ന്യൂഡല്‍ഹി: എക്കൗണ്ടില്‍ വേണ്ടത്ര പണം സൂക്ഷിക്കാതെ തുടര്‍ച്ചയായി ചെക്കുകള്‍ ബൗണ്‍സ് ആക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ എക്കൗണ്ട് തന്നെ ക്യാന്‍സല്‍ ചെയ്യപ്പെട്ടേക്കാം. ഇന്ത്യയിലെ നമ്പര്‍ വണ്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതിലേക്ക് ആദ്യ ചുവടുവച്ചത്. തുടര്‍ച്ചയായി ചെക്ക് ബൗണ്‍സ് ആക്കുന്ന എക്കൗണ്ടുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ എസ്.ബി.ഐ ഇതിനകം ബ്രാഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മറ്റു ബാങ്കുകളും ഈ രീതി പിന്തുടരാനാണ് സാധ്യത.
ഒരു സാമ്പത്തികവര്‍ഷത്തിനുള്ളില്‍ നാലോ അതിലേറെ തവണയോ ചെക്ക് ബൗണ്‍സ് ആയ എക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യാന്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. ചെക്കിനു മാത്രമല്ല, എക്കൗണ്ടില്‍ നിന്ന് ഇലക്ട്രോണിക് ക്ലിയറിങിന് അനുമതി നല്‍കിയവരും ഇതില്‍ ഉള്‍പ്പെടും.
ഉപഭോക്താക്കള്‍ക്കിടയില്‍ സാമ്പത്തിക അച്ചടക്കം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്-ഇന്ത്യന്‍ ബാങ്കിങ് അസോസിയേഷന്‍ പ്രതിനിധി വ്യക്തമാക്കി. ഇത്തരത്തില്‍ ക്ലോസ് ചെയ്യുന്ന ബാങ്ക് എക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ പൊതു ഡാറ്റാബേസിലേക്ക് നല്‍കുന്നതിനാല്‍ മറ്റു ബാങ്കുകളില്‍ എക്കൗണ്ട് തുറക്കുന്നതും ബുദ്ധിമുട്ടായിരിക്കും.
ഓഹരി വിപണിയില്‍ കുതിപ്പ്, സെന്‍സെക്‌സ് 485 പോയിന്റും നിഫ്റ്റി 143 പോയിന്റും ഉയര്‍ന്നു
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് വന്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാന്‍ പുതിയ പാക്കേജുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് യു.എസ് ഫെഡറല്‍ റിസര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും വിപണിയില്‍ സജീവമായതാണ് കുതിപ്പിനു കാരണം.
തുടക്കം മുതല്‍ നേട്ടം പ്രകടമായിരുന്നു. വില്‍പ്പന മുന്നോട്ടുനീങ്ങുന്നതിനനുസരിച്ച് സെന്‍സെക്‌സും നിഫ്റ്റിയും കരുത്താര്‍ജ്ജിക്കാന്‍ തുടങ്ങി. യൂറോപ്യന്‍ വിപണി തുറന്നതോടെ അനുകൂലതരംഗം കൂടുതല്‍ ശക്തമായി. ഇതോടെ നിഫ്റ്റിയുടെ സൈക്കോളജിക്കല്‍ റെസിസ്റ്റിങ് ലെവല്‍ എന്നു വിശേഷിപ്പിക്കാറുള്ള 6200 മറികടക്കാന്‍ സാധിച്ചു. സെന്‍സെക്‌സ് 484.54 പോയിന്റ് നേട്ടത്തില്‍ 20687.88ലും നിഫ്റ്റി 143 പോയിന്റ് അധികരിച്ച് 6233.90ലും ക്ലോസ് ചെയ്തു. സെന്‍സെക്‌സ് കഴിഞ്ഞ ആറുമാസത്തിനിടയില്‍ നേടിയ ഏറ്റവും വലിയ കുതിപ്പാണിത്.
