ഹോങ്കോങ് ഓപണ്‍: സെയ്‌നയ്ക്ക് കിരീടം


ഹോങ്കോങ്: ഹോങ്കോങ് ഓപണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സെയ്‌ന നെഹ്‌വാളിനു കിരീടം. വാന്‍ചെയിലെ ക്യൂന്‍ എലിസബത്ത് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ചൈനയില്‍ നിന്നുള്ള മൂന്നാം സീഡ് ഷിസിയാന്‍ വാങിനെ മൂന്നു ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സെയ്‌ന കീഴടക്കിയത്. സ്‌കോര്‍: 15-21, 21-16, 21-17. തന്റെ കരിയറിലെ നാലാം സൂപ്പര്‍ സീരിസ് കിരീടമാണ് 20കാരിയായ സെയ്‌ന ഒരു മണിക്കൂറും 11 മിനിറ്റും നീണ്ട പോരാട്ടത്തില്‍ സ്വന്തമാക്കിയത്. നേരത്തെ ഇന്ത്യന്‍ ഓപണ്‍ ഗ്രാന്‍പ്രീ, സിംഗപ്പൂര്‍ ഓപണ്‍, ഇന്തോനീസ്യന്‍ സൂപ്പര്‍സീരിസ് ടൂര്‍ണമെന്റുകളിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഈ ഹൈദരാബാദുകാരി കിരീടം ചൂടിയിരുന്നു. ഈ വിജയത്തോടെ ഇപ്പോള്‍ ലോകറാങ്കിങില്‍ നാലാം സ്ഥാനത്തുള്ള സെയ്‌ന ഒന്നാം റാങ്കിനു തൊട്ടടുത്തെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Posted in Uncategorized

