ഒരിക്കലും മടുക്കാത്ത നഗരമാണ് ബെംഗലൂരു. പത്തു വര്‍ഷത്തോളം താങ്ങും തണലുമായ നഗരം. വിട്ടുപോരുക അത്ര എളുപ്പമായിരുന്നില്ല. പക്ഷേ, അങ്ങനെ ചെയ്യുന്നത് പുതിയ വാതായനങ്ങള്‍ തുറക്കുമെന്ന തിരിച്ചറിവിനെ അവഗണിക്കാനും പറ്റില്ലായിരുന്നു.
24 വര്‍ഷത്തോളം നീണ്ട കരിയറിന്റെ പകുതിയോളം കാലഘട്ടം ഡിജിറ്റല്‍ മീഡിയയിലായിരുന്നു. തുടര്‍ച്ചയായി ഒരേ രീതിയില്‍ ജോലി ചെയ്യുന്നത് ബോറടിപ്പിക്കുമെന്ന ചിന്തയില്‍ നിന്നാണ് ഒന്നു മാറ്റിപിടിയ്ക്കാമെന്നു കരുതിയത്. സെയില്‍സ്, മാര്‍ക്കറ്റിങ്, പബ്ലിക് റിലേഷന്‍ മേഖലകളെ കൂടി കണ്ടന്റിന്റെ കോര്‍ഡിനേഷനോട് കൂട്ടിച്ചേര്‍ക്കുകയാണ് ദൗത്യം. കേരളമെന്ന കൊച്ചു മാര്‍ക്കറ്റില്‍ നിന്നും മാക്‌സിമം നേട്ടമുണ്ടാക്കാനാകുമോ എന്ന പരീക്ഷണവും. ചോദിച്ചു വാങ്ങിയ മാറ്റം.
രണ്ടുവര്‍ഷം മുന്നെ തുടങ്ങിയ പ്ലാനിങാണ്. ‘വിഷന്‍ 2020’ എന്ന പ്രൊപ്പോസല്‍ കമ്പനി അംഗീകരിച്ചതോടെ കൊച്ചിയിലേക്കുള്ള സ്ഥലമാറ്റം യാഥാര്‍ത്ഥ്യമായി. ഈ പറിച്ചു നടല്‍ അത്ര എളുപ്പമായിരുന്നില്ല. കഴിഞ്ഞ 20-25 ദിവസം തുടര്‍ച്ചയായ ഓട്ടമായിരുന്നു. ബാംഗ്ലൂര്‍-കോഴിക്കോട്-കൊച്ചി… ഒന്നൊ രണ്ടോ തവണ ഈ പരിപാടി തന്നെ വേണ്ടിയിരുന്നില്ലെന്ന് തോന്നി.
സ്‌കൂള്‍ അഡ്മിഷനായിരുന്നു ഏറ്റവും വലിയ കടമ്പ. സിറ്റില്‍ നിന്ന് ഇത്തിരി വിട്ട് തൃപ്പുണിത്തുറയാണ് ആസ്ഥാനമായി തിരഞ്ഞെടുത്തത്..കാക്കനാടും ഇടപ്പള്ളിയും കറങ്ങി തിരിഞ്ഞ എനിക്ക് ഈ സ്ഥലം എന്തോ കൂടുതല്‍ ഇഷ്ടപ്പെട്ടു.
ജനുവരി ഒന്നിന് സ്വിച്ചിട്ടതുപോലെ നന്നാവുകയെന്നത് പ്രായോഗികമല്ല. താഴെ പറയുന്ന പല കാര്യങ്ങളും നേരത്തെ തന്നെ നടപ്പാക്കി തുടങ്ങിയതാണ്. പക്ഷേ, ഒരു പുതുവര്‍ഷമൊക്കെ വരികയല്ലേ.. ഒരു നാട്ടുനടപ്പിന്റെ ഭാഗമായി അടുത്ത വര്‍ഷത്തേക്കുള്ള ചിന്തകള്‍ സമര്‍പ്പിക്കുന്നു.
1 ബിസിനസ്, സ്‌പോര്‍ട്‌സ്, സിനിമ എന്നിവ പ്രിയപ്പെട്ട മൂന്നു മേഖലകളാണ്. കൂടുതല്‍ ശ്രദ്ധ ഇവിടേയ്ക്ക് തിരിയ്ക്കാന്‍ പുതുവര്‍ഷം വഴിയൊരുക്കുമെന്ന് കരുതുന്നു. 23 വര്‍ഷത്തോളമായി ചെയ്യുന്ന ജോലിയോടുള്ള സമീപനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തണമെന്ന് ആഗ്രഹിക്കുന്നു. ക്രിയാത്മകമായ ഇടപെടലുകളിലൂടെ ചില അടയാളപ്പെടുത്തലുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നു. കരിയറുമായി ബന്ധപ്പെട്ട പുതിയ പുതിയ സാങ്കേതിക വിദ്യകളില്‍ അതിവേഗം നൈപുണ്യം നേടുകയെന്നതും ലക്ഷ്യത്തിലുണ്ട്.
2 കണ്ടന്റ്, മാനേജ്‌മെന്റ് പരിചയത്തിനപ്പുറം സെയില്‍സിന്റെയും മാര്‍ക്കറ്റിങിന്റെയും രസതന്ത്രം കൂടുതല്‍ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല മാനേജിങ് എഡിറ്ററാകാന്‍ ഇതെല്ലാം അത്യാവശ്യമാണെന്ന് ചിന്തിക്കുന്നു. കൂടാതെ മേഖലയിലെ ഒരു ഓള്‍റൗണ്ടറാവുകയെന്നതാണ് സ്വപ്നം.
3 ഒമ്പത് വര്‍ഷത്തോളം നീണ്ട ബാംഗ്ലൂര്‍ ജീവിതത്തിന് പുതുവര്‍ഷത്തോടെ അവസാനമാകുമെന്നാണ് കരുതുന്നത്. നാടിന്റെ ചൂടിലേക്ക് ചാടുന്നതിനെ ചിലരെങ്കിലും പൊട്ടത്തരം എന്നു പറയുന്നുണ്ടെങ്കിലും വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. കാരണം കംഫര്‍ട്ട് സോണില്‍ ഇരിയ്ക്കുന്നത് പലപ്പോഴും മടിയനാക്കുന്നു. എപ്പോഴും ആക്ടീവായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഒന്നോ രണ്ടോ വര്‍ഷത്തിനുശേഷം കമ്പനി മറ്റൊരു ദൗത്യമേല്‍പ്പിച്ചാല്‍ അതുമായി പോകാന്‍ മടിയില്ലെന്ന് ചുരുക്കം.
4 ഹരിതാഭയും പച്ചപ്പും–ഈ സെന്റിമെന്റെിലൊന്നിലും വിശ്വാസമില്ലെങ്കിലും നമ്മുടെ കുട്ടികള്‍ക്ക് നാട്ടിലെ വിദ്യാഭ്യാസമാണ് നല്ലതെന്ന് കരുതുന്നു. മോശമല്ലാത്ത ബേസിക് രണ്ടു പേര്‍ക്കും ആയിട്ടുള്ളതിനാല്‍ നാട്ടിലെത്തിയാല്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കരുതുന്നത്. വലിയ ക്ലാസ്സിലേക്ക് മാറുന്നതിന് അനുസരിച്ച് മൂവിങ് എളുപ്പമാകില്ല. കാരണം മലയാളം, കൂടാതെ കുട്ടികളും വരാന്‍ മടി കാണിച്ചു തുടങ്ങും. കുട്ടികളെ നാട്ടിലേക്ക് മാറ്റുന്നു.
