വില്‍പ്പന തകൃതി, സെന്‍സെക്‌സ് 186 പോയിന്റ് താഴ്ന്നു


മുംബൈ: പുതിയ ഐ.പി.ഒകള്‍ വാങ്ങുന്നതിനായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിറ്റൊഴിക്കല്‍ സജീവം. രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ ആയ കോള്‍ ഇന്ത്യ വില്‍പ്പനക്കെത്തിയ രണ്ടാം ദിവസമായ ഇന്നു തന്നെ ഓവര്‍ സബ്‌സ്‌ക്രൈബ്ഡ് ആണ്. കൂടാതെ ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപ ഒഴുക്ക് രൂപയ്ക്കു മുകളില്‍ കനത്ത സമ്മര്‍ദ്ദമാണുണ്ടാക്കുന്നത്. ഇത് മറികടക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപടി സ്വീകരിക്കുമെന്ന ആശങ്കയും സജീവമാണ്. സെന്‍ട്രല്‍ ബാങ്ക് കൂടുതല്‍ ഡോളര്‍ വാങ്ങികൂട്ടിയത് ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായാണെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു.
ഇന്ന് സെന്‍സെക്‌സ് 0.92 ശതമാനവും(185.76 പോയിന്റ്) നിഫ്റ്റി 0.80 ശതമാനവും(48.60 പോയിന്റ്) കുറഞ്ഞു. റിയല്‍ എസ്‌റ്റേറ്റ്, ഐ.ടി മേഖലയ്ക്കാണ് കാര്യമായ നഷ്ടം സംഭവിച്ചത്. അതേ സമയം മെറ്റല്‍, ബാങ്കിങ് മേഖലയില്‍ നിക്ഷേപകര്‍ക്ക് ചെറിയ തോതില്‍ ലാഭം നേടാന്‍ സാധിച്ചു. ഹെല്‍ത്ത് കെയര്‍ മേഖലയിലാണ് ഇന്നേറ്റവും വലിയ മുന്നേറ്റമുണ്ടായത്.
ഇന്ത്യയിലെ ഏറ്റവും വലിയ ബയോ ടെക്‌നോളജി കമ്പനിയായ ബയോകോണാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടായത്. പ്രശസ്ത മരുന്ന് കമ്പനിയായ ഫെയ്‌സറുമായി 350 മില്യന്‍ ഡോളറിന്റെ കരാറൊപ്പിട്ടതാണ് ബയോകോണിന് അനുഗ്രഹമായത്. ഇന്നു മാത്രം 52.25 പോയിന്റ് വര്‍ധിച്ച ബയോകോണ്‍ 455.00ലാണ് ക്ലോസ് ചെയ്തത്. pipavav shipyard ltd, Jain irrigation, glenmark pharma, Nestle india കമ്പനികളാണ് നേട്ടമുണ്ടാക്കിയ മറ്റു കമ്പനികള്‍.
പെട്രോനെറ്റ് എല്‍.എന്‍.ജി, സെസാ ഗോവ, alstom projects, unitech ltd, infosys techno തുടങ്ങിയ ഓഹരികളുടെ മൂല്യത്തിലാണ് ഇന്ന് ഏറ്റവുമധികം കുറവുണ്ടായത്.
സെന്‍സെസ്‌കിന്റെ തുടക്കം നേട്ടത്തോടെയായിരുന്നു. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ 13 പോയിന്റ് നഷ്ടത്തിലായി. ദിവസത്തെ അധികസമയവും കയറിയും ഇറങ്ങിയും കളിച്ച വിപണി അവസാനത്തെ ഒരു മണിക്കൂറിലാണ് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്.
കോള്‍ ഇന്ത്യയുടെ വില്‍പ്പന തീരുന്ന നാളെയും വിപണിയില്‍ ചാഞ്ചാട്ടം പ്രകടമായിരിക്കാനാണ് സാധ്യത. വിപണി ഉയരുന്ന ഉടനെ ലാഭമെടുക്കാനുള്ള നിക്ഷേപകരുടെ ശ്രമം നാളെയും തുടരാനാണ് സാധ്യത.

വാങ്ങാവുന്ന ഓഹരികള്‍

max india target 210 stop loss 160

petronet lng target 150, stop loss 105

JSW holdings, jain irrigation, HCL, Fag bearings, vijaya bank, indiabull real estate, uco bank, southindian bank

