എപ്പോഴും നമ്മൾ നമ്മളായിരിക്കുന്നതാണ് നല്ലതെന്ന് എന്നെ ബോധ്യപ്പെടുത്തിയ വർഷമായിരുന്നു കഴിഞ്ഞു പോയത്. തീർച്ചയായും പുതിയ വർഷത്തെ കുറിച്ച് പ്ലാൻ ചെയ്യുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യമെത്തുന്നതും ഈ ചിന്തയാണ്.
ലക്ഷ്യത്തിലേക്കെത്തുവാൻ മനസ്സിനെയും ശരീരത്തെയും പ്രാപ്തമാക്കുകയെന്നതാണ് ഓരോ പ്ലാനിങും കൊണ്ടും നമ്മൾ അർത്ഥമാക്കുന്നത്. ഇതിനർത്ഥം ജനുവരി ഒന്നുമുതൽ പുതിയൊരു ഭക്ഷണരീതിയും വ്യായാമവും എല്ലാം പൊളിച്ചടുക്കുന്ന മാറ്റങ്ങളും കൊണ്ടുവരുമെന്നല്ല. ഒന്നാം തിയ്യതി മാത്രം തുടങ്ങുന്ന തീരുമാനങ്ങളിലുള്ള വിശ്വാസം പണ്ടേ നഷ്ടപ്പെട്ടതാണ്. അതിൽ വലിയ കാര്യവുമില്ല.
സാധിക്കുമെന്ന് ഉറപ്പുള്ള ചെറിയ ചില ക്രമീകരണങ്ങൾ മാത്രമാണ് ഇത്തവണ ന്യൂ ഇയർ റസല്യൂഷൻ എന്ന രീതിയിൽ ആലോചിക്കുന്നത്. ജെയിംസ് ക്ലിയർ എഴുതിയ ആറ്റോമിക് ഹാബിറ്റ്സ് എന്ന പുസ്തകം വായിച്ചു തുടങ്ങിയതു മുതലാണ് ശീലങ്ങളിൽ വിശ്വസിച്ചു തുടങ്ങിയത്. എന്തൊക്കെ മേഖലകളിലാണ് മാറ്റങ്ങൾ വരേണ്ടത്?
സോഷ്യൽ ലൈഫ്: ജോലിയും അതുമായി ബന്ധപ്പെട്ട ചിന്തകളും മാത്രമായി മുന്നോട്ടു പോകുന്നത് മിസ്സാക്കുന്ന ഒരു സോഷ്യൽ ലൈഫുണ്ട്. പുതിയ വർഷം മുതൽ അത് തിരിച്ചു പിടിയ്ക്കാനാകുന്നതെല്ലാം ചെയ്യണം. അവർ എനിക്ക് പറ്റിയ കമ്പനിയല്ല അല്ലെങ്കിൽ ഞാനവർക്ക് പറ്റിയ കമ്പനിയല്ല എന്നതിനു പകരം അവരോടൊപ്പം ചേർന്ന് അവർക്ക് മാച്ചായ ഫ്രീക്വൻസി സർക്കിളുകൾ ഉണ്ടാക്കാൻ ശ്രമിക്കണമെന്ന് ആഗ്രഹിക്കുന്നു.
ഒരേ വേവ് ലെങ്ത് എല്ലായിടത്തും വേണമെന്ന് വാശിപിടിയ്ക്കുന്നതിനു പകരം, വ്യത്യസ്ത ഫ്രീക്വൻസിയിൽ പ്ലേ ചെയ്യാൻ മനസ്സിനെ പ്രാപ്തമാക്കേണ്ടതുണ്ട്. അനാവശ്യമായ മതിൽക്കെട്ടുകൾ സമ്മർദ്ദം ഉണ്ടാക്കാനുള്ള മൂലധനം മാത്രമാണെന്ന തിരിച്ചറിവിനെ അംഗീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷവും ഇത് റസല്യൂഷനിൽ ഉണ്ടായിരുന്നു. കാര്യമായ പുരോഗതിയുണ്ടായില്ല. ചില ക്ലബ്ബുകളുടെയോ അസോസിയേഷനുകളുടെയോ സംഘടനകളുടെയോ ഭാഗമാകാനുള്ള സാധ്യത പരിശോധിക്കേണ്ടതുണ്ട്.
