വീണ്ടും റസല്യൂഷന്‍, ആ തേരും തെളിച്ച് വരുന്നുണ്ടേ..Happy New Year

കഴിഞ്ഞ വര്‍ഷം ഒറ്റ റസല്യൂഷന്‍ മാത്രമാണുണ്ടായിരുന്നത്. വര്‍ക്കും ലൈഫും ബാലന്‍സ് ചെയ്യണം. അധികനേരം കംപ്യൂട്ടറിന് മുന്നിലോ മൊബൈലിന് മുന്നിലോ ഇരിയ്ക്കുന്നത് ഒഴിവാക്കണം. കൂടുതല്‍ യാത്രകള്‍ നടത്തണം. ഫാമിലി ടൈം കൂട്ടണം. പുസ്തക വായന വേണം, സൈക്‌ളിങ്..അങ്ങനെ അങ്ങനെ എന്തൊക്കെയോ തീരുമാനിച്ചിരുന്നു. എത്ര ശതമാനം സക്‌സസായെന്ന് ചോദിച്ചാല്‍ അഞ്ച് ശതമാനം മാത്രം. അപ്പോ, ഈ നടക്കാത്ത കാര്യങ്ങള്‍ക്ക് എന്തിനാണ് സമയം കളയുന്നത് എന്ന ചോദ്യമായിരിക്കും ന്യായമായും ഭൂരിപക്ഷം പേരുടെയും മനസ്സില്‍ കടന്നു വരിക. പക്ഷേ, ഇത്തരത്തിലൊരു കുറിപ്പ് തയ്യാറാക്കുമ്പോഴും ഒരു വര്‍ഷം കഴിഞ്ഞ് അതെല്ലാം വിശകലനം ചെയ്യുമ്പോഴും ഒരു രസമുണ്ട്. നമുക്ക് സന്തോഷമുള്ള കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് എന്റെ ബേസിക് പോളിസി. അതുകൊണ്ട് ഇതെനിക്ക് ഇഷ്ടമാണ്, അതുകൊണ്ട് ഞാന്‍ ചെയ്യുന്നു. അപ്പോള്‍ പുതിയ റസല്യൂഷനിലേക്ക് പോകാം.

കരിയര്‍
ഈ ടാര്‍ജറ്റ് ഫൈറ്റ് നിറഞ്ഞ ജീവിതം ബോറടിച്ചു തുടങ്ങി. ഡിജിറ്റല്‍ മീഡിയയില്‍ കൂടുതല്‍ അറിവ് നല്‍കുന്ന ഏത് ജോലി കിട്ടിയാലും അത് സ്വീകരിക്കുകയെന്നതാണ് ഈ തീരുമാനം നടപ്പാക്കുന്നതിലെ ആദ്യപടി. കൂടാതെ കേരളത്തില്‍ നിന്നും പുറത്തേക്ക് സ്ഥലം മാറി പോകാന്‍ കിട്ടുന്ന ഒരു അവസരവും കളഞ്ഞുകുളിക്കാതിരിക്കാന്‍ ശ്രമിക്കും. അതേ സമയം അനാവശ്യ തിടുക്കം കാണിയ്‌ക്കേണ്ട സാഹചര്യം നിലവിലില്ല(ഇത് എടുത്തുചാട്ടക്കാരനായ എന്നോട് തന്നെ ഞാന്‍ പറയുന്നതാണ്). ബിസിനസും സൗഹൃദവും രണ്ടാണെന്ന അടിസ്ഥാന വിശ്വാസത്തില്‍ മുറുകെ പിടിച്ച് ജീവിക്കും.

