കുട്ടികള്‍ മൊബൈലില്‍ ഒതുങ്ങി പോകുന്നത് ഒഴിവാക്കേണ്ടതല്ലേ?


കുട്ടികള്‍ ഇപ്പോഴും മൊബൈലില്‍ തന്നെയാണ്. അതിനു പ്രധാന കാരണം, ആക്ടിവിറ്റികളില്‍ പലതും ഇപ്പോഴും മൊബൈലിലൂടെ നല്‍കുന്നതുകൊണ്ടാണ്. പണ്ട് ക്ലാസ്സില്‍ നിന്നു ചെയ്തു കൊണ്ടിരിക്കുന്ന പല സംഗതികളും സൗകര്യത്തിന് മൊബൈലിലേക്ക് തള്ളുന്നതുകൊണ്ടാണിത്.

ടെക്‌നോളജിയല്ലേ, കാലം പുരോഗമിക്കുകയല്ലേ എന്ന വാദം അംഗീകരിക്കുന്നു. അതേ സമയം എങ്ങനെ കുട്ടികളുടെ സ്‌ക്രീന്‍ ടൈം പരമാവധി കുറയ്ക്കണമെന്ന കാര്യം ഗൗരവമായി തന്നെ ആലോചിക്കേണ്ട വിഷയമാണ്.

മൊബൈലും ടിവിയും ചേര്‍ന്നുള്ള പാസീവ് ഫീഡിങ് വര്‍ധിക്കുകയാണ്. ഇത് പല കുട്ടികളെ മാനസികമായും ശാരീരികമായും ദുര്‍ബ്ബലപ്പെടുത്തും. ടെക്‌നോളജിയെ പഠനത്തില്‍ ഉപയോഗപ്പെടുത്തണം. എന്നാല്‍ ഇപ്പോള്‍ പലയിടത്തും പലരും കൊവിഡ് കാലത്ത് പഠിച്ച ഈ സൂത്രപ്പണി തുടരുകയാണ്.

തെറ്റിദ്ധരിക്കരുത്, മൊബൈല്‍ വേണ്ടായെന്നല്ല. കൊവിഡ് കാലത്തെ പോലെ തുടര്‍ച്ചയായി ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നു മാത്രം. പഠിയ്ക്കാനും അല്ലാതെയുമായി കുട്ടികള്‍ മൊബൈലില്‍ ഒതുങ്ങി പോകുന്നത് അത്ര നല്ല കാര്യമല്ല എന്ന് ചിന്തിക്കുന്നു.