ഇനി നമ്മുടെ കുട്ടികള്‍ ചൈനീസ് പഠിക്കും


മുംബൈ: അടുത്ത അധ്യയന വര്‍ഷം മുതല്‍ ചൈനീസ് ഭാഷ പാഠ്യവിഷയമാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്‍(സി.ബി.എസ്.ഇ) സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികമേഖലയായ ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം കൂടുതല്‍ ശക്തമായി വരുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അമേരിക്കയും യൂറോപ്പും വിട്ട് ഇന്ത്യന്‍ വ്യവസായികള്‍ ഇപ്പോള്‍ ചൈനയുമായുള്ള വ്യാപാരബന്ധത്തിനാണ് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്. ചൈനയുമായുള്ള വ്യാപാരബന്ധത്തില്‍ മന്ദാരിന്‍ ഭാഷ അറിയുന്നത് നിര്‍ണായകമാണ്. അവിടെയുള്ള കരാറുകളെല്ലാം ഈ ഭാഷയില്‍ മാത്രമായതുകൊണ്ട് വഞ്ചിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. ഹിന്ദിയും ഇംഗ്ലീഷും മെച്ചപ്പെടുത്തി ഇന്ത്യയുമായുള്ള വ്യാപാരബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് ചൈനക്കാര്‍. അതേ സമയം ഭാഷ അറിയാത്തതിനാല്‍ ഇന്ത്യക്കാരായ പലരും ദ്വിഭാഷികളൊരുക്കുന്ന കെണിയില്‍ പെടുന്നത് സാധാരണ സംഭവമായ പശ്ചാത്തലത്തിലാണ് സി.ബി.എസ്.ഇ ഇത്തരമൊരു തീരുമാനം മുന്നോട്ടുവയ്ക്കുന്നത്.
ബോര്‍ഡിന്റെ തീരുമാനം സ്‌കൂളുകള്‍ ഉടനെ നടപ്പിലാക്കാനുള്ള സാധ്യത കുറവാണ്. ഇതിനാവശ്യമായ ഭൗതികസൗകര്യങ്ങളുടെയും അധ്യാപകരുടെയും കുറവു തന്നെയായിരിക്കും പ്രധാനവിഷയം. ചൈന ഇന്ത്യയുടെ മുഖ്യവാണിജ്യപങ്കാളിയായി മാറികഴിഞ്ഞാല്‍ ഭാഷാപരമായ അറിവില്ലായ്മ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുമെന്നുറപ്പാണ്. ഇപ്പോള്‍ ചൈനയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളില്‍ 14ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.
ഇന്നത്തെ പരിതസ്ഥിതിയില്‍ ചൈനീസ് സംസ്‌കാരവും ഭാഷയുമറിയാതെ അവിടെ വ്യാപാരം നടത്തുക അസാധ്യമാണ്. കരാറുകള്‍ക്കും ഇടപാടുകള്‍ക്കും നിയമങ്ങളുടെ ശക്തമായ പിന്തുണയുള്ള രാജ്യമല്ല ചൈന. ഇവിടെ വിശ്വാസം നേടണമെങ്കില്‍ ഭാഷ കൂടിയേ പറ്റൂ-എം.ഐ.ടി സ്ലോന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ യാഷെങ് ഹുവാങ് അഭിപ്രായപ്പെട്ടു.
ചൈനയില്‍ പ്രവര്‍ത്തനം നടത്തുന്ന ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ കാര്യം പരിശോധിക്കാം. 3000 ചൈനക്കാരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഈ യൂണിറ്റില്‍ നിന്നു മാത്രം കമ്പനിയുടെ ലാഭം 48 മില്യണ്‍ ഡോളറാണ്. ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള ഇന്ത്യന്‍ കമ്പനികളെല്ലാം തന്നെ ചൈനീസ് ഭാഷയെ പരിപോഷിപ്പിക്കുന്ന നിലപാടുകളുമായാണ് മുന്നോട്ടുപോവുന്നതെന്നതില്‍ നിന്ന് കാര്യങ്ങള്‍ ഏറെക്കുറെ മനസ്സിലാക്കാം.
ചൈന എന്നാല്‍ അടുത്ത അമേരിക്കയാണ്-ഇന്‍ഫോസിസ് ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗം മേധാവി മോഹന്‍ദാസ് പൈയുടെ വാക്കുകളാണിത്. ഇപ്പോള്‍ അമേരിക്ക സ്വപ്‌നം കാണുന്നവരെല്ലാം സമീപഭാവിയില്‍ ചൈനയിലേക്ക് ശ്രദ്ധതിരിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ദാരിന്‍ ലോകത്തെ ഒരു വലിയ വിഭാഗം സംസാരിക്കുന്ന ഭാഷയാണ്. അതിനെ തള്ളിക്കളയാന്‍ നമുക്കാവില്ല. ആറാം ക്ലാസു മുതല്‍ ചൈനീസ് ഭാഷ പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അമേരിക്കന്‍ സര്‍വകലാശാലകളില്‍ ചൈനീസ് ഭാഷ പഠിക്കാന്‍ ഇപ്പോള്‍ തിക്കും തിരക്കുമാണ് -വിദേശകാര്യമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന കടുത്ത നിയന്ത്രണങ്ങളെ അതി ജീവിച്ചാണ് ഇന്ത്യന്‍ കമ്പനികളുടെ പ്രകടനം. വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രമാണ് ചൈനയില്‍ വ്യാപാരം തുടങ്ങി രക്ഷപ്പെട്ടിട്ടുള്ളത്. പക്ഷേ, ഇതുകൊണ്ടൊന്നും ചൈനീസ് വിപണിയെ നമുക്ക് തള്ളിപ്പറയാനാവില്ല. കാരണം നാളെയും വിപണി ചൈനയും ഇന്ത്യയുമാണ്-ഈയിടെ ഒരു സെമിനാറില്‍ ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ എസ് ജയശങ്കറാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

