സോഷ്യല്‍മീഡിയ: ഓര്‍ഗാനിക് റീച്ച് കൂട്ടാന്‍ എന്‍ഗേജ്മെന്‍റില്‍ ശ്രദ്ധിച്ചേ പറ്റൂ

മലയാളത്തിലെ ഒട്ടുമിക്ക ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ യൂസേഴ്സും പേജ് വ്യൂസും കിട്ടുന്നത് ഫേസ് ബുക്കില്‍ നിന്നാണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് എങ്ങനെ ഫേസ് ബുക്കില്‍ കൂടുതല്‍ ഓര്‍ഗാനിച്ച് റീച്ച് നേടാമെന്ന് ഓരോ ന്യൂസ് പബ്ളിഷേഴ്സും തലപുകഞ്ഞാലോചിക്കാറുണ്ട്.

ചില അടിസ്ഥാന കാര്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന മാധ്യമങ്ങളുടെ ഫേസ് ബുക്ക് പേജുകള്‍ മാത്രമല്ല, ഒട്ടുമിക്ക പേജുകളുടെയും ഓര്‍ഗാനിക് റീച്ചുകളുടെ കാര്യത്തില്‍ കുറവ് വന്നിട്ടുണ്ട്. ഈ തളര്‍ച്ച തുടരാന്‍ തന്നെയാണ് സാധ്യതയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതിനു പ്രധാനകാരണം, സോഷ്യല്‍മീഡിയ കന്പനികളുടെ വാണിജ്യതാത്പര്യങ്ങള്‍ കൂടിയാണ്. ‘പേ ടു പ്ളേ’ മോഡല്‍ ബ്രാന്‍ഡുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതോടെയാണ് ഈ തകര്‍ച്ച കാര്യമായി തുടങ്ങിയത്. ഏതൊരു മാര്‍ക്കറ്റിങിനും ഓര്‍ഗാനിക്കായ ഒരു ഭാഗവും പെയ്ഡായ മറ്റൊരു ഭാഗവും ഉണ്ടാകും. ചുരുക്കത്തില്‍ നിങ്ങളുടെ ബ്രാന്‍ഡ് വളര്‍ത്തുന്നതിന് നിങ്ങള്‍ ഇത്തരം പ്ളാറ്റ് ഫോമുകളില്‍ ഒരു പണവും നിക്ഷേപിക്കാന്‍ തയ്യാറല്ലെങ്കില്‍ നിങ്ങള്‍ക്ക് ഓര്‍ഗാനിക് ട്രാഫിക് തരുന്നതിന് അവര്‍ക്കും താത്പര്യം കുറവായിരിക്കും.

എന്‍ഗേജ്മെന്‍റാണ് ഓര്‍ഗാനിക് ഗ്രോത്തിന്‍റെ അടിസ്ഥാനമെന്ന് മനസ്സിലാക്കണം. നിങ്ങള്‍ക്ക് പെയ്ഡ് കണ്ടന്‍റ് മാര്‍ക്കറ്റിങ് ചെയ്യാനുള്ള കപ്പാസിറ്റിയില്ലെങ്കില്‍ നിങ്ങള്‍ പേജിലും പോസ്റ്റുകളിലും എന്‍ഗേജ്മെന്‍റ് കൂടാനുള്ള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

എന്‍ഗേജ്മെന്‍റ് കൂട്ടാന്‍ ചെയ്യാവുന്ന കാര്യങ്ങള്‍
1 പേജിലെത്തുന്നവരുടെ കമന്‍റിനും അവരുടെ മെസ്സേജിനും മറുപടി കൊടുക്കുകയെന്നതാണ് നിങ്ങള്‍ക്ക് ചെയ്യാവുന്ന ആദ്യത്തെ കാര്യം. നിങ്ങളുടെ ബ്രാന്‍ഡിലെത്തി കമന്‍റ് ചെയ്യുന്നയാളെ ഉചിതമായ ട്രീറ്റ് ചെയ്യണം. അധിക സോഷ്യല്‍മീഡിയ പ്ളാറ്റ് ഫോമുകളുടെയും അല്‍ഗൊരിതം ഇത്തരം ഇന്‍ട്രാക്ഷനുകള്‍ വരുന്ന പോസ്റ്റുകള്‍ക്ക് പ്രയോറിറ്റി നല്‍കുന്നുണ്ട്.

2 പേജിലെത്തുന്നവര്‍ തമ്മില്‍ തമ്മില്‍ കമ്യൂണിക്കേഷന്‍ നടത്തുന്നത് പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുക. ഏതെങ്കിലും ഒരു പോസ്റ്റില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നാല്‍ ‘Action bumping logic’ എന്ന അല്‍ഗൊരിതം അപ്ളൈ ആവുകയും ഈ പോസ്റ്റ് യൂസര്‍ക്ക് വീണ്ടും അലെര്‍ട്ട് അടിയ്ക്കുകയും ചെയ്യും. ഇതോടെ യൂസേഴ്സ് ആ ത്രെഡിലേക്ക് തന്നെ തിരിച്ചു വരാനുള്ള സാധ്യത വര്‍ധിക്കുന്നു. യൂസേഴ്സ് ചര്‍ച്ച ചെയ്യാനും കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യാനും തയ്യാറാകുന്ന ഉള്ളടക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ഫേസ് ബുക്ക് അടക്കമുള്ല സോഷ്യല്‍മീഡിയയുടെ നിര്‍മിതി.

3 തംപുയര്‍ത്തുക.. ലവ് ബട്ടണ്‍ അമര്‍ത്തുക എന്നിവയാണ് സാധാരണ നമ്മള്‍ ചെയ്യാറുള്ള ആക്ഷന്‍സ്. എന്നാല്‍ സോഷ്യല്‍മീഡിയ അല്‍ഗൊരിതത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഓരോ ഇമോഷണല്‍ റിയാക്ഷനും ഡിഫ്രന്‍റ് വാല്യൂസ് വരും. തംപ്, ലവ് എന്നതിനപ്പുറം കണ്ടന്‍റിന്‍റെയും കമന്‍റിന്‍റെയും സ്വഭാവമനുസരിച്ച് ഡിഫ്രന്‍റ് ഇമോഷന്‍സ് വരുന്പോള്‍ അത്തരം പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ച് കിട്ടാനുള്ള സാധ്യത കൂടുതലാണ്.

