വൻകിട കമ്പനികളിലെ മൂന്നു തരം ജീവനക്കാർ.

1 മിസ്റ്റർ വിധേയൻ/വിധേയ:.. ഇയാൾ റേറ്റിങിനെ കുറിച്ചോ ഇംക്രിമെന്റിനോ കുറിച്ചോ ആശങ്കപ്പെടുന്നില്ല. ഇയാൾ കൊടുക്കുന്ന പണി ചെയ്യും. കിട്ടുന്ന ശമ്പളവും ഇംക്രിമെന്റും കൈപറ്റും. മിണ്ടാതെ പണിയെടുത്ത് ജീവിയ്ക്കും. ഇത്തരം വിധേയന്മാരായ ജോലിക്കാർക്ക് ഒരു കോർപ്പറേറ്റ് സംവിധാനത്തിൽ പിടിച്ചു നിൽക്കാം. സാമ്പത്തികമായി വലിയ വളർച്ചയൊന്നും കാണില്ല. പക്ഷേ, ജോലിക്ക് യാതൊരു ഭീഷണിയും കാണില്ല.അങ്ങനെ ജീവിച്ചു പോകാം. പരാതിയും കാണില്ല.

2 മണിയടി വീരൻ/വീരത്തി: രണ്ടാമത്തെ ചില വിഭാഗക്കാരുണ്ട്. ഇവർ എപ്പോഴും മാനേജരെ അല്ലെങ്കിൽ ടീം ലീഡിന്റെ സ്തുതിപാഠകരായിരിക്കും. മാനേജർ എന്ത് അറുബോറൻ സംഗതി പറഞ്ഞാലും അത് കേട്ട് ചാടി ചാടി ചിരിക്കും. ഇവർക്ക് നല്ല ഇംക്രിമെന്റ് കിട്ടും. കാര്യമായ ജോലിയും കാണില്ല..പെട്ടെന്ന് പ്രമോഷനും കിട്ടും. മാനേജർ ഉള്ളിടത്തോളം കാലം ജോലിക്ക് ഭീഷണിയും കാണില്ല. പക്ഷേ, കമ്പനി ഇത്തരക്കാരെ മോണിറ്റർ ചെയ്യുന്നുണ്ടാകും. ആ മാനേജരെ വലിച്ചെറിയുന്ന കൂട്ടത്തിൽ ഈ കൂട്ടരെയും വലിച്ചെറിയും..കഴിവും സ്വന്തം ലീഡിനെ പുകഴ്ത്താനും കഴിയുന്ന ഇത്തരം വീരന്മാരെ സൂക്ഷിക്കണം.

3 റിബൽ മാൻ അല്ലെ റിബൽ വുമൻ-. തുടർച്ചയായി വ്യവസ്ഥിതിയെ ചോദ്യം ചെയ്തു കൊണ്ടിരിക്കും. മാനേജർ പൊട്ടത്തരം പറഞ്ഞാൽ അപ്പോ വിളിച്ചു പറയും. വാക്കു തർക്കത്തിലേർപ്പെടും.. ഭീഷണിയ്ക്ക് മുന്നിലൊന്നും ഇവർ വീഴില്ല. കഠിനപ്രയത്നം ചെയ്യും. ഇംക്രിമെന്റ് വേണ്ടത്ര കിട്ടിയില്ലെങ്കിൽ അതിനു ബഹളം വെയ്ക്കും. താരതമ്യം ചെയ്യും. . തുടർച്ചയായി രാജി ഭീഷണി മുഴക്കും. ചിലപ്പോൾ രാജിവെച്ച് പോവുകയും ചെയ്യും. എന്നാൽ പുതിയിടത്തും ഇയാൾ ഇതേ ജോലി തന്നെ ആവർത്തിക്കും. കാരണം കമ്പനി മാറുന്നുവെന്നതുകൊണ്ട് ടാർജറ്റും പ്രഷറും പക്ഷപാതവും ഇല്ലാതാകുന്നില്ല. ഈ ഗ്രൂപ്പിൽ പെട്ടവർ ചിലപ്പോൾ കമ്പനികൾ ചാടി ചാടി ഗതികിട്ടാതെ അങ്ങനെ ജീവിക്കും. അല്ലെങ്കിൽ പതുക്കെ ഒന്നാം ഗ്രൂപ്പിലേക്കോ രണ്ടാം ഗ്രൂപ്പിലേക്കോ മാറും.. സ്ഥിരം അസംതൃപ്തരാകും ഇവർ… ശ്രദ്ധിക്കേണ്ട കാര്യം: റിബലായി നിൽക്കുന്നവരെ കമ്പനി ചിലപ്പോൾ നിങ്ങൾ പറയുന്ന നല്ല കാര്യങ്ങൾ തിരിച്ചറിയാനുള്ള ടീം ലീഡോ ടോപ്പ് മാനേജ്മെന്റോ വേണം.എങ്കിൽ മാത്രം.. അല്ലെങ്കിൽ കണ്ണിലെ കരടായി മാറും.. രണ്ടു കൂട്ടരും നിങ്ങളുടെ ഫ്രീക്വൻസിയിൽ നിൽക്കുന്നില്ലെന്ന് കണ്ടാൽ റിബലിനേക്കാളും നല്ലത് ഒന്നും രണ്ടും മാർഗ്ഗങ്ങളാണ്..
ഇതിൽ തീർച്ചയായും ഞാനൊക്കെ കുറെയെങ്കിലും മാച്ചാവുക മൂന്നാം ഗ്രൂപ്പിലാണ് പക്ഷേ, പൈസയ്ക്ക് വേണ്ടി ഞാനൊരിക്കലും കമ്പനിയിൽ സംസാരിക്കാറില്ല.. സിസ്റ്റത്തിലെ പ്രശ്നങ്ങളെ കുറിച്ചാണ് സംസാരിക്കാറുള്ളത്…. നിങ്ങൾ ഏത് ഗ്രൂപ്പിലാണ് ടീംസ്..

