ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നുവെന്ന മെച്ചമുണ്ടെങ്കിലും യൂലിപ് ഒരു തരം മ്യൂച്ചല്‍ ഫണ്ട് തന്നെയാണ്.് ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒട്ടുമിക്ക കാര്യങ്ങള്‍ ഇവിടെയും ബാധകമാണ്. നിക്ഷേപകരുടെ അറിവില്ലായ്മയാണ് പലപ്പോഴും സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുന്നത്. യൂലിപ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്.
1 ഫണ്ട് അലോട്ട്‌മെന്റ് എത്രയെന്ന് ചോദിച്ചു മനസ്സിലാക്കണം. നിങ്ങള്‍ നല്‍കുന്ന ആദ്യ തവണയില്‍ എത്ര നിക്ഷേപത്തിനായി പോവുന്നു? കമ്മീഷനും,മറ്റു കമ്പനി ചെലവുകള്‍ക്കായി എത്ര പോവുന്നു എന്നീ കാര്യങ്ങള്‍ മനസ്സിലാക്കണം. നിക്ഷേപത്തിലേക്ക് 90 ശതമാനത്തിലധികം തുക നീക്കിവയ്ക്കാത്ത ഉല്‍പ്പന്നങ്ങളെ നിരാകരിക്കുക.
2 ഓഹരി സൂചികകള്‍ ഉയര്‍ന്നുനില്‍ക്കുന്ന സമയത്ത് ചേരാതിരിക്കുന്നതാണ് നല്ലത്. കാരണം അപ്പോള്‍ വാങ്ങുന്ന യൂനിറ്റുകള്‍ക്ക് മൂല്യം കുറവായിരിക്കും.
3 ലോക്കിങ് പിരിയഡ് എത്ര സമയത്തേക്കാണെന്ന് മനസ്സിലാക്കണം. അതിനേക്കേള്‍ പ്രാധാന്യമുള്ളതാണ്. എത്രകാലത്തേക്കാണ് നിങ്ങളുടെ പോളിസി ചേര്‍ത്തിയിട്ടുള്ളതെന്ന കാര്യം. അഞ്ചുവര്‍ഷം കഴിഞ്ഞ് എടുക്കാമെന്ന് നിങ്ങളുടെ ഏജന്റ് പറയും. പക്ഷേ, പോളിസി ചേര്‍ത്തിട്ടുണ്ടാവുക 15 വര്‍ഷത്തിനോ 20 വര്‍ഷത്തിനോ ആയിരിക്കും. തീര്‍ച്ചയായും നിങ്ങളുടെ പണം കമ്പനിയുടെ ഫണ്ട് മാനേജര്‍മാര്‍ അത്രയും കാലത്തിനു പ്ലാന്‍ ചെയ്തിട്ടായിരിക്കും വിവിധ കമ്പനി ഓഹരികളില്‍ നിക്ഷേപിക്കുക. പെട്ടെന്ന് നിങ്ങള്‍ പണം ആവശ്യപ്പെട്ടാല്‍ അതുകൊണ്ടുണ്ടാവുന്ന നഷ്ടത്തിനുള്ള ഉത്തരവാദി നിങ്ങള്‍ തന്നെയാണ്. അതുകൊണ്ട് എത്ര കാലമാണോ തിരഞ്ഞെടുക്കുന്നത് അത്ര കാലം കാത്തിരിക്കാന്‍ തയ്യാറാവണം. അഞ്ചുവര്‍ഷം എന്നു പറയുന്നത് ലോക്കിങ് പിരിയഡ് മാത്രമാണ്.
4 പണം തിരിച്ചെടുക്കുന്ന സമയവും നിര്‍ണായകമാണ്. ഓഹരി സൂചികകള്‍ ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് പണം തിരിച്ചെടുക്കുന്നതാണ് നല്ലത്. അല്ലാതെ നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ വിപണി മൂല്യം കൂടികൊള്ളണമെന്നില്ല.
