വേര്‍ഡ് പ്രസ് വെബ്‌സൈറ്റ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

WORDPRESSലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന കണ്ടന്റ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ (സിഎംഎസ്) ഒന്നാണ് വേര്‍ഡ് പ്രസ്. പിഎച്ച്പിയില്‍ എഴുതപ്പെട്ട ഒരു ഓപ്പണ്‍ സോഴ്‌സ് സംവിധാനമാണിത്. തുടക്കത്തില്‍ ബ്ലോഗ് ഉണ്ടാക്കാനുള്ള ടൂള്‍ എന്ന നിലയില്‍ പ്രചാരം നേടിയ വേര്‍ഡ് പ്രസ് ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ സിഎംഎസ് സംവിധാനമായി മാറി കഴിഞ്ഞു. വന്‍കിട ന്യൂസ് പോര്‍ട്ടലുകള്‍ ഉണ്ടാക്കാന്‍ പോലും ഇപ്പോള്‍ വേര്‍ഡ് പ്രസ് ഉപയോഗിക്കുന്നുണ്ട്. ചുരുക്കത്തില്‍ ഒരു ബ്ലോഗ് ടൂളില്‍ നിന്നും സങ്കീര്‍ണമായ ന്യൂസ് പോര്‍ട്ടല്‍ സംവിധാനത്തിലേക്കുള്ള വേര്‍ഡ് പ്രസ്സിന്റെ യാത്ര അതിശയിപ്പിക്കുന്നതാണ്.

പ്രത്യേകതകള്‍

 ഓപ്പണ്‍ സോഴ്‌സ്: വേര്‍ഡ് പ്രസ്സിന്റെ കോഡുകള്‍ പരസ്യമായി ഷെയര്‍ ചെയ്യപ്പെട്ടത്. സാങ്കേതിക ജ്ഞാനമുള്ളവര്‍ക്ക് ഏത് രീതിയില്‍ വേണമെങ്കിലും അതിനെ മാറ്റി മറിയ്ക്കാന്‍ സാധിക്കും. തീര്‍ച്ചയായും ഇത് ഏറെ സമയം ലാഭിക്കും.

ലളിതം: ഏതൊരാള്‍ക്കും മനസ്സിലാകുന്ന രീതിയിലാണ് വേര്‍ഡ് പ്രസ്സിന്റെ ബാക്ക് എന്‍ഡ്. കണ്ടന്റ് അപ് ലോഡ് ചെയ്യാനും പുതിയ പേജുകളും കാറ്റഗറികളും ഉണ്ടാക്കാനും ഗ്യാലറികള്‍ ഉണ്ടാക്കാനും എളുപ്പത്തില്‍ സാധിക്കും.

വേഗത്തില്‍ ഉണ്ടാക്കാം: വേര്‍ഡ് പ്രസ്സില്‍ ഒരു വെബ്‌സൈറ്റ് ഉണ്ടാക്കാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം മതി. ഉണ്ടാക്കിയ ഉടന്‍ തന്നെ ആവശ്യമായ ഉള്ളടക്കങ്ങള്‍ അപ് ലോഡ് ചെയ്തു തുടങ്ങാനാകും. ഒട്ടേറെ ടെംപ്ലേറ്റുകളും പ്ലഗിനുകളും റെഡിമെയ്ഡായി ലഭ്യമായതുകൊണ്ട് ജോലി വേഗം തീരും.

എസ്ഇഒ: സെര്‍ച്ച് എന്‍ജിനുകള്‍ക്ക് ഏറെ പ്രിയപ്പെട്ട നിര്‍മിതിയാണ് വേര്‍ഡ്പ്രസ്സിന്റേത്. സെര്‍ച്ച് റാങ്കിങില്‍ അതിവേഗം ഉയര്‍ന്നു വരാന്‍ സഹായിക്കും.

ഓപ്പണ്‍ സോഴ്‌സായതുകൊണ്ട് സെര്‍വറിനും ഡൊമെയ്‌നുമുള്ള ചെലവല്ലാതെ അധികം പണച്ചെലവ് വരില്ല. അത്രയൊന്നും സാങ്കേതികജ്ഞാനമില്ലാത്തൊരാള്‍ക്കു പോലും എളുപ്പത്തില്‍ കൈകാര്യം ചെയ്യാം.

പോരായ്മകള്‍ എന്തൊക്കെയാണ്?

ഓപ്പണ്‍ സോഴ്‌സ്: ഇതിന്റെ കോഡുകള്‍ ലഭ്യമായതിനാല്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ ആക്രമണം നടത്താന്‍ സാധിക്കും. റെഡിമെയ്ഡ് പ്ലഗിനുകളും ടെംപ്ലേറ്റുകളും പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനെ മറികടക്കാന്‍ വേണ്ടി വേര്‍ഡ് പ്രസ് അതിന്റെ വേര്‍ഷനുകളില്‍ ഇടക്കിടെ മാറ്റം വരുത്താറുണ്ട്. ഓരോ പിഴവും അടച്ചാണ് വേര്‍ഡ് പ്രസ് ഇപ്പോള്‍ മുന്നോട്ടു നീങ്ങുന്നത്.

