സോഷ്യല്‍മീഡിയ: ഓര്‍ഗാനിക് റീച്ച് കൂട്ടാന്‍ എന്‍ഗേജ്മെന്‍റില്‍ ശ്രദ്ധിച്ചേ പറ്റൂ

മലയാളത്തിലെ ഒട്ടുമിക്ക ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ യൂസേഴ്സും പേജ് വ്യൂസും കിട്ടുന്നത് ഫേസ് ബുക്കില്‍ നിന്നാണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് എങ്ങനെ ഫേസ് ബുക്കില്‍ കൂടുതല്‍ ഓര്‍ഗാനിച്ച് റീച്ച് നേടാമെന്ന് ഓരോ ന്യൂസ് പബ്ളിഷേഴ്സും തലപുകഞ്ഞാലോചിക്കാറുണ്ട്.

ചില അടിസ്ഥാന കാര്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന മാധ്യമങ്ങളുടെ ഫേസ് ബുക്ക് പേജുകള്‍ മാത്രമല്ല, ഒട്ടുമിക്ക പേജുകളുടെയും ഓര്‍ഗാനിക് റീച്ചുകളുടെ കാര്യത്തില്‍ കുറവ് വന്നിട്ടുണ്ട്. ഈ തളര്‍ച്ച തുടരാന്‍ തന്നെയാണ് സാധ്യതയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതിനു പ്രധാനകാരണം, സോഷ്യല്‍മീഡിയ കന്പനികളുടെ വാണിജ്യതാത്പര്യങ്ങള്‍ കൂടിയാണ്. ‘പേ ടു പ്ളേ’ മോഡല്‍ ബ്രാന്‍ഡുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതോടെയാണ് ഈ തകര്‍ച്ച കാര്യമായി തുടങ്ങിയത്. ഏതൊരു മാര്‍ക്കറ്റിങിനും ഓര്‍ഗാനിക്കായ ഒരു ഭാഗവും പെയ്ഡായ മറ്റൊരു ഭാഗവും ഉണ്ടാകും. ചുരുക്കത്തില്‍ നിങ്ങളുടെ ബ്രാന്‍ഡ് വളര്‍ത്തുന്നതിന് നിങ്ങള്‍ ഇത്തരം പ്ളാറ്റ് ഫോമുകളില്‍ ഒരു പണവും നിക്ഷേപിക്കാന്‍ തയ്യാറല്ലെങ്കില്‍ നിങ്ങള്‍ക്ക് ഓര്‍ഗാനിക് ട്രാഫിക് തരുന്നതിന് അവര്‍ക്കും താത്പര്യം കുറവായിരിക്കും.

എന്‍ഗേജ്മെന്‍റാണ് ഓര്‍ഗാനിക് ഗ്രോത്തിന്‍റെ അടിസ്ഥാനമെന്ന് മനസ്സിലാക്കണം. നിങ്ങള്‍ക്ക് പെയ്ഡ് കണ്ടന്‍റ് മാര്‍ക്കറ്റിങ് ചെയ്യാനുള്ള കപ്പാസിറ്റിയില്ലെങ്കില്‍ നിങ്ങള്‍ പേജിലും പോസ്റ്റുകളിലും എന്‍ഗേജ്മെന്‍റ് കൂടാനുള്ള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

എന്‍ഗേജ്മെന്‍റ് കൂട്ടാന്‍ ചെയ്യാവുന്ന കാര്യങ്ങള്‍
1 പേജിലെത്തുന്നവരുടെ കമന്‍റിനും അവരുടെ മെസ്സേജിനും മറുപടി കൊടുക്കുകയെന്നതാണ് നിങ്ങള്‍ക്ക് ചെയ്യാവുന്ന ആദ്യത്തെ കാര്യം. നിങ്ങളുടെ ബ്രാന്‍ഡിലെത്തി കമന്‍റ് ചെയ്യുന്നയാളെ ഉചിതമായ ട്രീറ്റ് ചെയ്യണം. അധിക സോഷ്യല്‍മീഡിയ പ്ളാറ്റ് ഫോമുകളുടെയും അല്‍ഗൊരിതം ഇത്തരം ഇന്‍ട്രാക്ഷനുകള്‍ വരുന്ന പോസ്റ്റുകള്‍ക്ക് പ്രയോറിറ്റി നല്‍കുന്നുണ്ട്.

