Category Archives: Views

ഇന്ത്യ വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കണം

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ വരുന്ന അമേരിക്കന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും സാങ്കേതികമായി ഇന്ത്യ വിട്ടുനില്‍ക്കണം അതേ സമയം ലങ്കന്‍ സൈന്യത്തിന്റെ കൊടും ക്രൂരതകള്‍ക്കെതിരേ ലോകരാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുകയും മനുഷ്യാവകാശ ധ്വംസനത്തിനെതിരേയുള്ള ഇന്ത്യന്‍ നിലപാട് വളരെ ശക്തമായി തന്നെ ലങ്കയെ അറിയിക്കുകയും വേണം.

എന്തിനാണ് ഇങ്ങനെയൊരു ‘ആണും പെണ്ണും’ കെട്ട നിലപാടെന്ന് ചിന്തിക്കുന്നുണ്ടാവും. മറ്റൊരു രാജ്യത്തെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുതെന്നാണ് ഇന്ത്യന്‍ വിദേശനയത്തിന്റെ കാതലായ ഭാഗം. ലോക പോലിസ് ചമഞ്ഞ് കൊടും ക്രൂരതകള്‍ അഴിച്ചുവിടുന്ന അമേരിയ്ക്ക് മനുഷ്യാവകാശത്തെ കുറിച്ച് ഒന്നും പറയാനുള്ള അവകാശമില്ല. അപ്പോള്‍ ലങ്കയിലെ പ്രശ്‌നങ്ങളുമായി അമേരിക്ക വരുന്നതിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്.

എന്തുകൊണ്ട് വോട്ട് ചെയ്തുകൂടാ എന്നതു പരിശോധിക്കുമ്പോള്‍. ലങ്കയിലെ പ്രശ്‌നം ആ രാജ്യത്തെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വിഷയമാണ്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇത്തരം ആഭ്യന്തരപ്രശ്‌നങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ഇന്ത്യ നിലപാട് എടുക്കാറില്ലെന്നതാണ് ചരിത്രം. പിന്നെ എന്തിനാണ് ലങ്കന്‍ വിഷയത്തില്‍ ഇത്തരമൊരു സമ്മര്‍ദ്ദം. ലങ്കയിലെ തമിഴരും ഇന്ത്യയിലും തമിഴരും ഒന്നല്ല. രണ്ടാണ്. ഇന്ത്യയിലെ തമിഴര്‍ സമ്മര്‍ദ്ദമുണ്ടാക്കുമ്പോള്‍ പൊളിച്ചെഴുതേണ്ടതല്ല ഇന്ത്യന്‍ വിദേശനയം.

കാരണം ഈ പൊളിച്ചെഴുത്തുകൊണ്ട് ഇന്ത്യയ്ക്ക് സാമ്പത്തികമായും രാഷ്ട്രീയമായും ഏറെ നഷ്ടങ്ങളാണുള്ളത്. കഴിഞ്ഞ വോട്ടെടുപ്പില്‍ അമേരിയ്ക്കപ്പൊപ്പം നിന്നതുകൊണ്ട് തന്നെ കോടികണക്കിനു രൂപയുടെ ഇറക്കുമതി ഓര്‍ഡറുകളാണ് ലങ്ക റദ്ദാക്കിയത്. അതു പോലെ ലങ്കയില്‍ നിന്നുള്ള കയറ്റുമതിയ്ക്കും നിയന്ത്രണങ്ങളുണ്ട്.

ചുരുക്കത്തില്‍ മനുഷ്യാവകാശലംഘനത്തെ അപലപിക്കുന്നതോടൊപ്പം മേഖലയിലെ മാലി, ലങ്ക തുടങ്ങിയ രാജ്യങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത കൂടി ഇന്ത്യ ഏറ്റെടുത്തിട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ലങ്കന്‍ തമിഴരുടെ വിഷയത്തില്‍ ഇന്ത്യന്‍ തമിഴരുടെ സമ്മര്‍ദ്ദമുണ്ടായി കാര്യങ്ങള്‍ മാറ്റിയെഴുതിയാല്‍ നാളെ പാകിസ്താനിലെ മുസ്ലീങ്ങള്‍ക്കു വേണ്ടിയും ഇന്ത്യ നിലപാട് മാറ്റേണ്ടി വരും. മറ്റൊരു രാജ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഇടപെടരുത്. അതുപോലെ ഇന്ത്യയുടെ കാര്യത്തില്‍ മറ്റൊരു രാജ്യവും ഇടപെടരുത്. പക്ഷേ, മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരേ പ്രതികരിക്കുകയും വേണം.

30 വര്‍ഷത്തോളം ആഭ്യന്തരസംഘര്‍ഷങ്ങള്‍ക്ക് അറുതിയായിരിക്കുന്നു. രാജ്യത്ത് ശാന്തിയും സമാധാനവുമുണ്ട്. എല്‍ടിടിഇ നടത്തിയ ആക്രമണങ്ങളില്‍ പതിനായിരങ്ങളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പോലും ഉള്‍പ്പെടും. ഇവര്‍ക്കെല്ലാം മനുഷ്യാവകാശങ്ങളുണ്ടായിരുന്നു. ചൈനയും റഷ്യയും കഴിഞ്ഞ തവണ അമേരിക്ക കൊണ്ടു വന്ന പ്രമേയത്തെ എതിര്‍ത്തിരുന്നു. എട്ടു രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു മാറി നില്‍ക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് മാറിനിന്നവരുടെ കൂടെയെങ്കിലും നില്‍ക്കമായിരുന്നു.

ഇതാണോ കേന്ദ്രമന്ത്രി?

വയലാര്‍ രവി മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കുന്ന രീതിയൊന്ന് കണ്ടു നോക്കൂ. അയാളുടെ മകളുടെ മകളാകാന്‍ മാത്രം പ്രായമുള്ള കുട്ടിയോടാണ് ചോദ്യം.. ഇതു ശരിയായ ഒരു പ്രവണതയല്ല. ഇതിനെ എതിര്‍ക്കുക തന്നെ വേണം.

പെണ്‍കുട്ടിയുടെ ഫോട്ടോ പുറത്തുവിടണം

ദില്ലിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ ഒരു ഫോട്ടോയെങ്കിലും എത്രയും വേഗം പുറത്തുവിടണം. ആരെങ്കിലും ഫേസ്ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസും പരിശോധിച്ചാല്‍ ഇതെന്തിനാണെന്ന് മനസ്സിലാകും. കേന്ദ്രമന്ത്രി ശശി തരൂര്‍ മാത്രമാണ് ഇക്കാര്യത്തില്‍ ധീരമായ അഭിപ്രായം പറഞ്ഞത്.

