ജനുവരി ഒന്നു മുതൽ പുതിയൊരു മനുഷ്യനാകുമെന്ന പ്രതിജ്ഞയൊന്നുമല്ല ഓരോ തവണയും റസല്യൂഷൻ കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. പെർഫക്ഷൻ എന്നതിൽ വിശ്വസിക്കുന്നില്ലെങ്കിലും സഹജീവികളുമായി ഇടപഴകുമ്പോൾ നമുക്ക് ലഭിക്കുന്ന ചില തിരിച്ചറിവുകളുണ്ട്. അത്തരം വെളിച്ചങ്ങളിൽ നിന്നും ലഭിക്കുന്ന ദിശാബോധത്തെ ക്രോഡീകരിക്കുക മാത്രമാണ് ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ചെയ്യുന്നത്. പിന്നെ എത്രയോ വർഷങ്ങളായി ചെയ്തുവരുന്ന ആചാരമാണിത്. അതു മുടക്കാതിരിക്കാൻ കൂടിയാണ് ഈ കുറിപ്പ്.
കഴിഞ്ഞ ഡിസംബറിലെടുത്ത പുതുവർഷ തീരുമാനങ്ങളിൽ ഭൂരിഭാഗം സംഗതികളും നടപ്പിലാക്കാനായിയെന്നതാണ് സന്തോഷകരമായ കാര്യം. വർക്ക്-ലൈഫിനെ ബാലൻസ് ചെയ്യുന്നതിനാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നത്. അത് 110 ശതമാനം നടപ്പിലായി പോയോ എന്ന ആശങ്ക മാത്രമേയുള്ളൂ. അത്രയും പെർഫക്ടായിരുന്നു. അതിലേക്ക് കൈപിടിച്ചു നടത്തിച്ച സുഹൃത്തിനുള്ള അകമഴിഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. (കഴിഞ്ഞ വർഷത്തെ റസല്യൂഷൻ).
നിരന്തരം മോഡിഫൈ ചെയ്യാനുള്ള ശ്രമമാണ് പലപ്പോഴും മുന്നോട്ട് കുതിക്കാനുള്ള ഇന്ധനമാകാറുള്ളത്. 2023നെ വിശകലനം ചെയ്യുമ്പോൾ വ്യക്തിപരമായും പ്രൊഫഷണലായും മാറ്റം വരുത്തേണ്ട ചില കാര്യങ്ങളിലാണ് മനസ്സ് ഉടക്കി നിൽക്കുന്നത്. ഇത്തവണ ഫോക്കസ് ചെയ്യുന്നത് ഇവിടെയാണ്.
പ്രൊഫഷണൽ ആന്റ് പേഴ്സണൽ ഡെവലപ്മെന്റ്: ഈ വർഷം ഏറ്റവും ചുരുങ്ങിയത് പന്ത്രണ്ട് സർട്ടിഫിക്കറ്റ് കോഴ്സ് എങ്കിലും പൂർത്തിയാക്കണമെന്ന് കരുതുന്നു. ടൈം മാനേജ്മെന്റ്, ഓർഗനൈസേഷനൽ സ്കിൽസ് എന്നിവയ്ക്കായിരിക്കും ഈ വർഷം പ്രാധാന്യം കൊടുക്കുക. കൂടുതൽ പുസ്തകങ്ങൾ വായിക്കാനും കൂടുതൽ വാല്യുബിൾ ആയ സിനിമകളും ടിവി ഷോകളും കാണാൻ ശ്രമിക്കും. (നിലവിൽ ലൈറ്റ് സംഗതികൾ മാത്രമാണ് കാണുന്നത്)
റിലേഷൻ ഷിപ്പ്: ഫാമിലിയ്ക്കും കൂട്ടുകാർക്കും വേണ്ടി കൂടുതൽ സമയം മാറ്റിവെയ്ക്കാൻ ശ്രമിക്കും. കമ്യൂണിക്കേഷൻ വർധിപ്പിക്കാനും കൂടുതൽ കൂട്ടായ്മകൾക്കായും ശ്രമിക്കും. മറ്റുള്ളവരെ കേൾക്കാൻ കൂടുതൽ സമയം കണ്ടെത്തും. റിലേഷൻഷിപ്പിൽ ഒന്നിലേറെ ആളുകളുണ്ടെന്ന സത്യം മനസ്സിനെ പറഞ്ഞ് പഠിപ്പിക്കും.
