ന്യൂസ് പോര്‍ട്ടലുകള്‍ക്ക് മൂക്കുകയറിടേണ്ട?

കൂണുകള്‍ പോലെ ന്യൂസ്‌പോര്‍ട്ടലുകള്‍ മുളച്ചുപൊന്തുകയാണ്. ചാനല്‍ യുദ്ധത്തിനു പിറകെ പോര്‍ട്ടല്‍ പോരാട്ടങ്ങള്‍ തന്നെയാണ് വരാനിരിക്കുന്നത്. ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ മീഡിയ ലിസ്റ്റില്‍ കയറി കൂടാനും സര്‍ക്കാര്‍ അക്രെഡിഷനും വേണ്ടി ‘വെബ്‌സൈറ്റുകള്‍’ തിക്കും തിരക്കും കൂട്ടുകയാണ്. ന്യൂസ് പോര്‍ട്ടലുകളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഒരു നിയമം കൊണ്ടു വരുമെന്ന് പറയുന്നുണ്ടെങ്കിലും ഇതു വരെ യാഥാര്‍ത്ഥ്യമായിട്ടില്ല. ആശയക്കുഴപ്പം മുതലാക്കി ‘ഇത്തിരികുഞ്ഞന്മാര്‍’ വരെ സംസ്ഥാന സര്‍ക്കാറിന്റെ മീഡിയ ലിസ്റ്റില്‍ കയറി കൂടിയിട്ടുണ്ട്. ശാസ്ത്രീയമായ ഒരു മാനദണ്ഡം വെച്ചല്ല പലരും ഇപ്പോള്‍ ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ളത്. സര്‍ക്കാര്‍ പരസ്യം നല്‍കുന്നതിനുവേണ്ടി തയ്യാറാക്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനെ പലരും ഇതിനകം ദുരുപയോഗം ചെയ്തു തുടങ്ങിയിട്ടുണ്ട്. ഈ പോക്ക് പോയാല്‍ വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ ആയിരകണക്കിന്
ന്യൂസ്‌പോര്‍ട്ടലുകളാവും ‘സര്‍ക്കാര്‍ അംഗീകൃത വെബ്‌സൈറ്റ്’ എന്ന പരസ്യവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുക. പത്രത്തിന്റെയും ചാനലിന്റെയും സ്വാധീനം അളക്കുന്നത് ചില ഊഹങ്ങള്‍ വെച്ചാണെങ്കില്‍ ഒരു ന്യൂസ് പോര്‍ട്ടലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശാസ്ത്രീയമായി തന്നെ അറിയാനുള്ള സംവിധാനമുണ്ട്.

വെബ്‌സൈറ്റ് ഗ്രേഡ് ചെയ്യുന്നതെങ്ങനെ?

വെബ് സൈറ്റിനെ കുറിച്ചും ഗൂഗിള്‍ അനലിറ്റിക്‌സിനെ കുറിച്ചും ഇന്റര്‍നെറ്റ് പ്രസിദ്ധീകരണത്തെക്കുറിച്ചും വ്യക്തമായ അറിവും ഈ രംഗത്ത് പരിചയമുള്ളവരും, സെര്‍വര്‍, ഡൊമെയ്ന്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിവുള്ളവരും ഉള്‍പ്പെട്ട ഒരു പാനലായിരിയ്ക്കണം വെബ്‌സൈറ്റുകളുടെ അക്രഡിറ്റേഷന്‍ നിശ്ചയിയ്‌ക്കേണ്ടത്. സി ഡിറ്റില്‍ നിന്ന് ഇത്തരം കാര്യങ്ങളില്‍ അവഗാഹമുള്ള വ്യക്തിയേയും പാനല്‍ ഉള്‍പ്പെടുത്താം.

പക്ഷേ, സിഡിറ്റില്‍ നിന്നും ടെക്‌നോപാര്‍ക്കില്‍ നിന്നും ഉള്ളവര്‍ മാത്രമാകരുത്. ഈ മേഖലയില്‍ ദൈനംദിനമായി ഇടപെടുന്നവര്‍ തീര്‍ച്ചയായും സമിതിയില്‍ വേണം. പത്രത്തിന്‌റെ അക്രഡിറ്റേഷന്‍ കമ്മറ്റിയ്ക്ക് സമാനമായ ഒരു സമിതി ഉണ്ടാക്കണമെന്നാണ് ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഈ സമിതിയിലേയ്ക്ക് ദിനപ്പത്ര അക്രഡിറ്റേഷന്‍ സമിതിയിലെ പോലെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തേണ്ടതില്ല. അതേ സമയം ഓണ്‍ലൈന്‍ മീഡിയയില്‍ പെട്ടവരെ പത്രപ്രവര്‍ത്തക യൂനിയന്‍ അംഗങ്ങളായി സ്വീകരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്ന കാര്യം കൂടി ആലോചിക്കണം.