അറിയാനുളള ത്വര മനുഷ്യന്റെ കൂടെപിറപ്പാണ്. അതുകൊണ്ട് തന്നെ ദില്ലി പെണ്‍കുട്ടിയെന്ന പേരില്‍ ആയിരകണക്കിന് വ്യാജ ഫോട്ടോകളാണ് നെറ്റിലൂടെ ഒഴുകുന്നത്. ജ്യോതി എന്ന പെണ്‍കുട്ടിയുടെ മാനം രക്ഷിക്കാന്‍ വേണ്ടിയാണ് ഫോട്ടോയും വിവരങ്ങളും പ്രസിദ്ധീകരിക്കുന്നത് വിലക്കിയിട്ടുള്ളതെന്ന് അറിയുന്നു. എന്നാല്‍ ഒരു വിലക്ക് നിലനില്‍ക്കുന്നതുകൊണ്ട് ആയിരകണക്കിന് മറ്റു പെണ്‍കുട്ടികളുടെ മാനമാണ് നഷ്ടപ്പെടുന്നത്. ലൈക്ക് ചെയ്തവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കുമെതിരേ കേസെടുത്താല്‍ അവരെ മുഴുവന്‍ ഉള്‍കൊള്ളാനും കേസ് നടത്താനും സര്‍ക്കാര്‍ ഏറെ പണിപ്പെടും.

ദില്ലി പെണ്‍കുട്ടിയുടെയോ അവരുടെ കുടുംബത്തിന്റെയോ മാനത്തിന് യാതൊരു കോട്ടവും വന്നിട്ടില്ല. ലോകത്തിനു മുന്നില്‍ തലതാഴ്ത്തിയ ഓരോ ഇന്ത്യക്കാരനുമാണ്. കിരാതമായ ഈ നടപടിയുടെ പേരില്‍ പെണ്‍കുട്ടിയോ അവരുടെ വീട്ടുകാരോ ചെറുതായി പോകേണ്ട കാര്യമില്ല. മറിച്ച് ഒരു രാജ്യത്തെ ജീര്‍ണാവസ്ഥയെ തുറന്നുകാട്ടിയ ധീരക്തസാക്ഷിയാണ് മകളെന്ന് അഭിമാനിക്കുകയാണ് വേണ്ടത്.

പ്രതികളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിടുന്നതിനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഒരു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് പറയുന്നുണ്ട്. അറസ്റ്റിലായ മുഴുവന്‍ പേരുടെയും ഫോട്ടോ ഒന്നിച്ച് മാധ്യമങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അവരുടെ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു തീരുമാനമെങ്കില്‍ അതില്‍ കാര്യമില്ല. കാരണം ആ ചെകുത്താന്മാരെ ആരെങ്കിലും വെടിവെച്ചുകൊന്നാലോ വെട്ടിക്കൊന്നാലോ അതിനെ ചോദ്യം ചെയ്യാന്‍ ആരും പോകില്ലെന്ന് ഉറപ്പാണ്… ചില മനുഷ്യവകാശ കോപ്രായങ്ങളെ കണ്ടില്ലെന്നു വെച്ചല്ല ഇതു പറയുന്നത്.

മദനിക്കെതിരേയുള്ള നിയമ നടപടികള്‍ വലിച്ചുനീട്ടരുത്

ഐഎസ്എസിന്റെ കാസറ്റ് പ്രസംഗം ഏറെ കേട്ടതാണ്. കേരളത്തില്‍ വിഭാഗിയതയുടെ വിത്തുകള്‍ പാകി എന്‍ഡിഎഫിനും ആര്‍എസ്എസിനും വളക്കൂറുള്ള മണ്ണുണ്ടാക്കി കൊടുത്തത് മറ്റാരുമല്ല. നിസ്‌കാര തയമ്പും ചന്തനകുറിയും അസഹിഷ്ണുതയുടെ അടയാളങ്ങളായി മാറിയതും ഈ കാലയളവിലാണ്. മദനി തുറന്നുവെച്ച പാതയ്ക്ക് വീതി കൂട്ടേണ്ട ജോലി മാത്രമേ എന്‍ഡിഎഫിനുണ്ടായിരുന്നുള്ളൂ.
വോട്ടിനുവേണ്ടി ഇടതും വലതും മദനിക്കുവേണ്ടി തെരുവിലിറങ്ങി. എന്നിട്ടും മദനി ജയിലില്‍ തന്നെ. എന്തുകൊണ്ടാണിത് എന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എന്താണ് ഇയാളോട് മാത്രം ഇന്ത്യന്‍ നീതി പീഠം ഇങ്ങനെ ചെയ്യുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു സ്വകാര്യ സംഭാഷണത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞ മറുപടി ഞെട്ടിയ്ക്കുന്നതായിരുന്നു. അയാളെ ഇങ്ങനെ പിടിച്ചുകെട്ടിയില്ലെങ്കില്‍ സംഗതികള്‍ പിടിവിട്ടുപോവുമായിരുന്നു. തമിഴ്‌നാട് സര്‍ക്കാറിനും കര്‍ണാടക സര്‍ക്കാറിനും ഒരേ പോലെ മദനി പിടിയിലാവേണ്ടത് ആവശ്യമായതെങ്ങനെയെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അവര്‍ക്ക് എന്ത് രാഷ്ട്രീയലാഭമാണുള്ളത്?
കേന്ദ്രം ഭരിയ്ക്കുന്നത് കോണ്‍ഗ്രസാണ്. ഒന്ന് ആഞ്ഞുപിടിച്ചാല്‍ അവര്‍ക്ക് മദനിയെ പുറത്തിറക്കാന്‍ സാധിക്കും. നാലുമണിക്കൂര്‍ കൊണ്ട് സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ചിനെ കൊണ്ട് പരിഗണിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക് മദനിയുടെ കാര്യത്തില്‍ ഒരു കൊല്ലം കൊണ്ടെങ്കിലും തീരുമാനമുണ്ടാക്കികൂടെ? പിന്നെ എന്തുകൊണ്ട് ചെയ്യുന്നില്ല? അവര്‍ക്ക് ആത്മാര്‍ത്ഥത ഇല്ലാഞ്ഞിട്ടാണൊന്നും പറയരുത്. ഓരോ തിരഞ്ഞെടുപ്പിനു മുമ്പും അവരെല്ലാം ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അയാളെ വിട്ടുകൊടുക്കരുതെന്ന് എന്തിനാണ് ഏജന്‍സികള്‍ വാശിപിടിക്കുന്നത്. കുറ്റപത്രത്തില്‍ കുറെയേറെ കാര്യങ്ങള്‍ എഴുതിചേര്‍ത്തുപോയി. അതുകൊണ്ട് അതുകൊണ്ടാണ് എന്നൊക്കെ പറഞ്ഞാല്‍ ആരു വിശ്വസിക്കും. ഇതിലും വലിയ കുറ്റപ്പത്രങ്ങളില്‍ നിന്നും പലരും പുഷ്പം പോലെ ഇറങ്ങിപ്പോന്നിട്ടുണ്ട്.

