പ്രിന്റ് മീഡിയയുടെ കാലം കഴിയുന്നു, ഡിജിറ്റൽ മീഡിയ ഒന്നാം സ്ഥാനത്തേക്ക്

2021ഓടെ ഡിജിറ്റൽ മീഡിയ പ്രിന്റ് മീഡിയയെ തോൽപ്പിക്കുമെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ തന്നെ പത്രങ്ങളേക്കാൾ സ്വാധീനം ചെലുത്താൻ കഴിയുന്നത് ചാനലുകൾക്കും ഓൺലൈൻ മീഡിയകൾക്കുമാണ്.

2018ൽ മാത്രം ഡിജിറ്റൽ മീഡിയ സ്വന്തമാക്കിയത് 42 ശതമാനം വളർച്ചയാണ്. ഓരോ ഇന്ത്യക്കാരനും ഫോണിൽ ചെലവഴിയ്ക്കുന്ന സമയത്തിന്റെ 30 ശതമാനവും എന്റർടെയ്ൻമെന്റിനുവേണ്ടിയാണ്. 2018ൽ 325 മില്യൺ ഓൺലൈൻ വീഡിയോ വ്യൂവേഴ്സാണ് ഉണ്ടായിരുന്നതെങ്കിൽ 2019ൽ അത് 3.2 ബില്യൺ ആയി ഉയരും.

OTT പ്ലാറ്റ് ഫോമുകളുടെ ജനപ്രിയത ഓരോ ദിവസവും കൂടി കൂടി വരികയാണ്. 2021ഓടു കൂടി 30-35 മില്യൺ ആളുകൾ OTT പ്ലാറ്റ് ഫോമുകളുടെ പെയ്ഡ് വേർഷൻ ഉപയോഗിക്കുമെന്നാണ് കണക്കാക്കുന്നത്. കോടികണക്കിന് ജനങ്ങളാണ് ലോകകപ്പ് ക്രിക്കറ്റ് ഹോട്ട് സ്റ്റാറിലൂടെ കണ്ടത്. ഡിജിറ്റൽ മീഡിയ പരസ്യരംഗത്തും വൻ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിലാണെങ്കിൽ മുഖ്യധാരാ മാധ്യമങ്ങളെല്ലാം തന്നെ ഡിജിറ്റൽ മീഡിയയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരിക്കുകയാണ്. ദേശീയ തലത്തിലാണെങ്കിൽ കുത്തക പിടിച്ചെടുക്കാൻ കോർപ്പറേറ്റ് കമ്പനികൾ അരയും തലയും മുറുക്കി രംഗത്തുണ്ട്.

മലയാളത്തിലേക്ക് കൂടുതൽ കളിക്കാരെത്തുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം ദക്ഷിണേന്ത്യ പിടിയ്ക്കാതെ ഇന്ത്യ പിടിച്ചെടുക്കാനാകില്ല. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ആധിപത്യം സ്ഥാപിക്കാനുള്ള പോരാട്ടമാണ് ഇനി നടക്കുക. കൂടുതൽ ശ്രദ്ധ അൾട്രാ ലോക്കൽ മേഖലയിലേക്ക് തിരിയും. സോഷ്യൽമീഡിയയിലെ വൈറൽ അൽഗൊരിതം ക്രെഡിബിലിറ്റിയ്ക്കും ആധികാരികതയ്ക്കും റെസ്പോൺസിബിലിറ്റിയ്ക്കും പ്രാധാന്യം നൽകുന്നതോടെ ഡിജിറ്റൽ മീഡിയയിലെ ശുദ്ധീകരണം പൂർത്തിയാകും. ഇതോടെ പ്രിന്റ് മീഡിയ വിട്ട് ഡിജിറ്റൽ മീഡിയ ചാനലുകളെ OTTയ്ക്കുള്ളിലേക്ക് പരിപൂർണമായും ഒതുക്കാനുള്ള പോരാട്ടത്തിലേക്ക് നീങ്ങും. ചുരുക്കത്തിൽ എല്ലാം നമ്മുടെ മൊബൈൽ കൊച്ചു ഡിവൈസിലേക്ക് ചുരുങ്ങും.

എല്ലാം ഒരു കൊച്ചു പെട്ടിയിലേക്ക്, സോഷ്യല്‍ മീഡിയ, ന്യൂസില്‍ പിടി മുറുക്കുന്പോള്‍

ഇപ്പോള്‍ തന്നെ ഭൂരിഭാഗം പേരുടെയും ലോകം ആറിഞ്ചിൽ താഴെ മാത്രം നീളമുള്ള ഒരു ചതുരപ്പെട്ടിയിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ടിവിയും വാര്‍ത്തയും വിനോദവും ബന്ധങ്ങളും ഈ കൊച്ചു പെട്ടിക്കുള്ളിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുകയാണ്. സോഷ്യല്‍മീഡിയയും വാര്‍ത്തയും പരസ്പരം പൂരകങ്ങളായി നില്‍ക്കുന്നതിനു പകരം ഒന്നായി ഒരേ സ്വരത്തില്‍ വായനക്കാരുടെ ഇടപെടലോടെ ഒഴുകുന്ന കാലം എത്തിയിരിക്കുകയാണ്.

റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദ സ്റ്റഡി ഓഫ് ജേര്‍ണലിസം പുറത്തുവിട്ട ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ ഇത് സാധൂകരിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നടത്തിയെ സര്‍വെ അനുസരിച്ച് ഓണ്‍ലൈനിലുളള 60 ശതമാനത്തോളം ആളുകള്‍ വാര്‍ത്തകള്‍ക്കായി ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളെയാണ് കാര്യമായി ആശ്രയിക്കുന്നത്.

പണ്ട് ഓരോ ജില്ലയിലും പത്രത്തിന്റെ എഡിഷന്‍ തുടങ്ങുന്നത് കൗതുകത്തോടെയാണ് നമ്മള്‍ നോക്കി കണ്ടത്. പിന്നീട് മത്സരത്തിന്റെ ഭാഗമായി ഇത് ഓരോ പഞ്ചായത്ത് വരെയെത്തി. എന്നാല്‍ ഡിജിറ്റല്‍ മീഡിയയിലെത്തിയപ്പോള്‍ ഇത് ഓരോ വ്യക്തിയ്ക്കും ഓരോ എഡിഷന്‍ നിലയിലേക്ക് മാറി. അതേ, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും അവയുടെ അല്‍ഗൊരിതങ്ങളും തന്നെയാണ് വരാനിരിക്കുന്ന നാളുകളിലെ വാര്‍ത്ത വില്‍പ്പനയെ നിര്‍ണയിക്കാന്‍ പോകുന്നത്.

നേരത്തെ മൂലധന താത്പര്യത്തിനും എഡിറ്റോറിയല്‍ നിലപാടുകള്‍ക്കും ഭൂമിശാസ്ത്ര പരിഗണനകള്‍ക്കും അനുസരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നതെങ്കില്‍ ഇന്ന് ഈ പരിഗണനകളെല്ലാം തന്നെ 50 ശതമാനത്തിന് താഴേ പോയിരിക്കുകയാണ്. യൂസര്‍ ബിഹേവിയര്‍ അനുസരിച്ച് തയ്യാറാക്കുന്ന അല്‍ഗൊരിതം ഉപയോഗിച്ചാണ് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളിലും വെബ് സൈറ്റുകളിലും എത്തുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ വായനയും വാണിജ്യപരമായ വിജയവും സാധ്യമാകുന്നു.

പല പ്രമുഖ മാധ്യമങ്ങളും ഈ പുതിയ മാറ്റത്തെ ഉള്‍കൊള്ളാനാകാതെ പകച്ചു നില്‍ക്കുകയാണ്. വിതരണ സമ്പ്രദായത്തിലെ പുത്തന്‍ പ്രവണതകള്‍ മുതലാക്കി തുടക്കക്കാര്‍ കുതിച്ചുകയറുമ്പോള്‍ വര്‍ഷങ്ങളുടെ പാരമ്പര്യം പറയുന്ന മാധ്യമഗ്രൂപ്പുകള്‍ പലതും കിതയ്ക്കുകയാണ്.

എങ്ങനെ കൂടുതല്‍ പരിഗണന നേടാം? വായനക്കാരെ എങ്ങനെ തിരിച്ചു കൊണ്ടുവരാം? ഈ ചിന്തയിലാണ് പല സ്ഥാപനങ്ങളും. കാരണം വരുമാനമില്ലാതെ ആര്‍ക്കും പിടിച്ചു നില്‍ക്കാനാകില്ല. ഡിസ്‌പ്ലേ പരസ്യ രീതിയില്‍ നിന്നും കണ്ടന്റ് പരസ്യങ്ങളിലേക്ക് വരുമാന മേഖലയും പതുക്കെ ചുവട് മാറ്റുകയാണ്. സാധാരണ പരസ്യങ്ങളേക്കാളും 53 ശതമാനം അധികം സാധ്യതയാണ് കണ്ടന്റ് പരസ്യങ്ങളിലൂടെ ലഭിക്കുന്നത്.

ഡിജിറ്റല്‍ മീഡിയയുടെ വളര്‍ച്ചയ്ക്ക് ചെറിയൊരു ഉദാഹരണം പറയാം. 2017ല്‍ അമേരിക്കയിലെ മൊത്തം മീഡിയ പരസ്യ നിക്ഷേപത്തിന്റെ 40 ശതമാനവും ഡിജിറ്റല്‍ മീഡിയ കൊണ്ടു പോകും. 35.8 ശതമാനം ടിവിയ്ക്കും ബാക്കിയുള്ളത് മാത്രമാണ് പ്രിന്റ് മാധ്യമങ്ങള്‍ക്ക് ലഭിക്കുക. ഡിജിറ്റല്‍ പരസ്യ മേഖലയില്‍ ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെ ആധിപത്യം തന്നെയാണ്. മൊത്തം പരസ്യങ്ങളുടെ 57.6 ശതമാനവും ഇവര്‍ തന്നെയാണ് സ്വന്തമാക്കുന്നത്.