4 എന്‍ഗേജ്മെന്‍റ് കൂട്ടാന്‍ വേണ്ടി ബേസിക്കായി ചെയ്യുന്ന കാര്‍ഡ്, വീഡിയോ എന്നിവ തുടരണം. ഓര്‍ഗാനിക് റീച്ച് കാര്യമായി ഉയരാന്‍ എന്‍ഗേജ്മെന്‍റ് അത്യാവശ്യമാണ്. എന്‍ഗേജ്മെന്‍റ് കൂടിയാല്‍ മാത്രമേ പേജ് വ്യൂസ് അല്ലെങ്കില്‍ വീഡിയോ വ്യൂസ് കൂടൂ.

ഫേസ് ബുക്കിലെ പോസ്റ്റുകളുടെ കാര്യത്തില്‍ ഒരു ശതമാനം പോലും റിസ്കെടുക്കാന്‍ തയ്യാറാകരുത്. സംശയമുണ്ടെങ്കില്‍ ആ പോസ്റ്റ് ഇടരുത്. നിങ്ങളുടെ ന്യായീകരണം ആയിരിക്കില്ല ഫേസ് ബുക്കിന്‍റെ കണ്ടന്‍റ് ഗൈഡ് ലൈന്‍. അവരതില്‍ വിട്ടുവീഴ്ചയും ചെയ്യില്ല.  എത്ര വലിയ മാധ്യമ സ്ഥാപനമാണെങ്കിലും സോഷ്യല്‍ മീഡിയ കന്പനികളുടെ കണ്ടന്‍റ് ഗൈഡ് ലൈന്‍സിന് താഴെയേ വരൂ.. ആ ട്രാഫിക് വേണമെങ്കില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തന്നെ പ്രവര്‍ത്തിക്കണം.  വ്യക്തിപരമായ ഈഗോ തീര്‍ക്കാന്‍ വേണ്ടി സംശയമുള്ള കാര്യങ്ങള്‍ ഫേസ്ബുക്കിലിട്ട് പണി വാങ്ങരുത്. മറ്റുള്ളവര്‍ ചെയ്യുന്നുവെന്നത് നമുക്ക് ചെയ്യാനുള്ള ന്യായീകരണമായി മാറരുത്. ഓരോ ദിവസം ഫേസ് ബുക്ക് പോസ്റ്റുകള്‍ ഒരു കേന്ദ്രീകൃത സംവിധാനത്തില്‍ കീഴില്‍ മോണിറ്റര്‍ ചെയ്യേണ്ടതുണ്ട്.  ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫേസ് ബുക്ക് നിര്‍ണായകമാണ്. അതുകൊണ്ട് എന്‍ഗേജ്മെന്‍റില്‍ കൂടുതല്‍ ശ്രദ്ധിക്കുമല്ലോ..

ഓണ്‍ലൈനിലൂടെ പെട്ടെന്ന് പണക്കാരനാകാമോ?


മില്യനിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ഒരു വ്‌ളോഗറുടെ ഏറ്റവും പുതിയ വീഡിയോ കണ്ടതാണ് എനിക്ക് എന്റെ ഈ വീഡിയോ എടുക്കാന്‍ പ്രചോദനമായത്. ടെലഗ്രാം ഗ്രൂപ്പില്‍ ചേര്‍ന്ന് നിങ്ങള്‍ക്ക് അതിവേഗം പണമുണ്ടാക്കാമെന്നാണ് പുള്ളി പറയുന്നത്. ഇതിനായി ചില ലിങ്കുകളും നല്‍കുന്നുണ്ട്. ഇത് ശരിയോ തെറ്റോ എന്ന് പരിശോധിക്കുന്നതിനേക്കാളും നല്ലത്. നിങ്ങള്‍ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഡിജിറ്റല്‍ ലോകത്ത് സൗജന്യമായി ഒന്നുമില്ല. ആരെങ്കിലും എന്തെങ്കിലും നിങ്ങള്‍ക്ക് തരുന്നുണ്ടെങ്കില്‍ അതിനു പിറകില്‍ എന്തെങ്കിലും കാരണമുണ്ടാകും. ആ കാരണം നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ അതിലേക്ക് ഇറങ്ങി ചെല്ലാതിരിക്കുന്നതാണ് നല്ലത്. കാരണം നിങ്ങളുടെ അറിവില്ലായ്മയാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്.

 

നിങ്ങളുടെ ശ്രദ്ധ ഞാന്‍ ചൈനീസ് ആപ്പ് കുംഭകോണത്തിലേക്ക് നയിക്കുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹി പോലിസ് കണ്ടുപിടിച്ചത് 150കോടിയുടെ തട്ടിപ്പാണ്. ഈ സൈബര്‍ ക്രൈമുമായി ബന്ധപ്പെട്ട് പോലിസ് ഏകദേശം 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആളുകളെ എളുപ്പത്തില്‍ പണക്കാരാക്കാമെന്ന മോഹനവാഗ്ദാനവുമായിട്ടാണ് ഇത്തരക്കാര്‍ വരുന്നത്. ഇതൊരു ആഗോള റാക്കറ്റാണ്. ചൈനക്കാര്‍ ഇതിനെ ഇന്ത്യക്കാരെ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. ഷെല്‍ കമ്പനികള്‍ ഉണ്ടാക്കി അത് ചൈനീസുകാര്‍ക്ക് കൈമാറിയാല്‍ രണ്ടോ മൂന്നോ ലക്ഷം രൂപ കിട്ടും. ഈ പണം കിട്ടാന്‍ വേണ്ടി ഒട്ടേറെ കമ്പനികളാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹിയില്‍ പിടി കൂടിയ ആളുകള്‍ ഏകദേശം അഞ്ച് ലക്ഷം പേരെയാണ് പറ്റിച്ചത്.