കേവലം ഒരു പ്രതിക്കുവേണ്ടിയാണെങ്കില്‍ ആയിരങ്ങളെ അവര്‍ക്കുണ്ടാക്കാം. എന്തുകൊണ്ടാണ് മദനി തന്നെ വേണമെന്ന് നിര്‍ബന്ധം പിടിയ്ക്കുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ഉള്ളതുകൊണ്ട് ബാംഗ്ലൂര്‍ സ്‌ഫോടനത്തിലും കിടക്കട്ടെയെന്ന് കരുതിയിട്ടോ? ചുരുക്കത്തില്‍ കൈയിലിരിപ്പ് അല്‍പ്പം മോശമായിരുന്നതുകൊണ്ടാണ് മാറി മാറി ജയിലിലിട്ടിരിക്കുന്നത്. അല്ലാതെ അവര്‍ക്ക് രാഷ്ട്രീയ വിരോധമുള്ളതുകൊണ്ടല്ല. പക്ഷേ, ഇപ്പോള്‍ രോഗിയാണ്. അവശനാണ്. കേസ് നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണം. അതിന് മദനിക്ക് നൂറു ശതമാനവും അവകാശമുണ്ട്. കര്‍ണാടകയില്‍ ബിജെപി ഭരിയ്ക്കുന്നതുകൊണ്ടാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. തമിഴ്‌നാട്ടില്‍ മദനി കിടക്കുമ്പോള്‍ പലരും ഭരിച്ചിരുന്നു.

വാസ്തവത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും മദനിയുടെ പാര്‍ട്ടിക്കും അദ്ദേഹം അകത്തിരിക്കുന്നതാണ് നല്ലത്. ബിജെപിയുടെ വളര്‍ച്ച ബാബറി മസ്ജിദോളം എന്നു പറഞ്ഞതുപോലെ പിഡിപിയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ നിലനില്‍പ്പ് മദനി ഉള്ളില്‍ കിടക്കുന്നതുവരെയാണ്. ഇരുമുന്നണികളും മതമൗലികവാദികളും ഇത് മുതലെടുക്കുക മാത്രമാണ് ചെയ്യുന്നത്. മതഭ്രാന്ത് പിടിച്ച ക്ഷുഭിത യൗവനങ്ങള്‍ എന്നും ഓര്‍ക്കേണ്ട പേരാണ് മദനിയുടെതാണ്. വിതച്ചതാണ് കൊയ്യുന്നത്. മദനി അവശനായെന്നു പറഞ്ഞാലും അദ്ദേഹം കേരളമനസ്സില്‍ ഉഴുതുമറിച്ചുണ്ടാക്കിയ കാര്യങ്ങള്‍ക്ക് ഇന്നും ഒരു ക്ഷീണവും സംഭവിച്ചിട്ടില്ല. അതും ഇതോടൊപ്പം കൂട്ടിവായിക്കണം. വിചാരണ പൂര്‍ത്തിയായി മദനി എത്രയും വേഗം ‘പുറത്തുവരട്ടെയെന്ന് നമുക്ക് സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കാം.

വിഎസിന്റെ കുമ്പസാരം പാര്‍ട്ടിയെ പ്രതികൂട്ടിലാക്കും

തിരുവനന്തപുരം: കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാനസമിതിയില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞത് വിഎസിന്റെ പതിവ് തന്ത്രം മാത്രമാണെന്ന് രാഷ്ട്രീയ നീരീക്ഷകര്‍ വിലയിരുത്തുന്നു. ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം നടത്തിയ പ്രസംഗത്തിലാണ് തനിക്ക് ‘തെറ്റ്’ പറ്റിയെന്ന് വിഎസ് സമ്മതിച്ചത്. പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കെയോട് ഉപമിച്ചതും ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതും പാര്‍ട്ടി വിലക്ക് ലംഘിച്ച് കുടംകുളത്തേക്ക് പോയതും ‘ശരിയായില്ലെ’ന്നാണ് വിഎസ് പ്രസംഗത്തില്‍ വ്യക്തമാക്കിയത്.

പല നിലപാടുകളും പാര്‍ട്ടിയുടെ ഔദ്യോഗികനിലപാടുകള്‍ക്ക് വിരുദ്ധമായിരുന്നെങ്കിലും ഭൂരിഭാഗം ജനങ്ങള്‍ ആഗ്രഹിക്കുന്നും വിശ്വസിക്കുന്നതുമായ കാര്യങ്ങളാണ് വിഎസ് പറഞ്ഞിരുന്നത്. ജനകീയ നിലപാടുകള്‍ക്കൊപ്പം നിന്ന വിഎസ് ഇപ്പോഴും പരോക്ഷമായി വിജയിക്കുകയാണ് ചെയ്യുന്നത്. കാരണം ഞാന്‍ നിസ്സഹായനാണ്. പാര്‍ട്ടി എന്നെ അനുവദിക്കുന്നില്ല. പാര്‍ട്ടിയാണ് അല്ലെങ്കില്‍ പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കുന്നവരാണ് വില്ലന്മാര്‍. എന്ന ഇമേജ് ഊട്ടിയുറപ്പിക്കാന്‍ വീണ്ടും അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു.

ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം ‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ’ എന്ന നയസമീപനങ്ങളാണ് സിപിഎം ഔദ്യോഗിക നേതൃത്വം കൈകൊണ്ടത്. കൊല്ലപ്പെട്ട ടിപി എന്ന കമ്യൂണിസ്റ്റുുകാരന്റെ വീട്ടിലേക്ക് വിഎസിനെയും പ്രദീപ് കുമാറിനെയും പോലെ അപൂര്‍വം നേതാക്കള്‍ക്കേ കയറി ചെല്ലാന്‍ സാധിക്കുമായിരുന്നുള്ളൂ. വിഎസിന്റെ ഈ യാത്ര പാര്‍ട്ടിപരമായ ‘അന്ധവിശ്വാസം’ ഇല്ലാത്ത സാമാന്യജനം അംഗീകരിച്ചതാണ്. മരിച്ചുകിടക്കുന്നത് ശത്രുവായാലും ആദരിക്കപ്പെടേണ്ടതാണ് എന്ന പാരമ്പര്യമാണ് വിഎസ് ഇവിടെ കാത്തുസൂക്ഷിച്ചത്. അതിന് വിഭാഗീയതയുടെ രാഷ്ട്രീയമുണ്ടെങ്കില്‍ അതിനെ കണ്ടില്ലെന്ന് വെയ്ക്കുകയാണ് പാര്‍ട്ടി ചെയ്യേണ്ടിയിരുന്നത്. ആ നീക്കം പാര്‍ട്ടിയുടെ നീക്കമാക്കി വ്യാഖ്യാനിക്കാനുള്ള സാമാന്യതന്ത്രം പോലും സ്വീകരിക്കാതെ വിഎസിനെതിരേ തിരിയുകയാണ് ഔദ്യോഗിക നേതൃത്വം ചെയ്തത്.

