ഇന്ത്യക്ക് ഇന്റര്‍നെറ്റിനെ സെന്‍സര്‍ ചെയ്യാനാവില്ല

ഇന്റര്‍നെറ്റിനെയും സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളെയും മൂക്കുകയറിടുമെന്ന് മന്ത്രി കപില്‍ സിബല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് നടക്കുന്ന കാര്യമല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വാസ്തവത്തില്‍ പരമ്പരാഗത മാധ്യമങ്ങള്‍ക്കൊപ്പം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംവിധാനങ്ങളെയും കൂട്ടികുഴച്ചതാണ് മന്ത്രിക്കു പറ്റിയ തെറ്റ്.

ഫേസ്ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസും എന്തു ചെയ്യണമെന്നാണ് കപില്‍ സിബല്‍ പറയുന്നത്. ഓരോരുത്തരും പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ വായിച്ചുനോക്കി യോജിച്ചതാണെങ്കില്‍ മാത്രം പ്രസിദ്ധീകരിക്കുകയോ? കോടിക്കണക്കിന് ട്വീറ്റുകളും കമന്റുകളും പോസ്റ്റുകളുമാണ് ഓരോ ദിവസവും ഇന്റര്‍നെറ്റിലൂടെ ഇന്ത്യയില്‍ നിന്നു മാത്രം പ്രവഹിക്കുന്നത്.

ഇതിനെ മോശമായി ഉപയോഗപ്പെടുന്നതിനെതിരേ ബോധവല്‍കരണം നടത്താം. തെറ്റു ചെയ്യുന്ന ചിലരെ മാതൃകാപരമായി ശിക്ഷിച്ച് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാം. ഇതില്‍ കൂടുതലൊന്നും സര്‍ക്കാറിന് ചെയ്യാനാവില്ല. കാരണം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ എഡിറ്റര്‍ എന്ന റോള്‍ ഇല്ല. കുറ്റ ചെയ്ത ഒന്നരക്കോടി ആളുകളെ സര്‍ക്കാര്‍ എന്തു ചെയ്യും. ഈ കമന്റുകളെല്ലാം വെട്ടിയൊഴിവാക്കാമെന്നുവെച്ചാല്‍ ഇവ ഹോസ്റ്റ് ചെയ്തിട്ടുള്ള സെര്‍വറുകളെല്ലാം തന്നെ ഇന്ത്യയുടെ നിയമപരിധിക്കുള്ളിലല്ല ഉള്ളത്.

ഇനി സൗദി അറേബ്യയും പാകിസ്താനും ചൈനയും മ്യാന്‍മാറും ചെയ്യുന്നതുപോലെ വാക്കുകള്‍ക്കും ചിത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയാല്‍ അതും ഇന്ത്യയെ പോലൊരു രാജ്യത്ത് നടപ്പില്‍ വരുത്തുക ബുദ്ധിമുട്ടായിരിക്കും. മലയാളത്തിനെയും കന്നഡയെയും ഫലപ്രദമായി വിവര്‍ത്തനം ചെയ്യാനാവാതെ ഗൂഗിള്‍ ഇപ്പോഴും വെള്ളം കുടിക്കുകയാണ്. എത്ര ഭാഷകള്‍, എത്ര വാക്കുകള്‍, എത്ര സംസ്‌കാരങ്ങള്‍..അത്രയും വാക്കുകള്‍ ബ്ലോക്ക് ചെയ്യുന്നതിനേക്കാള്‍ ഇന്ത്യയില്‍ സേവനം വേണ്ടയെന്ന് കമ്പനികള്‍ തീരുമാനിക്കാനാണ് സാധ്യത.

ഭീഷണി, മൊബൈല്‍ കമ്പനി ഉടമയെ അറസ്റ്റ് ചെയ്യുമോ?

ആളുകള്‍ പോസ്റ്റ് ചെയ്യുന്ന കാര്യം ഉടന്‍ പ്രസിദ്ധീകരിക്കപ്പെടുന്നതു കൊണ്ടും അതിനുള്ള മറുപടി ഉടന്‍ ലഭിക്കുന്നതുകൊണ്ടുമാണ് സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളെ ആളുകള്‍ ഇഷ്ടപ്പെടുന്നത്. ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ച് അതിനുള്ള കമന്റ് ഒരാഴ്ച കഴിഞ്ഞ് പ്രസിദ്ധീകരിക്കുകയും ആ കമന്റിനുള്ള കമന്റ് അതിനടുത്താഴ്ച പ്രസിദ്ധീകരിക്കുകയും ചെയ്യുക. ഇതൊന്നും നടക്കുന്ന കാര്യമല്ല.

