Tag Archives: social media

സോഷ്യല്‍മീഡിയ: ഓര്‍ഗാനിക് റീച്ച് കൂട്ടാന്‍ എന്‍ഗേജ്മെന്‍റില്‍ ശ്രദ്ധിച്ചേ പറ്റൂ

മലയാളത്തിലെ ഒട്ടുമിക്ക ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ യൂസേഴ്സും പേജ് വ്യൂസും കിട്ടുന്നത് ഫേസ് ബുക്കില്‍ നിന്നാണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് എങ്ങനെ ഫേസ് ബുക്കില്‍ കൂടുതല്‍ ഓര്‍ഗാനിച്ച് റീച്ച് നേടാമെന്ന് ഓരോ ന്യൂസ് പബ്ളിഷേഴ്സും തലപുകഞ്ഞാലോചിക്കാറുണ്ട്.

ചില അടിസ്ഥാന കാര്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന മാധ്യമങ്ങളുടെ ഫേസ് ബുക്ക് പേജുകള്‍ മാത്രമല്ല, ഒട്ടുമിക്ക പേജുകളുടെയും ഓര്‍ഗാനിക് റീച്ചുകളുടെ കാര്യത്തില്‍ കുറവ് വന്നിട്ടുണ്ട്. ഈ തളര്‍ച്ച തുടരാന്‍ തന്നെയാണ് സാധ്യതയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതിനു പ്രധാനകാരണം, സോഷ്യല്‍മീഡിയ കന്പനികളുടെ വാണിജ്യതാത്പര്യങ്ങള്‍ കൂടിയാണ്. ‘പേ ടു പ്ളേ’ മോഡല്‍ ബ്രാന്‍ഡുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതോടെയാണ് ഈ തകര്‍ച്ച കാര്യമായി തുടങ്ങിയത്. ഏതൊരു മാര്‍ക്കറ്റിങിനും ഓര്‍ഗാനിക്കായ ഒരു ഭാഗവും പെയ്ഡായ മറ്റൊരു ഭാഗവും ഉണ്ടാകും. ചുരുക്കത്തില്‍ നിങ്ങളുടെ ബ്രാന്‍ഡ് വളര്‍ത്തുന്നതിന് നിങ്ങള്‍ ഇത്തരം പ്ളാറ്റ് ഫോമുകളില്‍ ഒരു പണവും നിക്ഷേപിക്കാന്‍ തയ്യാറല്ലെങ്കില്‍ നിങ്ങള്‍ക്ക് ഓര്‍ഗാനിക് ട്രാഫിക് തരുന്നതിന് അവര്‍ക്കും താത്പര്യം കുറവായിരിക്കും.

എന്‍ഗേജ്മെന്‍റാണ് ഓര്‍ഗാനിക് ഗ്രോത്തിന്‍റെ അടിസ്ഥാനമെന്ന് മനസ്സിലാക്കണം. നിങ്ങള്‍ക്ക് പെയ്ഡ് കണ്ടന്‍റ് മാര്‍ക്കറ്റിങ് ചെയ്യാനുള്ള കപ്പാസിറ്റിയില്ലെങ്കില്‍ നിങ്ങള്‍ പേജിലും പോസ്റ്റുകളിലും എന്‍ഗേജ്മെന്‍റ് കൂടാനുള്ള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

എന്‍ഗേജ്മെന്‍റ് കൂട്ടാന്‍ ചെയ്യാവുന്ന കാര്യങ്ങള്‍
1 പേജിലെത്തുന്നവരുടെ കമന്‍റിനും അവരുടെ മെസ്സേജിനും മറുപടി കൊടുക്കുകയെന്നതാണ് നിങ്ങള്‍ക്ക് ചെയ്യാവുന്ന ആദ്യത്തെ കാര്യം. നിങ്ങളുടെ ബ്രാന്‍ഡിലെത്തി കമന്‍റ് ചെയ്യുന്നയാളെ ഉചിതമായ ട്രീറ്റ് ചെയ്യണം. അധിക സോഷ്യല്‍മീഡിയ പ്ളാറ്റ് ഫോമുകളുടെയും അല്‍ഗൊരിതം ഇത്തരം ഇന്‍ട്രാക്ഷനുകള്‍ വരുന്ന പോസ്റ്റുകള്‍ക്ക് പ്രയോറിറ്റി നല്‍കുന്നുണ്ട്.

