ശബരിമല: കയറുന്നവര്‍ കയറട്ടേന്ന്..നിങ്ങള്‍ക്കെന്താ?

സ്ത്രീകള്‍ അന്പലത്തില്‍ പോകണം.
സ്ത്രീകള്‍ അന്പലത്തില്‍ പോകുന്നില്ലേ?
സ്ത്രീകള്‍ അയ്യപ്പാ ക്ഷേത്രത്തില്‍ പോകണം
സ്ത്രീകള്‍ അയ്യപ്പാ ക്ഷേത്രത്തില്‍ പോകുന്നില്ലേ?
വിധിയെ സ്വാഗതം ചെയ്യുന്നു. അതില്‍ പുതുതായി
ഒന്നുമില്ല. ശബരിമലയിലെ നിലവിലുള്ള ചിട്ടവട്ടങ്ങളില്‍
വിശ്വസിക്കുന്നവര്‍ ഇനിയും മലചവിട്ടില്ല. സമയമെടുക്കും.

അതേ സമയം,
ഇത് ലിംഗവിവേചനമാണെന്ന് ചിന്തിക്കുന്നവര്‍
തീര്‍ച്ചയായും മലകയറാന്‍ ശ്രമിക്കും. അവരെ തടയേണ്ട
കാര്യമൊന്നും ഇല്ല. അധികപേര്‍ കാണില്ല.
ചെല്ലുന്നവര്‍ക്ക് ഭക്തന്മാര്‍ ‘സ്വീകരണം’
നല്‍കാനുള്ള സാധ്യതയും ഉണ്ട്.
41 ദിവസം വ്രതമെടുത്ത്
വരുന്നവര്‍ക്ക് മാത്രമേ 18ാം പടി കയറാനാകൂ.
അതും തെളിയിക്കാനാകുന്നതല്ല. അതുകൊണ്ട്
ഇതെല്ലാം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്.
ആചാരങ്ങള്‍ പാലിക്കാതെ എത്തുന്നവര്‍
ശരിയ്ക്കും ടൂറിസ്റ്റുകളാണ്. കഴിഞ്ഞ തവണ
മലചവിട്ടിയത് ആറു കോടി പേരാണ്.
വരുമാനം 255 കോടിയും.

കയറുന്നവര്‍ കയറട്ടെ. അന്പലങ്ങളില്‍ മുണ്ടുടുക്കണം. ഷര്‍ട്ടൂരണം,
സാരിയുടുക്കണം. ഇതെല്ലാം ഒന്നു മാറി കിട്ടിയാല്‍
നന്നായിരുന്നു.. ആചാരങ്ങള്‍, വിശ്വാസം ഇവയുടെ
പ്യൂരിറ്റി ആര്‍ക്കും നിശ്ചയിക്കാനാകില്ല. അതു
കാലഘട്ടങ്ങളായി മാറ്റപ്പെടുന്നതാണ്. അതാണല്ലോ
സെമിറ്റിക് മതങ്ങളും ഹിന്ദു ജീവിതരീതിയും തമ്മിലുള്ള
വ്യത്യാസവും. മാറേണ്ടത് മാറണം. അതേ സമയം
ഇതൊന്നും നിയമം മൂലം മാറ്റുക അത്ര എളുപ്പമല്ല. അല്ലെങ്കില്‍ അതൊരു വന്‍ ഭൂരിപക്ഷത്തിന്റെ ആവശ്യമായിരിക്കണം.

Work From Home: ഇനിയും മാറാത്ത മലയാളി മനസ്സുകള്‍

പത്തുവര്‍ഷങ്ങള്‍ മുമ്പ് ഒരു പത്രത്തിന്റെ വെബ് എഡിറ്റര്‍ ജോലി ചെയ്യുന്ന കാലം. (ഡോട്ട് കോം ബൂമിന്റെ കാലത്ത് തലയില്‍ കയറി പോയ ഒരു പാഷനായിരുന്നു വെബ് ) കോര്‍ഡിനേറ്റിങ് എഡിറ്ററുടെ ജോലി വേണ്ടെന്ന് വെച്ച് എഡിറ്ററോട് ചോദിച്ചുവാങ്ങിയതായിരുന്നു ഈ പോസ്റ്റ്. പകലും രാത്രിയും ഓണ്‍ലൈനില്‍ വേണം. പലപ്പോഴും വീട്ടില്‍ നിന്നായിരുന്നു  വര്‍ക്ക്.

പതുക്കെ ഓരോരുത്തരായി വരാന്‍ തുടങ്ങും. ”അല്ലാ മോന് പണിയൊന്നും ഇല്ല അല്ലേ.. ഫുള്‍ ടൈം വീട്ടില്‍ കാണും. കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു.’.. ഒന്നു രണ്ടു പേരോട് അമ്മ പറഞ്ഞു, ”അവന്‍ വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. എല്ലാം കംപ്യുട്ടറിലാണ് ചെയ്യേണ്ടത്.”.

”അപ്പോ അവന് പത്രത്തിലോ ജോലി പോയോ? എത്ര ശമ്പളം കിട്ടും?”, ഇതായിരിക്കും അടുത്ത ചോദ്യം. ഒരു ദിവസം സഹിക്കെട്ട് അമ്മ എന്നോട് പറഞ്ഞൂ. ” മോനെ, ചുറ്റുവട്ടത്തുള്ളവരെല്ലാം പലതും പറയുന്നു. നിനക്ക് ഈ പണി ഓഫിസിയില്‍ പോയി എടുത്തൂടെ”. ഒരു പക്ഷേ, അതു പറയാന്‍ അമ്മ ഏറെ ആലോചിച്ചിട്ടുണ്ടാകും. കാരണം നാട്ടുകാരല്ല എനിക്ക് ചെലവിനു തരുന്നതെന്ന ആദ്യ ഡയലോഗ് എന്റെ അടുത്തു നിന്നുണ്ടാകും. ഞാനൊന്നും മിണ്ടിയില്ല. നമ്മുടെതായ ഒരു സംവിധാനമുണ്ടാക്കി അവിടേക്ക് മാറി. വര്‍ഷങ്ങള്‍ ഏറെ പോയിട്ടും ഈ ഓണ്‍ലൈന്‍ പരിപാടി അങ്ങോട്ട് ആളുകള്‍ക്ക് ദഹിച്ചുവരുന്നില്ലെന്നാണ് മനസ്സിലാകുന്നത്.

വാല്‍ക്കഷണം: വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന സബ് എഡിറ്ററോട് ”നീ വെറുതെ കംപ്യൂട്ടറിന് മുന്നിലിരുന്ന് കൊട്ടാതെ പോയി പാലു വാങ്ങി വാ..വരുമ്പോ ആ പലചരക്കുകടയില്‍ നിന്ന് ഈ സാധനങ്ങളും കൂടി വാങ്ങിക്കോ” എന്നു പറയുന്ന രീതിയിലാണ് വീട്ടുകാരും നാട്ടുകാരും. ”രാവിലെ തന്നെ ഹാര്‍മോണിയ പെട്ടിയും തുറന്നു തുടങ്ങും നിനക്കൊന്നും വേറെ പണിയില്ലെടാ” Prajitha Shinod ഇവളായതുകൊണ്ട് വലിയ കുഴപ്പമില്ലാതെ ജീവിച്ചു പോകുന്നു..