Category Archives: personal

Embracing Change: പുതുവര്‍ഷത്തിലെ മുദ്രാവാക്യം ‘Family First’

തീരുമാനങ്ങൾ നമുക്ക് എപ്പോൾ വേണമെങ്കിലും എടുക്കുകയും നടപ്പാക്കുകയും ചെയ്യാം. പിന്നെന്തിനാണ് പുതുവർഷത്തിന് പുതിയ പ്രതിജ്ഞകൾ എടുക്കുന്നത്? സം​ഗതി ശരിയാണ്. പക്ഷേ, നമുക്ക് ഒഴിവാക്കാൻ പ്രയാസമുള്ള ശീലങ്ങളോ ആചാരങ്ങളോ കാണില്ലേ? അത്തരത്തിൽ ഒന്നാണിത് എനിക്ക്..ശാസ്ത്രീയതയും ലോജിക്കുമെല്ലാം മറന്ന് നമ്മൾ ചെയ്യുന്ന ചില കാര്യങ്ങളില്ലേ..അതുപോലെ ഒന്നെന്നേ കരുതാറുള്ളൂ. അതുകൊണ്ട് ഇത്തവണയും ആ രീതിയ്ക്ക് മാറ്റം വരുത്തുന്നില്ല. Rituals help reinforce behavior എന്നാണല്ലോ? ചിലപ്പോ ബിരിയാണി കൊടുത്താലോ? അധികവും തീരുമാനങ്ങളല്ല. ചില മെച്ചപ്പെടുത്തലുകൾക്കുള്ള ശ്രമങ്ങളാണ്.

Family First: മറ്റുള്ള കാര്യങ്ങൾക്കായിരുന്നു ഇതുവരെ പ്രയോറ്റി കൊടുത്തിരുന്നതെങ്കിൽ പുതിയ വർഷം മുതൽ ഫാമിലി ഫസ്റ്റ് എന്ന പോളിസി കൂടുതൽ ശക്തമായി നടപ്പാക്കണമെന്ന് ആ​ഗ്രഹിക്കുന്നു. കൂടുതൽ സമയവും യാത്രകളും ഫാമിലിക്കൊപ്പം.

Screen Time: സ്ക്രീൻ ടൈം ഗണ്യമായി കുറഞ്ഞ ഒരു വർഷമാണ്. അതു നിലനിർത്തി കൊണ്ടു പോകാൻ ആ​ഗ്രഹിക്കുന്നു.

Fast-Paced Speech and Disconnected Speech– സ്വതവേ വേഗതയേറിയ സംഭാഷണരീതിയാണുള്ളത്. ഇത് പലപ്പോഴും അപ്പുറത്ത് ഇരിയ്ക്കുന്ന ആളുകളെ കാര്യങ്ങൾ വേണ്ട രീതിയിൽ മനസ്സിലാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് വേഗത കുറയ്ക്കാനോ ക്ലാരിറ്റി ഉണ്ടാകണമെന്ന് വാശിപിടിയ്ക്കാനോ തുടങ്ങണം. സംസാരിച്ചു കൊണ്ടിരിക്കുന്ന ടോപ്പിക്കിൽ നിന്നും പെട്ടെന്ന് സ്കിപ്പായി, എതിരെ ഇരിയ്ക്കുന്ന ആളിന് പരിചയമുള്ള മറ്റൊരു ടോപ്പിക്കിലേക്ക് ഒരു ആമുഖവും കൂടാതെ സ്കിപ്പായി അയാളെ കൺഫ്യൂഷനിലാക്കുന്ന ശീലവും ശക്തമാണ്. ഇതിനെയും മറികടക്കേണ്ടതുണ്ട്. എന്നാൽ ഇത് അത്ര എളുപ്പമല്ലെന്ന് അറിയാം.

Boundary Blindness- ഇതിനെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെങ്കിലും ചിലപ്പോഴെല്ലാം ബോധപൂർവം ബൗണ്ടറികൾ മറികടക്കാറുണ്ട്. പുതുവർഷത്തിൽ ഇത് വളറെ സ്ട്രിക്ടായി ഫോളോ ചെയ്യണം. ഇത് താരതമ്യേന എളുപ്പമാണ്. കാരണം അറിഞ്ഞുകൊണ്ട്, താത്കാലിക ലാഭത്തിനായി ബ്രെയ്ക്ക് ചെയ്യുന്നതാണ്. എന്നാൽ ഇത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കാറുള്ളതെന്നാണ് അനുഭവം. At the core, they are on one side… .

Exit Strategy Mindset: റിട്ടയർമെൻറ് പ്ലാൻ എന്തായിരിക്കണമെന്ന് ചിന്തിക്കുന്ന സമയം അതിക്രമിച്ചിരിക്കുന്നു. സ്വകാര്യമേഖലയിലാണ് ജോലി. ഏതു സമയവും ജോലി പോകാനുള്ള സാധ്യത മുൻകൂട്ടി കണ്ടു വേണം കാര്യങ്ങൾ പ്ലാൻ ചെയ്യാൻ. പുതുവർഷത്തിൽ ഇതിനു വേണ്ട ചില തീരുമാനങ്ങൾ എടുക്കേണ്ടിയിരിക്കുന്നു. ചില ഇമോഷണൽ ബോണ്ടുകളുടെ പേരിൽ ഒരേ ജോലിയിൽ ഒതുങ്ങി പോകുന്നു. ഇതിനേക്കാൾ കൂടുതൽ ചെയ്യാനും പുതുമയുള്ള പല കാര്യങ്ങൾ പരീക്ഷിക്കാനുമുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു. നിലവിലെ കംഫർട്ട് സോണിൽ നിന്നും പുറത്തുകടക്കാൻ അവസരം കിട്ടിയാൽ അതിനെ തട്ടിയെറിയരുത് എന്നു മനസ്സിനെ പഠിപ്പിക്കണം. ആവശ്യമെങ്കിൽ ജോലി വിട്ടു പുറത്തിറങ്ങണം.

Health and Fitness Focus: ഇതിനുള്ള ആക്ഷൻ പരിപാടികൾ കഴിഞ്ഞ നവംബറിലേ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. ആ ഒരു സ്പിരിറ്റിനെ നിലനിർത്തികൊണ്ടു പോകണം. എന്നാൽ ഓവറാക്കരുത്. ഇതുമായി ബന്ധപ്പെട്ടുള്ള മറ്റു പ്ലാനുകൾക്കും മുൻതൂക്കം കൊടുക്കണം. ഈ ഏരിയയിൽ വരുന്ന കാര്യങ്ങൾ അൺലിമിറ്റഡായി നീട്ടുകൊണ്ടുപോകാതെ ടോപ്പ് പ്രയോറിറ്റിയിൽ ആക്ട് ചെയ്യണം.

Personal Growth: പ്രതിമാസം ഒരു ബുക്ക് എന്ന സ്വപ്നം കഴിഞ്ഞ വർഷം നടന്നിട്ടില്ല. ഈ വർഷമെങ്കിലും അതിനുള്ള സാധ്യത പരിശോധിക്കണം.

Beyond the Circle: There’s comfort in established relationships, reducing the urge to seek new connections. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ കുറെ ശ്രമിച്ചു നോക്കിയതാണ്. കൂടുതല്‍ സര്‍ക്കിളുകള്‍ക്കു ശ്രമിക്കുന്നതോടൊപ്പം നിലവിലുള്ളത് മെച്ചപ്പെടുത്താന്‍ ശ്രമിക്കും.

Returning to Authenticity: നമ്മളെ നമ്മളാക്കി തീർത്ത ചില കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളിൽ വ്യതിയാനം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പോസിറ്റീവാണോ നെഗറ്റീവാണോ എന്നു പരിശോധിക്കാൻ ശ്രമിക്കും. നെഗറ്റീവായ സംഗതികൾ കുറയ്ക്കാനുള്ള പരമാവധി ശ്രമം നടത്തും.