സര്‍ക്കാര്‍ സംവിധാനവും ഗൂഗിളും മോണിറ്ററിങ് ശക്തമാക്കിയതോടെ ടെലഗ്രാം, വാട്ട്‌സ് ആപ്പ് പോലുള്ള ആപ്പുകള്‍ ഉപയോഗിച്ചാണ് ഇത്തരം കമ്പനികള്‍ തട്ടിപ്പ് നടത്തുന്നത്. പ്രധാനമായും യുപിഐ, ട്രാന്‍സാക്ഷന്‍ ഐഡികള്‍, ബാങ്ക് എക്കൗണ്ട് വിവരങ്ങളാണ് സ്‌പൈ അപ്ലിക്കേഷനുകളിലൂടെ അടിച്ചു മാറ്റുന്നത്. പണവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ അടിസ്ഥാന വിവരങ്ങളും എല്ലാവരും കൃത്യമായി നല്‍കും. പ്ലേ സ്റ്റോറില്‍ നിന്നും ആദ്യം ഡൗണ്‍ ലോഡ് ചെയ്യുന്ന ആപ്പും സുരക്ഷിതമായിരിക്കും. എന്നാല്‍ മുന്നോട്ടുള്ള യാത്രയില്‍ അവര്‍ നിങ്ങളെ വഴിതെറ്റിച്ച് വിടും. ഇതോടെ വേണ്ട വിവരങ്ങള്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്യും.

ഉദാഹരണം ആ പ്രമുഖ ബ്ലോഗറുടെ വീഡിയോയില്‍ പറയുന്ന ആപ്പിനെ കുറിച്ചും ഒട്ടേറെ നെഗറ്റീവ് വീഡിയോകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. റീച്ചാര്‍ജ് ഓപ്ഷനുകളിലൂടെയാണ് പലപ്പോഴും ഇത്തരം ആളുകളെ ആകര്‍ഷിക്കുന്നത്. ലോക്ക് ഡൗണ്‍ സമയത്ത് വീടിനുള്ളില്‍ ഇരിയ്ക്കുന്നവര്‍, ഓണ്‍ലൈനില്‍ കൂടുതല്‍ സജീവമായതുകൊണ്ട്.. റീച്ചാര്‍ജ് എന്ന ഓഫര്‍ ആളുകളെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നേരത്തെ ഞാന്‍ പറഞ്ഞു..ഡിജിറ്റല്‍ ലോകത്ത് ഒന്നും സൗജന്യമല്ല.

പിന്നെ രണ്ടാമത്തെ കാര്യം..പണമുള്ളവന് കൂടുതല്‍ പണമുണ്ടാക്കാന്‍ എളുപ്പമാണ്. എന്നാല്‍ വരവും ചെലവും കൂട്ടിമുട്ടിയ്ക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാര്‍ക്ക് പണമുണ്ടാക്കല്‍ അത്ര എളുപ്പമായിരിക്കില്ല. ഇത്തരക്കാരുടെ സ്വപ്‌നങ്ങളെയാണ് ഈ തട്ടിപ്പുകാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ചെറിയ ചെറിയ അപ്പക്കഷണങ്ങള്‍ എറിഞ്ഞു…വലിയ ചൂണ്ടയിട്ട് അവര്‍ കാത്തിരിക്കും. കരുതിയിരിക്കുക.. വ്‌ളോഗര്‍മാരോടെ എനിക്ക് പറയാനുള്ളത്, ജനങ്ങള്‍ക്ക് നിങ്ങള്‍ക്ക് നല്‍കിയ വിശ്വാസമാണ് നിങ്ങളുടെ സബ്‌സ്‌ക്രൈബേഴ്‌സ് നമ്പര്‍…അതിനെ തകര്‍ക്കുന്ന രീതിയിലുള്ള ആക്ടിവിറ്റികള്‍ നിങ്ങളുടെ ഭാഗത്തു നിന്നുണ്ടാകരുത്.. വിശാസമാണ് എല്ലാം. അഫിലിയേറ്റ് ലിങ്കില്‍ നിന്നു കിട്ടുന്ന ആയിരങ്ങളേക്കാള്‍ വിലയുണ്ടതിന്..പരസ്യങ്ങളില്ലാതെ മുന്നോട്ടുപോകാനാകില്ല. എങ്കിലും ചില പോളിസികള്‍ സ്വീകരിക്കുന്നത് നല്ലതാണ്. അത് ഈ സമൂഹത്തോടുള്ള നിങ്ങളുടെ ഉത്തരവാദിത്വം കൂടിയാണ്.

എന്താണ് നിങ്ങളുടെ സോഷ്യല്‍മീഡിയ സ്ട്രാറ്റജി?

ഈ ചോദ്യം നിങ്ങള്‍ നിങ്ങളോട് തന്നെ ചോദിച്ചിട്ടുണ്ടോ? ഞാന്‍ പല തവണ ചോദിച്ചിട്ടുണ്ട്? ഞാന്‍ ഏതെങ്കിലും ഒരു ഫോട്ടോ എടുക്കുന്നത് കണ്ടാല്‍..ഓ..അച്ഛന് ഫേസ് ബുക്കിലേക്ക് ഒരു ഐറ്റമായി..ഇതാണ് പാറുവിന്റെ പോലും ഫസ്റ്റ് ഡയലോഗ്… (ചിലപ്പോ നമ്മള്‍ വെറുതെ എടുത്തതാകും. എങ്കിലും ഈ ചോദ്യം പ്രതീക്ഷിക്കണം. .വൈഫിന് സോഷ്യല്‍ മീഡിയ ക്രേസൊന്നുമില്ല. പലപ്പോഴും ഞാന്‍ ടാഗ് ചെയ്തു കൊണ്ടു വരുന്നതാണ്.. തീര്‍ച്ചയായും ഇതിലൊരു പ്ലാനിങ് വേണമെന്ന് കുറെ കാലമായി ആഗ്രഹിക്കാറുണ്ട്.