ടിപിയുടെ കൊലപാതകം മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ആഗോളതലത്തില്‍ തന്നെ സിപിഎമ്മിനെതിരേയുള്ള വികാരം ശക്തമായി കൊണ്ടിരിക്കെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ടയാളെ നിരന്തരം മോശക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിച്ചത് തീര്‍ച്ചയായും ന്യായീകരിക്കാനാവുന്ന ഒന്നായിരുന്നില്ല. ഇത്തരം ഒരു സാഹചര്യത്തിലാണ് ഡാങ്കെയുമായി വിഎസ് ഉപമിച്ചത്. സെക്രട്ടറിയുടെ ആവര്‍ത്തിച്ചുള്ള ‘കുലംകുത്തി’ പ്രയോഗങ്ങള്‍ കൊണ്ടും കളിയാക്കല്‍ കൊണ്ടും അലോസരമപ്പെട്ട ആയിരകണക്കിന് മനസ്സുകളെ തണുപ്പിക്കാന്‍ വിഎസിന്റെ ഈ പ്രയോഗം കൊണ്ട് സാധിച്ചു.

മറ്റു മാര്‍ഗ്ഗങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മാത്രമാണ് ആണവ ഊര്‍ജ്ജം ഉപയോഗിക്കേണ്ടതെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. പക്ഷേ, കൂടംകുളം വിഷയം പരിഗണിക്കുമ്പോള്‍ തമിഴ്‌നാട് ഘടകം ഒറ്റക്കെട്ടായി മുന്നോട്ടുവെച്ച നിലപാടുകളെ പാര്‍ട്ടി അംഗീകരിക്കുകയാണ് ചെയ്യുന്നത്. ആണവ റിയാക്ടറിനെതിരേ ഉയരുന്ന ജനരോഷത്തെ കണ്ടില്ലെന്ന് നടിയ്ക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. ഇരകള്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്ന പാര്‍ട്ടിയുടെ നിലപാട് ഏറെ പേരെ ഞെട്ടിച്ചിരുന്നു.

സുരക്ഷാപരമായി ഒട്ടേറെ സംശയങ്ങള്‍ നിലനിര്‍ത്തികൊണ്ടാണ് കൂടംകുളം നിലയം പണിപൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നത്. പ്രദേശത്തുള്ള ജനങ്ങളുടെ ആശങ്ക ദുരീകരിക്കുന്നതിനോ അവര്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നതിനോ ഇന്നേ വരെ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. വികസിത രാജ്യങ്ങള്‍ കാറ്റും കല്‍ക്കരിയും സൗരോര്‍ജ്ജവും തിരമാലകളും ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുമ്പോള്‍ ആണവ ഇന്ധനം വേണമെന്ന് ഇന്ത്യ എന്തിനാണ് വാശിപിടിക്കുന്നത്? എന്ന് ചോദിക്കുന്ന ഇരകള്‍ക്കൊപ്പമാണ് വിഎസ്. മനുഷ്യനെ വെറും കമ്പോളവസ്തുവായി കണ്ട് പ്രകൃതിയെ ചൂഷണം ചെയ്യുന്ന അമേരിക്ക,ജപ്പാന്‍ തുടങ്ങിയ സാമ്രാജത്വശക്തികളെ ചൂണ്ടിക്കാട്ടി ആണവറിയാക്ടറുകള്‍ സ്വീകരിക്കാമെന്ന് സിപിഎം പറഞ്ഞത് പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരെയെല്ലാം വേദനിപ്പിച്ചിരുന്നു.

മുകളില്‍ പറഞ്ഞ എല്ലാ വിഷയത്തിലും വിഎസിന് വ്യക്തമായ നിലപാടുണ്ട്. പക്ഷേ, അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടിയുടെ ജനവിരുദ്ധ നിലപാടുകളെ അംഗീകരിക്കുന്നുവെന്നാണ് വിഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ കേന്ദ്രകമ്മിറ്റിയുടെ നിര്‍ദ്ദേശം അനുസരിക്കാനുള്ള ബാധ്യതയാണ് വിഎസ് നിറവേറ്റിയത്. ചില നിലപാടുകളില്‍ അഭിപ്രായം വ്യത്യാസമുണ്ടെങ്കിലും അടിസ്ഥാന പ്രത്യയശാസ്ത്ര മൂല്യങ്ങളില്‍ ഇപ്പോഴും വിശ്വാസമുള്ളതുകൊണ്ട് പാര്‍ട്ടി വിടുന്നില്ലെന്നാണ് സിപിഎം സ്ഥാപകനേതാക്കളിലൊരാളായ വിഎസ് പറയാതെ പറയുന്നത്.

ടിപി വധത്തില്‍ സിബിഐ അന്വേഷണം വേണ്ടായെന്ന വിവേകശൂന്യമായ പ്രസ്താവന പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായതോടെയാണ് സ്വന്തം പാര്‍ട്ടിയിലെ അപചയത്തിന്റെ ആഴം പലരും അടുത്തറിഞ്ഞത്. പല അടവ് നയങ്ങളും അവസരവാദങ്ങളും ഇതോടൊപ്പം കൂട്ടിവായിക്കുമ്പോള്‍ പാര്‍ട്ടിയുടെ നാശത്തിന്റെ തുടക്കം മനസ്സിലാകും. ‘പാര്‍ട്ടിയിലെ അവശേഷിക്കുന്ന നന്മ’ എന്ന ലേബല്‍ വിഎസിനുണ്ട്. അത് സ്വന്തം പ്രതിച്ഛായ വളര്‍ത്താന്‍ അദ്ദേഹം ഉപയോഗപ്പെടുത്തുന്നുവെന്ന കാര്യത്തിലും സംശയമില്ല. പക്ഷേ, ആശയങ്ങളില്‍ വെള്ളം ചേര്‍ത്ത് ഇടതും വലതും തമ്മില്‍ വ്യത്യാസമില്ലാതാക്കിയ പാര്‍ട്ടി ഭാരവാഹികളോട് ശക്തമായി വിയോജിക്കുന്ന വിഭാഗങ്ങള്‍ സിപിഎമ്മിനകത്തും പുറത്തും സജീവമാണെന്ന കാര്യമാണ് വിഎസിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാതിരിക്കാനുള്ള പ്രധാനകാരണം.