Posted in Uncategorized

വിവരാവകാശനിയമം: അപേക്ഷ 250 വാക്കില്‍ ഒതുക്കണം

ന്യൂഡല്‍ഹി: വിവരാവകാശനിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ഒറ്റവിഷയത്തെ കുറിച്ചുള്ള 250 വാക്കുകളില്‍ ഒതുങ്ങുന്ന ഒന്നായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സാധ്യത. വിവരാവകാശനിയമഭേദഗതികളിലാണ് ഇതു സംബന്ധിച്ച ശുപാര്‍ശയുള്ളത്. അപേക്ഷ നല്‍കുന്ന ഓഫിസിന്റെയും അപേക്ഷകന്റെയും വിലാസം കൂടാതെയാണ് 250 വാക്കുകള്‍. കൂടാതെ വിവരങ്ങള്‍ നല്‍കുന്നതിന് ആവശ്യമായി വരുന്ന ചെലവ് അടയ്‌ക്കേണ്ട ബാധ്യത അപേക്ഷകന്റെതാണ്. ഈ ഭേദഗതികള്‍ക്കെതിരേ അഭിപ്രായം രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 27നു മുമ്പ് ustri-dovt@nic.in എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണം.
അപേക്ഷ 250 വാക്കുകളായി ഒതുക്കുന്നത് അറിയാനുള്ള അവകാശത്തെ തടസ്സപ്പെടുത്തുമെന്ന കാര്യം തീര്‍ച്ചയാണ്. ഒട്ടനവധി ചോദ്യങ്ങള്‍ ഒരുമിച്ച് ചോദിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. അത്തരം അപേക്ഷകര്‍ നിരസിക്കാനുള്ള അവകാശം ബന്ധപ്പെട്ട ഉദ്യോഗസ്ഥനുണ്ടു താനും. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള നിബന്ധനകളുടെ യാതൊരു ആവശ്യവുമില്ല-വിവരാവകാശപ്രവര്‍ത്തകനായ സുഭാഷ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.
ഇത് അപേക്ഷ തള്ളികളയാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുകയാണ് ചെയ്യുന്നത്. ഒരേ ചോദ്യം തന്നെ പല ഭാഷകളില്‍ പലരീതികളിലാണ് എഴുതുക. ചില ഭാഷകളില്‍ കാര്യം സമര്‍ഥിക്കാന്‍ കൂടുതല്‍ വാക്കുകള്‍ വേണ്ടി വരും. ഇതിന് സര്‍ക്കാര്‍ എങ്ങനെ പരിധി വക്കും-കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനിഷ്യേറ്റീവ് പ്രതിനിധി വെങ്കിടേഷ് നായക് പറഞ്ഞു.

Posted in Uncategorized

സെന്‍സെക്‌സ് 267 പോയിന്റും നിഫ്റ്റി 91 പോയിന്റും ഉയര്‍ന്നു

മുംബൈ: വ്യാവസായിക ഉല്‍പ്പാദന സൂചികയിലുണ്ടായ മുന്നേറ്റത്തില്‍ നിന്നു പ്രചോദനമുള്‍കൊണ്ട ഇന്ത്യന്‍ വിപണി നാലുദിവസത്തെ നഷ്ടത്തിനുശേഷം ഇന്നു ലാഭത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 266.53 പോയിന്റും നിഫ്റ്റി 90.85 പോയിന്റും മുന്നേറി യഥാക്രമം 19508.89ലും 5857.35ലും വില്‍പ്പന അവസാനിപ്പിച്ചു.
ഇന്‍ഡസ്ട്രിയല്‍ ഔട്ട്പുട്ട് ഗ്രോത്ത്(ഐ.ഐ.പി) കഴിഞ്ഞ മാസമുണ്ടായിരുന്ന 4.4 ശതമാനത്തില്‍ നിന്നു 10.8 ആയി ഉയര്‍ന്നു.
ഒരു സാമ്പത്തിക വ്യവസ്ഥയുടെ കരുത്തു തെളിയിക്കുന്ന അളവുകോലായിട്ടാണ് ഇന്‍ഡക്‌സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ ഔട്ട്പുട്ടിനെ കാണാറുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യബാങ്കായ ഐ.സി.ഐ.സി.ഐ 5.65 ശതമാനവും ജയപ്രകാശ് അസോസിയേറ്റ്‌സ് 4.6 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 3.58 ശതമാനവും റിലയന്‍സ് കമ്യൂണിക്കേഷന്‍ 3.10 ശതമാനവും എന്‍.ടി.പി.സി 2.59 ശതമാനവും ഉയര്‍ന്നു.
നേട്ടത്തിന്റെ ശതമാനക്കണക്ക് നോക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് എ.സി.സിയാണ്. ഒരു ദിവസം കൊണ്ട് 8.76 ശതമാനത്തിന്റെ വര്‍ധനവാണ് സിമന്റ് കമ്പനി നേടിയത്. ശ്രീ രേണുകാ ഷുഗേഴ്‌സ് 7.40 ശതമാനവും ഇന്ത്യന്‍ ഓവര്‍സീസ് 7.05 ശതമാനവും വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് 6.63 ശതമാനവും ബി.ജി.ആര്‍ എനര്‍ജി സിസ്റ്റം 6.33 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തി.
അതേ സമയം ഫണ്ട് വിവാദത്തില്‍ കുടുങ്ങിയ ഡി.ബി റിയാലിറ്റി ഇന്നും നഷ്ടത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലെത്തി. ബജാജ് ഓട്ടോ ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടാറ്റാ മോട്ടോര്‍സ് കമ്പനികള്‍ക്കാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത്.
ഐ.ഐ.പി വളര്‍ച്ചാനിരക്ക് ഇന്ത്യ ശരിയായ പാതയിലാണെന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. വിപണിയുടെ അടിസ്ഥാനപരമായ കാര്യങ്ങള്‍ ഏറെ കെട്ടുറപ്പുള്ളതാണെന്ന വിദഗ്ധരുടെ വിലയിരുത്തലിനെ സാധൂകരിക്കുന്നതാണ് റിപോര്‍ട്ടെങ്കിലും ചെറിയ ചെറിയ കാര്യങ്ങള്‍ക്കു പോലും വിപണി അമിത പ്രതികരണം കാണിക്കുന്നതിനു വിശദീകരണം നല്‍കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. അതേ സമയം മീഡിയം, ലോങ് ടേം നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വിപണിയില്‍ ആശങ്കപ്പെടാനൊന്നുമില്ല.
129.25ന് 1000 മണപ്പുറം ഓഹരികള്‍ വാങ്ങിയ ഒരാള്‍ക്ക് ഇന്ന് 137.50 ലെത്തിനില്‍ക്കുമ്പോള്‍ വിറ്റൊഴിവാക്കിയിരുന്നെങ്കില്‍ കളികൂടാതെ 7500ല്‍ അധികം രൂപ കിട്ടുമായിരുന്നു. പറഞ്ഞു വരുന്നത് നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. മണപ്പുറം ഇപ്പോള്‍(130.25) വാങ്ങി 160.00 എന്ന ടാര്‍ജറ്റിലും ടാറ്റാ സ്റ്റീല്‍ 618.10 രൂപയ്ക്ക് വാങ്ങി(640-675-700) എന്ന ടാര്‍ജറ്റുകളില്‍ വിറ്റൊഴിവാക്കാവുന്നതാണ്. ടാറ്റാ മോട്ടോര്‍സ്,ജയ്പ്രകാശ് അസോസിയേറ്റ്‌സ്(ടാര്‍ജറ്റ് 115) എന്നിവ വാങ്ങാന്‍ അനുയോജ്യമായ സമയമാണ്.
കുറച്ചുദിവസം കാത്തിരിക്കാന്‍(മാസങ്ങള്‍ വേണ്ട) തയ്യാറുള്ളവര്‍ക്ക് പറ്റിയ രണ്ട് ചെറുകിട ഓഹരികളാണ് അലോക് ഇന്‍ഡസ്ട്രീസും സൗത്ത് ഇന്ത്യന്‍ ബാങ്കും. അലോക് ഇന്‍ഡസ്ട്രീസ് 24.25 എന്ന ഇപ്പോഴത്തേ വിലയില്‍ വാങ്ങി 30 രൂപയെന്ന ടാര്‍ജറ്റിലും 24.05ലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് 28.25 എന്ന ടാര്‍ജറ്റിലും വിറ്റൊഴിവാക്കാവുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ അത് ഹോള്‍ഡ് ചെയ്യുന്നതിലും കുഴപ്പമില്ല. ബാങ്കിങ് മേഖലയില്‍ ഫെഡറല്‍ ബാങ്ക്, വിജയ ബാങ്ക്, ആക്‌സിസ് ബാങ്ക്, അലഹാബാദ് ബാങ്ക് എന്നിവയും വോള്‍ട്ടാസ്, സിപ്ല, ഹാവെല്‍സ്,വോക്കാര്‍ഡ്, വിഗാര്‍ഡ് തുടങ്ങിയ കമ്പനികളും ഇപ്പോഴത്തെ അവസ്ഥയില്‍ വാങ്ങാവുന്നതാണ്. യൂറോപ്യന്‍ മാര്‍ക്കറ്റും അമേരിക്കന്‍ മാര്‍ക്കറ്റും മറ്റു ഏഷ്യന്‍ വിപണികളും സമ്മിശ്രപ്രതികരണം പ്രകടിപ്പിക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ വിപണി മുന്നോട്ടു തന്നെ കുതിക്കുമെന്ന് നമുക്ക് ഉറപ്പിക്കാനാവില്ല. പക്ഷേ, ഡിസംബര്‍ മധ്യത്തോടെ വിപണി കൂടുതല്‍ കരുത്താര്‍ജിക്കാനുള്ള സാധ്യത കൂടുതലാണ്. ജനുവരി മുതല്‍ ഇന്ത്യന്‍ ബജറ്റ് വരെയുള്ള സമയവും പിന്നീട് ബജറ്റിനുശേഷവും വിപണി മുന്നോട്ടു തന്നെ സഞ്ചരിയ്ക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
Posted in Uncategorized

