ഫേസ് ബുക്ക് ഇൻസ്റ്റന്റ് ആർട്ടിക്കിൾ, വേണമോ, വേണ്ടയോ?

വേഗതയ്ക്കാണ് ഓൺലൈനിൽ കാര്യം. പ്രത്യേകിച്ചും മൊബൈൽ യൂസേഴ്സ് കൂടി വരുന്ന ഈ കാലത്ത്. ഒരു പേജ് ലോഡ് ചെയ്യാൻ ശരാശരി അഞ്ച് സെക്കന്റ് എടുക്കുന്നുവെന്നാണ് കണക്ക്. പക്ഷേ, അപ്പോൾ നിങ്ങൾക്ക് മറ്റൊരു സത്യമറിയുമോ? ഈ അഞ്ച് സെക്കന്റ് എത്തുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ 74 ശതമാനത്തോളം ട്രാഫിക് ബൗൺസ് ചെയ്തു പോകാനുള്ള സാധ്യതയുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായിട്ടാണ് ഫേസ്ബുക്ക് ഇൻസ്റ്റന്റ് ആർട്ടിക്കിൾ സംവിധാനം മുന്നോട്ടു വെച്ചത്. പബ്ലിഷേഴ്സിന് വളരെ എളുപ്പത്തിലും വേഗത്തിലും വാർത്തകൾ പബ്ലിഷ് ചെയ്യാനുള്ള ഒരു സൗകര്യം. ഇത് എൻഗേജ്മെന്റ് ലെവൽ ഉയർത്തുകയും കൂടുതൽ വായന നടക്കുകയും ചെയ്യും.

നല്ല ക്വാളിറ്റിയുള്ള ഇമേജുകളും വീഡിയോകളും വരുമ്പോൾ പേജ് സ്വാഭാവികമായും സ്ലോ ആകും. ഇതിനെ മറികടക്കാൻ പണ്ട് ചെയ്തിരുന്ന മാർഗ്ഗങ്ങൾ. ഇമേജുകളെ കംപ്രസ് ചെയ്യുകയും സിഡിഎൻ അഥവാ കണ്ടന്റ് ഡെലിവറി സൗകര്യം ഉപയോഗപ്പെടുത്തുകയുമായിരുന്നു. ഇത് ചെലവേറിയതും ബുദ്ധിമുട്ടേറിയതുമായ ജോലിയായിരുന്നു.


ഇപ്പോ കാലം മാറി. ടെക്സ്റ്റിന്റെ കാലമല്ലിത്. ഇമേജുകളുടെയും വീഡിയോകളുടെയും കുത്തൊഴുക്ക് തന്നെയാണ്. വീഡിയോ ഉള്ള, നല്ല ഇമേമജുകൾ ഉള്ള വാർത്തകൾ ഷെയർ ചെയ്യപ്പെടാനുള്ള സാധ്യത പതിന്മടങ്ങാണ്.
വേഗത കുറഞ്ഞ സൈറ്റുകൾ വായനക്കാർ നിരാശ സമ്മാനിക്കുക മാത്രമല്ല, എസ്ഇഒ ആംഗിളിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും.
ഗൂഗിളാണ് ഈ പ്രശ്നം ആദ്യം തിരിച്ചറിഞ്ഞതും പരിഹാരം കണ്ടെത്തിയതും. അഞ്ച് മില്ലി സെക്കന്റിന്റെ ഡിലേ പോലും 20 ശതമാനം ട്രാഫിക് നഷ്ടമുണ്ടാകുമെന്ന തിരിച്ചറിവിന്റെ ഭാഗമായി ഗൂഗിൾ എഎംപി പ്രൊജക്ട് ആരംഭിച്ചു. എന്താണ് ആക്സലറേറ്റഡ് മൊബൈൽ പേജസ് അല്ലെങ്കിൽ എഎംപി. മൊബൈൽ വായന ഈസിയാക്കുന്ന ഒരു ഫ്രെയിം വർക്കാണിത്.