നിര്‍മിതിയിലെ ന്യൂനത: കൊച്ചു വെബ്‌സൈറ്റുകളെ ലക്ഷ്യമാക്കിയാണ് വേര്‍ഡ്പ്രസ് നിര്‍മിച്ചിരിക്കുന്നത്. വന്‍കിട ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കും കോര്‍പ്പറേറ്റ് വെബ്‌സൈറ്റുകള്‍ക്കും ഇത് യോജിച്ചതല്ല. മുകളില്‍ പറഞ്ഞവയ്ക്ക് യോജിച്ച രീതിയില്‍ വേര്‍ഡ് പ്രസിനെ മാറ്റിയെടുക്കുന്നത് ഏറെ സമയവും പണവും നഷ്ടപ്പെടുത്തും.

എസ്ഇഒ ഇഷ്യു: സെര്‍ച്ച് എന്‍ജിന്‍ ലോകത്ത് ഇന്നു മത്സരം നടന്നു കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റാള്‍ ചെയ്യുന്ന പ്ലഗുകളിലൂടെയാണ് വേര്‍ഡ് പ്രസിലെ എസ്ഇഒ സംവിധാനം വര്‍ക്ക് ചെയ്യുന്നത്. എല്ലാ സൈറ്റുകളിലും ഒരേ സ്വഭാവം കാണിയ്ക്കുമെന്നത് പോരായ്മയാണ്. വേറിട്ടൊരു വെബ്‌സൈറ്റ് രീതിയും സെര്‍ച്ച് എന്‍ജിനിയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയെന്ന ലക്ഷ്യവും ഇതോടെ നഷ്ടപ്പെടുന്നു.

അപ് ഡേറ്റ്‌സ്: ഇടക്കിടെ വേര്‍ഡ് പ്രസ് വേര്‍ഷനുകള്‍ അപ് ഡേറ്റ് ചെയ്യുന്നത് പ്ലഗിനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. സപ്പോര്‍ട്ട് ചെയ്യാത്ത പ്ലഗിനുകള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

സാമ്യം: എന്തൊക്കെ മാറ്റം വരുത്തിയാലും വേര്‍ഡ് പ്രസ് സൈറ്റുകള്‍ക്ക് ഒരേ ലുക്കാണെന്ന് പറയാറുണ്ട്. ഒറ്റ നോട്ടത്തില്‍ തന്നെ പലരും പറയും ഇത് വേര്‍ഡ് പ്രസ്സില്‍ ചെയ്തതാണെന്ന്. വേറിട്ടൊരു ലുക്ക് സ്വപ്‌നം കാണുന്നവര്‍ക്ക് ഇതൊരു പരിമിതിയാണ്.

സ്പീഡ്: വേര്‍ഡ് പ്രസിന് പൊതുവായ ഒരു കൂട്ടം കോഡുകളുണ്ട്. ഇവ പേജ് ലോഡിങ് ടൈം കൂട്ടുന്നു. സെര്‍ച്ച് എന്‍ജിന്‍ റാങ്കിങ് മെച്ചപ്പെടുത്താനും കൂടുതല്‍ യൂസര്‍മാരെ കണ്ടെത്താനും സ്പീഡ് ഒരു നിര്‍ണായക ഘടകമാണ്.

ഒരു മോശം വേര്‍ഡ്പ്രസ് സൈറ്റ് ഉണ്ടാക്കുക വളരെ എളുപ്പമാണ്. ഇത്തരം ഒരു സൈറ്റ് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക. വേര്‍ഡ് പ്രസിലുണ്ടാക്കി പല ന്യൂസ് പോര്‍ട്ടലുകളും ട്രാഫിക് കൂടുമ്പോള്‍ ചക്രശ്വാസം വലിക്കുന്നത് ഇതുകൊണ്ടാണ്.

വേര്‍ഡ് പ്രസ് കോഡുകളെ കുറിച്ച് വ്യക്തമായി ധാരണയുള്ള ഒരു ഡിസൈനര്‍ കം പ്രോഗ്രാമര്‍ക്ക് മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളെയെല്ലാം അതിജീവിക്കാന്‍ സാധിക്കും. ഒരിക്കലും റെഡിമെയ്ഡ് ടെംപ്ലേറ്റുകളും പ്ലഗിനുകളും ഉപയോഗിക്കരുത്. കഴിയുന്നതും സ്വന്തമായി ഡെവലപ് ചെയ്യാന്‍ ശ്രമിക്കണം.

വേര്‍ഡ് പ്രസ് ഹോസ്റ്റിങ് ഏറെ ശ്രദ്ധവേണ്ട ഒരു മേഖലയാണ്. നിലവില്‍ വേര്‍ഡ് പ്രസ് ഹോസ്റ്റിങ് എന്ന പേരില്‍ ഒട്ടേറെ കള്ള നാണയങ്ങള്‍ സജീവമാണ്. ഈ ഓപ്പണ്‍ സോഴ്‌സിനുവേണ്ടി കറക്ടായി ട്യൂണ്‍ ചെയ്ത സെര്‍വറുകളില്‍ മാത്രം ഹോസ്റ്റ് ചെയ്യുന്നതാണ് ലാഭകരം. ഇത്തരം സെര്‍വറുകള്‍ മാത്രമേ പ്രകടനത്തില്‍ സ്ഥിരത പ്രകടിപ്പിക്കൂ.