പ്രധാനപ്പെട്ടതാണ് ഉറക്കം, അതു കളഞ്ഞുള്ള ജോലി അപകടകരമാണ്

ലോകത്തിലെ 40 ശതമാനം പേരും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ നേരിടുന്നുണ്ട്. തീര്‍ച്ചയായും ഉറക്കത്തിന്റെ പ്രാധാന്യം മനസ്സിലാകണമെങ്കില്‍ നമുക്ക് ഉറക്കമില്ലാതാവുക തന്നെ വേണം. കൂടുതല്‍ ജോലി ചെയ്യുന്നതിനാല്‍ എനിക്ക് അധികം ഉറങ്ങാന്‍ കഴിയുന്നില്ല, ഇന്നലെ രാത്രി മുഴുവന്‍ പഠിച്ച് ഉറക്കം ശരിയായില്ല എന്നെല്ലാം ഇത്തിരി അഭിമാനത്തോടെ പറയുന്നവരെ നമുക്ക് കാണാനാകും.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയാണ് ഉറക്കമില്ലായ്മ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത്. രാത്രി നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല. പക്ഷേ, നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ബാറ്ററി കുറയുന്നില്ലേ. അതിനുകാരണം  വെറുതെയിരിക്കുകയാണെങ്കിലും അത് ആക്ടീവാണെന്നതാണ്. ഉറങ്ങുമ്പോള്‍ നിങ്ങളുടെ ശരീരം മുഴുവന്‍ സ്റ്റാന്റ് ബൈ മോഡിലേക്ക് പോകുമ്പോഴും ബ്രെയിന്‍ പ്രവര്‍ത്തിക്കുന്നുണ്ടാകും.

വാസ്തവത്തില്‍ നിങ്ങള്‍ ഉറങ്ങുന്ന സമയത്താണ് ബ്രെയിന്‍ ‘ഓട്ടോ ഡിലിറ്റ്’ പ്രോസസ് നടത്തി നിങ്ങളുടെ പ്രോസസിങ് സ്പീഡ് കൂട്ടാന്‍ സഹായിക്കുന്നത്. അനാവശ്യമായ സംഗതികളെ ഡിലിറ്റ് ചെയ്ത് റീസൈക്കിള്‍ ബിന്നിനുള്ളിലാക്കും. വേസ്റ്റ് എലിമിനേഷന്‍ അല്ലെങ്കില്‍ ഈ ക്ലീനിങ് പ്രോസസ് നിങ്ങളുടെ പഠനത്തെയും ഓര്‍മശക്തിയെയും വൈകാരിക അവസ്ഥയെയും നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. കൂടുതല്‍ ഉറങ്ങുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. അതും മറക്കരുത്.

ചെറിയ കാര്യങ്ങള്‍ പോലും മറന്നു പോകും. ഒരു ദിവസം ഉറക്കമൊഴിച്ചാല്‍ തന്നെ അത് നമ്മുടെ പകല്‍ ജീവിതത്തെ കാര്യമായി മാറ്റി മറിയ്ക്കാറുണ്ട്. തലച്ചോറിലെ ഹിപ്പോകാംപസ് ഓര്‍മയും പഠനങ്ങളും രേഖപ്പെടുത്തി വെയ്ക്കുന്ന ഭാഗമാണ്. നിങ്ങളുടെ ഷോര്‍ട്ട് ടേം മെമ്മറിയും ലോങ് ടേം മെമ്മറിയും ഇതുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ചുരുക്കത്തില്‍ വേണ്ടത്ര ഉറക്കം കിട്ടിയിട്ടില്ലെങ്കില്‍ കാര്യങ്ങള്‍ മറന്നു പോകാനും ശ്രദ്ധ നഷ്ടപ്പെടാനുമുള്ള സാധ്യതകളുണ്ട്. തീര്‍ച്ചയായും ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ജോലിയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കും.

വിവിധ പഠനങ്ങളില്‍ നിന്നു വ്യക്തമാകുന്നത് കൃത്യമായി ഉറങ്ങുന്നവര്‍ക്ക് കാര്യങ്ങള്‍ ശരിയായി ഉള്‍കൊള്ളാനും ജോലി സ്ഥലത്ത് നന്നായി പെര്‍ഫോം ചെയ്യാനും സാധിക്കുന്നുണ്ടെന്നതാണ്. കൂടുതല്‍ ഉറക്കം മാത്രം പോര, നല്ല ഉറക്കം കൂടിയായിരിക്കണം ലഭിക്കേണ്ടത് എന്നു കൂടി ഇതോടൊപ്പം വായിക്കണം.

ഉറക്കം തലച്ചോറിനുള്ളില്‍ ഒരു രാസ പ്രതിപ്രവര്‍ത്തനം നടത്തുന്നുണ്ട്. നിങ്ങളുടെ മൂഡിനെയും ഇമോഷന്‍സിനെയും നിയന്ത്രിക്കുന്നതില്‍ ഇത് നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ? വെറുതെ ദേഷ്യം വരുന്നതും പേടിയും ഉത്കണ്ഠയും ഉണ്ടാകുന്നതും അതുകൊണ്ടാണ്.

മാത്രമല്ല, ഉറക്കമില്ലായ്മ നിങ്ങളുടെ വ്യക്തിബന്ധങ്ങളെ പോലും പ്രതികൂലമായി ബാധിക്കും. ഉറക്കവും വ്യക്തിബന്ധവും തമ്മില്‍ ഒഴിവാക്കാനാകാത്ത ഒരു കണക്ഷനുണ്ടെന്ന് ഈ മേഖലയില്‍ നടത്തിയ എല്ലാ പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. നല്ല ഉറക്കം നിങ്ങള്‍ക്ക് നല്ല ബന്ധങ്ങളും സമ്മാനിക്കുമെന്ന് ചുരുക്കം.