ഫാമിലി: പ്രജിയെ കാർ ഓടിയ്ക്കാൻ പഠിപ്പിക്കുകയെന്നത് 2024ലെ ചലഞ്ചായി ഏറ്റെടുക്കുന്നു. അവളെ കൂടുതൽ ഓട്ടോണമസാക്കുക എന്നതാണ് ലക്ഷ്യം. പാറുവിന് മെഡിക്കൽ, എൻജിനിയറിങ് എൻട്രൻസിലൊന്നും താത്പര്യമില്ലെങ്കിലും ആർട്സ് വിഷയങ്ങൾക്കുള്ള യൂനിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റിനു പ്രിപ്പയർ ചെയ്യേണ്ടതുണ്ട്. 2024 അതിനൊരു ദിശാബോധം നൽകുന്നതിന് കൂടിയായിരിക്കണം. ഏതു കോളജ് ?, ഏതു കോഴ്സ്? ഏതു ടെസ്റ്റ്? തുടങ്ങിയ കാര്യങ്ങളിൽ ഒരു ഫൈനൽ ചിത്രം തയ്യാറാക്കണം. കിഷന് ഇഷ്ടമുള്ള കളിയിൽ കൂടുതൽ തിളങ്ങാൻ കഴിയുന്ന രീതിയിൽ പരിശീലനവും അവസരങ്ങളും കിട്ടാൻ സൗകര്യമൊരുക്കണം.
ഇമോഷണൽ : 2024ൽ മറ്റുള്ളവരുടെ ഫീലിങ്സിനു കൂടി പ്രാധാന്യം നൽകി കൊണ്ടുള്ള ഒരു അപ്രോച്ച് പടുത്തുയർത്താൻ ശ്രമിക്കും. ബിസിനസ്സും സൗഹൃദവും രണ്ടായിരിക്കണമെന്ന പോളിസിയിൽ നിന്നുകൊണ്ട് തന്നെയായിരിക്കും ഇത്. രണ്ടിനെയും ബാലൻസ് ചെയ്യാനാകുന്നില്ലെങ്കിൽ ഒന്നിനെ അടർത്തി മാറ്റും. ഒന്നിനു മുന്നിലും മുട്ടുമടക്കില്ലെന്ന അഹന്തയെയും ഞാൻ ഇമോഷന് അതീതനാണെന്ന മിഥ്യാ ബോധത്തിനെയും ചെറുതാക്കി കൊണ്ടുവരാൻ ശ്രമിക്കും.
യാത്ര: വാസ്തവത്തിൽ ലക്ഷ്യ സ്ഥാനത്തിനേക്കാളും അവിടേക്കുള്ള യാത്രയാണ് എനിക്ക് ഹരം നൽകാറുള്ളത്. വെറുതെ യാത്ര ചെയ്യുക. അതും മറ്റാരെങ്കിലും ഡ്രൈവ് ചെയ്യുന്ന വണ്ടിയിൽ… ഏറ്റവും ക്രിയേറ്റായി ചിന്തിക്കുന്നതും ഇത്തരം യാത്രകളിലാണ്. ഓരോ യാത്രയും മനസ്സിനെ വല്ലാതെ തണുപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ 2024ലും കൂടുതൽ യാത്ര ചെയ്യാൻ ശ്രമിക്കും. എല്ലാവരും ഉണ്ടെങ്കിൽ സന്തോഷം എന്നാൽ ആരുമില്ലെങ്കിലും യാത്രകൾ തുടരണം എന്ന പോളിസിയിൽ മുന്നോട്ടു പോകും.
ഇൻഫർമേഷൻ: ഡാറ്റ കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. രണ്ടു രീതിയിലാണ് ഇൻഫർമേഷൻ പാസ് ചെയ്യാറുള്ളത്. ഈ വിവരം അവർക്ക് ഉപകാരപ്പെടും അത് അവരെ കൂടുതൽ മെച്ചപ്പെടുത്തും എന്ന തിരിച്ചറിവാണ് ഒന്നാമത്തെ ലോജിക്. രണ്ടാമത്തേത് അവരെ അത്ര മാത്രം വിശ്വസിക്കുന്നുവെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ്. അവരിൽ നിന്നും ഒന്നും മറച്ചുവെയ്ക്കാനില്ല എന്ന ബോധ്യപ്പെടുത്തലാണ്. എന്നാൽ ഈ രണ്ട് സാഹചര്യങ്ങളിലും റിസീവ് എൻഡിന്റെ അതു ഉൾകൊള്ളാനുള്ള കപ്പാസിറ്റി, അപ്പോഴത്തെ മൂഡ് എന്നിവ പലപ്പോഴും സൂഷ്മമായി വിലയിരുത്താറില്ല. ഇത് ചിലപ്പോഴെങ്കിലും തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡാറ്റ ഹാൻഡ്ലിങിന് അല്ലെങ്കിൽ ഇൻഫർമേഷൻ ഷെയറിങിന് പുതുവർഷം മുതൽ ചില നിബന്ധനകൾ വരുത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.. ഒരു പക്ഷേ, ഈ പോയിന്റിനായിരിക്കും പുതുവർഷത്തിൽ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കുകയെന്ന് തോന്നുന്നു.
വാല്‍ക്കഷണം- അവസാനത്തെ പോയിന്‍റ് വളരെ ശക്തമായി നടപ്പാക്കുന്നതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ഇനി 2024 മുതല്‍ അപ് ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല..