ഹീറോ ഹോണ്ട 18 ശതമാനം ഉയര്‍ന്നു, സെന്‍സെക്‌സ് 24 പോയിന്റ് മുന്നോട്ട്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ഇന്നു കാര്യമായ ചലനങ്ങളില്ലാതെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 24.03 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 1.70 നഷ്ടത്തിലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ഏഷ്യന്‍ വിപണി വളരെ ദുര്‍ബലമായതുകൊണ്ടുതന്നെ ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ തുടക്കവും നഷ്ടത്തോടെയായിരുന്നു. ഇന്‍ട്രാഡേയിലെ ഏറ്റവും താഴ്ന്ന ഉയരത്തിലെത്തിയ വിപണി പെട്ടെന്നു തന്നെ 180 പോയിന്റ് മുന്നോട്ടുനീങ്ങിയതും നിക്ഷേപകരെ അദ്ഭുതപ്പെടുത്തി. പക്ഷേ, ആ കുതിപ്പിന് അധികം ആയുസ്സുണ്ടായിരുന്നില്ല.
ഹീറോ ഹോണ്ടയാണ് ഇന്നത്തെ താരം. ഹോണ്ട കമ്പനിയുമായുള്ള കൂട്ടുകെട്ട് വിട്ടതിനുശേഷം വിപണിയില്‍ ഏറെ ഇടിവ് നേരിട്ട ഈ ഓഹരി ഇന്ന് ഒരൊറ്റ ദിവസത്തില്‍ 302.10 രൂപയോളം വര്‍ധിച്ചു. ഇ.ഐ.എച്ച്, രാഷ്ട്രീയ കെമിക്കല്‍സ്, ഐ.എഫ്.സി.ഐ ലിമിറ്റഡ്, കാഡിലാ ഹെല്‍ത്ത് കെയര്‍ കമ്പനികളുടെ ഓഹരികളും ഇന്നു നേട്ടമുണ്ടാക്കി.
അതേ സമയം യുനൈറ്റഡ് ഫോസ്ഫറസ്, ഡോ റെഡ്ഡീസ് ലാബ്, ഇന്ത്യ ബുള്‍സ് റിയല്‍ എസ്‌റ്റേറ്റ്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, യെസ് ബാങ്ക് ലിമിറ്റഡ് ഓഹരികള്‍ക്ക് ഇന്നു കാര്യമായ തിരിച്ചടിയേറ്റു.

വാങ്ങാവുന്ന ഓഹരികള്‍: ആന്ധ്രാ ബാങ്ക്, ഐ.ഡി.ബി.ഐ, പൊളാരിസ്, ഇസ്പാറ്റ്, അലോക് ഇന്‍ഡസ്ട്രീസ്, എയര്‍ടെല്‍, സിപ്ല, ഹിന്‍ഡാല്‍കോ.