വിദേശനിക്ഷേപസ്ഥാപനങ്ങളുടെ ഒഴുക്കും ഷോര്‍ട്ട് കവറിങ്‌സുമാണ് ഇന്നത്തെ കുതിപ്പിനു കാരണം. ഇത്തരമൊരു വിപണിയില്‍ അതീവ ശ്രദ്ധയോടെ വേണം ട്രേഡിങ് നടത്താന്‍. അതുകൊണ്ടു തന്നെ ചെറിയ സമയത്തിനുള്ളിലുള്ള നേട്ടങ്ങള്‍ക്കു വേണ്ടി ശ്രമിക്കുക. ഓരോ പര്‍ച്ചേസും സ്റ്റോപ്പ് ലോസ് വച്ചു മാത്രം ചെയ്യുക. നിക്ഷേപം എന്ന രീതിയില്‍ വിപണിയിലേക്ക് വരുന്നവര്‍ ഇപ്പോള്‍ വീണ്ടുനില്‍ക്കുന്നതാണ് നല്ലത്. എങ്കിലും വരുന്ന പത്തോ പതിനഞ്ചോ സെഷനുകളില്‍ കാര്യമായ വെല്ലുവിളിയുണ്ടാവാനിടയില്ല. ഇന്ന് ഐ.ടി മേഖലയില്‍ 3.15 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
hdfc, tata consultancy, wipro ltd, jayaprakash associates, hindustan uniliver ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. അതേ സമയം ഈ കുതിപ്പിനിടയിലും കാലിടറിയ രണ്ടു കമ്പനികളുണ്ട്. എന്‍.ടി.പി.സിയും സിപ്ലയും. എന്‍.ടി.പി.സിയില്‍ 2.25 ശതമാനത്തിന്റെയും സിപ്ലയില്‍ 0.15 ശതമാനത്തിന്റെയും ഇടിവുണ്ടായി.
വാങ്ങാവുന്ന ഓഹരികള്‍:
uco bank-125.65-target 135.00
Neyveli lignite-177.35 target 210.00
Jp associates, Bajaj Auto, Sesa goa, Wipro, ashok Leyland, sintex, southindian bank,
കോള്‍ ഇന്ത്യ ഐ,പി.ഒ: പ്രൈസ് ബാന്‍ഡ് 225-245
ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി കമ്പനിയായ കോള്‍ ഇന്ത്യയുടെ 10 ശതമാനം ഷെയറുകള്‍ ഓഹരി വിപണിയിലെത്തുന്നു. ഐ.പി.ഒയിലൂടെ 15000കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവരെയുള്ളതില്‍ വച്ചേററവും വലിയ ഐ.പി.ഒ 2008ല്‍ റിലയന്‍സ് ഗ്രൂപ്പില്‍ നിന്നായിരുന്നു. ഒക്ടോബര്‍ 18നു തുടങ്ങി 21ന് അവസാനിക്കുന്ന ഐ.പി.ഒയുടെ പ്രൈസ് ബാന്‍ഡ് 225-245 ആണ്.
വിറ്റൊഴിക്കല്‍, സെന്‍സെക്‌സ് 137 പോയിന്റ് താഴ്ന്നു
മുംബൈ: ബ്ലൂചിപ്പ് കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ലാര്‍സണ്‍ ടര്‍ബോ എന്നിവയുടെ ഓഹരികളിലുണ്ടായ വിറ്റൊഴിക്കല്‍ സമ്മര്‍ദ്ദത്തില്‍ സെന്‍സെക്‌സ് 137 പോയിന്റും നിഫ്റ്റി 44.95 പോയിന്റും താഴ്ന്നു. ആഭ്യന്തര വ്യവസായ ഉല്‍പ്പാദനനിരക്കില്‍ കുറവുണ്ടാവുന്നുവെന്ന റിപ്പോര്‍ട്ടുകളും ആഗോളവിപണിയിലെ പ്രതികൂല സാഹചര്യവും ഈ ഇടിവിന് ആക്കം കൂട്ടി.