 

Story Published in oneindia

Link: http://malayalam.oneindia.in/feature/2012/vs-cpm-pinarayi-playing-leadership-trapped-105241.html

വിഎസിനെതിരേ നടപടി ഏഴാംതവണ

1962ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് മുമ്പ് ഇന്ത്യ-ചൈന യുദ്ധകാലത്ത് കമ്യൂണിസ്റ്റ് പ്രവര്‍ത്തകരെ ചൈനീസ് ചാരന്മാരായി വിശേഷിപ്പിച്ച് ജയിലിലടച്ചിരുന്നു. ആ വിധത്തില്‍ വിഎസ് അച്യുതാനന്ദനും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. പക്ഷേ, അറസ്റ്റ് ചെയ്ത് ജയലിലടച്ചിട്ടും പാര്‍ട്ടി നയത്തിന് വിരുദ്ധമായി ഇന്ത്യന്‍ പട്ടാളത്തിന് അനുകൂല സമീപനമാണ് വിഎസ് സ്വീകരിച്ചത്.

ജയിലിലെ ഭക്ഷണസാമഗ്രികള്‍ മിച്ചം പിടിച്ച് വിറ്റ് ആ പണം ഇന്ത്യന്‍ യുദ്ധഫണ്ടിലേക്ക് സംഭാവന നല്‍കാനും ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് രക്തം ദാനം ചെയ്യണമെന്നുമുള്ള വിഎസിന്റെ ആഹ്വാനം അന്നേറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി നടപടിയുണ്ടായത്.

1998ല്‍ പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തിലെ വ്യാപകമായ വെട്ടിനിരത്തല്‍ നടപടി വിഎസിനെതിരേ കേന്ദ്രകമ്മിറ്റിയുടെ താക്കീതിന് വഴിയൊരുക്കി. 2007ല്‍ എഡിബി വായ്പയുമായി ബന്ധപ്പെട്ട് പാര്‍ട്ടി നയത്തിനു വിരുദ്ധമായ സമീപനം സ്വീകരിച്ചുവെന്നതിനാല്‍ വീണ്ടും വിഎസിന് താക്കീത് ഏറ്റുവാങ്ങേണ്ടി വന്നു.

2007ല്‍ തന്നെ പിണറായിയും വിഎസും തമ്മിലുള്ള രൂക്ഷമായ വാഗ്വാദത്തെ തുടര്‍ന്ന് വിഎസിനെ പിബിയില്‍ നിന്നു സസ്‌പെന്റ് ചെയ്തു. വിഎസിനൊപ്പം പിണറായി വിജയനും ഈ നടപടിയേറ്റു വാങ്ങി. നാലുമാസത്തിനുശേഷം ഇരുവരെയും പിബിയില്‍ തിരിച്ചെടുത്തു.

പക്ഷേ, തന്റെ നിലപാട് തിരുത്താതെ ലാവ്‌ലിന്‍ പിണറായിക്കെതിരേ തുടര്‍ച്ചയായി പരസ്യപ്രസ്താവനകള്‍ വിഎസ് നടത്തി. തുടര്‍ന്ന് 2009 ജൂലായ് 12ന് വിഎസ് വീണ്ടും പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്തായി

കേരളത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോള്‍ വിഎസ് അച്യുതാനന്ദനെ പിബിയില്‍ തിരിച്ചെടുക്കുമെന്ന് കരുതിയിരുന്നെങ്കിലും ആ നീക്കം ഉണ്ടായില്ല. അന്ന് പൊതുസമ്മേളനം വിഎസ് ബഹിഷ്‌കരിച്ചതും ഏറെ ചര്‍ച്ചവിഷയമായിരുന്നു.

ടിപി ചന്ദ്രശേഖരന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നയത്തിന് വിരുദ്ധമായ സമീപനം കൈകൊണ്ടതും സംസ്ഥാന സെക്രട്ടറിയെ ഡാങ്കെയോട് ഉപമിച്ചതും വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി. തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ നിലപാടിന്റെ പേരില്‍ പിബി വിഎസിനെ പരസ്യമായി ശാസിച്ചു.

 

ന്യൂസ് പോര്‍ട്ടലുകള്‍ക്ക് മൂക്കുകയറിടേണ്ട?

കൂണുകള്‍ പോലെ ന്യൂസ്‌പോര്‍ട്ടലുകള്‍ മുളച്ചുപൊന്തുകയാണ്. ചാനല്‍ യുദ്ധത്തിനു പിറകെ പോര്‍ട്ടല്‍ പോരാട്ടങ്ങള്‍ തന്നെയാണ് വരാനിരിക്കുന്നത്. ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ മീഡിയ ലിസ്റ്റില്‍ കയറി കൂടാനും സര്‍ക്കാര്‍ അക്രെഡിഷനും വേണ്ടി ‘വെബ്‌സൈറ്റുകള്‍’ തിക്കും തിരക്കും കൂട്ടുകയാണ്. ന്യൂസ് പോര്‍ട്ടലുകളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഒരു നിയമം കൊണ്ടു വരുമെന്ന് പറയുന്നുണ്ടെങ്കിലും ഇതു വരെ യാഥാര്‍ത്ഥ്യമായിട്ടില്ല. ആശയക്കുഴപ്പം മുതലാക്കി ‘ഇത്തിരികുഞ്ഞന്മാര്‍’ വരെ സംസ്ഥാന സര്‍ക്കാറിന്റെ മീഡിയ ലിസ്റ്റില്‍ കയറി കൂടിയിട്ടുണ്ട്. ശാസ്ത്രീയമായ ഒരു മാനദണ്ഡം വെച്ചല്ല പലരും ഇപ്പോള്‍ ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ളത്. സര്‍ക്കാര്‍ പരസ്യം നല്‍കുന്നതിനുവേണ്ടി തയ്യാറാക്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനെ പലരും ഇതിനകം ദുരുപയോഗം ചെയ്തു തുടങ്ങിയിട്ടുണ്ട്. ഈ പോക്ക് പോയാല്‍ വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ ആയിരകണക്കിന്
ന്യൂസ്‌പോര്‍ട്ടലുകളാവും ‘സര്‍ക്കാര്‍ അംഗീകൃത വെബ്‌സൈറ്റ്’ എന്ന പരസ്യവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുക. പത്രത്തിന്റെയും ചാനലിന്റെയും സ്വാധീനം അളക്കുന്നത് ചില ഊഹങ്ങള്‍ വെച്ചാണെങ്കില്‍ ഒരു ന്യൂസ് പോര്‍ട്ടലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശാസ്ത്രീയമായി തന്നെ അറിയാനുള്ള സംവിധാനമുണ്ട്.