അറിയൂ… നിങ്ങളുടെ സാമ്പത്തിക ആരോഗ്യം


പലപ്പോഴും സ്വന്തം സാമ്പത്തിക അവസ്ഥയെ കുറിച്ചുള്ള വ്യക്തമായ അറിവില്ലായ്മയാണ് പലരെയും കടുത്ത പ്രതിസന്ധിയിലേക്കും ചിലപ്പോഴൊക്കെ മരണത്തിലേക്കും നയിക്കുന്നത്. ഒരു പ്രശ്‌നത്തിന് പരിഹാരം കാണുന്നതിലെ ആദ്യപടി പ്രശ്‌നമെന്താണെന്ന് തിരിച്ചറിയുകയാണ്.
ഒരു കമ്പനിയുടെ ഓഹരിയില്‍ നിക്ഷേപിക്കുന്നതിനു മുമ്പ് വിദഗ്ധര്‍ ആ കമ്പനിയെ കുറിച്ച് വിശദമായി പഠിക്കും. നിക്ഷേപം, കടം, ചെലവുകള്‍, ആവശ്യമായ പണം എന്നിവയെല്ലാം വിലയിരുത്തിയിട്ടാണ് അവര്‍ ഒരു കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ പറ്റും, അല്ലെങ്കില്‍ വാങ്ങരുത് എന്നു പറയുന്നത്. വ്യക്തിയുടെ സാമ്പത്തിക ആരോഗ്യം പരിശോധിക്കുന്നത് തീര്‍ത്തും സങ്കീര്‍ണമാണെങ്കിലും ഒരു പരിധിവരെ ഇതില്‍ വിജയിക്കാന്‍ സാധിക്കും.
ആദ്യം കണ്ടെത്തേണ്ടത് ഒരാളുടെ നെറ്റ്‌വര്‍ത്താണ്. നിങ്ങളുടെ വീട്, ആഭരണങ്ങള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയെന്തെന്ന് തിരിച്ചറിയാം. മൊത്തം തുകയില്‍ നിന്ന് നിന്ന് വാഹന, ഗാര്‍ഹിക വായ്പകളോ മറ്റു കടങ്ങളോ ഉണ്ടെങ്കില്‍ അത് കുറയ്ക്കണം.
ഈ നെറ്റ്‌വര്‍ത്തിനെ നിങ്ങള്‍ ഏത് അനുപാതത്തിലാണ് വിനിയോഗിക്കുന്നതെന്ന് പരിശോധിച്ചു നോക്കൂ
ലിക്വിഡിറ്റി റേഷ്യോ: ഒരു  സാമ്പത്തിക ആവശ്യം വന്നാല്‍ അതിനെ നിങ്ങള്‍ എങ്ങനെ നേരിടും. കുടുംബത്തിലെ ഒരാള്‍ക്ക് പെട്ടെന്ന് അസുഖം വന്നാലോ അല്ലെങ്കില്‍ ഒരാളുടെ ജോലി പെട്ടെന്ന് നഷ്ടപ്പെട്ടാലോ എന്തു ചെയ്യും? മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഏത് നിമിഷവും ഉപയോഗിക്കാവുന്ന കുറച്ചു പണം നിങ്ങളുടെ ബാങ്ക് എക്കൗണ്ടിലുണ്ടാവണം. അത് എത്രവേണമെന്ന് നിങ്ങളുടെ നെറ്റ്‌വര്‍ത്ത് അനുസരിച്ച് നിങ്ങള്‍ക്ക് തീരുമാനിക്കാം. ചെറിയ ചെറിയ ആവശ്യങ്ങള്‍ക്കൊന്നും ഈ പണം എടുക്കില്ലെന്ന് ആദ്യമേ ഉറപ്പിക്കണം. ഓഹരി വിപണിയില്‍ നിക്ഷേപിച്ച പണം ഒരിക്കലും ഇത്തരത്തില്‍ മാറ്റി വയ്ക്കരുത്. കാരണം ചിലപ്പോള്‍ നിങ്ങളുടെ ഓഹരികള്‍ വേണ്ടത്ര മൂല്യത്തിലുള്ള സമയത്തായിരിക്കില്ല നിങ്ങള്‍ക്ക് ആവശ്യം വരുന്നത്. അപ്പോള്‍ നഷ്ടത്തില്‍ കൊടുക്കേണ്ടി വരും. മൊത്തം നെറ്റ്‌വര്‍ത്തിന്റെ 15 ശതമാനം ലിക്വിഡിറ്റി ഫണ്ടായി വയ്ക്കുന്നതാണ് നല്ലത്.
ഡെറ്റ് ടു അസെറ്റ് റേഷ്യോ: നിങ്ങളുടെ നെറ്റ്‌വര്‍ത്തിനനുസരിച്ച് പരമാവധി നിങ്ങള്‍ക്ക് എത്ര മാത്രം കടം ആവാമെന്നു ഈ കണക്കിലൂടെ മനസ്സിലാക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ആകെ കടത്തിനെ നെറ്റ്‌വര്‍ത്ത് കൊണ്ട് ഹരിയ്ക്കുകയാണ്. തീര്‍ച്ചയായും ഇത് ഒരു ശതമാനത്തില്‍ താഴെയായിരിക്കണം. ഇതില്‍ കൂടുതലാവുകയാണെങ്കില്‍ നിങ്ങള്‍ അപകടകരമായ സ്ഥിതിയിലാണെന്ന് ഉറപ്പിക്കാം. പ്രായം കൂടുന്നതിനനുസരിച്ച് ഇത് കുറച്ചുകൊണ്ടു വരണം. റിട്ടയര്‍ ആവുന്നതോടെ ഇത് സീറോയിലെത്തണം.