തൊഴിൽ: ജോലി ചെയ്യാൻ വേണ്ടി ജീവിയ്ക്കുകയെന്നതിനു പകരം ജീവിയ്ക്കാൻ വേണ്ടി ജോലി ചെയ്യുകയെന്ന മുദ്രവാക്യത്തിലേക്ക് മാറിയേ പറ്റൂ. അതേ സമയം അതിനു വേണ്ടി, തനദ് ശൈലി കോംപ്രമൈസ് ചെയ്യേണ്ടതില്ല. സൗഹൃദവും ബിസിനസ്സും കൂട്ടികുഴയ്ക്കേണ്ട കാര്യമില്ല. രണ്ടിനെയും വേർതിരിച്ചു കാണാനാകാത്ത സാഹചര്യം വന്നാൽ ഏതെങ്കിലും ഒന്നു മാത്രം ഓപ്റ്റ് ചെയ്യുന്ന രീതിയിലേക്ക് പോകേണ്ടതുണ്ട്. അത് മാനസിക സമ്മർദ്ദം കുറയ്ക്കും.
രണ്ടിലൊന്ന് ഓപ്റ്റ് ചെയ്യാൻ പറ്റിയില്ലെങ്കില് രണ്ടിനെയും റിജക്ട് ചെയ്യാൻ മനസ്സിനെ പ്രാപ്തമാക്കണം. ഇവിടെ കോംപ്രമൈസ് വേണ്ട. സൗഹൃദം കൊണ്ട് ഒരിക്കലും ബിസിനസ് റൺ ചെയ്യിക്കില്ലെന്ന പ്രഖ്യാപിത നിലപാട് തുടരും. സിസ്റ്റമാണ് വർക്ക് ചെയ്യേണ്ടത്. എന്നാൽ സിസ്റ്റമാണ് എല്ലാത്തിനും വലുതെന്ന ചിന്തയിൽ കോംപ്രമൈസ് ചെയ്യേണ്ടതുണ്ട്. കൃത്യമായ പറഞ്ഞാൽ സിസ്റ്റത്തിലും സ്നേഹത്തിലും വിശ്വസിക്കുന്ന 2018വരെയുണ്ടായിരുന്ന സ്വന്തം തൊഴിൽ സങ്കൽപ്പത്തിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നു.
സാമ്പത്തികം: ജീവിതത്തിൽ അതിവേഗം തീരുമാനമെടുക്കുന്നതാണ് രീതി. പലപ്പോഴും അത്തരം തീരുമാനങ്ങൾ തെറ്റാറുമില്ല. അതേ സമയം ഏതെങ്കിലും പാഷന്റെയോ ആവേശത്തിന്റെയോ പുറത്തെടുക്കുന്ന തീരുമാനങ്ങളിൽ ഇത്തിരി വേഗത കൂടിപോയല്ലോ എന്ന് പിന്നീട് ചിന്തിക്കാറുണ്ട് . പുതിയ വർഷത്തിൽ വ്യക്തമായ പ്ലാനിങ് വേണ്ട മേഖലയാണ് സാമ്പത്തികം. ആവശ്യവും അത്യാവശ്യവും വേർതിരിച്ചറിയേണ്ടതുണ്ട്. പർച്ചേസിങ് രീതി മുതൽ മാറ്റം വരുത്തേണ്ടതുണ്ട്. സേവിങ്സ് രീതികളിലും പരിഷ്കാരങ്ങൾ വേണം. ഏകദേശ രൂപരേഖ മനസ്സിലുണ്ട്. അതിനെ ശീലത്തിലേക്ക് കൺവെർട്ട് ചെയ്യുക മാത്രമേ വേണ്ടി വരൂ.
വാല്യുബിൾ ടൈം: കുട്ടികൾ വലുതായതിനു ശേഷം അവരുടെ വാല്യുബിൾ സമയം അവർ തന്നെ ഉണ്ടാക്കിയെടുത്തു തുടങ്ങിയിട്ടുണ്ട്. അവർക്കും അഭിപ്രായങ്ങളുണ്ട്. നിർദ്ദേശങ്ങളുണ്ട്. അതുകൊണ്ട് 2023ൽ ഈ മേഖലയെ കുറിച്ച് വലിയ ആശങ്ക വേണ്ടി വരില്ലെന്നാണ് തോന്നുന്നത്. ഫാമിലി ടൈം ഉണ്ടാകും.