2 പേജിലെത്തുന്നവര്‍ തമ്മില്‍ തമ്മില്‍ കമ്യൂണിക്കേഷന്‍ നടത്തുന്നത് പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുക. ഏതെങ്കിലും ഒരു പോസ്റ്റില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നാല്‍ ‘Action bumping logic’ എന്ന അല്‍ഗൊരിതം അപ്ളൈ ആവുകയും ഈ പോസ്റ്റ് യൂസര്‍ക്ക് വീണ്ടും അലെര്‍ട്ട് അടിയ്ക്കുകയും ചെയ്യും. ഇതോടെ യൂസേഴ്സ് ആ ത്രെഡിലേക്ക് തന്നെ തിരിച്ചു വരാനുള്ള സാധ്യത വര്‍ധിക്കുന്നു. യൂസേഴ്സ് ചര്‍ച്ച ചെയ്യാനും കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യാനും തയ്യാറാകുന്ന ഉള്ളടക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ഫേസ് ബുക്ക് അടക്കമുള്ല സോഷ്യല്‍മീഡിയയുടെ നിര്‍മിതി.

3 തംപുയര്‍ത്തുക.. ലവ് ബട്ടണ്‍ അമര്‍ത്തുക എന്നിവയാണ് സാധാരണ നമ്മള്‍ ചെയ്യാറുള്ള ആക്ഷന്‍സ്. എന്നാല്‍ സോഷ്യല്‍മീഡിയ അല്‍ഗൊരിതത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഓരോ ഇമോഷണല്‍ റിയാക്ഷനും ഡിഫ്രന്‍റ് വാല്യൂസ് വരും. തംപ്, ലവ് എന്നതിനപ്പുറം കണ്ടന്‍റിന്‍റെയും കമന്‍റിന്‍റെയും സ്വഭാവമനുസരിച്ച് ഡിഫ്രന്‍റ് ഇമോഷന്‍സ് വരുന്പോള്‍ അത്തരം പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ച് കിട്ടാനുള്ള സാധ്യത കൂടുതലാണ്.

4 എന്‍ഗേജ്മെന്‍റ് കൂട്ടാന്‍ വേണ്ടി ബേസിക്കായി ചെയ്യുന്ന കാര്‍ഡ്, വീഡിയോ എന്നിവ തുടരണം. ഓര്‍ഗാനിക് റീച്ച് കാര്യമായി ഉയരാന്‍ എന്‍ഗേജ്മെന്‍റ് അത്യാവശ്യമാണ്. എന്‍ഗേജ്മെന്‍റ് കൂടിയാല്‍ മാത്രമേ പേജ് വ്യൂസ് അല്ലെങ്കില്‍ വീഡിയോ വ്യൂസ് കൂടൂ.