ഡെറ്റ് ടു ഇന്‍കം റേഷ്യോ: വളരെ പ്രധാനപ്പെട്ട ഒരു അളവുകോലാണിത്. നിങ്ങളുടെ മാസവരുമാനത്തില്‍ കടം വീട്ടുന്നതിനുവേണ്ടി എത്ര തുക മാറ്റിവയ്ക്കുന്നു. ഇത് പ്രായത്തിനനുസരിച്ച് മാറികൊണ്ടിരിക്കുമെങ്കിലും അത് മൊത്ത വരുമാനത്തിന്റെ .6 ശതമാനത്തില്‍ താഴെയിരിക്കുന്നതാണ് നല്ലത്.

സേവിങ്‌സ് റേഷ്യോ: നിങ്ങളുടെ വരുമാനത്തില്‍ എത്ര തുക നിങ്ങള്‍ കരുതിവയ്ക്കണം. ഇത് ഒരോ വ്യക്തിക്കുമനുസരിച്ച് മാറി കൊണ്ടിരിക്കും. എങ്കിലും .3 ശതമാനത്തില്‍ കുറയാത്ത ഒരു തുക നിക്ഷേപത്തിനായി മാറ്റിവയ്ക്കണം.

ആരെങ്കിലും അടിച്ചേല്‍പ്പിക്കുന്ന ഒരു സാമ്പത്തിക ആസൂത്രണത്തേക്കാള്‍ മുകളില്‍ വിവരിച്ച രീതിയിലോ അല്ലെങ്കില്‍ വ്യക്തിപരമായ ആസൂത്രണം ചെയ്ത മറ്റേതെങ്കിലും അനുപാതത്തിലോ ഒരു പ്ലാനിങ് അത്യാവശ്യമാണ്. ഈ വിലയിരുത്തല്‍ നിരവധി പ്രശ്‌നങ്ങളില്‍ നിന്ന് കരകയറാന്‍ നിങ്ങളെ സഹായിക്കും.

വിപണിയില്‍ നാടകീയരംഗങ്ങള്‍;നേട്ടത്തോടെ ക്ലോസിങ്

മുംബൈ: ഇന്ത്യന്‍ വിപണിയിലെ രസകരമായ ദിവസങ്ങളിലൊന്നായിരുന്നു ഇന്ന്. ദിവസത്തിലെ അധികസമയവും നഷ്ടം മാത്രം രേഖപ്പെടുത്തിയ വിപണി ക്ലോസിങിന് തൊട്ടുമുമ്പ് തീര്‍ത്തും നാടകീയമായി തിരിച്ചുവരികയായിരുന്നു. ഏറ്റവും വിചിത്രമായ സംഗതി ഈ തിരിച്ചുവരവിന് പിന്തുണ നല്‍കുന്ന യാതൊന്നും ആഗോളവിപണിയില്‍ നിന്നു ലഭിച്ചില്ലെന്നതാണ്.
ഇന്നത്തെ ദിവസത്തിന് മറ്റു ചില പ്രത്യേകതകളുമുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയ കോള്‍ ഇന്ത്യ വില്‍പ്പനയ്‌ക്കെത്തിയ ദിവസമായിരുന്നു ഇന്ന്. കൂടാതെ 9 മുതല്‍ 9.15 വരെയുള്ള പ്രീ മാര്‍ക്കറ്റ് സെഷന്റെയും തുടക്കം ഇന്നായിരുന്നു. 20 ദിവസത്തെ ഇടവേളയ്ക്കുശേഷം സെന്‍സെസ്‌ക്‌സ് 20000ല്‍ താഴെയും നിഫ്റ്റി 6000ല്‍ താഴെയും വില്‍പ്പന നടത്തിയതും മറ്റൊരു പ്രത്യേകതയാണ്. എന്നാല്‍ അവസാന അരമണിക്കൂറില്‍ തിരിച്ചുവരവ് നടത്തിയ സെന്‍സെക്‌സ് 43.84 പോയിന്റ് വര്‍ധിച്ച് 20168.89ലും നിഫ്റ്റി 13.30 ഉയര്‍ന്ന് 6075.95ലും വില്‍പ്പന അവസാനിപ്പിച്ചു. സിമന്റെ മേഖലയ്ക്കാണ് ഇന്ന് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. മെറ്റല്‍, ബാങ്കിങ് മേഖലകള്‍ക്കും കാര്യമായി തിളങ്ങാനായില്ല.
പെട്രോനെറ്റ് എല്‍.എന്‍.ജി, ഇന്ത്യ ബുള്‍ റിയല്‍ എസ്‌റ്റേറ്റ്, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍സ്, ജിന്‍ഡാല്‍ സോ, പിരമല്‍ ഹെല്‍ത്ത് കെയര്‍ കമ്പനികള്‍ നേട്ടമുണ്ടാക്കി. പെട്രോനെറ്റ് എല്‍.എന്‍.ജി ഈ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും 9.55 പോയിന്റ് നേട്ടത്തോടെ 124.60ലാണ് ക്ലോസ് ചെയ്തത്.
കഴിഞ്ഞ കുറെ ദിവസമായി മികച്ച കുതിപ്പ് നടത്തുന്ന രാഷ്ട്രീയ കെമിക്കല്‍സ് രാവിലെ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ക്ലോസ് ചെയ്യുമ്പോഴേക്കും 4.75 ശതമാനം നഷ്ടത്തിലെത്തിയിരുന്നു. ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്, അപ്പോളോ ടയേഴ്‌സ്, എഞ്ചിനീയേഴ്‌സ് ഇന്ത്യ, എ.സി.സി ഓഹരികള്‍ക്കാണ് ഇന്ന് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. അപ്പോളോ ടയേഴ്‌സ് 3.13 ശതമാനം കുറവോടെ 79.05ലാണ് വില്‍പ്പന നിര്‍ത്തിയത്.