സെന്‍സെക്‌സില്‍ ആറുമാസത്തെ ഏറ്റവും വലിയ തകര്‍ച്ച

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും സപ്പോര്‍ട്ടീവ് തടയണകളെല്ലാം തട്ടിതകര്‍ത്ത് താഴേക്ക് പതിക്കുന്നു. മുംബൈ ഓഹരി സൂചികയില്‍ 454.12 പോയിന്റിന്റെയും ദേശീയ സൂചികയില്‍ 137.20 പോയിന്റിന്റെയും ഇടിവാണ് ഇന്നു ഒറ്റ ദിവസം കൊണ്ടുണ്ടായത്. സെന്‍സെക്: 19242.36, നിഫ്റ്റി: 5766.50
വിദേശഫണ്ടുകള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നു പിന്‍വലിക്കപ്പെടുമെന്ന ആശങ്ക, ചില സ്‌ക്രിപ്റ്റുകളുടെ വില്‍പ്പനയില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന റിപോര്‍ട്ടുകള്‍, മൊബൈല്‍ കുംഭകോണവുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിക്കുന്നത്, തുടര്‍ച്ചയായ തിരിച്ചടിയില്‍ മാര്‍ജിന്‍ നഷ്ടമാവുന്നത് എന്നിവയാണ് തകര്‍ച്ചയെ വിലയിരുത്തുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തുന്നത്.
വില്‍പ്പന ഇനിയും തുടരാനാണ് സാധ്യത. പ്രധാനപ്പെട്ട ഓഹരികളുടെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ലെവലുകളെല്ലാം പഴങ്കഥയായി കഴിഞ്ഞു. വിപണി തിരിച്ചുവരാന്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ കൂടിയെടുക്കും. ഈ പശ്ചാത്തലത്തില്‍ ദീര്‍ഘനിക്ഷേപത്തിന് താല്‍പ്പര്യമില്ലാത്ത ചെറുകിട നിക്ഷേപകര്‍ വിറ്റൊഴിയാനാണ് സാധ്യത. വില്‍പ്പന സമ്മര്‍ദ്ദത്തെ കൂടാതെ ഭക്ഷ്യസാധനങ്ങളിലുണ്ടായ വിലവര്‍ധനവും വിപണിയെ സ്വാധീനിച്ചു. ഇപ്പോഴത്തെ സ്ഥിതി വച്ച് 5400 വരെ നിഫ്റ്റി താഴേക്കു വന്നാലും അദ്ഭുതപ്പെടേണ്ടതില്ല. പക്ഷേ, ഈ തളര്‍ച്ചയ്ക്ക് കുറച്ചുദിവസം കൂടിയേ ആയുസുള്ളൂവെന്ന കാര്യത്തില്‍ സംശയമില്ല.
ഇന്ന് ഐ.ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍, ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, വിപ്രോ ലിമിറ്റഡ്, ഇന്‍ഫോസിസ് ടെക്‌നോ എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഹിന്ദ് ഓയില്‍ കോര്‍പ്പറേഷന്‍, പാന്റലൂണ്‍ റീട്ടെയില്‍, യൂകോ ബാങ്ക്, ഡിഷ് ടിവി, രാഷ്ട്രീയ കെമിക്കല്‍സ് ഓഹരികള്‍ക്കാണ് ഇന്നു ഏറ്റവും നഷ്ടമുണ്ടായത്. അതിനിടെ പുതിയ സാമ്പത്തിക അവലോകന റിപോര്‍ട്ടില്‍ കരുതല്‍ ധനാനുപാതത്തില്‍ ഒരു ശതമാനത്തിന്റെയെങ്കിലും കുറവുണ്ടാകുമെന്നാണ് ബാങ്കുകള്‍ കണക്കുകൂട്ടുന്നത്. ഇപ്പോള്‍ ലിക്വിഡിറ്റ് പൊസിഷന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് നീങ്ങുന്നത്.
വാങ്ങാവുന്ന ഓഹരികള്‍: ടാറ്റാ സ്റ്റീല്‍, മണപ്പുറം ഫിനാന്‍സ്, സെസാ ഗോവ, ടി.സി.എസ്, സണ്‍ ഫാര്‍മ,