ഒരു പോളിസിയില്‍ ചേരുമ്പോള്‍ ഒരു കരാറിലാണ് നിങ്ങള്‍ ഒപ്പിടുന്നത്. ആ കരാര്‍ ഒപ്പിടുമ്പോള്‍ അതിലെ വ്യവസ്ഥകള്‍ വ്യക്തമായി മനസ്സിലാക്കണം. അതു മനസ്സിലാക്കാതെ, വിപണി നോക്കാതെ ബാങ്ക് നിക്ഷേപം പണമെടുക്കാന്‍ ഓടുന്നവര്‍ക്കാണ് പലപ്പോഴും നഷ്ടം സംഭവിക്കുന്നത്. യൂലിപ്പിലായാലും മ്യൂച്ചല്‍ ഫണ്ടിലായാലും ഓഹരി വിപണിയിലായാലും അറിഞ്ഞു നിക്ഷേപിക്കണം.
Monthly Archives: May 2011
ടൈക്കൂണുകള്‍ വീണു, ഇനി ബിസയറിന്റെ കാലം
ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത. കഴിഞ്ഞ നവംബറിലെഴുതിയ ഇക്കാര്യം ശരിയെന്നു കാലം തെളിയിച്ചു
സെന്‍സെക്‌സ് തിളങ്ങി,ടാറ്റാ മോട്ടോഴ്‌സിനു തിരിച്ചടി
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി ഒരു ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു. ഏഷ്യന്‍ വിപണിയില്‍ ഇന്നലെ ഏറെ തിളങ്ങിയത് സെന്‍സെക്‌സാണ്. 221.46 പോയിന്റ് നേട്ടത്തോടെ 18266.10ലാണ് മുംബൈ സൂചിക ക്ലോസ് ചെയ്തത്. 5476.10ല്‍ വില്‍പ്പന അവസാനിപ്പിച്ച നിഫ്റ്റി ഇന്നലെ മാത്രം 63.75 പോയിന്റ് അധികം നേടി.
റിയാലിറ്റി, ബാങ്കിങ്, മെറ്റല്‍, ഓയില്‍ മേഖലകളിലാണ് ഇന്നു മുന്നേറ്റം കൂടുതല്‍ പ്രകടമായത്. മറ്റൊരു നിര്‍ണായകസംഗതി അഡാഗ്(റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ്) കമ്പനികള്‍ ഇന്നലെ നിലമെച്ചപ്പെടുത്തിയെന്നതാണ്. അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനികളെല്ലാം കഴിഞ്ഞ കുറെ കാലമായി പിറകോട്ടടിക്കുകയായിരുന്നു.
എഡ്യുകോംപ് സൊലൂഷന്‍സ്, സിന്റക്‌സ് ഇന്‍ഡസ്ട്രീസ്, സ്റ്റെര്‍ലിങ് ഇന്റര്‍നാഷണ്‍, ഐ.ഡി.എഫ്.സി, അലഹാബാദ് ബാങ്ക് ഓഹരികള്‍ ഏറെ നേട്ടമുണ്ടാക്കിയപ്പോള്‍ ടാറ്റാ മോട്ടോര്‍സ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, ശ്രീറാം ട്രാന്‍സ് ഫിന്‍, എ.ബി.ബി ലിമിറ്റഡ്, റെലിഗെയര്‍ ഓഹരികള്‍ക്ക് ഇന്നലെ തിരിച്ചടിയുടെ ദിവസമായിരുന്നു. അസംസ്‌കൃതവസ്തുക്കളായ സ്റ്റീല്‍, റബ്ബര്‍ എന്നിവയുടെ വിലകുത്തനെ ഉയരുന്നതാണ് ടാറ്റാ മോട്ടോര്‍ഴ്‌സിനെ അലട്ടുന്നത്. നാലാം പാദത്തില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ആഡംബരവാഹനങ്ങളില്‍ ശ്രദ്ധവര്‍ധിപ്പിക്കുന്നത് പ്രവര്‍ത്തന ചെലവ് കൂട്ടുമെന്ന് നിക്ഷേപകര്‍ ആശങ്കപ്പെടുന്നു.
