ഐസിഎസ്ഇയും സിബിഎസ്ഇയും പിന്നെ, അംഗനവാടി സിലബസും

നഴ്സറിയും എൽകെജിയും യുകെജിയുമൊന്നും നമ്മൾ പഠിച്ചിട്ടില്ല. നേരിട്ട് ഒന്നാം ക്ലാസ്സിലേക്കായിരുന്നു. അന്ന് ഇമ്മാതിരി പുന്നാര പരിപാടിയൊന്നുമില്ല. വീട്ടിൽ വല്ലാണ്ട് കുറുമ്പു കാണിയ്ക്കുന്നുണ്ടെങ്കിൽ സ്കൂളിൽ കൊണ്ടു പോയി ചേർക്കും. ചേർക്കുമ്പോ..മെയ് മാസത്തിലെ ഒരു ഡേറ്റ് അങ്ങ് ഡേറ്റ് ഓഫ് ബെർത്തായി ഫിക്സാക്കും. ഇന്നത്തെ പോലെ ബെർത്ത് സർട്ടിഫിക്കറ്റും ആധാറും ഒന്നില്ലായിരുന്നു..

മോളെ ആദ്യം ചേർത്തിയത് നാട്ടിലെ ഒരു ഐസിഎസ്ഇ സ്കൂളിലായിരുന്നു. കുറെ താരതമ്യം ചെയ്താണ് ഐസിഎസ്ഇ തിരഞ്ഞെടുത്തത്. രണ്ടു മാസം മാത്രമാണ് അവൾ അവിടെ പോയത്..അപ്പോഴേക്കും ബാംഗ്ലൂരിലേക്ക് പറിച്ചു നട്ടു..എല്ലാവരും നല്ലതെന്നു പറഞ്ഞ തൊട്ടടുത്ത സ്കൂളിൽ മകളെ ചേർത്തു.. . പാറു അതിവേഗം കാര്യങ്ങൾ പഠിച്ചു.. ഹിന്ദിക്കാരെയും കന്നഡക്കാരെയും മറികടന്ന് ക്ലാസ്സിലെ ആദ്യ മൂന്നിൽ ഒന്ന് എപ്പോഴും പാറുവായിരുന്നു. ആ സ്കൂൾ ഫോളോ ചെയ്തിരുന്നത് ഐഎസിഎസ് ഇ സിലബസ്സായിരുന്നു. കന്നഡയും ഹിന്ദിയും പഠിയ്ക്കാനുണ്ടായിരുന്നു.

പാറുവിന്റെ മൂന്നാമത്തെ സ്കൂൾ കെആർ പുരത്തിനടുത്തുള്ള ന്യു ഇൻഡസ് വാലി റെസിഡൻഷ്യൽ സ്കൂൾ.. അത് ഐസിഎസ്ഇ സിലബസ് ഫോളോ ചെയ്യുന്ന സ്കൂളായിരുന്നു. പിന്നീട് ഓഫിസിനടുത്തേക്ക് താമസം മാറിയപ്പോൾ തൊട്ടടുത്തുള്ള ഹോളിസ്പിരിറ്റ് സ്കൂളിൽ… ഇപ്പോ അവിടെ രണ്ടു വർഷമായി.. നാലാം ക്ലാസ്സിൽ.. പാറു ഇപ്പോഴും ക്ലാസ്സിൽ അതേ പ്രകടനം തുടരുന്നുണ്ട്.. ഇതുവരെ പഠിച്ചത് ഐസിഎസ്ഇ സിലബസ് അടിസ്ഥാനമാക്കിയാണ്.