കണക്ടഡായ ഒരു ലോകം.

ഭൂമിശാസ്ത്രപരമായ പരിമിതികളില്ലാത്ത ഒരു കൂടിച്ചേരലാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്.  തുല്യതയും ആശയസംവാദവും സാധ്യമാക്കുന്ന ഒരു റിയല്‍ ടൈം ടൂള്‍ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയെ വ്യക്തിപരമായി ഇഷ്ടപ്പെട്ടിരുന്നുവെന്നത് സത്യമാണ്. എന്നാല്‍ ഇന്നത് മൊത്തം കാര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്ക് വളര്‍ന്നിരിക്കുന്നു.

പലപ്പോഴും നമ്മുടെ സമയം കളയുന്നതില്‍ ഇത് നിര്‍ണായക പങ്കു വഹിക്കുന്നുണ്ടുവെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. ചിലരെല്ലാം സോഷ്യല്‍ മീഡിയകളില്‍ നിന്ന് ബ്രെയ്ക്ക് എടുക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഡിജിറ്റല്‍ മീഡിയ എഡിറ്റര്‍ എന്ന രീതിയില്‍ എനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് പരിപൂര്‍ണമായും പിന്‍വാങ്ങാനാകില്ല. കാരണം അതെന്റെ ജോലിയാണ്. ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിനെ കുറിച്ച് ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ ആലോചിക്കുകയായിരുന്നു. നടക്കുമോ എന്നത് വേറെ കാര്യം..


ഈ പ്രൊഫൈലില്‍ രാഷ്ട്രീയം പറയില്ലെന്നതാണ് ഒന്നാമത്തെ തീരുമാനം.  കുടുംബപരം ആയ പോസ്റ്റുകളെ വെട്ടിച്ചുരുക്കുകയെന്നതാണ് മറ്റൊരു തീരുമാനം. മൊത്തം പോസ്റ്റുകളുടെ എണ്ണവും ഇന്‍ട്രാക്ഷനും ഗണ്യമായി കുറയ്ക്കും. തീര്‍ത്തും വ്യക്തിപരമല്ലാത്ത വീഡിയോകള്‍ ചെയ്യും.

https://www.facebook.com/shinodedakkad/ ഇതാണ് സ്വന്തം പേരിലുള്ള പേജ്. ഇതില്‍ കൂടുതല്‍ ആക്ടീവാകും. ഇതിലും പേഴ്‌സണല്‍ കാര്യങ്ങള്‍ ഇടില്ല. പോസ്റ്റ് ചെയ്യാന്‍ വല്ലതും ഉണ്ടെങ്കില്‍ മാത്രം പോസ്റ്റ് ചെയ്യും. തയ്യാറാക്കുന്ന വീഡിയോകള്‍ ഇവിടെ അപ്പാക്കും. പ്രൊഫൈലില്‍ അപ്പാക്കില്ല.

കുറെ പേജുകളും ഗ്രൂപ്പുകളും ഉണ്ട്. അത് നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ അതില്‍ വേണ്ട അപ് ഡേറ്റ്‌സ് തുടരും. തീര്‍ച്ചയായും അതിലൊന്നും പേഴ്‌സണല്‍ കാര്യങ്ങള്‍ കടന്നു വരുന്നില്ല. കൂടാതെ ഭൂരിഭാഗവും നിലനിന്നുപോകാന്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ പോസ്റ്റുകള്‍ മതിയാകും.

https://www.linkedin.com/in/shinod/ പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക് ആയതുകൊണ്ട് തന്നെ ഇതില്‍ യാതൊരു മാറ്റവും വരുത്തേണ്ട കാര്യമില്ല

https://twitter.com/eshinod ഭൂരിഭാഗം മലയാളികളെയും പോലെ ട്വിറ്ററില്‍ ആക്ടീവാകാന്‍ മടിയാണ്. എങ്കിലും ഇവിടെ ഇത്തിരി അധികം ആക്ടീവായാല്‍ കൊള്ളാമെന്നുണ്ട്.. പ്രതിദിനം ഒരു പോസ്‌റ്റെങ്കിലും. സ്വാഭാവികമായും ഇവിടെ പേഴ്‌സണല്‍ കാര്യങ്ങള്‍ കടന്നു വരുന്നില്ല. വീഡിയോ അപ്പാക്കും.

https://www.instagram.com/life_with_digital/ ഏകദേശം എട്ടു വര്‍ഷം മുമ്പ് എക്കൗണ്ട് ഉണ്ടാക്കിയിരുന്നെങ്കിലും ആക്ടീവായിരുന്നില്ല. മാസങ്ങള്‍ കൂടുമ്പോള്‍ വല്ല പോസ്റ്റിട്ടാലും ആയി. സമീപകാലത്താണ് ഇതിന്റെ പ്രവര്‍ത്തന രീതികള്‍ പഠിയ്ക്കാന്‍ ശ്രമിച്ചത്. ഇതില്‍ നിന്ന് പേഴ്‌സണല്‍ സംഗതി വേര്‍തിരിയ്ക്കുക ബുദ്ധിമുട്ടാണ്. കാരണം ഇതിന്റെ സ്വാഭാവം അങ്ങനെയാണ്. സജീവമായിരിക്കും. ദിവസം ഒരു പോസ്റ്റിടാന്‍ ശ്രമിക്കും. വീഡിയോകള്‍ അപ്പാക്കാന്‍ ശ്രമിക്കും.

https://www.youtube.com/c/shinodedakkad/ ഏറ്റവും കൂടുതല്‍ സമയം കളയുന്നത് ഇവിടെയാണ്. പല യുട്യൂബ് ചാനലുകളിലെയും വീഡിയോ കാണാനും അത് പഠിയ്ക്കാനും ശ്രമിക്കുന്നതാണ് ഇതിനു കാരണം. പിന്നെ തെലുങ്ക്, കന്നഡ ഹിന്ദി സിനിമകളോടുള്ള ക്രേസും. രാത്രി പത്തുമണിയ്ക്ക് ശേഷം ഒരു സിനിമ യുട്യൂബില്‍ കണ്ടിട്ടായിരിക്കും ഉറക്കം. യുട്യൂബില്‍ ഈ ചുമ്മാ കാണുന്ന പരിപാടി നിര്‍ത്തും. അതേ സമയം മാക്‌സിമം വീഡിയോ ഇതില്‍ അപ് ലോഡ് ചെയ്യാന്‍ ശ്രമിക്കും. പ്രത്യേകിച്ചും ഷോര്‍ട്‌സ്.