2 പേജിലെത്തുന്നവര്‍ തമ്മില്‍ തമ്മില്‍ കമ്യൂണിക്കേഷന്‍ നടത്തുന്നത് പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുക. ഏതെങ്കിലും ഒരു പോസ്റ്റില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നാല്‍ ‘Action bumping logic’ എന്ന അല്‍ഗൊരിതം അപ്ളൈ ആവുകയും ഈ പോസ്റ്റ് യൂസര്‍ക്ക് വീണ്ടും അലെര്‍ട്ട് അടിയ്ക്കുകയും ചെയ്യും. ഇതോടെ യൂസേഴ്സ് ആ ത്രെഡിലേക്ക് തന്നെ തിരിച്ചു വരാനുള്ള സാധ്യത വര്‍ധിക്കുന്നു. യൂസേഴ്സ് ചര്‍ച്ച ചെയ്യാനും കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യാനും തയ്യാറാകുന്ന ഉള്ളടക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ഫേസ് ബുക്ക് അടക്കമുള്ല സോഷ്യല്‍മീഡിയയുടെ നിര്‍മിതി.

3 തംപുയര്‍ത്തുക.. ലവ് ബട്ടണ്‍ അമര്‍ത്തുക എന്നിവയാണ് സാധാരണ നമ്മള്‍ ചെയ്യാറുള്ള ആക്ഷന്‍സ്. എന്നാല്‍ സോഷ്യല്‍മീഡിയ അല്‍ഗൊരിതത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഓരോ ഇമോഷണല്‍ റിയാക്ഷനും ഡിഫ്രന്‍റ് വാല്യൂസ് വരും. തംപ്, ലവ് എന്നതിനപ്പുറം കണ്ടന്‍റിന്‍റെയും കമന്‍റിന്‍റെയും സ്വഭാവമനുസരിച്ച് ഡിഫ്രന്‍റ് ഇമോഷന്‍സ് വരുന്പോള്‍ അത്തരം പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ച് കിട്ടാനുള്ള സാധ്യത കൂടുതലാണ്.

4 എന്‍ഗേജ്മെന്‍റ് കൂട്ടാന്‍ വേണ്ടി ബേസിക്കായി ചെയ്യുന്ന കാര്‍ഡ്, വീഡിയോ എന്നിവ തുടരണം. ഓര്‍ഗാനിക് റീച്ച് കാര്യമായി ഉയരാന്‍ എന്‍ഗേജ്മെന്‍റ് അത്യാവശ്യമാണ്. എന്‍ഗേജ്മെന്‍റ് കൂടിയാല്‍ മാത്രമേ പേജ് വ്യൂസ് അല്ലെങ്കില്‍ വീഡിയോ വ്യൂസ് കൂടൂ.

ഫേസ് ബുക്കിലെ പോസ്റ്റുകളുടെ കാര്യത്തില്‍ ഒരു ശതമാനം പോലും റിസ്കെടുക്കാന്‍ തയ്യാറാകരുത്. സംശയമുണ്ടെങ്കില്‍ ആ പോസ്റ്റ് ഇടരുത്. നിങ്ങളുടെ ന്യായീകരണം ആയിരിക്കില്ല ഫേസ് ബുക്കിന്‍റെ കണ്ടന്‍റ് ഗൈഡ് ലൈന്‍. അവരതില്‍ വിട്ടുവീഴ്ചയും ചെയ്യില്ല.  എത്ര വലിയ മാധ്യമ സ്ഥാപനമാണെങ്കിലും സോഷ്യല്‍ മീഡിയ കന്പനികളുടെ കണ്ടന്‍റ് ഗൈഡ് ലൈന്‍സിന് താഴെയേ വരൂ.. ആ ട്രാഫിക് വേണമെങ്കില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തന്നെ പ്രവര്‍ത്തിക്കണം.  വ്യക്തിപരമായ ഈഗോ തീര്‍ക്കാന്‍ വേണ്ടി സംശയമുള്ള കാര്യങ്ങള്‍ ഫേസ്ബുക്കിലിട്ട് പണി വാങ്ങരുത്. മറ്റുള്ളവര്‍ ചെയ്യുന്നുവെന്നത് നമുക്ക് ചെയ്യാനുള്ള ന്യായീകരണമായി മാറരുത്. ഓരോ ദിവസം ഫേസ് ബുക്ക് പോസ്റ്റുകള്‍ ഒരു കേന്ദ്രീകൃത സംവിധാനത്തില്‍ കീഴില്‍ മോണിറ്റര്‍ ചെയ്യേണ്ടതുണ്ട്.  ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫേസ് ബുക്ക് നിര്‍ണായകമാണ്. അതുകൊണ്ട് എന്‍ഗേജ്മെന്‍റില്‍ കൂടുതല്‍ ശ്രദ്ധിക്കുമല്ലോ..