അതേ സമയം, യാത്രയെന്നത് ഒരു പാഷനാണ്. ഫാമിലിക്കൊപ്പമുള്ള യാത്രകൾക്ക് പരിമിതിയുണ്ട്. (എല്ലാം ശരിയായി യാത്ര നടക്കുക അപൂർവമായാണ്). ഒറ്റയ്ക്കോ നേരത്തെ പറഞ്ഞ സർക്കിളുകളുടെ ഭാഗമായോ കൂടുതൽ യാത്രകൾ നടത്തേണ്ടതുണ്ട്. ഓൺ ലൈനിൽ നിന്നു വിട്ടു നിൽക്കുന്ന യാത്രകളാണ് എന്നെ പലപ്പോഴും ഞാൻ ഇഷ്ടപ്പെടുന്ന ഞാനാക്കി മാറ്റാറുള്ളത്.
വായന: കഴിഞ്ഞ വർഷവും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. തൊട്ടുമുമ്പത്തെ വർഷത്തേക്കാളും ഏറെ മെച്ചപ്പെട്ടതായിരുന്നു. അതിനേക്കാൾ നേട്ടം പുതിയ വർഷത്തിൽ ഉണ്ടാക്കണം.
വ്യായാമം: ജിമ്മിൽ പോവുകയെന്നൊന്നും വെറുതെ കമ്മിറ്റ് ചെയ്യുന്നില്ല. എന്നെ കൊണ്ട് നടക്കില്ല. അതേ സമയം രണ്ടു കാര്യങ്ങൾ ചെയ്യാൻ ഇഷ്ടമാണ്. നടത്തം, ബാഡ്മിൻറൺ. ഇതിനുള്ള സാധ്യതകൾ പരിശോധിക്കും. വൈകുന്നേരത്തെ നടത്തം പ്രജിയ്ക്കുള്ള വാല്യുബിൾ സമയമായി കൺവെർട്ട് ചെയ്യാൻ ശ്രമിക്കും. അവൾക്കും ഒരു ആക്ടിവിറ്റിയാകുമല്ലോ?
എന്നെ അടുത്ത് അറിയുന്ന എല്ലാവർക്കും അറിയുന്നതാണ് എന്റെ സ്വപ്നം. ഒരു നല്ല ഐടി കമ്പനി കെട്ടിപ്പടുക്കുക. അതിനു കീഴിൽ ഏറ്റവും ഉപകാരപ്രദമായ രണ്ടോ മുന്നോ പ്രൊഡക്ടുകൾ ഉണ്ടായിരിക്കുക. ഒരു ഡിജിറ്റൽ മീഡിയ കൺസൾട്ടന്റായിരിക്കുക. ഈ ലക്ഷ്യത്തിനുവേണ്ടി 2023ൽ എന്തൊക്കെ ചെയ്യാനാകുമെന്ന് നോക്കണം. കമ്പനിയെല്ലാം എത്രയോ കൊല്ലമായി ആക്ടീവാണ്. പ്രജിയ്ക്കുള്ള പോക്കറ്റ് മണി കിട്ടുന്നതു അതിൽ നിന്നാണ്. എന്നാൽ അതിനെ കുടുംബത്തിന്റെ മുഖ്യവരുമാനമാർഗ്ഗമാക്കാനുള്ള കോൺഫിഡൻസ് നേടിയെടുക്കുക അത്ര എളുപ്പമല്ല. ഫുൾ ടൈം അതിൽ ശ്രദ്ധിക്കണം. അതു നിലവിലുള്ള സാഹചര്യത്തിൽ റിസ്കാണ്. എങ്കിലും പണി പോയാലും വലിയ ടെൻഷനില്ലാതെ ജീവിയ്ക്കാനാകുമെന്നതിന്റെ കോൺഫിഡൻസ് കൂടിയാണത്. എല്ലാവർക്കും പുതുവർഷാശംസകൾ.