക്കുക, ടിവി കാണുമ്പോഴും മൊബൈൽ നോക്കിയിരിക്കുക, മറ്റു കുട്ടികൾ കളിയ്ക്കുമ്പോഴും നിങ്ങളുടെ കുട്ടികളുടെ കൈയിൽ മൊബൈലുമായി ഇരിയ്ക്കുക. .ഇങ്ങനെയൊക്കെയാണെങ്കില്‍.എത്രയും വേ​ഗം മൊബൈലും കുട്ടിയും തമ്മിലുള്ള അകലം കൂട്ടികൊണ്ടു വരേണ്ടതുണ്ട്. ഇത് വലിയവർക്കും ബാധകമാണ്. അവരുടെ കാര്യത്തിൽ ഹോം വർക്ക്, റിവിഷൻ എന്നിവ മാറ്റിപിടിച്ചാൽ മതി.

ഫൊമോ
ഫിയർ ഓഫ് മിസ്സിങ് ഔട്ട് (FOMO). മുതിർന്നവരിലാണ് ഇത് കൂടുതൽ കണ്ടു വരുന്നത്. വെരുതെ ഇരിയ്ക്കുമ്പോൾ ഫോൺ അടിയ്ക്കുന്നുണ്ടോ എന്ന് തോന്നുക. ഇരിയ്ക്കുന്ന അടുത്ത് തന്നെ ഫോൺ കൊണ്ടു വെയ്ക്കുക. എന്നുവെച്ചാൽ ഫോൺ ഇല്ലെങ്കിൽ എന്തൊക്കെയോ നഷ്ടപ്പെടന്നുണ്ടോ എന്നൊരു തോന്നൽ വരിക. ഇത്തരക്കാർ സോഷ്യൽ മീഡിയയിലും ഏറെ സജീവമായിരിക്കും. മറ്റുള്ളവർ എന്താണ് ചെയ്യുന്നത് എന്ന ഉത്കണ്ഠ കൂടുതലായിരിക്കും. ജോലികൾ ചെയ്യുമ്പോഴും സംസാരിക്കുമ്പോഴും ഇത്തരക്കാർ നിരന്തരം ഫോൺ പരിശോധിച്ചു കൊണ്ടിരിക്കും. ഇത്തരം ഫോമോ ഉള്ളവരുടെ മാനസികാവസ്ഥ എപ്പോഴും ഇത്തിരി ഡൗണായിരിക്കും. ഇത് മറികടക്കുക എളുപ്പമാണ്. മൾട്ടി ടാസ്കിങ് ഒഴിവാക്കുകയോ സോഷ്യൽമീഡിയ സമയം ലഘൂകരിക്കുകയോ ചെയ്താൽ മതി.

ഓർമശക്തിയെ ബാധിക്കും
ഫോൺ സന്ദേശങ്ങളും അലെർട്ടുകളും പഠനത്തെ ശല്യപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. പലപ്പോഴും പഠനത്തിന്റെ ഭാ​ഗമായ ആക്ടിവിറ്റികളിൽ പലതും കുട്ടികൾ മറക്കാൻ ഇത് ഇടയാക്കും. മൊബൈല്‍ വികിരണങ്ങൾ ഓർമശക്തിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ചില പഠനങ്ങൾ പോലും വ്യക്തമാക്കുന്നു. തുടർച്ചയായ മൊബൈൽ ഫോണുകൾ ഉപയോ​ഗിക്കുന്നവരിൽ മറ്റുള്ള കുട്ടികളേക്കാളും മെമ്മറി കുറവായിരിക്കും. ഇവരുടെ റെസ്പോൺസും പതുക്കെയായിരിക്കും. നിങ്ങളുടെ കുട്ടികളെ ഓൺലൈൻ ക്ലാസ്സുകൾ സജീവമായ ഈ കാലത്ത് സൂഷ്മമമായി നിരീക്ഷിക്കുന്നത് നല്ലതാണ്.

വളച്ചൊടിയ്ക്കുന്ന വസ്തുതകൾ
പലപ്പോഴും വികലമാക്കപ്പെട്ട കാഴ്ചയാണ് സോഷ്യൽ മീഡിയകളിലൂടെ കുട്ടികൾക്കു ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ഒഴുകിയെത്തുന്ന കാര്യങ്ങൾ അതേ പോലെ വിശ്വസിക്കുന്നവരുണ്ട്. തെറ്റായ കാര്യങ്ങളെ യഥാർത്ഥ ജീവിതവുമായി താരതമ്യം ചെയ്യുന്നതോടെ പ്രശ്നങ്ങൾ തുടങ്ങും. പലപ്പോഴും ഭയവും നിരാശയുമാണ് സോഷ്യൽ മീഡിയ പലരുടയും മനസ്സുകളിലേക്ക് പകർത്തുന്നത്. ‘ഫൊമോ’ ക്രിയേറ്റ് ചെയ്യുന്നതിനും ഇതിലൂടെ സാധ്യതയുണ്ട്.

കടുത്ത മാനസിക സമ്മർദ്ദം
തുടർച്ചയായി മൊബൈൽ ഫോണുകൾ ഉപയോ​ഗിക്കുന്നത് നമ്മുടെ മാനസികാരോ​ഗ്യത്തിന് ഏറെ ദോഷം ചെയ്യും. ഏകാന്തത, ആത്മവിശ്വാസമില്ലായ്മ എന്നിവയിലൂടെയായിരിക്കും തുടക്കം. മൊബൈൽ ഉപയോ​ഗിക്കാൻ സാധിക്കാതെ വന്നാൽ ദേഷ്യവും നിരാശയും അക്ഷമയും കാണിയ്ക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കുക.

ഉറക്കത്തെ ഇല്ലാതാക്കും.
20 മിനിറ്റിലധികം തുടർച്ചയായി ഫോൺ ഉപയോ​ഗിക്കുന്നത് ഉറക്കത്തിന്റെ ക്വാളിറ്റിയിൽ വ്യത്യാസം വരുത്തുമെന്ന് പഠനങ്ങൾ തളിയിച്ചിട്ടുണ്ട്. നല്ല ഉറക്കം കിട്ടാൻ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഫോൺ, ലാപ് ടോപ്പ്, ടിവി പോലുള്ള സ്ക്രീനുകൾക്ക് മുന്നിൽ അധിക സമയം ഇരിയ്ക്കാതിരിക്കുകയാണ് നല്ലത്. ഇത്തരം ബ്രൈറ്റ് സ്ക്രീനുകൾ നിങ്ങളുടെ ഉറക്കത്തെയും ഹൈജാക്ക് ചെയ്യുമെന്ന് തീർച്ച.

വിദേശരാജ്യങ്ങളിലെ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചപ്പോള്‍ കുട്ടികളുടെ പ്രകടനത്തില്‍ വന്‍ വ്യത്യാസം വന്നിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. പരിപൂര്‍ണമായും മൊബൈല്‍ ഉപേക്ഷിക്കുക പ്രായോഗികമല്ലെങ്കിലും നമുക്ക് സ്വയം ചില നിയന്ത്രണങ്ങളൊക്കെ  കൊണ്ടുവരുന്നത് നല്ലതാണ്.. ഒരു ഫെയര്‍ യൂസേജ് പോളിസി വേണമെന്ന് ചുരുക്കം.