മറ്റു ചില മാനദണ്ഡങ്ങള്‍

മനോരമയും മാതൃഭൂമിയടക്കം രാജ്യത്തെ പത്രങ്ങള്‍ എത്ര കോപ്പിയടിക്കുന്നുവെന്ന് പുറമെയുള്ള ആര്‍ക്കെങ്കിലും അറിയാമോ? ദിവസവും കണക്ക് കൊടുക്കണമെന്നാണ് നിയമം. പക്ഷേ, അങ്ങനെ ആരും ചെയ്യാറില്ല. വര്‍ഷത്തില്‍ ഒരു ദിവസം നടത്തുന്ന പരിശോധനയെ അടിസ്ഥാനമാക്കിയാണ് എബിസി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. ഇതുവെച്ചാണ് പല പ്രമുഖ പത്രങ്ങളും ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.

ഇതുപോലെ പത്രങ്ങളുടെ റീഡര്‍ഷിപ്പ് സര്‍വെയും മാനദഡമാവുന്നുണ്ട്. സര്‍ക്കുലേഷന്‍ പോലെ പേജ് വ്യൂ, വിസിറ്റേഴ്‌സ് എന്നീ കാര്യങ്ങള്‍ ഓരോ സ്ഥാപനത്തിന്റെയും ബിസിനസ് രഹസ്യങ്ങളാണ്. ഇത്തരം രഹസ്യങ്ങള്‍ സൂക്ഷിക്കേണ്ടത് മത്സരബുദ്ധിയോടെയുള്ള ബിസിനസ് ലോകത്ത് അത്യാവശ്യമാണു താനും. അതുകൊണ്ട് എന്തെങ്കിലും രീതിയിലുള്ള കോഡ്(സ്‌ക്രിപ്റ്റ്) നല്‍കി പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വെബ്‌സൈറ്റിന്റെ ഗ്രേഡ് കണ്ടെത്താന്‍ ശ്രമിക്കുന്നത് പ്രായോഗികമല്ല. കാരണം പിആര്‍ഡി സ്വന്തമാക്കുന്ന ഇത്തരം വിവരങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്താനാവില്ല വിവരാവകാശനിയമപ്രകാരം ആരെങ്കിലും ആവശ്യപ്പെട്ടാലും ഇവ കൈമാറേണ്ടി വരും.

1 http://www.comscore.com. ലോകത്തുള്ള ഒട്ടുമിക്ക ആഡ് ഏജന്‍സികളും കമ്പനികളും ഇതിലെ ഡാറ്റകളാണ് ഒരു വെബ്‌സൈറ്റിന്റെ ട്രാഫിക് അറിയാന്‍ ഉപയോഗിക്കുന്നത്. പണം കൊടുത്ത് ലോഗിന്‍ ചെയ്യേണ്ട സേവനമാണിത്. പിആര്‍ഡി ഇതില്‍ വരിക്കാരാകുന്നതോടെ ഇത് സാധ്യമാകും.

2 അലക്‌സാ റാങ്ക് (alexa.com) : നൂറുശതമാനവും സൗജന്യമായ ഒന്നാണ്. ഇത് പിആര്‍ഡിക്ക് എളുപ്പത്തില്‍ നോക്കാം. അലക്‌സാ റാങ്കില്‍ 50000ല്‍ താഴെയെത്തിയാല്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന നിബന്ധന പിആര്‍ഡിയ്ക്ക് പ്രഖ്യാപിക്കാവുന്നതാണ്. ഇതോടെ തന്നെ അപേക്ഷകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകും. 50000 അലക്‌സാറാങ്കുള്ള സൈറ്റിനു പോലും കാര്യമായ സന്ദര്‍ശകരുണ്ടാകില്ല. മാതൃഭൂമി, മനോരമ, വണ്‍ഇന്ത്യ, വെബ്ദുനിയ പോലുള്ള സൈറ്റുകള്‍ മാത്രമാണ് 4000ല്‍ താഴെ റാങ്കുള്ളത്.