5 സെറ്റില്‍മെന്റ് എന്ന കണ്‍ഫ്യൂഷനും 2019 എന്തെങ്കിലും ഉത്തരം തരുമെന്ന പ്രതീക്ഷയുണ്ട്. മനസ്സില്‍ ചില പദ്ധതികളും ഉണ്ട്. കുടുംബവീട് എന്നതിനേക്കാളും സ്വന്തമായൊരു വീട്, അത് എല്ലാവരുടെയും സ്വപ്നമാണല്ലോ. ഒരു വർഷം കൊണ്ടൊന്നും നടക്കില്ലെങ്കിലും ആ ലക്ഷ്യത്തിലേക്ക് കുറച്ച് ദൂരം നടക്കാനാകണം.
6 ജോലിയും ജീവിതവും വേറെ വേറെയാക്കാന്‍ ശ്രമിക്കും. ഇതിനായി പ്രത്യേക ആസൂത്രണം മനസ്സിലുണ്ട്. (നടന്നാല്‍ മതിയായിരുന്നു). ആറു മണിക്കൂര്‍ മിനിമം ഉറക്കം ഉറപ്പാക്കും. കുട്ടികളോടൊത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കും.
7 വേട്ടയാടുന്ന ചില ബാധ്യതകളെ 2019ഓടെ പരിപൂര്‍ണമായും ക്ലോസ്സാക്കാനാകുമെന്നാണ് പ്രതീക്ഷ. അതിന് പ്രഥമ പ്രയോറിറ്റി നല്‍കിയിട്ടുണ്ട്. 2009ല്‍ തുടങ്ങിയ പോരാട്ടം. ഇതിനെ പോസിറ്റീവായി നോക്കി കാണാനാണ് ആഗ്രഹിക്കാറുള്ളത്. പോരാട്ട വീര്യത്തിന് ഇന്ധനമായത് പലപ്പോഴും ഈ പ്രതിസന്ധിയാണ്.
8 കൂടുതല്‍ യാത്രകള്‍ നടത്തണമെന്ന് ആഗ്രഹിക്കുന്നു. 2018ല്‍ ഇക്കാര്യത്തില്‍ നല്ല പുരോഗതിയുണ്ടായിരുന്നു. 2019ല്‍ അത് കൂടുതല്‍ ദൂരത്തേക്ക് വ്യാപിപ്പിക്കണമെന്ന് ആഗ്രിഹിക്കുന്നു.
9 ജോലിയുടെ ആവശ്യത്തിനോ പഠിയ്ക്കുന്നതിനോ വേണ്ട ഡിജിറ്റല്‍ വായന മാത്രമേ ഉള്ളൂ. പുസ്തക വായന കൂട്ടണമെന്ന് ആഗ്രഹിക്കുന്നു.
10 പ്രജിയുടെ ഡിജിറ്റല്‍ കണ്‍സള്‍ട്ടിങ് കമ്പനിയെ കേരളത്തിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റുകയും അതിലൂടെ അവളെ സ്വയം പര്യാപ്തമാക്കുകയും ചെയ്യുകയെന്നതും പുതുവര്‍ഷ ലക്ഷ്യത്തിന്റെ ഭാഗമാണ്. ഈ ലക്ഷ്യത്തിനുവേണ്ടി പ്രജിയ്ക്ക് കൂടുതല്‍ പ്രചോദനം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
നാലാം ക്ളാസ്സിൽ പഠിയ്ക്കുമ്പോൾ നിർമല ടീച്ചറാണ് അതു കണ്ടു പിടിച്ചത്. ബോർഡിലേക്ക് നോക്കുമ്പോൾ എന്റെ കണ്ണിൽ നിന്നും കണ്ണീർ ഒലിച്ചിറങ്ങുന്നു. ” ഇവന്റെ കണ്ണൊന്ന് പരിശോധിപ്പിക്കണം” ടീച്ചർ അമ്മയോട് നിർദ്ദേശിച്ചു.. അന്ന് മൂന്നച്ഛൻ(അച്ഛന്റെ ഏട്ടൻ) ജോലി ചെയ്യുന്നത് ബീച്ച് ആശുപത്രിയിലാണ്. പരിശോധന അവിടെ വെച്ചായിരുന്നു. സംഗതി ശരിയാണ്. രണ്ടു കണ്ണിനും ഇത്തിരി കാഴ്ച കുറവുണ്ട്.
അങ്ങനെ നല്ല കറുത്ത ഫ്രെയിമോടു കൂടിയ കുപ്പിഗ്ളാസ് റെഡി. ഏഴാം ക്ളാസുവരെ അതു വെച്ചുവെന്നാണ് ഓർമ. ഹൈസ്കൂളിലെത്തിയതോടെ കണ്ണാടി, സോഡാകുപ്പി ചെല്ലപ്പേരുകളെ പേടിച്ചും ആ പ്രായത്തിന്റെ ഇത്തിരി സൗന്ദര്യബോധത്തിന് ക്ഷീണമാകുമെന്നതിനാലും കണ്ണട വെയ്ക്കുന്ന പരിപാടിയങ്ങ് നിർത്തി.(കണ്ണു കാണാത്ത പ്രശ്നമൊന്നും നമുക്കില്ല, ദൂരത്തുള്ളത് വായിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ് അത്ര മാത്രമേ ഉള്ളൂ.)
പക്ഷേ, ആ നിർത്തൽ വലിയ തിരിച്ചടിയുണ്ടാക്കി. അടുത്ത തവണ പരിശോധിച്ചപ്പോൾ അത് 1.75ലേക്ക് എത്തിപ്പോയി (ആദ്യം .25ഉം .75ഉം ആയിരുന്നെന്നാണ് ഓർമ). കണ്ണട സ്ഥിരമായി വെയ്ക്കാൻ ഡോക്ടർ പറഞ്ഞിരുന്നു. എങ്ങനെയെങ്കിലും കണ്ണട ഒഴിവാക്കണമെന്ന ചിന്തയിൽ മാമനാണ് എന്നെ മണ്ണൂരിലെ പ്രസിദ്ധമായ വൈദ്യരുടെ അടുത്ത് കൊണ്ടുപോയത്. രാവിലെ പാൽക്കഷായം, മുരിങ്ങ ഇലയുടെ നീരെടുത്ത് ചെറുതേനിൽ ചാലിച്ച് മൂന്നുനേരം കണ്ണിൽ ഇറ്റിക്കണം, പിന്നെ മറ്റു പഥ്യങ്ങളും. മരുന്നു കൊണ്ട് ഫലമുണ്ടായിരുന്നു. പക്ഷേ, മാമന് നല്ലൊരു തുക പ്രതിമാസം ചെലവാകുന്നുവെന്ന തിരിച്ചറിവിൽ നിന്നും..ഞാൻ കണ്ണട വെയ്ക്കാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചു. പിന്നീട് കണ്ണട ശീലമായി. ഏകദേശം 25 വർഷമായി…
വലുതായതോടെ കണ്ണട ഒരു അലങ്കാരവും ഒരു സ്വകാര്യ ‘അഹങ്കാരവുമായി’ മാറി. ഇപ്പോ ഷോർട്ട് സൈറ്റും ലോങ് സൈറ്റും ചേർന്ന പ്രോഗ്രസ്സീവ് ലെൻസാണ്. വിശ്രമമില്ലാതെ കണ്ണിന് ജോലി കൊടുത്തതുകൊണ്ട് ‘പവറിന്’ യാതൊരു കുറവുമില്ല. രണ്ടു വർഷം കൂടുമ്പോൾ കൃത്യമായി കണ്ണ് പരിശോധിക്കുകയും കണ്ണട മാറ്റുകയും ചെയ്യാറുണ്ട്. കഴിഞ്ഞ മാസവും ഏകദേശം നല്ലൊരു തുക ഈ വകുപ്പിൽ ചെലവാക്കേണ്ടിയും വന്നിട്ടുണ്ട്. പുതിയ കോംപിനേഷൻ ലെൻസിന് നല്ല വിലയാണ്. കാരണം വലതു കണ്ണ് -5ഉം ഇടത് കണ്ണ് -4ഉം ആണ്.