ആരോഗ്യം
വാസ്തവത്തില്‍ നിലവിലുള്ള വര്‍ക്കിങ് കള്‍ച്ചറില്‍ ആരോഗ്യത്തിന് തീരെ പരിഗണനയില്ല. ഇത് മറികടക്കാന്‍ യാത്രകള്‍ കൂട്ടുക മാത്രമേ മാര്‍ഗ്ഗമുള്ളൂ. ഒറ്റയ്ക്ക് കൂടുതല്‍ യാത്രകള്‍ 2022ല്‍ നടത്താന്‍ ശ്രമിക്കും. (കൂട്ടായ യാത്രകളാണ് നല്ലതെങ്കിലും അതിനു സമയം എടുക്കുന്നു, ഗ്യാപ്പ് വരുന്നു) കഴിഞ്ഞ വര്‍ഷം നടത്തിയത് ആകെ അഞ്ച് യാത്രകളാണ്. കൊവിഡ് കാലത്തിന്റെ പരിമിതിയുണ്ടായതുകൊണ്ടായിരിക്കാം നമ്പര്‍ കുറഞ്ഞത്. പക്ഷേ പുതിയ വര്‍ഷത്തില്‍ പ്രതിമാസം രണ്ട് യാത്രകളെങ്കിലും നടത്തിയെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കും. കൂടുതല്‍ സിനിമകള്‍ (തിയേറ്ററില്‍ പോയി) കാണാനും പുസ്തകങ്ങള്‍ വായിക്കാനുമുള്ള ശ്രമങ്ങള്‍ തുടരും. (കഴിഞ്ഞ വര്‍ഷം ഒറ്റ പുസ്തകം പോലും വായിക്കാത്തവന്റെ സ്വപ്‌നമാണെന്ന് നല്ല ബോധ്യമുണ്ട്). നിലവിലുള്ള കൊവിഡ് തിരക്ക് കഴിഞ്ഞാല്‍ ഉടന്‍ തന്നെ വര്‍ക്ക് ഔട്ട് തുടരും. എല്ലാ ദിവസവും നടത്തം അല്ലെങ്കില്‍ സൈക്ലിങ് എന്നിവ ഉറപ്പാക്കും.

കുടുംബം
ഫാമിലി ടൈം കൂട്ടുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതേ സമയം ഞാന്‍ ബേസിക്കലി ഒരു ഫാമിലി മാന്‍ അല്ല. എനിക്ക് ഒരു മാതൃകാ ഭര്‍ത്താവോ അച്ഛനോ ആകാനൊന്നും പറ്റില്ല. ഇത്രയും കാലത്തിനിടയില്‍ ഞാന്‍ ഇങ്ങനെയാണെന്ന് പിള്ളേരും പ്രജിയും മനസ്സിലാക്കിയിട്ടുണ്ട്. മറിച്ച് ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയാലാണ് പ്രശ്‌നം. അതേ സമയം അവരുടെ ചില അടിസ്ഥാന കാര്യങ്ങളിലും സന്തോഷങ്ങളിലും പങ്കാളിയാവാന്‍ ശ്രമിക്കും. മാസത്തിലെ ഒരു ഞായറാഴ്ച ഇവരുമൊന്നിച്ചുള്ള യാത്രകള്‍ക്കായി മാറ്റിവെയ്ക്കണമെന്ന് കരുതുന്നു.

സൗഹൃദം
കാലാകാലങ്ങളില്‍ മാറി വരുന്ന സൗഹൃദങ്ങളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായുള്ളത്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് സ്ഥിരമായി കൂട്ടുള്ളത്. അതില്‍ തന്നെ മനസ്സ് തുറക്കുന്നവര്‍ ഒന്നോ രണ്ടോ പേര്‍. ഒരു പക്ഷേ, ഇതിനു കാരണം നമ്മുടെ അടച്ചിട്ട മനസ്സായിരിക്കാം. ഇതിന് എന്തു മാറ്റം വരുത്താമെന്നും പുതുവര്‍ഷത്തില്‍ ആലോചിക്കണം. എന്തായാലും ഈ ഏരിയയില്‍ ഒന്നും കഴിഞ്ഞ വര്‍ഷത്തെ പോലെ പോയാല്‍ പോരാ..ഏറ്റവും കൂടുതല്‍ സൈക്കോളജിക്കല്‍ ഇംബാലന്‍സ് ഉണ്ടാക്കിയ ഏരിയ ആണിത്. അത് 2022ല്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല.. ഇവിടെ ശക്തമായ കോള്‍ തന്നെ നടത്തേണ്ടി വരും..