Navigating Confusion for Clarity: ഒരു ട്രാപ്പിലാണോ എന്നു ചിലപ്പോഴെല്ലാം ശ്രമിക്കാറുണ്ട്. ഒരു പ്രത്യേക തരം കൺഫ്യൂഷൻ. അതിനെ മറികടക്കേണ്ടത് അത്യാവശ്യമാണ്. ഇമോഷണലായിരിക്കുന്നത് ഒരു മോശം കാര്യമല്ല. അതേ സമയം അതു നമ്മളെ വരിഞ്ഞുമുറുക്കുന്ന അവസ്ഥയിലേക്കും നമ്മളെ ന്യൂട്രാലിറ്റിയിലേക്കും കൊണ്ടു പോകുന്നുവെങ്കിൽ അത്തരം ഡിസ്റ്റര്‍ബന്‍സ് ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. അത്തരം ഇമോഷണനെയല്ല. അതു ട്രാപ്പാണെന്ന് കരുതുന്ന ചിന്തകളെയാണ് ഒഴിവാക്കാൻ ശ്രമിക്കേണ്ടത്. പല പല കാരണങ്ങൾ കൊണ്ട് നിശ്ചലമായി പോകുന്ന അവസ്ഥയാണ് മാറേണ്ടത്.

ജോലിയുമായി ബന്ധപ്പെട്ട് വലിയ തീരുമാനങ്ങളൊന്നും ഇല്ല. എന്നാൽ മുകളിൽ പറഞ്ഞ ചിലതെല്ലാം ഓഫീസ് കാര്യങ്ങളിലും അപ്ലൈ ചെയ്യേണ്ടതാണ്. വാസ്തവത്തിൽ ഇതിനെ പുതുവർഷത്തിലെ പ്രതിജ്ഞയെന്നൊന്നും വിശേഷിപ്പിക്കാനാകില്ല. മാറ്റിയെടുക്കണമെന്ന് കരുതുന്ന, ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങളുടെ ക്രോഡീകരണം മാത്രമാണിത്. ആചാരമല്ലേ… നിർത്തണ്ട…. നന്നാവുക എന്ന വാക്കിനോടേ യോജിപ്പില്ല..അതുകൊണ്ട്.. ആ പ്രതീക്ഷയില്ല. പക്ഷേ, ചില തിരഞ്ഞെക്കലും ഒഴിവാക്കലും ചേര്‍ന്നതാണല്ലോ ജീവിതം. അത്രയേ ഉള്ളൂ..

ഏട്ടനോ ചേട്ടനോ ചെട്ടായിയോ അതോ സാറോ?

സാർ എന്ന വിളിയേക്കാളും ഏട്ടാ, ഷിനോദേട്ടാ, ഷിനോട്ടാ എന്ന വിളികളാണ് ഭൂരിഭാ​ഗം പേരിൽ നിന്നും ഉണ്ടാകാറുള്ളത്. (പ്രായത്തിൽ താഴെയുള്ളവരുടെ കാര്യമാണേ പറയുന്നത്). പേര് വിളിക്കുന്നതിനോടും വിയോജിപ്പില്ല. പ്രായം കുറവുള്ളവരാണെങ്കിലും ആരെങ്കിലും പേര് വിളിച്ചാലും അസ്വസ്ഥതയൊന്നും ഉണ്ടാകാറില്ലെന്ന് ചുരുക്കം.. ചിലർ എന്നോട് സംസാരിക്കുമ്പോൾ ഏട്ടായെന്നും മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ‘പേരോ’ ‘സാറെ’ എന്നോ പറയും. കൊച്ചിയിൽ എത്തിയപ്പോൾ പുതിയ വിളികളായി. ചിലർ ‘ചേട്ടാ’യെന്നും വിളിക്കും. ‘ചേട്ടായി’ വിളികളും കേട്ടു തുടങ്ങിയിട്ടുണ്ട്. പറഞ്ഞു വരുന്നത്, രസകരമായ ഒരു അനുഭവവും ചില ചേട്ടാ വിളികളെയും സാർ വിളികളെയും കുറിച്ചാണ്.

പണ്ട് മുതലേ കൂടെ വർക്ക് ചെയ്യുന്ന പ്രായം കുറഞ്ഞവർ ഏട്ടായെന്ന് വിളിച്ച് ശീലിച്ചതുകൊണ്ടാകാം… പെട്ടെന്ന് ആരെങ്കിലും സാറെന്ന് വിളിക്കുമ്പോൾ എന്തോ ഒരു പോലെയായിരുന്നു. അതുകൊണ്ട് അവരോട് പറയും പേര് വിളിച്ചാൽ മതി. സാറെന്ന് വിളിക്കണ്ടാ..സ്വാഭാവികമായും അവർ മറ്റുള്ളവരെ ഫോളോ ചെയ്ത് ഏട്ടായെന്ന് വിളിച്ചു തുടങ്ങും. എന്നാൽ ഏകദേശം മൂന്നോ നാലോ വർഷം മുമ്പ് ഒരു ടീമം​ഗം മറ്റൊരു ടീമം​ഗത്തോട് പറഞ്ഞ ഒരു ഡയലോ​ഗ് എന്റെ കണ്ണ് തുറപ്പിച്ചു. ”സാറിന് ഏട്ടായെന്ന് വിളിക്കുന്നവരോട് പ്രത്യേക സ്നേഹമാണ്.” എന്നുവെച്ചാൽ ഞാൻ ഏട്ടായെന്ന് വിളിക്കുന്നവരോട് പക്ഷപാതം കാണിയ്ക്കുന്നുവെന്ന്.. ”സാറെന്ന് വിളിയ്ക്കുന്നവരെ സാറിന് ഇഷ്ടമല്ലെന്ന്…” കേട്ടയാള്‍ ഒരു ചിരിയോടെയാണ് ഈ കാര്യം എന്നോട് വന്നു പറഞ്ഞത്. കാരണം അയാൾക്കറിയാം..ഏട്ടായെന്ന് വിളിയ്ക്കുന്ന അയാൾക്ക് കൂടുതൽ ടാർ​ഗറ്റ് സമ്മർദ്ദം കിട്ടുന്നുവെന്നല്ലാതെ വേറൊന്നും അയാൾക്ക് കിട്ടുന്നില്ല. പക്ഷേ, അതോടെ പുതുതായി ജോയിൻ ചെയ്യുന്നവരോട് എന്ത് വിളിയ്ക്കണമെന്ന് പറയുന്ന പരിപാടി നിർത്തി. ഇപ്പോൾ അവർ ഇഷ്ടമുള്ളത് വിളിയ്ക്കട്ടയെന്നു കരുതും.

ചിലർ ഭൂരിപക്ഷത്തിനൊപ്പം കൂടി വേ​ഗം ഏട്ടായെന്ന രീതിയിലേക്ക് മാറി. ചിലർ ഈ പ്രദേശത്തെ ചേട്ടാ എന്ന വിളിയിലേക്കും നീങ്ങി. അതേ സമയം പലപ്പോഴും വാട്സ് ആപ്പ് ചാറ്റിൽ ഇം​ഗ്ലീഷിൽ ചേട്ടാ (chetta) എന്നു വരുമ്പോൾ ഒന്നു ഞെട്ടാറുണ്ട്. എന്നാൽ പുതുതായി ജോയിന്‍ ചെയ്യുന്ന പലരും ഇതൊന്നും നോക്കാതെ ”സാർ സാർ” എന്നു വിളിച്ചും നടക്കാറുണ്ട്. ഇതിൽ ചിലരുടെ വിളി കേൾക്കുമ്പോൾ, അവർ ആത്മാർത്ഥതയോടെ വിളിക്കുകയാണെങ്കിലും എനിക്ക് പെട്ടെന്ന് ”സാർ ലഡു” എന്ന ആ ഡയലോ​ഗ് ഓർമ വരുും. എന്നാൽ അതേ മറ്റു ഭാഷകളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നവരില്‍ അണ്ണാ എന്നു വിളിക്കുന്നവരും ചേട്ടാ എന്നു വിളിക്കുന്നവരും ഉണ്ട് എന്നത് കൗതുകകരം തന്നെ… അതേ സമയം ഭൂരിഭാ​ഗത്തിനും സാർ മാത്രം. അതിലും ഞാനൊന്നും പറയാറില്ല.