കുട്ടികളായപ്പോൾ ആർക്കെങ്കിലും ഷോർട്ട് സൈറ്റ് ഉണ്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. രണ്ടു പേരുടെയും കണ്ണ് പരിശോധിക്കണമെന്ന് കരുതും. പിന്നെ ചിന്തിക്കും..എന്തെങ്കിലും പ്രശ്നം കാണിയ്ക്കുമ്പോൾ നോക്കാമെന്ന്… ഞാൻ പണ്ടേ ടിവി മുന്നിൽ ഇരുന്നാണ് കാണുക.. എനിക്ക് ആദ്യം കാണണം എന്ന് പറഞ്ഞ് കൂട്ടുകാരും വീട്ടുകാരും കളിയാക്കാറുണ്ട്. പക്ഷേ, അങ്ങനെ ശീലമായി പോയി. പിറകിലിരുന്നാലും കാണും..പക്ഷേ, ഒരു മനസ്സുഖം കിട്ടില്ല.(ഒരു പക്ഷേ, ഷോർട്ട് സൈറ്റ് കൊണ്ടായിരിക്കണം ആ സംതൃപ്തി കുറവുണ്ടാകുന്നത്). കിഷൻ ടിവിയുടെ തൊട്ടുമുന്നിൽ കസേരയിട്ടു കാണുമ്പോൾ അതുകൊണ്ട് തന്നെ യാതൊരു പ്രത്യേകതയും തോന്നിയില്ല. അച്ഛനെ കണ്ടു പഠിച്ചതാകുമെന്ന് കരുതി.
എന്നാൽ ഇത്തിരി ബലം പ്രയോഗിച്ച് കിഷനെ പിറകിലേക്ക് മാറ്റാൻ നോക്കിയപ്പോഴാണ് എന്തോ ഒരു പന്തികേട് തോന്നിയത്. അങ്ങനെ ഈ ഞായറാഴ്ച സംശയം തീർക്കാനായി മാറ്റി വെച്ചു. ആദ്യം വാസൻ ഐ കെയറിലാണ് പോയത്..രണ്ടു സെന്ററിൽ പോയിട്ടും സംഗതി നടന്നില്ല.(ആദ്യ സെന്ററിൽ-ജയനഗർ, ക്യാഷേ സ്വീകരിക്കൂവെന്ന ധാഷ്ട്യം ഇഷ്ടപ്പെട്ടില്ല. ആറ്റിറ്റ്യൂഡ് വെച്ചു പൊറുപ്പിക്കുന്ന ശീലം പണ്ടേ ഇല്ല. വാസ്തവത്തിൽ ഇതേ സെന്ററിലാണ് സ്ഥിരമായി ഞാൻ പോകാറുള്ളത്. എല്ലാ തവണയും ഡിജിറ്റൽ പേയ്മെന്റാണ് സ്വീകരിച്ചത്. ഇന്ന് ഞായറാഴ്ചയായതുകൊണ്ട് ഫിനാൻസ് ടീം ഇല്ലാത്തതുകൊണ്ടായിരിക്കും. എന്നാൽ അക്കാര്യം സൗമ്യമായി പറയുന്നതിനു പകരം ക്യാഷ് തന്നെ വേണമെന്ന് ആവശ്യപ്പെട്ടത് ഇഷ്ടപ്പെട്ടില്ല. ഹുളിമാവിലുള്ള രണ്ടാമത്തെ സെന്റർ ഒരു മണിയ്ക്ക് ക്ലോസാക്കുമെന്ന് 12.55ന് പ്രഖ്യാപിച്ചതോടെ അതും വിട്ടു). അങ്ങനെ നാരായണ നേത്രാലയത്തിലെത്തി. മൂന്നു മണിക്കൂറോളം നീണ്ട പരിശോധനയ്ക്കൊടുവിൽ ആ സത്യം തിരിച്ചറിഞ്ഞു. കിഷനു ചെറിയ തോതിൽ ഷോർട്ട് സൈറ്റുണ്ട്.(ശരിയ്ക്കും എന്റേതു പോലെ തന്നെ). പാറുവിന് ക്ളീൻ സർട്ടിഫിക്കറ്റും കിട്ടി.
ഇതറിഞ്ഞതു മുതൽ കിഷൻ നല്ല ത്രില്ലിലാണ്. അച്ഛനെ പോലെ കണ്ണട വെയ്ക്കാലോ…കുട്ടിക്കുറുമ്പന്മാരുടെ ക്ളാസ്സിലാണ് പഠിയ്ക്കുന്നത്.. പൊട്ടിയ്ക്കുമെന്ന് പേടിച്ച് അത്യാവശ്യം വിലയുള്ള ഫ്രെയിമും ടിവിയും കംപ്യൂട്ടറും ഉപയോഗിക്കുന്നതിനാൽ ബ്ളുകട്ട് ലെൻസും വാങ്ങേണ്ടി വന്നു. പഴയ നമ്മുടെ ഗാന്ധി കണ്ണടയെ ഈ സമയത്ത് വെറുതെ ആലോചിച്ചു. കണ്ണട പൊട്ടുമെന്ന് പേടിച്ച് കളിയ്ക്കാൻ പോലും പോകാതിരുന്നത്. പിന്നീട് ആക്ടിവിറ്റികളിൽ നിന്നു പതുക്കെ പിറകോട്ട് പോയത്..എന്തായാലും ഇതൊന്നും കിഷന്റെ കാര്യത്തിൽ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണം.
വാൽക്കഷണം: ഇത്തിരി നീളം കൂടിപോയെന്നറിയാം. പക്ഷേ, ഇത്തരം അനുഭവങ്ങൾ ചിലർക്കെങ്കിലും ഉണ്ടാകുമെന്നതിനാലാണ് നീളം കൂട്ടിയത്.
”സെറ്റിലാകണം”, ഞാന്‍ അധികസമയവും കേള്‍ക്കുന്ന വാക്കാണിത്. ”എന്ത് അങ്ങനെ ജീവിച്ചു പോയാല്‍ മതി. ഇങ്ങനെ ജീവിക്കാന്‍ കഴിയുന്നതില്‍ ആഹ്ലാദിക്കാം”. എന്ന നിലപാടിലായിരുന്നു ഞാന്‍ മുന്നോട്ടു പോയിരുന്നത്. പക്ഷേ, പിള്ളേരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ചിലപ്പോഴൊക്കെ നമ്മള്‍ വട്ടം കറങ്ങി പോകുന്നു.
1രണ്ടു പേര്‍ക്കും ഒരു നായ്ക്കുട്ടിയെ വേണം. പറയുമ്പോഴെല്ലാം ഞാന്‍ പറയും. അച്ഛന്റെ ജോലി ഇങ്ങനെ മാറി കൊണ്ടിരിക്കും. നായകുട്ടിയെ വാങ്ങിയാല്‍ നമുക്ക് നാട്ടില്‍ പോകാന്‍ കഴിയില്ല. സാരമില്ല, നാട്ടില്‍ പോകണ്ട..എന്നായിരിക്കും ഉടന്‍ വരുന്ന മറുപടി. അപ്പോ ഞാന്‍ പറയും. നമുക്ക് വീട് വാങ്ങിയിട്ട് നായ്ക്കുട്ടിയെ വാങ്ങാം. അപ്പോ പിന്നെ അതെന്നാണെന്നായിരിക്കും ചോദ്യം.. പൂച്ചട്ടി വെയ്ക്കാന്‍ പോലും ഇതേ ഡയലോഗായിരിക്കും.
2 സ്‌കൂട്ടറിലാണ് നാലുപേരുടെയും യാത്ര. പക്ഷേ, നിലവിലെ അവസ്ഥയില്‍ യാത്ര പ്രായോഗികമല്ല. ” അച്ഛാ നമുക്ക് കാറു വേണം. ശരിയാണ്. നാലു പേര്‍ക്കും ഇനി ഒരുമിച്ച് യാത്ര ചെയ്യണമെങ്കില്‍ കാറ് വാങ്ങണം അല്ലെങ്കില്‍ ഓല, യൂബര്‍, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങളെ ആശ്രയിക്കണം. തീര്‍ച്ചയായും നമ്മുടെ ചോയ്‌സ് രണ്ടാമത്തെതാണ്. അപ്പോഴും പിള്ളേരോട് പറയും.. ആദ്യം നമുക്ക് വേണ്ടത് വീടല്ലേ.. പിന്നെയല്ലേ കാറ്.. അതില്‍ അവര്‍ പറയും. ശരിയാ ആദ്യം വേണ്ടത് വീടാണ്..
3 എളുപ്പത്തില്‍ ഇളക്കി മാറ്റാവുന്ന ഭാരം കുറഞ്ഞ ഫര്‍ണിച്ചറുകളാണ് വീട്ടിലുള്ളത്. ഭാര്യയുടെ പലപ്പോഴുമുള്ള പരാതിയാണ്. അലമാരയില്‍ സ്ഥലമില്ലെന്നത്. പക്ഷേ, അധികം വെയ്റ്റുള്ളത് വാങ്ങിയാല്‍ മൂവ് ചെയ്യുമ്പോള്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് വാങ്ങാറില്ല. അതിനും മറുപടി വീട് വാങ്ങട്ടെ..എന്നാല്‍ പിന്നെ ഇത് കൊണ്ട് ഓടി നടക്കണ്ടല്ലോ?
4 പിന്നെ പിള്ളേര് കണ്ടെത്തിയ സൂത്രമാണ്. നമുക്ക് നാട്ടില്‍ വീടെടുക്കാം. നാട്ടിലെ സ്‌കൂളില്‍ പോകാം. നാട്ടിലേക്ക് മാറാം. നായ്കുട്ടിയെ വാങ്ങാം എന്നത്. രണ്ടു പേര്ക്കും നാട് നല്ല ക്രേസാണ്. അപ്പോ ഞാന്‍ മനസ്സില്‍ ആലോചിക്കും..നാട്ടിലേക്ക് മാറിയാല്‍ ആരു പണി തരും? ആരു ശമ്പളം തരും..നിലവിലുള്ള അവസ്ഥയില്‍ ബാംഗ്ലൂര്‍, ഹൈദരാബാദ് , നോയിഡ എന്നിവിടങ്ങളില്‍ മാത്രമാണ് നമുക്ക് ഭാവിയുള്ളത്. (അതേ സമയം ഇവിടത്തെ സാലറി തന്നെ തരാമെന്നു പറഞ്ഞ നാട്ടിലെ രണ്ടു പ്രമുഖ മാധ്യമ സ്ഥാപനങ്ങളെ ഞാന്‍ മറക്കുന്നുമില്ല.)
പറഞ്ഞു വരുന്നത്..സെറ്റില്‍മെന്റ് എന്ന ചിന്ത ഇടക്കിടെ തലയിലേക്ക് കയറി വരുന്നത് ഇത്തരം സംഭവങ്ങളിലൂടെയാണ്. 2008-2010 കാലത്ത് ഓഹരി വിപണിയിലെ പ്രതിസന്ധി ജീവിതമാകെ മാറ്റി മറിച്ചതുകൊണ്ട് റിസ്‌കെടുക്കാന്‍ പേടിയാണ്. അതിനു മുമ്പുള്ള കാര്യമാണെങ്കില്‍ രസകരമാണ്…. രാവിലെ സ്‌കൂട്ടര്‍ വാങ്ങാന്‍ തീരുമാനിക്കുന്നു, ഉച്ചയ്ക്ക് റെഡിക്യാഷ് കൊടുത്ത് സ്‌കൂട്ടറും വാങ്ങി വീട്ടിലെത്തുന്നു. ലാപ്പ് ടോപ്പിന് വലിയ ഭാരം..നേരെ പോയി അടുത്ത കംപ്യൂട്ടര്‍ കടയില്‍ നിന്നും ഒരു ലൈറ്റ് വെയ്റ്റ് മോഡലും വാങ്ങി വീട്ടിലേക്ക്.. ഇതായിരുന്നു നമ്മുടെ സ്റ്റൈല്‍. ഓഹരി വിപണിയില്‍ നിന്നു തന്നെ നല്ലതുപോലെ പണം കിട്ടിയിരുന്നു. രാത്രി മാത്രമുള്ള പത്രപ്രവര്‍ത്തന ജോലി കഴിഞ്ഞാല്‍ ഫുള്‍ ടൈം ഷെയര്‍മാര്‍ക്കറ്റ് കച്ചവടത്തിലായിരുന്നു. പക്ഷേ, ഇന്നും വേട്ടയാടി കൊണ്ടിരിക്കുന്ന ആ രണ്ടു വര്‍ഷം ജീവിതത്തില്‍ ചില തിരിച്ചറിവുകളെല്ലാം നല്‍കിയിട്ടുണ്ട്. ഇപ്പോഴും പരിപൂര്‍ണമായി പഠിച്ചു തീരാത്ത പാഠങ്ങള്‍..
എന്തായാലും വീട് വേണം. പക്ഷേ, എവിടെ എന്ന ചോദ്യം നിര്‍ണായകമാണ്. കാരണം നമ്മുടെ ജോലി എവിടെയാണെന്നത് വലിയ ഉറപ്പില്ലാത്ത കാര്യമാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി ബാംഗ്ലൂരാണുള്ളത്. കൈയില്‍ കാശൊന്നുമില്ലെങ്കിലും ലോണെല്ലാം എടുത്ത് ചെറിയ തോതില്‍ ബാംഗ്ലൂരില്‍ ഒന്നു വാങ്ങാമെന്നു വെച്ചാലോ? അപ്പോ നാളെ സ്ഥലമാറ്റം കിട്ടിയാല്‍.. അപ്പോ കരുതും നാട്ടില്‍ വാങ്ങിയാലോ? നാട്ടില്‍ വാങ്ങിയിട്ട് ജോലി ഇവിടെ തന്നെ ആയാലോ? ചിലര്‍ പറയുന്നത് വീടൊന്നും വെയ്ക്കുന്നില്ലെങ്കില്‍ നിനക്ക് സ്ഥലം വാങ്ങിക്കൂടെന്നാണ്. സ്ഥലം വാങ്ങാന്‍ ആരുടെ കൈയില്‍ വെറുതെ പണം കിടക്കുന്നു. അതേ സമയം സ്ഥലം വാങ്ങി വീടു വെയ്ക്കാന്‍ ലോണ്‍ കിട്ടും. ഇതെല്ലാം നമ്മുടെ പിള്ളേരോട് പറയാന്‍ പറ്റ്വോ? എന്തായാലും കണ്‍ഫ്യൂഷന്‍ പിരിയഡ് തന്നെയാണ്.. അതു തുടരുന്നു.. ടൈംസ് ഓഫ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായിക്കുന്നത് റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങളാണ്. അതു വായിക്കുമ്പോള്‍ വല്ലാത്തൊരു സന്തോഷവും സുഖവുമാണ്…അല്ലെങ്കിലും ആ പത്രം ഞാന്‍ വാങ്ങുന്നത് പരസ്യം വായിക്കാന്‍ വേണ്ടിയാണ്. വാര്‍ത്തകളെല്ലാം ഓണ്‍ലൈനില്‍ വായിച്ചു കഴിഞ്ഞിരിക്കും.