ഹെലോ ആപ്പ് ഫേസ് ബുക്കിനെ മറികടക്കുമോ?

ഹെലോയോട് ഒരു നെഗറ്റീവ് മെന്റാലിറ്റിയാണ് ആദ്യമുണ്ടായിരുന്നത്. ഷെയർ ചാറ്റ് പോലെ ഒരു സംഗതി…അല്ലെങ്കിൽ ഡെയ്ലിഹണ്ട് പോലെ ഒരു അഗ്രഗേറ്റർ എന്നു മാത്രമാണ് ചിന്തിച്ചത്.
തുടക്കം മുതൽ ഹെലോയിൽ എക്കൗണ്ട് ഉണ്ടായിരുന്നെങ്കിലും നയപരമായ കാരണങ്ങളാൽ അതിൽ കാര്യമായ ശ്രദ്ധയൂന്നിയിരുന്നില്ല. ആ നയം തന്നെ തെറ്റായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു. കാരണം ഹെലോ ഒരു അഗ്രഗേറ്ററേ അല്ല.(അഗ്രഗേറ്റർ ആണെന്ന് തെറ്റിദ്ധരിച്ച് ചിലർ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയിരുന്നു).


ടോപ്പിക് അടിസ്ഥാനമാക്കിയാണ് ഹെലോ വർക്ക് ചെയ്യുന്നത്. കണ്ടന്റിന് പ്രാധാന്യം നൽകുന്ന അൽഗൊരിതമാണെന്ന് ചുരുക്കം. ഇപ്പോൾ ഫേസ് ബുക്കിൽ പോസ്റ്റുകൾ കുറഞ്ഞു വരാനുള്ള ഒരു കാരണം ഹെലോയെ കൂടുതൽ ഇഷ്ടപ്പെട്ടു വരുന്നതു കൊണ്ടാണെന്ന് പറഞ്ഞാൽ തെറ്റില്ല. നമുക്ക് ലാഭം കിട്ടുന്ന ബിസിനസ്സിലല്ലേ നമുക്ക് കാര്യമുള്ളൂ….

1 പ്രാദേശികഭാഷകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. ആപ്പിൽ 14 ഇന്ത്യൻ ഭാഷകൾ ലഭ്യമാണ്..

2 കഴിഞ്ഞ ജൂണിൽ ഹെലോയ്ക്ക് 50 മില്യൺ ആക്ടീവ് യൂസേഴ്സ് ഉണ്ട്. ‍25 മില്യനിൽ നിന്നും കേവലം ആറു മാസം കൊണ്ടാണ് 50 മില്യനിലേക്ക് കുതിച്ചതെന്ന് ഓർക്കണം..

3 ഇന്ത്യൻ യൂസേഴ്സിനെ ടാർജറ്റ് ചെയ്യുന്ന അൽഗൊരിതം. വിഷയത്തിൽ അടിസ്ഥാനമാക്കിയുള്ള റീച്ച്. നിങ്ങൾക്ക് 10 ഫോളോവേഴ്സ് ഉള്ളൂവെങ്കിലും സ്റ്റോറി കറക്ട് ടോപ്പിക്കുകൾക്കുള്ളിലാക്കിയാൽ ആയിരകണക്കിനാളുകളിൽ എത്തും.

250 മില്യനോളം ആക്ടീവ് യൂസേഴ്സ് ഉള്ള ഫേസ് ബുക്കിനെ ഹെലോ എന്തു ചെയ്യാനാണെന്ന് ചിന്തിക്കുന്നവരോട് ഈ പോക്കു പോയാൽ ഹെലോ മറികടന്നു പോകുമെന്നാണ് തോന്നുന്നത്. സുക്കറണ്ണാ താമസിയാതെ കത്തിക്കൽ തീരും.