ഇത്തവണ ഒരേ ഒരു റസല്യൂഷൻ, ഇതെങ്കിലും നടന്നാ മതിയായിരുന്നു

ഒട്ടേറെ റസല്യൂഷൻസ് എടുത്ത് ഒന്നും നടക്കാതിരിക്കുന്നതിനേക്കാൾ നല്ലതാണല്ലോ ഒരു റസല്യൂഷൻ മാത്രമെടുത്ത് അത് നടപ്പാക്കുന്നത്. അത് എന്തായിരിക്കണം? ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം അതിനുള്ള ഉത്തരം കിട്ടി. വർഷങ്ങളായി ലിസ്റ്റിൽ സ്ഥിരമായി സ്ഥാനം പിടിച്ചിരുന്ന സംഗതിയാണെങ്കിലും ഓരോ വർഷം കൂടുന്തോറും അതിന്റെ പ്രാധാന്യം കൂടി വരികയാണ്..

എന്താണ് വർക്ക് ലൈഫ് ബാലൻസ്?

ജീവിതവും ജോലിയും തമ്മിൽ ഒരു ബാലൻസിൽ കൊണ്ടു പോവുകയെന്നതു തന്നെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. കോർപ്പറേറ്റ് അന്തരീക്ഷത്തിൽ ലൈഫിന് കൂടുതൽ പ്രാധാന്യം നൽകിയാൽ ജോലി പോകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ജോലിക്ക് കൂടുതൽ പ്രാധാന്യം നൽകിയാൽ കടുത്ത മാനസിക സംഘർഷത്തിലേക്കും ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്കും അത് നമ്മളെ നയിക്കും.
ഹൈപ്പർ ടെൻഷൻ തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ഇരിയ്ക്കുന്ന ജോലി ചെയ്യുന്നവരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ദഹന പ്രക്രിയയിലുള്ള പ്രശ്‌നങ്ങൾ, ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദനകൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അലട്ടാൻ തുടങ്ങും. വിഷാദരോഗത്തിലേക്കും ഉത്കണ്ഠയിലേക്കും ഉറക്കമില്ലായ്മയിലേക്കും നീങ്ങാൻ തുടങ്ങുന്നതോടെ ജോലി ശരീരത്തെ ബാധിച്ചു തുടങ്ങിയെന്നു വേണം മനസ്സിലാക്കാൻ. അപ്പോ ഈ വർക്കിനെയും ലൈഫിനെയും സുന്ദരമായി ബാലൻസ് ചെയ്യുകയെന്നതാണ് വർക്ക് ലൈഫ് ബാലൻസ്.

എങ്ങനെ നടപ്പാക്കും?
അഡിക്ഷൻ ആയ അവസ്ഥ മാറ്റുകയെന്നതാണ് ഒന്നാമത്തെ കാര്യം. ഞാൻ കംപ്യൂട്ടറിന് മുന്നിൽ നിന്ന് എണീറ്റാൽ ലോകം ഇടിഞ്ഞു വീഴുമെന്ന് ചിന്തിക്കുന്ന രീതിയങ്ങ് മാറ്റണം. ഡിസംബറിൽ തന്നെ ഇക്കാര്യത്തിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. അതിൽ നിന്നും പോസിറ്റീവായ ഒട്ടേറെ പാഠങ്ങൾ ലഭിച്ചിരുന്നു. വീടിനുള്ളിലിരുന്നാൽ കംപ്യൂട്ടറിന് മുന്നിൽ തന്നെയാകുമെന്നുറപ്പാണ്.