ഫേസ് ബുക്കിലെ പോസ്റ്റുകളുടെ കാര്യത്തില്‍ ഒരു ശതമാനം പോലും റിസ്കെടുക്കാന്‍ തയ്യാറാകരുത്. സംശയമുണ്ടെങ്കില്‍ ആ പോസ്റ്റ് ഇടരുത്. നിങ്ങളുടെ ന്യായീകരണം ആയിരിക്കില്ല ഫേസ് ബുക്കിന്‍റെ കണ്ടന്‍റ് ഗൈഡ് ലൈന്‍. അവരതില്‍ വിട്ടുവീഴ്ചയും ചെയ്യില്ല.  എത്ര വലിയ മാധ്യമ സ്ഥാപനമാണെങ്കിലും സോഷ്യല്‍ മീഡിയ കന്പനികളുടെ കണ്ടന്‍റ് ഗൈഡ് ലൈന്‍സിന് താഴെയേ വരൂ.. ആ ട്രാഫിക് വേണമെങ്കില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തന്നെ പ്രവര്‍ത്തിക്കണം.  വ്യക്തിപരമായ ഈഗോ തീര്‍ക്കാന്‍ വേണ്ടി സംശയമുള്ള കാര്യങ്ങള്‍ ഫേസ്ബുക്കിലിട്ട് പണി വാങ്ങരുത്. മറ്റുള്ളവര്‍ ചെയ്യുന്നുവെന്നത് നമുക്ക് ചെയ്യാനുള്ള ന്യായീകരണമായി മാറരുത്. ഓരോ ദിവസം ഫേസ് ബുക്ക് പോസ്റ്റുകള്‍ ഒരു കേന്ദ്രീകൃത സംവിധാനത്തില്‍ കീഴില്‍ മോണിറ്റര്‍ ചെയ്യേണ്ടതുണ്ട്.  ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫേസ് ബുക്ക് നിര്‍ണായകമാണ്. അതുകൊണ്ട് എന്‍ഗേജ്മെന്‍റില്‍ കൂടുതല്‍ ശ്രദ്ധിക്കുമല്ലോ..

എല്ലാം ഒരു കൊച്ചു പെട്ടിയിലേക്ക്, സോഷ്യല്‍ മീഡിയ, ന്യൂസില്‍ പിടി മുറുക്കുന്പോള്‍

ഇപ്പോള്‍ തന്നെ ഭൂരിഭാഗം പേരുടെയും ലോകം ആറിഞ്ചിൽ താഴെ മാത്രം നീളമുള്ള ഒരു ചതുരപ്പെട്ടിയിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ടിവിയും വാര്‍ത്തയും വിനോദവും ബന്ധങ്ങളും ഈ കൊച്ചു പെട്ടിക്കുള്ളിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുകയാണ്. സോഷ്യല്‍മീഡിയയും വാര്‍ത്തയും പരസ്പരം പൂരകങ്ങളായി നില്‍ക്കുന്നതിനു പകരം ഒന്നായി ഒരേ സ്വരത്തില്‍ വായനക്കാരുടെ ഇടപെടലോടെ ഒഴുകുന്ന കാലം എത്തിയിരിക്കുകയാണ്.

റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദ സ്റ്റഡി ഓഫ് ജേര്‍ണലിസം പുറത്തുവിട്ട ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ ഇത് സാധൂകരിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നടത്തിയെ സര്‍വെ അനുസരിച്ച് ഓണ്‍ലൈനിലുളള 60 ശതമാനത്തോളം ആളുകള്‍ വാര്‍ത്തകള്‍ക്കായി ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളെയാണ് കാര്യമായി ആശ്രയിക്കുന്നത്.

പണ്ട് ഓരോ ജില്ലയിലും പത്രത്തിന്റെ എഡിഷന്‍ തുടങ്ങുന്നത് കൗതുകത്തോടെയാണ് നമ്മള്‍ നോക്കി കണ്ടത്. പിന്നീട് മത്സരത്തിന്റെ ഭാഗമായി ഇത് ഓരോ പഞ്ചായത്ത് വരെയെത്തി. എന്നാല്‍ ഡിജിറ്റല്‍ മീഡിയയിലെത്തിയപ്പോള്‍ ഇത് ഓരോ വ്യക്തിയ്ക്കും ഓരോ എഡിഷന്‍ നിലയിലേക്ക് മാറി. അതേ, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും അവയുടെ അല്‍ഗൊരിതങ്ങളും തന്നെയാണ് വരാനിരിക്കുന്ന നാളുകളിലെ വാര്‍ത്ത വില്‍പ്പനയെ നിര്‍ണയിക്കാന്‍ പോകുന്നത്.