അമ്പതിനായിരം എന്നത് അത്ര വലിയ റാങ്കല്ല ഇന്‌റര്‍നെറ്റിലെ വെബ് സൈറ്റുകള്‍ക്ക് റാങ്ക് നല്‍കിയാല്‍ 50000 ാമത്തെ റാങ്ക് കിട്ടുന്ന സൈറ്റിനാണ് അലക്‌സ ആ റാങ്ക് നല്‍കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ലക്ഷത്തിനു മുകളില്‍ കട്ട് ഓഫ് വെയ്ക്കാന്‍ സൈറ്റിനു പിറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിര്‍ബന്ധിക്കും. എന്നാല്‍ അതിന് വഴങ്ങി കൊടുക്കാതിരിക്കുന്നതാണ് നല്ലത്.

3 ഗൂഗിള്‍ ആഡ് പ്ലാനര്‍ (https://www.google.com/adplanner/): ഇതും സൗജന്യമായി പരിശോധിക്കാന്‍ സാധിക്കും. ഒരു വെബ്‌സൈറ്റിന്റെ ഓണ്‍ലൈന്‍ കരുത്ത് ഇതില്‍ നിന്നും വ്യക്തമാകും. സൈറ്റിന്റെ പേജ് വ്യൂ, വിസിറ്റേഴ്‌സ് എന്നിവ ഇവിടെ നിന്ന് ലഭിക്കും. ഗൂഗിള്‍ അക്കൗണ്ടുള്ള ആര്‍ക്കും ഈ വിവരം ലഭ്യമാവും. ഒരു മാസത്തേയോ ഒരു ദിവസത്തേയോ ശരാശരി കണക്കായിരിയ്ക്കും ഇവിടെ ലഭ്യമാവുന്നത്.

4 അപേക്ഷ സമര്‍പ്പിയ്ക്കുന്നതിന്‌റെ മുന്‍പുള്ള മൂന്നു മാസത്തെ ഗൂഗിള്‍ അനാലിറ്റിക്‌സ് റിപ്പോര്‍ട്ടിന്റെ കോപ്പി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാം. Visits, Unique Visitors, Pageviews, Page/Visit എന്നിവ കാണിക്കുന്ന വിസിറ്റേഴ്‌സ് ഓവര്‍വ്യൂ എന്ന പേജാണ് നല്‍കേണ്ടത്. പിആര്‍ഡി ആവശ്യപ്പെടുകയാണെങ്കില്‍ അനലിറ്റിക്‌സ് ലോഗിന്‍ ചെയ്ത് കാണിച്ചുകൊടുക്കേണ്ടതാണ്. ഈ പരിശോധന നിര്‍ബന്ധമാക്കുന്നതാണ് നല്ലത്. അനാലിറ്റിക്സ് ലോഗിന്‍, സെര്‍വര്‍ ലോഗിന്‍ എന്നിവ പിആര്‍ഡിയ്ക്ക് കൈമാറാന്‍ ബുദ്ധിമുട്ടാണ്. അതേ സമയം എപ്പോള്‍ വേണമെങ്കിലും ഇത് പരിശോധനയ്ക്ക് വിധേയമാക്കാന്‍ സാധിക്കണം.

5 സ്വന്തമായി വാര്‍ത്തകളും വിശകലനങ്ങളും എഴുതി ഇന്‌റര്‍നെറ്റില്‍ പ്രസിദ്ധീകരിയ്ക്കുന്നവരായിരിയ്ക്കണം അപേക്ഷകര്‍. മറ്റ് സൈറ്റുകളുടെ ലിങ്കുകള്‍ നല്‍കി സൈറ്റ് നടത്തുന്നവരുണ്ട്. ഇത്തരത്തിലുള്ള സൈറ്റുകളെ ഒഴിവാക്കാനായാണ് ഈ നിബന്ധന. അഗ്രഗേറ്റര്‍ പോലെ പ്രവര്‍ത്തിക്കുന്ന സൈറ്റുകള്‍ക്ക് മുകളില്‍ പറഞ്ഞ യോഗ്യതകളുണ്ടെങ്കിലും പരിഗണിക്കരുത്.

മുകളില്‍ പറഞ്ഞ ഓരോ കാര്യത്തിലും നിശ്ചിത നമ്പര്‍ മാനദണ്ഡമായി സ്വീകരിക്കുക. അവ പ്രസിദ്ധീകരിക്കുക. ഇങ്ങനെ വരുമ്പോള്‍ പബ്ലിക് റിലേഷന്‍ ഓഫിസിലെ തലവേദന തീര്‍ത്തും ഇല്ലാതാകും.