‘മാധ്യമ ജീവികൾ’, അത് എത്രതരം?

1 ലോക്കൽ വാർത്തകളും ചരമപേജും പ്രസ് ക്ലബ്ബും പ്രസ് മീറ്റുമായി ഉരുണ്ട് പോകുന്നവർ. ഇവർക്ക് പോളിസിപരമായ പ്രശ്നങ്ങളൊന്നും ഇല്ല. ഇവരുടെ ഏറ്റവും വലിയ ക്രിയേറ്റിവിറ്റി സ്വന്തം ഗ്രൂപ്പിന്റെ തന്നെ പിരിയോഡിക്കൽസിലേക്കും സപ്ലിമെന്റിലേക്കും ആർട്ടിക്കിൾ എഴുതുകയെന്നതാണ്. വലിയ വലിയ കാര്യങ്ങളിൽ ഇവർക്ക് താത്പര്യം കാണില്ല. വലിയ ആദർശം പറഞ്ഞു വരില്ല. പിന്നെ ഇനി ആദർശം പറഞ്ഞാലും വലിയ കുഴപ്പമില്ല. കാരണം അവർക്ക് അത്തരം വലിയ വലിയ കാര്യങ്ങളിൽ ഇടപെടേണ്ട സാഹചര്യം കുറവായിരിക്കും.

2 മാനേജ്മെന്റുമായി ഒട്ടി ജീവിക്കുന്ന ചിലർ. സ്പെഷ്യൽ സ്റ്റോറികളും സ്ഥാനങ്ങളും മാനേജ്മെന്റിന്റെ കാതു കടിച്ചു തിന്ന് വാങ്ങും. മാധ്യമപ്രവർത്തകർ എന്ന നിലയിൽ പൊതു സമൂഹം ശ്രദ്ധിക്കും. വലിയ വലിയ കാര്യങ്ങളിൽ വലിയ വലിയ അഭിപ്രായം പറയും. പക്ഷേ, അടിസ്ഥാന പ്രവർത്തനം കുത്തിത്തിരിപ്പും കുതികാൽവെട്ടും മണിയടിയും. നിർഭാഗ്യവശാൽ ഇക്കൂട്ടരാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. എവിടെയും ഇവരുടെ ലക്ഷ്യം അധികാരമാണ്. പ്രസ് ക്ലബ്ബിലാണെങ്കിൽ പോലും. നല്ല കളിക്കാരാണിവർ. പേരിനും പ്രശസ്തിക്കുമായി ഇവർ എന്തും ചെയ്യും.

3 ആദർശത്തിന്റെ സൂക്കേടുള്ള അപൂർവം ചില ജന്മങ്ങളുണ്ട്. പണ്ട് കാലത്ത് ഇവരായിരുന്നു റോൾ മോഡൽസ്. എന്നാൽ ഇക്കാലത്ത് അവർ പണിക്ക് കൊള്ളാത്തവരാണെന്ന ലേബലാണുണ്ടാവുക.. വംശനാശം വന്നു കൊണ്ടിരിക്കുന്ന ഈ വിഭാഗം ഇന്ന് നവ മാധ്യമങ്ങളിൽ ഏറെ സജീവമാണ്. ഒരു സ്ഥാപനത്തിലും ഉറച്ചു നിൽക്കാത്ത ഇത്തരക്കാർക്ക് ഈഗോ വളരെ കൂടുതലായിരിക്കും. സിസ്റ്റവുമായി സമരസപ്പെട്ടു പോകുന്ന ഒരു മനസ്സായിരിക്കില്ല ഇവരുടെത്. മാനേജ്മെന്റിന്റെ കണ്ണിലെ കരടും ടെർമിനേറ്റ് ചെയ്യാൻ കമ്പനി ആഗ്രഹിക്കുന്നവരുടെ ലിസ്റ്റിലെ മുൻനിരക്കാരും ആയിരിക്കും. ചിലരൊക്കെ സ്വന്തം ബ്ലോഗുകളും പോർട്ടലുകളുമായി കഴപ്പ് തീർക്കുന്നു.

എന്നാൽ രസകരമായ കാര്യം. ഈ മൂന്നാം വിഭാഗമല്ല മംഗളം വിഷയത്തിൽ ഏറെ ഉറഞ്ഞു തുള്ളിയത്.