1 യാത്രകൾ എന്നും ഇഷ്ടമാണ്. വെറുതെ യാത്ര ചെയ്യുക. തനിച്ചോ ഫ്രീക്വൻസി മാച്ചാകുമെന്ന് വിശ്വസിക്കുന്നവരുടെ കൂടെയോ മാത്രം. ഇതാണ് ഏറ്റവും എളുപ്പവും നടക്കാൻ സാധ്യതയുള്ളതുമായ മാർഗ്ഗം. കാരണം യാത്ര എന്നും ത്രില്ലാണ്.
2 വീട്ടിലാണെങ്കിലും ഞാനെന്റെ ലോകത്തായിരിക്കും. ഇതിനു പകരം ഫാമിലി ടൈം കൂട്ടുക. ഇക്കാര്യത്തിൽ ഒരു പോസിറ്റീവ് സംഗതിയുണ്ട്. കുട്ടികൾ വലുതാകുന്നതിന് അനുസരിച്ച് ഇത് ഓട്ടോമാറ്റിക്കായി വരുന്നുണ്ട്. അവർ സമയം ഡിമാന്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്. മാസത്തിലൊരിക്കലെങ്കിലും ഇവരുമായി യാത്ര ചെയ്യുക.
3 ഡിജിറ്റൽ വായനയ്ക്കു പകരം പുസ്തക വായനയ്ക്കു വേണ്ടി ശ്രമിക്കുക.
4 നടത്തം, സൈക്ക്‌ളിങ് എന്ന ആക്ടിവിറ്റികൾ ആരോഗ്യത്തിന് എന്നതിനേക്കാൾ പുറത്തേക്ക് ഇറങ്ങാനുള്ള കാരണങ്ങാക്കി മാറ്റുക. നിശ്ചിത ഇടവേളകൾ നിർബന്ധമായും എടുക്കുക.
5 അത്യാവശ്യം ഫാമിലി ഫങ്ഷനുകളിലും പ്രോഗ്രാമുകളിലും പങ്കെടുക്കുക. തുരുത്തായി മാറാനുള്ള ടെൻഡൻസി ഒഴിവാക്കുകയും കുട്ടികളെ ഇത്തരം കൂട്ടായ്മകൾ പരിചയപ്പെടുത്തുകയും ചെയ്യുക.

അപ്പോ ഒരേ ഒരു റസല്യൂഷൻ..ഇത് നടക്കുമെന്ന് തോന്നുന്നു. അതിനു കാരണം ഡിസംബറിൽ നടത്തിയ ടെസ്റ്റ് ഡോസ് വൻ സക്‌സസായിരുന്നു. നടന്നാൽ എനിക്ക് നന്ന്….അത്ര മാത്രം.

Happy New Year: ഒരു ആചാരമാകുമ്പോൾ..അതും കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മൾ ചെയ്തു വരുന്നത്.

ധാരണകളും തീരുമാനങ്ങളും, ഇതിന് പുതുവർഷമാകണമെന്നില്ല. എപ്പോഴും ആകാവുന്നതാണ്. പക്ഷേ, ഒരു ആചാരമാകുമ്പോൾ..അതും കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മൾ ചെയ്തു വരുന്നത്.(ആർക്കെങ്കിലും പ്രചോദനമായാലോ?)

ജോലി
(a) ഏറ്റെടുത്ത സംഗതി ലക്ഷ്യത്തിലെത്തിക്കാൻ വേണ്ടി പൊരുതും. കരിയർ സ്വപ്നത്തിലേക്ക്.
(b) ബിസിനസ്സും സൗഹൃദവും കൂട്ടിക്കുഴയ്ക്കില്ലെന്ന നിലപാട് തുടരും.
(c) വീഡിയോ ആയിരിക്കും മുഖ്യ ഫോക്കസ്
(d) സെയിൽസ്, മാർക്കറ്റിങ് എന്നിവയിൽ എന്തെങ്കിലും ചെയ്യാനാകുമോ എന്ന് നോക്കണം.

കുടുംബം
(a) സെറ്റിൽമെന്റ് എന്ന സംഗതിയിൽ വലിയ കാര്യമില്ലെന്ന് പുതിയ തീരുമാനം. ഇങ്ങനെ പോയാൽ മതി
(b) കുട്ടികളെ പുതിയ സ്കൂളിലേക്ക് മാറ്റാനും അതിനടുത്ത് തന്നെ വീടെടുക്കാനും ശ്രമിക്കും.
(c) വർക്ക്-ലൈഫ് ബാലൻസിനായി ശ്രമിക്കും. നടക്കില്ലെന്നറിയാം.. എങ്കിലും
(d) ഫാമിലി ബിസിനസ്സിനെ കൂടുതൽ ഉയരത്തിലെത്തിക്കാൻ മാനസികമായി പിന്തുണ കൊടുക്കും..