ഫേസ് ബുക്ക് ഇൻസ്റ്റന്റ് ആർട്ടിക്കിൾ, വേണമോ, വേണ്ടയോ?

വേഗതയ്ക്കാണ് ഓൺലൈനിൽ കാര്യം. പ്രത്യേകിച്ചും മൊബൈൽ യൂസേഴ്സ് കൂടി വരുന്ന ഈ കാലത്ത്. ഒരു പേജ് ലോഡ് ചെയ്യാൻ ശരാശരി അഞ്ച് സെക്കന്റ് എടുക്കുന്നുവെന്നാണ് കണക്ക്. പക്ഷേ, അപ്പോൾ നിങ്ങൾക്ക് മറ്റൊരു സത്യമറിയുമോ? ഈ അഞ്ച് സെക്കന്റ് എത്തുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ 74 ശതമാനത്തോളം ട്രാഫിക് ബൗൺസ് ചെയ്തു പോകാനുള്ള സാധ്യതയുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായിട്ടാണ് ഫേസ്ബുക്ക് ഇൻസ്റ്റന്റ് ആർട്ടിക്കിൾ സംവിധാനം മുന്നോട്ടു വെച്ചത്. പബ്ലിഷേഴ്സിന് വളരെ എളുപ്പത്തിലും വേഗത്തിലും വാർത്തകൾ പബ്ലിഷ് ചെയ്യാനുള്ള ഒരു സൗകര്യം. ഇത് എൻഗേജ്മെന്റ് ലെവൽ ഉയർത്തുകയും കൂടുതൽ വായന നടക്കുകയും ചെയ്യും.

നല്ല ക്വാളിറ്റിയുള്ള ഇമേജുകളും വീഡിയോകളും വരുമ്പോൾ പേജ് സ്വാഭാവികമായും സ്ലോ ആകും. ഇതിനെ മറികടക്കാൻ പണ്ട് ചെയ്തിരുന്ന മാർഗ്ഗങ്ങൾ. ഇമേജുകളെ കംപ്രസ് ചെയ്യുകയും സിഡിഎൻ അഥവാ കണ്ടന്റ് ഡെലിവറി സൗകര്യം ഉപയോഗപ്പെടുത്തുകയുമായിരുന്നു. ഇത് ചെലവേറിയതും ബുദ്ധിമുട്ടേറിയതുമായ ജോലിയായിരുന്നു.


ഇപ്പോ കാലം മാറി. ടെക്സ്റ്റിന്റെ കാലമല്ലിത്. ഇമേജുകളുടെയും വീഡിയോകളുടെയും കുത്തൊഴുക്ക് തന്നെയാണ്. വീഡിയോ ഉള്ള, നല്ല ഇമേമജുകൾ ഉള്ള വാർത്തകൾ ഷെയർ ചെയ്യപ്പെടാനുള്ള സാധ്യത പതിന്മടങ്ങാണ്.
വേഗത കുറഞ്ഞ സൈറ്റുകൾ വായനക്കാർ നിരാശ സമ്മാനിക്കുക മാത്രമല്ല, എസ്ഇഒ ആംഗിളിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും.
ഗൂഗിളാണ് ഈ പ്രശ്നം ആദ്യം തിരിച്ചറിഞ്ഞതും പരിഹാരം കണ്ടെത്തിയതും. അഞ്ച് മില്ലി സെക്കന്റിന്റെ ഡിലേ പോലും 20 ശതമാനം ട്രാഫിക് നഷ്ടമുണ്ടാകുമെന്ന തിരിച്ചറിവിന്റെ ഭാഗമായി ഗൂഗിൾ എഎംപി പ്രൊജക്ട് ആരംഭിച്ചു. എന്താണ് ആക്സലറേറ്റഡ് മൊബൈൽ പേജസ് അല്ലെങ്കിൽ എഎംപി. മൊബൈൽ വായന ഈസിയാക്കുന്ന ഒരു ഫ്രെയിം വർക്കാണിത്.

