ആരാണ് നിങ്ങളുടെ ആത്മാർത്ഥ സുഹൃത്ത് ?

ആരാണ് നിങ്ങളുടെ ആത്മാർത്ഥ സുഹൃത്ത് അല്ലെങ്കിൽ സുഹൃത്തുക്കൾ? സ്വന്തം ആവശ്യത്തിനു മാത്രം പ്രാർത്ഥിക്കുന്ന ഇക്കാലത്ത് മുകളിൽ പറഞ്ഞ ഉത്തരവും കൃത്യമായി നൽകുക പലർക്കും ബുദ്ധിമുട്ടായിരിക്കും. സൗഹൃദങ്ങൾ നോക്കിയാൽ നാട്ടിലെ പഴയ കൂട്ടുകാർ, ഓഫീസിലെ ഫ്രണ്ട്സ്, വീടിനടുത്തുള്ള ഫ്രണ്ട്സ്, വീട്ടിലെ ഫ്രണ്ട് …. കസിൻസ്… ലിസ്റ്റ് നോക്കിയാൽ കുറെ കാണും. എന്നാൽ ഇവരെല്ലാം ഓരോ കംപാർട്ട്മെന്റിലാണ് നിങ്ങളുടെ സുഹൃത്തുക്കളാകുന്നത്.. വ്യത്യസ്ത ഫ്രീക്വൻസിയിലാണ് ഇവർ നിങ്ങളോട് സംവദിക്കുന്നത്.
എല്ലാ സാഹചര്യത്തിലും നിങ്ങളുടെ കൂടെ കട്ട സപ്പോർട്ടുമായി നിൽക്കുന്ന ആരെങ്കിലും നിങ്ങൾക്ക് കൂട്ടായുണ്ടോ? ഒരേ ഫ്രീക്വൻസി മാച്ചാകുന്ന, ഒരേ പോലെ ചിന്തിക്കുന്ന..അത്തരം സൗഹൃദങ്ങൾ അല്ലെങ്കിൽ വിശ്വാസങ്ങൾ കെട്ടിപ്പടുക്കാൻ സാധിക്കാതെ വരുമ്പോഴാണ് പലരും ഒറ്റയ്ക്കായി പോകുന്നത്. സുഹൃത്തുക്കളുണ്ടോ എന്ന് ചോദിച്ചാൽ ഇഷ്ടം പോലെ…എന്നാൽ ആർക്കെങ്കിലും മുഴുവനായി അറിയുമോ എന്ന് ചോദിച്ചാൽ ആർക്കും അറിയില്ല. പലർക്കും പലതും അറിയാം. അത്ര മാത്രം.
നിങ്ങളെ പരിപൂർണമായി അറിയുന്ന, എപ്പോഴും നിങ്ങളുടെ സുഹൃത്തായിരിക്കുന്ന ഒരാളോ ഒന്നിലേറെ ആളുകളോ നിങ്ങൾക്കുണ്ടോ? അവരോട് നിങ്ങളുടെ മനസ്സിലെ ചിന്തകൾ അതുപോലെ പറയാൻ നിങ്ങൾക്ക് സാധിക്കാറുണ്ടോ? ആത്മാർത്ഥമായ സൗഹൃദം അല്ലെങ്കിൽ സ്നേഹത്തിലൂന്നിയ വിശ്വാസം എന്നിവ നഷ്ടമാകുന്നതല്ലേ എല്ലാത്തിനും കാരണം. എല്ലാത്തിനെയും ഒരു ഭയത്തോടെ അല്ലെങ്കിൽ ആശങ്കയോടെ സമീപിക്കുന്നത് നമ്മൾ ഇനി എന്നു മാറ്റും.
തീർച്ചയായും വീണ്ടെടുക്കേണ്ടത് ഇത്തരം സൗഹൃദങ്ങളെയാണ്…ഇത്തരം വിശ്വാസങ്ങളെയാണ്. ഇവ ഇല്ലാതാകുന്നതാണ് പല നഷ്ടങ്ങളിലേക്കും നമ്മെ നയിക്കുന്നത്. അച്ഛനോടോ അമ്മയോടോ കൂടെപ്പിറപ്പിനോടോ പറഞ്ഞാൽ കൂടെയുണ്ടാകുമെന്ന വിശ്വാസം വേണം. അല്ലെങ്കിൽ ആത്മാർത്ഥമായ സൗഹൃദത്തിൽ വിശ്വാസം വേണം. ഈ ഡിജിറ്റൽ യു​ഗത്തിൽ നമുക്ക് നഷ്ടപ്പെടുന്നത് ഇത്തരം വിശ്വാസങ്ങളും സൗഹൃദങ്ങളും തന്നെയാണ്. ഉണ്ടോന്ന് ചോദിച്ചാൽ എല്ലാം ഉണ്ട്..എന്നാൽ…ഈ എന്നാലിന് നല്ല വിലയുണ്ട്.. ഹൃദയത്തിൽ തൊട്ട് എത്ര പേർക്ക് പറയാനാകും.. ഇതാണ് എന്റെ ബെസ്റ്റ് ഫ്രണ്ടെന്ന്…(എന്റെ ഭാര്യയാണ് എന്റെ ബെസ്റ്റ് ഫ്രണ്ടെന്ന് പറയുന്ന ചിലരുണ്ട്…നല്ലതു തന്നെ ” …അത്ര മാത്രമേ പറയാനുള്ളൂ..ആരോ​ഗ്യവും സമാധാനവും മുഖ്യം ബി​ഗിലേ !!!)

ഓണ്‍ലൈനിലൂടെ പെട്ടെന്ന് പണക്കാരനാകാമോ?


മില്യനിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ഒരു വ്‌ളോഗറുടെ ഏറ്റവും പുതിയ വീഡിയോ കണ്ടതാണ് എനിക്ക് എന്റെ ഈ വീഡിയോ എടുക്കാന്‍ പ്രചോദനമായത്. ടെലഗ്രാം ഗ്രൂപ്പില്‍ ചേര്‍ന്ന് നിങ്ങള്‍ക്ക് അതിവേഗം പണമുണ്ടാക്കാമെന്നാണ് പുള്ളി പറയുന്നത്. ഇതിനായി ചില ലിങ്കുകളും നല്‍കുന്നുണ്ട്. ഇത് ശരിയോ തെറ്റോ എന്ന് പരിശോധിക്കുന്നതിനേക്കാളും നല്ലത്. നിങ്ങള്‍ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഡിജിറ്റല്‍ ലോകത്ത് സൗജന്യമായി ഒന്നുമില്ല. ആരെങ്കിലും എന്തെങ്കിലും നിങ്ങള്‍ക്ക് തരുന്നുണ്ടെങ്കില്‍ അതിനു പിറകില്‍ എന്തെങ്കിലും കാരണമുണ്ടാകും. ആ കാരണം നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ അതിലേക്ക് ഇറങ്ങി ചെല്ലാതിരിക്കുന്നതാണ് നല്ലത്. കാരണം നിങ്ങളുടെ അറിവില്ലായ്മയാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്.

 

നിങ്ങളുടെ ശ്രദ്ധ ഞാന്‍ ചൈനീസ് ആപ്പ് കുംഭകോണത്തിലേക്ക് നയിക്കുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹി പോലിസ് കണ്ടുപിടിച്ചത് 150കോടിയുടെ തട്ടിപ്പാണ്. ഈ സൈബര്‍ ക്രൈമുമായി ബന്ധപ്പെട്ട് പോലിസ് ഏകദേശം 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആളുകളെ എളുപ്പത്തില്‍ പണക്കാരാക്കാമെന്ന മോഹനവാഗ്ദാനവുമായിട്ടാണ് ഇത്തരക്കാര്‍ വരുന്നത്. ഇതൊരു ആഗോള റാക്കറ്റാണ്. ചൈനക്കാര്‍ ഇതിനെ ഇന്ത്യക്കാരെ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. ഷെല്‍ കമ്പനികള്‍ ഉണ്ടാക്കി അത് ചൈനീസുകാര്‍ക്ക് കൈമാറിയാല്‍ രണ്ടോ മൂന്നോ ലക്ഷം രൂപ കിട്ടും. ഈ പണം കിട്ടാന്‍ വേണ്ടി ഒട്ടേറെ കമ്പനികളാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹിയില്‍ പിടി കൂടിയ ആളുകള്‍ ഏകദേശം അഞ്ച് ലക്ഷം പേരെയാണ് പറ്റിച്ചത്.