1 ലോക്കൽ വാർത്തകളും ചരമപേജും പ്രസ് ക്ലബ്ബും പ്രസ് മീറ്റുമായി ഉരുണ്ട് പോകുന്നവർ. ഇവർക്ക് പോളിസിപരമായ പ്രശ്നങ്ങളൊന്നും ഇല്ല. ഇവരുടെ ഏറ്റവും വലിയ ക്രിയേറ്റിവിറ്റി സ്വന്തം ഗ്രൂപ്പിന്റെ തന്നെ പിരിയോഡിക്കൽസിലേക്കും സപ്ലിമെന്റിലേക്കും ആർട്ടിക്കിൾ എഴുതുകയെന്നതാണ്. വലിയ വലിയ കാര്യങ്ങളിൽ ഇവർക്ക് താത്പര്യം കാണില്ല. വലിയ ആദർശം പറഞ്ഞു വരില്ല. പിന്നെ ഇനി ആദർശം പറഞ്ഞാലും വലിയ കുഴപ്പമില്ല. കാരണം അവർക്ക് അത്തരം വലിയ വലിയ കാര്യങ്ങളിൽ ഇടപെടേണ്ട സാഹചര്യം കുറവായിരിക്കും.
2 മാനേജ്മെന്റുമായി ഒട്ടി ജീവിക്കുന്ന ചിലർ. സ്പെഷ്യൽ സ്റ്റോറികളും സ്ഥാനങ്ങളും മാനേജ്മെന്റിന്റെ കാതു കടിച്ചു തിന്ന് വാങ്ങും. മാധ്യമപ്രവർത്തകർ എന്ന നിലയിൽ പൊതു സമൂഹം ശ്രദ്ധിക്കും. വലിയ വലിയ കാര്യങ്ങളിൽ വലിയ വലിയ അഭിപ്രായം പറയും. പക്ഷേ, അടിസ്ഥാന പ്രവർത്തനം കുത്തിത്തിരിപ്പും കുതികാൽവെട്ടും മണിയടിയും. നിർഭാഗ്യവശാൽ ഇക്കൂട്ടരാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. എവിടെയും ഇവരുടെ ലക്ഷ്യം അധികാരമാണ്. പ്രസ് ക്ലബ്ബിലാണെങ്കിൽ പോലും. നല്ല കളിക്കാരാണിവർ. പേരിനും പ്രശസ്തിക്കുമായി ഇവർ എന്തും ചെയ്യും.
3 ആദർശത്തിന്റെ സൂക്കേടുള്ള അപൂർവം ചില ജന്മങ്ങളുണ്ട്. പണ്ട് കാലത്ത് ഇവരായിരുന്നു റോൾ മോഡൽസ്. എന്നാൽ ഇക്കാലത്ത് അവർ പണിക്ക് കൊള്ളാത്തവരാണെന്ന ലേബലാണുണ്ടാവുക.. വംശനാശം വന്നു കൊണ്ടിരിക്കുന്ന ഈ വിഭാഗം ഇന്ന് നവ മാധ്യമങ്ങളിൽ ഏറെ സജീവമാണ്. ഒരു സ്ഥാപനത്തിലും ഉറച്ചു നിൽക്കാത്ത ഇത്തരക്കാർക്ക് ഈഗോ വളരെ കൂടുതലായിരിക്കും. സിസ്റ്റവുമായി സമരസപ്പെട്ടു പോകുന്ന ഒരു മനസ്സായിരിക്കില്ല ഇവരുടെത്. മാനേജ്മെന്റിന്റെ കണ്ണിലെ കരടും ടെർമിനേറ്റ് ചെയ്യാൻ കമ്പനി ആഗ്രഹിക്കുന്നവരുടെ ലിസ്റ്റിലെ മുൻനിരക്കാരും ആയിരിക്കും. ചിലരൊക്കെ സ്വന്തം ബ്ലോഗുകളും പോർട്ടലുകളുമായി കഴപ്പ് തീർക്കുന്നു.
എന്നാൽ രസകരമായ കാര്യം. ഈ മൂന്നാം വിഭാഗമല്ല മംഗളം വിഷയത്തിൽ ഏറെ ഉറഞ്ഞു തുള്ളിയത്.
ഇന്നലെ ഓഫീസ് വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് ആ കോൾ വന്നത്…ഷിനോദ് മനസ്സിലായോ….സൗണ്ട് കേട്ടപ്പോൾ പരിചയം തോന്നിയില്ല. വാസ്തവത്തിൽ ഇങ്ങനെ ചോദിക്കുന്നത് എനിക്കിഷ്ടമല്ല. പക്ഷേ, ആ ശബ്ദത്തിലെ കോൺഫിഡൻസിൽ നിന്നും ആൾക്ക് എന്നിലുള്ള അധികാരവും സ്നേഹവും മനസ്സിലായി… രജനി ചേച്ചി.. ഒടുവിൽ ആ പേര് തെളിഞ്ഞു വന്നു… നീയറിഞ്ഞോ? എന്ത് എന്ന് ചോദിക്കും മുമ്പെ.. ഒരു കുഞ്ഞു മോളുടെ രൂപം നിറഞ്ഞു വന്നു…’ മോളുടെ കല്യാണമാണോ?’ അതേ, ഏപ്രിൽ പത്തിനാണ്..നീ വരണം, ഭാര്യയെയും കുട്ടികളെയും കൂട്ടി.. പിന്നെ നീ വരുമ്പോ അതും കൊണ്ടു വരണം…അത്രയേ മൂപ്പത്തി പറഞ്ഞുള്ളൂ…എന്താണ് അത് ? എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല..
ചേച്ചിയുടെ മോള്..ഞങ്ങളുടെ ഭാഗത്തെ ആദ്യത്തെ കുഞ്ഞാവയായിരുന്നു..എല്ലാവരുടെയും കുഞ്ഞാവ.. രാവിലെ എന്റെ കൂടെ വന്നാൽ ചിലപ്പോൾ എല്ലാ കറക്കവും കഴിഞ്ഞ് ഉച്ചയോടു കൂടിയാണ് വാവ വീട്ടിലെത്തുക. തൊട്ടടുത്തുള്ള അമ്മയുടെ അനിയത്തിയുടെ വീട്ടിലോ മാമന്റെ വീട്ടിലോ മറ്റു കുട്ടികളോടൊപ്പം കളിയ്ക്കും. ഞങ്ങളുടെ തോളിൽ കരഞ്ഞുപിടിച്ച് കയറി പോരും. വാവയുടെ ചിരിയും കളിയും നിറഞ്ഞതായിരുന്നു ഞങ്ങളുടെ അധിക ദിവസങ്ങളും. സ്വാഭാവികമായും ഒട്ടേറെ ഫോട്ടോകളും ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരുടെ ആൽബത്തിലും കാണുമായിരുന്നു. ഇന്നത്തെ പോലെ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ കഴിയാത്തതുകൊണ്ട് ഭൂരിഭാഗവും നഷ്ടപ്പെട്ടു.
