തടസ്സപ്പെടുത്തുന്നത് എന്തൊക്കെയാണ്..?

കംഫർട്ട് സോണിനുള്ളിൽ ഇരിയ്ക്കുന്നത് തന്നെയാണ് നമ്മളെ മുന്നോട്ട് നയിക്കുന്നതിൽ തടസ്സമുണ്ടാക്കുന്ന പ്രധാന കാര്യമെന്ന് എപ്പോഴും തോന്നാറുണ്ട്. ഒരു അന്തരീക്ഷം നമ്മളെ പിറകോട്ട് വലിയ്ക്കുന്നുവെന്ന് ബോധ്യം വന്നാൽ അത് എത്ര സേഫായ സോണാണെങ്കിലും പുറത്തുകടക്കാൻ ശ്രമിക്കേണ്ടതുണ്ട്.

പലർക്കും വില്ലനായി മാറാറുള്ളത് ”Too Much Thinking”. എന്നുവെച്ചാൽ ഏതൊരു കാര്യത്തിനെയും പല രീതിയിൽ കീറിമുറിച്ച് നോക്കുന്നത് വാസ്തവത്തിൽ എനർജി വേസ്റ്റിങ് ആണെന്ന് അറിയാം. ആദ്യകാലത്തെല്ലാം ഇത് വലിയൊരു മിടുക്കായാണ് പലരും കാണുക. പലപ്പോഴും നമ്മുടെ പോസിബിലിറ്റീസ് കറക്ടായി വരുന്പോൾ അതിൻറെ ത്രിൽ അനുഭവിക്കുകയും ചെയ്യും. എന്നാൽ കാലം ഏറെ മുന്നോട്ടു പോയപ്പോൾ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാനാണ് തുടങ്ങിയത്. ചുരുക്കി പറഞ്ഞാൽ എല്ലാ സമയത്തും ഓവർ തിങ്കിങ് ചെയ്യുന്നത് അത്ര നല്ല ശീലമല്ല. ആവശ്യമുള്ള സമയത്ത്, ആവശ്യമുള്ളത്ര ചിന്തിച്ചാൽ മതി.

വിശ്രമം അത്യാവശ്യമാണ്. ഞാനില്ലെങ്കിൽ എല്ലാം ഇടിഞ്ഞു വീഴുമെന്ന് ചിന്തിക്കുന്ന പ്രകൃതക്കാരുണ്ടാകും. അവർ തുടർച്ചയായി ജോലി ചെയ്തു കൊണ്ടേയിരിക്കും. എന്നാൽ അവർ ഒരു സത്യം മനസ്സിലാക്കുന്നില്ല. നിങ്ങളില്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. വിശ്രമം ഇല്ലാതെ ജോലിയെടുക്കുന്നത്, നിങ്ങളുടെ ചിന്തിക്കാനുള്ള ശേഷിയെയാണ് ഇല്ലാതാക്കുന്നത്. പുതിയ പുതിയ ആശയങ്ങൾ കണ്ടെത്താനും അറിവുകൾ നേടാനും കാര്യങ്ങളെ കൂടുതൽ കൃത്യതയോടെ മനസ്സിലാക്കാനുമുള്ള അവസരങ്ങളുമാണ് ഇല്ലാതാകുന്നത്.

അതുപോലെ തന്നെയാണ് സ്ക്രീൻ ടൈം കൂടുന്നതും. ടിവിയിലും ലാപ്പ് ടോപ്പിലും മൊബൈലിലുമായി കൂടുതൽ സമയം ചെലവഴിയ്ക്കുന്നത് ആളുകളെ മാനസികമായും ആരോഗ്യപരമായും തകർക്കും. പ്രിയപ്പെട്ടവർക്കുള്ള നിമിഷങ്ങളെയാണ് പറത്തികളയുന്നത്. ആരോഗ്യത്തിനായി ദിവസേന നല്ലൊരു സമയം മാറ്റിവെയ്ക്കാൻ ശ്രമിയ്ക്കാതിരിക്കുന്നതും നമ്മളെ പിറകോട്ട് വലിയ്ക്കാൻ കാരണമായേക്കും.

എല്ലാത്തിനും നല്ല സമയം കാത്തിരിക്കുന്നവരുണ്ട്. ഒന്നാം തിയ്യതിയാകട്ടെ നന്നാക്കാം….എന്ന് ചിന്തിക്കുന്നതും തെറ്റാണ്. നമുക്ക് കാര്യങ്ങൾ തിരിച്ചറിയുന്ന ആ സമയം തന്നെയാണ് നല്ല നിമിഷം.. അപ്പോൾ തന്നെ വേണ്ട തിരുത്തലുകൾ വരുത്തി തുടങ്ങിയാൽ അതാണ് ഏറ്റവും മികച്ച സമയം.