ആരാണ് നിങ്ങളുടെ ആത്മാർത്ഥ സുഹൃത്ത് ?

ആരാണ് നിങ്ങളുടെ ആത്മാർത്ഥ സുഹൃത്ത് അല്ലെങ്കിൽ സുഹൃത്തുക്കൾ? സ്വന്തം ആവശ്യത്തിനു മാത്രം പ്രാർത്ഥിക്കുന്ന ഇക്കാലത്ത് മുകളിൽ പറഞ്ഞ ഉത്തരവും കൃത്യമായി നൽകുക പലർക്കും ബുദ്ധിമുട്ടായിരിക്കും. സൗഹൃദങ്ങൾ നോക്കിയാൽ നാട്ടിലെ പഴയ കൂട്ടുകാർ, ഓഫീസിലെ ഫ്രണ്ട്സ്, വീടിനടുത്തുള്ള ഫ്രണ്ട്സ്, വീട്ടിലെ ഫ്രണ്ട് …. കസിൻസ്… ലിസ്റ്റ് നോക്കിയാൽ കുറെ കാണും. എന്നാൽ ഇവരെല്ലാം ഓരോ കംപാർട്ട്മെന്റിലാണ് നിങ്ങളുടെ സുഹൃത്തുക്കളാകുന്നത്.. വ്യത്യസ്ത ഫ്രീക്വൻസിയിലാണ് ഇവർ നിങ്ങളോട് സംവദിക്കുന്നത്.
എല്ലാ സാഹചര്യത്തിലും നിങ്ങളുടെ കൂടെ കട്ട സപ്പോർട്ടുമായി നിൽക്കുന്ന ആരെങ്കിലും നിങ്ങൾക്ക് കൂട്ടായുണ്ടോ? ഒരേ ഫ്രീക്വൻസി മാച്ചാകുന്ന, ഒരേ പോലെ ചിന്തിക്കുന്ന..അത്തരം സൗഹൃദങ്ങൾ അല്ലെങ്കിൽ വിശ്വാസങ്ങൾ കെട്ടിപ്പടുക്കാൻ സാധിക്കാതെ വരുമ്പോഴാണ് പലരും ഒറ്റയ്ക്കായി പോകുന്നത്. സുഹൃത്തുക്കളുണ്ടോ എന്ന് ചോദിച്ചാൽ ഇഷ്ടം പോലെ…എന്നാൽ ആർക്കെങ്കിലും മുഴുവനായി അറിയുമോ എന്ന് ചോദിച്ചാൽ ആർക്കും അറിയില്ല. പലർക്കും പലതും അറിയാം. അത്ര മാത്രം.
നിങ്ങളെ പരിപൂർണമായി അറിയുന്ന, എപ്പോഴും നിങ്ങളുടെ സുഹൃത്തായിരിക്കുന്ന ഒരാളോ ഒന്നിലേറെ ആളുകളോ നിങ്ങൾക്കുണ്ടോ? അവരോട് നിങ്ങളുടെ മനസ്സിലെ ചിന്തകൾ അതുപോലെ പറയാൻ നിങ്ങൾക്ക് സാധിക്കാറുണ്ടോ? ആത്മാർത്ഥമായ സൗഹൃദം അല്ലെങ്കിൽ സ്നേഹത്തിലൂന്നിയ വിശ്വാസം എന്നിവ നഷ്ടമാകുന്നതല്ലേ എല്ലാത്തിനും കാരണം. എല്ലാത്തിനെയും ഒരു ഭയത്തോടെ അല്ലെങ്കിൽ ആശങ്കയോടെ സമീപിക്കുന്നത് നമ്മൾ ഇനി എന്നു മാറ്റും.
തീർച്ചയായും വീണ്ടെടുക്കേണ്ടത് ഇത്തരം സൗഹൃദങ്ങളെയാണ്…ഇത്തരം വിശ്വാസങ്ങളെയാണ്. ഇവ ഇല്ലാതാകുന്നതാണ് പല നഷ്ടങ്ങളിലേക്കും നമ്മെ നയിക്കുന്നത്. അച്ഛനോടോ അമ്മയോടോ കൂടെപ്പിറപ്പിനോടോ പറഞ്ഞാൽ കൂടെയുണ്ടാകുമെന്ന വിശ്വാസം വേണം. അല്ലെങ്കിൽ ആത്മാർത്ഥമായ സൗഹൃദത്തിൽ വിശ്വാസം വേണം. ഈ ഡിജിറ്റൽ യു​ഗത്തിൽ നമുക്ക് നഷ്ടപ്പെടുന്നത് ഇത്തരം വിശ്വാസങ്ങളും സൗഹൃദങ്ങളും തന്നെയാണ്. ഉണ്ടോന്ന് ചോദിച്ചാൽ എല്ലാം ഉണ്ട്..എന്നാൽ…ഈ എന്നാലിന് നല്ല വിലയുണ്ട്.. ഹൃദയത്തിൽ തൊട്ട് എത്ര പേർക്ക് പറയാനാകും.. ഇതാണ് എന്റെ ബെസ്റ്റ് ഫ്രണ്ടെന്ന്…(എന്റെ ഭാര്യയാണ് എന്റെ ബെസ്റ്റ് ഫ്രണ്ടെന്ന് പറയുന്ന ചിലരുണ്ട്…നല്ലതു തന്നെ ” 🙂…അത്ര മാത്രമേ പറയാനുള്ളൂ..ആരോ​ഗ്യവും സമാധാനവും മുഖ്യം ബി​ഗിലേ !!!)