മോൾക്ക്.എകദേശം രണ്ടു വയസ്സ് മാത്രം പ്രായമുള്ള സമയത്ത് ഒരു ഫോട്ടോയെടുത്ത് ലാമിനേറ്റ് ചെയ്തെടുത്തിരുന്നു.. ഇപ്പോഴും ബാംഗ്ലൂരിലെ ഞങ്ങളുടെ ആൽബത്തിൽ ആ പടം ഉണ്ട്. 20 വർഷത്തിലേറെ പഴക്കമുള്ള ഈ ഫോട്ടോയാണ് രജനിയേച്ചി..ചോദിക്കുന്നത്. കല്യാണ പെണ്ണിന് സമ്മാനമായി ആ ഫോട്ടോ തന്നെ കൊടുക്കണം.. ബോർഡ് ലാമിനേഷനാക്കി..ഇത്തിരി പത്രാസിൽ..(കല്യാണത്തിന് പോയാലും ഇല്ലെങ്കിലും)…
നഴ്സറിയും എൽകെജിയും യുകെജിയുമൊന്നും നമ്മൾ പഠിച്ചിട്ടില്ല. നേരിട്ട് ഒന്നാം ക്ലാസ്സിലേക്കായിരുന്നു. അന്ന് ഇമ്മാതിരി പുന്നാര പരിപാടിയൊന്നുമില്ല. വീട്ടിൽ വല്ലാണ്ട് കുറുമ്പു കാണിയ്ക്കുന്നുണ്ടെങ്കിൽ സ്കൂളിൽ കൊണ്ടു പോയി ചേർക്കും. ചേർക്കുമ്പോ..മെയ് മാസത്തിലെ ഒരു ഡേറ്റ് അങ്ങ് ഡേറ്റ് ഓഫ് ബെർത്തായി ഫിക്സാക്കും. ഇന്നത്തെ പോലെ ബെർത്ത് സർട്ടിഫിക്കറ്റും ആധാറും ഒന്നില്ലായിരുന്നു..
മോളെ ആദ്യം ചേർത്തിയത് നാട്ടിലെ ഒരു ഐസിഎസ്ഇ സ്കൂളിലായിരുന്നു. കുറെ താരതമ്യം ചെയ്താണ് ഐസിഎസ്ഇ തിരഞ്ഞെടുത്തത്. രണ്ടു മാസം മാത്രമാണ് അവൾ അവിടെ പോയത്..അപ്പോഴേക്കും ബാംഗ്ലൂരിലേക്ക് പറിച്ചു നട്ടു..എല്ലാവരും നല്ലതെന്നു പറഞ്ഞ തൊട്ടടുത്ത സ്കൂളിൽ മകളെ ചേർത്തു.. . പാറു അതിവേഗം കാര്യങ്ങൾ പഠിച്ചു.. ഹിന്ദിക്കാരെയും കന്നഡക്കാരെയും മറികടന്ന് ക്ലാസ്സിലെ ആദ്യ മൂന്നിൽ ഒന്ന് എപ്പോഴും പാറുവായിരുന്നു. ആ സ്കൂൾ ഫോളോ ചെയ്തിരുന്നത് ഐഎസിഎസ് ഇ സിലബസ്സായിരുന്നു. കന്നഡയും ഹിന്ദിയും പഠിയ്ക്കാനുണ്ടായിരുന്നു.
പാറുവിന്റെ മൂന്നാമത്തെ സ്കൂൾ കെആർ പുരത്തിനടുത്തുള്ള ന്യു ഇൻഡസ് വാലി റെസിഡൻഷ്യൽ സ്കൂൾ.. അത് ഐസിഎസ്ഇ സിലബസ് ഫോളോ ചെയ്യുന്ന സ്കൂളായിരുന്നു. പിന്നീട് ഓഫിസിനടുത്തേക്ക് താമസം മാറിയപ്പോൾ തൊട്ടടുത്തുള്ള ഹോളിസ്പിരിറ്റ് സ്കൂളിൽ… ഇപ്പോ അവിടെ രണ്ടു വർഷമായി.. നാലാം ക്ലാസ്സിൽ.. പാറു ഇപ്പോഴും ക്ലാസ്സിൽ അതേ പ്രകടനം തുടരുന്നുണ്ട്.. ഇതുവരെ പഠിച്ചത് ഐസിഎസ്ഇ സിലബസ് അടിസ്ഥാനമാക്കിയാണ്.
ട്വിസ്റ്റ്
പല കാരണങ്ങളാൽ കിഷനെ നഴ്സറിയിൽ വിടാൻ പറ്റിയില്ല. എൽകെജിയിലേക്കാണ് നേരിട്ട് വിട്ടത്. വീടിന് തൊട്ടടുത്തുള്ള മോണ്ടിസോറി സിലബസ് സ്കൂളിലാണ് എൽകെജിയും യുകെജിയും പൂർത്തിയാക്കിയത്.(ഫീസിന് യാതൊരു കുറവുമില്ലായിരുന്നു. ഒരു വർഷത്തെ ഫീസ് 50000നു മുകളിലായിരുന്നു-ഇനി കഷ്ടി 15 ദിവസം കൂടിയേ ഉള്ളൂ യുകെജി പൂർത്തിയാകാൻ).
മോണ്ടിസോറി സിസ്റ്റത്തിന് യാതൊരു കുഴപ്പവുമില്ല. പക്ഷേ, നഴ്സറിയിൽ വിടാതെ എൽകെജിയിലും യുകെജിയിലും നേരിട്ട് വിട്ടാൽ ബാംഗ്ലൂരിലാണ് തുടർന്നു പഠിയ്ക്കുന്നതെങ്കിൽ ഇത്തിരി കുഴപ്പമുണ്ടെന്ന് പിന്നീട് മനസ്സിലായി. മോണ്ടിസോറിയ്ക്ക് മൂന്നു ഗ്രേഡുള്ള സിസ്റ്റത്തിലൂടെ തന്നെ കടന്നു വരണം എന്നാൽ മാത്രമേ കാര്യമുള്ളൂ..
ഒന്നാം ക്ലാസ്
സ്വാഭാവികമായും മോള് പഠിയ്ക്കുന്ന സ്കൂളിൽ തന്നെയാണ് (അടുത്ത അക്കാദമിക് ഇയറിലേക്ക്) മോനും ഒന്നാം ക്ലാസ് അഡ്മിഷനുവേണ്ടി ശ്രമിച്ചത്. എൻട്രൻസ് ഉണ്ട് പോലും. ഇംഗ്ലീഷിലും ഹിന്ദിയിലും കന്നഡയിലും ചോദ്യങ്ങൾ.. കാരണം… പറഞ്ഞത്…നിങ്ങളുടെ മകൻ ഐസിഎസ്ഇ സിലബസ് അല്ല ഫോളോ ചെയ്തത്.. ഞങ്ങൾ അക്കമഡേറ്റ് ചെയ്യണമെങ്കിൽ ഞങ്ങളുടെ സ്റ്റാൻഡേർഡ് വേണം..
അങ്ങനെ ഞാൻ ആദ്യമായി ആ സത്യം അറിഞ്ഞു.എൽകെജിയ്ക്കും യുകെജിയ്ക്കും പോലും സിലബസ് ഉണ്ടു പോലും… പിള്ളേര് ഒന്നാം ക്ലാസ്സിലെത്തുമ്പോഴേക്കും കന്നഡയും ഹിന്ദിയും നിർബന്ധമായും എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന രീതിയിലുള്ളതാണ് ഈ സിലബസ്. നാലാം ക്ലാസ് മുതലാണ് നമ്മളൊക്കെ ഇംഗ്ലീഷ് പഠിച്ചു തുടങ്ങിയത്. അഞ്ചിൽ നിന്നാണ് ഹിന്ദി തുടങ്ങിയത്. ഇതാരോട് പറയാൻ.ഐസിഎസ്ഇ പോലെ സിബിഎസ്ഇ സിലബസ്സിനെയും അടിസ്ഥാനമാക്കി എൽകെജി യുകെജി ക്ലാസ്സുകൾ നടക്കുന്നുണ്ട്.. എല്ലാം കച്ചവടം.