വെബ്‌സൈറ്റ് ഗ്രേഡ് ചെയ്യുന്നതെങ്ങനെ?

വെബ് സൈറ്റിനെ കുറിച്ചും ഗൂഗിള്‍ അനലിറ്റിക്‌സിനെ കുറിച്ചും ഇന്റര്‍നെറ്റ് പ്രസിദ്ധീകരണത്തെക്കുറിച്ചും വ്യക്തമായ അറിവും ഈ രംഗത്ത് പരിചയമുള്ളവരും, സെര്‍വര്‍, ഡൊമെയ്ന്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിവുള്ളവരും ഉള്‍പ്പെട്ട ഒരു പാനലായിരിയ്ക്കണം വെബ്‌സൈറ്റുകളുടെ അക്രഡിറ്റേഷന്‍ നിശ്ചയിയ്‌ക്കേണ്ടത്. സി ഡിറ്റില്‍ നിന്ന് ഇത്തരം കാര്യങ്ങളില്‍ അവഗാഹമുള്ള വ്യക്തിയേയും പാനല്‍ ഉള്‍പ്പെടുത്താം.

പക്ഷേ, സിഡിറ്റില്‍ നിന്നും ടെക്‌നോപാര്‍ക്കില്‍ നിന്നും ഉള്ളവര്‍ മാത്രമാകരുത്. ഈ മേഖലയില്‍ ദൈനംദിനമായി ഇടപെടുന്നവര്‍ തീര്‍ച്ചയായും സമിതിയില്‍ വേണം. പത്രത്തിന്‌റെ അക്രഡിറ്റേഷന്‍ കമ്മറ്റിയ്ക്ക് സമാനമായ ഒരു സമിതി ഉണ്ടാക്കണമെന്നാണ് ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഈ സമിതിയിലേയ്ക്ക് ദിനപ്പത്ര അക്രഡിറ്റേഷന്‍ സമിതിയിലെ പോലെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തേണ്ടതില്ല. അതേ സമയം ഓണ്‍ലൈന്‍ മീഡിയയില്‍ പെട്ടവരെ പത്രപ്രവര്‍ത്തക യൂനിയന്‍ അംഗങ്ങളായി സ്വീകരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്ന കാര്യം കൂടി ആലോചിക്കണം.

മറ്റു ചില മാനദണ്ഡങ്ങള്‍

മനോരമയും മാതൃഭൂമിയടക്കം രാജ്യത്തെ പത്രങ്ങള്‍ എത്ര കോപ്പിയടിക്കുന്നുവെന്ന് പുറമെയുള്ള ആര്‍ക്കെങ്കിലും അറിയാമോ? ദിവസവും കണക്ക് കൊടുക്കണമെന്നാണ് നിയമം. പക്ഷേ, അങ്ങനെ ആരും ചെയ്യാറില്ല. വര്‍ഷത്തില്‍ ഒരു ദിവസം നടത്തുന്ന പരിശോധനയെ അടിസ്ഥാനമാക്കിയാണ് എബിസി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. ഇതുവെച്ചാണ് പല പ്രമുഖ പത്രങ്ങളും ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.

ഇതുപോലെ പത്രങ്ങളുടെ റീഡര്‍ഷിപ്പ് സര്‍വെയും മാനദഡമാവുന്നുണ്ട്. സര്‍ക്കുലേഷന്‍ പോലെ പേജ് വ്യൂ, വിസിറ്റേഴ്‌സ് എന്നീ കാര്യങ്ങള്‍ ഓരോ സ്ഥാപനത്തിന്റെയും ബിസിനസ് രഹസ്യങ്ങളാണ്. ഇത്തരം രഹസ്യങ്ങള്‍ സൂക്ഷിക്കേണ്ടത് മത്സരബുദ്ധിയോടെയുള്ള ബിസിനസ് ലോകത്ത് അത്യാവശ്യമാണു താനും. അതുകൊണ്ട് എന്തെങ്കിലും രീതിയിലുള്ള കോഡ്(സ്‌ക്രിപ്റ്റ്) നല്‍കി പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വെബ്‌സൈറ്റിന്റെ ഗ്രേഡ് കണ്ടെത്താന്‍ ശ്രമിക്കുന്നത് പ്രായോഗികമല്ല. കാരണം പിആര്‍ഡി സ്വന്തമാക്കുന്ന ഇത്തരം വിവരങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്താനാവില്ല വിവരാവകാശനിയമപ്രകാരം ആരെങ്കിലും ആവശ്യപ്പെട്ടാലും ഇവ കൈമാറേണ്ടി വരും.

1 http://www.comscore.com. ലോകത്തുള്ള ഒട്ടുമിക്ക ആഡ് ഏജന്‍സികളും കമ്പനികളും ഇതിലെ ഡാറ്റകളാണ് ഒരു വെബ്‌സൈറ്റിന്റെ ട്രാഫിക് അറിയാന്‍ ഉപയോഗിക്കുന്നത്. പണം കൊടുത്ത് ലോഗിന്‍ ചെയ്യേണ്ട സേവനമാണിത്. പിആര്‍ഡി ഇതില്‍ വരിക്കാരാകുന്നതോടെ ഇത് സാധ്യമാകും.

2 അലക്‌സാ റാങ്ക് (alexa.com) : നൂറുശതമാനവും സൗജന്യമായ ഒന്നാണ്. ഇത് പിആര്‍ഡിക്ക് എളുപ്പത്തില്‍ നോക്കാം. അലക്‌സാ റാങ്കില്‍ 50000ല്‍ താഴെയെത്തിയാല്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന നിബന്ധന പിആര്‍ഡിയ്ക്ക് പ്രഖ്യാപിക്കാവുന്നതാണ്. ഇതോടെ തന്നെ അപേക്ഷകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകും. 50000 അലക്‌സാറാങ്കുള്ള സൈറ്റിനു പോലും കാര്യമായ സന്ദര്‍ശകരുണ്ടാകില്ല. മാതൃഭൂമി, മനോരമ, വണ്‍ഇന്ത്യ, വെബ്ദുനിയ പോലുള്ള സൈറ്റുകള്‍ മാത്രമാണ് 4000ല്‍ താഴെ റാങ്കുള്ളത്.