വാങ്ങാവുന്ന ഓഹരികള്‍: (ഇപ്പോഴത്തെ വില, ലക്ഷ്യം, സ്റ്റോപ് ലോസ് എന്ന ക്രമത്തില്‍)
HUL: 297.55, 325.00, 290.00
Provogue (India) Ltd: 72.90, 90-123, 63.00
Essar Oil Ltd.: 142.55, 160.00, 130.00
Orchid Chemicals & Pharmaceuticals Ltd,Aptech Ltd,Tata Steel Ltd,Indian Bank,Eros International Media Ltd,Everest Kanto Cylinder Ltd,Vijaya Bank,uco bank,south indian bank,Federal Bank Ltd.

കോള്‍ ഇന്ത്യ ഐ.പി.ഒ: വിപണി താഴോട്ട്

മുംബൈ: നിക്ഷേപകരെല്ലാം പണം സ്വരുകൂട്ടുന്ന തിരക്കിലാണ്. കൈയിലുള്ള ഓഹരികളെല്ലാം ലാഭം കിട്ടുമ്പോള്‍ വിറ്റൊഴിവാക്കി അവര്‍ കാത്തിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒയെയാണ്. 18ാം തിയ്യതി കോള്‍ ഇന്ത്യ ഓഹരികള്‍ വില്‍പ്പനയ്‌ക്കെത്തുന്നത് വിപണിയില്‍ ഇന്ന് കനത്ത സമ്മര്‍ദ്ദമാണുണ്ടാക്കിയത്. കൂടാതെ ഏഷ്യന്‍ വിപണിയിലും യൂറോപ്യന്‍ വിപണിയിലും ഇന്നു കാര്യമായ പ്രതിഫലങ്ങളില്ലാത്ത ഒരു ദിവസമായിരുന്നു. ഇന്‍ഫോസിസിന്റെ രണ്ടാം പാദപ്രവര്‍ത്തന റിപോര്‍ട്ട് ഏറ്റവും മികച്ചതായിരുന്നിട്ടു പോലും ഇന്ന് 108.10ന്റെ ഇടിവ് അഭിമുഖീകരിക്കേണ്ടി വന്നുവെന്നതില്‍ സമ്മര്‍ദ്ദത്തിന്റെ ആഴം മനസ്സിലാക്കാം. കമ്പനിയുടെ ലാഭം 16.7 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
സെന്‍സെക്‌സ് 372.59 പോയിന്റ് താഴ്ന്ന് 20125.05ലും നിഫ്റ്റി 114.70 കുറഞ്ഞ് 6062.65ലും വില്‍പ്പന അവസാനിപ്പിച്ചു. ഈ തകര്‍ച്ചയ്ക്കിടയിലും എന്‍.ടി.പി.സി, ഡോ റെഡ്ഡീസ് ലാബ്, കെയ്ന്‍ ഇന്ത്യ ലിമിറ്റഡ് കമ്പനികള്‍ നേട്ടമുണ്ടാക്കി. ആക്‌സിസ് ബാങ്ക്, ഭാരത് പെട്രോളിയം, ഹീറോ ഹോണ്ട മോട്ടോര്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി, വിപ്രോ ലിമിറ്റഡ് ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്.
ഇന്നലെ നിര്‍ദ്ദേശിച്ച ഓഹരികളുടെ ഇന്നത്തെ പ്രകടനം വിലയിരുത്താം.
മണപ്പുറം ജനറല്‍ ഫിനാന്‍സായിരുന്നു ഇന്നലെ നിര്‍ദ്ദേശിച്ച പ്രധാന ഓഹരി. ഇന്ന് 156.90 വരെ ഉയര്‍ന്ന ഈ ഓഹരിയില്‍ നിന്ന് ഇന്ന് ഇന്‍ട്രാഡേയില്‍ ലാഭം നേടാവുന്നതായിരുന്നു. കാരണം ഇന്നലെ ക്ലോസ് ചെയ്തത് 151.75ലായിരുന്നു. കമ്പനിയുടെ മികച്ച പ്രകടനറിപോര്‍ട്ടിന്റെ കരുത്തില്‍ ഈ ഓഹരികള്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
തിങ്കളാഴ്ച വാങ്ങാവുന്ന ഓഹരികള്‍:(ഹോള്‍ഡ് ചെയ്യേണ്ടവ): uco bank, federal bank, tata motors, hul,vijaya bank,lupin, chamber fertilisers.

ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്

ഇന്ത്യയില്‍ പുതിയതാണെങ്കിലും ലോകത്ത് ഏറ്റവും പ്രചാരമുള്ള ബിസിനസ് സങ്കല്‍പ്പമാണ് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് എന്ന എല്‍.എല്‍.പി. സാധാരണയായി സര്‍വീസ് മേഖലയിലെ കമ്പനികളാണ് ഈ രജിസ്‌ട്രേഷന്‍ സ്വന്തമാക്കാറുള്ളത്.
കമ്പനി രൂപീകരിക്കുന്നതിനുള്ള നൂലാമാലകളും ചെലവും ഏറ്റവും കുറവാണെന്നതു തന്നെയാണ് എല്‍.എല്‍.പിയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു കമ്പനിയുടെ എല്ലാ ഗുണങ്ങളോടൊപ്പം പാര്‍ട്ണല്‍ഷിപ്പ് സ്ഥാപനത്തിന്റെ മെച്ചങ്ങളും എല്‍.എല്‍.പിയില്‍ ലഭിക്കും.
എല്‍.എല്‍.പി രജിസ്‌ട്രേഷനുള്ള സ്ഥാപനവും നിങ്ങളും നിയമത്തിന്റെ മുന്നില്‍ രണ്ടായി പരിഗണിക്കപ്പെടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഉദാഹരണത്തിന് ഒരു പാര്‍ട്ണര്‍ ഷിപ്പ് സ്ഥാപനം നടത്തുകയാണെങ്കില്‍ അതിന്റെ ബാധ്യത നമ്മുടെ പേരിലുള്ള മറ്റു വസ്തുവകകളിലേക്കും നീളും. എന്നാല്‍ എല്‍.എല്‍.പി കമ്പനിയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ബാധ്യത കമ്പനിയോടെ തീരും. തീര്‍ച്ചയായും ഇത് ബിസിനസ്സില്‍ ഏര്‍പ്പെടുന്നവര്‍ മികച്ച സംരക്ഷണവും സുരക്ഷിതത്വവുമാണ് നല്‍കുന്നത്. അതുകൊണ്ടാണ് സര്‍വീസ് മേഖലയിലുള്ളവര്‍ അധികവും ഇത്തരത്തിലുള്ള രജിസ്‌ട്രേഷനുവേണ്ടി ശ്രമിക്കുന്നത്.
പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങുന്നത് പുലിപ്പുറത്തുപോവുന്നതുപോലെയാണെന്ന് പറയാറുണ്ട്. പുലിപ്പുറത്ത് പോവുന്നതു കാണുമ്പോള്‍ നല്ല ഗമയായിരിക്കും. എന്നാല്‍ യാത്ര ഒന്നുനിര്‍ത്തിയാല്‍ എന്തു സംഭവിക്കും. പുലി പിടിച്ചുതിന്നും. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് അത് ക്ലോസ് ചെയ്യുന്നത്. എന്നാല്‍ എല്‍.എല്‍.പിയില്‍ അത്തരം നൂലാമാലകളൊന്നും ഇല്ല. പാര്‍ട്ണര്‍മാരെ മാറ്റുന്നതിലോ ഇനി കമ്പനി തന്നെ നിര്‍ത്തുന്നതിനോ അതോ കമ്പനിയുടെ ഓണര്‍ഷിപ്പ് തന്നെ മാറ്റുന്നതിനോ താരതമ്യേന ചെറിയ പേപ്പര്‍വര്‍ക്കേ വരുന്നുള്ളൂ.
ഫണ്ടും വസ്തുവകകളും കൈകാര്യം ചെയ്യുന്നതിനുള്ള പരമാധികാരം എല്‍.എല്‍.പിയ്ക്കുണ്ട്. എല്‍.എല്‍.പിയുടെ സ്വത്തു വകകള്‍ ഒരിക്കലും അതിലെ പാര്‍ട്ണര്‍മാര്‍ക്ക് അവകാശമുള്ളതല്ല. അത് കമ്പനിയുടെതാണ്. അതുകൊണ്ടു തന്നെ പാര്‍ട്ണര്‍മാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായാലും സ്വത്തിലോ പണത്തിലോ അവകാശവാദമുന്നയിക്കാന്‍ സാധിക്കില്ല.