സെന്‍സെക്‌സ് 20107.25 പോയിന്റ് വരെയും നിഫ്റ്റി 6057.95 വരെയും താഴ്ന്നതിനു ശേഷം ചെറിയതോതില്‍ തിരിച്ചുവരികയായിരുന്നു. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സെന്‍സെക്‌സ് 20203.34ലും നിഫ്റ്റി 6090.90 ലും ക്ലോസ് ചെയ്തു.
എം എം ഫിന്‍ സര്‍വിസ്, യൂനൈറ്റഡ് ഫോസ്ഫറസ്, ഐഡിയ സെല്ലുലാര്‍, രാഷ്ടീയ കെമിക്കല്‍സ്, എം.ടി.എന്‍.എല്‍ ഓഹരികളാണ് ഇന്നു നേട്ടമുണ്ടാക്കിയത്.
റൂറല്‍ ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍, സീ എന്റര്‍ടൈന്‍മെന്റ്, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, കോടാക് മഹീന്ദ്ര ബാങ്ക്, യുനൈറ്റഡ് ഫോസ്ഫറസ് ഓഹരികളുടെ മൂല്യത്തിലാണ് ഏറ്റവും കൂടുതല്‍ കുറവുണ്ടായത്.
നാളെ വാങ്ങാവുന്ന ഓഹരികള്‍: കെ.ആര്‍.ബി.എല്‍, വോള്‍ട്ടാസ്, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, മോസര്‍ബെയര്‍, കെ.എസ് ഓയില്‍. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റാ മോട്ടോര്‍, അപ്പോളോ ടയേഴ്‌സ്.
നിക്ഷേപകര്‍ കരുതലോടെ, സെന്‍സെക്‌സില്‍ 90 പോയിന്റ് നേട്ടം
പുതിയ ആഴ്ച: വിപണിയെ സ്വാധീനിക്കാവുന്ന ചില ഘടകങ്ങള്‍
മുംബൈ: നാളെ വിപണി തുറക്കുന്നത് എങ്ങനെയായിരിക്കുമെന്ന് നിക്ഷേപകരെല്ലാം ഇതിനകം തലപുകഞ്ഞാലോചിക്കാന്‍ തുടങ്ങിയിരിക്കും. വിപണിയെ കുറിച്ച് നൂറുശതമാനം കൃത്യതയോടെപ്രവചനം നടത്തുക സാധ്യമല്ലെങ്കിലും വ്യക്തമായ സൂചനകളുമായി ചില ഘടകങ്ങള്‍ എപ്പോഴും സജീവമായിട്ടുണ്ടാവും.
ഏതൊക്കെ ഘടകങ്ങളായിരിക്കാം വരുന്ന ആഴ്ചയെ സ്വാധീനിക്കുക. ഈ ചോദ്യത്തിന് ഉത്തരം കിട്ടുമ്പോള്‍ വിപണിയുടെ താളം ഏകദേശം മനസ്സിലാവും.
പോയ വാരം അമേരിക്കന്‍ വിപണി ക്ലോസ് ചെയ്യത് പോസീറ്റിവായാണ്. ഇത് ഒരു അനുകൂലഘടകമാണ്. അതേ സമയം യൂറോപ്യന്‍ വിപണി ഒരു പ്രതീക്ഷയും നല്‍കാതെ തീര്‍ത്തും നിര്‍ജീവ അവസ്ഥയിലും.
സപ്പോര്‍ട്ട് ലെവല്‍: 20030-20070 എന്ന സപ്പോര്‍ട്ടിങ് ലെവല്‍ വളരെ ശക്തമാണ്. ഈ സപ്പോര്‍ട്ടിങ് ലെവല്‍ തകര്‍ന്നാല്‍ ഇനിയും 500-700 പോയിന്റ് വരെ താഴാനുള്ള സാധ്യതയുണ്ട്.