വാൽക്കഷണം- ഇതിനർത്ഥം സാർ എന്നു വിളിയ്ക്കുന്നവരെ ഏട്ടായെന്ന് വിളിപ്പിച്ചിരുന്ന ഞാൻ വാത്സല്യ നിധിയായ ഒരു മാനേജരാണെന്നൊ ഒരു സംഭവമാണെന്നോ അല്ല കെട്ടോ. ഏട്ടാ, ചേട്ടാ, ചേട്ടായി, സര്‍ വിളികള്‍ എന്നിലുണ്ടാക്കുന്ന വ്യത്യസ്ത ഫീലിങുകൾ പറയുക മാത്രമാണ് ലക്ഷ്യം. ടാർ​ഗറ്റ് ഒറിയന്റഡും ഓവർ സെൻട്രിക്കുമായ ഒരു കൾച്ചറുള്ളതിനാൽ സിസ്റ്റവും ​ഗൈഡ് ലൈൻസും ഫോളോ ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് ബിസിനസ്സും സൗഹൃദവും രണ്ടായി തന്നെ കൊണ്ടു പോകാനേ പറ്റൂ. സമരസപ്പെട്ട് പോകാൻ കഴിയാത്തവരും വേർതിരിച്ചു കാണാൻ കഴിയാത്തവരും കേരള തൊഴിൽ സങ്കൽപ്പത്തിനുള്ളിൽ മാത്രം കുടുങ്ങി കിടക്കുന്നവരും പുറത്തു പോകും. സ്വാഭാവികം. അവരെ സംബന്ധിച്ചിടത്തോളം വില്ലനായിരിക്കുക മാത്രമേ നിർവാഹമുള്ളൂ. പക്ഷേ, മനസ്സിൽ അപ്പോഴും സൗഹൃദം സൂക്ഷിയ്ക്കാൻ ശ്രമിക്കാറുണ്ട്. ഓഫീസാണ്..അവിടെ സാര്‍ എന്നു തന്നെ വിളിയ്ക്കണം. തന്‍റെ വീടല്ല..എന്ന കമന്‍റ് നിരോധിച്ചിരിക്കുന്നു. കുറിപ്പിന്‍റെ ലക്ഷ്യം അതല്ല കെട്ടോ..ഞാന്‍ എന്‍റെ മാനേജറെ സാര്‍ എന്നു തന്നെയാണ് വിളിയ്ക്കുന്നത്. കാരണം സാറിനെ ഭൂരിഭാഗം പേരും സാര്‍ എന്നു തന്നെയാണ് വിളിയ്ക്കുന്നത്.. മറ്റു പ്രായം കൂടിയവരെ അല്ലെങ്കില്‍ ബഹുമാനിക്കേണ്ടവരെ ഒരു ജി കൂട്ടിയങ്ങ് ചാന്പും.. ഒരു തരത്തില്‍ നമ്മുടെ ഏട്ടന്‍ തന്നെ…

ചെറിയ മാറ്റങ്ങൾക്ക് ശ്രമിക്കണം, പുതിയ ശീലങ്ങൾ വളർത്തണം, അത്ര മാത്രം.

എപ്പോഴും നമ്മൾ നമ്മളായിരിക്കുന്നതാണ് നല്ലതെന്ന് എന്നെ ബോധ്യപ്പെടുത്തിയ വർഷമായിരുന്നു കഴിഞ്ഞു പോയത്. തീർച്ചയായും പുതിയ വർഷത്തെ കുറിച്ച് പ്ലാൻ ചെയ്യുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യമെത്തുന്നതും ഈ ചിന്തയാണ്.

ലക്ഷ്യത്തിലേക്കെത്തുവാൻ മനസ്സിനെയും ശരീരത്തെയും പ്രാപ്തമാക്കുകയെന്നതാണ് ഓരോ പ്ലാനിങും കൊണ്ടും നമ്മൾ അർത്ഥമാക്കുന്നത്. ഇതിനർത്ഥം ജനുവരി ഒന്നുമുതൽ പുതിയൊരു ഭക്ഷണരീതിയും വ്യായാമവും എല്ലാം പൊളിച്ചടുക്കുന്ന മാറ്റങ്ങളും കൊണ്ടുവരുമെന്നല്ല. ഒന്നാം തിയ്യതി മാത്രം തുടങ്ങുന്ന തീരുമാനങ്ങളിലുള്ള വിശ്വാസം പണ്ടേ നഷ്ടപ്പെട്ടതാണ്. അതിൽ വലിയ കാര്യവുമില്ല.

സാധിക്കുമെന്ന് ഉറപ്പുള്ള ചെറിയ ചില ക്രമീകരണങ്ങൾ മാത്രമാണ് ഇത്തവണ ന്യൂ ഇയർ റസല്യൂഷൻ എന്ന രീതിയിൽ ആലോചിക്കുന്നത്. ജെയിംസ് ക്ലിയർ എഴുതിയ ആറ്റോമിക് ഹാബിറ്റ്സ് എന്ന പുസ്തകം വായിച്ചു തുടങ്ങിയതു മുതലാണ് ശീലങ്ങളിൽ വിശ്വസിച്ചു തുടങ്ങിയത്. എന്തൊക്കെ മേഖലകളിലാണ് മാറ്റങ്ങൾ വരേണ്ടത്?

സോഷ്യൽ ലൈഫ്: ജോലിയും അതുമായി ബന്ധപ്പെട്ട ചിന്തകളും മാത്രമായി മുന്നോട്ടു പോകുന്നത് മിസ്സാക്കുന്ന ഒരു സോഷ്യൽ ലൈഫുണ്ട്. പുതിയ വർഷം മുതൽ അത് തിരിച്ചു പിടിയ്ക്കാനാകുന്നതെല്ലാം ചെയ്യണം. അവർ എനിക്ക് പറ്റിയ കമ്പനിയല്ല അല്ലെങ്കിൽ ഞാനവർക്ക് പറ്റിയ കമ്പനിയല്ല എന്നതിനു പകരം അവരോടൊപ്പം ചേർന്ന് അവർക്ക് മാച്ചായ ഫ്രീക്വൻസി സർക്കിളുകൾ ഉണ്ടാക്കാൻ ശ്രമിക്കണമെന്ന് ആ​ഗ്രഹിക്കുന്നു.

ഒരേ വേവ് ലെങ്ത് എല്ലായിടത്തും വേണമെന്ന് വാശിപിടിയ്ക്കുന്നതിനു പകരം, വ്യത്യസ്ത ഫ്രീക്വൻസിയിൽ പ്ലേ ചെയ്യാൻ മനസ്സിനെ പ്രാപ്തമാക്കേണ്ടതുണ്ട്. അനാവശ്യമായ മതിൽക്കെട്ടുകൾ സമ്മർദ്ദം ഉണ്ടാക്കാനുള്ള മൂലധനം മാത്രമാണെന്ന തിരിച്ചറിവിനെ അം​ഗീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷവും ഇത് റസല്യൂഷനിൽ ഉണ്ടായിരുന്നു. കാര്യമായ പുരോ​ഗതിയുണ്ടായില്ല. ചില ക്ലബ്ബുകളുടെയോ അസോസിയേഷനുകളുടെയോ സംഘടനകളുടെയോ ഭാഗമാകാനുള്ള സാധ്യത പരിശോധിക്കേണ്ടതുണ്ട്.

തൊഴിൽ: ജോലി ചെയ്യാൻ വേണ്ടി ജീവിയ്ക്കുകയെന്നതിനു പകരം ജീവിയ്ക്കാൻ വേണ്ടി ജോലി ചെയ്യുകയെന്ന മുദ്രവാക്യത്തിലേക്ക് മാറിയേ പറ്റൂ. അതേ സമയം അതിനു വേണ്ടി, തനദ് ശൈലി കോംപ്രമൈസ് ചെയ്യേണ്ടതില്ല. സൗഹൃദവും ബിസിനസ്സും കൂട്ടികുഴയ്ക്കേണ്ട കാര്യമില്ല. രണ്ടിനെയും വേർതിരിച്ചു കാണാനാകാത്ത സാഹചര്യം വന്നാൽ ഏതെങ്കിലും ഒന്നു മാത്രം ഓപ്റ്റ് ചെയ്യുന്ന രീതിയിലേക്ക് പോകേണ്ടതുണ്ട്. അത് മാനസിക സമ്മർദ്ദം കുറയ്ക്കും.