അമ്പതിനായിരം എന്നത് അത്ര വലിയ റാങ്കല്ല ഇന്‌റര്‍നെറ്റിലെ വെബ് സൈറ്റുകള്‍ക്ക് റാങ്ക് നല്‍കിയാല്‍ 50000 ാമത്തെ റാങ്ക് കിട്ടുന്ന സൈറ്റിനാണ് അലക്‌സ ആ റാങ്ക് നല്‍കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ലക്ഷത്തിനു മുകളില്‍ കട്ട് ഓഫ് വെയ്ക്കാന്‍ സൈറ്റിനു പിറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിര്‍ബന്ധിക്കും. എന്നാല്‍ അതിന് വഴങ്ങി കൊടുക്കാതിരിക്കുന്നതാണ് നല്ലത്.

3 ഗൂഗിള്‍ ആഡ് പ്ലാനര്‍ (https://www.google.com/adplanner/): ഇതും സൗജന്യമായി പരിശോധിക്കാന്‍ സാധിക്കും. ഒരു വെബ്‌സൈറ്റിന്റെ ഓണ്‍ലൈന്‍ കരുത്ത് ഇതില്‍ നിന്നും വ്യക്തമാകും. സൈറ്റിന്റെ പേജ് വ്യൂ, വിസിറ്റേഴ്‌സ് എന്നിവ ഇവിടെ നിന്ന് ലഭിക്കും. ഗൂഗിള്‍ അക്കൗണ്ടുള്ള ആര്‍ക്കും ഈ വിവരം ലഭ്യമാവും. ഒരു മാസത്തേയോ ഒരു ദിവസത്തേയോ ശരാശരി കണക്കായിരിയ്ക്കും ഇവിടെ ലഭ്യമാവുന്നത്.

4 അപേക്ഷ സമര്‍പ്പിയ്ക്കുന്നതിന്‌റെ മുന്‍പുള്ള മൂന്നു മാസത്തെ ഗൂഗിള്‍ അനാലിറ്റിക്‌സ് റിപ്പോര്‍ട്ടിന്റെ കോപ്പി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാം. Visits, Unique Visitors, Pageviews, Page/Visit എന്നിവ കാണിക്കുന്ന വിസിറ്റേഴ്‌സ് ഓവര്‍വ്യൂ എന്ന പേജാണ് നല്‍കേണ്ടത്. പിആര്‍ഡി ആവശ്യപ്പെടുകയാണെങ്കില്‍ അനലിറ്റിക്‌സ് ലോഗിന്‍ ചെയ്ത് കാണിച്ചുകൊടുക്കേണ്ടതാണ്. ഈ പരിശോധന നിര്‍ബന്ധമാക്കുന്നതാണ് നല്ലത്. അനാലിറ്റിക്സ് ലോഗിന്‍, സെര്‍വര്‍ ലോഗിന്‍ എന്നിവ പിആര്‍ഡിയ്ക്ക് കൈമാറാന്‍ ബുദ്ധിമുട്ടാണ്. അതേ സമയം എപ്പോള്‍ വേണമെങ്കിലും ഇത് പരിശോധനയ്ക്ക് വിധേയമാക്കാന്‍ സാധിക്കണം.

5 സ്വന്തമായി വാര്‍ത്തകളും വിശകലനങ്ങളും എഴുതി ഇന്‌റര്‍നെറ്റില്‍ പ്രസിദ്ധീകരിയ്ക്കുന്നവരായിരിയ്ക്കണം അപേക്ഷകര്‍. മറ്റ് സൈറ്റുകളുടെ ലിങ്കുകള്‍ നല്‍കി സൈറ്റ് നടത്തുന്നവരുണ്ട്. ഇത്തരത്തിലുള്ള സൈറ്റുകളെ ഒഴിവാക്കാനായാണ് ഈ നിബന്ധന. അഗ്രഗേറ്റര്‍ പോലെ പ്രവര്‍ത്തിക്കുന്ന സൈറ്റുകള്‍ക്ക് മുകളില്‍ പറഞ്ഞ യോഗ്യതകളുണ്ടെങ്കിലും പരിഗണിക്കരുത്.

മുകളില്‍ പറഞ്ഞ ഓരോ കാര്യത്തിലും നിശ്ചിത നമ്പര്‍ മാനദണ്ഡമായി സ്വീകരിക്കുക. അവ പ്രസിദ്ധീകരിക്കുക. ഇങ്ങനെ വരുമ്പോള്‍ പബ്ലിക് റിലേഷന്‍ ഓഫിസിലെ തലവേദന തീര്‍ത്തും ഇല്ലാതാകും.

അധിക നിബന്ധനകള്‍

1 ഡൊമെയ്‌ന് ചുരുങ്ങിയത് രണ്ടു വര്‍ഷം പഴക്കം വേണം. രജിസ്‌ട്രേഷന്‍ ഏറ്റവും ചുരുങ്ങിയത് അടുത്ത മൂന്നുവര്‍ഷത്തേയ്‌ക്കെങ്കിലും രജിസ്റ്റര്‍ ചെയ്തിരിയ്ക്കണം

2 അപേക്ഷിക്കുമ്പോള്‍ അവസാന മൂന്ന് സെര്‍വര്‍ ഇന്‍വോയ്‌സ് അപേക്ഷയോടൊപ്പം വെയ്ക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിയ്‌ക്കേണ്ട കാര്യമില്ല. സെര്‍വര്‍ ആവശ്യമില്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂസ് പോര്‍ട്ടലുകളും ഉണ്ടെന്നതിനാലാണ് ഇത്. ഏത് സാങ്കേതിക വിദ്യയിലാണ് പോര്‍ട്ടല്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് നോക്കേണ്ട ബാധ്യത പിആര്‍ഡിക്ക് ഇല്ലെന്ന് ചുരുക്കം. സംഗതി വാര്‍ത്താ പോര്‍ട്ടലാണോ എന്നു മാത്രം നോക്കിയാല്‍ മതി.

3 കമ്പനിയുടെ രണ്ട് ഔദ്യോഗിക ഇമെയില്‍ നിര്‍ബന്ധമായും ഫോമില്‍ എഴുതി വാങ്ങണം. ഈ ഇമെയിലുകള്‍ പോര്‍ട്ടല്‍ ഡൊമെയ്ന്‍ അല്ലെങ്കില്‍ കമ്പനി ഡൊമെയ്‌നുമായി ബന്ധപ്പെട്ടതായിരിക്കണം. ജിമെയില്‍, യാഹു പോലുള്ള മെയില്‍ സേവനം ആയിരിക്കരുത്. പോര്‍ട്ടല്‍ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന വ്യക്തി വെബ് സൈറ്റിലോ അതിന്‌റെ ഉടമസ്ഥതയുള്ള സ്ഥാപനത്തിലോ പ്രധാനി ആയി പ്രവര്‍ത്തിയ്ക്കുന്ന ആളായിരിയ്ക്കണം. ഉദാഹരണത്തിന്: മാനേജിങ് ഡയറക്ടര്‍, എഡിറ്റര്‍ എന്നീ തസ്തികകളിലുള്ള ആരെങ്കിലും ആയിരിക്കണം.