Posted in Uncategorized

റിസര്‍വ് ബാങ്ക് നയം, സെന്‍സെക്‌സില്‍ നേട്ടം


മുംബൈ: റിസര്‍വ് ബാങ്ക് പണ-വായ്പാനയം പ്രഖ്യാപിച്ചത് വിപണിക്ക് അനുഗ്രഹമായി. എസ്.എല്‍.ആര്‍ നിരക്ക് കുറയ്ക്കാനുള്ള ബാങ്കിന്റെ തീരുമാനം പുറത്തുവന്നതിനു പിറകെ ഐ.ടി, ബാങ്കിങ് ഓഹരികളും ചില മെറ്റല്‍ ഓഹരികളും വാങ്ങാന്‍ തിരക്കേറി. സെന്‍സെക്‌സ് 217.08 പോയിന്റുയര്‍ന്ന് 19864.85ലും നിഫ്റ്റി 56.45 പോയിന്റ് ലാഭത്തില്‍ 5948.75ലും വില്‍പ്പന അവസാനിപ്പിച്ചു.
ഐ.ടി മേഖല 2.79 ശതമാനവും ടെക്‌നോളജി 2.16 ശതമാനവും ഉയര്‍ന്നു. 3.70 ശതമാനം മൂല്യം വര്‍ധിച്ച ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വിസും രണ്ടര ശതമാനത്തിലധികം ഉയര്‍ന്ന ഇന്‍ഫോസിസും വിപ്രോയും ചേര്‍ന്ന് മുംബൈ ഓഹരി സൂചികയില്‍ 95 പോയിന്റാണ് ഉയര്‍ത്തിയത്.
ശതമാനക്കണക്കില്‍ നോക്കുകയാണെങ്കില്‍ സുസ്‌ലോണ്‍ എനര്‍ജി, സ്റ്റീല്‍ അഥോറിറ്റി, ശ്രീ രേണുകാ ഷുഗേഴ്‌സ്, അരബിന്ദോ ഫാര്‍മ, എംഫസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടവും യുനൈറ്റഡ് ഫോസ്ഫറസ്, നെസ്‌ലെ ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, വോള്‍ട്ടാസ് ഓഹരികള്‍ നഷ്ടവും രേഖപ്പെടുത്തി.
റിസര്‍വ് ബാങ്ക് തീരുമാനങ്ങള്‍ക്കൊപ്പം യൂറോപ്യന്‍ വിപണി സ്ഥിരത പ്രകടിപ്പിച്ചതോടെ മികച്ച ബ്ലൂചിപ്പ് ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചു തുടങ്ങുകയായിരുന്നു. ഹോണ്ടയുമായുള്ള ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറെ ദിവസമായി നഷ്ടത്തിലോടികൊണ്ടിരിക്കുന്ന ഹീറോ ഹോണ്ട ഓഹരി ഇന്ന് 3.6 ശതമാനം മുന്നേറി. ടാറ്റാ മോട്ടോര്‍സ്, ടാറ്റാ സ്റ്റീല്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഡി.എല്‍.എഫ് എന്നീ ഓഹരികള്‍ക്കും ഇന്നു നല്ല ദിവസമായിരുന്നു.
ഒരു ലക്ഷത്തിലധികം കോടിയുടെ പണദൗര്‍ലഭ്യതയാണ് ഇപ്പോഴുള്ളത്.ഓപണ്‍ മാര്‍ക്കറ്റ് ഓപറേഷന്‍ ഓക്ഷനിലൂടെ പണ ലഭ്യത സാധ്യമാക്കാനുള്ള റിസര്‍വ് നീക്കവും അനുകൂലമാണ്. പ്രാദേശിക ഫണ്ടുകള്‍ ഐ.ടി, ഫാര്‍മ തുടങ്ങിയ സുരക്ഷിതമേഖലകളിലേക്ക് മാറ്റുന്നതിനുള്ള ശ്രമമാണ് ഇന്നു കണ്ടത്. അതിനിടെ ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തില്‍ കാര്യമായ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 2.3 ബില്യന്‍ ഡോളറായിരുന്നു ഇന്ത്യയിലെത്തിയ വിദേശനിക്ഷേപം. എന്നാല്‍ ഈ വര്‍ഷം ഒക്ടോബറില്‍ 40 ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ രേഖകള്‍ പറയുന്നു.
വാങ്ങാവുന്ന ഓഹരികള്‍: അരവിന്ദ് ലിമിറ്റഡ്, ടാറ്റാ സ്റ്റീല്‍, ഐ.ഡി.ബി.ഐ ബാങ്ക്, ടാറ്റാ മോട്ടോര്‍സ്, അരേവ ടി ആന്റ് ഡി, ടി.സി.എസ്, ദാംപൂര്‍ ഷുഗര്‍.

Posted in Uncategorized

റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റമില്ല,എസ്.എല്‍.ആര്‍ ഒരു ശതമാനം കുറച്ചു