സര്‍ക്കാര്‍ സംവിധാനവും ഗൂഗിളും മോണിറ്ററിങ് ശക്തമാക്കിയതോടെ ടെലഗ്രാം, വാട്ട്‌സ് ആപ്പ് പോലുള്ള ആപ്പുകള്‍ ഉപയോഗിച്ചാണ് ഇത്തരം കമ്പനികള്‍ തട്ടിപ്പ് നടത്തുന്നത്. പ്രധാനമായും യുപിഐ, ട്രാന്‍സാക്ഷന്‍ ഐഡികള്‍, ബാങ്ക് എക്കൗണ്ട് വിവരങ്ങളാണ് സ്‌പൈ അപ്ലിക്കേഷനുകളിലൂടെ അടിച്ചു മാറ്റുന്നത്. പണവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ അടിസ്ഥാന വിവരങ്ങളും എല്ലാവരും കൃത്യമായി നല്‍കും. പ്ലേ സ്റ്റോറില്‍ നിന്നും ആദ്യം ഡൗണ്‍ ലോഡ് ചെയ്യുന്ന ആപ്പും സുരക്ഷിതമായിരിക്കും. എന്നാല്‍ മുന്നോട്ടുള്ള യാത്രയില്‍ അവര്‍ നിങ്ങളെ വഴിതെറ്റിച്ച് വിടും. ഇതോടെ വേണ്ട വിവരങ്ങള്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്യും.

ഉദാഹരണം ആ പ്രമുഖ ബ്ലോഗറുടെ വീഡിയോയില്‍ പറയുന്ന ആപ്പിനെ കുറിച്ചും ഒട്ടേറെ നെഗറ്റീവ് വീഡിയോകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. റീച്ചാര്‍ജ് ഓപ്ഷനുകളിലൂടെയാണ് പലപ്പോഴും ഇത്തരം ആളുകളെ ആകര്‍ഷിക്കുന്നത്. ലോക്ക് ഡൗണ്‍ സമയത്ത് വീടിനുള്ളില്‍ ഇരിയ്ക്കുന്നവര്‍, ഓണ്‍ലൈനില്‍ കൂടുതല്‍ സജീവമായതുകൊണ്ട്.. റീച്ചാര്‍ജ് എന്ന ഓഫര്‍ ആളുകളെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നേരത്തെ ഞാന്‍ പറഞ്ഞു..ഡിജിറ്റല്‍ ലോകത്ത് ഒന്നും സൗജന്യമല്ല.

പിന്നെ രണ്ടാമത്തെ കാര്യം..പണമുള്ളവന് കൂടുതല്‍ പണമുണ്ടാക്കാന്‍ എളുപ്പമാണ്. എന്നാല്‍ വരവും ചെലവും കൂട്ടിമുട്ടിയ്ക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാര്‍ക്ക് പണമുണ്ടാക്കല്‍ അത്ര എളുപ്പമായിരിക്കില്ല. ഇത്തരക്കാരുടെ സ്വപ്‌നങ്ങളെയാണ് ഈ തട്ടിപ്പുകാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ചെറിയ ചെറിയ അപ്പക്കഷണങ്ങള്‍ എറിഞ്ഞു…വലിയ ചൂണ്ടയിട്ട് അവര്‍ കാത്തിരിക്കും. കരുതിയിരിക്കുക.. വ്‌ളോഗര്‍മാരോടെ എനിക്ക് പറയാനുള്ളത്, ജനങ്ങള്‍ക്ക് നിങ്ങള്‍ക്ക് നല്‍കിയ വിശ്വാസമാണ് നിങ്ങളുടെ സബ്‌സ്‌ക്രൈബേഴ്‌സ് നമ്പര്‍…അതിനെ തകര്‍ക്കുന്ന രീതിയിലുള്ള ആക്ടിവിറ്റികള്‍ നിങ്ങളുടെ ഭാഗത്തു നിന്നുണ്ടാകരുത്.. വിശാസമാണ് എല്ലാം. അഫിലിയേറ്റ് ലിങ്കില്‍ നിന്നു കിട്ടുന്ന ആയിരങ്ങളേക്കാള്‍ വിലയുണ്ടതിന്..പരസ്യങ്ങളില്ലാതെ മുന്നോട്ടുപോകാനാകില്ല. എങ്കിലും ചില പോളിസികള്‍ സ്വീകരിക്കുന്നത് നല്ലതാണ്. അത് ഈ സമൂഹത്തോടുള്ള നിങ്ങളുടെ ഉത്തരവാദിത്വം കൂടിയാണ്.