ഡിങ്കന്‍ അവരെ രക്ഷിക്കുമോ? മായാവിയെ കുട്ടൂസന്‍ പിടിയ്ക്കുമോ? കപീഷ് വാലു നീട്ടുമോ? പൂച്ച പോലിസ് കേസ് തെളിയിക്കുമോ? ഇത്തരം ടെന്‍ഷനുകളൊക്കെ നിറഞ്ഞതായിരുന്നു നമ്മുടെ കുട്ടിക്കാലം…പക്ഷേ, അവിടെ വായന എന്ന പ്രക്രിയ ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോഴോ? ചന്ദനമഴയിലെ അമൃതയ്ക്ക് ഭര്‍ത്താവിനെ കിട്ടുമോ? തട്ടികൊണ്ടു പോകല്‍, മോഷണം, പാരവെപ്പ്, അമ്മായിമ്മ പോര്, ദേഷ്യം, പക…… കൊച്ചു മക്കളുടെ പോലും ചിന്ത ഇത്തരം കാര്യങ്ങളിലാണ്. കുശുന്പും കുന്നായ്മയും പ്രതികാരവുമാണ് അവര്‍ ദിവസവും കണ്ടു വരുന്നത്. അതും തീര്‍ത്തും ഏകപക്ഷീയമായി അവരുടെ മനസ്സിലേക്ക് ഇറങ്ങി ചെല്ലുകയാണ്.
വാസ്തവത്തില്‍ വളര്‍ന്നു വരുന്ന പുതിയ തലമുറ അങ്ങേയറ്റം അപകടകരമായ മാനസികാവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഇതാണ് ജീവിതമെന്നാണ് അവര്‍ മനസ്സിലാക്കി വെയ്ക്കുന്നത്. അതാണ് അവരുടെ മനസ്സില്‍ ഉറച്ചു പോകുന്നത്. അതേ സമയം മക്കളെ എന്‍ജിനീയറും ഡോക്ടറുമാക്കാനുള്ള തിരക്കില്‍ പുറംലോകവുമായുള്ള ഇന്‍ട്രാക്ഷന്‍ പരിപൂര്‍ണമായി കൊട്ടിയടയ്ക്കുകയും ചെയ്യും.
ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് വീട്ടിലെ പ്രായമായവരാണ്.. കാരണം, ഒരു പക്ഷേ, അവര്‍ ഇക്കാര്യത്തില്‍ കുട്ടികളേക്കാള്‍ സീരിയസ്സാണ്.. അവരറിയുന്നില്ല..ഇത് വരാനിരിക്കുന്ന തലമുറയെ മാറ്റി മറിയ്ക്കുന്നുണ്ട്.. നാളെ അവരെയും നിങ്ങളെയും തന്നെയാണ് ഇത് തിരിഞ്ഞു കൊത്താന്‍ തുടങ്ങുന്നത്. മുതിര്‍ന്നവര്‍ സീരിയല്‍ കാണുന്നത് അത്ര വലിയ പാതകമല്ല, പക്ഷേ, കുട്ടികളെ മടിയിലിരുത്തി കാണാതിരിക്കാന്‍ ശ്രമിക്കുക.
മോദി ആദിവാസി-ദളിത് കുട്ടികളുടെ മരണനിരക്കിനെ സോമാലിയയോട് താരതമ്യം ചെയ്തത് ഇത്തിരി കൂടി പോയെന്ന് എല്ലാവര്‍ക്കുമറിയാം. ഇത് ഇങ്ങനെ വേര്‍തിരിച്ചു പറയാതെ ഉമ്മന്‍ചാണ്ടിയുടെ ആവേശത്തില്‍ സഖാക്കളും അണി ചേര്‍ന്നത് മോദിയായതുകൊണ്ടു മാത്രമാണ്. കേരളത്തിലെ ഭൂരിഭാഗത്തിനും മോദിയേ പണ്ടേ ഇഷ്ടമല്ല. കേരളത്തെ സോമാലിയയുമായി മോദി താരതമ്യം ചെയ്തിട്ടില്ലെന്ന സത്യം ഉയര്‍ത്തിക്കാട്ടാന്‍ ഇടതുപക്ഷ സോഷ്യല്‍ മീഡിയക്കാര്‍ ശ്രമിച്ചതുമില്ല.