കമ്പനിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ടാക്‌സാണ് എല്‍.എല്‍.പിയ്ക്കു ചുമത്തുന്നത്. കൂടാതെ ടാക്‌സ് ചുമത്തുന്നത് കമ്പനിയ്ക്കുമാത്രമാണ്. അതുകൊണ്ടു തന്നെ ലാഭവിഹിതം പാര്‍ട്ണര്‍മാര്‍ക്ക് നല്‍കിയില്‍ അവര്‍ അതിനു പ്രത്യേക ടാക്‌സ് നല്‍കേണ്ടതില്ല. എന്നാല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ഈ ആനുകൂല്യങ്ങളില്ല.
പ്രൊപ്രൈറ്റര്‍, പാര്‍ട്ണര്‍ ഷിപ്പ് സ്ഥാപനങ്ങള്‍ക്ക് ബിസിനസ് വിപുലീകരിക്കാന്‍ ഫണ്ട് ശേഖരിക്കുന്നതിന് പരിമിതിയുണ്ട്. എന്നാല്‍ എല്‍.എല്‍.പി എന്നത് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പണം സ്വീകരിക്കാന്‍ അനുമതിയുള്ള സ്ഥാപനമാണ്. അതുകൊണ്ടു തന്നെ ബിസിനസ് വിപുലീകരണത്തില്‍ നിന്ന് വ്യക്തമായ രേഖകളോടെ ആരില്‍ നിന്നും പണം സ്വീകരിക്കാനാവും.
എല്‍.എല്‍.പിയുടെ പേരില്‍ കേസ് നടത്താനും കേസ് നേരിടാനും അവകാശമുണ്ട്. എന്നാല്‍ കമ്പനിയില്‍ നിന്നു പിരിഞ്ഞുകിട്ടാനുള്ള തുകയ്ക്കായി പാര്‍ട്ണര്‍മാര്‍ക്ക് കമ്പനിയ്‌ക്കെതിരേ കേസ് കൊടുക്കാന്‍ അവകാശമില്ല.
വാര്‍ഷിക ടേണ്‍ഓവര്‍ 40-25 ലക്ഷത്തില്‍ താഴെയാണെങ്കില്‍ ചാര്‍ട്ടേര്‍ഡ് എക്കൗണ്ട് ഓഡിറ്റിങ് വേണമെന്ന് നിര്‍ബന്ധമില്ല. തീര്‍ച്ചയായും ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഇത് വലിയൊരു ആശ്വാസമാണ്.
പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനത്തില്‍ ഒരോ വ്യക്തിയും അവരവരുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തും. എന്നാല്‍ എല്‍.എല്‍.പിയില്‍ ഓരോ പാര്‍ട്ണര്‍മാരെയും കമ്പനിയുടെ പാര്‍ട്ണര്‍മാര്‍ എന്ന രീതിയില്‍ മാത്രമേ പരിഗണിക്കൂ. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വ്യക്തിപരമായ പ്രവര്‍ത്തികള്‍ ഒരിക്കലും കമ്പനിയുടെ പ്രവര്‍ത്തിയായി വ്യാഖ്യാനിക്കപ്പെടില്ല. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കിടെ നിരവധി പരാധികള്‍ ഉയരാറുണ്ട്. എന്നാല്‍ എല്‍.എല്‍.പിയുടെ കാര്യത്തില്‍ ഇത് താരതമ്യേന കുറവാണ്. ഇന്ന് അധിക പാര്‍ട്ണര്‍ഷിപ്പ് കമ്പനികളും സര്‍വീസ് മേഖലയിലുള്ള കോര്‍പ്പറേറ്റ് കമ്പനികളും എല്‍.എല്‍.പിയിലേക്ക് മാറി കൊണ്ടിരിക്കുകയാണ്.

എല്‍.എല്‍.പി കമ്പനി രൂപീകരിയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ mail@shinod.in എന്ന ഇമെയില്‍ അഡ്രസ്സില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്
www.llp.gov.in