രണ്ടിലൊന്ന് ഓപ്റ്റ് ചെയ്യാൻ പറ്റിയില്ലെങ്കില്‍ രണ്ടിനെയും റിജക്ട് ചെയ്യാൻ മനസ്സിനെ പ്രാപ്തമാക്കണം. ഇവിടെ കോംപ്രമൈസ് വേണ്ട. സൗഹൃദം കൊണ്ട് ഒരിക്കലും ബിസിനസ് റൺ ചെയ്യിക്കില്ലെന്ന പ്രഖ്യാപിത നിലപാട് തുടരും. സിസ്റ്റമാണ് വർക്ക് ചെയ്യേണ്ടത്. എന്നാൽ സിസ്റ്റമാണ് എല്ലാത്തിനും വലുതെന്ന ചിന്തയിൽ കോംപ്രമൈസ് ചെയ്യേണ്ടതുണ്ട്. കൃത്യമായ പറ‍ഞ്ഞാൽ സിസ്റ്റത്തിലും സ്നേഹത്തിലും വിശ്വസിക്കുന്ന 2018വരെയുണ്ടായിരുന്ന സ്വന്തം തൊഴിൽ സങ്കൽപ്പത്തിലേക്ക് മടങ്ങണമെന്ന് ആ​ഗ്രഹിക്കുന്നു.

സാമ്പത്തികം: ജീവിതത്തിൽ അതിവേ​ഗം തീരുമാനമെടുക്കുന്നതാണ് രീതി. പലപ്പോഴും അത്തരം തീരുമാനങ്ങൾ തെറ്റാറുമില്ല. അതേ സമയം ഏതെങ്കിലും പാഷന്റെയോ ആവേശത്തിന്‍റെയോ പുറത്തെടുക്കുന്ന തീരുമാനങ്ങളിൽ ഇത്തിരി വേഗത കൂടിപോയല്ലോ എന്ന് പിന്നീട് ചിന്തിക്കാറുണ്ട് . പുതിയ വർഷത്തിൽ വ്യക്തമായ പ്ലാനിങ് വേണ്ട മേഖലയാണ് സാമ്പത്തികം. ആവശ്യവും അത്യാവശ്യവും വേർതിരിച്ചറിയേണ്ടതുണ്ട്. പർച്ചേസിങ് രീതി മുതൽ മാറ്റം വരുത്തേണ്ടതുണ്ട്. സേവിങ്സ് രീതികളിലും പരിഷ്കാരങ്ങൾ വേണം. ഏകദേശ രൂപരേഖ മനസ്സിലുണ്ട്. അതിനെ ശീലത്തിലേക്ക് കൺവെർട്ട് ചെയ്യുക മാത്രമേ വേണ്ടി വരൂ.

വാല്യുബിൾ ടൈം: കുട്ടികൾ വലുതായതിനു ശേഷം അവരുടെ വാല്യുബിൾ സമയം അവർ തന്നെ ഉണ്ടാക്കിയെടുത്തു തുടങ്ങിയിട്ടുണ്ട്. അവർക്കും അഭിപ്രായങ്ങളുണ്ട്. നിർദ്ദേശങ്ങളുണ്ട്. അതുകൊണ്ട് 2023ൽ ഈ മേഖലയെ കുറിച്ച് വലിയ ആശങ്ക വേണ്ടി വരില്ലെന്നാണ് തോന്നുന്നത്. ഫാമിലി ടൈം ഉണ്ടാകും.

അതേ സമയം, യാത്രയെന്നത് ഒരു പാഷനാണ്. ഫാമിലിക്കൊപ്പമുള്ള യാത്രകൾക്ക് പരിമിതിയുണ്ട്. (എല്ലാം ശരിയായി യാത്ര നടക്കുക അപൂർവമായാണ്). ഒറ്റയ്ക്കോ നേരത്തെ പറഞ്ഞ സർക്കിളുകളുടെ ഭാഗമായോ കൂടുതൽ യാത്രകൾ നടത്തേണ്ടതുണ്ട്. ഓൺ ലൈനിൽ നിന്നു വിട്ടു നിൽക്കുന്ന യാത്രകളാണ് എന്നെ പലപ്പോഴും ഞാൻ ഇഷ്ടപ്പെടുന്ന ഞാനാക്കി മാറ്റാറുള്ളത്.

വായന: കഴിഞ്ഞ വർഷവും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. തൊട്ടുമുമ്പത്തെ വർഷത്തേക്കാളും ഏറെ മെച്ചപ്പെട്ടതായിരുന്നു. അതിനേക്കാൾ നേട്ടം പുതിയ വർഷത്തിൽ ഉണ്ടാക്കണം.

വ്യായാമം: ജിമ്മിൽ പോവുകയെന്നൊന്നും വെറുതെ കമ്മിറ്റ് ചെയ്യുന്നില്ല. എന്നെ കൊണ്ട് നടക്കില്ല. അതേ സമയം രണ്ടു കാര്യങ്ങൾ ചെയ്യാൻ ഇഷ്ടമാണ്. നടത്തം, ബാഡ്മിൻറൺ. ഇതിനുള്ള സാധ്യതകൾ പരിശോധിക്കും. വൈകുന്നേരത്തെ നടത്തം പ്രജിയ്ക്കുള്ള വാല്യുബിൾ സമയമായി കൺവെർട്ട് ചെയ്യാൻ ശ്രമിക്കും. അവൾക്കും ഒരു ആക്ടിവിറ്റിയാകുമല്ലോ?

എന്നെ അടുത്ത് അറിയുന്ന എല്ലാവർക്കും അറിയുന്നതാണ് എന്റെ സ്വപ്നം. ഒരു നല്ല ഐടി കമ്പനി കെട്ടിപ്പടുക്കുക. അതിനു കീഴിൽ ഏറ്റവും ഉപകാരപ്രദമായ രണ്ടോ മുന്നോ പ്രൊഡക്ടുകൾ ഉണ്ടായിരിക്കുക. ഒരു ഡിജിറ്റൽ മീഡിയ കൺസൾട്ടന്റായിരിക്കുക. ഈ ലക്ഷ്യത്തിനുവേണ്ടി 2023ൽ എന്തൊക്കെ ചെയ്യാനാകുമെന്ന് നോക്കണം. കമ്പനിയെല്ലാം എത്രയോ കൊല്ലമായി ആക്ടീവാണ്. പ്രജിയ്ക്കുള്ള പോക്കറ്റ് മണി കിട്ടുന്നതു അതിൽ നിന്നാണ്. എന്നാൽ അതിനെ കുടുംബത്തിന്റെ മുഖ്യവരുമാനമാർ​​ഗ്​ഗമാക്കാനുള്ള കോൺഫിഡൻസ് നേടിയെടുക്കുക അത്ര എളുപ്പമല്ല. ഫുൾ ടൈം അതിൽ ശ്രദ്ധിക്കണം. അതു നിലവിലുള്ള സാഹചര്യത്തിൽ റിസ്കാണ്. എങ്കിലും പണി പോയാലും വലിയ ടെൻഷനില്ലാതെ ജീവിയ്ക്കാനാകുമെന്നതിന്റെ കോൺഫിഡൻസ് കൂടിയാണത്. എല്ലാവർക്കും പുതുവർഷാശംസകൾ.