അധിക നിബന്ധനകള്‍

1 ഡൊമെയ്‌ന് ചുരുങ്ങിയത് രണ്ടു വര്‍ഷം പഴക്കം വേണം. രജിസ്‌ട്രേഷന്‍ ഏറ്റവും ചുരുങ്ങിയത് അടുത്ത മൂന്നുവര്‍ഷത്തേയ്‌ക്കെങ്കിലും രജിസ്റ്റര്‍ ചെയ്തിരിയ്ക്കണം

2 അപേക്ഷിക്കുമ്പോള്‍ അവസാന മൂന്ന് സെര്‍വര്‍ ഇന്‍വോയ്‌സ് അപേക്ഷയോടൊപ്പം വെയ്ക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിയ്‌ക്കേണ്ട കാര്യമില്ല. സെര്‍വര്‍ ആവശ്യമില്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂസ് പോര്‍ട്ടലുകളും ഉണ്ടെന്നതിനാലാണ് ഇത്. ഏത് സാങ്കേതിക വിദ്യയിലാണ് പോര്‍ട്ടല്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് നോക്കേണ്ട ബാധ്യത പിആര്‍ഡിക്ക് ഇല്ലെന്ന് ചുരുക്കം. സംഗതി വാര്‍ത്താ പോര്‍ട്ടലാണോ എന്നു മാത്രം നോക്കിയാല്‍ മതി.

3 കമ്പനിയുടെ രണ്ട് ഔദ്യോഗിക ഇമെയില്‍ നിര്‍ബന്ധമായും ഫോമില്‍ എഴുതി വാങ്ങണം. ഈ ഇമെയിലുകള്‍ പോര്‍ട്ടല്‍ ഡൊമെയ്ന്‍ അല്ലെങ്കില്‍ കമ്പനി ഡൊമെയ്‌നുമായി ബന്ധപ്പെട്ടതായിരിക്കണം. ജിമെയില്‍, യാഹു പോലുള്ള മെയില്‍ സേവനം ആയിരിക്കരുത്. പോര്‍ട്ടല്‍ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന വ്യക്തി വെബ് സൈറ്റിലോ അതിന്‌റെ ഉടമസ്ഥതയുള്ള സ്ഥാപനത്തിലോ പ്രധാനി ആയി പ്രവര്‍ത്തിയ്ക്കുന്ന ആളായിരിയ്ക്കണം. ഉദാഹരണത്തിന്: മാനേജിങ് ഡയറക്ടര്‍, എഡിറ്റര്‍ എന്നീ തസ്തികകളിലുള്ള ആരെങ്കിലും ആയിരിക്കണം.

4 പോര്‍ട്ടലിന്റെ ഓഫിസ് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. അതും പോര്‍ട്ടലിന്റെ അല്ലെങ്കില്‍ പോര്‍ട്ടലിന്റെ ഉടമസ്ഥരായ കമ്പനിയുടെ പേരില്‍. കന്പനിക്ക് വേറെയും ബിസിനസ്സുണ്ടെങ്കില്‍ പോര്‍ട്ടല്‍ കന്പനിയുടെതാണെന്ന സത്യവാങ് മൂലം വാങ്ങണം.

5 ഏറ്റവും ചുരുങ്ങിയത് മൂന്നു ജീവനക്കാരുണ്ടായിരിക്കണം.

6 വെബ്‌സൈറ്റിന് ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള ഡാറ്റാബേസ് (വാര്‍ത്താ ശേഖരം) നിര്‍ബന്ധമായും വേണം. പിആര്‍ഡി ആവശ്യപ്പെടുകയാണെങ്കില്‍ അക്രെഡിഷനായി സമര്‍പ്പിച്ച സൈറ്റില്‍ തന്നെ ഡാറ്റകള്‍ കാണിച്ചുകൊടുക്കണം.7 ഡൊമെയ്ന്‍/സ്‌പേസ് ഓണര്‍ഷിപ്പ് വ്യക്തമാക്കുന്നതിന്റെ ഫോട്ടോകോപ്പി വേണം. ഇതിലെ ഇമെയില്‍ വെബ്‌സൈറ്റിന്റെ ഔദ്യോഗിക ഇമെയിലുകളില്‍ ഒന്നായിരിക്കണം. ഡൊമെയ്ന്‍ പ്രൈവസി പ്രൊട്ടക്ട് ചെയ്യരുത്.