നേരത്തെ മൂലധന താത്പര്യത്തിനും എഡിറ്റോറിയല്‍ നിലപാടുകള്‍ക്കും ഭൂമിശാസ്ത്ര പരിഗണനകള്‍ക്കും അനുസരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നതെങ്കില്‍ ഇന്ന് ഈ പരിഗണനകളെല്ലാം തന്നെ 50 ശതമാനത്തിന് താഴേ പോയിരിക്കുകയാണ്. യൂസര്‍ ബിഹേവിയര്‍ അനുസരിച്ച് തയ്യാറാക്കുന്ന അല്‍ഗൊരിതം ഉപയോഗിച്ചാണ് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളിലും വെബ് സൈറ്റുകളിലും എത്തുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ വായനയും വാണിജ്യപരമായ വിജയവും സാധ്യമാകുന്നു.

പല പ്രമുഖ മാധ്യമങ്ങളും ഈ പുതിയ മാറ്റത്തെ ഉള്‍കൊള്ളാനാകാതെ പകച്ചു നില്‍ക്കുകയാണ്. വിതരണ സമ്പ്രദായത്തിലെ പുത്തന്‍ പ്രവണതകള്‍ മുതലാക്കി തുടക്കക്കാര്‍ കുതിച്ചുകയറുമ്പോള്‍ വര്‍ഷങ്ങളുടെ പാരമ്പര്യം പറയുന്ന മാധ്യമഗ്രൂപ്പുകള്‍ പലതും കിതയ്ക്കുകയാണ്.

എങ്ങനെ കൂടുതല്‍ പരിഗണന നേടാം? വായനക്കാരെ എങ്ങനെ തിരിച്ചു കൊണ്ടുവരാം? ഈ ചിന്തയിലാണ് പല സ്ഥാപനങ്ങളും. കാരണം വരുമാനമില്ലാതെ ആര്‍ക്കും പിടിച്ചു നില്‍ക്കാനാകില്ല. ഡിസ്‌പ്ലേ പരസ്യ രീതിയില്‍ നിന്നും കണ്ടന്റ് പരസ്യങ്ങളിലേക്ക് വരുമാന മേഖലയും പതുക്കെ ചുവട് മാറ്റുകയാണ്. സാധാരണ പരസ്യങ്ങളേക്കാളും 53 ശതമാനം അധികം സാധ്യതയാണ് കണ്ടന്റ് പരസ്യങ്ങളിലൂടെ ലഭിക്കുന്നത്.

ഡിജിറ്റല്‍ മീഡിയയുടെ വളര്‍ച്ചയ്ക്ക് ചെറിയൊരു ഉദാഹരണം പറയാം. 2017ല്‍ അമേരിക്കയിലെ മൊത്തം മീഡിയ പരസ്യ നിക്ഷേപത്തിന്റെ 40 ശതമാനവും ഡിജിറ്റല്‍ മീഡിയ കൊണ്ടു പോകും. 35.8 ശതമാനം ടിവിയ്ക്കും ബാക്കിയുള്ളത് മാത്രമാണ് പ്രിന്റ് മാധ്യമങ്ങള്‍ക്ക് ലഭിക്കുക. ഡിജിറ്റല്‍ പരസ്യ മേഖലയില്‍ ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെ ആധിപത്യം തന്നെയാണ്. മൊത്തം പരസ്യങ്ങളുടെ 57.6 ശതമാനവും ഇവര്‍ തന്നെയാണ് സ്വന്തമാക്കുന്നത്.

അതിവേഗ ഇന്റര്‍നെറ്റും പുതിയ സാങ്കേതിക വിദ്യകളും മൊബൈല്‍ ട്രാഫിക് ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. 2016ല്‍ തന്നെ ഡെസ്‌ക് ടോപ്പിനെ മൊബൈല്‍ മറികടന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ പ്രമോഷനായി മാറ്റിവെയ്ക്കുന്ന ഫണ്ടില്‍ 21 ശതമാനവും മൊബൈലിനു മുന്തിയ പരിഗണന നല്‍കുന്നു. 2010ല്‍ഇത് വെറും നാലു ശതമാനം മാത്രമായിരുന്നുവെന്ന് ഓര്‍ക്കണം. ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളിലൂടെ ഫേസ് ബുക്കും കണ്ടന്റ് പരസ്യങ്ങളിലൂടെ ഗൂഗിളും മറ്റു പ്ലാറ്റ് ഫോമുകളും സജീവമായി രംഗത്തിറങ്ങി കഴിഞ്ഞു.