ഈ രണ്ടു ദിവസത്തെ കുതിപ്പില്‍ നിന്നും വിപണി കാളക്കൂറ്റന്മാര്‍ കൈയിലാണെന്ന് വിശ്വസിക്കുന്നത് ശരിയല്ല. പ്രതികൂലമായ ഘടകങ്ങളെല്ലാം ഒരുമിച്ച് അണിനിരക്കുന്ന ഈ സാഹചര്യത്തില്‍ ഇവയെ മറികടക്കാന്‍ കെല്‍പ്പുള്ള ആഗോളവിപണികളിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നിഫ്റ്റി 5400നുമുകളില്‍, എണ്ണക്കമ്പനികള്‍ക്ക് നേട്ടം
മുംബൈ: ആഗോളവിപണിയില്‍ നിന്നുള്ള അനുകൂലവാര്‍ത്തകളും എണ്ണവില വീണ്ടും വര്‍ധിപ്പിക്കുമെന്ന അഭ്യൂഹങ്ങളും ചേര്‍ന്ന് ഇന്നു ഇന്ത്യന്‍ ഓഹരിവിപണിയില്‍ പച്ചക്കത്തിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒ.എന്‍.ജി.സി തുടങ്ങിയ മുന്‍നിര കമ്പനികള്‍ നടത്തിയ മുന്നേറ്റവും ഷോട്ട് കവറിങും ചേര്‍ന്നാണ് വിപണിയെ കൈപിടിച്ചുയര്‍ത്തിയത്.
സെന്‍സെക്‌സ് 197.40 പോയിന്റുയര്‍ന്ന് 18044.64ലും നിഫ്റ്റി 63.40 വര്‍ധിച്ച് 5412.35ലും വില്‍പ്പന അവസാനിപ്പിച്ചത്. ഫ്യൂച്ചര്‍, ഓപ്ഷന്‍ മെയ്മാസ വ്യാപാരത്തിന്റെ അവസാനദിവസമായ ഇന്നു വിപണി 5380 എന്ന നിര്‍ണായകമായ സപ്പോര്‍ട്ടീവ് ലെവലും തകര്‍ത്ത് താഴേക്കു പതിക്കുമെന്ന ആശങ്കകള്‍ സജീവമായിരുന്നു. പക്ഷേ, അമേരിക്ക, യൂറോപ്പ് വിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തത് ഇന്ത്യ അടക്കമുള്ള ഏഷ്യന്‍വിപണിക്ക് പ്രചോദനമായി.
മെച്ചപ്പെട്ട നാലാംപാദപ്രവര്‍ത്തന ഫലത്തിന്റെ വെളിച്ചത്തില്‍ ടാറ്റാ സ്റ്റീല്‍ മികച്ച മുന്നേറ്റമാണ് നടത്തിയത്. 561.50ല്‍ വില്‍പ്പന തുടങ്ങിയ ഓഹരി ഒരു സമയത്ത് 579.80 വരെ ഉയര്‍ന്ന് 572.60ലാണ് ക്ലോസ് ചെയ്തത്.
മെയ് 14ലിനവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യപണപ്പെരുപ്പം തൊട്ടുമുമ്പുള്ള ആഴ്ചയിലെ 7.47ശതമാനത്തിനെ അപേക്ഷിച്ച് 8.55 ശതമാനമായി ഉയര്‍ന്നത് വിപണിയില്‍ മ്ലാനത പടര്‍ത്തി. മെയ് മാസം വിദേശനിക്ഷേപസ്ഥാപനങ്ങള്‍ ഏകദേശം 7791 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നു പിന്‍വലിച്ചത്.