എഫ്.ഐ.ഐ ഫോബിയ: നിക്ഷേപത്തിനു വഴിയൊരുക്കാന്‍ വിദേശസ്ഥാപനങ്ങള്‍ സമ്മര്‍ദ്ദതന്ത്രത്തിലേക്ക് നീങ്ങുന്നത്. പക്ഷേ, ലോങ് ടാര്‍ജറ്റ് ഓഹരികള്‍ കൂടുതലുള്ളതിനാല്‍ ഷോര്‍ട്ട് പൊസിഷനുകള്‍ വിറ്റൊഴിക്കാനുള്ള നീക്കത്തിന് തടയിടേണ്ടതും ഇത്തരം കമ്പനികളുടെ ബാധ്യതയാണ്. കൂടാതെ സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചനയനുസരിച്ച് ഈ വര്‍ഷം വിദേശനിക്ഷേപസ്ഥാപനങ്ങളുടെ മുതല്‍മുടക്ക് ഒരു ലക്ഷം കോടിയാവും. പൊതുമേഖലയിലെ കൂടുതല്‍ ഓഹരികള്‍ വിറ്റഴിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതും ഈ കുത്തൊഴുക്കിന്റെ വേഗത വര്‍ധിപ്പിക്കും. ഇത്രയും പണം മുടക്കിയ സ്ഥാപനങ്ങള്‍ വിപണിയുടെ തകര്‍ച്ചയെ പ്രതിരോധിക്കാന്‍ ശ്രമിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ഈ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ വിപണിയിലുണ്ടായ ഇടിവ് താല്‍ക്കാലികം മാത്രമാണ്. സെന്‍സെക്‌സില്‍ പരമാവധി 500 പോയിന്റിന്റെ ഇടിവ് കൂടിയുണ്ടായേക്കാം. ചിലപ്പോള്‍ ഇപ്പോഴുള്ള തിരുത്തലില്‍ നിന്ന് കരുത്താര്‍ജ്ജിച്ച് മുന്നേറാനും സാധ്യതയുണ്ട്.
രണ്ടാം പാദ ഫലങ്ങള്‍: കമ്പനികളുടെ രണ്ടാം പാദ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകള്‍ തീര്‍ച്ചയായും വിപണിയില്‍ പ്രതിഫലനം ഉണ്ടാക്കും. കൂടാതെ റിപോര്‍ട്ടിനൊപ്പം സാമ്പത്തികവര്‍ഷത്തിലെ ബാക്കിയുള്ള കാലത്തെടുക്കേണ്ട നിലപാടുകളെ കുറിച്ചും കമ്പനി തീരുമാനങ്ങള്‍ പുറത്തുവരാനിടയുണ്ട്.
ഇന്‍ഫോസിസ് ടെക്‌നോളജീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, സി.എം.സി, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, കാസ്‌ട്രോള്‍ ഇന്ത്യ, മാസ്‌റ്റെട്, എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടാണ് ഈ ആഴ്ച വരാനുള്ളത്.
ഗൂഗിളില്‍ നിന്ന് ´ആളില്ലാ കാറും´
ലണ്ടന്‍: ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ്(self driving) കാര്‍ റോഡില്‍ പരീക്ഷിച്ചു. കാലിഫോര്‍ണിയയില്‍ 140000 മൈല്‍ പൊതുനിരത്തിലൂടെ ഓടിച്ചായിരുന്നു
stanford and carnegie mellon യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ഗൂഗിളില്‍ ഈ പരീക്ഷണങ്ങള്‍ മുന്നോട്ടുകൊണ്ടു പോവുന്നത്. വീഡിയോ കാമറകളുടെയും റഡാര്‍ സെന്‍സറുകളുടെയും ലേസറുകളുടെയും സഹായത്തോടെയാണ് കാറുകളുടെ ആളില്ലാ യാത്ര സാധ്യമാവുന്നത്.