Whatsapp: വാട്സ് ആപ്പ് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വന്‍തോതില്‍ ഉപയോഗിക്കുന്നതിനാല്‍ രക്ഷപ്പെടുക സാധ്യമല്ല. പക്ഷേ, ലൈവായി മറുപടി പറയണമെന്ന വാശി കളയും. നിശ്ചിത ഇടവേളകളില്‍ മാത്രം ചെക്ക് ചെയ്യും. മറ്റൊരു മെസ്സഞ്ചര്‍ സംവിധാനവും തത്കാലം ഉപയോഗിക്കാന്‍ പരിപാടിയില്ല.

പ്രിന്റ് മീഡിയയുടെ കാലം കഴിയുന്നു, ഡിജിറ്റൽ മീഡിയ ഒന്നാം സ്ഥാനത്തേക്ക്

2021ഓടെ ഡിജിറ്റൽ മീഡിയ പ്രിന്റ് മീഡിയയെ തോൽപ്പിക്കുമെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ തന്നെ പത്രങ്ങളേക്കാൾ സ്വാധീനം ചെലുത്താൻ കഴിയുന്നത് ചാനലുകൾക്കും ഓൺലൈൻ മീഡിയകൾക്കുമാണ്.

2018ൽ മാത്രം ഡിജിറ്റൽ മീഡിയ സ്വന്തമാക്കിയത് 42 ശതമാനം വളർച്ചയാണ്. ഓരോ ഇന്ത്യക്കാരനും ഫോണിൽ ചെലവഴിയ്ക്കുന്ന സമയത്തിന്റെ 30 ശതമാനവും എന്റർടെയ്ൻമെന്റിനുവേണ്ടിയാണ്. 2018ൽ 325 മില്യൺ ഓൺലൈൻ വീഡിയോ വ്യൂവേഴ്സാണ് ഉണ്ടായിരുന്നതെങ്കിൽ 2019ൽ അത് 3.2 ബില്യൺ ആയി ഉയരും.

OTT പ്ലാറ്റ് ഫോമുകളുടെ ജനപ്രിയത ഓരോ ദിവസവും കൂടി കൂടി വരികയാണ്. 2021ഓടു കൂടി 30-35 മില്യൺ ആളുകൾ OTT പ്ലാറ്റ് ഫോമുകളുടെ പെയ്ഡ് വേർഷൻ ഉപയോഗിക്കുമെന്നാണ് കണക്കാക്കുന്നത്. കോടികണക്കിന് ജനങ്ങളാണ് ലോകകപ്പ് ക്രിക്കറ്റ് ഹോട്ട് സ്റ്റാറിലൂടെ കണ്ടത്. ഡിജിറ്റൽ മീഡിയ പരസ്യരംഗത്തും വൻ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിലാണെങ്കിൽ മുഖ്യധാരാ മാധ്യമങ്ങളെല്ലാം തന്നെ ഡിജിറ്റൽ മീഡിയയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരിക്കുകയാണ്. ദേശീയ തലത്തിലാണെങ്കിൽ കുത്തക പിടിച്ചെടുക്കാൻ കോർപ്പറേറ്റ് കമ്പനികൾ അരയും തലയും മുറുക്കി രംഗത്തുണ്ട്.

മലയാളത്തിലേക്ക് കൂടുതൽ കളിക്കാരെത്തുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം ദക്ഷിണേന്ത്യ പിടിയ്ക്കാതെ ഇന്ത്യ പിടിച്ചെടുക്കാനാകില്ല. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ആധിപത്യം സ്ഥാപിക്കാനുള്ള പോരാട്ടമാണ് ഇനി നടക്കുക. കൂടുതൽ ശ്രദ്ധ അൾട്രാ ലോക്കൽ മേഖലയിലേക്ക് തിരിയും. സോഷ്യൽമീഡിയയിലെ വൈറൽ അൽഗൊരിതം ക്രെഡിബിലിറ്റിയ്ക്കും ആധികാരികതയ്ക്കും റെസ്പോൺസിബിലിറ്റിയ്ക്കും പ്രാധാന്യം നൽകുന്നതോടെ ഡിജിറ്റൽ മീഡിയയിലെ ശുദ്ധീകരണം പൂർത്തിയാകും. ഇതോടെ പ്രിന്റ് മീഡിയ വിട്ട് ഡിജിറ്റൽ മീഡിയ ചാനലുകളെ OTTയ്ക്കുള്ളിലേക്ക് പരിപൂർണമായും ഒതുക്കാനുള്ള പോരാട്ടത്തിലേക്ക് നീങ്ങും. ചുരുക്കത്തിൽ എല്ലാം നമ്മുടെ മൊബൈൽ കൊച്ചു ഡിവൈസിലേക്ക് ചുരുങ്ങും.

ഫേസ് ബുക്ക് ഇൻസ്റ്റന്റ് ആർട്ടിക്കിൾ, വേണമോ, വേണ്ടയോ?