അതുകൊണ്ടു തന്നെ ഇന്നത്തെ നേട്ടത്തെ ഒരു കുതിപ്പിനു മുന്നോടിയായി കാണാന്‍ പറ്റില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അടുത്ത മൂന്നാഴ്ചക്കുള്ളില്‍ നിഫ്റ്റി 5200 ലെവലിലേക്ക് താഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള താഴ്ച കടന്നുവന്നില്ലെങ്കില്‍ വിപണി വരും മാസങ്ങളില്‍ 5300-5500 ലെവലിനുള്ളില്‍ കുടുങ്ങികിടക്കാനാണ് സാധ്യത. തീര്‍ച്ചയായും ജൂണ്‍-സെപ്തംബര്‍ മാസത്തില്‍ ലഭിക്കുന്ന മണ്‍സൂണ്‍ മഴയും പണപ്പെരുപ്പവും എണ്ണവിലവര്‍ധനയും യൂറോപ്യന്‍ സാമ്പത്തികപ്രതിസന്ധികളും നിര്‍ണായകമാവും. പണപ്പെരുപ്പത്തിലും ക്രൂഡ് വിലയിലും സ്ഥിര സ്വഭാവം കടന്നുവരാത്തിടത്തോളം കാലം വിപണിയില്‍ ഒരു വലിയ കുതിപ്പ് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. കാര്‍ഷികവൃത്തിയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന സാമ്പത്തികവ്യവസ്ഥയാണ് ഇന്ത്യക്കുള്ളത്. നല്ല മഴ ലഭിച്ചാല്‍ നല്ല വിളവ് ലഭിക്കും. സ്വാഭാവികമായും വരുമാനം വര്‍ധിക്കുന്നതോടെ അത് വാഹനവിപണിയെയും കണ്‍സ്യൂമര്‍ ഗൂഡ്‌സ്, കമോഡിറ്റി മാര്‍ക്കറ്റുകളെയും ഉത്തേജിപ്പിക്കും.
ഒ.എന്‍.ജി.സി കമ്പനിയോടൊപ്പം ഹീറോ ഹോണ്ട മോട്ടോര്‍സ്, സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്, ഡി.എല്‍.എഫ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് കമ്പനികളുടെ ഓഹരികളാണ് ഇന്നു ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം റിലയന്‍സ് കാപ്പിറ്റല്‍, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ഐ.ടി.സി ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍ ഓഹരികള്‍ക്ക് തിരിച്ചടിയുടെ ദിവസമായിരുന്നു.
തകര്‍ച്ച തുടരുന്നു, ഇന്‍ഫോസിസിനു തിരിച്ചടി
മുംബൈ: കടുത്ത വില്‍പ്പനസമ്മര്‍ദ്ദത്തില്‍ ഓഹരി വിപണി താഴേക്ക് പതിക്കുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 164.73 പോയിന്റ് നഷ്ടത്തില്‍ 17847.24ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 45.90 കുറഞ്ഞ് 5348.95ലും ക്ലോസ് ചെയ്തു. ഒട്ടുമിക്ക മേഖലകളും ഇന്നു നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ഐ.ടി, ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി, കാപ്പിറ്റല്‍ ഗുഡ്‌സ് ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഇടിവ് സംഭവിച്ചത്.
പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിനു ഇന്നു മോശം ദിവസമായിരുന്നു. 90ഓളം പോയിന്റ് താഴ്ന്ന ഓഹരി 50.05 നഷ്ടത്തില്‍ 2795ലാണ് ക്ലോസ് ചെയ്തത്. ബി-1 ബിസിനസ് വിസ ഉപയോഗിച്ചതിനെ കുറിച്ച് അമേരിക്കന്‍ കോടതി കമ്പനിയോട് വിശദീകരണമാവശ്യപ്പെട്ട റിപ്പോര്‍ട്ടാണ് തിരിച്ചടിയായത്. ടി.സി.എസ്, വിപ്രോ എന്നീ കമ്പനികളും ഇതിന്റെ ചുവടുപിടിച്ച് താഴോട്ടുപോന്നു.
റിയാലിറ്റി കമ്പനിയായ ഡി.എല്‍.എഫിന്റെ നാലാംപാദ ലാഭത്തില്‍ 20 ശതമാനത്തിന്റെ കുറവുണ്ടായത് കമ്പനി ഓഹരി മൂല്യത്തില്‍ 4ശതമാനത്തിന്റെ ക്ഷീണമുണ്ടാക്കി. 218.95ല്‍ ട്രേഡിങ് ആരംഭിച്ച ഓഹരി 8.85 നഷ്ടത്തില്‍ വില്‍പ്പന അവസാനിപ്പിച്ചു.
