വോട്ടിനുവേണ്ടി ഇടതും വലതും മദനിക്കുവേണ്ടി തെരുവിലിറങ്ങി. എന്നിട്ടും മദനി ജയിലില്‍ തന്നെ. എന്തുകൊണ്ടാണിത് എന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എന്താണ് ഇയാളോട് മാത്രം ഇന്ത്യന്‍ നീതി പീഠം ഇങ്ങനെ ചെയ്യുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു സ്വകാര്യ സംഭാഷണത്തില്‍ ഒരു ഉദ്യോഗസ്ഥന് പറഞ്ഞ മറുപടി ഞെട്ടിയ്ക്കുന്നതായിരുന്നു. അയാളെ ഇങ്ങനെ പിടിച്ചുകെട്ടിയില്ലെങ്കില്‍ സംഗതികള്‍ പിടിവിട്ടുപോവുമായിരുന്നു. തമിഴ്നാട് സര്‍ക്കാറിനും കര്‍ണാടക സര്‍ക്കാറിനും ഒരേ പോലെ മദനി പിടിയിലാവേണ്ടത് ആവശ്യമായതെങ്ങനെയെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അവര്‍ക്ക് എന്ത് രാഷ്ട്രീയലാഭമാണുള്ളത്?
കേന്ദ്രം ഭരിയ്ക്കുന്നത് കോണ്‍ഗ്രസാണ്. ഒന്ന് ആഞ്ഞുപിടിച്ചാല്‍ അവര്‍ക്ക് മദനിയെ പുറത്തിറക്കാന്‍ സാധിക്കും. നാലുമണിക്കൂര്‍ കൊണ്ട് സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന് ബെഞ്ചിനെ കൊണ്ട് പരിഗണിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക് മദനിയുടെ കാര്യത്തില്‍ ഒരു കൊല്ലം കൊണ്ടെങ്കിലും തീരുമാനമുണ്ടാക്കികൂടെ? പിന്നെ എന്തുകൊണ്ട് ചെയ്യുന്നില്ല? അവര്‍ക്ക് ആത്മാര്‍ത്ഥത ഇല്ലാഞ്ഞിട്ടാണൊന്നും പറയരുത്. ഓരോ തിരഞ്ഞെടുപ്പിനു മുമ്പും അവരെല്ലാം ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അയാളെ വിട്ടുകൊടുക്കരുതെന്ന് എന്തിനാണ് ഏജന്‍സികള്‍ വാശിപിടിക്കുന്നത്. കുറ്റപത്രത്തില്‍ കുറെയേറെ കാര്യങ്ങള്‍ എഴുതിചേര്‍ത്തുപോയി. അതുകൊണ്ട് അതുകൊണ്ടാണ് എന്നൊക്കെ പറഞ്ഞാല്‍ ആരു വിശ്വസിക്കും. ഇതിലും വലിയ കുറ്റപ്പത്രങ്ങളില്‍ നിന്നും പലരും പുഷ്പം പോലെ ഇറങ്ങിപ്പോന്നിട്ടുണ്ട്.
കേവലം ഒരു പ്രതിക്കുവേണ്ടിയാണെങ്കില്‍ ആയിരങ്ങളെ അവര്‍ക്കുണ്ടാക്കാം. എന്തുകൊണ്ടാണ് മദനി തന്നെ വേണമെന്ന് നിര്‍ബന്ധം പിടിയ്ക്കുന്നത്. കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ ഉള്ളതുകൊണ്ട് ബാംഗ്ലൂര്‍ സ്ഫോടനത്തിലും കിടക്കട്ടെയെന്ന് കരുതിയിട്ടോ? ചുരുക്കത്തില്‍ കൈയിലിരിപ്പ് അല്‍പ്പം മോശമായിരുന്നതുകൊണ്ടാണ് മാറി മാറി ജയിലിലിട്ടിരിക്കുന്നത്. അല്ലാതെ അവര്‍ക്ക് രാഷ്ട്രീയ വിരോധമുള്ളതുകൊണ്ടല്ല. പക്ഷേ, ഇപ്പോള്‍ രോഗിയാണ്. അവശനാണ്. കേസ് നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണം. അതിന് മദനിക്ക് നൂറു ശതമാനവും അവകാശമുണ്ട്. കര്‍ണാടകയില്‍ ബിജെപി ഭരിയ്ക്കുന്നതുകൊണ്ടാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. തമിഴ്നാട്ടില്‍ മദനി കിടക്കുമ്പോള്‍ പലരും ഭരിച്ചിരുന്നു.
വാസ്തവത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും മദനിയുടെ പാര്‍ട്ടിക്കും അദ്ദേഹം അകത്തിരിക്കുന്നതാണ് നല്ലത്. ബിജെപിയുടെ വളര്‍ച്ച ബാബറി മസ്ജിദോളം എന്നു പറഞ്ഞതുപോലെ പിഡിപിയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ നിലനില്‍പ്പ് മദനി ഉള്ളില്‍ കിടക്കുന്നതുവരെയാണ്. ഇരുമുന്നണികളും മതമൗലികവാദികളും ഇത് മുതലെടുക്കുക മാത്രമാണ് ചെയ്യുന്നത്. മതഭ്രാന്ത് പിടിച്ച ക്ഷുഭിത യൗവനങ്ങള്‍ എന്നും ഓര്‍ക്കേണ്ട പേരാണ് മദനിയുടെതാണ്. വിതച്ചതാണ് കൊയ്യുന്നത്. മദനി അവശനായെന്നു പറഞ്ഞാലും അദ്ദേഹം കേരളമനസ്സില്‍ ഉഴുതുമറിച്ചുണ്ടാക്കിയ കാര്യങ്ങള്‍ക്ക് ഇന്നും ഒരു ക്ഷീണവും സംഭവിച്ചിട്ടില്ല. അതും ഇതോടൊപ്പം കൂട്ടിവായിക്കണം. വിചാരണ പൂര്‍ത്തിയായി മദനി എത്രയും വേഗം ‘പുറത്തുവരട്ടെയെന്ന് നമുക്ക് സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കാം.