8 വെബ്‌സൈറ്റിന്റെ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കായിരിക്കണമെന്ന് വെബ്‌സൈറ്റിന്റെ contact പേജില്‍ വ്യക്തമാക്കണം. വ്യക്തമായ മേല്‍വിലാസവും ഫോണ്‍ നമ്പറും ഇമെയിലും ഈ പേജില്‍ കാണേണ്ടതാണ്.

9 ദൈനംദിന വാര്‍ത്തകള്‍ അപ്‌ലോഡ് ചെയ്യുന്ന സൈറ്റുകള്‍ക്ക് മാത്രം അക്രെഡിഷന്‍ നല്‍കിയാല്‍ മതി. പക്ഷേ ദിനം പ്രതി വാര്‍ത്താ അധിഷ്ടിത ലേഖനങ്ങളം വിശകലനങ്ങളും അപ് ലോഡ് ചെയ്യുന്ന സൈറ്റുകളെ പരിഗണിയ്ക്കാവുന്നതാണ്.

10 മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാ വര്‍ഷവും നിശ്ചിതസമയത്ത് വിശകലനം ചെയ്യുകയും അക്രെഡിഷന്‍ തുടരണോയെന്ന കാര്യത്തില്‍ പിആര്‍ഡി അനുയോജ്യമായ തീരുമാനം എടുക്കുകയും ചെയ്യണം. കൃത്യമായി അപ്‌ലോഡ് ചെയ്യാത്ത സൈറ്റുകള്‍ക്ക് നിലനില്‍ക്കാനാവില്ലെന്ന് ചുരുക്കം. രജിസ്റ്റര്‍ ചെയ്തപ്പോഴുള്ള പ്രകടനം അടുത്ത വര്‍ഷത്തെ പരിശോധനയിലും ഉണ്ടാകണമെന്ന് ചുരുക്കം.

11 മുകളില്‍ പറഞ്ഞ മാനദണ്ഡങ്ങളെല്ലാം വെച്ച് ഒരു അപേക്ഷ കിട്ടിയാല്‍ പിആര്‍ഡി ആദ്യം ചെയ്യേണ്ടത്. പേജ് വ്യൂ, യൂസേഴ്‌സ് നമ്പര്‍ എന്നിവ ട്രാക്ക് ചെയ്യാനുള്ള ഒരു കോഡ് പോര്‍ട്ടലിന് നല്‍കുകയാണ്. ഒരു സിംപിള്‍ ജാവാ സ്‌ക്രിപ്റ്റ്. മൂന്നു മാസത്തെ പ്രകടനം വിലയിരുത്തിയതിനുശേഷം അതിനെ ഏത് സ്ലാബില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കാം. അതിനു ശേഷം മതി, അനാലിറ്റിക്‌സ് തുടങ്ങിയ അഡീഷണല്‍ ഡോക്യുമെന്റുകള്‍ ആവശ്യപ്പെടുന്നത്.

പലിശനിരക്ക് കുറഞ്ഞേക്കും, കടപത്രങ്ങളില്‍ പണമിറക്കൂ

വരും വര്‍ഷങ്ങളില്‍ ബാങ്ക് നിക്ഷേപ പലിശനിരക്കുകളില്‍ കാര്യമായ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഫിക്‌സഡ് നിക്ഷേപങ്ങളില്‍ നിന്നു മാറി കടപത്രങ്ങളില്‍ പണം നിക്ഷേപിക്കുന്നതാണ് ലാഭകരം. ഇത്തരം നിക്ഷേപങ്ങള്‍ അഞ്ചില്‍ കുറയാത്ത വര്‍ഷങ്ങളിലേക്കാണ് പ്ലാന്‍ ചെയ്യേണ്ടത്.

ഉദാഹരണത്തിന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ എന്‍സിഡികള്‍ നോക്കൂ. 12 ശതമാനം കമ്പനി തന്നെ ഉറപ്പുനല്‍കുന്നുണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 24.77 ശതമാനത്തോളം നേട്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അഞ്ചുവര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ പണം ഇരട്ടിയിലധികമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

കമ്പനികള്‍ പ്രഖ്യാപിക്കുന്ന ഫിക്‌സഡ് ഡിപ്പോസിറ്റുകളേക്കാള്‍ ഏറെ സുരക്ഷിതമാണ് ഇത്തരം കടപത്രങ്ങള്‍. ക്രിസില്‍ റേറ്റിങോടു കൂടി വിപണിയിലെത്തുന്ന ഇത്തരം ഫണ്ട് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നുണ്ട്.  ഇത്തരം കടംപത്രങ്ങളെ ടിഡിഎസ് നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

Good Returns Story