തടസ്സപ്പെടുത്തുന്നത് എന്തൊക്കെയാണ്..?

കംഫർട്ട് സോണിനുള്ളിൽ ഇരിയ്ക്കുന്നത് തന്നെയാണ് നമ്മളെ മുന്നോട്ട് നയിക്കുന്നതിൽ തടസ്സമുണ്ടാക്കുന്ന പ്രധാന കാര്യമെന്ന് എപ്പോഴും തോന്നാറുണ്ട്. ഒരു അന്തരീക്ഷം നമ്മളെ പിറകോട്ട് വലിയ്ക്കുന്നുവെന്ന് ബോധ്യം വന്നാൽ അത് എത്ര സേഫായ സോണാണെങ്കിലും പുറത്തുകടക്കാൻ ശ്രമിക്കേണ്ടതുണ്ട്.

പലർക്കും വില്ലനായി മാറാറുള്ളത് ”Too Much Thinking”. എന്നുവെച്ചാൽ ഏതൊരു കാര്യത്തിനെയും പല രീതിയിൽ കീറിമുറിച്ച് നോക്കുന്നത് വാസ്തവത്തിൽ എനർജി വേസ്റ്റിങ് ആണെന്ന് അറിയാം. ആദ്യകാലത്തെല്ലാം ഇത് വലിയൊരു മിടുക്കായാണ് പലരും കാണുക. പലപ്പോഴും നമ്മുടെ പോസിബിലിറ്റീസ് കറക്ടായി വരുന്പോൾ അതിൻറെ ത്രിൽ അനുഭവിക്കുകയും ചെയ്യും. എന്നാൽ കാലം ഏറെ മുന്നോട്ടു പോയപ്പോൾ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാനാണ് തുടങ്ങിയത്. ചുരുക്കി പറഞ്ഞാൽ എല്ലാ സമയത്തും ഓവർ തിങ്കിങ് ചെയ്യുന്നത് അത്ര നല്ല ശീലമല്ല. ആവശ്യമുള്ള സമയത്ത്, ആവശ്യമുള്ളത്ര ചിന്തിച്ചാൽ മതി.

വിശ്രമം അത്യാവശ്യമാണ്. ഞാനില്ലെങ്കിൽ എല്ലാം ഇടിഞ്ഞു വീഴുമെന്ന് ചിന്തിക്കുന്ന പ്രകൃതക്കാരുണ്ടാകും. അവർ തുടർച്ചയായി ജോലി ചെയ്തു കൊണ്ടേയിരിക്കും. എന്നാൽ അവർ ഒരു സത്യം മനസ്സിലാക്കുന്നില്ല. നിങ്ങളില്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. വിശ്രമം ഇല്ലാതെ ജോലിയെടുക്കുന്നത്, നിങ്ങളുടെ ചിന്തിക്കാനുള്ള ശേഷിയെയാണ് ഇല്ലാതാക്കുന്നത്. പുതിയ പുതിയ ആശയങ്ങൾ കണ്ടെത്താനും അറിവുകൾ നേടാനും കാര്യങ്ങളെ കൂടുതൽ കൃത്യതയോടെ മനസ്സിലാക്കാനുമുള്ള അവസരങ്ങളുമാണ് ഇല്ലാതാകുന്നത്.

അതുപോലെ തന്നെയാണ് സ്ക്രീൻ ടൈം കൂടുന്നതും. ടിവിയിലും ലാപ്പ് ടോപ്പിലും മൊബൈലിലുമായി കൂടുതൽ സമയം ചെലവഴിയ്ക്കുന്നത് ആളുകളെ മാനസികമായും ആരോഗ്യപരമായും തകർക്കും. പ്രിയപ്പെട്ടവർക്കുള്ള നിമിഷങ്ങളെയാണ് പറത്തികളയുന്നത്. ആരോഗ്യത്തിനായി ദിവസേന നല്ലൊരു സമയം മാറ്റിവെയ്ക്കാൻ ശ്രമിയ്ക്കാതിരിക്കുന്നതും നമ്മളെ പിറകോട്ട് വലിയ്ക്കാൻ കാരണമായേക്കും.

എല്ലാത്തിനും നല്ല സമയം കാത്തിരിക്കുന്നവരുണ്ട്. ഒന്നാം തിയ്യതിയാകട്ടെ നന്നാക്കാം….എന്ന് ചിന്തിക്കുന്നതും തെറ്റാണ്. നമുക്ക് കാര്യങ്ങൾ തിരിച്ചറിയുന്ന ആ സമയം തന്നെയാണ് നല്ല നിമിഷം.. അപ്പോൾ തന്നെ വേണ്ട തിരുത്തലുകൾ വരുത്തി തുടങ്ങിയാൽ അതാണ് ഏറ്റവും മികച്ച സമയം.

ജോലിയും ജീവിതവും ബാലൻസാക്കേണ്ടതിന്റെ ആവശ്യകത

നമ്മൾ ഏത് കമ്പനിക്കു വേണ്ടിയാണോ ജോലി ചെയ്യുന്നത് ആ കമ്പനിക്കു വേണ്ടി ഒാരോ ദിവസവും ഏറ്റവും മികച്ച രീതിയിൽ ജോലി ചെയ്യാൻ ശ്രമിക്കണം. അതേ സമയം, നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം, മൂല്യങ്ങൾ എന്നിവ ഒരിക്കലും ആ കമ്പനിയുടെ മാനേജ്മെന്റിന് അടിയറവ് വെയ്ക്കരുത്.