അതിവേഗ ഇന്റര്‍നെറ്റും പുതിയ സാങ്കേതിക വിദ്യകളും മൊബൈല്‍ ട്രാഫിക് ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. 2016ല്‍ തന്നെ ഡെസ്‌ക് ടോപ്പിനെ മൊബൈല്‍ മറികടന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ പ്രമോഷനായി മാറ്റിവെയ്ക്കുന്ന ഫണ്ടില്‍ 21 ശതമാനവും മൊബൈലിനു മുന്തിയ പരിഗണന നല്‍കുന്നു. 2010ല്‍ഇത് വെറും നാലു ശതമാനം മാത്രമായിരുന്നുവെന്ന് ഓര്‍ക്കണം. ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളിലൂടെ ഫേസ് ബുക്കും കണ്ടന്റ് പരസ്യങ്ങളിലൂടെ ഗൂഗിളും മറ്റു പ്ലാറ്റ് ഫോമുകളും സജീവമായി രംഗത്തിറങ്ങി കഴിഞ്ഞു.

ആദ്യകാലത്ത് കൗതുകത്തിനും സൗഹൃദത്തിനുമാണ് പലരും സോഷ്യല്‍ മീഡിയയിലെത്തിയത്. എന്നാല്‍ കാലക്രമേണ അത് കാര്യങ്ങള്‍ അറിയാനുള്ള അല്ലെങ്കില്‍ അറിയിക്കാനുള്ള ഒരു പ്ലാറ്റ് ഫോമുകൂടിയായി മാറി. വാര്‍ത്തകളുടെ കടന്നുവരവോടു കൂടിയാണ് സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ക്ക് ഒരു ഗൗരവബോധം കടന്നുവന്നത്. എന്നാല്‍ ആധികാരികമല്ലാത്തതും നിലവാരമില്ലാത്തതുമായ വാര്‍ത്തകളുടെയും വിവരങ്ങളുടെയും കുത്തൊഴുക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇതിനെ മറികടക്കാന്‍ വേണ്ടിയുള്ള പുതിയ ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.


സെന്‍സര്‍ ഷിപ്പും എഡിറ്റോറിയല്‍ റെസ്‌പോണ്‍സിബിലിറ്റിയുമാണ് സോഷ്യല്‍ മീഡിയ ന്യൂസുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വാസ്തവത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നേരത്തെ ടാര്‍ജറ്റ് ചെയ്യാതിരുന്ന ഒരു ബിസിനസ് മേഖലയിലേക്ക് വഴുതി വീഴുകയായിരുന്നു. എന്നാല്‍ ഇതിന്റെ വാണിജ്യപ്രാധാന്യം തിരിച്ചറിഞ്ഞ കമ്പനികള്‍ ഉള്ളടക്കങ്ങളില്‍ ആധികാരികതയും ഉത്തരവാദിത്വവും ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു.

സോഷ്യല്‍മീഡിയയുടെ അതിപ്രസരം വാര്‍ത്താ ഉപഭോഗത്തെ വന്‍തോതില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പത്രവായനയുടെ രീതിയിലും ടെലിവിഷന്‍ വാര്‍ത്ത കാണുന്നതിലും വന്ന മാറ്റം നിങ്ങള്‍ക്ക് ഓരോരുത്തരും അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. വരാനിരിക്കുന്നത് സ്മാകിന്റെ കാലമാണ്. (സോഷ്യല്‍, മൊബൈല്‍, അനാലിറ്റിക്‌സ് ആന്റ് ക്ലൗഡ്).

ഈ നാല് സാങ്കേതിക വിദ്യകളാണ് വാര്‍ത്താ ലോകത്തെയും നിയന്ത്രിക്കാന്‍ പോകുന്നത്. കുറഞ്ഞ ചെലവില്‍ പരമാവധി നേടിയെടുക്കുകയെന്ന ബിസിനസ് തന്ത്രം. പ്രസും നാടുനീളെ ഓഫിസുകളും ട്രാന്‍സ്‌പോണ്ടറുകളും വിലയേറിയ ഉപകരണങ്ങളും വേണ്ട. കുറഞ്ഞ മുതല്‍മുടക്കില്‍ പരമാവധി ലാഭം. വായനക്കാരന് പരിഗണനയും വാര്‍ത്തയില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നതുകൊണ്ടു തന്നെ ‘സോഷ്യല്‍ ന്യൂസ്’ സങ്കല്‍പ്പം കൂടുതല്‍ ജനപ്രിയമാകും.