അതേ സമയം ഡി ബി റിയാലിറ്റി, എംഫസിസ്, എച്ച്.എം.ടി, എന്‍.എം.ഡി.സി, ഭാരത് ഫോര്‍ജ് എന്നീ കമ്പനികള്‍ക്ക് ഇന്നു നല്ല ദിവസമായിരുന്നു. കഴിഞ്ഞ കുറെ ദിവസമായി നേട്ടമുണ്ടാക്കി കൊണ്ടിരുന്ന ശ്രീരാം ട്രാന്‍സ് ഫിനാന്‍സിനാണ് ശതമാനക്കണക്കില്‍ ഇന്നേറ്റവും നഷ്ടം സംഭവിച്ചത്. 49.50 രൂപയോളം താഴ്ന്ന് 698ലാണ് വില്‍പ്പന അവസാനിപ്പിച്ചത്. പാട്‌നി കംപ്യൂട്ടേഴ്‌സ് സിസ്, ടാറ്റ ഗ്ലോബല്‍ ബിവറേജ്, അരബിന്ദോ ഫാര്‍മ തുടങ്ങിയ കമ്പനികളും നഷ്ടപ്പെട്ടവരുടെ പട്ടികയിലെ മുന്‍നിരയില്‍ ഇടംപിടിച്ചു.
വിപണിയുടെ ഇപ്പോഴത്തെ നീക്കം വിലയിരുത്തുമ്പോള്‍ അടുത്ത രണ്ടു മൂന്നു മാസത്തിനുള്ളില്‍ 5 മുതല്‍ 10 ശതമാനം വരെ തിരുത്തലിനുള്ള സാധ്യതയാണുള്ളത്. 5340നും താഴെ വിപണി നീങ്ങുകയാണെങ്കില്‍ അടുത്ത ഏറ്റവും മികച്ച സപ്പോര്‍ട്ട് 5200ലാണുള്ളത്. യൂറോപ്പ്, അമേരിക്ക വിപണികളില്‍ നിന്നും പ്രതീക്ഷാനിര്‍ഭരമായ ഒരു വാര്‍ത്തയും ഇന്ത്യയ്ക്കു ലഭിക്കുന്നില്ല. ഇതുകൂടാതെ പണപ്പെരുപ്പം, ഇന്ധനവില വര്‍ധനവ് എന്നീ പ്രശ്‌നങ്ങളും കൂടി ചേരുന്നതോടെ തകര്‍ച്ചയുടെ വേഗം വര്‍ധിക്കുകയാണ്. മെയ് മാസം ഫ്യൂച്ചര്‍, ഓപ്ഷന്‍ വ്യാപാരത്തിന്റെ അവസാനദിവസമായ നാളെ(വ്യാഴം)വിപണിയില്‍ നേരിയ മുന്നേറ്റമെങ്കിലുമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.
സെന്‍സെക്‌സ് രണ്ടു മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍
മുംബൈ: യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നുവെന്ന റിപോര്‍ട്ടുകളും രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണാധീതമായി വര്‍ധിക്കുന്നുവെന്ന ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ വെളിപ്പെടുത്തലും ചേര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയെ രണ്ടു ശതമാനത്തോളം താഴോട്ടുവലിച്ചു. 332 പോയിന്റോളം താഴ്ന്ന സെന്‍സെക്‌സ് രണ്ടു മാസത്തിനുശേഷം 18000ല്‍ താഴെ ഏറ്റവും താഴ്ന്ന ലെവല്‍ രേഖപ്പെടുത്തി. 100 പോയിന്റിലേറെ താഴ്ന്ന നിഫ്റ്റി 5400 എന്ന ശക്തമായ സപ്പോര്‍ട്ടിങ് ലെവലും തകര്‍ത്ത് 5386.55ല്‍ ക്ലോസ് ചെയ്തു.