Posted in Uncategorized

വിസയും ഡൗണ്‍, വിക്കിലീക്‌സിനെതിരേയുള്ള നടപടി സൈബര്‍ യുദ്ധത്തിലേക്ക്

ഭരണകൂട രഹസ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന വിക്കിലീക്‌സിനെ തടയിടാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം ഒരു കൂട്ടം ഹാക്കര്‍മാരുടെ ഷോക്ക് ട്രീറ്റ്‌മെന്റ്. ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡ് മേഖലയിലെ തലതൊട്ടപ്പന്മാരായ വിസ,മാസ്റ്റര്‍കാര്‍ഡ് എന്നിവരും ഈ ആക്രമണങ്ങളില്‍ ആടിയുലഞ്ഞുവെന്നതാണ് സത്യം. വിസ.കോം, സ്വിസ് ബാങ്ക് പോസ്റ്റ് ഫിനാന്‍സ് സൈറ്റുകള്‍ ഇപ്പോഴും ഡൗണാണ്.
മാസ്റ്റര്‍കാര്‍ഡ് വെബ്‌സൈറ്റ്, അമേരിക്കന്‍ സെനറ്റര്‍ ജോ ലീബര്‍മാന്‍, സാറാ പാളിന്‍, വിക്കിലീക്‌സ് മേധാവി ജൂലിയന്‍ അസാന്‍ജിനെതിരേ ഹാജരാവുന്ന അഭിഭാഷകന്റെയും പ്രോസിക്യൂട്ടറുടെയും സൈറ്റുകളും ഇതിനകം തകര്‍ത്തു കഴിഞ്ഞു. അതേ സമയം ട്വിറ്ററും ഫേസ് ബുക്കും ഈ ആക്രമണത്തില്‍ നിന്നു തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആമസോണിനും പേപാലിനുമെതിരേ നിരന്തരം ആക്രമണം നടന്നുകൊണ്ടിരിക്കുന്നുണ്ട്.

Posted in Uncategorized

അവര്‍ ചെയ്യുന്നതെന്ത്?


വൃശ്ചികമാസം തുടങ്ങികഴിഞ്ഞാല്‍ കറുപ്പുടുക്കല്‍ ഇന്നു സര്‍വസാധാരണമായിരിക്കുന്നു. (അതിനി ഏത് വ്രതകാലമായാലും)….എല്ലാരും പോണു മലയ്ക്ക് ഞാനും പോണു മലയ്ക്ക്…എന്ന മട്ടിലാണ് പലരുടെയും യാത്ര.ഇത്തരത്തില്‍ യാത്രയാവുന്ന ചിലരുടെ കാര്യം പറയാതെ വയ്യ..ഒരിക്കല്‍ കൂടി പറയട്ടെ ചിലരുടെ കാര്യം..
അതുവരെ എങ്ങനെ?


