സ്‌നേഹത്തിനെ അളക്കാന്‍ നില്‍ക്കരുത്, ഇമോഷന്‍ കൊണ്ട് ചിന്തിക്കാനും

”Love means you’re willing to nurture another life without forming opinions”-Sadhguru

ഒപ്പീനിയന്‍ രൂപപ്പെടുത്താതെ, ജഡ്ജ്‌മെന്റ് ചെയ്യാതെ മറ്റൊരു ജീവിതവുമായി താദാത്മ്യം പ്രാപിക്കുന്നതിനെ നമുക്ക് വേണമെങ്കില്‍ സ്‌നേഹം എന്നു പറയാം. ഏറെ പരിപാലനം വേണ്ട ഒരു സംഗതിയാണ്. ഓരോ സ്‌നേഹവും സൗഹൃദവും നമുക്ക് ലഭിക്കുന്ന അഡീഷണല്‍ ചിറകുകളാണ്. നമ്മളെ നിവര്‍ന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന, കൂടുതല്‍ ദൂരം പറക്കാന്‍ സഹായിക്കുന്നവ… ഇത്തരം സ്‌നേഹങ്ങളും സൗഹൃദങ്ങളുമായി എപ്പോഴും കെട്ടുപിണഞ്ഞിരിക്കാനാണ് ശ്രമിക്കേണ്ടത്. ഏത് തരത്തിലുള്ള കുറവുകളും പരസ്പരമുള്ള സ്‌നേഹത്തില്‍ സംശയമോ ക്ഷതമോ ഉണ്ടാക്കും. കാരണം സ്നേഹം, അത് ലക്ഷ്യമില്ലാത്ത ഒരു ഒഴുക്കായിരിക്കണം.

ഇമോഷനുകള്‍ ഉണ്ടാകും. എന്നാല്‍ ചിന്തയ്ക്ക് കാരണമാകരുത്. ഇത്തരം ചിന്ത കാടുകയറുമ്പോഴാണ് പലപ്പോഴും ബന്ധങ്ങളില്‍ വിള്ളല്‍ വരുന്നത്. ജീവിതത്തില്‍ ഒരിക്കലും ഇമോഷനെ വര്‍ക്ക് ചെയ്യാന്‍ അനുവദിക്കരുത്. നിങ്ങളുടെ ചിന്തകളും ശരീരവുമാണ് വര്‍ക്ക് ചെയ്യേണ്ടത്. ചിന്തകളും ഇമോഷന്‍സും തമ്മില്‍ വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കണം. ഇമോഷന്‍സിനെ ആസ്വദിക്കാനാണ് പഠിയ്‌ക്കേണ്ടത്. ആസ്വദിക്കാവുന്ന ഇമോഷന്‍സിനാണ് സൗഹൃദത്തില്‍ പ്രാധാന്യം കൊടുക്കേണ്ടത്. മറിച്ചുള്ള ഇമോഷന്‍സ് വന്നാലും മുകളില്‍ പറഞ്ഞ പോലെ ഒരിക്കലും ആ ഇമോഷന്‍സിനെ നമ്മുടെ മനസ്സില്‍ വര്‍ക്ക് ചെയ്യാന്‍ അനുവദിക്കരുത്.

എപ്പോഴാണോ നിങ്ങളുടെ ഇമോഷന്‍സിനെ വര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നത് അന്നുമുതല്‍ നിങ്ങളുടെ ജീവിതം നാശത്തിലേക്കാണ് നീങ്ങുന്നത്. തുടക്കത്തില്‍ ഒരാളെ നമുക്ക് ഇഷ്ടമാകും. എന്നാല്‍ പിന്നീട് ഇമോഷന്‍സ് അതിന്റെ നിയന്ത്രണം ഏറ്റെടുക്കും. ഇത് ഒഴിവാക്കപ്പെടേണ്ടതാണ്.

ചില സമയത്ത് നമ്മുടെ ബുദ്ധി വര്‍ക്ക് ചെയ്യാതെയാകും. ചിന്തിക്കാന്‍ പോലുമുള്ള ശേഷിയില്ലാതാകും. ഇത്തരം സാഹചര്യങ്ങളില്‍ അതിനെ ആക്ടീവാക്കാന്‍ നിങ്ങള്‍ ഇമോഷനെ ഉപയോഗപ്പെടുത്തി തുടങ്ങുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. പിന്നീട് ഈ പാലത്തിലൂടെ കൂടുതല്‍ മുന്നോട്ടു നീങ്ങാന്‍ ശ്രമിക്കുമ്പോള്‍ പരസ്പരം കരുതലോടെ നീങ്ങേണ്ട രണ്ടു പേരുടെ ബന്ധങ്ങളില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങും.

നിങ്ങള്‍ ഒരാളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് അയാളെ കുറിച്ച് അഭിപ്രായമേ ഉണ്ടാകരുത്. ശരിയ്ക്കും അതാണ് സ്‌നേഹം എന്നു പറയുന്നത്. നമ്മള്‍ പരസ്പരം ഉറച്ച അഭിപ്രായങ്ങള്‍ രൂപപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍, നിങ്ങള്‍ നിശ്ചിതമായ ഒരു ജീവിതമാണ് ഫിക്‌സ് ചെയ്യാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ സ്‌നേഹം എന്നു പറയുന്നത് പുതിയ പുതിയ സാധ്യതകള്‍ ജീവിതത്തില്‍ സമ്മാനിക്കുന്നതാണ്. ഇത്തരത്തിലുള്ള സ്ഥിരപ്പെടുത്തല്‍ പരിപാടി സ്‌നേഹത്തില്‍ പാടില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് നമ്മള്‍ ചില ജഡ്ജ്‌മെന്റുകളില്‍ എത്തിയേക്കാം. എന്നാല്‍ അതൊരിക്കലും ഒപ്പീനിയനായി കണ്‍വെര്‍ട്ട് ചെയ്യരുത്. അത് ആ സാഹചര്യത്തിന്റെ മാത്രം സാധ്യതയാണ്. ഒപ്പീനിയന്‍ രൂപപ്പെടുത്തുന്നതോടു കൂടി നിങ്ങള്‍ അയാളെ നിങ്ങളുടെ അഭിപ്രായമാകുന്ന ഷെല്ലിനുള്ളില്‍ ഇട്ട് അടയ്ക്കുകയാണ് ചെയ്യുന്നത്. തീര്‍ച്ചയായും സംഗതികള്‍ നിങ്ങളുടെ താളത്തിലല്ല പോകുന്നതെങ്കില്‍ നിരാശയായിരിക്കും ഉണ്ടാവുക.