സാമ്പത്തികം
(a) വേട്ടയാടുന്ന ബാധ്യതകൾ 2020ൽ എങ്കിലും ക്ലോസാകുമായിരിക്കും.
(b) നിലവിലുളള ഇൻഷുറൻസ് പോളിസികൾ വീഴാതെ മുന്നോട്ടുകൊണ്ടു പോകണം.
(c) പുതിയ ചില സംഗതികൾ കൂടി തുടങ്ങണം. റിസർവ് മണി ഒരു മിഥ്യയാണ്. എങ്കിലും

വ്യക്തിപരം
(a) പുസ്തക വായന നടക്കില്ല, യാത്രയെങ്കിലും നടക്കണം. യാത്ര നല്ല വായനയാണ്.
(b) തേടി പോകുന്നതിനു പകരം, നമ്മളെ തേടിയെത്തുന്നവർ മതി. നല്ല ആത്മാർത്ഥ സൗഹൃദങ്ങൾക്കായി…
(c) ഇത്തിരി ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കാൻ ശ്രമിക്കും. വ്യായാമം എന്നൊന്നും പറഞ്ഞ് ബോറാക്കുന്നില്ല.

പുതുവർഷം, പുതുപ്രതീക്ഷകൾ

ജനുവരി ഒന്നിന് സ്വിച്ചിട്ടതുപോലെ നന്നാവുകയെന്നത് പ്രായോഗികമല്ല. താഴെ പറയുന്ന പല കാര്യങ്ങളും നേരത്തെ തന്നെ നടപ്പാക്കി തുടങ്ങിയതാണ്. പക്ഷേ, ഒരു പുതുവര്‍ഷമൊക്കെ വരികയല്ലേ.. ഒരു നാട്ടുനടപ്പിന്റെ ഭാഗമായി അടുത്ത വര്‍ഷത്തേക്കുള്ള ചിന്തകള്‍ സമര്‍പ്പിക്കുന്നു.

1 ബിസിനസ്, സ്‌പോര്‍ട്‌സ്, സിനിമ എന്നിവ പ്രിയപ്പെട്ട മൂന്നു മേഖലകളാണ്. കൂടുതല്‍ ശ്രദ്ധ ഇവിടേയ്ക്ക് തിരിയ്ക്കാന്‍ പുതുവര്‍ഷം വഴിയൊരുക്കുമെന്ന് കരുതുന്നു. 23 വര്‍ഷത്തോളമായി ചെയ്യുന്ന ജോലിയോടുള്ള സമീപനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തണമെന്ന് ആഗ്രഹിക്കുന്നു. ക്രിയാത്മകമായ ഇടപെടലുകളിലൂടെ ചില അടയാളപ്പെടുത്തലുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നു. കരിയറുമായി ബന്ധപ്പെട്ട പുതിയ പുതിയ സാങ്കേതിക വിദ്യകളില്‍ അതിവേഗം നൈപുണ്യം നേടുകയെന്നതും ലക്ഷ്യത്തിലുണ്ട്.

2 കണ്ടന്റ്, മാനേജ്‌മെന്റ് പരിചയത്തിനപ്പുറം സെയില്‍സിന്റെയും മാര്‍ക്കറ്റിങിന്റെയും രസതന്ത്രം കൂടുതല്‍ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല മാനേജിങ് എഡിറ്ററാകാന്‍ ഇതെല്ലാം അത്യാവശ്യമാണെന്ന് ചിന്തിക്കുന്നു. കൂടാതെ മേഖലയിലെ ഒരു ഓള്‍റൗണ്ടറാവുകയെന്നതാണ് സ്വപ്നം.

3 ഒമ്പത് വര്‍ഷത്തോളം നീണ്ട ബാംഗ്ലൂര്‍ ജീവിതത്തിന് പുതുവര്‍ഷത്തോടെ അവസാനമാകുമെന്നാണ് കരുതുന്നത്. നാടിന്റെ ചൂടിലേക്ക് ചാടുന്നതിനെ ചിലരെങ്കിലും പൊട്ടത്തരം എന്നു പറയുന്നുണ്ടെങ്കിലും വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. കാരണം കംഫര്‍ട്ട് സോണില്‍ ഇരിയ്ക്കുന്നത് പലപ്പോഴും മടിയനാക്കുന്നു. എപ്പോഴും ആക്ടീവായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഒന്നോ രണ്ടോ വര്‍ഷത്തിനുശേഷം കമ്പനി മറ്റൊരു ദൗത്യമേല്‍പ്പിച്ചാല്‍ അതുമായി പോകാന്‍ മടിയില്ലെന്ന് ചുരുക്കം.