ഇത് ഇനിയും ഏറെ മുന്നോട്ടുനീങ്ങേണ്ട പരീക്ഷണമാണ്. എങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയില്‍ ഏറെ ദൂരം മുന്നോട്ടുപോവാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്-ഗൂഗിളിന്റെ പ്രതിനിധി വ്യക്തമാക്കി. തിരക്കേറിയ റോഡിലൂടെ ട്രാഫിക് നിയമങ്ങളനുസരിച്ച്, അപകടങ്ങള്‍ ഒഴിവാക്കി എങ്ങനെ വാഹനമോടിക്കാമെന്നാണ് ഇന്ന് പരീക്ഷിച്ചത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗൂഗിള്‍ മാത്രമല്ല ഈ മേഖലയില്‍ പരീക്ഷണം നടത്തുന്നത്. ഇതിനു മുമ്പ് പാര്‍മ യൂനിവേഴ്‌സിറ്റി വിഭാഗമായ വിസ്‌ലാബ് ഷാങ്ഗായ് വേള്‍ഡ് എക്‌സ്‌പോയുടെ ഭാഗമായി ഇറ്റലിയില്‍ നിന്ന് ചൈന വരെ ഇത്തരം കാറോടിച്ചിരുന്നു.
2009ലാണ് ഗൂഗിളിന്റെ ശ്രദ്ധ ഈ മേഖലയിലേക്ക് തിരിഞ്ഞത്. തീര്‍ത്തും രഹസ്യമായിട്ടായിരുന്നു പരീക്ഷണം. 2.8 ബില്യന്‍ ഡോളറാണ് ആഗോള സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഇക്കാര്യത്തിനായി മാറ്റിവച്ചത്. ഇത് കൂടാതെ ചന്ദ്രനിലേക്കയച്ച് അവിടെ ചുറ്റിക്കറങ്ങാനും ഫോട്ടോകള്‍ ഭൂമിയിലേക്കയയ്ക്കാനും കെല്‍പ്പുള്ള റോബോട്ടുകള്‍ ഡിസൈന്‍ ചെയ്യുന്നതിന് ഗുഗിള്‍ 30 മില്യന്‍ ഡോളര്‍ ഓഫര്‍ ചെയ്തിട്ടുണ്ട്.
ഡ്രൈവിങിനും ട്രാഫിക് ബ്ലോക്കുകളിലുമായി നഷ്ടപ്പെടുന്ന മണിക്കൂറുകള്‍ ഉല്‍പ്പാദനക്ഷമമാക്കി മാറ്റിയാല്‍ ലോകത്ത് 1.2 മില്യന്‍ ആളുകളെങ്കിലും ഈ പുതിയ രീതിയ സ്വീകരിക്കുമെന്നാണ് ഗൂഗിള്‍ കണക്കു കൂട്ടുന്നത്.
10-10-10ന്റെ പൊടിപൂരം
ലോകചരിത്രത്തില്‍ ഇന്നത്തെ ദിവസത്തിന് കൗതുകകരമായ ഒരു പ്രത്യേകതയുണ്ട്. ഇന്ന് ഇന്ത്യയടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും കല്യാണതിരക്കിന്റെ ദിവസമാണ്. ഇതിനുമുമ്പ് 08-08-08ലും 09-09-09ലും ഈ തിരക്കുണ്ടായിരുന്നു. ഇത്തവണ ഈ ദിവസം ഞായറാഴ്ച കൂടിയായതോടെ കല്യാണങ്ങളുടെ എണ്ണത്തില്‍ അദ്ഭുതകരമായ വര്‍ധനവാണുണ്ടാക്കിയത്.