ട്വിസ്റ്റ്

പല കാരണങ്ങളാൽ കിഷനെ നഴ്സറിയിൽ വിടാൻ പറ്റിയില്ല. എൽകെജിയിലേക്കാണ് നേരിട്ട് വിട്ടത്. വീടിന് തൊട്ടടുത്തുള്ള മോണ്ടിസോറി സിലബസ് സ്കൂളിലാണ് എൽകെജിയും യുകെജിയും പൂർത്തിയാക്കിയത്.(ഫീസിന് യാതൊരു കുറവുമില്ലായിരുന്നു. ഒരു വർഷത്തെ ഫീസ് 50000നു മുകളിലായിരുന്നു-ഇനി കഷ്ടി 15 ദിവസം കൂടിയേ ഉള്ളൂ യുകെജി പൂർത്തിയാകാൻ).

മോണ്ടിസോറി സിസ്റ്റത്തിന് യാതൊരു കുഴപ്പവുമില്ല. പക്ഷേ, നഴ്സറിയിൽ വിടാതെ എൽകെജിയിലും യുകെജിയിലും നേരിട്ട് വിട്ടാൽ ബാംഗ്ലൂരിലാണ് തുടർന്നു പഠിയ്ക്കുന്നതെങ്കിൽ ഇത്തിരി കുഴപ്പമുണ്ടെന്ന് പിന്നീട് മനസ്സിലായി. മോണ്ടിസോറിയ്ക്ക് മൂന്നു ഗ്രേഡുള്ള സിസ്റ്റത്തിലൂടെ തന്നെ കടന്നു വരണം എന്നാൽ മാത്രമേ കാര്യമുള്ളൂ..

ഒന്നാം ക്ലാസ്

സ്വാഭാവികമായും മോള് പഠിയ്ക്കുന്ന സ്കൂളിൽ തന്നെയാണ് (അടുത്ത അക്കാദമിക് ഇയറിലേക്ക്) മോനും ഒന്നാം ക്ലാസ് അഡ്മിഷനുവേണ്ടി ശ്രമിച്ചത്. എൻട്രൻസ് ഉണ്ട് പോലും. ഇംഗ്ലീഷിലും ഹിന്ദിയിലും കന്നഡയിലും ചോദ്യങ്ങൾ.. കാരണം… പറ‍ഞ്ഞത്…നിങ്ങളുടെ മകൻ ഐസിഎസ്ഇ സിലബസ് അല്ല ഫോളോ ചെയ്തത്.. ഞങ്ങൾ അക്കമഡേറ്റ് ചെയ്യണമെങ്കിൽ ഞങ്ങളുടെ സ്റ്റാൻഡേർഡ് വേണം..

അങ്ങനെ ഞാൻ ആദ്യമായി ആ സത്യം അറിഞ്ഞു.എൽകെജിയ്ക്കും യുകെജിയ്ക്കും പോലും സിലബസ് ഉണ്ടു പോലും… പിള്ളേര് ഒന്നാം ക്ലാസ്സിലെത്തുമ്പോഴേക്കും കന്നഡയും ഹിന്ദിയും നിർബന്ധമായും എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന രീതിയിലുള്ളതാണ് ഈ സിലബസ്. നാലാം ക്ലാസ് മുതലാണ് നമ്മളൊക്കെ ഇംഗ്ലീഷ് പഠിച്ചു തുടങ്ങിയത്. അഞ്ചിൽ നിന്നാണ് ഹിന്ദി തുടങ്ങിയത്. ഇതാരോട് പറയാൻ.ഐസിഎസ്ഇ പോലെ സിബിഎസ്ഇ സിലബസ്സിനെയും അടിസ്ഥാനമാക്കി എൽകെജി യുകെജി ക്ലാസ്സുകൾ നടക്കുന്നുണ്ട്.. എല്ലാം കച്ചവടം.

.ഈ പിള്ളേരുടെ ഒരു കാര്യമെന്ന് മനസ്സിൽ പറഞ്ഞെങ്കിലും അഡ്മിഷൻ കിട്ടാതിരുന്നാൽ പണി പാളുമല്ലോ. (പെണ്ണുങ്ങൾ ഇക്കാര്യത്തിൽ ഇത്തിരി ഇമോഷണൽ ആയിരിക്കും. കൂടാതെ മക്കളെ എന്നിൽ നിന്ന് അകറ്റി നാട്ടിൽ പഠിപ്പിക്കാൻ മനസ്സും വരുന്നില്ല.). ടീച്ചറോട് എത്ര സംസാരിച്ചിട്ടും എൻട്രൻസ് അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. അപ്പോ സംഗതി ഗോവിന്ദ..

