Tag Archives: ഏട്ടൻ

ഏട്ടനോ ചേട്ടനോ ചെട്ടായിയോ അതോ സാറോ?

സാർ എന്ന വിളിയേക്കാളും ഏട്ടാ, ഷിനോദേട്ടാ, ഷിനോട്ടാ എന്ന വിളികളാണ് ഭൂരിഭാ​ഗം പേരിൽ നിന്നും ഉണ്ടാകാറുള്ളത്. (പ്രായത്തിൽ താഴെയുള്ളവരുടെ കാര്യമാണേ പറയുന്നത്). പേര് വിളിക്കുന്നതിനോടും വിയോജിപ്പില്ല. പ്രായം കുറവുള്ളവരാണെങ്കിലും ആരെങ്കിലും പേര് വിളിച്ചാലും അസ്വസ്ഥതയൊന്നും ഉണ്ടാകാറില്ലെന്ന് ചുരുക്കം.. ചിലർ എന്നോട് സംസാരിക്കുമ്പോൾ ഏട്ടായെന്നും മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ‘പേരോ’ ‘സാറെ’ എന്നോ പറയും. കൊച്ചിയിൽ എത്തിയപ്പോൾ പുതിയ വിളികളായി. ചിലർ ‘ചേട്ടാ’യെന്നും വിളിക്കും. ‘ചേട്ടായി’ വിളികളും കേട്ടു തുടങ്ങിയിട്ടുണ്ട്. പറഞ്ഞു വരുന്നത്, രസകരമായ ഒരു അനുഭവവും ചില ചേട്ടാ വിളികളെയും സാർ വിളികളെയും കുറിച്ചാണ്.

പണ്ട് മുതലേ കൂടെ വർക്ക് ചെയ്യുന്ന പ്രായം കുറഞ്ഞവർ ഏട്ടായെന്ന് വിളിച്ച് ശീലിച്ചതുകൊണ്ടാകാം… പെട്ടെന്ന് ആരെങ്കിലും സാറെന്ന് വിളിക്കുമ്പോൾ എന്തോ ഒരു പോലെയായിരുന്നു. അതുകൊണ്ട് അവരോട് പറയും പേര് വിളിച്ചാൽ മതി. സാറെന്ന് വിളിക്കണ്ടാ..സ്വാഭാവികമായും അവർ മറ്റുള്ളവരെ ഫോളോ ചെയ്ത് ഏട്ടായെന്ന് വിളിച്ചു തുടങ്ങും. എന്നാൽ ഏകദേശം മൂന്നോ നാലോ വർഷം മുമ്പ് ഒരു ടീമം​ഗം മറ്റൊരു ടീമം​ഗത്തോട് പറഞ്ഞ ഒരു ഡയലോ​ഗ് എന്റെ കണ്ണ് തുറപ്പിച്ചു. ”സാറിന് ഏട്ടായെന്ന് വിളിക്കുന്നവരോട് പ്രത്യേക സ്നേഹമാണ്.” എന്നുവെച്ചാൽ ഞാൻ ഏട്ടായെന്ന് വിളിക്കുന്നവരോട് പക്ഷപാതം കാണിയ്ക്കുന്നുവെന്ന്.. ”സാറെന്ന് വിളിയ്ക്കുന്നവരെ സാറിന് ഇഷ്ടമല്ലെന്ന്…” കേട്ടയാള്‍ ഒരു ചിരിയോടെയാണ് ഈ കാര്യം എന്നോട് വന്നു പറഞ്ഞത്. കാരണം അയാൾക്കറിയാം..ഏട്ടായെന്ന് വിളിയ്ക്കുന്ന അയാൾക്ക് കൂടുതൽ ടാർ​ഗറ്റ് സമ്മർദ്ദം കിട്ടുന്നുവെന്നല്ലാതെ വേറൊന്നും അയാൾക്ക് കിട്ടുന്നില്ല. പക്ഷേ, അതോടെ പുതുതായി ജോയിൻ ചെയ്യുന്നവരോട് എന്ത് വിളിയ്ക്കണമെന്ന് പറയുന്ന പരിപാടി നിർത്തി. ഇപ്പോൾ അവർ ഇഷ്ടമുള്ളത് വിളിയ്ക്കട്ടയെന്നു കരുതും.