വീണ്ടും റസല്യൂഷന്‍, ആ തേരും തെളിച്ച് വരുന്നുണ്ടേ..Happy New Year

കഴിഞ്ഞ വര്‍ഷം ഒറ്റ റസല്യൂഷന്‍ മാത്രമാണുണ്ടായിരുന്നത്. വര്‍ക്കും ലൈഫും ബാലന്‍സ് ചെയ്യണം. അധികനേരം കംപ്യൂട്ടറിന് മുന്നിലോ മൊബൈലിന് മുന്നിലോ ഇരിയ്ക്കുന്നത് ഒഴിവാക്കണം. കൂടുതല്‍ യാത്രകള്‍ നടത്തണം. ഫാമിലി ടൈം കൂട്ടണം. പുസ്തക വായന വേണം, സൈക്‌ളിങ്..അങ്ങനെ അങ്ങനെ എന്തൊക്കെയോ തീരുമാനിച്ചിരുന്നു. എത്ര ശതമാനം സക്‌സസായെന്ന് ചോദിച്ചാല്‍ അഞ്ച് ശതമാനം മാത്രം. അപ്പോ, ഈ നടക്കാത്ത കാര്യങ്ങള്‍ക്ക് എന്തിനാണ് സമയം കളയുന്നത് എന്ന ചോദ്യമായിരിക്കും ന്യായമായും ഭൂരിപക്ഷം പേരുടെയും മനസ്സില്‍ കടന്നു വരിക. പക്ഷേ, ഇത്തരത്തിലൊരു കുറിപ്പ് തയ്യാറാക്കുമ്പോഴും ഒരു വര്‍ഷം കഴിഞ്ഞ് അതെല്ലാം വിശകലനം ചെയ്യുമ്പോഴും ഒരു രസമുണ്ട്. നമുക്ക് സന്തോഷമുള്ള കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് എന്റെ ബേസിക് പോളിസി. അതുകൊണ്ട് ഇതെനിക്ക് ഇഷ്ടമാണ്, അതുകൊണ്ട് ഞാന്‍ ചെയ്യുന്നു. അപ്പോള്‍ പുതിയ റസല്യൂഷനിലേക്ക് പോകാം.

കരിയര്‍
ഈ ടാര്‍ജറ്റ് ഫൈറ്റ് നിറഞ്ഞ ജീവിതം ബോറടിച്ചു തുടങ്ങി. ഡിജിറ്റല്‍ മീഡിയയില്‍ കൂടുതല്‍ അറിവ് നല്‍കുന്ന ഏത് ജോലി കിട്ടിയാലും അത് സ്വീകരിക്കുകയെന്നതാണ് ഈ തീരുമാനം നടപ്പാക്കുന്നതിലെ ആദ്യപടി. കൂടാതെ കേരളത്തില്‍ നിന്നും പുറത്തേക്ക് സ്ഥലം മാറി പോകാന്‍ കിട്ടുന്ന ഒരു അവസരവും കളഞ്ഞുകുളിക്കാതിരിക്കാന്‍ ശ്രമിക്കും. അതേ സമയം അനാവശ്യ തിടുക്കം കാണിയ്‌ക്കേണ്ട സാഹചര്യം നിലവിലില്ല(ഇത് എടുത്തുചാട്ടക്കാരനായ എന്നോട് തന്നെ ഞാന്‍ പറയുന്നതാണ്). ബിസിനസും സൗഹൃദവും രണ്ടാണെന്ന അടിസ്ഥാന വിശ്വാസത്തില്‍ മുറുകെ പിടിച്ച് ജീവിക്കും.

ആരോഗ്യം
വാസ്തവത്തില്‍ നിലവിലുള്ള വര്‍ക്കിങ് കള്‍ച്ചറില്‍ ആരോഗ്യത്തിന് തീരെ പരിഗണനയില്ല. ഇത് മറികടക്കാന്‍ യാത്രകള്‍ കൂട്ടുക മാത്രമേ മാര്‍ഗ്ഗമുള്ളൂ. ഒറ്റയ്ക്ക് കൂടുതല്‍ യാത്രകള്‍ 2022ല്‍ നടത്താന്‍ ശ്രമിക്കും. (കൂട്ടായ യാത്രകളാണ് നല്ലതെങ്കിലും അതിനു സമയം എടുക്കുന്നു, ഗ്യാപ്പ് വരുന്നു) കഴിഞ്ഞ വര്‍ഷം നടത്തിയത് ആകെ അഞ്ച് യാത്രകളാണ്. കൊവിഡ് കാലത്തിന്റെ പരിമിതിയുണ്ടായതുകൊണ്ടായിരിക്കാം നമ്പര്‍ കുറഞ്ഞത്. പക്ഷേ പുതിയ വര്‍ഷത്തില്‍ പ്രതിമാസം രണ്ട് യാത്രകളെങ്കിലും നടത്തിയെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കും. കൂടുതല്‍ സിനിമകള്‍ (തിയേറ്ററില്‍ പോയി) കാണാനും പുസ്തകങ്ങള്‍ വായിക്കാനുമുള്ള ശ്രമങ്ങള്‍ തുടരും. (കഴിഞ്ഞ വര്‍ഷം ഒറ്റ പുസ്തകം പോലും വായിക്കാത്തവന്റെ സ്വപ്‌നമാണെന്ന് നല്ല ബോധ്യമുണ്ട്). നിലവിലുള്ള കൊവിഡ് തിരക്ക് കഴിഞ്ഞാല്‍ ഉടന്‍ തന്നെ വര്‍ക്ക് ഔട്ട് തുടരും. എല്ലാ ദിവസവും നടത്തം അല്ലെങ്കില്‍ സൈക്ലിങ് എന്നിവ ഉറപ്പാക്കും.

കുടുംബം
ഫാമിലി ടൈം കൂട്ടുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതേ സമയം ഞാന്‍ ബേസിക്കലി ഒരു ഫാമിലി മാന്‍ അല്ല. എനിക്ക് ഒരു മാതൃകാ ഭര്‍ത്താവോ അച്ഛനോ ആകാനൊന്നും പറ്റില്ല. ഇത്രയും കാലത്തിനിടയില്‍ ഞാന്‍ ഇങ്ങനെയാണെന്ന് പിള്ളേരും പ്രജിയും മനസ്സിലാക്കിയിട്ടുണ്ട്. മറിച്ച് ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയാലാണ് പ്രശ്‌നം. അതേ സമയം അവരുടെ ചില അടിസ്ഥാന കാര്യങ്ങളിലും സന്തോഷങ്ങളിലും പങ്കാളിയാവാന്‍ ശ്രമിക്കും. മാസത്തിലെ ഒരു ഞായറാഴ്ച ഇവരുമൊന്നിച്ചുള്ള യാത്രകള്‍ക്കായി മാറ്റിവെയ്ക്കണമെന്ന് കരുതുന്നു.

സൗഹൃദം
കാലാകാലങ്ങളില്‍ മാറി വരുന്ന സൗഹൃദങ്ങളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായുള്ളത്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് സ്ഥിരമായി കൂട്ടുള്ളത്. അതില്‍ തന്നെ മനസ്സ് തുറക്കുന്നവര്‍ ഒന്നോ രണ്ടോ പേര്‍. ഒരു പക്ഷേ, ഇതിനു കാരണം നമ്മുടെ അടച്ചിട്ട മനസ്സായിരിക്കാം. ഇതിന് എന്തു മാറ്റം വരുത്താമെന്നും പുതുവര്‍ഷത്തില്‍ ആലോചിക്കണം. എന്തായാലും ഈ ഏരിയയില്‍ ഒന്നും കഴിഞ്ഞ വര്‍ഷത്തെ പോലെ പോയാല്‍ പോരാ..ഏറ്റവും കൂടുതല്‍ സൈക്കോളജിക്കല്‍ ഇംബാലന്‍സ് ഉണ്ടാക്കിയ ഏരിയ ആണിത്. അത് 2022ല്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല.. ഇവിടെ ശക്തമായ കോള്‍ തന്നെ നടത്തേണ്ടി വരും..

ഇത്തവണ ഒരേ ഒരു റസല്യൂഷൻ, ഇതെങ്കിലും നടന്നാ മതിയായിരുന്നു

ഒട്ടേറെ റസല്യൂഷൻസ് എടുത്ത് ഒന്നും നടക്കാതിരിക്കുന്നതിനേക്കാൾ നല്ലതാണല്ലോ ഒരു റസല്യൂഷൻ മാത്രമെടുത്ത് അത് നടപ്പാക്കുന്നത്. അത് എന്തായിരിക്കണം? ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം അതിനുള്ള ഉത്തരം കിട്ടി. വർഷങ്ങളായി ലിസ്റ്റിൽ സ്ഥിരമായി സ്ഥാനം പിടിച്ചിരുന്ന സംഗതിയാണെങ്കിലും ഓരോ വർഷം കൂടുന്തോറും അതിന്റെ പ്രാധാന്യം കൂടി വരികയാണ്..