മോദിയുടെ പ്രസംഗത്തിലെ ഭാഗം
“Yahan Kerala ki janjaati, janta, ST Scheduled Tribe, usmey jo child death ratio hai, Somalia se bhi sthiti khatarnaak hai… Abhi kuchh din pehle… media mein dardnaak chitra dekhney ko mila…Jo Communist party ka qila maana jaata hai, jahaan voh hamesha jeet-ti hai, us Peravoor mein Scheduled Tribe ke baalak koode ke dher mein bhojan talaash kar rahe hain, yeh media mein prakaashit hua hai,”
തെറ്റാണെങ്കില്‍ കൃത്യമായി മോദിയെ കുറ്റപ്പെടുത്താം. പറയാത്തത് അയാളുടെ തലയില്‍ കെട്ടിവെയ്ക്കുന്നത് എന്തിനാണ്?. മോദി കേരളത്തെ മൊത്തത്തില്‍ സോമാലിയയുമായി താരതമ്യം ചെയ്തിട്ടില്ല. പകരം കേരളത്തിലെ ട്രൈബല്‍ മേഖലയിലെ ദയനീയ അവസ്ഥ വിളിച്ചു പറയുകയാണ് ചെയ്തത്. മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ചില റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി കേരള നേതാക്കള്‍ നല്‍കിയ നോട്സായിരിക്കാം ഒരു പക്ഷേ, ഇതിനു കാരണം. എന്നാല്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രി തെറ്റായ കണക്കുകള്‍ പറയുന്നത് ശരിയല്ല.
വാസ്തവത്തില്‍ അതിനെ(മോദി പറഞ്ഞതുപോലെ) ആ രീതിയില്‍ തന്നെ ഇടതുപക്ഷം ഉയര്‍ത്തി കാട്ടിയിരുന്നെങ്കില്‍ ഇത്തിരി മൈലേജ് കിട്ടുമായിരുന്നു. ഇത് ചാണ്ടി കിട്ടിയ അവസരം മുതലാക്കി. കേരള ദേശീയതയെയും അന്ധമായ മോദി വെറുപ്പിനെയും ആളിക്കത്തിച്ചു. ഇതില്‍ നിന്നും തിരഞ്ഞെടുപ്പിനെ സഹായിക്കുന്ന രീതിയില്‍ ഇടതുപക്ഷത്തിന് കാര്യമായ നേട്ടമുണ്ടാക്കാനാകില്ലെന്നതാണ് കാര്യം.. അതേ സമയം ബിജെപിക്ക് നഷ്ടപ്പെടാനൊന്നുമില്ലെന്ന് തിരിച്ചറിയണം. ഇപ്പോ തിരഞ്ഞെടുപ്പും അതിലെ ഭൂരിപക്ഷവും തന്നെയാണ് വിഷയം. കേരളത്തിലെ ട്രൈബല്‍ മേഖലയിലെ സ്ഥിതി മോശമാണെന്നു പറയാനാണ് മോദി ശ്രമിച്ചത്. റേഷ്യോ എന്ന പദം പ്രയോഗിച്ചതുകൊണ്ട് ആ താരതമ്യം തെറ്റാണെന്നു നമുക്കു പറയാം. പക്ഷേ, താരതമ്യം ഒരിക്കലും കേരളം എന്ന സംസ്ഥാനവും സോമാലിയ എന്ന രാജ്യവുമായിട്ടായിരുന്നില്ല. കേരളത്തിലെ ആദിവാസി മേഖലയും സോമാലിയയും തമ്മിലായിട്ടായിരുന്നു.
വാല്‍ക്കഷണം-ഇതുപോലെ തന്നെയുള്ള മറ്റൊരു കാര്യമാണ്. സോളാര്‍ വിവാദം. ഇനി സരിത വല്ലതും വിളിച്ചു പറഞ്ഞാലോ പുറത്തുവിട്ടാലോ…അത് മുഖ്യ അജണ്ടയായി ഇടതുപക്ഷം ഏറ്റെടുക്കരുതെന്നാണ് അഭിപ്രായം. ആ പിണറായിയുടെ ഫേസ് ബുക്കുകാരനോട് ആദ്യം പറയണം.. കഷ്ടി നാലു ദിവസം മാത്രമേ മുന്നിലുള്ളൂ. മോദിക്കെതിരേ ആഞ്ഞടിച്ചതില്‍ ആത്മസംതൃപ്തി കൊണ്ട സഖാക്കള്‍ അറിയാതെ പോകുന്ന ഒരു സത്യമുണ്ട്. മോദിയെയും സരിതയെയും ഇടതുപക്ഷം ഏറ്റെടുത്താല്‍ വിജയിക്കുന്നത് ചാണ്ടിയുടെ തന്ത്രമാണ്. .