കര്‍മവും ധര്‍മവും-ഇവിടെയും കണ്‍ഫ്യൂഷനാകേണ്ട കാര്യമില്ല. ഒരു വീട്ടില്‍ നാലോ അഞ്ചോ പേര്‍ കാണും. ഇവര്‍ക്കെല്ലാം ചിന്തകളും പ്രവര്‍ത്തികളും ഉണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ നമ്മള്‍ ആരെയെങ്കിലും കുറിച്ച് ഒപ്പീനിയന്‍ ഉണ്ടാക്കാറുണ്ടോ? ഉണ്ടാക്കുന്ന വീടുകളിലാണ് പ്രശ്‌നങ്ങള്‍ വരുന്നത്. നല്ല ഭാര്യ, നല്ല ഭര്‍ത്താവ്, നല്ല മക്കള്‍ എന്നൊക്കെ നമ്മള്‍ പരസ്പരം അഭിപ്രായം പറയാറുണ്ടോ? പുറത്തുള്ളവര്‍ പറഞ്ഞേക്കാം. എന്നാല്‍ എന്റെ അച്ഛന്‍ കൊള്ളില്ലെന്ന് ഒരുത്തന്‍ പറയുന്നതിന് അര്‍ത്ഥം അവിടെ സ്‌നേഹം നഷ്ടമായിയെന്നു തന്നെയാണ്.

സ്‌നേഹമാണോ വലുത് കര്‍മമാണോ വലുത് എന്ന ചോദ്യമല്ലേ നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ വരുന്നത്. ഇതിനെ എന്തിനാണ് താരതമ്യം ചെയ്യുന്നത്. ഒരു വീട്ടില്‍ അച്ഛനും അമ്മയ്ക്കും മക്കള്‍ക്കും അവരുടെതായ കര്‍മം ഉണ്ട്. ആ കര്‍മത്തിനിടയില്‍ നിങ്ങള്‍ സ്‌നേഹം കൊണ്ട് ചെന്ന് അളന്നു നോക്കാറുണ്ടോ? അല്ലെങ്കില്‍ സ്‌നേഹം കാണിയ്ക്കുമ്പോള്‍ നിങ്ങള്‍ കര്‍മം വെച്ച് അളക്കാറുണ്ടോ? ഇല്ല, ഒരു പക്ഷേ, പുറത്തുള്ളവര്‍ പറഞ്ഞേക്കാം. അവന്‍ പുന്നാരിച്ച് വഷളാക്കിയെന്നോ,,, ആ പയ്യന്‍ വീട്ടിലെ കാര്യങ്ങളൊന്നും നോക്കുന്നില്ലെന്നോ… അതിനെന്താ? അത് നിങ്ങളുടെ സ്‌നേഹത്തെ ബാധിക്കുന്നില്ല. അതേ സമയം ആ വാക്കുകള്‍ നിങ്ങളെ സ്വാധീനിക്കുകയും അതിന്റെ ഹാങ് ഓവറില്‍ നിങ്ങള്‍ ഒപ്പീനിയന്‍ രൂപപ്പെടുത്തുകയും ചെയ്യുമ്പോഴാണ് പ്രശ്‌നങ്ങള്‍ വരുന്നത്.

ജോലിയെ ജോലിയായി കാണാത്തതാണ് പലരുടെയും പ്രശ്‌നം. ഇത് നിങ്ങളുടെ ബിസിനസ് അല്ല. നിങ്ങള്‍ ശമ്പളം വാങ്ങുന്ന ജോലിക്കാരന്‍ മാത്രമാണ്. ഒരു പക്ഷേ, ആരോ സമര്‍ത്ഥമായി നിങ്ങളെ ഒരു വര്‍ക്കിങ് കള്‍ച്ചറില്‍ കുടുക്കിയിട്ടിരിക്കും. എന്നാല്‍ അത് കുടുക്കിയിട്ടുവെന്നും പറയാനാകില്ല. കാരണം ജോലിയുടെ കെട്ടുപാടില്‍ നിന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പുറത്തു കടക്കാം. ശ്രമിച്ചൂ നോക്കൂ, ജോലിയോ സ്‌നേഹമോ ഉപേക്ഷിക്കേണ്ട കാര്യമില്ല. സ്‌നേഹമോ ജോലിയോ എന്ന ചോദ്യം വന്നാല്‍, തീര്‍ച്ചയായും സ്‌നേഹമാണ് വലുതെന്ന് ചിന്തിക്കണം. കാരണം സ്‌നേഹത്തിനെ ഇല്ലാതാക്കുന്ന ഒന്നിനെയും സ്വീകരിക്കാന്‍ തയ്യാറാകരുത്.

“If you do something out of duty it will deplete you, but if you do something out of love it will energize you.” – Mother Teresa