വേഗതയ്ക്കാണ് ഓൺലൈനിൽ കാര്യം. പ്രത്യേകിച്ചും മൊബൈൽ യൂസേഴ്സ് കൂടി വരുന്ന ഈ കാലത്ത്. ഒരു പേജ് ലോഡ് ചെയ്യാൻ ശരാശരി അഞ്ച് സെക്കന്റ് എടുക്കുന്നുവെന്നാണ് കണക്ക്. പക്ഷേ, അപ്പോൾ നിങ്ങൾക്ക് മറ്റൊരു സത്യമറിയുമോ? ഈ അഞ്ച് സെക്കന്റ് എത്തുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ 74 ശതമാനത്തോളം ട്രാഫിക് ബൗൺസ് ചെയ്തു പോകാനുള്ള സാധ്യതയുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായിട്ടാണ് ഫേസ്ബുക്ക് ഇൻസ്റ്റന്റ് ആർട്ടിക്കിൾ സംവിധാനം മുന്നോട്ടു വെച്ചത്. പബ്ലിഷേഴ്സിന് വളരെ എളുപ്പത്തിലും വേഗത്തിലും വാർത്തകൾ പബ്ലിഷ് ചെയ്യാനുള്ള ഒരു സൗകര്യം. ഇത് എൻഗേജ്മെന്റ് ലെവൽ ഉയർത്തുകയും കൂടുതൽ വായന നടക്കുകയും ചെയ്യും.

നല്ല ക്വാളിറ്റിയുള്ള ഇമേജുകളും വീഡിയോകളും വരുമ്പോൾ പേജ് സ്വാഭാവികമായും സ്ലോ ആകും. ഇതിനെ മറികടക്കാൻ പണ്ട് ചെയ്തിരുന്ന മാർഗ്ഗങ്ങൾ. ഇമേജുകളെ കംപ്രസ് ചെയ്യുകയും സിഡിഎൻ അഥവാ കണ്ടന്റ് ഡെലിവറി സൗകര്യം ഉപയോഗപ്പെടുത്തുകയുമായിരുന്നു. ഇത് ചെലവേറിയതും ബുദ്ധിമുട്ടേറിയതുമായ ജോലിയായിരുന്നു.


ഇപ്പോ കാലം മാറി. ടെക്സ്റ്റിന്റെ കാലമല്ലിത്. ഇമേജുകളുടെയും വീഡിയോകളുടെയും കുത്തൊഴുക്ക് തന്നെയാണ്. വീഡിയോ ഉള്ള, നല്ല ഇമേമജുകൾ ഉള്ള വാർത്തകൾ ഷെയർ ചെയ്യപ്പെടാനുള്ള സാധ്യത പതിന്മടങ്ങാണ്.
വേഗത കുറഞ്ഞ സൈറ്റുകൾ വായനക്കാർ നിരാശ സമ്മാനിക്കുക മാത്രമല്ല, എസ്ഇഒ ആംഗിളിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും.
ഗൂഗിളാണ് ഈ പ്രശ്നം ആദ്യം തിരിച്ചറിഞ്ഞതും പരിഹാരം കണ്ടെത്തിയതും. അഞ്ച് മില്ലി സെക്കന്റിന്റെ ഡിലേ പോലും 20 ശതമാനം ട്രാഫിക് നഷ്ടമുണ്ടാകുമെന്ന തിരിച്ചറിവിന്റെ ഭാഗമായി ഗൂഗിൾ എഎംപി പ്രൊജക്ട് ആരംഭിച്ചു. എന്താണ് ആക്സലറേറ്റഡ് മൊബൈൽ പേജസ് അല്ലെങ്കിൽ എഎംപി. മൊബൈൽ വായന ഈസിയാക്കുന്ന ഒരു ഫ്രെയിം വർക്കാണിത്.

മെച്ചങ്ങൾ നമുക്ക് ചുരുങ്ങി പറയാം
ഫേസ് ബുക്ക് ഇൻസ്റ്റന്റ് കൊണ്ട് ഗുണമുള്ളത് വായനക്കാരനാണ്. നല്ലൊരു വായനാ അനുഭവമാണ് ഇൻസ്റ്റന്റ് സമ്മാനിക്കുന്നത്. കൂടാതെ നമ്മുടെ സ്റ്റോറികൾ കൂടുതൽ ആളുകളിലെത്താനും കൂടുതൽ ആളുകൾ ഫേസ് ബുക്ക് ഉപയോഗിക്കുന്നതുകൊണ്ട് കൂടുതൽ വരുമാനം ലഭിക്കാനും സഹായിക്കുന്നു.

ഇനി ഇതുകൊണ്ടുള്ള ദോഷങ്ങൾ പറയാം. ഒരു സൈറ്റുകളിലേക്ക് പലരീതിയിൽ ട്രാഫിക് വരും. ഇത്തരം റഫറലുകൾ നഷ്ടപ്പെടുത്താൻ ഇൻസ്റ്റന്റ് കാരണമാകും. ഉദാഹരണത്തിന് നമ്മുടെ വെബ് സൈറ്റിൽ നിന്നാണ് ഒരാൾ വാർത്ത വായിക്കുന്നതെങ്കിൽ അത് വായിച്ചതിനു ശേഷം അയാൾ മറ്റു വാർത്തകൾ വായിക്കാനുള്ള സാധ്യത കൂടുതലാണ്.. എന്നാൽ ഇൻസ്റ്റന്റ് കേസിൽ അയാൾ മറ്റൊരു പബ്ലിഷറുടെ വാർത്തയിലേക്കാണ് പോവുക.
ഫോട്ടോകൾ ആഡ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നുണ്ടെങ്കിലും നമുക്ക് ഒരു സ്റ്റോറിയുടെ പരിപൂർണതയ്ക്കായി ആഡ് ചെയ്യാവുന്ന വീഡിയോ, സ്ലൈഡ് ഷോ, മറ്റു ലിങ്കുകൾ എന്നിവ മിസ്സാകുന്നു.