പണ്ട് നമ്മള്‍ കടയില്‍ പോവുക ഒരു സഞ്ചിയുമായാണ്. വാങ്ങിയ സാധനങ്ങളെല്ലാം അതിലിട്ട് തൂക്കി പിടിച്ചോ തോളില്‍ വെച്ചോ തിരിച്ചു പോരും. സഞ്ചിയെടുക്കാന്‍ മറന്നാല്‍ പലപ്പോഴും നമ്മള്‍ തിരിച്ചു പോകും. തുറക്കാന്‍ കഴിയാത്ത റെയ്‌നോള്‍ഡ് പെന്‍ ഉപയോഗിക്കുമ്പോഴും നമ്മള്‍ കടയില്‍ പോകുമ്പോള്‍ സഞ്ചിയെടുത്തിരുന്നു. യൂസ് ആന്റ് ത്രോ രീതി എന്നു മുതലാണ് ഒരു “ഫാഷനായി’ മാറിയതെന്ന് അറിയില്ല.
ബാംഗ്ലൂര്‍ നഗരത്തിലെത്തിയതോടെ പൈസയെടുക്കുന്ന ശീലവും മാറി. പഴ്‌സില്‍ ഒരു നൂറു രൂപ നോട്ടുണ്ടെങ്കില്‍ ആഴ്ചകളോളം അത് അനങ്ങാതെ അവിടെ ഇരിയ്ക്കുന്നുണ്ടാകും.. എല്ലാത്തിനും കാര്‍ഡായി. ചുരുക്കത്തില്‍ സാധനം വാങ്ങാന്‍ പോകുന്നത് കൈയില്‍ സഞ്ചിയോ പൈസയോ ഇല്ലാതായി മാറി.
ടണ്‍ കണക്കിന് പ്ലാസ്റ്റിക് കവറുകള്‍ കുമിഞ്ഞു കൂടാന്‍ തുടങ്ങിയതോടെയാണ് ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ ആ കടുത്ത തീരുമാനമെടുത്തത്. എല്ലാ രൂപത്തിലുള്ള പ്ലാസ്റ്റിക് കവറുകളും ഡിസ്‌പോസിബിള്‍ പാത്രങ്ങളും തെര്‍മോകോള്‍ പാത്രങ്ങളും നിരോധിച്ചു. തിക്ക്‌നസ് നോക്കിയുള്ള വിലക്കല്ല. പരിപൂര്‍ണമായ നിരോധനമാണ് ലക്ഷ്യമിടുന്നത്. നഗരത്തിലെ പ്രമുഖ സ്ഥാപനങ്ങളെല്ലാം തന്നെ ഇതിനോട് അനുകൂലമായാണ് പ്രതികരിക്കുന്നത്.
സഞ്ചിയെടുക്കാതെയുള്ള യാത്ര ശീലമായതിനാല്‍ തുണി സഞ്ചി പലപ്പോഴും പണം കൊടുത്തു വാങ്ങേണ്ടി വരുന്നു.. ആറു രൂപ.. പക്ഷേ, ഇത് കൊടുക്കുമ്പോള്‍ ഒരു സന്തോഷമുണ്ട്.. നാളെയെ കുറിച്ച് ഒരു പ്രതീക്ഷയുണ്ട്. സഞ്ചിയെടുത്ത് വണ്ടിയില്‍ വെയ്ക്കണമെന്ന തീരുമാനമുണ്ട്. ബിബിഎംപിക്ക് നന്ദി..ധീരതയോടെ നടപ്പാക്കൂ…ദീര്‍ഘവീക്ഷണമുള്ള നല്ലൊരു നീക്കം…
വാല്‍ക്കഷണം-പ്ലാസ്റ്റിക് കവറുമായി പിടിച്ചാല്‍ ബാംഗ്ലൂരില്‍ 500 രൂപയാണ് പിഴ . വാങ്ങുന്നവരും വില്‍ക്കുന്നവരും ഒരു പോലെ കുറ്റക്കാരാണ്. വീണ്ടും പിടിച്ചാല്‍ പിഴ ആയിരം രൂപയാകും. കേരളം പോലെയല്ല, കവര്‍ ഉണ്ടാക്കുന്നവര്‍ക്കും പിഴയുണ്ട്. ചെറുതൊന്നുമല്ല, അഞ്ച് ലക്ഷത്തോളം.