എന്താണ് വർക്ക് ലൈഫ് ബാലൻസ്?

ജീവിതവും ജോലിയും തമ്മിൽ ഒരു ബാലൻസിൽ കൊണ്ടു പോവുകയെന്നതു തന്നെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. കോർപ്പറേറ്റ് അന്തരീക്ഷത്തിൽ ലൈഫിന് കൂടുതൽ പ്രാധാന്യം നൽകിയാൽ ജോലി പോകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ജോലിക്ക് കൂടുതൽ പ്രാധാന്യം നൽകിയാൽ കടുത്ത മാനസിക സംഘർഷത്തിലേക്കും ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്കും അത് നമ്മളെ നയിക്കും.
ഹൈപ്പർ ടെൻഷൻ തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ഇരിയ്ക്കുന്ന ജോലി ചെയ്യുന്നവരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ദഹന പ്രക്രിയയിലുള്ള പ്രശ്‌നങ്ങൾ, ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദനകൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അലട്ടാൻ തുടങ്ങും. വിഷാദരോഗത്തിലേക്കും ഉത്കണ്ഠയിലേക്കും ഉറക്കമില്ലായ്മയിലേക്കും നീങ്ങാൻ തുടങ്ങുന്നതോടെ ജോലി ശരീരത്തെ ബാധിച്ചു തുടങ്ങിയെന്നു വേണം മനസ്സിലാക്കാൻ. അപ്പോ ഈ വർക്കിനെയും ലൈഫിനെയും സുന്ദരമായി ബാലൻസ് ചെയ്യുകയെന്നതാണ് വർക്ക് ലൈഫ് ബാലൻസ്.

എങ്ങനെ നടപ്പാക്കും?
അഡിക്ഷൻ ആയ അവസ്ഥ മാറ്റുകയെന്നതാണ് ഒന്നാമത്തെ കാര്യം. ഞാൻ കംപ്യൂട്ടറിന് മുന്നിൽ നിന്ന് എണീറ്റാൽ ലോകം ഇടിഞ്ഞു വീഴുമെന്ന് ചിന്തിക്കുന്ന രീതിയങ്ങ് മാറ്റണം. ഡിസംബറിൽ തന്നെ ഇക്കാര്യത്തിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. അതിൽ നിന്നും പോസിറ്റീവായ ഒട്ടേറെ പാഠങ്ങൾ ലഭിച്ചിരുന്നു. വീടിനുള്ളിലിരുന്നാൽ കംപ്യൂട്ടറിന് മുന്നിൽ തന്നെയാകുമെന്നുറപ്പാണ്.

1 യാത്രകൾ എന്നും ഇഷ്ടമാണ്. വെറുതെ യാത്ര ചെയ്യുക. തനിച്ചോ ഫ്രീക്വൻസി മാച്ചാകുമെന്ന് വിശ്വസിക്കുന്നവരുടെ കൂടെയോ മാത്രം. ഇതാണ് ഏറ്റവും എളുപ്പവും നടക്കാൻ സാധ്യതയുള്ളതുമായ മാർഗ്ഗം. കാരണം യാത്ര എന്നും ത്രില്ലാണ്.
2 വീട്ടിലാണെങ്കിലും ഞാനെന്റെ ലോകത്തായിരിക്കും. ഇതിനു പകരം ഫാമിലി ടൈം കൂട്ടുക. ഇക്കാര്യത്തിൽ ഒരു പോസിറ്റീവ് സംഗതിയുണ്ട്. കുട്ടികൾ വലുതാകുന്നതിന് അനുസരിച്ച് ഇത് ഓട്ടോമാറ്റിക്കായി വരുന്നുണ്ട്. അവർ സമയം ഡിമാന്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്. മാസത്തിലൊരിക്കലെങ്കിലും ഇവരുമായി യാത്ര ചെയ്യുക.
3 ഡിജിറ്റൽ വായനയ്ക്കു പകരം പുസ്തക വായനയ്ക്കു വേണ്ടി ശ്രമിക്കുക.
4 നടത്തം, സൈക്ക്‌ളിങ് എന്ന ആക്ടിവിറ്റികൾ ആരോഗ്യത്തിന് എന്നതിനേക്കാൾ പുറത്തേക്ക് ഇറങ്ങാനുള്ള കാരണങ്ങാക്കി മാറ്റുക. നിശ്ചിത ഇടവേളകൾ നിർബന്ധമായും എടുക്കുക.
5 അത്യാവശ്യം ഫാമിലി ഫങ്ഷനുകളിലും പ്രോഗ്രാമുകളിലും പങ്കെടുക്കുക. തുരുത്തായി മാറാനുള്ള ടെൻഡൻസി ഒഴിവാക്കുകയും കുട്ടികളെ ഇത്തരം കൂട്ടായ്മകൾ പരിചയപ്പെടുത്തുകയും ചെയ്യുക.

അപ്പോ ഒരേ ഒരു റസല്യൂഷൻ..ഇത് നടക്കുമെന്ന് തോന്നുന്നു. അതിനു കാരണം ഡിസംബറിൽ നടത്തിയ ടെസ്റ്റ് ഡോസ് വൻ സക്‌സസായിരുന്നു. നടന്നാൽ എനിക്ക് നന്ന്….അത്ര മാത്രം.

നമ്മൾ അവരെ വിളിക്കാറുണ്ട്, പക്ഷേ, അവർ നമ്മളെ വിളിക്കാറില്ല

സോഷ്യൽ മീഡിയയിൽ ഇത്തിരി അച്ചടക്കം പാലിച്ചു തുടങ്ങിയതിനു ശേഷമാണ് ഫോൺ കോളുകളുടെ എണ്ണത്തിൽ കൂടി മിതത്വം ആവാമെന്ന ചിന്ത കടന്നുവന്നത്. ഔദ്യോ​ഗിക കോളുകൾ എന്തായാലും ഒഴിവാക്കാനാകില്ല. പിന്നെ, ഒഴിവാക്കാനുള്ളത് പേഴ്സണൽ കോളുകളാണ്. ഇത്തരം കോളുകൾ വിശകലനം ചെയ്തു നോക്കിയപ്പോഴാണ് വിചിത്രമായ ഒരു സംഗതി കണ്ടെത്തിയത്.

വിളിക്കുന്ന ഒട്ടേറെ കോളുകൾ ഏകപക്ഷീയമാണ്. ഭൂരിഭാ​ഗം സമയത്തും ഞാനാണ് അങ്ങോട്ട് വിളിക്കുന്നത്. തിരിച്ച് ഇങ്ങോട്ട് വിളിച്ചിട്ടുള്ളത് അപൂർവ സമയങ്ങളിൽ മാത്രം. ഇതിനർത്ഥം അവർക്ക് നമ്മളോട് സ്നേഹമില്ല എന്നൊന്നുമല്ല. പക്ഷേ, അവരുടെ പ്രയോറിറ്റികൾ മാറിയെന്നതാണ്. എന്നാൽ മറ്റൊരു രീതിയിൽ ആലോചിക്കുമ്പോൾ ആ സൗഹൃദത്തിന്റെ ചരടിനെ വൺവേ ട്രാഫിക്കിലൂടെ ഘടിപ്പിച്ചിടുന്നുവെന്നതല്ലേ സത്യം. അവർക്ക് നമ്മൾ പ്രിയപ്പെട്ടതാണെങ്കിൽ അവർ നമ്മളെ വിളിക്കില്ലേ… അപ്പോൾ നമ്മുടെ കോളുകൾ അവർക്ക് ശല്യപ്പെടുത്തലായി മാറുകയല്ലേ ചെയ്യുന്നത്.