മുംബൈ: പണപ്പെരുപ്പത്തില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് റിപ്പോ, റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നിവയില്‍ മാറ്റം വരുത്തേണ്ടെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചു. കൂടാതെ പണലഭ്യത ഉറപ്പുവരുത്താന്‍ ബാങ്കുകളുടെ നിര്‍ബന്ധ നിക്ഷേപ-പണാനുപാത(എസ്.എല്‍.ആര്‍)ത്തില്‍ ഒരു ശതമാനം കുറവുവരുത്താന്‍ കേന്ദ്രബാങ്ക് പുതിയ പണ-വായ്പാനയത്തില്‍ നിര്‍ദ്ദേശിച്ചു.
ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കുകള്‍ വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് 6.5 ശതമാനമായും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കു്‌നപോള്‍തിരിച്ചുനല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 5.25 ശതമാനമായും തുടരും. ബാങ്കുകളിലെ നിക്ഷേപത്തിലെ ഒരു നിശ്ചിതഭാഗം റിസര്‍വ് ബാങ്കുകളില്‍ സുക്ഷിക്കേണ്ടതുണ്ട്. ഈ കരുതല്‍ ധനാനുപാതം( സി.ആര്‍.ആര്‍) ഇപ്പോഴുള്ള നിലയില്‍ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
പണപ്പെരുപ്പ നിരക്ക് താഴേക്കു വരികയും
വ്യവസായിക വളര്‍ച്ചാനിരക്ക് ഉയര്‍ന്നുനില്‍ക്കുന്നതും ചെയ്യുന്ന പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനത്തില്‍ ആരും അദ്ഭുതം കാണുന്നില്ല. പക്ഷേ, ഇന്ധനവില വര്‍ധന ഭക്ഷ്യവിലസൂചികയില്‍ വര്‍ധനവുണ്ടാക്കുമെന്ന് ആശങ്ക സജീവമാണ്.പണപ്പെരുപ്പം കൂടിയാല്‍ റിസര്‍വ് ബാങ്കിന് മറ്റുനിരക്കുകളിലും മാറ്റം വരുത്തേണ്ടി വരും. ദീപാവലി, അതിനു പിറകെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഐ.പി.ഒകള്‍ എന്നിവ പണദൗര്‍ലഭ്യത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്.
പണപ്പെരുപ്പ നിയന്ത്രിക്കുന്നതോടൊപ്പം തന്നെ വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്താനുള്ള ബാധ്യതയും കേന്ദ്ര ബാങ്കിനുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ വന്‍തോതില്‍ പണം പിന്‍വലിച്ചത് വിപണിയില്‍ പണലഭ്യത രൂക്ഷമാക്കി. കഴിഞ്ഞാഴ്ച വരെ ഏകദേശം കോടികണക്കിന് രൂപ റിസര്‍വ് ബാങ്കില്‍ നിന്നു വായ്പയെടുത്തും നിരക്കുകളില്‍ വ്യത്യാസം വരുത്തിയുമാണ് ബാങ്കുകള്‍ പിടിച്ചുനിന്നത്.
പൊതുമേഖലാ ഓഹരികള്‍ വിറ്റൊഴിവാക്കിയതിനെ തുടര്‍ന്നു സര്‍ക്കാറില്‍ അടിഞ്ഞുകൂടിയ പണം ചെലവഴിയ്ക്കാന്‍ തുടങ്ങിയാല്‍ ഇതിനു ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കും. പണമൊഴുക്കു സുഗമമാക്കുന്നതിനുവേണ്ടിയാണ് ഇപ്പോള്‍ മറ്റുനിരക്കുകളില്‍ മാറ്റം വരുത്താതിരിക്കുന്നത്.