ഇറ്റലിയില്‍ പുതുതായി രൂപമെടുത്ത സാമ്പത്തിക പ്രതിസന്ധിയും ഉത്തേജകപാക്കേജുകള്‍ക്കുശേഷവും ഗ്രീസില്‍ തുടരുന്ന അരക്ഷിതാവസ്ഥയും വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ കാരണമായി. അരബിന്ദോ ഫാര്‍മ, ഡി.ബി റിയാലിറ്റി, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, യുനൈറ്റഡ് ബ്രിവറീസ് ലിമിറ്റഡ്, യൂനിടെക് ലിമിറ്റഡ് എന്നീ ഓഹരികളുടെ മൂല്യത്തില്‍ കാര്യമായ ഇടിവുണ്ടായി. ശ്രീ സിമന്റ്‌സ്, ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ്, ഡിവീസ് ലാബ്, ഐ.ടി.സി ലിമിറ്റഡ്, ടൈറ്റാന്‍ ഇന്ത്യ തുടങ്ങിയ കമ്പനികള്‍ കടുത്ത സമ്മര്‍ദ്ദത്തിനിടയിലും തിളങ്ങി. ഹൈദരാബാദ് യൂനിറ്റില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന പ്രതിരോധമരുന്നുകള്‍ അമേരിക്കയില്‍ നിരോധിക്കാനിടയുണ്ടെന്ന റിപോര്‍ട്ടുകളാണ് അരബിന്ദോ ഫാര്‍മയ്ക്ക് തിരിച്ചടിയായത്. 2ജി കേസിലുള്‍പ്പെട്ടവര്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം നിക്ഷേധിച്ചതാണ് ഡി ബി റിയാലിറ്റി, യൂനിടെക്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ പോലുള്ള കമ്പനികള്‍ക്ക് വിനയായത്. നാലാംപാദത്തില്‍ 327 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയ മഹീന്ദ്ര സത്യം നാലുശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി.
ഇതുവരെയുള്ള സൂചനകളനുസരിച്ച് വിപണി താഴോട്ടുപോവുകയാണ്. സാധാരണ നിക്ഷേപകര്‍ ഫ്യൂച്ചര്‍,ഓപ്ഷന്‍ ട്രേഡുകളില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. നിഫ്റ്റി 5400 ല്‍ താഴെ ക്ലോസ് ചെയ്തതിനാല്‍ 5150വരെ താഴാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഡെലിവറിയിലേക്ക് മാറ്റുന്നതിന് ആവശ്യമായ ഫണ്ടു ഉറപ്പാക്കാന്‍ കഴിയുന്ന സാധാരണനിക്ഷേപകര്‍ മാത്രം ഇന്‍ട്രാഡേയില്‍ ട്രേഡിങ് നടത്തുന്നതാണ് നല്ലത്. ട്രേഡര്‍മാര്‍ ഷോട്ടിലൂടെ പണമുണ്ടാക്കാന്‍ അനുകൂലമായ സാഹചര്യമാണ്. വ്യക്തമായ സ്റ്റോപ്പ് ലോസ് സൂക്ഷിക്കണമെന്നു മാത്രം.
വാങ്ങാവുന്ന ഓഹരികള്‍: ടാറ്റാ സ്റ്റീല്‍, ഡി.സി.ബി, എന്‍.ടി.പി.സി, മുണ്ട്രാ പോര്‍ട്ട്, സത്യം കംപ്യൂട്ടേഴ്‌സ്,ഡിഷ് ടിവി.
വാല്യു ഇന്‍വെസ്റ്റ്‌മെന്റ്
ഭൂരിഭാഗം പേരും ഓഹരി വിപണിയെ ഒരു കളിയായിട്ടാണ് കണക്കാക്കാറുള്ളത്. നീ ഷെയറില്‍ കളിച്ചു നോക്കിയിട്ടുണ്ടോ? എന്നാണ് അത്തരക്കാരുടെ ചോദ്യം പോലും. ഞാന്‍ രണ്ടു വര്‍ഷം മുമ്പ് ഒന്നു കളിച്ചു നോക്കിയതാ…ഇട്ട പണം രണ്ടു മാസം കൊണ്ട് പൊട്ടി പാളീസായി… മോനേ…ഷെയര്‍മാര്‍ക്കറ്റില്‍ കളിയ്ക്കണ്ട പണം…പോവും.. ഇതായിരിക്കും നിങ്ങള്‍ക്ക് കിട്ടുന്ന ആദ്യത്തെ ഉപദേശവും.