മെച്ചങ്ങൾ നമുക്ക് ചുരുങ്ങി പറയാം
ഫേസ് ബുക്ക് ഇൻസ്റ്റന്റ് കൊണ്ട് ഗുണമുള്ളത് വായനക്കാരനാണ്. നല്ലൊരു വായനാ അനുഭവമാണ് ഇൻസ്റ്റന്റ് സമ്മാനിക്കുന്നത്. കൂടാതെ നമ്മുടെ സ്റ്റോറികൾ കൂടുതൽ ആളുകളിലെത്താനും കൂടുതൽ ആളുകൾ ഫേസ് ബുക്ക് ഉപയോഗിക്കുന്നതുകൊണ്ട് കൂടുതൽ വരുമാനം ലഭിക്കാനും സഹായിക്കുന്നു.

ഇനി ഇതുകൊണ്ടുള്ള ദോഷങ്ങൾ പറയാം. ഒരു സൈറ്റുകളിലേക്ക് പലരീതിയിൽ ട്രാഫിക് വരും. ഇത്തരം റഫറലുകൾ നഷ്ടപ്പെടുത്താൻ ഇൻസ്റ്റന്റ് കാരണമാകും. ഉദാഹരണത്തിന് നമ്മുടെ വെബ് സൈറ്റിൽ നിന്നാണ് ഒരാൾ വാർത്ത വായിക്കുന്നതെങ്കിൽ അത് വായിച്ചതിനു ശേഷം അയാൾ മറ്റു വാർത്തകൾ വായിക്കാനുള്ള സാധ്യത കൂടുതലാണ്.. എന്നാൽ ഇൻസ്റ്റന്റ് കേസിൽ അയാൾ മറ്റൊരു പബ്ലിഷറുടെ വാർത്തയിലേക്കാണ് പോവുക.
ഫോട്ടോകൾ ആഡ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നുണ്ടെങ്കിലും നമുക്ക് ഒരു സ്റ്റോറിയുടെ പരിപൂർണതയ്ക്കായി ആഡ് ചെയ്യാവുന്ന വീഡിയോ, സ്ലൈഡ് ഷോ, മറ്റു ലിങ്കുകൾ എന്നിവ മിസ്സാകുന്നു.

പരസ്യവും നമുക്ക് തോന്നുന്ന പോലെ കൊടുക്കാനാകില്ല. ഫേസ്ബുക്കിന്റെ പരിമിതമായ സൗകര്യത്തിനുള്ളിൽ വേണം കാര്യങ്ങൾ ചെയ്യാൻ. പരസ്യവരുമാനത്തിലും കാര്യമായ നേട്ടം ഉണ്ടാക്കാൻ ഇൻസ്റ്റന്റ് സഹായിക്കില്ല.

വളരെ ബുദ്ധിമുട്ടേറിയ അൽഗൊരിതമാണ് ഫേസ് ബുക്കിനുള്ളത്. പണ്ട് നമ്പൂതിരി പശുവിനെ അടിയ്ക്കാൻ പോയ പോലെയാണ്. എല്ലായിടത്തും മർമമാണ്. ന്യൂസ് വാല്യ ഉള്ള സംഗതികൾ ചെയ്യുന്ന ഒരു പോർട്ടലിന് പലപ്പോഴും നിലപാടെടുക്കാൻ ഇത് തടസ്സമാകാറുണ്ട്. ബോൾഡായ സ്റ്റോറികൾ ചെയ്യാനും ഇത് പ്രതിബന്ധമാകും. ഇതിൽ നിന്നും നിങ്ങൾക്ക് ഉചിതമായ തീരുമാനം എടുക്കാവുന്നതാണ്. ആത്മവിശ്വാസം ഉണ്ടെങ്കിൽ ഫേസ്ബുക്ക് ഇൻസ്റ്റന്റ് ഇല്ലാത്തതായിരിക്കും വളരാൻ നല്ലത്.