Posted in Uncategorized

റിസര്‍വ് ബാങ്ക് നയത്തെ കുറിച്ചുള്ള ആശങ്ക, ബാങ്കിങ്, റിയാലിറ്റി ഓഹരികള്‍ താഴോട്ട്

മുംബൈ: പെട്രോള്‍ വിലവര്‍ധനയും നാളെ പുറത്തുവരാനിരിക്കുന്ന റിസര്‍വ് ബാങ്ക് പണ-വായ്പാനയത്തെ കുറിച്ചുള്ള ആശങ്കയും വിപണിയെ തളര്‍ത്തി.
സെന്‍സെക്‌സ് 151.42 പോയിന്റ് കുറഞ്ഞ് 19647.77ലും നിഫ്റ്റ് 67.60 നഷ്ടത്തില്‍ 5892.70ലുമായാണ് വിപണി ക്ലോസ് ചെയ്തത്. പണപ്പെരുപ്പം 11 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നില്‍ക്കുന്നതിനാല്‍ നിരക്കുകളില്‍ കാര്യമായ വ്യത്യാസം വരുത്താനുള്ള സാധ്യത കുറവാണ്. പക്ഷേ, പണ ലഭ്യത ഉറപ്പുവരുത്താന്‍ ധീരമായ ചില നടപടികള്‍ എടുക്കാന്‍ കേന്ദ്ര ബാങ്ക് നിര്‍ബന്ധിക്കപ്പെട്ടേക്കാമെന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിച്ചത്. പൊതുമേഖലാ ഐ.പി.ഒകളും അഡ്വാന്‍സ് ടാക്‌സ് പേയ്‌മെന്റ്‌സും ദൗര്‍ലഭ്യം വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഇന്നു ലിസ്റ്റ് ചെയ്ത MOIL മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 375 രൂപ ഇഷ്യു പ്രൈസായിരുന്ന ഓഹരി ഒരു സമയത്ത് 40 ശതമാനം വരെ മുന്നോട്ടുകുതിച്ചു. 24 ശതമാനം നേട്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം അവസാനിച്ചത്.
വിപണിയില്‍ ഇപ്പോഴുള്ള കയറ്റിറക്കങ്ങള്‍ കുറച്ചുദിവസം കൂടി തുടരാനാണ് സാധ്യത. നിഫ്റ്റി 5890-5960 എന്ന ട്രാക്കില്‍ പൊന്തിയും താഴ്ന്നും നില്‍ക്കുമ്പോള്‍ അധികം ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന നിലപടാണ് പൊതുവെയുള്ളത്.
ബാങ്കിങ് ഓഹരികളില്‍ 3.18 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഐ.സി.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ ഓഹരികളെല്ലാം ചേര്‍ന്ന് സെന്‍സെക്‌സിനെ 130 പോയിന്റോളമാണ് താഴേക്കു വലിച്ചത്. റിയാലിറ്റി ഓഹരികളില്‍ അന്‍സല്‍ പ്രോപ്പര്‍ട്ടീസ്, ഡി.എല്‍.എഫ് എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത്. ഓട്ടോ മേഖലയില്‍ ഹീറോ ഹോണ്ടയും എസ്‌കോര്‍ട്‌സും വീണ്ടും നഷ്ടം രേഖപ്പെടുത്തി.
ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്, പാറ്റ്‌നി കംപ്യൂട്ടര്‍ സിസ്റ്റം, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഡാബര്‍ ഇന്ത്യ ഓഹരികള്‍ ഇന്നു മികച്ച പ്രകടനം കാഴ്ചവച്ചു. ശതമാനകണക്കില്‍ നോക്കുമ്പോള്‍
യൂക്കോ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, പാന്റലൂണ്‍ ഓഹരികളുടെ മൂല്യത്തില്‍ ഇന്നു കാര്യടമായ കുറവുണ്ടായി. ഹോണ്ടയുമായുള്ള എല്ല ബന്ധങ്ങളും വിച്ഛേദിക്കാനുള്ള തീരുമാനത്തിന് ഹീറോഹോണ്ടയുടെ മാനേജ്‌മെന്റ് ബോര്‍ഡ് ഇന്ന് അനുമതി നല്‍കി.
വാങ്ങാവുന്ന ഓഹരികള്‍: ടാറ്റാ കെമിക്കല്‍സ്, അബാന്‍ ഓഫ് ഷോര്‍, പൊളാരിസ് സോഫ്റ്റ്‌വെയര്‍, ഹിന്‍ഡാല്‍കോ, ബയോകോണ്‍, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, സെസാ ഗോവ, സത്യം കംപ്യൂട്ടേഴ്‌സ്.