ഇന്റർനെറ്റും ഫോൺ കോളുമില്ലാതെ ഒരു കാട്ടിനുള്ളിൽ രണ്ടു ദിവസം തനിച്ചിരിക്കുമ്പോൾ മനസ്സിലേക്ക് വന്ന പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ഒന്നായിരുന്നു ഇത്. ചിലർ പറയാറുണ്ട്. ഫോൺ എന്നത് ഒരു അതിക്രമിച്ചു കടക്കലാണെന്ന്. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നു ചെന്ന് അയാളോട് സംസാരിക്കാനും ചോദ്യങ്ങൾക്ക് മറുപടി പറയാനും ആവശ്യപ്പെടുകയല്ലേ നമ്മൾ ചെയ്യുന്നത്. അവർ എന്താണോ അത്രയും നേരം ചെയ്തു കൊണ്ടിരിക്കുന്നത് അതെല്ലാം നിർത്തിവെച്ച് താരതമ്യേന അപ്രധാനമായ നമ്മുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ശ്രമിക്കുകയല്ലേ ചെയ്യുന്നത്.

തീർച്ചയായും പഴയകാല സൗഹൃദം നിലനിർത്താൻ വേണ്ടി നടത്തുന്ന കോളുകളുടെ എണ്ണം ഇനി ക്രമാതീതമായി വെട്ടിക്കുറയ്ക്കണം. അതേ സമയം ഇങ്ങോട്ട് കൃത്യമായ ഇടവേളകളിൽ വിളിച്ചു കൊണ്ടിരിക്കുന്നവരെ തിരിച്ചും വിളിക്കാം. ചിലരോട് സംസാരിക്കാൻ തോന്നിയാൽ അവർക്ക് ഒരു എസ്എംഎസോ വാട്സ് ആപ്പ് മെസ്സേജോ അയച്ച് ചോദിക്കാം. ഫ്രീയാകുന്പോൾ അറിയിച്ചാൽ നമുക്ക് സംസാരിക്കാം. അതിനു മറുപടി കിട്ടുകയാണെങ്കിൽ മാത്രം അത്തരം സൗഹൃദങ്ങളുമായി ഫോണിലൂടെ കണക്ട് ചെയ്താൽ മതി. എന്നാൽ ചിലർ നമ്മൾ ബിസിയായിരിക്കുമെന്ന് കരുതി വിളിക്കാത്തവരുണ്ട്. അവരെ തിരിച്ചറിയാനും പറ്റണം.

ആരൊക്കെയാണ് ശരിയായ ഫ്രണ്ട്സ് എന്നത് പ്രതിസന്ധി കാലത്ത് തിരിച്ചറിഞ്ഞതാണ്. പലപ്പോഴും നമ്മൾ വിചാരിക്കും അവർ നമ്മുടെ ക്ലോസ് ഫ്രണ്ട്സാണെന്ന്. അത് അവരുടെ അന്നത്തെ ആവശ്യവും ശരിയുമായിരുന്നു. ഇന്ന് അവർക്ക് പുതിയ ആവശ്യങ്ങളും സൗഹൃദങ്ങളും ഉണ്ട്. തീർച്ചയായും പ്രയോറിറ്റിയിൽ വന്നിട്ടുള്ള ഈ വ്യത്യാസം അംഗീകരിക്കാൻ നമ്മൾ തയ്യാറാകണം.

ചിലർ പറയുന്നത് മറ്റൊരു കാര്യമാണ്. ക്ലോസ് ഫ്രണ്ട്സ് ഇല്ലാത്തവരാണ് ഇത്തരത്തിൽ നിരന്തരം കോളുകൾ ചെയ്യുകയെന്നതാണ്. അവർക്ക് ആരോടെങ്കിലും സംസാരിക്കണം. അതിനായിട്ടുള്ള ശ്രമമാണ് അവർ നടത്തുന്നത്. മറുഭാഗത്ത് ഇരിയ്ക്കുന്നവരുടെ മാനസിക വ്യാപാരം എന്താണെന്നോ അവർ തിരിച്ചു വിളിക്കുന്നുണ്ടോ എന്നും ഇത്തരക്കാർ ചിന്തിക്കുന്നില്ല. നമ്മൾ ഇതിൽ ഏത് കാറ്റഗറിയിൽ വരുമെന്നതിനേക്കാളും അനാവശ്യമായ കോളുകൾ ഒഴിവാക്കണം. മണിക്കൂറോളം നീണ്ട സംസാരങ്ങൾ കുറയ്ക്കണം, എന്നീ പോയിൻറുകൾക്കാണ് പ്രസക്തി.. (ഇതെല്ലാം പേഴ്സണൽ കോളുകളുടെ കാര്യത്തിലാണ്. ഓഫീസ് കാര്യത്തിൽ നമ്മൾ ആവശ്യക്കാരാണ്. നമ്മൾ ഔചിത്യം കാണിക്കേണ്ട കാര്യമില്ല).

യൂസേഴ്സിനു വേണ്ടിയുള്ള പോരാട്ടം..ഒരു തുടർക്കഥ

പലപ്പോഴും മുന്നിലൂടെ കടന്നു പോയ യൂസേഴ്സിനെ അല്ലെങ്കിൽ കസ്റ്റമേഴ്സിനെ കുറിച്ച് ചിന്തിക്കാറുണ്ട്..
പത്രവിതരണം: അതാണല്ലോ ആദ്യം ചെയ്ത ജോലി…പത്തോളം കിലോമീറ്റർ സൈക്കിൾ ചവിട്ടി വിതരണം കഴിഞ്ഞെത്തിയാൽ 5 രൂപ കിട്ടും. അത് അത്ര ചെറിയ പൈസയൊന്നുമല്ല. കോളജിൽ പോകാൻ 25 പൈസ മതി. ഉച്ചയ്ക്ക് അവിൽ മിൽക്ക് കഴിയ്ക്കാൻ 1.5 രൂപ..ഇനി ഇത്തിരി ആർഭാടമായി ഒരു സിനിമയ്ക്ക് പോകാനാണെങ്കിലും ആ ക്യാഷ് ധാരാളം. നമ്മുടെ കാര്യങ്ങളെല്ലാം നടക്കും. ഈ കാലത്ത് രണ്ട് അനുഭവങ്ങൾ എപ്പോഴും ഓർമയിലുണ്ട്..

ഇന്ത്യൻ എക്സ്പ്രസ് പത്രം വിതരണം ചെയ്യുന്ന കാലത്ത്..മഴക്കാലത്ത് പത്രം വിതരണം ചെയ്യുമ്പോൾ..കുട പിടിച്ചോടിയ്ക്കാനാകില്ല. റെയിൻ കോട്ട് അതെല്ലാം ഒരു സ്വപ്നം മാത്രം.. ആകെയുള്ള മാർ​ഗ്​ഗം പത്രം ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിയുകയും നമ്മൾ നന്നായി മഴകൊണ്ട് ഓടിയ്ക്കുകയുമാണ്. കടലുണ്ടി റെയിൽവേ സ്റ്റേഷനു പിറകിലുള്ള ഒരു വീട്ടിൽ പത്രം കൊടുക്കാനായി അത്യാവശ്യം നല്ല വേ​ഗതയിൽ പോവുകയാണ്.. ആകെ നനഞ്ഞിട്ടുണ്ട്.. പ്ലാസ്റ്റിക് കെട്ടിൽ നിന്ന് പത്രമെടുത്ത് വീടിന്റെ കോലായിലേക്ക് ഇടുന്നതിനിടെ സ്വാഭാവികമായും ചില തുള്ളി ആ പത്രത്തിലും വീണു… അയാളിൽ നിന്നു കേട്ട തെറിക്ക് കൈയും കണക്കുമില്ല..ശരിയ്ക്കും സങ്കടമായി..

എന്നാൽ മാതൃഭൂമി വിതരണം ചെയ്യുന്ന കാലത്ത് രസകരമായ ഒരു സംഭവം ഉണ്ടായി..വീട്ടുടമസ്ഥൻ എല്ലാ ദിവസവും കാണുമ്പോൾ ചിരിയ്ക്കും…പക്ഷേ, ഒരു ദിവസം പത്രം ഇട്ടു തിരിഞ്ഞപ്പോൾ..അയാൾ പറഞ്ഞു പോകല്ലേ.. മോളേ…ഷിനോദിന് മിഠായി കൊടുക്കൂ.. ഞാൻ ഞെട്ടി..അയാൾക്ക് എന്റെ പേരറിയാം.. ഇന്നു മോളുടെ ബെർത്ത് ഡേ ആണ്…..പിന്നെ എന്നോട് പറഞ്ഞു.. നന്നായി പഠിയ്ക്കണം.. നിന്റെ സ്കൂളിലെ മാർക്കും വിവരങ്ങളുമെല്ലാം എനിക്കറിയാം.. ഒരു യുദ്ധം കീഴടക്കിയ സന്തോഷമായിരുന്നു അന്ന്… കാരണം സാധാരണ പത്രം വിതരണം ചെയ്യാൻ വരുന്ന പിള്ളേരെ..ഏതോ തലതിരിഞ്ഞ ചെറുക്കൻ എന്നു ചിന്തിക്കുന്നതാണ് നാട്ടിലെ പ്രകൃതം..