എന്തായാലും ആ പ്രതീക്ഷ വിട്ടു.. പക്ഷേ, ഏറ്റവും രസകരമായ കാര്യം ഈ സ്കൂളിൽ ടീച്ചർ അവനോട് ചോദിച്ച ഒരു ചോദ്യത്തിനും അവൻ ഉത്തരം പറയാതിരുന്നില്ല.. അതേ..മോണ്ടിസോറിയുടെ പ്രായോഗികതയ്ക്ക് മുന്നിൽ ടീച്ചർ പോലും പകച്ചു.. പക്ഷേ, ശാഠ്യം ഒഴിവാക്കാൻ തയ്യാറായില്ല..

പുതിയ അഡ്മിഷൻ
എന്തായാലും മോളുടെ സ്കൂളിൽ മോന് അഡ്മിഷൻ കിട്ടില്ലെന്ന് ബോധ്യമായതോടെ മറ്റു സ്കൂളുകൾ തിരയാൻ തുടങ്ങി. അതിന്റെ ഭാഗമായി വീടിന് തൊട്ടടുത്തുള്ള പല സ്കൂളുകളിലും പോയി നോക്കി. അവിടെ 50 ശതമാനത്തോളം സ്ഥലത്തും മേൽപ്പറഞ്ഞ ന്യായങ്ങൾ നിരത്തി. ചിലർ പറഞ്ഞ ഫീസ്..ആ സ്ഥാപനത്തിന്റെ നിലവാരത്തിനും യോജിക്കുന്നതായിരുന്നില്ല.. നല്ല ഡോണേഷൻ..

അങ്ങനെയിരിക്കെയാണ് വീടിന് തൊട്ടടുത്തുള്ള, ഇന്ത്യയൊട്ടാകെ നെറ്റ് വർക്കുള്ള സ്കൂളിനെ കുറിച്ച് ആലോചിച്ചത്.. രണ്ടു വർഷം മുമ്പ് പുതിയ സ്ഥലത്ത് എത്തിയപ്പോൾ ഈ സ്കൂളിന്റെ അടുത്തേക്കേ പോയിരുന്നില്ല..കാരണം ആ സ്കൂളിന്റെ പേരിനു കൂടെ ടെക്നോ എന്ന വാക്കുണ്ടായിരുന്നു. എന്തോ അതിനോട് ഇപ്പോഴും പൊരുത്തപ്പെടാനാകില്ല. എന്തായാലും ടെക്നോ തുടങ്ങുന്നത് ആറു മുതലാണ്. അതുവരെ ഇത് സാധാരണ സിബിഎസ്ഇ സ്കൂളാണ്). പുതിയ തിരച്ചിലിനിടയിൽ ഒരുദിവസം വെറുതെ ഒന്നുകയറി നോക്കി.. ഫീസ് മോളുടെ സ്കൂളിന്റെ ഡബിൾ വരും.. ഡൊണേഷൻ കാര്യമായി ഇല്ല.. മോണ്ടി സോറി സ്കൂളിന്റെ കാര്യം പറഞ്ഞപ്പോൾ..അവർ കുട്ടിയോട് സംസാരിച്ചു..അവർ കൺവിൻസ്ഡ്.. അഡ്മിഷൻതരാമെന്ന് സമ്മതിക്കുകയും ചെയ്തു.. അന്നു തന്നെ കിഷനെ ആ സ്കൂളിൽ ചേർത്തി..(അടുത്ത വർഷത്തേക്ക്)