പലപ്പോഴും പലരും പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ്. അവന് ജോലിയാണ് എല്ലാം. ജോലിയാണ് ജീവിതം. വർക്ക് ഹോളിക്കാണ്. ഇങ്ങനെയെല്ലാം ജോലി ചെയ്യുന്ന ഒരാൾക്ക് ജോലി നഷ്ടപ്പെട്ടാലുള്ള സ്ഥിതി ആലോചിച്ചിട്ടുണ്ടോ? റിട്ടയർ ചെയ്താലുള്ള ജീവിതത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ജോലി എന്നത് നിങ്ങളുടെ ജീവിതമല്ല, അത് ജീവിക്കാനുള്ള ഒരു മാർഗ്ഗം മാത്രമാണ്. നിങ്ങളുടെ ആത്മാഭിമാനം, സന്തോഷം എന്നിവ നിർണയിക്കാനുള്ള അവകാശം ഏതെങ്കിലും ഒരു ജോലിക്കോ മുതലാളിക്കോ ഇല്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ ജീവിതത്തിൽ ചില വേലിക്കെട്ടലുകൾ ആവശ്യമുണ്ടെന്ന് ചുരുക്കം. ജോലി, വ്യക്തിജീവിതം, ആരോഗ്യം, മൂല്യങ്ങൾ എന്നിവയെ വ്യക്തമായി വേർതിരിച്ചു നിർത്താൻ സാധിക്കുന്നിടത്താണ് വിജയം.

പല കമ്പനികളിലും ലക്ഷ്യത്തിലെത്താനുള്ള ഒരു ടൂൾ മാത്രമായാണ് ജീവനക്കാരെ കാണുന്നത്. ഒരിക്കലും അവരെ മനുഷ്യ ജീവികളായി പരിഗണിക്കുക പോലും ഇല്ല. നിങ്ങളെ ഒാരോ ഒൗൺസായി ഉൗറ്റിയെടുക്കുക മാത്രമായിരിക്കും അവരുടെ ലക്ഷ്യം. ഇത്തരമൊരു സാഹചര്യത്തിൽ ജോലി ചെയ്യുന്നത് തീർത്തും ആത്മഹത്യാപരമാണ്. അതേ സമയം നിങ്ങളുടെ കഴിവിനെ അംഗീകരിക്കുകയും നിങ്ങൾക്ക് കൂടുതൽ ഉയരങ്ങളിലേക്ക് വളരാനുള്ള അവസരങ്ങൾ ഒരുക്കുകയും ഉചിതമായ സമയത്ത് അഭിനന്ദിക്കുയും ചെയ്യുന്ന മാനേജ്മെന്റിനു കീഴിൽ എത്ര കാലം വേണമെങ്കിലും ജോലി ചെയ്യാൻ സാധിക്കും.

ജീവനക്കാരെ ഒരു കുടുംബമായാണ് കാണേണ്ടത്. അവരെ വിശ്വസിക്കുകയും ബഹുമാനിക്കുകയും അഭിനന്ദിക്കുകയും സംരക്ഷിക്കുകയും വേണം. ഒരു നല്ല തൊഴിൽ അന്തരീക്ഷത്തിന് വേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്.

1 ഒരു നല്ല തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുകയെന്നതു തന്നെയാണ് ഏറ്റവും വലിയ കാര്യം. അവർക്ക് അവരുടെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള സാഹചര്യവും സൗകര്യവും ഒരുക്കണം.

2 നിങ്ങൾക്ക് നിങ്ങളുടെ ജീവനക്കാരെ വിശ്വാസമാണെങ്കിൽ ഒരിക്കലും മൈക്രോ മാനേജ് ചെയ്യാൻ പോകരുത്.

3 തൊഴിലാളികളെ ബഹുമാനിക്കുന്നുവെങ്കിൽ കഴിയുന്നതും അവരുടെ വ്യക്തിപരമായ സമയങ്ങളിൽ കൈകടത്താൻ നോക്കരുത്. അവരോട് അധിക സമയം ഇരുന്ന് ജോലി ചെയ്യാനോ, ജോലി സമയത്തിനു ശേഷം വിളിച്ച് ബുദ്ധിമുട്ടിക്കാനോ പാടില്ല.

4 ജീവനക്കാരെ മാനിക്കുന്നുവെങ്കിൽ അവരുടെ സംഭാവനകളെ അഭിനന്ദിക്കാനും തയ്യാറാകണം.

5 ജീവനക്കാരെ സ്നേഹിക്കുന്നുവെങ്കിൽ വ്യക്തിപരമായ അവരുടെ വികാസത്തിനുവേണ്ടിയും പരിശ്രമിക്കണം.

കമ്പനി ജീവനക്കാരോട് ആത്മാർത്ഥത കാണിക്കുന്നില്ലെങ്കിൽ തീർച്ചയായും ജീവനക്കാരിൽ നിന്നും തിരിച്ച് അത് പ്രതീക്ഷിക്കരുത്. ഇളകികൊണ്ടിരിക്കുന്ന ഒരു പ്രതലത്തിൽ നിന്നു ജോലി ചെയ്യാൻ ഒരു ജീവനക്കാരനും ഇഷ്ടപ്പെടില്ല. ഇനി അവൻ ജോലി ചെയ്യുന്നുണ്ടെങ്കിൽ തന്നെ അത് അവന്റെ ബെസ്റ്റ് പെർഫോമൻസ് ഒന്നും ആകില്ല.