ആദ്യകാലത്ത് കൗതുകത്തിനും സൗഹൃദത്തിനുമാണ് പലരും സോഷ്യല്‍ മീഡിയയിലെത്തിയത്. എന്നാല്‍ കാലക്രമേണ അത് കാര്യങ്ങള്‍ അറിയാനുള്ള അല്ലെങ്കില്‍ അറിയിക്കാനുള്ള ഒരു പ്ലാറ്റ് ഫോമുകൂടിയായി മാറി. വാര്‍ത്തകളുടെ കടന്നുവരവോടു കൂടിയാണ് സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ക്ക് ഒരു ഗൗരവബോധം കടന്നുവന്നത്. എന്നാല്‍ ആധികാരികമല്ലാത്തതും നിലവാരമില്ലാത്തതുമായ വാര്‍ത്തകളുടെയും വിവരങ്ങളുടെയും കുത്തൊഴുക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇതിനെ മറികടക്കാന്‍ വേണ്ടിയുള്ള പുതിയ ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.


സെന്‍സര്‍ ഷിപ്പും എഡിറ്റോറിയല്‍ റെസ്‌പോണ്‍സിബിലിറ്റിയുമാണ് സോഷ്യല്‍ മീഡിയ ന്യൂസുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വാസ്തവത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നേരത്തെ ടാര്‍ജറ്റ് ചെയ്യാതിരുന്ന ഒരു ബിസിനസ് മേഖലയിലേക്ക് വഴുതി വീഴുകയായിരുന്നു. എന്നാല്‍ ഇതിന്റെ വാണിജ്യപ്രാധാന്യം തിരിച്ചറിഞ്ഞ കമ്പനികള്‍ ഉള്ളടക്കങ്ങളില്‍ ആധികാരികതയും ഉത്തരവാദിത്വവും ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു.

സോഷ്യല്‍മീഡിയയുടെ അതിപ്രസരം വാര്‍ത്താ ഉപഭോഗത്തെ വന്‍തോതില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പത്രവായനയുടെ രീതിയിലും ടെലിവിഷന്‍ വാര്‍ത്ത കാണുന്നതിലും വന്ന മാറ്റം നിങ്ങള്‍ക്ക് ഓരോരുത്തരും അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. വരാനിരിക്കുന്നത് സ്മാകിന്റെ കാലമാണ്. (സോഷ്യല്‍, മൊബൈല്‍, അനാലിറ്റിക്‌സ് ആന്റ് ക്ലൗഡ്).

ഈ നാല് സാങ്കേതിക വിദ്യകളാണ് വാര്‍ത്താ ലോകത്തെയും നിയന്ത്രിക്കാന്‍ പോകുന്നത്. കുറഞ്ഞ ചെലവില്‍ പരമാവധി നേടിയെടുക്കുകയെന്ന ബിസിനസ് തന്ത്രം. പ്രസും നാടുനീളെ ഓഫിസുകളും ട്രാന്‍സ്‌പോണ്ടറുകളും വിലയേറിയ ഉപകരണങ്ങളും വേണ്ട. കുറഞ്ഞ മുതല്‍മുടക്കില്‍ പരമാവധി ലാഭം. വായനക്കാരന് പരിഗണനയും വാര്‍ത്തയില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നതുകൊണ്ടു തന്നെ ‘സോഷ്യല്‍ ന്യൂസ്’ സങ്കല്‍പ്പം കൂടുതല്‍ ജനപ്രിയമാകും.