നമ്മുടെ ഐസിഎസ്ഇ പ്രേമവും പതുക്കെ ചോർന്നു തുടങ്ങിയിരുന്നു. അതിനു പ്രധാനകാരണം സർക്കാർ ഐസിഎസ്ഇയെയും സിബിഎസ്ഇയെയും ലയിപ്പിക്കും എന്ന വാർത്തയും നാട്ടിലേക്ക് പോകേണ്ട സാഹചര്യം വന്നാൽ വേണ്ടത്ര ഐസിഎസ്ഇ സ്കൂൾ ഉണ്ടാകില്ലെന്ന തിരിച്ചറിവുമാണ്.. അങ്ങനെ ഐസിഎസ്ഇ വാദക്കാരനായ എന്റെ മോൻ സിബിഎസ്ഇയായി. എന്തുകൊണ്ട് ഐസിഎസ്ഇ വാദക്കാരനായി എന്നത്..പിന്നീട് വിശദമാക്കാം..നീണ്ടകഥയാണ്. വാസ്തവത്തിൽ കേരള സ്റ്റേറ്റ് സിലബസ്സി്ന‍റെ ആളാണ് നമ്മൾ. ഐസിഎസ്ഇയും സിബിഎസ്ഇയും താരതമ്യം ചെയ്യുമ്പോൾ എന്ന ചോദ്യത്തിന് ഞാൻ ഓപ്റ്റ് ചെയ്തതത് ഐസിഎസ്ഇയാണെന്നു മാത്രം..

 പ്രശ്നം
മോളുടെ സ്കൂൾ ഒരു ഭാഗത്ത്..മകന്റെ സ്കൂൾ മറ്റൊരു അറ്റത്ത്.. ശനിയാഴ്ച പിടിഎ മീറ്റിങ് വിളിച്ചാൽ അച്ഛൻ ഒരു ഭാഗത്തേക്കും അമ്മ ഒരു ഭാഗത്തേക്കും പോകേണ്ടി വരും.രണ്ട് സ്കൂളിലെയും അവധി ദിവസങ്ങലും വ്യത്യാസമുണ്ട്…നിലവാരത്തിലും വ്യത്യാസമുണ്ട്. നാളെ ഒരാൾ എന്നെ മോശം സ്കൂളിൽ ചേർത്തിയെന്ന ആരോപണവുമായി വരരുതല്ലോ..?

പക്ഷേ, നിലവിലെ സ്കൂൾ വിട്ടു വരാൻ മോൾക്ക് മനസ്സില്ല.. അവസാനം നാലഞ്ച് ദിവസം അവളുമായി നിരന്തരം ഇൻട്രാക്ഷൻ നടത്തി…അങ്ങനെ ആ തീരുമാനത്തോട് അവളും യോജിച്ചു…അവളുടെ അഡ്മിഷനും കിഷന്റെ സ്കൂളിലേക്ക്.(അടുത്ത അക്കാദമിക് ഇയർ).. അങ്ങനെ ആറു വർഷത്തോളമായി ഐസിഎസ്ഇ സിലബസ് ഫോളോ ചെയ്യുന്ന മകൾ സിബിഎസ്ഇ സ്കൂളിലേക്ക്.. വീണ്ടും ബജറ്റ് പാളുന്നു..

സങ്കടവും ദേഷ്യവും ഒന്നിച്ച്
അക്കാദമിക് ഇയർ കഴിഞ്ഞാൽ മോളുടെ ടിസി വാങ്ങുന്ന കാര്യം സംസാരിക്കാനാണ് ഇന്നു സ്കൂളിലെത്തിയത്. ടിസിയുടെ കാര്യം പറഞ്ഞപ്പോൾ രണ്ടു തവണയും സംസാരിച്ച സ്വരമല്ല.. മകന് വേണമെങ്കിൽ സ്കൂളിൽ അഡ്മിഷൻ തരാമെന്ന് ടീച്ചർ. ഞാൻ പറഞ്ഞു. മറ്റേ സ്കൂളിൽ. ഡോണേഷൻ കൊടുത്തു പോയി..ഒടുവിൽ ടിസി തരാമെന്ന ഉറപ്പിലൂടെ പടിയിറങ്ങി.