.ഈ പിള്ളേരുടെ ഒരു കാര്യമെന്ന് മനസ്സിൽ പറഞ്ഞെങ്കിലും അഡ്മിഷൻ കിട്ടാതിരുന്നാൽ പണി പാളുമല്ലോ. (പെണ്ണുങ്ങൾ ഇക്കാര്യത്തിൽ ഇത്തിരി ഇമോഷണൽ ആയിരിക്കും. കൂടാതെ മക്കളെ എന്നിൽ നിന്ന് അകറ്റി നാട്ടിൽ പഠിപ്പിക്കാൻ മനസ്സും വരുന്നില്ല.). ടീച്ചറോട് എത്ര സംസാരിച്ചിട്ടും എൻട്രൻസ് അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. അപ്പോ സംഗതി ഗോവിന്ദ..
എന്തായാലും ആ പ്രതീക്ഷ വിട്ടു.. പക്ഷേ, ഏറ്റവും രസകരമായ കാര്യം ഈ സ്കൂളിൽ ടീച്ചർ അവനോട് ചോദിച്ച ഒരു ചോദ്യത്തിനും അവൻ ഉത്തരം പറയാതിരുന്നില്ല.. അതേ..മോണ്ടിസോറിയുടെ പ്രായോഗികതയ്ക്ക് മുന്നിൽ ടീച്ചർ പോലും പകച്ചു.. പക്ഷേ, ശാഠ്യം ഒഴിവാക്കാൻ തയ്യാറായില്ല..
പുതിയ അഡ്മിഷൻ
എന്തായാലും മോളുടെ സ്കൂളിൽ മോന് അഡ്മിഷൻ കിട്ടില്ലെന്ന് ബോധ്യമായതോടെ മറ്റു സ്കൂളുകൾ തിരയാൻ തുടങ്ങി. അതിന്റെ ഭാഗമായി വീടിന് തൊട്ടടുത്തുള്ള പല സ്കൂളുകളിലും പോയി നോക്കി. അവിടെ 50 ശതമാനത്തോളം സ്ഥലത്തും മേൽപ്പറഞ്ഞ ന്യായങ്ങൾ നിരത്തി. ചിലർ പറഞ്ഞ ഫീസ്..ആ സ്ഥാപനത്തിന്റെ നിലവാരത്തിനും യോജിക്കുന്നതായിരുന്നില്ല.. നല്ല ഡോണേഷൻ..
അങ്ങനെയിരിക്കെയാണ് വീടിന് തൊട്ടടുത്തുള്ള, ഇന്ത്യയൊട്ടാകെ നെറ്റ് വർക്കുള്ള സ്കൂളിനെ കുറിച്ച് ആലോചിച്ചത്.. രണ്ടു വർഷം മുമ്പ് പുതിയ സ്ഥലത്ത് എത്തിയപ്പോൾ ഈ സ്കൂളിന്റെ അടുത്തേക്കേ പോയിരുന്നില്ല..കാരണം ആ സ്കൂളിന്റെ പേരിനു കൂടെ ടെക്നോ എന്ന വാക്കുണ്ടായിരുന്നു. എന്തോ അതിനോട് ഇപ്പോഴും പൊരുത്തപ്പെടാനാകില്ല. എന്തായാലും ടെക്നോ തുടങ്ങുന്നത് ആറു മുതലാണ്. അതുവരെ ഇത് സാധാരണ സിബിഎസ്ഇ സ്കൂളാണ്). പുതിയ തിരച്ചിലിനിടയിൽ ഒരുദിവസം വെറുതെ ഒന്നുകയറി നോക്കി.. ഫീസ് മോളുടെ സ്കൂളിന്റെ ഡബിൾ വരും.. ഡൊണേഷൻ കാര്യമായി ഇല്ല.. മോണ്ടി സോറി സ്കൂളിന്റെ കാര്യം പറഞ്ഞപ്പോൾ..അവർ കുട്ടിയോട് സംസാരിച്ചു..അവർ കൺവിൻസ്ഡ്.. അഡ്മിഷൻതരാമെന്ന് സമ്മതിക്കുകയും ചെയ്തു.. അന്നു തന്നെ കിഷനെ ആ സ്കൂളിൽ ചേർത്തി..(അടുത്ത വർഷത്തേക്ക്)
നമ്മുടെ ഐസിഎസ്ഇ പ്രേമവും പതുക്കെ ചോർന്നു തുടങ്ങിയിരുന്നു. അതിനു പ്രധാനകാരണം സർക്കാർ ഐസിഎസ്ഇയെയും സിബിഎസ്ഇയെയും ലയിപ്പിക്കും എന്ന വാർത്തയും നാട്ടിലേക്ക് പോകേണ്ട സാഹചര്യം വന്നാൽ വേണ്ടത്ര ഐസിഎസ്ഇ സ്കൂൾ ഉണ്ടാകില്ലെന്ന തിരിച്ചറിവുമാണ്.. അങ്ങനെ ഐസിഎസ്ഇ വാദക്കാരനായ എന്റെ മോൻ സിബിഎസ്ഇയായി. എന്തുകൊണ്ട് ഐസിഎസ്ഇ വാദക്കാരനായി എന്നത്..പിന്നീട് വിശദമാക്കാം..നീണ്ടകഥയാണ്. വാസ്തവത്തിൽ കേരള സ്റ്റേറ്റ് സിലബസ്സി്നറെ ആളാണ് നമ്മൾ. ഐസിഎസ്ഇയും സിബിഎസ്ഇയും താരതമ്യം ചെയ്യുമ്പോൾ എന്ന ചോദ്യത്തിന് ഞാൻ ഓപ്റ്റ് ചെയ്തതത് ഐസിഎസ്ഇയാണെന്നു മാത്രം..
പ്രശ്നം
മോളുടെ സ്കൂൾ ഒരു ഭാഗത്ത്..മകന്റെ സ്കൂൾ മറ്റൊരു അറ്റത്ത്.. ശനിയാഴ്ച പിടിഎ മീറ്റിങ് വിളിച്ചാൽ അച്ഛൻ ഒരു ഭാഗത്തേക്കും അമ്മ ഒരു ഭാഗത്തേക്കും പോകേണ്ടി വരും.രണ്ട് സ്കൂളിലെയും അവധി ദിവസങ്ങലും വ്യത്യാസമുണ്ട്…നിലവാരത്തിലും വ്യത്യാസമുണ്ട്. നാളെ ഒരാൾ എന്നെ മോശം സ്കൂളിൽ ചേർത്തിയെന്ന ആരോപണവുമായി വരരുതല്ലോ..?
പക്ഷേ, നിലവിലെ സ്കൂൾ വിട്ടു വരാൻ മോൾക്ക് മനസ്സില്ല.. അവസാനം നാലഞ്ച് ദിവസം അവളുമായി നിരന്തരം ഇൻട്രാക്ഷൻ നടത്തി…അങ്ങനെ ആ തീരുമാനത്തോട് അവളും യോജിച്ചു…അവളുടെ അഡ്മിഷനും കിഷന്റെ സ്കൂളിലേക്ക്.(അടുത്ത അക്കാദമിക് ഇയർ).. അങ്ങനെ ആറു വർഷത്തോളമായി ഐസിഎസ്ഇ സിലബസ് ഫോളോ ചെയ്യുന്ന മകൾ സിബിഎസ്ഇ സ്കൂളിലേക്ക്.. വീണ്ടും ബജറ്റ് പാളുന്നു..