Posted in Uncategorized

സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും സെന്‍സെക്‌സും നിഫ്റ്റിയും ലാഭത്തില്‍ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചിക 107.41 പോയിന്റ് നേട്ടത്തോടെ 19799.19ലും ദേശീയ ഓഹരി സൂചിക 36.45 വര്‍ധിച്ച് 5944.10ലും വില്‍പ്പന അവസാനിപ്പിച്ചു. പണപ്പെരുപ്പ നിരക്കില്‍ വന്ന കുറവാണ് വിപണിയില്‍ അനുകൂലമായി പ്രതികരിച്ചത്.
ഫിനാന്‍ഷ്യല്‍ ടെക്‌നോളജി, ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി, ഹിന്ദുസ്ഥാന്‍ ഓയില്‍ എക്‌സ്‌പ്ലൊറേഷന്‍, ഹിന്ദ് കണ്‍സ്ട്രക്ഷന്‍, ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ് കമ്പനികളാണ് ഇന്ന് ഏറെ നേട്ടമുണ്ടാക്കിയത്. അതേ സമയം ഹീറോ ഹോണ്ട മോട്ടോര്‍സ്, നെസ്‌ലെ ഇന്ത്യ, അദാനി എന്റര്‍പ്രൈസസ്, ആക്‌സിസ് ബാങ്ക്, എക്‌സൈഡ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു.
വിപണിയിലെ ചാഞ്ചാട്ടം തുടരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. ഈ സമയത്തും നിഫ്റ്റി 5600-5720 ഒരു മികച്ച സപ്പോര്‍ട്ടീവ് ലെവലായാണ് പരിഗണിക്കുന്നത്.
വാങ്ങാവുന്ന ഓഹരികള്‍: ഡെല്‍റ്റാ കോര്‍പ്പറേഷന്‍, വിജയാ ബാങ്ക്, ശ്രീ രേണുകാ ഷുഗേഴ്‌സ്, പെട്രോനെറ്റ് എല്‍.എന്‍.ജി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹെക്‌സാവെയര്‍ ടെക്‌നോളജി.

Posted in Uncategorized

വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു, ക്ലോസിങ് നേട്ടത്തില്‍

മുംബൈ: ലാഭത്തിനും നഷ്ടത്തിനുമിടയില്‍ ചാഞ്ചാടിയ ഇന്ത്യന്‍ വിപണി ഒടുവില്‍ ലാഭത്തില്‍ ക്ലോസ് ചെയ്തു. 400 പോയിന്റിനിടയിലായിരുന്നു സെന്‍സെക്‌സിന്റെ കളി. 19321നും 19711നും ഇടയില്‍ പലതവണ കയറിയിറങ്ങിയ മുംബൈ ഓഹരി സൂചിക ഒടുവില്‍ 182.89 പോയിന്റ് ലാഭത്തില്‍ 19691.78ല്‍ വില്‍പ്പന അവസാനിപ്പിച്ചു. 112 പോയിന്റോളം താഴേയ്ക്കു പോയ നിഫ്റ്റി അദ്ഭുതകരമായ തിരിച്ചുവരവാണ് നടത്തിയത്. 50.30 പോയിന്റ് ലാഭത്തില്‍ 5907.65 എന്ന സുരക്ഷിതമായ നിലയിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
തുടക്കം നേട്ടത്തോടെയായിരുന്നെങ്കിലും ബ്ലുചിപ്പ് കമ്പനി ഓഹരികളില്‍ നിന്ന് ലാഭമെടുക്കാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമം വിപണിയില്‍ സമ്മര്‍ദ്ദമുണ്ടാക്കി. ഐടി ഓഹരികളിലാണ് വില്‍പ്പന കൂടുതല്‍ പ്രകടമായത്. അതേസമയം അവസാനമണിക്കൂറില്‍ വാങ്ങാനെത്തിയവരുടെ എണ്ണം വര്‍ധിച്ചതോടെ വിപണി തിരിച്ചുവരാന്‍ തുടങ്ങി.
നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന ചൈനീസ് സര്‍ക്കാറിന്റെ നിലപാടും ഇന്ത്യയിലെ മികച്ച വ്യാവസായിക വളര്‍ച്ചാനിരക്കും ആഗോളവിപണിയില്‍ പ്രത്യേകിച്ച് യാതൊരു സമ്മര്‍ദ്ദമില്ലാത്തതും നിക്ഷേപകരില്‍ ശുഭപ്രതീക്ഷ വളര്‍ത്തുന്നുണ്ടെന്നു വേണം മനസ്സിലാക്കാന്‍.
റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഡി.എല്‍.എഫ് ലിമിറ്റഡ്, സീമെന്‍സ് ലിമിറ്റഡ്, ഹിന്‍ഡാല്‍കോ, സുസ്‌ലോണ്‍ എനര്‍ജി തുടങ്ങിയ മെറ്റല്‍ റിയാലിറ്റി സ്‌റ്റോക്കുകളാണ് ഇന്നലെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. അതേ സമയം എച്ച്.ഡി.എഫ്.സി ബാങ്ക്, അംബുജാ സിമന്റ്‌സ് ലിമിറ്റഡ്, എ.സി.സി ലിമിറ്റഡ്, ഐ.ടി.സി ലിമിറ്റഡ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര കമ്പനികള്‍ക്ക് തിങ്കളാഴ്ച നല്ല ദിവസമായിരുന്നില്ല.
ആഗോളവിപണി മൊത്തം പരിഗണിക്കുമ്പോള്‍ ഏഷ്യന്‍ വിപണിയാണ് കൂടുതല്‍ ഉണര്‍വ് പ്രകടമാക്കിയത്.