പരസ്യവും നമുക്ക് തോന്നുന്ന പോലെ കൊടുക്കാനാകില്ല. ഫേസ്ബുക്കിന്റെ പരിമിതമായ സൗകര്യത്തിനുള്ളിൽ വേണം കാര്യങ്ങൾ ചെയ്യാൻ. പരസ്യവരുമാനത്തിലും കാര്യമായ നേട്ടം ഉണ്ടാക്കാൻ ഇൻസ്റ്റന്റ് സഹായിക്കില്ല.

വളരെ ബുദ്ധിമുട്ടേറിയ അൽഗൊരിതമാണ് ഫേസ് ബുക്കിനുള്ളത്. പണ്ട് നമ്പൂതിരി പശുവിനെ അടിയ്ക്കാൻ പോയ പോലെയാണ്. എല്ലായിടത്തും മർമമാണ്. ന്യൂസ് വാല്യ ഉള്ള സംഗതികൾ ചെയ്യുന്ന ഒരു പോർട്ടലിന് പലപ്പോഴും നിലപാടെടുക്കാൻ ഇത് തടസ്സമാകാറുണ്ട്. ബോൾഡായ സ്റ്റോറികൾ ചെയ്യാനും ഇത് പ്രതിബന്ധമാകും. ഇതിൽ നിന്നും നിങ്ങൾക്ക് ഉചിതമായ തീരുമാനം എടുക്കാവുന്നതാണ്. ആത്മവിശ്വാസം ഉണ്ടെങ്കിൽ ഫേസ്ബുക്ക് ഇൻസ്റ്റന്റ് ഇല്ലാത്തതായിരിക്കും വളരാൻ നല്ലത്.

എല്ലാം ഒരു കൊച്ചു പെട്ടിയിലേക്ക്, സോഷ്യല്‍ മീഡിയ, ന്യൂസില്‍ പിടി മുറുക്കുന്പോള്‍

ഇപ്പോള്‍ തന്നെ ഭൂരിഭാഗം പേരുടെയും ലോകം ആറിഞ്ചിൽ താഴെ മാത്രം നീളമുള്ള ഒരു ചതുരപ്പെട്ടിയിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ടിവിയും വാര്‍ത്തയും വിനോദവും ബന്ധങ്ങളും ഈ കൊച്ചു പെട്ടിക്കുള്ളിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുകയാണ്. സോഷ്യല്‍മീഡിയയും വാര്‍ത്തയും പരസ്പരം പൂരകങ്ങളായി നില്‍ക്കുന്നതിനു പകരം ഒന്നായി ഒരേ സ്വരത്തില്‍ വായനക്കാരുടെ ഇടപെടലോടെ ഒഴുകുന്ന കാലം എത്തിയിരിക്കുകയാണ്.

റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദ സ്റ്റഡി ഓഫ് ജേര്‍ണലിസം പുറത്തുവിട്ട ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ ഇത് സാധൂകരിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നടത്തിയെ സര്‍വെ അനുസരിച്ച് ഓണ്‍ലൈനിലുളള 60 ശതമാനത്തോളം ആളുകള്‍ വാര്‍ത്തകള്‍ക്കായി ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളെയാണ് കാര്യമായി ആശ്രയിക്കുന്നത്.

പണ്ട് ഓരോ ജില്ലയിലും പത്രത്തിന്റെ എഡിഷന്‍ തുടങ്ങുന്നത് കൗതുകത്തോടെയാണ് നമ്മള്‍ നോക്കി കണ്ടത്. പിന്നീട് മത്സരത്തിന്റെ ഭാഗമായി ഇത് ഓരോ പഞ്ചായത്ത് വരെയെത്തി. എന്നാല്‍ ഡിജിറ്റല്‍ മീഡിയയിലെത്തിയപ്പോള്‍ ഇത് ഓരോ വ്യക്തിയ്ക്കും ഓരോ എഡിഷന്‍ നിലയിലേക്ക് മാറി. അതേ, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും അവയുടെ അല്‍ഗൊരിതങ്ങളും തന്നെയാണ് വരാനിരിക്കുന്ന നാളുകളിലെ വാര്‍ത്ത വില്‍പ്പനയെ നിര്‍ണയിക്കാന്‍ പോകുന്നത്.

നേരത്തെ മൂലധന താത്പര്യത്തിനും എഡിറ്റോറിയല്‍ നിലപാടുകള്‍ക്കും ഭൂമിശാസ്ത്ര പരിഗണനകള്‍ക്കും അനുസരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നതെങ്കില്‍ ഇന്ന് ഈ പരിഗണനകളെല്ലാം തന്നെ 50 ശതമാനത്തിന് താഴേ പോയിരിക്കുകയാണ്. യൂസര്‍ ബിഹേവിയര്‍ അനുസരിച്ച് തയ്യാറാക്കുന്ന അല്‍ഗൊരിതം ഉപയോഗിച്ചാണ് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളിലും വെബ് സൈറ്റുകളിലും എത്തുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ വായനയും വാണിജ്യപരമായ വിജയവും സാധ്യമാകുന്നു.

പല പ്രമുഖ മാധ്യമങ്ങളും ഈ പുതിയ മാറ്റത്തെ ഉള്‍കൊള്ളാനാകാതെ പകച്ചു നില്‍ക്കുകയാണ്. വിതരണ സമ്പ്രദായത്തിലെ പുത്തന്‍ പ്രവണതകള്‍ മുതലാക്കി തുടക്കക്കാര്‍ കുതിച്ചുകയറുമ്പോള്‍ വര്‍ഷങ്ങളുടെ പാരമ്പര്യം പറയുന്ന മാധ്യമഗ്രൂപ്പുകള്‍ പലതും കിതയ്ക്കുകയാണ്.