ആദ്യം മാറേണ്ടത്
ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നത് കളിയാണെന്ന ചിന്ത തന്നെ ഒഴിവാക്കണം. ഒരു ഫിക്‌സഡ് നിക്ഷേപകനെ പോലെ അലസനായിരിക്കാന്‍ ഓഹരി നിക്ഷേപകനു സാധിക്കില്ല. വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട നിക്ഷേപമാര്‍ഗ്ഗമാണിത്. അതിനര്‍ഥം മുഴുവന്‍ സമയം മാര്‍ക്കറ്റും നോക്കിയിരിക്കണം എന്നല്ല. ഒരു കച്ചവടക്കാരന്‍ സ്വാഭാവികമായി ചെയ്യുന്ന രീതി തന്നെ സ്വീകരിക്കണം. മഴക്കാലം വരുന്നു ആ സാധനത്തിനു വില കൂടും.. ഉത്തരേന്ത്യയില്‍ മഴ കുറവാണ് കിട്ടിയത്…അടുത്ത മാസം അതിനു വിലകൂടും. ഓണമാണ് വരുന്നത്..വിപണിയില്‍ ആവശ്യമുള്ള സാധനങ്ങള്‍ ഇതൊക്കെയായിരിക്കും. ഇത്തരത്തില്‍ ചില മുന്‍വിധികളോടെയും മുന്‍കരുതലോടെയും വിപണിയെ സമീപിക്കണം. എന്നാല്‍ നമ്മുടെ കണക്കുകൂട്ടലുകള്‍ക്കപ്പുറവും വിപണിയില്‍ തകര്‍ച്ചകള്‍ വന്നേക്കാം.. ഇവിടെയാണ് വാല്യു ഇന്‍വെസ്റ്റ്‌മെന്റിന്റെ സാധ്യത.
എന്താണ് വാല്യു ഇന്‍വെസ്റ്റ്‌മെന്റ്
വിപണിയില്‍ അന്നന്നത്തെ താളത്തിനനുസരിച്ച് ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഡേ ട്രേഡിങ് അങ്ങേയറ്റം അപകടം നിറഞ്ഞതും പണം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലുള്ളതുമാണ്. സാധാരണ നിക്ഷേപകര്‍ ഇതില്‍ നിന്നു വിട്ടുനില്‍ക്കുകയാണ് വേണ്ടത്.
നല്ല കമ്പനികളുടെ ഓഹരികള്‍ വിലകുറഞ്ഞ സമയത്ത് വാങ്ങി വയ്ക്കുകയും അത് മികച്ച വിലയിലെത്തുമ്പോള്‍ കൊടുത്തൊഴിവാക്കുകയും ചെയ്യുന്ന രീതിയാണ് വാല്യു ഇന്‍വെസ്റ്റ് മെന്റ്. ചുരുങ്ങിയത് ആറു മാസമെങ്കിലും കൈവശം വച്ച് വില്‍ക്കുന്നതിനെ നമുക്ക് ഈ കൂട്ടത്തില്‍ പെടുത്താം. പക്ഷേ, വിപണിയെ കരുതലോടെ നോക്കിയിരുന്ന് ക്ഷമയോടെ കാത്തിരിക്കുന്ന നിക്ഷേപകരാണ് പലപ്പോഴും ക്ലിക്കാവുന്നത്. ഇന്‍ഫോസിസിന്റെയും മണപ്പുറത്തിന്റെ ഓഹരികള്‍ പത്തുവര്‍ഷം മുമ്പ് വെറും പതിനായിരം രൂപയ്ക്കു വാങ്ങിവച്ചവര്‍ ഇന്നു ലക്ഷപ്രഭുക്കളാണെന്ന കാര്യം ഇതിനോടൊപ്പം കൂട്ടി വായിക്കണം.