Posted in Uncategorized

റിലയന്‍സ് ത്രിജി സര്‍വീസ് ആരംഭിച്ചു


മുംബൈ: റിലയന്‍സ് കമ്യൂണിക്കേഷന്‍സ് നാലു സര്‍ക്കിളുകളില്‍ ത്രിജി സേവനം ആരംഭിച്ചു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചാണ്ഡീഗഡ് സര്‍ക്കിളുകളിലാണ് അനില്‍ അംബാനി ഗ്രൂപ്പ് സര്‍വീസ് തുടങ്ങിയത്. ത്രി ജി സേവനം ലഭ്യമാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സ്വകാര്യമൊബൈല്‍ കമ്പനിയാണ് റിലയന്‍സ്. പൊതുമേഖലാസ്ഥാപനങ്ങളായ ബി.എസ്.എന്‍.എല്ലിനും എം.ടി.എന്‍.എല്ലിനും പിറകെ ടാറ്റാടെലിസര്‍വിസാണ് ത്രി ജിയുമായി രംഗത്തെത്തിയത്.
അടുത്ത മൂന്നു മാസത്തിനുള്ളില്‍ ബാക്കിയുള്ള സര്‍ക്കിളുകളില്‍ സേവനം ലഭ്യമാക്കും. കുറഞ്ഞ ചെലവില്‍ മികച്ച സേവനം ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം- റിലയന്‍സ് കമ്യൂണിക്കേഷന്‍(വയര്‍ലെസ് ബിസിനസ്) പ്രസിഡന്റും സി.ഇ.ഒയുമായ സഈദ് സവാഫി അറിയിച്ചു.
8585.04 കോടി രൂപ ചെലവാക്കിയാണ് റിലയന്‍സ് 13 സര്‍ക്കിളുകളിലെ ത്രിജി സ്‌പെക്ട്രം പിടിച്ചെടുത്തത്.

Posted in Uncategorized

പാര്‍ലിമെന്റ്‌സ്തംഭനം: നഷ്ടമായത് 21 ദിവസം, 146 കോടി രൂപ


ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാനദിവസമായ ഇന്നലെയും ആദ്യദിവസവും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നും ഉണ്ടായില്ല. പ്രതിപക്ഷബഹളം മൂലം അവസാനദിവസവും രാജ്യസഭയും ലോകസഭയും നടപടികള്‍ തുടരാനാവാതെ പിരിഞ്ഞു. കഴിഞ്ഞ 23 ദിവസത്തിനുള്ളില്‍ രാജ്യസഭ വെറും മൂന്നു മണിക്കൂറും ലോകസഭ ഏഴ് മണിക്കൂറും മാത്രമാണ് സമ്മേളിച്ചത്. സമ്മേളനത്തിന് മൊത്തം ചെലവായ തുക 146 കോടിരൂപയാണ്.
2ജി സ്‌പെക്ട്രം അഴിമതിക്കേസ് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷവും പറ്റില്ലെന്ന് ഭരണപക്ഷവും നിര്‍ബന്ധം പിടിച്ചതോടെ രാജ്യത്തിന് പാഴായത് നിര്‍ണായകമായ 23 ദിവസവും 146 കോടി രൂപയുമാണ്.

Posted in Uncategorized