എങ്ങനെ കൂടുതല്‍ പരിഗണന നേടാം? വായനക്കാരെ എങ്ങനെ തിരിച്ചു കൊണ്ടുവരാം? ഈ ചിന്തയിലാണ് പല സ്ഥാപനങ്ങളും. കാരണം വരുമാനമില്ലാതെ ആര്‍ക്കും പിടിച്ചു നില്‍ക്കാനാകില്ല. ഡിസ്‌പ്ലേ പരസ്യ രീതിയില്‍ നിന്നും കണ്ടന്റ് പരസ്യങ്ങളിലേക്ക് വരുമാന മേഖലയും പതുക്കെ ചുവട് മാറ്റുകയാണ്. സാധാരണ പരസ്യങ്ങളേക്കാളും 53 ശതമാനം അധികം സാധ്യതയാണ് കണ്ടന്റ് പരസ്യങ്ങളിലൂടെ ലഭിക്കുന്നത്.

ഡിജിറ്റല്‍ മീഡിയയുടെ വളര്‍ച്ചയ്ക്ക് ചെറിയൊരു ഉദാഹരണം പറയാം. 2017ല്‍ അമേരിക്കയിലെ മൊത്തം മീഡിയ പരസ്യ നിക്ഷേപത്തിന്റെ 40 ശതമാനവും ഡിജിറ്റല്‍ മീഡിയ കൊണ്ടു പോകും. 35.8 ശതമാനം ടിവിയ്ക്കും ബാക്കിയുള്ളത് മാത്രമാണ് പ്രിന്റ് മാധ്യമങ്ങള്‍ക്ക് ലഭിക്കുക. ഡിജിറ്റല്‍ പരസ്യ മേഖലയില്‍ ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെ ആധിപത്യം തന്നെയാണ്. മൊത്തം പരസ്യങ്ങളുടെ 57.6 ശതമാനവും ഇവര്‍ തന്നെയാണ് സ്വന്തമാക്കുന്നത്.

അതിവേഗ ഇന്റര്‍നെറ്റും പുതിയ സാങ്കേതിക വിദ്യകളും മൊബൈല്‍ ട്രാഫിക് ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. 2016ല്‍ തന്നെ ഡെസ്‌ക് ടോപ്പിനെ മൊബൈല്‍ മറികടന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ പ്രമോഷനായി മാറ്റിവെയ്ക്കുന്ന ഫണ്ടില്‍ 21 ശതമാനവും മൊബൈലിനു മുന്തിയ പരിഗണന നല്‍കുന്നു. 2010ല്‍ഇത് വെറും നാലു ശതമാനം മാത്രമായിരുന്നുവെന്ന് ഓര്‍ക്കണം. ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളിലൂടെ ഫേസ് ബുക്കും കണ്ടന്റ് പരസ്യങ്ങളിലൂടെ ഗൂഗിളും മറ്റു പ്ലാറ്റ് ഫോമുകളും സജീവമായി രംഗത്തിറങ്ങി കഴിഞ്ഞു.

ആദ്യകാലത്ത് കൗതുകത്തിനും സൗഹൃദത്തിനുമാണ് പലരും സോഷ്യല്‍ മീഡിയയിലെത്തിയത്. എന്നാല്‍ കാലക്രമേണ അത് കാര്യങ്ങള്‍ അറിയാനുള്ള അല്ലെങ്കില്‍ അറിയിക്കാനുള്ള ഒരു പ്ലാറ്റ് ഫോമുകൂടിയായി മാറി. വാര്‍ത്തകളുടെ കടന്നുവരവോടു കൂടിയാണ് സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ക്ക് ഒരു ഗൗരവബോധം കടന്നുവന്നത്. എന്നാല്‍ ആധികാരികമല്ലാത്തതും നിലവാരമില്ലാത്തതുമായ വാര്‍ത്തകളുടെയും വിവരങ്ങളുടെയും കുത്തൊഴുക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇതിനെ മറികടക്കാന്‍ വേണ്ടിയുള്ള പുതിയ ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.


സെന്‍സര്‍ ഷിപ്പും എഡിറ്റോറിയല്‍ റെസ്‌പോണ്‍സിബിലിറ്റിയുമാണ് സോഷ്യല്‍ മീഡിയ ന്യൂസുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വാസ്തവത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നേരത്തെ ടാര്‍ജറ്റ് ചെയ്യാതിരുന്ന ഒരു ബിസിനസ് മേഖലയിലേക്ക് വഴുതി വീഴുകയായിരുന്നു. എന്നാല്‍ ഇതിന്റെ വാണിജ്യപ്രാധാന്യം തിരിച്ചറിഞ്ഞ കമ്പനികള്‍ ഉള്ളടക്കങ്ങളില്‍ ആധികാരികതയും ഉത്തരവാദിത്വവും ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു.

സോഷ്യല്‍മീഡിയയുടെ അതിപ്രസരം വാര്‍ത്താ ഉപഭോഗത്തെ വന്‍തോതില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പത്രവായനയുടെ രീതിയിലും ടെലിവിഷന്‍ വാര്‍ത്ത കാണുന്നതിലും വന്ന മാറ്റം നിങ്ങള്‍ക്ക് ഓരോരുത്തരും അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. വരാനിരിക്കുന്നത് സ്മാകിന്റെ കാലമാണ്. (സോഷ്യല്‍, മൊബൈല്‍, അനാലിറ്റിക്‌സ് ആന്റ് ക്ലൗഡ്).

ഈ നാല് സാങ്കേതിക വിദ്യകളാണ് വാര്‍ത്താ ലോകത്തെയും നിയന്ത്രിക്കാന്‍ പോകുന്നത്. കുറഞ്ഞ ചെലവില്‍ പരമാവധി നേടിയെടുക്കുകയെന്ന ബിസിനസ് തന്ത്രം. പ്രസും നാടുനീളെ ഓഫിസുകളും ട്രാന്‍സ്‌പോണ്ടറുകളും വിലയേറിയ ഉപകരണങ്ങളും വേണ്ട. കുറഞ്ഞ മുതല്‍മുടക്കില്‍ പരമാവധി ലാഭം. വായനക്കാരന് പരിഗണനയും വാര്‍ത്തയില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നതുകൊണ്ടു തന്നെ ‘സോഷ്യല്‍ ന്യൂസ്’ സങ്കല്‍പ്പം കൂടുതല്‍ ജനപ്രിയമാകും.