മറ്റൊരു രീതിയില്‍ ചിന്തിക്കാം. ഒരു മൊബൈല്‍ ഫോണില്‍ ഒരാള്‍ വിളിച്ചു വധഭീഷണി മുഴക്കിയാല്‍ മൊബൈല്‍ കമ്പനി ഉടമയെ പോലിസ് അറസ്റ്റ് ചെയ്യുമോ? ഇത്തരം കോളുകള്‍ വിളിക്കാതിരിക്കാന്‍ ഇനി മുതല്‍ എല്ലാ കോളുകളും പരിശോധിച്ചതിനുശേഷം കണക്ട് ചെയ്താല്‍ മതിയെന്ന് പറഞ്ഞാല്‍ സമ്മതിക്കുമോ? നോക്കിയാ ഫോണില്‍ നിന്നാണ് വിളിച്ചതെങ്കില്‍ നോക്കിയ ഫോണ്‍ നിരോധിക്കുമോ?

മൊബൈല്‍ കമ്പനി പോലിസിന്റെ അന്വേഷണത്തെ സഹായിക്കും. വിളിച്ച നമ്പറിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറും. ഇത്തരത്തില്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ഇപ്പോള്‍ പോലിസിന്റെ സൈബര്‍ സെല്ലിനെ സഹായിക്കുന്നുണ്ട്. ഈ മേഖലയില്‍ സര്‍ക്കാറിന് കൂടുതല്‍ സഹകരണം ആവശ്യപ്പെടാവുന്നതാണ്. തീര്‍ച്ചയായും ഒരാളുടെ ഫോണില്‍ നിന്ന് ബോംബ് ഭീഷണിയോ വധഭീഷണിയോ നടത്താന്‍ അയാള്‍ അനുവദിക്കില്ല. കാരണം അതുകൊണ്ടുള്ള ബുദ്ധിമുട്ട് എന്താണെന്ന് അയാള്‍ക്കറിയാം.

വിക്കിപീഡിയ ഒരു നല്ല ഉദാഹരണം

ആവശ്യക്കാര്‍ ഓണ്‍ലൈനില്‍ ഉണ്ടാക്കിയെടുത്ത ഒരു എന്‍സൈക്ലോപീഡിയ തന്നെയാണ് വിക്കിപീഡിയ. ഇതിലേക്കുള്ള കാര്യങ്ങള്‍ അപ് ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കും. എന്നിട്ടും കാര്യങ്ങള്‍ സമഗ്രവും വസ്തുതാപരവുമായി മനസ്സിലാക്കുന്നത് ആളുകള്‍ ഏറ്റവും ആശ്രയിക്കുന്ന ഒന്നായി വിക്കി പീഡിയ വളര്‍ന്നുകഴിഞ്ഞു. എന്തുകൊണ്ട്?

ഉത്തരം വളരെ ലളിതമാണ്. തെറ്റായ എന്തെങ്കിലും നിങ്ങള്‍ അപ് ചെയ്താല്‍ മറ്റാരെങ്കിലും വന്ന് അത് ശരിയാക്കി വയ്ക്കും. ഈ ഒരു നിലപാട് തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലും നടപ്പിലാക്കാവുന്നതാണ്.

തെറ്റായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണം. വേണെങ്കില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഒരു സര്‍ക്കാര്‍ സംവിധാനവും ഉണ്ടാക്കാവുന്നതാണ്. അതിനര്‍ത്ഥം സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാം ഓണ്‍ലൈന്‍ ആക്ടിവിറ്റികളും ബ്ലോക്ക് ചെയ്യണമെന്നല്ല. പ്രശ്‌നക്കാരെ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന ബോധമുണ്ടാക്കാന്‍ വേണ്ടി മാത്രമാണിത്.

കൂടാതെ കൂടുതല്‍ പേര്‍ ബ്ലോക്ക് അല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ പരിശോധിക്കാനുള്ള ഒരു സംവിധാനം സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ക്കും സ്വീകരിക്കാവുന്നതാണ്. പക്ഷേ, ഓട്ടോമാറ്റിക്കായി ഇത് സെറ്റ് ചെയ്യുന്നത് അപകടരമാണ്. കാരണം ഭരിയ്ക്കുന്ന പാര്‍ട്ടിക്കെതിരേയുള്ള ജനവികാരം സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ പരക്കുമ്പോള്‍ ഈ ഓട്ടോമാറ്റിക് ടൂളുകള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്

this article published in oneindia

http://malayalam.oneindia.in/news/2011/12/07/india-censor-internet-not-traditional-media-1-aid0178.html