വെബ് സൈറ്റില്‍ ഫേസ്ബുക്ക് കമന്റ്, ഗുണവും ദോഷവും

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിനെ അടിസ്ഥാനമാക്കിയുള്ള കമന്റ് ബോക്‌സ് വേണമെന്ന് ഒട്ടുമിക്ക വാര്‍ത്താ പോര്‍ട്ടലുകളും ആഗ്രഹിക്കാറുണ്ട്. ടെക് ക്രഞ്ച് പോലുള്ള വന്‍കിട സൈറ്റുകളില്‍ ഇത്തരത്തില്‍ ഫേസ്ബുക്കിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. എന്തൊക്കെയാണ് ഇതിന്റെ ഗുണവും ദോഷവും. മെച്ചങ്ങള്‍

  • ഫേസ്ബുക്ക് നെറ്റ് വര്‍ക്കില്‍ ഇത് സൈറ്റിന്റെ റീച്ച് വര്‍ദ്ധിപ്പിക്കും. കമന്റ് അടിയ്ക്കുന്നതോടു കൂടി ആളുകള്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്യുമെന്നതിനാല്‍ കൂടുതല്‍ പേജ് വ്യൂ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
  • കമന്റുകള്‍ ആധികാരികമാകുമെന്നൊരു മെച്ചമുണ്ട്. ഏത് കമന്റിനും ഒരു ഫേസ്ബുക്ക് പ്രൊഫൈല്‍ ഉത്തരവാദിയായിരിക്കും. അതുകൊണ്ട് സ്പാം കമന്റുകളും തെറിവിളിയും ഇത്തിരി കുറയും.

ദോഷങ്ങള്‍

  • കമന്റടിയ്ക്കുന്നതിന്റെ എണ്ണം കുറഞ്ഞു വരും. കാരണം കമന്റ് ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും സ്വന്തം ഐഡന്റിറ്റി മറച്ചു വെയ്ക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും.
  • ഏതൊരു സൈറ്റിന്റെയും അസെറ്റാണ് കമന്റുകള്‍. ഫേസ്ബുക്ക് കമന്റ് ആക്കുന്നതോടെ ഇക്കാര്യത്തില്‍ ഒരു കണ്‍ട്രോളും ഇല്ലാതാകും. ഫേസ്ബുക്കിലും അനോണികള്‍ ഒട്ടേറെയുണ്ട്. വിവാദ വാര്‍ത്തകള്‍ക്കു താഴെയിടുന്ന ചില ഫേസ്ബുക്ക് കമന്റുകള്‍ നിങ്ങളെയും അനാവശ്യമായി കേസിലേക്ക് വലിച്ചിഴയ്ക്കാം.

തത്കാല ലാഭമാണ് (കൂടുതല്‍ റീച്ച്) ലക്ഷ്യമെങ്കിലും നല്ലതുപോലെ മോഡറേറ്റ് ചെയ്യാമെന്ന വിശ്വാസമുണ്ടെങ്കിലും ഫേസ്ബുക്ക് കമന്റുകള്‍ നല്ല ഓപ്ഷനാണ്. പക്ഷേ, ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ ഇതില്‍ നിന്നും മാറി നില്‍ക്കുന്നതാണ് നല്ലത്.

സാമൂഹ്യമാധ്യമം വ്യക്തിത്വത്തിന്റെ മാനകമാകുമ്പോള്‍

നീ എന്താണ് കരുതുന്നത്. ഞങ്ങളെല്ലാം പൊട്ടന്മാരാണെന്നോ? ഒരു നൂലിന് അടങ്ങിക്കാണ്ടീ..നീ തന്നെ ഒന്നു ആലോചിച്ചു നോക്കൂ..ഇത്തിരി ഓവറല്ലേ…? ഒരു പ്രമുഖ പാര്‍ട്ടിയുടെ സമ്മേളനം നടന്നു കൊണ്ടിരിക്കെ അടുത്ത ബന്ധുവിന്റെ ഒത്തിരി അമര്‍ഷത്തോടെയുള്ള ചോദ്യം ഇതായിരുന്നു.

കാരണം ഫേസ്ബുക്കിലെ എന്റെ പല പോസ്റ്റുകളും അയാളെ അത്രമാത്രം വിറളി പിടിപ്പിച്ചിരുന്നു. ബന്ധുവല്ലെങ്കില്‍ ഞാന്‍ പ്രതികരിക്കുന്നത് രൂക്ഷമായിട്ടായിരിക്കും…താങ്കള്‍ എന്റെ പോസ്റ്റ് സഹിക്കണ്ട, അണ്‍ഫ്രണ്ട് ചെയ്യാനുള്ള ഓപ്ഷനുണ്ടല്ലോ..എന്ന ചോദ്യമായിരിക്കും എന്റെ നാവില്‍ നിന്ന് ആദ്യം ഉയരുക. പക്ഷേ, പാപ്പനായി പോയില്ലേ..അതുകൊണ്ട് അതു ഞാനങ്ങ് ചെയ്തു.

