പെണ്‍കുട്ടിയുടെ ഫോട്ടോ പുറത്തുവിടണം

ദില്ലിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ ഒരു ഫോട്ടോയെങ്കിലും എത്രയും വേഗം പുറത്തുവിടണം. ആരെങ്കിലും ഫേസ്ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസും പരിശോധിച്ചാല്‍ ഇതെന്തിനാണെന്ന് മനസ്സിലാകും. കേന്ദ്രമന്ത്രി ശശി തരൂര്‍ മാത്രമാണ് ഇക്കാര്യത്തില്‍ ധീരമായ അഭിപ്രായം പറഞ്ഞത്.

അറിയാനുളള ത്വര മനുഷ്യന്റെ കൂടെപിറപ്പാണ്. അതുകൊണ്ട് തന്നെ ദില്ലി പെണ്‍കുട്ടിയെന്ന പേരില്‍ ആയിരകണക്കിന് വ്യാജ ഫോട്ടോകളാണ് നെറ്റിലൂടെ ഒഴുകുന്നത്. ജ്യോതി എന്ന പെണ്‍കുട്ടിയുടെ മാനം രക്ഷിക്കാന്‍ വേണ്ടിയാണ് ഫോട്ടോയും വിവരങ്ങളും പ്രസിദ്ധീകരിക്കുന്നത് വിലക്കിയിട്ടുള്ളതെന്ന് അറിയുന്നു. എന്നാല്‍ ഒരു വിലക്ക് നിലനില്‍ക്കുന്നതുകൊണ്ട് ആയിരകണക്കിന് മറ്റു പെണ്‍കുട്ടികളുടെ മാനമാണ് നഷ്ടപ്പെടുന്നത്. ലൈക്ക് ചെയ്തവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കുമെതിരേ കേസെടുത്താല്‍ അവരെ മുഴുവന്‍ ഉള്‍കൊള്ളാനും കേസ് നടത്താനും സര്‍ക്കാര്‍ ഏറെ പണിപ്പെടും.

ദില്ലി പെണ്‍കുട്ടിയുടെയോ അവരുടെ കുടുംബത്തിന്റെയോ മാനത്തിന് യാതൊരു കോട്ടവും വന്നിട്ടില്ല. ലോകത്തിനു മുന്നില്‍ തലതാഴ്ത്തിയ ഓരോ ഇന്ത്യക്കാരനുമാണ്. കിരാതമായ ഈ നടപടിയുടെ പേരില്‍ പെണ്‍കുട്ടിയോ അവരുടെ വീട്ടുകാരോ ചെറുതായി പോകേണ്ട കാര്യമില്ല. മറിച്ച് ഒരു രാജ്യത്തെ ജീര്‍ണാവസ്ഥയെ തുറന്നുകാട്ടിയ ധീരക്തസാക്ഷിയാണ് മകളെന്ന് അഭിമാനിക്കുകയാണ് വേണ്ടത്.

പ്രതികളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിടുന്നതിനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഒരു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് പറയുന്നുണ്ട്. അറസ്റ്റിലായ മുഴുവന്‍ പേരുടെയും ഫോട്ടോ ഒന്നിച്ച് മാധ്യമങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അവരുടെ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു തീരുമാനമെങ്കില്‍ അതില്‍ കാര്യമില്ല. കാരണം ആ ചെകുത്താന്മാരെ ആരെങ്കിലും വെടിവെച്ചുകൊന്നാലോ വെട്ടിക്കൊന്നാലോ അതിനെ ചോദ്യം ചെയ്യാന്‍ ആരും പോകില്ലെന്ന് ഉറപ്പാണ്… ചില മനുഷ്യവകാശ കോപ്രായങ്ങളെ കണ്ടില്ലെന്നു വെച്ചല്ല ഇതു പറയുന്നത്.