സങ്കടവും ദേഷ്യവും ഒന്നിച്ച്
അക്കാദമിക് ഇയർ കഴിഞ്ഞാൽ മോളുടെ ടിസി വാങ്ങുന്ന കാര്യം സംസാരിക്കാനാണ് ഇന്നു സ്കൂളിലെത്തിയത്. ടിസിയുടെ കാര്യം പറഞ്ഞപ്പോൾ രണ്ടു തവണയും സംസാരിച്ച സ്വരമല്ല.. മകന് വേണമെങ്കിൽ സ്കൂളിൽ അഡ്മിഷൻ തരാമെന്ന് ടീച്ചർ. ഞാൻ പറഞ്ഞു. മറ്റേ സ്കൂളിൽ. ഡോണേഷൻ കൊടുത്തു പോയി..ഒടുവിൽ ടിസി തരാമെന്ന ഉറപ്പിലൂടെ പടിയിറങ്ങി.
അത് എന്തായാലും തരേണ്ട സംഗതിയാണെങ്കിലും… സങ്കടം വരാൻ കാരണമുണ്ട്. മകളെ ചേർത്തിയ സ്കൂൾ ഞങ്ങളുടെ പ്രദേശത്ത് നിലവാരവും ചെലവും കൂടി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും മികച്ചതാണെന്ന് വേണമെങ്കിൽ പറയാം. ചെലവ് ഇരട്ടിയാക്കിയതിനു ശേഷമാണ് ഈ ഔദാര്യമേ.. പക്ഷേ ഏറ്റവും വലിയ മെച്ചം.. വീട്ടിൽ നിന്നും കഷ്ടി 250 മീറ്റർ മാത്രമേ ഇനി മക്കളുടെ സ്കൂളിലേക്ക് ഉള്ളൂവെന്നതാണ്.. അടുത്ത അക്കാദമിക് ഇയറിൽ കുട്ടികൾക്ക് സ്കൂൾ ബസ്സിന്റെ കാത്തിരിപ്പുണ്ടാകില്ലെന്ന് ചുരുക്കം.
എന്തിനാണ് ഈ സിലബസ്? എൽകെജി, യുകെജി, ഒന്നാം ക്ലാസ് പ്രവേശനങ്ങൾ കൂടുതൽ സുതാര്യമാകണം.. ഈ സിലബസ് തട്ടിപ്പിൽ നിന്നും കുട്ടികളെ രക്ഷിക്കണം. ആദ്യം ഒന്നാം ക്ലാസ്സിലെത്തട്ടെ….അമിത ലോഡാണ് ഇന്ന് കുട്ടികൾക്ക്… ഇങ്ങനെ പോസ്റ്റിടാനെ നമുക്കും പറ്റൂ..അല്ലാതെന്ത് ചെയ്യാൻ..സിസ്റ്റം അല്ലേ..സിസ്റ്റം.. നാട്ടിലായിരുന്നെങ്കിൽ നല്ല ഗവൺമെന്റ് സ്കൂളിൽ ചേർത്തിയാൽ അതിനോളം വരില്ല ഒന്നും..ഇവിടെ അങ്ങനെ ചെയ്താൽ പണി പാളും.. കാരണം ഇപ്പോ കന്നഡ ഭാഷ എന്ന രീതിയിൽ പഠിച്ചാൽ മതി.. അങ്ങനെ ചെയ്താൽ എല്ലാം കന്നഡയാകും..ആർക്കും ഒന്നും പറഞ്ഞു കൊടുക്കാൻ സാധിക്കില്ല..
പാറുവിന് മലയാളം ഒപ്പിച്ചു വായിക്കാനറിയാം. പക്ഷേ, കിഷനെ സംബന്ധിച്ചിടത്തോളം മലയാളം നമ്മുടെ ഭാഷ മാത്രമാണ്. നമ്മൾ സംസാരിക്കുന്ന ഭാഷ… ഹിന്ദി അക്ഷരങ്ങളും കന്നഡ അക്ഷരങ്ങളും അറിയാം. അവൻ ഒന്നു താളത്തിലായി വന്നിട്ടു വേണം മലയാളം പഠിപ്പിക്കാൻ.. എനിക്ക് പ്രവാസി സുഹൃത്തുക്കളോട് പറയാനുള്ളത്..പിള്ളേരെ എങ്ങനെയെങ്കിലും മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കണമെന്നാണ്..ഇല്ലെങ്കിൽ ഒന്നുമില്ല.. പക്ഷേ, ഉണ്ടെങ്കിലോ?…അതിന്റെ മെച്ചം..അതു വാക്കുകളിൽ ഒതുങ്ങുന്നതല്ല..അനുഭവിച്ചു തന്നെ അറിയണം…നീണ്ട സ്കൂൾ അവധിക്കാലം മലയാളം പഠനത്തിനായി ഉപയോഗിക്കൂ…
ഡിങ്കന്‍ അവരെ രക്ഷിക്കുമോ? മായാവിയെ കുട്ടൂസന്‍ പിടിയ്ക്കുമോ? കപീഷ് വാലു നീട്ടുമോ? പൂച്ച പോലിസ് കേസ് തെളിയിക്കുമോ? ഇത്തരം ടെന്‍ഷനുകളൊക്കെ നിറഞ്ഞതായിരുന്നു നമ്മുടെ കുട്ടിക്കാലം…പക്ഷേ, അവിടെ വായന എന്ന പ്രക്രിയ ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോഴോ? ചന്ദനമഴയിലെ അമൃതയ്ക്ക് ഭര്‍ത്താവിനെ കിട്ടുമോ? തട്ടികൊണ്ടു പോകല്‍, മോഷണം, പാരവെപ്പ്, അമ്മായിമ്മ പോര്, ദേഷ്യം, പക…… കൊച്ചു മക്കളുടെ പോലും ചിന്ത ഇത്തരം കാര്യങ്ങളിലാണ്. കുശുന്പും കുന്നായ്മയും പ്രതികാരവുമാണ് അവര്‍ ദിവസവും കണ്ടു വരുന്നത്. അതും തീര്‍ത്തും ഏകപക്ഷീയമായി അവരുടെ മനസ്സിലേക്ക് ഇറങ്ങി ചെല്ലുകയാണ്.
വാസ്തവത്തില്‍ വളര്‍ന്നു വരുന്ന പുതിയ തലമുറ അങ്ങേയറ്റം അപകടകരമായ മാനസികാവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഇതാണ് ജീവിതമെന്നാണ് അവര്‍ മനസ്സിലാക്കി വെയ്ക്കുന്നത്. അതാണ് അവരുടെ മനസ്സില്‍ ഉറച്ചു പോകുന്നത്. അതേ സമയം മക്കളെ എന്‍ജിനീയറും ഡോക്ടറുമാക്കാനുള്ള തിരക്കില്‍ പുറംലോകവുമായുള്ള ഇന്‍ട്രാക്ഷന്‍ പരിപൂര്‍ണമായി കൊട്ടിയടയ്ക്കുകയും ചെയ്യും.
ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് വീട്ടിലെ പ്രായമായവരാണ്.. കാരണം, ഒരു പക്ഷേ, അവര്‍ ഇക്കാര്യത്തില്‍ കുട്ടികളേക്കാള്‍ സീരിയസ്സാണ്.. അവരറിയുന്നില്ല..ഇത് വരാനിരിക്കുന്ന തലമുറയെ മാറ്റി മറിയ്ക്കുന്നുണ്ട്.. നാളെ അവരെയും നിങ്ങളെയും തന്നെയാണ് ഇത് തിരിഞ്ഞു കൊത്താന്‍ തുടങ്ങുന്നത്. മുതിര്‍ന്നവര്‍ സീരിയല്‍ കാണുന്നത് അത്ര വലിയ പാതകമല്ല, പക്ഷേ, കുട്ടികളെ മടിയിലിരുത്തി കാണാതിരിക്കാന്‍ ശ്രമിക്കുക.