4 ഹരിതാഭയും പച്ചപ്പും–ഈ സെന്റിമെന്റെിലൊന്നിലും വിശ്വാസമില്ലെങ്കിലും നമ്മുടെ കുട്ടികള്‍ക്ക് നാട്ടിലെ വിദ്യാഭ്യാസമാണ് നല്ലതെന്ന് കരുതുന്നു. മോശമല്ലാത്ത ബേസിക് രണ്ടു പേര്‍ക്കും ആയിട്ടുള്ളതിനാല്‍ നാട്ടിലെത്തിയാല്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കരുതുന്നത്. വലിയ ക്ലാസ്സിലേക്ക് മാറുന്നതിന് അനുസരിച്ച് മൂവിങ് എളുപ്പമാകില്ല. കാരണം മലയാളം, കൂടാതെ കുട്ടികളും വരാന്‍ മടി കാണിച്ചു തുടങ്ങും. കുട്ടികളെ നാട്ടിലേക്ക് മാറ്റുന്നു.

5 സെറ്റില്‍മെന്റ് എന്ന കണ്‍ഫ്യൂഷനും 2019 എന്തെങ്കിലും ഉത്തരം തരുമെന്ന പ്രതീക്ഷയുണ്ട്. മനസ്സില്‍ ചില പദ്ധതികളും ഉണ്ട്. കുടുംബവീട് എന്നതിനേക്കാളും സ്വന്തമായൊരു വീട്, അത് എല്ലാവരുടെയും സ്വപ്നമാണല്ലോ. ഒരു വർഷം കൊണ്ടൊന്നും നടക്കില്ലെങ്കിലും ആ ലക്ഷ്യത്തിലേക്ക് കുറച്ച് ദൂരം നടക്കാനാകണം.

6 ജോലിയും ജീവിതവും വേറെ വേറെയാക്കാന്‍ ശ്രമിക്കും. ഇതിനായി പ്രത്യേക ആസൂത്രണം മനസ്സിലുണ്ട്. (നടന്നാല്‍ മതിയായിരുന്നു). ആറു മണിക്കൂര്‍ മിനിമം ഉറക്കം ഉറപ്പാക്കും. കുട്ടികളോടൊത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കും.

7 വേട്ടയാടുന്ന ചില ബാധ്യതകളെ 2019ഓടെ പരിപൂര്‍ണമായും ക്ലോസ്സാക്കാനാകുമെന്നാണ് പ്രതീക്ഷ. അതിന് പ്രഥമ പ്രയോറിറ്റി നല്‍കിയിട്ടുണ്ട്. 2009ല്‍ തുടങ്ങിയ പോരാട്ടം. ഇതിനെ പോസിറ്റീവായി നോക്കി കാണാനാണ് ആഗ്രഹിക്കാറുള്ളത്. പോരാട്ട വീര്യത്തിന് ഇന്ധനമായത് പലപ്പോഴും ഈ പ്രതിസന്ധിയാണ്.

8 കൂടുതല്‍ യാത്രകള്‍ നടത്തണമെന്ന് ആഗ്രഹിക്കുന്നു. 2018ല്‍ ഇക്കാര്യത്തില്‍ നല്ല പുരോഗതിയുണ്ടായിരുന്നു. 2019ല്‍ അത് കൂടുതല്‍ ദൂരത്തേക്ക് വ്യാപിപ്പിക്കണമെന്ന് ആഗ്രിഹിക്കുന്നു.

9 ജോലിയുടെ ആവശ്യത്തിനോ പഠിയ്ക്കുന്നതിനോ വേണ്ട ഡിജിറ്റല്‍ വായന മാത്രമേ ഉള്ളൂ. പുസ്തക വായന കൂട്ടണമെന്ന് ആഗ്രഹിക്കുന്നു.

10 പ്രജിയുടെ ഡിജിറ്റല്‍ കണ്‍സള്‍ട്ടിങ് കമ്പനിയെ കേരളത്തിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റുകയും അതിലൂടെ അവളെ സ്വയം പര്യാപ്തമാക്കുകയും ചെയ്യുകയെന്നതും പുതുവര്‍ഷ ലക്ഷ്യത്തിന്റെ ഭാഗമാണ്. ഈ ലക്ഷ്യത്തിനുവേണ്ടി പ്രജിയ്ക്ക് കൂടുതല്‍ പ്രചോദനം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

#NewYearResolution, #HappyNewYear, #Welcome2019, #YearEnd2018