ടൈംസ് ഓഫ് +മാതൃഭൂമി

ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനിയുടെ ഉടമസ്ഥതിയുള്ള രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയും മാതൃഭൂമിയും കേരളത്തില്‍ കൈകോര്‍ത്തുനീങ്ങുമെന്ന വാര്‍ത്തകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാതൃഭൂമിയുടെ പ്രിന്റിങ്, ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ടൈംസ് ഓഫ് ഇന്ത്യ വായനക്കാരിലെത്തിക്കാനാണ് പദ്ധതി. എന്നാല്‍ രണ്ടു കമ്പനികളും ഇക്കാര്യത്തില്‍ ഔദ്യോഗികമായ യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല. മീഡിയ മുഗള്‍സ്, എക്‌സ്‌ചേഞ്ച്‌ഫോര്‍മീഡിയ തുടങ്ങിയ ചില വെബ്‌സൈറ്റുകളാണ് ഈ വാര്‍ത്ത വീണ്ടും സജീവമാക്കുന്നത്.
അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ശക്തമായ സ്വാധീനമുറപ്പിച്ചതിനുശേഷമാണ് ടൈംസ്, പത്രങ്ങളുടെ സ്വന്തം നാടായ കേരളത്തിലേക്ക് കാലൂന്നാനൊരുങ്ങുന്നത്.
പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കേരളത്തിലെ ആദ്യ പ്രിന്റ് എഡിഷന്‍ ആരംഭിക്കാനാണ് സാധ്യത. കൊച്ചിയ്ക്കാണ് ആദ്യ പരിഗണന. മലബാര്‍, തിരുവനന്തപുരം, കോട്ടയം കേന്ദ്രങ്ങളില്‍ നിന്നു കൂടി പ്രിന്റിങ് ആരംഭിച്ചാല്‍ കേരളത്തില്‍ ഹിന്ദുവിനും ഇന്ത്യന്‍ എക്‌സ്പ്രസ്സിനുമുള്ള വായനക്കാരെ ആകര്‍ഷിക്കാനാവുമെന്ന് ഇംഗ്ലീഷ് പത്രം കരുതുന്നു.
കൊച്ചിയില്‍ സ്വന്തമായ സംവിധാനത്തില്‍ ആരംഭിക്കണോ അതോ ഉപകാരപ്രദമായ കൂട്ടുകെട്ടിലൂടെ നീങ്ങണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല-ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനി ചീഫ് മാര്‍ക്കറ്റിങ് ഓഫിസിര്‍ രാഹുല്‍ കന്‍സാര്‍ പറഞ്ഞു.
അതേ സമയം ഒരുമിച്ചുനീങ്ങാനുള്ള സാധ്യത തള്ളികളയാനാവില്ലെന്ന നിലപാടാണ് ബി.സി.സി.എല്‍ ദക്ഷിണേന്ത്യ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ചിനന്‍ ദാസിനുള്ളത്. മാതൃഭൂമിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പൊതുമിനിമംധാരണയ്ക്കായുള്ള കാര്യങ്ങള്‍ അവസാനഘട്ടത്തിലാണ്. ഒരു തീരുമാനവും ഇതുവരെയെടുത്തിട്ടില്ലെന്നാണ് പ്രതികരിച്ചത്.
നയതന്ത്രപരമായ ഈ സഖ്യം ഏറ്റവും കൂടുതല്‍ അനുഗ്രഹമാവുക ടൈംസ് ഓഫ് ഇന്ത്യക്കായിരിക്കും. ടൈംസ് ഗ്രൂപ്പ് വളരെ ശക്തരാണ്. വിപണി എങ്ങനെ പിടിച്ചെടുക്കണമെന്ന് അവര്‍ക്ക് നന്നായറിയാം. ബാംഗ്ലൂരിലും നാഗ്പൂരിലും അവര്‍ അത് തെളിയിച്ചതാണ്. കേരളത്തില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള ഹിന്ദുവും ഇന്ത്യന്‍ എക്‌സ്പ്രസും അവരുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനുവേണ്ടി കാര്യമായ വികസനപദ്ധതികളൊന്നും നടപ്പിലാക്കുന്നില്ല. തീര്‍ച്ചയായും ഇത് ടൈംസിന് അനുഗ്രഹമാവും- ടീം റിലയന്‍സിലെ ദിനേഷ് വ്യാസ് അഭിപ്രായപ്പെട്ടു.

This entry was posted in Uncategorized by . Bookmark the permalink.