വിവാഹം കഴിക്കുന്നവരുടെ അഭ്യര്‍ഥനമാനിച്ച് ബ്രിട്ടണടക്കമുള്ള ഒട്ടുമിക്ക പടിഞ്ഞാറന്‍ രാജ്യങ്ങളിലും അവധി ദിവസമായിട്ടും രജിസ്റ്റര്‍ ഓഫിസുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ചൈനക്കാരെ സംബന്ധിച്ചിടത്തോളം ഈ ദിവസം ഭാഗ്യത്തിന്റെ ദിവസം കൂടിയാണ്. കാരണം ചൈനീസ് വിശ്വാസപ്രകാരം നമ്പര്‍ 10 എന്ന നിറവിന്റെ അക്കമാണ്. ബെയ്ജിങ്, ഷാങ്ഗായി, ഷെന്‍സെന്‍ തുടങ്ങിയ ഒട്ടുമിക്ക നഗരങ്ങളിലെയും രജിസ്‌ട്രേഷന്‍ ഓഫിസുകള്‍ക്ക് ഇന്ന് അധിക ഡ്യൂട്ടി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ആസ്‌ത്രേലിയയിലും വിവാഹത്തിനായി ഏറെ ആളുകള്‍ രജിസ്റ്റര്‍ ഓഫിസുകളില്‍ എത്തി തുടങ്ങിയതായി സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് പോലുള്ള പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
ന്യൂമറോളജിസ്റ്റുകള്‍ പറയുന്നത്
ന്യൂമറോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍ 100 വര്‍ഷത്തിലൊരിക്കല്‍ വരുന്ന അസുലഭ മൂഹൂര്‍ത്തമാണ്. 10 എന്നത് അറിവിന്റെ, നിറവിന്റെ അക്കമാണ്. ഒന്നു മുതല്‍ ഒമ്പതുവരെയുള്ള എല്ലാ അക്കങ്ങളുടെയും സത്ത അതിലുണ്ട്. ഈ തിയ്യതിയില്‍ 10 മൂന്നു തവണയാണ് വരുന്നത്. പുതിയ ദിശാബോധം, മുന്നേറാനുള്ള പുതിയ ഊര്‍ജം, പുനര്‍ജന്മം എന്നിവയെല്ലാം ഇത് പ്രദാനം ചെയ്യും-ന്യൂമറോളജിസ്റ്റായ സോണിയാ റൂസി അഭിപ്രായപ്പെട്ടു.
ഡേറ്റ് ഓഫ് ബെര്‍ത്ത്
കുട്ടികളുടെ ജനനതിയ്യതി ഈ ഭാഗ്യദിവസത്തിലാവുന്നതിനുവേണ്ടി ലോകത്തിന്റെ വ്യത്യസ്തഭാഗങ്ങളിലെ ആശുപത്രികളില്‍ ഇന്ന് സിസേറിയന്റെ തിരക്കാണ്. ദുബൈ സിറ്റി ആശുപത്രിയില്‍ ഇന്നേക്ക് മാറ്റിവച്ച് 10 സിസേറിയന്‍ കേസുകളുണ്ട്.
സ്‌നേഹം പറയാന്‍
നിങ്ങളുടെ സ്‌നേഹം അറിയിക്കാന്‍ പറ്റിയ ഭാഗ്യദിവസം കൂടിയാണ് ഇന്ന്.
വണ്‍ ഡേ ഓണ്‍ എര്‍ത്ത്
ദ ക്രിയേറ്റിവ് വിഷന്‍ ഫൗണ്ടേഷന്‍ എന്ന സംഘടന വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട്, അമേരിക്കന്‍ റെഡ് ക്രോസ്, ഒക്‌സ്ഫാം, യു.എന്‍ എന്നീ സംഘടനകളുടെ സഹായത്തോടെ വണ്‍ ഡേ ഓണ്‍ എര്‍ത്ത് എന്ന പേരില്‍ ഇന്ന് ഡോക്യുമെന്ററി തയ്യാറാക്കുന്നു. ലോകത്തിന്റെ കഥപറയാന്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരമണിത്. കാലാവസ്ഥ വ്യതിയാനത്തിനെതിരേ നിരവധി ബോധവല്‍ക്കരണപരിപാടികളും ഈ ദിവസം ആസൂത്രണം ചെയ്തിട്ടുണ്ട്.
http://www.onedayonearth.org/
One Day on Earth – Original Trailer from One Day On Earth on Vimeo.
വൈറസ് ആക്രമണം
ചില ഇന്റര്‍നെറ്റ് നെറ്റ് വര്‍ക്കുകളില്‍ ഇന്ന് വൈറസ് ആക്രമണം ഉണ്ടാവാനിടയുണ്ടെന്ന് റിപോര്‍ട്ടുകള്‍ ഇപ്പോഴും സജീവമാണ്. എന്നാല്‍ സാങ്കേതികവിദഗ്ധര്‍ ഈ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.