ചിലർ ഭൂരിപക്ഷത്തിനൊപ്പം കൂടി വേ​ഗം ഏട്ടായെന്ന രീതിയിലേക്ക് മാറി. ചിലർ ഈ പ്രദേശത്തെ ചേട്ടാ എന്ന വിളിയിലേക്കും നീങ്ങി. അതേ സമയം പലപ്പോഴും വാട്സ് ആപ്പ് ചാറ്റിൽ ഇം​ഗ്ലീഷിൽ ചേട്ടാ (chetta) എന്നു വരുമ്പോൾ ഒന്നു ഞെട്ടാറുണ്ട്. എന്നാൽ പുതുതായി ജോയിന്‍ ചെയ്യുന്ന പലരും ഇതൊന്നും നോക്കാതെ ”സാർ സാർ” എന്നു വിളിച്ചും നടക്കാറുണ്ട്. ഇതിൽ ചിലരുടെ വിളി കേൾക്കുമ്പോൾ, അവർ ആത്മാർത്ഥതയോടെ വിളിക്കുകയാണെങ്കിലും എനിക്ക് പെട്ടെന്ന് ”സാർ ലഡു” എന്ന ആ ഡയലോ​ഗ് ഓർമ വരുും. എന്നാൽ അതേ മറ്റു ഭാഷകളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നവരില്‍ അണ്ണാ എന്നു വിളിക്കുന്നവരും ചേട്ടാ എന്നു വിളിക്കുന്നവരും ഉണ്ട് എന്നത് കൗതുകകരം തന്നെ… അതേ സമയം ഭൂരിഭാ​ഗത്തിനും സാർ മാത്രം. അതിലും ഞാനൊന്നും പറയാറില്ല.

വാൽക്കഷണം- ഇതിനർത്ഥം സാർ എന്നു വിളിയ്ക്കുന്നവരെ ഏട്ടായെന്ന് വിളിപ്പിച്ചിരുന്ന ഞാൻ വാത്സല്യ നിധിയായ ഒരു മാനേജരാണെന്നൊ ഒരു സംഭവമാണെന്നോ അല്ല കെട്ടോ. ഏട്ടാ, ചേട്ടാ, ചേട്ടായി, സര്‍ വിളികള്‍ എന്നിലുണ്ടാക്കുന്ന വ്യത്യസ്ത ഫീലിങുകൾ പറയുക മാത്രമാണ് ലക്ഷ്യം. ടാർ​ഗറ്റ് ഒറിയന്റഡും ഓവർ സെൻട്രിക്കുമായ ഒരു കൾച്ചറുള്ളതിനാൽ സിസ്റ്റവും ​ഗൈഡ് ലൈൻസും ഫോളോ ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് ബിസിനസ്സും സൗഹൃദവും രണ്ടായി തന്നെ കൊണ്ടു പോകാനേ പറ്റൂ. സമരസപ്പെട്ട് പോകാൻ കഴിയാത്തവരും വേർതിരിച്ചു കാണാൻ കഴിയാത്തവരും കേരള തൊഴിൽ സങ്കൽപ്പത്തിനുള്ളിൽ മാത്രം കുടുങ്ങി കിടക്കുന്നവരും പുറത്തു പോകും. സ്വാഭാവികം. അവരെ സംബന്ധിച്ചിടത്തോളം വില്ലനായിരിക്കുക മാത്രമേ നിർവാഹമുള്ളൂ. പക്ഷേ, മനസ്സിൽ അപ്പോഴും സൗഹൃദം സൂക്ഷിയ്ക്കാൻ ശ്രമിക്കാറുണ്ട്. ഓഫീസാണ്..അവിടെ സാര്‍ എന്നു തന്നെ വിളിയ്ക്കണം. തന്‍റെ വീടല്ല..എന്ന കമന്‍റ് നിരോധിച്ചിരിക്കുന്നു. കുറിപ്പിന്‍റെ ലക്ഷ്യം അതല്ല കെട്ടോ..ഞാന്‍ എന്‍റെ മാനേജറെ സാര്‍ എന്നു തന്നെയാണ് വിളിയ്ക്കുന്നത്. കാരണം സാറിനെ ഭൂരിഭാഗം പേരും സാര്‍ എന്നു തന്നെയാണ് വിളിയ്ക്കുന്നത്.. മറ്റു പ്രായം കൂടിയവരെ അല്ലെങ്കില്‍ ബഹുമാനിക്കേണ്ടവരെ ഒരു ജി കൂട്ടിയങ്ങ് ചാന്പും.. ഒരു തരത്തില്‍ നമ്മുടെ ഏട്ടന്‍ തന്നെ…