ഇവിടെ രണ്ട് യൂസേഴ്സ് രണ്ടു രീതിയിലാണ് ബിഹേവ് ചെയ്തത്.. പഠിയ്ക്കുമ്പോൾ പല പണികളും എടുത്തിട്ടുണ്ട്….
സ്റ്റുഡിയോയിൽ അസിസ്റ്റന്റായും മെഡിക്കൽ ഷോപ്പിൽ സെയിൽസ്മാനായും ഐസ്ക്രീം പാർലറിൽ വിൽപ്പനക്കാരനായും മരക്കമ്പനിയിലെ കണക്കെഴുത്തുപിള്ളയായും കോളജിൽ അധ്യാപകനായും ജോലി ചെയ്തതിനുശേഷമാണ് ഡ്രീം ജോബായ ജേർണലിസത്തിലേക്ക് കാലെടുത്തുവെയ്ക്കുന്നത്. വേറൊരു ജോലിയും സ്വപ്നത്തിലില്ലായിരുന്നു. എല്ലാ ജോലിയും ചെയ്തത് ഈ ലക്ഷ്യത്തിലേക്കെത്താൻ വേണ്ടിയായിരുന്നു. പിജിയും ജേർണലിസവും കഴിഞ്ഞ് ഉടൻ ജോലിയും കിട്ടി.. അതിനിടയിൽ പിജിയ്ക്ക് പഠിയ്ക്കുന്ന കാലത്ത് കേരളകൗമുദിയിൽ പ്രൂഫ് റീഡറുടെ പണിയും നോക്കിയിരുന്നു…ഇത് പാഷന്റെ തീവ്രത കൂട്ടുകയാണ് ചെയ്തത്. പലരീതിയിലുള്ള യൂസേഴ്സുമായി ഇക്കാലത്ത് ഇടപെടാൻ സാധിച്ചു.

എന്നാൽ ആദ്യത്തെ പത്രത്തിൽ എട്ടിന്റെ പണി കിട്ടി. മൂന്നു മാസം ശമ്പളം കിട്ടി..പിന്നെ കിട്ടിയത് ആ പത്രം തന്നെയായിരുന്നു. അതിന്റെ എല്ലാ നടത്തിപ്പും എന്റെയും പ്രദീപേട്ടന്റെയും തലയിൽ വീണു.. റിപ്പോർട്ടിങ്, ടൈപ്പിങ്, ഡിസൈനിങ്, പ്രിന്റിങ്, പരസ്യം പിടിയ്ക്കൽ..എല്ലാം കൂടി എട്ടുമാസം വണ്ടിയോടിച്ചു.. വാസ്തവത്തിൽ ആ പോരാട്ടമായിരുന്നു…പിന്നീട് കരിയറിലെ ഊർജ്ജമായി മാറിയത്.. ഇൻഡസ്ട്രിയിലെ വിവിധ ടൈപ്പിലുള്ള ആളുകളെ അഭിമുഖീകരിക്കാൻ പഠിച്ചു.. അതിനുശേഷം അഞ്ചോളം പത്രങ്ങൾ മാറി… 2002ഓടെ തന്നെ ഡിജിറ്റൽ മീഡിയയിൽ ശ്രദ്ധയൂന്നി തുടങ്ങി. 2010 ആകുമ്പോഴേക്കും പരിപൂർണമായും ഡിജിറ്റൽ മീഡിയ ജേർണലിസ്റ്റ് എന്ന രീതിയിലേക്ക് കൺവെർട്ട് ആയി.. ഏറ്റവും രസകരമായ കാര്യം ഞാനിപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളിലൊന്ന് യൂസേഴ്സ് എന്നതാണ്.. മുന്നോട്ടു കുതിയ്ക്കാനും എതിരാളിയുടെ മനസ്സിലുള്ള കാര്യങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും പലപ്പോഴും എനിക്ക് വെളിച്ചമാകുന്നത് ഈ വ്യത്യസ്ത മേഖലയിലുള്ള യൂസേഴ്സ് അല്ലെങ്കിൽ കസ്റ്റമേഴ്സ് നൽകിയ അനുഭവങ്ങൾ തന്നെയാണ്… പോരാട്ടം തുടരുന്നു….

Happy New Year: ഒരു ആചാരമാകുമ്പോൾ..അതും കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മൾ ചെയ്തു വരുന്നത്.

ധാരണകളും തീരുമാനങ്ങളും, ഇതിന് പുതുവർഷമാകണമെന്നില്ല. എപ്പോഴും ആകാവുന്നതാണ്. പക്ഷേ, ഒരു ആചാരമാകുമ്പോൾ..അതും കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മൾ ചെയ്തു വരുന്നത്.(ആർക്കെങ്കിലും പ്രചോദനമായാലോ?)

ജോലി
(a) ഏറ്റെടുത്ത സംഗതി ലക്ഷ്യത്തിലെത്തിക്കാൻ വേണ്ടി പൊരുതും. കരിയർ സ്വപ്നത്തിലേക്ക്.
(b) ബിസിനസ്സും സൗഹൃദവും കൂട്ടിക്കുഴയ്ക്കില്ലെന്ന നിലപാട് തുടരും.
(c) വീഡിയോ ആയിരിക്കും മുഖ്യ ഫോക്കസ്
(d) സെയിൽസ്, മാർക്കറ്റിങ് എന്നിവയിൽ എന്തെങ്കിലും ചെയ്യാനാകുമോ എന്ന് നോക്കണം.

കുടുംബം
(a) സെറ്റിൽമെന്റ് എന്ന സംഗതിയിൽ വലിയ കാര്യമില്ലെന്ന് പുതിയ തീരുമാനം. ഇങ്ങനെ പോയാൽ മതി
(b) കുട്ടികളെ പുതിയ സ്കൂളിലേക്ക് മാറ്റാനും അതിനടുത്ത് തന്നെ വീടെടുക്കാനും ശ്രമിക്കും.
(c) വർക്ക്-ലൈഫ് ബാലൻസിനായി ശ്രമിക്കും. നടക്കില്ലെന്നറിയാം.. എങ്കിലും
(d) ഫാമിലി ബിസിനസ്സിനെ കൂടുതൽ ഉയരത്തിലെത്തിക്കാൻ മാനസികമായി പിന്തുണ കൊടുക്കും..

സാമ്പത്തികം
(a) വേട്ടയാടുന്ന ബാധ്യതകൾ 2020ൽ എങ്കിലും ക്ലോസാകുമായിരിക്കും.
(b) നിലവിലുളള ഇൻഷുറൻസ് പോളിസികൾ വീഴാതെ മുന്നോട്ടുകൊണ്ടു പോകണം.
(c) പുതിയ ചില സംഗതികൾ കൂടി തുടങ്ങണം. റിസർവ് മണി ഒരു മിഥ്യയാണ്. എങ്കിലും

വ്യക്തിപരം
(a) പുസ്തക വായന നടക്കില്ല, യാത്രയെങ്കിലും നടക്കണം. യാത്ര നല്ല വായനയാണ്.
(b) തേടി പോകുന്നതിനു പകരം, നമ്മളെ തേടിയെത്തുന്നവർ മതി. നല്ല ആത്മാർത്ഥ സൗഹൃദങ്ങൾക്കായി…
(c) ഇത്തിരി ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കാൻ ശ്രമിക്കും. വ്യായാമം എന്നൊന്നും പറഞ്ഞ് ബോറാക്കുന്നില്ല.