4 പോര്‍ട്ടലിന്റെ ഓഫിസ് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. അതും പോര്‍ട്ടലിന്റെ അല്ലെങ്കില്‍ പോര്‍ട്ടലിന്റെ ഉടമസ്ഥരായ കമ്പനിയുടെ പേരില്‍. കന്പനിക്ക് വേറെയും ബിസിനസ്സുണ്ടെങ്കില്‍ പോര്‍ട്ടല്‍ കന്പനിയുടെതാണെന്ന സത്യവാങ് മൂലം വാങ്ങണം.

5 ഏറ്റവും ചുരുങ്ങിയത് മൂന്നു ജീവനക്കാരുണ്ടായിരിക്കണം.

6 വെബ്‌സൈറ്റിന് ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള ഡാറ്റാബേസ് (വാര്‍ത്താ ശേഖരം) നിര്‍ബന്ധമായും വേണം. പിആര്‍ഡി ആവശ്യപ്പെടുകയാണെങ്കില്‍ അക്രെഡിഷനായി സമര്‍പ്പിച്ച സൈറ്റില്‍ തന്നെ ഡാറ്റകള്‍ കാണിച്ചുകൊടുക്കണം.7 ഡൊമെയ്ന്‍/സ്‌പേസ് ഓണര്‍ഷിപ്പ് വ്യക്തമാക്കുന്നതിന്റെ ഫോട്ടോകോപ്പി വേണം. ഇതിലെ ഇമെയില്‍ വെബ്‌സൈറ്റിന്റെ ഔദ്യോഗിക ഇമെയിലുകളില്‍ ഒന്നായിരിക്കണം. ഡൊമെയ്ന്‍ പ്രൈവസി പ്രൊട്ടക്ട് ചെയ്യരുത്.

8 വെബ്‌സൈറ്റിന്റെ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കായിരിക്കണമെന്ന് വെബ്‌സൈറ്റിന്റെ contact പേജില്‍ വ്യക്തമാക്കണം. വ്യക്തമായ മേല്‍വിലാസവും ഫോണ്‍ നമ്പറും ഇമെയിലും ഈ പേജില്‍ കാണേണ്ടതാണ്.

9 ദൈനംദിന വാര്‍ത്തകള്‍ അപ്‌ലോഡ് ചെയ്യുന്ന സൈറ്റുകള്‍ക്ക് മാത്രം അക്രെഡിഷന്‍ നല്‍കിയാല്‍ മതി. പക്ഷേ ദിനം പ്രതി വാര്‍ത്താ അധിഷ്ടിത ലേഖനങ്ങളം വിശകലനങ്ങളും അപ് ലോഡ് ചെയ്യുന്ന സൈറ്റുകളെ പരിഗണിയ്ക്കാവുന്നതാണ്.

10 മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാ വര്‍ഷവും നിശ്ചിതസമയത്ത് വിശകലനം ചെയ്യുകയും അക്രെഡിഷന്‍ തുടരണോയെന്ന കാര്യത്തില്‍ പിആര്‍ഡി അനുയോജ്യമായ തീരുമാനം എടുക്കുകയും ചെയ്യണം. കൃത്യമായി അപ്‌ലോഡ് ചെയ്യാത്ത സൈറ്റുകള്‍ക്ക് നിലനില്‍ക്കാനാവില്ലെന്ന് ചുരുക്കം. രജിസ്റ്റര്‍ ചെയ്തപ്പോഴുള്ള പ്രകടനം അടുത്ത വര്‍ഷത്തെ പരിശോധനയിലും ഉണ്ടാകണമെന്ന് ചുരുക്കം.

11 മുകളില്‍ പറഞ്ഞ മാനദണ്ഡങ്ങളെല്ലാം വെച്ച് ഒരു അപേക്ഷ കിട്ടിയാല്‍ പിആര്‍ഡി ആദ്യം ചെയ്യേണ്ടത്. പേജ് വ്യൂ, യൂസേഴ്‌സ് നമ്പര്‍ എന്നിവ ട്രാക്ക് ചെയ്യാനുള്ള ഒരു കോഡ് പോര്‍ട്ടലിന് നല്‍കുകയാണ്. ഒരു സിംപിള്‍ ജാവാ സ്‌ക്രിപ്റ്റ്. മൂന്നു മാസത്തെ പ്രകടനം വിലയിരുത്തിയതിനുശേഷം അതിനെ ഏത് സ്ലാബില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കാം. അതിനു ശേഷം മതി, അനാലിറ്റിക്‌സ് തുടങ്ങിയ അഡീഷണല്‍ ഡോക്യുമെന്റുകള്‍ ആവശ്യപ്പെടുന്നത്.

ബാബയെങ്കില്‍ ബാബ

കാരണം അണ്ണാ ഹസാരെയുടെ സമരത്തെ ഒരു ഇവന്റ് മാനേജ്‌മെന്റ് ടീമിന്റെ കൗശലത്തോടെ സര്‍ക്കാര്‍ തകര്‍ത്തു കഴിഞ്ഞു. കെജ്രിവാളിനെ,,,കിരണ്‍ ബേദിയെ…ഓരോരുത്തരെയും ഓരോ വിധത്തില്‍ കുടുക്കി. അണ്ണയെ പൊളിച്ചടുക്കിയ യുപിഎ മുന്നണി അടിച്ചുമാറ്റിയ കോടികള്‍ക്ക് കൈയും കണക്കുമില്ല. ലോകത്തിലെ ഏറ്റവും വലിയ അഴിമതികള്‍ക്കാണ് ഇവര്‍ ചുക്കാന്‍ പിടിക്കുന്നത്.

ബാബയെങ്കില്‍ ബാബ ഒരു പ്രതിരോധം തീര്‍ക്കപ്പെടേണ്ടതുണ്ട്. ഈ പ്രതിരോധത്തിലൂടെ അഴിമതി ഇല്ലാതാക്കാന്‍ സാധിക്കില്ലെങ്കിലും ബോധവത്കരണവും അതുമുഖേന ക്യാന്‍സര്‍ പോലെ അതു വ്യാപിക്കുന്നതും ഒരു പരിധിവരെ തടയാനും സാധിക്കും.