ഫേസ്ബുക്കിലെ തല തിരിഞ്ഞ പോസ്റ്റുകള്‍ക്കെതിരേ ആദ്യം കലാപം ഉയര്‍ത്തിയത് സന്ദീപാണെന്നാണ് എന്റെ ഓര്‍മ, പിന്നീട് അത് ഷഹീറും അനിയന്‍ ഷാജനും ഏറ്റെടുത്തു. ചിലപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക്, അധികസമയവും ബിജെപിക്ക്, മോദിക്ക്, അപൂര്‍വം ചില സമയങ്ങളില്‍ ഇടതുപക്ഷത്തിന്…പലപ്പോഴും പിണറായിക്കെതിരേ.എടോ മനുഷ്യാ തനിക്ക് നിലപാടൊന്നും ഇല്ലേ...? ഇതില്‍ തന്നെ സന്ദീപും ഷഹീറും ഞാന്‍ കൈവിട്ടുപോയെന്ന് മുദ്രകുത്തുകയും ചെയ്തു.

ഇതില്‍ മുകളില്‍ പറഞ്ഞ രണ്ടു പ്രശ്‌നങ്ങളെയും ഞാന്‍ കാര്യമായെടുത്തുരുന്നില്ല. കാരണം എനിക്ക് എന്റെതായ ലോജിക്കുണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഫേസ്ബുക്ക് വെറുമൊരു കളിക്കോപ്പ് മാത്രമായിരുന്നു. ഒരു ലിറ്റ്മസ് ടെസ്റ്റ് പേപ്പര്‍. ഈ പരീക്ഷണങ്ങള്‍ എന്റെ തൊഴിലിനെ വളരെയധികം സഹായിച്ചിട്ടുണ്ട്.

ട്വിറ്ററിലാണ് കുറച്ചെങ്കിലും വാര്‍ത്താമൂല്യമുള്ള കാര്യങ്ങള്‍ പോസ്റ്റ് ചെയ്യാറുള്ളത്. എന്നാല്‍ അപൂര്‍വം ചില നിമിഷങ്ങളിലാണല്ലോ നമുക്ക് ലൈറ്റ് കത്തുക. കഴിഞ്ഞ ദിവസം ഷഹീറും റാല്‍സണും സംയുക്തമായി നടത്തിയ ഉപദേശം ചില മാറ്റങ്ങള്‍ക്ക് എന്നെ പ്രേരിപ്പിച്ചു. അതുകൊണ്ട് ഫേസ്ബുക്കും ഇനി ട്വിറ്റര്‍ കൈകാര്യം ചെയ്യുന്ന പോലെ ഉപയോഗിക്കാന്‍ തീരുമാനിച്ചു.

മൂലധന താല്‍പ്പര്യങ്ങളെ സ്വന്തം വാളിലേക്ക് വലിച്ചിഴയ്‌ക്കേണ്ടെന്ന് തീരുമാനിച്ചു. അതുകൊണ്ട് എന്റെ ഇതുവരെയുള്ള പോസ്റ്റുകള്‍ കണ്ട് എന്നെ ലൈക്കിയവരുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സലാം സലാം. ഇനിയുള്ള പോസ്റ്റുകള്‍ ഓരോ വിഷയത്തിലുമുള്ള വ്യക്തിപരമായ നിലപാടുകളാക്കാന്‍ പരമാവധി നോക്കും. പ്രൊഫൈലും പേജും നല്ലതുപോലെ കൊണ്ടു നടക്കാമെന്നു സ്വപ്‌നം കാണുന്നു. അനസ് എന്നോട് ഒരിക്കല്‍ ചോദിച്ചു..ടോ തനിക്കെന്തു പറ്റിയെന്ന്…25 വര്‍ഷം മുമ്പുള്ള കൂട്ടുകാരനുപോലും മനസ്സിലാകാത്ത ഫേസ്ബുക്ക് പരീക്ഷണം ഇനി വേണ്ടെന്നു കരുതുന്നത് ഒരു തോല്‍വിയല്ല, ഒരു തിരിച്ചറിവാണ്.

പേജ്-https://www.facebook.com/shinodnews