നമ്മൾ അവരെ വിളിക്കാറുണ്ട്, പക്ഷേ, അവർ നമ്മളെ വിളിക്കാറില്ല

സോഷ്യൽ മീഡിയയിൽ ഇത്തിരി അച്ചടക്കം പാലിച്ചു തുടങ്ങിയതിനു ശേഷമാണ് ഫോൺ കോളുകളുടെ എണ്ണത്തിൽ കൂടി മിതത്വം ആവാമെന്ന ചിന്ത കടന്നുവന്നത്. ഔദ്യോ​ഗിക കോളുകൾ എന്തായാലും ഒഴിവാക്കാനാകില്ല. പിന്നെ, ഒഴിവാക്കാനുള്ളത് പേഴ്സണൽ കോളുകളാണ്. ഇത്തരം കോളുകൾ വിശകലനം ചെയ്തു നോക്കിയപ്പോഴാണ് വിചിത്രമായ ഒരു സംഗതി കണ്ടെത്തിയത്.

വിളിക്കുന്ന ഒട്ടേറെ കോളുകൾ ഏകപക്ഷീയമാണ്. ഭൂരിഭാ​ഗം സമയത്തും ഞാനാണ് അങ്ങോട്ട് വിളിക്കുന്നത്. തിരിച്ച് ഇങ്ങോട്ട് വിളിച്ചിട്ടുള്ളത് അപൂർവ സമയങ്ങളിൽ മാത്രം. ഇതിനർത്ഥം അവർക്ക് നമ്മളോട് സ്നേഹമില്ല എന്നൊന്നുമല്ല. പക്ഷേ, അവരുടെ പ്രയോറിറ്റികൾ മാറിയെന്നതാണ്. എന്നാൽ മറ്റൊരു രീതിയിൽ ആലോചിക്കുമ്പോൾ ആ സൗഹൃദത്തിന്റെ ചരടിനെ വൺവേ ട്രാഫിക്കിലൂടെ ഘടിപ്പിച്ചിടുന്നുവെന്നതല്ലേ സത്യം. അവർക്ക് നമ്മൾ പ്രിയപ്പെട്ടതാണെങ്കിൽ അവർ നമ്മളെ വിളിക്കില്ലേ… അപ്പോൾ നമ്മുടെ കോളുകൾ അവർക്ക് ശല്യപ്പെടുത്തലായി മാറുകയല്ലേ ചെയ്യുന്നത്.

ഇന്റർനെറ്റും ഫോൺ കോളുമില്ലാതെ ഒരു കാട്ടിനുള്ളിൽ രണ്ടു ദിവസം തനിച്ചിരിക്കുമ്പോൾ മനസ്സിലേക്ക് വന്ന പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ഒന്നായിരുന്നു ഇത്. ചിലർ പറയാറുണ്ട്. ഫോൺ എന്നത് ഒരു അതിക്രമിച്ചു കടക്കലാണെന്ന്. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നു ചെന്ന് അയാളോട് സംസാരിക്കാനും ചോദ്യങ്ങൾക്ക് മറുപടി പറയാനും ആവശ്യപ്പെടുകയല്ലേ നമ്മൾ ചെയ്യുന്നത്. അവർ എന്താണോ അത്രയും നേരം ചെയ്തു കൊണ്ടിരിക്കുന്നത് അതെല്ലാം നിർത്തിവെച്ച് താരതമ്യേന അപ്രധാനമായ നമ്മുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ശ്രമിക്കുകയല്ലേ ചെയ്യുന്നത്.

തീർച്ചയായും പഴയകാല സൗഹൃദം നിലനിർത്താൻ വേണ്ടി നടത്തുന്ന കോളുകളുടെ എണ്ണം ഇനി ക്രമാതീതമായി വെട്ടിക്കുറയ്ക്കണം. അതേ സമയം ഇങ്ങോട്ട് കൃത്യമായ ഇടവേളകളിൽ വിളിച്ചു കൊണ്ടിരിക്കുന്നവരെ തിരിച്ചും വിളിക്കാം. ചിലരോട് സംസാരിക്കാൻ തോന്നിയാൽ അവർക്ക് ഒരു എസ്എംഎസോ വാട്സ് ആപ്പ് മെസ്സേജോ അയച്ച് ചോദിക്കാം. ഫ്രീയാകുന്പോൾ അറിയിച്ചാൽ നമുക്ക് സംസാരിക്കാം. അതിനു മറുപടി കിട്ടുകയാണെങ്കിൽ മാത്രം അത്തരം സൗഹൃദങ്ങളുമായി ഫോണിലൂടെ കണക്ട് ചെയ്താൽ മതി. എന്നാൽ ചിലർ നമ്മൾ ബിസിയായിരിക്കുമെന്ന് കരുതി വിളിക്കാത്തവരുണ്ട്. അവരെ തിരിച്ചറിയാനും പറ്റണം.

ആരൊക്കെയാണ് ശരിയായ ഫ്രണ്ട്സ് എന്നത് പ്രതിസന്ധി കാലത്ത് തിരിച്ചറിഞ്ഞതാണ്. പലപ്പോഴും നമ്മൾ വിചാരിക്കും അവർ നമ്മുടെ ക്ലോസ് ഫ്രണ്ട്സാണെന്ന്. അത് അവരുടെ അന്നത്തെ ആവശ്യവും ശരിയുമായിരുന്നു. ഇന്ന് അവർക്ക് പുതിയ ആവശ്യങ്ങളും സൗഹൃദങ്ങളും ഉണ്ട്. തീർച്ചയായും പ്രയോറിറ്റിയിൽ വന്നിട്ടുള്ള ഈ വ്യത്യാസം അംഗീകരിക്കാൻ നമ്മൾ തയ്യാറാകണം.

ചിലർ പറയുന്നത് മറ്റൊരു കാര്യമാണ്. ക്ലോസ് ഫ്രണ്ട്സ് ഇല്ലാത്തവരാണ് ഇത്തരത്തിൽ നിരന്തരം കോളുകൾ ചെയ്യുകയെന്നതാണ്. അവർക്ക് ആരോടെങ്കിലും സംസാരിക്കണം. അതിനായിട്ടുള്ള ശ്രമമാണ് അവർ നടത്തുന്നത്. മറുഭാഗത്ത് ഇരിയ്ക്കുന്നവരുടെ മാനസിക വ്യാപാരം എന്താണെന്നോ അവർ തിരിച്ചു വിളിക്കുന്നുണ്ടോ എന്നും ഇത്തരക്കാർ ചിന്തിക്കുന്നില്ല. നമ്മൾ ഇതിൽ ഏത് കാറ്റഗറിയിൽ വരുമെന്നതിനേക്കാളും അനാവശ്യമായ കോളുകൾ ഒഴിവാക്കണം. മണിക്കൂറോളം നീണ്ട സംസാരങ്ങൾ കുറയ്ക്കണം, എന്നീ പോയിൻറുകൾക്കാണ് പ്രസക്തി.. (ഇതെല്ലാം പേഴ്സണൽ കോളുകളുടെ കാര്യത്തിലാണ്. ഓഫീസ് കാര്യത്തിൽ നമ്മൾ ആവശ്യക്കാരാണ്. നമ്മൾ ഔചിത്യം കാണിക്കേണ്ട കാര്യമില്ല).