കറുപ്പുടുക്കുന്നതുവരെ തീര്‍ത്തും കുത്തഴിഞ്ഞ ജീവിതം നയിയ്ക്കുക..അതിനുശേഷം കുറച്ചുദിവസം രാവിലെ കുളിച്ച്…മീന്‍ കൂട്ടാതെ…അങ്ങനെ നടക്കുക. എന്നാല്‍ സിഗരറ്റ് വലിയോ,പാന്‍ തുടങ്ങിയ ദുശ്ശീലങ്ങളോ ഇവന്‍ മാറ്റിനിര്‍ത്തുന്നില്ല. മദ്യപിക്കാതിരിക്കുന്നത് അത് ഇതിലും വലിയ പാപമാണെന്ന ബോധം സമൂഹത്തിനുള്ളതുകൊണ്ട് ഭൂരിഭാഗവും അതിനു മുതിരുന്നില്ല. ഈ ഒരു കമേഴ്‌സ്യല്‍ ബ്രെയ്ക്ക് മാത്രമല്ലേ.. ഇതുകൊണ്ടു സാധിക്കുന്നുള്ളൂ..
തിരിച്ചുള്ളവരവ്
പലരും തിരിച്ചുവരുന്നത് കൈയില്‍ ഒരു മീന്‍പൊതിയും അന്തിക്കുള്ള കുപ്പിയുമായിട്ടാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കറുപ്പഴിക്കല്‍ ആഘോഷമാണ്. അവര്‍ പൂര്‍വാധികം ശക്തിയോടെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. നഷ്ടമായ കുറച്ചുദിവസങ്ങളെ മുതലും പലിശയും ചേര്‍ത്ത് മുതലാക്കിയെടുക്കുന്നു.
എവിടെയാണ് പിഴയ്ക്കുന്നത്
ആത്മീയത കച്ചവടമാകുമ്പോള്‍ അതുമായി ബന്ധപ്പെട്ട എല്ലാത്തിനും മൂല്യ തകര്‍ച്ച സംഭവിക്കും. വിശ്വാസം സൗകര്യത്തിനനുസരിച്ചാവും. പരമകാരുണ്യവാനോടുപോലും ഉപാധികളോടെയായിരിക്കും പ്രാര്‍ഥന. എനിക്ക് അതു കിട്ടിയാല്‍ ഞാനത് ചെയ്യാം…എന്നാണ് സര്‍വശക്തനോടും പോലും പറയുക. 41 ദിവസത്തെ ശാന്തമായ ജീവിതം മുന്നോട്ടുള്ള ദിവസങ്ങളില്‍ വഴിതെളിയിക്കാനുള്ള വെളിച്ചമായി മാറണം. സ്വാമിമാരെല്ലാം കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരാണെന്ന് ഞാന്‍ മുകളില്‍ പറഞ്ഞ ഒന്നും അര്‍ഥമാക്കുന്നില്ല. പക്ഷേ, ഇന്ന് വിശ്വാസം ഫാഷനായി മാറിയിരിക്കുന്നു. വിശ്വാസമാണ്(അതെന്തിലുമാവട്ടെ,,,കല്ലിലായാലും തൂണിലായാലും തുരുമ്പിലായാലും..അതൊരു ശൂന്യതയായാലും) എല്ലാം.. നല്ല വിശ്വാസം നല്ല ജനങ്ങളെ സൃഷ്ടിക്കും.. നല്ല ജനങ്ങള്‍ നല്ല സമൂഹത്തെയും നല്ല സമൂഹം നല്ല രാജ്യത്തെയും..വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളായിരിക്കുന്ന ഈ കാലത്ത് നമുക്ക് നല്ല വിശ്വാസികളാവാന്‍ ശ്രമിക്കാം.