വില്‍പ്പന സമ്മര്‍ദ്ദം തുടരുന്നു, വിപണി വീണ്ടും താഴോട്ട്

മുംബൈ: കടുത്ത വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 190.24 പോയിന്റ് കുറഞ്ഞ് 20497.64ലും നിഫ്റ്റി 56.55 പോയിന്റ് താഴ്ന്ന് 6177.35ലും വില്‍പ്പന അവസാനിപ്പിച്ചു.
എന്നാല്‍ ഇത് താല്‍ക്കാലികമായ ഇടിവ് മാത്രമാണെന്നാണ് ടെക്‌നോ ഷെയര്‍ ആന്റ് സ്‌റ്റോക്ക് ബ്രോക്കിങിലെ ഭരത് സേത് അഭിപ്രായം. അതേ സമയം ഇന്ന് ലിസ്റ്റ് ചെയ്ത ഐ.പി.ഒകളെല്ലാം തന്നെ പുതിയ ഉയരത്തില്‍ ക്ലോസ് ചെയ്തുവെന്നത് നിക്ഷേപകര്‍ക്ക് ആഹ്ലാദം പകര്‍ന്ന കാര്യമാണ്.
അശോക ബില്‍ഡ്‌കോണ്‍ 2.89 ശതമാനവും സീ ടിവി 6 ശതമാനവും bedmutha industries 180 ശതമാനവും വര്‍ധനവാണ് നേടിയത്. സെക്ടര്‍ വൈസ് നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഐ.ടി മേഖലയാണ്. നാളെ ഇന്‍ഫോസീസ് ഫലം പുറത്തുവരാനിരിക്കുന്നതിനാല്‍ ഈ മുന്നേറ്റം ശുഭസൂചനയാണ് നല്‍കുന്നത്. കാപ്പിറ്റല്‍ ഗൂഡ്‌സ് മേഖലയിലാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്.
അമേരിക്കന്‍ വിപണി പോസിറ്റീവായി ക്ലോസ് ചെയ്തതിനാല്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ കുതിപ്പുണ്ടാവുമെന്നാണ് അധിക നിക്ഷേപകരും പ്രതീക്ഷിച്ചത്. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ നേട്ടങ്ങളെല്ലാം അടിയറ വെച്ചുകൊണ്ടായിരുന്നു വിപണി മുന്നോട്ടു നീങ്ങിയത്. ഉച്ചയോടെ യൂറോപ്യന്‍ വിപണി തുറന്നെങ്കിലും ഇന്ത്യന്‍ വിപണിക്ക് പ്രചോദനം നല്‍കുന്ന ഒരു വാര്‍ത്തയും പുറത്തുവന്നില്ല. ഇതോടെ ലാഭമെടുക്കാനുള്ള തിക്കുംതിരക്കും വര്‍ധിക്കുകയായിരുന്നു.
സെസാ ഗോവ, ടാറ്റാ സ്റ്റീല്‍, വിപ്രോ ലിമിറ്റഡ്, ഇന്‍ഫോസിസ് ടെക്‌നോ, ടാറ്റാ മോട്ടോര്‍സ് കമ്പനികളാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. അതേ സമയം ഭാരത് പെട്രോളിയം, റിലയന്‍സ് കമ്യൂണിക്കേഷന്‍, എല്‍ ആന്റ് ടി, എന്‍.ടി.പി.സി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഹരികളുടെ വിലയില്‍ കാര്യമായ ഇടിവുണ്ടായി.
വാങ്ങാവുന്ന ഓഹരികള്‍: manappuram General finance and leasing Ltd ആണ് വാങ്ങാവുന്ന ഏറ്റവും മികച്ച ഓഹരി. ഇന്ന് 4.40 അധിക മൂല്യത്തില്‍ 151.75ലാണ് ക്ലോസ് ചെയ്തത്. നാളെയാണ് മണപ്പുറത്തിന്റെ രണ്ടാം പാദ സാമ്പത്തിക റിപോര്‍ട്ട് പുറത്തുവിടുന്നത്.neyveli lignite, kpit cummins, tate chemicals, bank of india, federal bank, Andhra bank, graphite india, central bank of india, petronet lng, TCS,

ചെക്ക് ബൗണ്‍സ് ആയാല്‍ ഇനി എക്കൗണ്ട് ബ്ലോക്കാവും

ന്യൂഡല്‍ഹി: എക്കൗണ്ടില്‍ വേണ്ടത്ര പണം സൂക്ഷിക്കാതെ തുടര്‍ച്ചയായി ചെക്കുകള്‍ ബൗണ്‍സ് ആക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ എക്കൗണ്ട് തന്നെ ക്യാന്‍സല്‍ ചെയ്യപ്പെട്ടേക്കാം. ഇന്ത്യയിലെ നമ്പര്‍ വണ്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതിലേക്ക് ആദ്യ ചുവടുവച്ചത്. തുടര്‍ച്ചയായി ചെക്ക് ബൗണ്‍സ് ആക്കുന്ന എക്കൗണ്ടുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ എസ്.ബി.ഐ ഇതിനകം ബ്രാഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മറ്റു ബാങ്കുകളും ഈ രീതി പിന്തുടരാനാണ് സാധ്യത.
ഒരു സാമ്പത്തികവര്‍ഷത്തിനുള്ളില്‍ നാലോ അതിലേറെ തവണയോ ചെക്ക് ബൗണ്‍സ് ആയ എക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യാന്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. ചെക്കിനു മാത്രമല്ല, എക്കൗണ്ടില്‍ നിന്ന് ഇലക്ട്രോണിക് ക്ലിയറിങിന് അനുമതി നല്‍കിയവരും ഇതില്‍ ഉള്‍പ്പെടും.
ഉപഭോക്താക്കള്‍ക്കിടയില്‍ സാമ്പത്തിക അച്ചടക്കം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്-ഇന്ത്യന്‍ ബാങ്കിങ് അസോസിയേഷന്‍ പ്രതിനിധി വ്യക്തമാക്കി. ഇത്തരത്തില്‍ ക്ലോസ് ചെയ്യുന്ന ബാങ്ക് എക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ പൊതു ഡാറ്റാബേസിലേക്ക് നല്‍കുന്നതിനാല്‍ മറ്റു ബാങ്കുകളില്‍ എക്കൗണ്ട് തുറക്കുന്നതും ബുദ്ധിമുട്ടായിരിക്കും.

