മുംബൈ: അനുകൂലസാമ്പത്തിക കാലാവസ്ഥയില്‍ ഇന്ത്യന്‍ ഓഹരി വിപണി മുന്നേറ്റം തുടരുന്നു. സാമ്പത്തിക റിപോര്‍ട്ടുകളുടെ കരുത്തില്‍ അമേരിക്കന്‍ വിപണി മികച്ച നേട്ടം സ്വന്തമാക്കിയതിനാല്‍ ഏഷ്യ, യൂറോപ്പ് വിപണികളും ഇന്നു ലാഭത്തിലാണ് ക്ലോസ് ചെയ്തത്. തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തില്‍ നീങ്ങിയതോടെ ഇന്ത്യന്‍ വിപണി കാളക്കൂറ്റന്മാരുടെ കൈയില്‍ തിരികെയെത്തിയെന്ന നിലയില്‍ നിക്ഷേപകര്‍ പ്രതികരിക്കാന്‍ തുടങ്ങിയതും സഹായകമായി. സെന്‍സെക്‌സ് 142.70 നേട്ടത്തോടെ 19992.70ലും നിഫ്റ്റി 50.80 ലാഭത്തില്‍ 6011.70ലുമാണ് വില്‍പ്പ അവസാനിപ്പിച്ചത്.
രാവിലെ 220 പോയിന്റോടെ വില്‍പ്പന വിപണി തുടങ്ങാനായെങ്കിലും ഉച്ചയോടടുത്ത് അധിക നേട്ടവും അടിയറ വയ്‌ക്കേണ്ടി വന്നിരുന്നു. പക്ഷേ, ഉച്ചയ്ക്കുശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് വടക്കോട്ട് നീങ്ങാന്‍ തുടങ്ങിയതോടെ വിപണി നേരത്തെയുണ്ടായ നഷ്ടം നികത്തി. ഫുഡ് ഇന്‍ഫ്‌ളേഷന്‍ 18 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന റിപോര്‍ട്ടുകള്‍ വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തിയില്ല.
ഹൗസിങ് ഡെവലപ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍, ജെയിന്‍ ഇറിഗേഷന്‍, പാന്റലൂണ്‍ റീട്ടെയില്‍, അപ്പോളോ ടയേഴ്‌സ്, ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ് കമ്പനികളാണ് ഇന്നു കാര്യമായ നേട്ടമുണ്ടാക്കിയത്. ഓഹരികള്‍ വിഭജിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഒ.എന്‍.ജി.സി കമ്പനികളുടെ ഓഹരി വിലയില്‍ 2.1 ശതമാനം വര്‍ധനവുണ്ടായി. റിയല്‍ എസ്‌റ്റേറ്റ്, മെറ്റല്‍, ബാങ്കിങ് മേഖലകളാണ് ഇന്നത്തെ നേട്ടത്തില്‍ കാര്യമായ പങ്കുവഹിച്ചത്. ഇന്ന് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് എസ്.ബി.ഐ, ടാറ്റാ മോട്ടോര്‍സ്, ടാറ്റാ സ്റ്റീല്‍ ഓഹരികളിലാണ്.
വാങ്ങാവുന്ന ഓഹരികള്‍: എ.ബി.ജി ഷിപ്പ്‌യാര്‍ഡ്, സിപ്ല, വോള്‍ട്ടാസ്, ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, പെട്രോനെറ്റ് എല്‍.എന്‍.ജി, റാന്‍ബാക്‌സി, ഗാമോണ്‍ ഇന്ത്യ, ക്രോപ്റ്റന്‍ ആന്റ് ഗ്രീവ്‌സ്.