ഇത്തവണ ഒരേ ഒരു റസല്യൂഷൻ, ഇതെങ്കിലും നടന്നാ മതിയായിരുന്നു

ഒട്ടേറെ റസല്യൂഷൻസ് എടുത്ത് ഒന്നും നടക്കാതിരിക്കുന്നതിനേക്കാൾ നല്ലതാണല്ലോ ഒരു റസല്യൂഷൻ മാത്രമെടുത്ത് അത് നടപ്പാക്കുന്നത്. അത് എന്തായിരിക്കണം? ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം അതിനുള്ള ഉത്തരം കിട്ടി. വർഷങ്ങളായി ലിസ്റ്റിൽ സ്ഥിരമായി സ്ഥാനം പിടിച്ചിരുന്ന സംഗതിയാണെങ്കിലും ഓരോ വർഷം കൂടുന്തോറും അതിന്റെ പ്രാധാന്യം കൂടി വരികയാണ്. ണീൃസ ഘശളല ആമഹമിരല.

എന്താണ് വർക്ക് ലൈഫ് ബാലൻസ്?

ജീവിതവും ജോലിയും തമ്മിൽ ഒരു ബാലൻസിൽ കൊണ്ടു പോവുകയെന്നതു തന്നെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. കോർപ്പറേറ്റ് അന്തരീക്ഷത്തിൽ ലൈഫിന് കൂടുതൽ പ്രാധാന്യം നൽകിയാൽ ജോലി പോകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ജോലിക്ക് കൂടുതൽ പ്രാധാന്യം നൽകിയാൽ കടുത്ത മാനസിക സംഘർഷത്തിലേക്കും ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്കും അത് നമ്മളെ നയിക്കും.
ഹൈപ്പർ ടെൻഷൻ തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ഇരിയ്ക്കുന്ന ജോലി ചെയ്യുന്നവരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ദഹന പ്രക്രിയയിലുള്ള പ്രശ്‌നങ്ങൾ, ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദനകൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അലട്ടാൻ തുടങ്ങും. വിഷാദരോഗത്തിലേക്കും ഉത്കണ്ഠയിലേക്കും ഉറക്കമില്ലായ്മയിലേക്കും നീങ്ങാൻ തുടങ്ങുന്നതോടെ ജോലി ശരീരത്തെ ബാധിച്ചു തുടങ്ങിയെന്നു വേണം മനസ്സിലാക്കാൻ. അപ്പോ ഈ വർക്കിനെയും ലൈഫിനെയും സുന്ദരമായി ബാലൻസ് ചെയ്യുകയെന്നതാണ് വർക്ക് ലൈഫ് ബാലൻസ്.

എങ്ങനെ നടപ്പാക്കും?
അഡിക്ഷൻ ആയ അവസ്ഥ മാറ്റുകയെന്നതാണ് ഒന്നാമത്തെ കാര്യം. ഞാൻ കംപ്യൂട്ടറിന് മുന്നിൽ നിന്ന് എണീറ്റാൽ ലോകം ഇടിഞ്ഞു വീഴുമെന്ന് ചിന്തിക്കുന്ന രീതിയങ്ങ് മാറ്റണം. ഡിസംബറിൽ തന്നെ ഇക്കാര്യത്തിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. അതിൽ നിന്നും പോസിറ്റീവായ ഒട്ടേറെ പാഠങ്ങൾ ലഭിച്ചിരുന്നു. വീടിനുള്ളിലിരുന്നാൽ കംപ്യൂട്ടറിന് മുന്നിൽ തന്നെയാകുമെന്നുറപ്പാണ്.

1 യാത്രകൾ എന്നും ഇഷ്ടമാണ്. വെറുതെ യാത്ര ചെയ്യുക. തനിച്ചോ ഫ്രീക്വൻസി മാച്ചാകുമെന്ന് വിശ്വസിക്കുന്നവരുടെ കൂടെയോ മാത്രം. ഇതാണ് ഏറ്റവും എളുപ്പവും നടക്കാൻ സാധ്യതയുള്ളതുമായ മാർഗ്ഗം. കാരണം യാത്ര എന്നും ത്രില്ലാണ്.
2 വീട്ടിലാണെങ്കിലും ഞാനെന്റെ ലോകത്തായിരിക്കും. ഇതിനു പകരം ഫാമിലി ടൈം കൂട്ടുക. ഇക്കാര്യത്തിൽ ഒരു പോസിറ്റീവ് സംഗതിയുണ്ട്. കുട്ടികൾ വലുതാകുന്നതിന് അനുസരിച്ച് ഇത് ഓട്ടോമാറ്റിക്കായി വരുന്നുണ്ട്. അവർ സമയം ഡിമാന്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്. മാസത്തിലൊരിക്കലെങ്കിലും ഇവരുമായി യാത്ര ചെയ്യുക.
3 ഡിജിറ്റൽ വായനയ്ക്കു പകരം പുസ്തക വായനയ്ക്കു വേണ്ടി ശ്രമിക്കുക.
4 നടത്തം, സൈക്ക്‌ളിങ് എന്ന ആക്ടിവിറ്റികൾ ആരോഗ്യത്തിന് എന്നതിനേക്കാൾ പുറത്തേക്ക് ഇറങ്ങാനുള്ള കാരണങ്ങാക്കി മാറ്റുക. നിശ്ചിത ഇടവേളകൾ നിർബന്ധമായും എടുക്കുക.
5 അത്യാവശ്യം ഫാമിലി ഫങ്ഷനുകളിലും പ്രോഗ്രാമുകളിലും പങ്കെടുക്കുക. തുരുത്തായി മാറാനുള്ള ടെൻഡൻസി ഒഴിവാക്കുകയും കുട്ടികളെ ഇത്തരം കൂട്ടായ്മകൾ പരിചയപ്പെടുത്തുകയും ചെയ്യുക.

അപ്പോ ഒരേ ഒരു റസല്യൂഷൻ..ഇത് നടക്കുമെന്ന് തോന്നുന്നു. അതിനു കാരണം ഡിസംബറിൽ നടത്തിയ ടെസ്റ്റ് ഡോസ് വൻ സക്‌സസായിരുന്നു. നടന്നാൽ എനിക്ക് നന്ന്….അത്ര മാത്രം.