ഓഹരി വിപണിയില്‍ കുതിപ്പ്, സെന്‍സെക്‌സ് 485 പോയിന്റും നിഫ്റ്റി 143 പോയിന്റും ഉയര്‍ന്നു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് വന്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാന്‍ പുതിയ പാക്കേജുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് യു.എസ് ഫെഡറല്‍ റിസര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും വിപണിയില്‍ സജീവമായതാണ് കുതിപ്പിനു കാരണം.
തുടക്കം മുതല്‍ നേട്ടം പ്രകടമായിരുന്നു. വില്‍പ്പന മുന്നോട്ടുനീങ്ങുന്നതിനനുസരിച്ച് സെന്‍സെക്‌സും നിഫ്റ്റിയും കരുത്താര്‍ജ്ജിക്കാന്‍ തുടങ്ങി. യൂറോപ്യന്‍ വിപണി തുറന്നതോടെ അനുകൂലതരംഗം കൂടുതല്‍ ശക്തമായി. ഇതോടെ നിഫ്റ്റിയുടെ സൈക്കോളജിക്കല്‍ റെസിസ്റ്റിങ് ലെവല്‍ എന്നു വിശേഷിപ്പിക്കാറുള്ള 6200 മറികടക്കാന്‍ സാധിച്ചു. സെന്‍സെക്‌സ് 484.54 പോയിന്റ് നേട്ടത്തില്‍ 20687.88ലും നിഫ്റ്റി 143 പോയിന്റ് അധികരിച്ച് 6233.90ലും ക്ലോസ് ചെയ്തു. സെന്‍സെക്‌സ് കഴിഞ്ഞ ആറുമാസത്തിനിടയില്‍ നേടിയ ഏറ്റവും വലിയ കുതിപ്പാണിത്.
വിദേശനിക്ഷേപസ്ഥാപനങ്ങളുടെ ഒഴുക്കും ഷോര്‍ട്ട് കവറിങ്‌സുമാണ് ഇന്നത്തെ കുതിപ്പിനു കാരണം. ഇത്തരമൊരു വിപണിയില്‍ അതീവ ശ്രദ്ധയോടെ വേണം ട്രേഡിങ് നടത്താന്‍. അതുകൊണ്ടു തന്നെ ചെറിയ സമയത്തിനുള്ളിലുള്ള നേട്ടങ്ങള്‍ക്കു വേണ്ടി ശ്രമിക്കുക. ഓരോ പര്‍ച്ചേസും സ്റ്റോപ്പ് ലോസ് വച്ചു മാത്രം ചെയ്യുക. നിക്ഷേപം എന്ന രീതിയില്‍ വിപണിയിലേക്ക് വരുന്നവര്‍ ഇപ്പോള്‍ വീണ്ടുനില്‍ക്കുന്നതാണ് നല്ലത്. എങ്കിലും വരുന്ന പത്തോ പതിനഞ്ചോ സെഷനുകളില്‍ കാര്യമായ വെല്ലുവിളിയുണ്ടാവാനിടയില്ല. ഇന്ന് ഐ.ടി മേഖലയില്‍ 3.15 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
hdfc, tata consultancy, wipro ltd, jayaprakash associates, hindustan uniliver ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. അതേ സമയം ഈ കുതിപ്പിനിടയിലും കാലിടറിയ രണ്ടു കമ്പനികളുണ്ട്. എന്‍.ടി.പി.സിയും സിപ്ലയും. എന്‍.ടി.പി.സിയില്‍ 2.25 ശതമാനത്തിന്റെയും സിപ്ലയില്‍ 0.15 ശതമാനത്തിന്റെയും ഇടിവുണ്ടായി.
വാങ്ങാവുന്ന ഓഹരികള്‍:
uco bank-125.65-target 135.00
Neyveli lignite-177.35 target 210.00
Jp associates, Bajaj Auto, Sesa goa, Wipro, ashok Leyland, sintex, southindian bank,