Posted in Uncategorized

പെട്രോള്‍ വിലവര്‍ധന,ആഗോളവിപണികളിലെ തിരിച്ചടി, സെന്‍സെക്‌സ് ഇടിഞ്ഞു

മുംബൈ: പ്രധാനപ്പെട്ട സപ്പോര്‍ട്ടീവ് ലെവലുകളെല്ലാം തകര്‍ത്ത് ഇന്ത്യന്‍ ഓഹരി വിപണി താഴേക്ക് പോന്ന ദിവസമായിരുന്നു ഇന്ന്. ആഗോളവിപണികളിലെ മാന്ദ്യത്തിനൊപ്പം ഇന്ധനവില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയും ചേര്‍ന്നതോടെ സെന്‍സെക്‌സിലും നിഫ്റ്റിയിലും കടുത്ത സമ്മര്‍ദ്ദം പ്രകടമായി. രാവിലെ മുതല്‍ വിറ്റൊഴിവാക്കാനുള്ള പ്രവണത കൂടുതലായിരുന്നു. നിഫ്റ്റി 5878.60 വരെ താഴ്ന്നതിനുശേഷം 72.85 നഷ്ടത്തോടെ 5903.70ല്‍ കച്ചവടം നിര്‍ത്തി. സെന്‍സെക്‌സാവട്ടെ 19611.35വരെ ഇന്‍ട്രാഡേയില്‍ താഴ്‌ന്നെങ്കിലും നില അല്‍പ്പം മെച്ചപ്പെടുത്തി 238.16 നഷ്ടത്തോടെ 19696.48ലാണ് ക്ലോസ് ചെയ്തത്.
മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൂടാതെ മുന്‍ കേന്ദ്രമന്ത്രി എ രാജയുടെയും മറ്റു നാലു മുതിര്‍ന്ന ടെലികോം ഉദ്യോഗസ്ഥരുടെയും വീടുകളിലും ഓഫിസുകളിലും സി.ബി.ഐ നടത്തിയ റെയ്ഡും നാല് മിഡ്കാപ്പ് ഓഹരി വില്‍പ്പനയില്‍ ക്രമക്കേടുകളുണ്ടെന്ന റിപ്പോര്‍ട്ടുകളും വിപണിയെ സ്വാധീനിച്ചു.
റിയാലിറ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ബാങ്ക്, മെറ്റല്‍ ഓഹരികള്‍ക്ക് കാര്യമായ ക്ഷീണം സംഭവിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണി തിരുത്തലിന് വിധേയമായതില്‍ ആശങ്കപ്പെടേണ്ട എന്ന നിലപാട് വിദഗ്ധര്‍ക്കുള്ളത്.
റിയാലിറ്റി ഫണ്ടിങ് വിവാദം ചെറുകിട നിക്ഷേപകരെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. അവര്‍ വാങ്ങാന്‍ തയ്യാറാവാതെ ഓഹരികള്‍ വിറ്റൊഴിവാക്കുകയാണ്. അതേ സമയം വിപണിയുടെ അടിസ്ഥാന കാര്യങ്ങളില്‍ യാതൊരു മാറ്റവും സംഭവിക്കാത്തതുകൊണ്ട്. ഇത് വാങ്ങാനുള്ള അവസരമായി കാണാന്‍ നിക്ഷേപകര്‍ തയ്യാറാവണം-ഷെയര്‍ഖാന്റെ സുഹാസ് സാമന്ത് പറഞ്ഞു.
ഈ തലത്തില്‍ നിന്ന് ഇനി അധികമൊന്നും താഴേക്കു പോവാന്‍ വിപണിക്കാവില്ല. 5670 എന്നത് നല്ലൊരു സപ്പോര്‍ട്ടീവ് ലെവലാണ്. അതേ സമയം ഈ നഷ്ടത്തില്‍ നിന്ന് പെട്ടൊന്നൊരു ഉയര്‍ച്ചയും പ്രതീക്ഷിക്കാനാവില്ല, കാരണം ആഗോളതലത്തില്‍ അനുകൂല ഘടകങ്ങള്‍ കുറവാണ്-ജിയോജിത് പാരിബാസിന്റെ ഹോര്‍മുസ് അഭിപ്രായപ്പെട്ടു.
ഹിന്ദ് പെട്രോള്‍, പി ആന്റ് ജി, കാസ്‌ട്രോള്‍ ഇന്ത്യ, ഭാരത് പെട്രോളിയം, ടോറന്റ് പവര്‍ കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ഐ.ആര്‍.ബി ഇന്‍ഫ്ര, ശ്രീ രേണുകാ ഷുഗേഴ്‌സ്, അലഹാബാദ് ബാങ്ക്, ജെയിന്‍ ഇറിഗേഷന്‍, ശ്രീരാം ട്രാന്‍സ് എന്നീ കമ്പനികളുടെ മൂല്യത്തില്‍ ഇന്നു കാര്യമായ കുറവുണ്ടായി.
വാങ്ങാവുന്ന ഓഹരികള്‍: ഇന്ത്യന്‍ ബാങ്ക്, എംഫസിസ്, വിപ്രോ, രേണുകാ ഷുഗേഴ്‌സ്, എസ്സാര്‍ ഓയില്‍, വിഗാര്‍ഡ്, ഐ.ടി.സി നവീന്‍ ഫ്‌ളോറിങ്‌സ്.

Posted in Uncategorized