മെച്ചങ്ങൾ നമുക്ക് ചുരുങ്ങി പറയാം
ഫേസ് ബുക്ക് ഇൻസ്റ്റന്റ് കൊണ്ട് ഗുണമുള്ളത് വായനക്കാരനാണ്. നല്ലൊരു വായനാ അനുഭവമാണ് ഇൻസ്റ്റന്റ് സമ്മാനിക്കുന്നത്. കൂടാതെ നമ്മുടെ സ്റ്റോറികൾ കൂടുതൽ ആളുകളിലെത്താനും കൂടുതൽ ആളുകൾ ഫേസ് ബുക്ക് ഉപയോഗിക്കുന്നതുകൊണ്ട് കൂടുതൽ വരുമാനം ലഭിക്കാനും സഹായിക്കുന്നു.

ഇനി ഇതുകൊണ്ടുള്ള ദോഷങ്ങൾ പറയാം. ഒരു സൈറ്റുകളിലേക്ക് പലരീതിയിൽ ട്രാഫിക് വരും. ഇത്തരം റഫറലുകൾ നഷ്ടപ്പെടുത്താൻ ഇൻസ്റ്റന്റ് കാരണമാകും. ഉദാഹരണത്തിന് നമ്മുടെ വെബ് സൈറ്റിൽ നിന്നാണ് ഒരാൾ വാർത്ത വായിക്കുന്നതെങ്കിൽ അത് വായിച്ചതിനു ശേഷം അയാൾ മറ്റു വാർത്തകൾ വായിക്കാനുള്ള സാധ്യത കൂടുതലാണ്.. എന്നാൽ ഇൻസ്റ്റന്റ് കേസിൽ അയാൾ മറ്റൊരു പബ്ലിഷറുടെ വാർത്തയിലേക്കാണ് പോവുക.
ഫോട്ടോകൾ ആഡ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നുണ്ടെങ്കിലും നമുക്ക് ഒരു സ്റ്റോറിയുടെ പരിപൂർണതയ്ക്കായി ആഡ് ചെയ്യാവുന്ന വീഡിയോ, സ്ലൈഡ് ഷോ, മറ്റു ലിങ്കുകൾ എന്നിവ മിസ്സാകുന്നു.

പരസ്യവും നമുക്ക് തോന്നുന്ന പോലെ കൊടുക്കാനാകില്ല. ഫേസ്ബുക്കിന്റെ പരിമിതമായ സൗകര്യത്തിനുള്ളിൽ വേണം കാര്യങ്ങൾ ചെയ്യാൻ. പരസ്യവരുമാനത്തിലും കാര്യമായ നേട്ടം ഉണ്ടാക്കാൻ ഇൻസ്റ്റന്റ് സഹായിക്കില്ല.

വളരെ ബുദ്ധിമുട്ടേറിയ അൽഗൊരിതമാണ് ഫേസ് ബുക്കിനുള്ളത്. പണ്ട് നമ്പൂതിരി പശുവിനെ അടിയ്ക്കാൻ പോയ പോലെയാണ്. എല്ലായിടത്തും മർമമാണ്. ന്യൂസ് വാല്യ ഉള്ള സംഗതികൾ ചെയ്യുന്ന ഒരു പോർട്ടലിന് പലപ്പോഴും നിലപാടെടുക്കാൻ ഇത് തടസ്സമാകാറുണ്ട്. ബോൾഡായ സ്റ്റോറികൾ ചെയ്യാനും ഇത് പ്രതിബന്ധമാകും. ഇതിൽ നിന്നും നിങ്ങൾക്ക് ഉചിതമായ തീരുമാനം എടുക്കാവുന്നതാണ്. ആത്മവിശ്വാസം ഉണ്ടെങ്കിൽ ഫേസ്ബുക്ക് ഇൻസ്റ്റന്റ് ഇല്ലാത്തതായിരിക്കും വളരാൻ നല്ലത്.