അത് എന്തായാലും തരേണ്ട സംഗതിയാണെങ്കിലും… സങ്കടം വരാൻ കാരണമുണ്ട്. മകളെ ചേർത്തിയ സ്കൂൾ ഞങ്ങളുടെ പ്രദേശത്ത് നിലവാരവും ചെലവും കൂടി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും മികച്ചതാണെന്ന് വേണമെങ്കിൽ പറയാം. ചെലവ് ഇരട്ടിയാക്കിയതിനു ശേഷമാണ് ഈ ഔദാര്യമേ.. പക്ഷേ ഏറ്റവും വലിയ മെച്ചം.. വീട്ടിൽ നിന്നും കഷ്ടി 250 മീറ്റർ മാത്രമേ ഇനി മക്കളുടെ സ്കൂളിലേക്ക് ഉള്ളൂവെന്നതാണ്.. അടുത്ത അക്കാദമിക് ഇയറിൽ കുട്ടികൾക്ക് സ്കൂൾ ബസ്സിന്റെ കാത്തിരിപ്പുണ്ടാകില്ലെന്ന് ചുരുക്കം.

എന്തിനാണ് ഈ സിലബസ്? എൽകെജി, യുകെജി, ഒന്നാം ക്ലാസ് പ്രവേശനങ്ങൾ കൂടുതൽ സുതാര്യമാകണം.. ഈ സിലബസ് തട്ടിപ്പിൽ നിന്നും കുട്ടികളെ രക്ഷിക്കണം. ആദ്യം ഒന്നാം ക്ലാസ്സിലെത്തട്ടെ….അമിത ലോഡാണ് ഇന്ന് കുട്ടികൾക്ക്… ഇങ്ങനെ പോസ്റ്റിടാനെ നമുക്കും പറ്റൂ..അല്ലാതെന്ത് ചെയ്യാൻ..സിസ്റ്റം അല്ലേ..സിസ്റ്റം.. നാട്ടിലായിരുന്നെങ്കിൽ നല്ല ഗവൺമെന്റ് സ്കൂളിൽ ചേർത്തിയാൽ അതിനോളം വരില്ല ഒന്നും..ഇവിടെ അങ്ങനെ ചെയ്താൽ പണി പാളും.. കാരണം ഇപ്പോ കന്നഡ ഭാഷ എന്ന രീതിയിൽ പഠിച്ചാൽ മതി.. അങ്ങനെ ചെയ്താൽ എല്ലാം കന്നഡയാകും..ആർക്കും ഒന്നും പറഞ്ഞു കൊടുക്കാൻ സാധിക്കില്ല..

പാറുവിന് മലയാളം ഒപ്പിച്ചു വായിക്കാനറിയാം. പക്ഷേ, കിഷനെ സംബന്ധിച്ചിടത്തോളം മലയാളം നമ്മുടെ ഭാഷ മാത്രമാണ്. നമ്മൾ സംസാരിക്കുന്ന ഭാഷ… ഹിന്ദി അക്ഷരങ്ങളും കന്നഡ അക്ഷരങ്ങളും അറിയാം. അവൻ ഒന്നു താളത്തിലായി വന്നിട്ടു വേണം മലയാളം പഠിപ്പിക്കാൻ.. എനിക്ക് പ്രവാസി സുഹൃത്തുക്കളോട് പറയാനുള്ളത്..പിള്ളേരെ എങ്ങനെയെങ്കിലും മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കണമെന്നാണ്..ഇല്ലെങ്കിൽ ഒന്നുമില്ല.. പക്ഷേ, ഉണ്ടെങ്കിലോ?…അതിന്റെ മെച്ചം..അതു വാക്കുകളിൽ ഒതുങ്ങുന്നതല്ല..അനുഭവിച്ചു തന്നെ അറിയണം…നീണ്ട സ്കൂൾ അവധിക്കാലം മലയാളം പഠനത്തിനായി ഉപയോഗിക്കൂ…