മികച്ച പ്രവര്‍ത്തന പാരമ്പര്യം, കഴിവുതെളിയിച്ച പ്രമോട്ടര്‍മാര്‍,തുടര്‍ച്ചയായി ലാഭത്തില്‍ നീങ്ങി കൊണ്ടിരിക്കുകയോ അല്ലെങ്കില്‍ മുന്നോട്ടുകുതിക്കുകയോ ചെയ്യുന്ന കമ്പനികള്‍ ഇവ കണ്ടെത്തുന്നതില്‍ സാധാരണ നിക്ഷേപകന്‍ പലപ്പോഴും പരാജയപ്പെടും. ഉചിതമായ ഓഹരി ശരിയായ സമയത്ത് കണ്ടെത്തുന്നതിലാണ് പലരും പരാജയപ്പെടുന്നത്. ശരിയായ ഓഹരി,,, ശരിയായ സമയത്തു വാങ്ങിയാല്‍, അത് എത്ര കാലം കാത്തുസൂക്ഷിക്കുന്നതിലും തെറ്റില്ല.
വിപണിയില്‍ നിന്ന് എത്ര ലാഭം കിട്ടും
വിപണിയില്‍ അത്യാഗ്രഹം പാടില്ല. എങ്കിലും ചുരുങ്ങിയത് ഒരു വര്‍ഷം മുടക്കുമുതലിന്റെ 20 ശതമാനം ലാഭം ഉറപ്പാക്കാനാവും. കൂടുതല്‍ കരുതലോടെ ചെയ്യുകയാണെങ്കില്‍ 30 മാസം കൊണ്ട് മുടക്കു മുതല്‍ ഇരട്ടിയാക്കാനാവുമെന്ന് ഉറച്ച വിശ്വാസം എനിക്കുണ്ട്. ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് 30 മാസം കൊണ്ട് അത്ര തന്നെ ഉണ്ടാക്കാമെന്നു ചുരുക്കം. മാസത്തില്‍ 4000 തരാം, 5000തരാം, 7000തരാം, പതിനായിരം തരാമെന്നു പറഞ്ഞു പ്രലോഭനവുമായി വരുന്നവരെ ശ്രദ്ധിക്കുക. ഇത് ഓഹരി വിപണിയിലാണ്. താല്‍ക്കാലിക ലാഭത്തിനു വേണ്ടി ശ്രമിക്കുമ്പോഴാണ്
www.shinod.in
വിപണിയില്‍ വീണ്ടും വെള്ളി വെളിച്ചം
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായി മൂന്നാമത്തെ വെള്ളിയാഴ്ചയും നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 184.69 പോയിന്റ് നേട്ടത്തില്‍ 18326.09ലും നിഫ്റ്റി 58.25ന്റെ മെച്ചത്തില്‍ 5486.35ലും വില്‍പ്പന അവസാനിപ്പിച്ചു. പക്ഷേ, ഈ ആഴ്ച മൊത്തം വിലയിരുത്തുകയാണെങ്കില്‍ സെന്‍സെക്‌സിലും നിഫ്റ്റിയിലും ഒരു ശതമാനത്തിലധികം നഷ്ടം സംഭവിച്ചിട്ടുണ്ട്. ലാര്‍സണ്‍ ആന്റ് ടര്‍ബയോടെ മികച്ച നാലാം പാദഫലം ഇന്നും വിപണിയില്‍ ചലനങ്ങളുണ്ടാക്കി. ഓഹരി ഇന്നു മാത്രം 3.5 ശതമാനത്തിന്റെ വര്‍ധനവാണ് നേടിയത്. വോള്‍ട്ടാസ്, അശോക് ലെയ്‌ലന്റ്, ശ്രീ സിമന്റ്, ഐ.ഡി.എഫ്.സി, മാംഗ്ലൂര്‍ റിഫൈനറീസ് ഓഹരികള്‍ക്ക് ഇന്നു നാലുശതമാനത്തിലധികം മൂല്യം കൂടിയപ്പോള്‍ സണ്‍ടിവി, ജിന്‍ഡാല്‍ സോ, ജെയിന്‍ ഇറിഗേഷന്‍, കോള്‍ ഇന്ത്യ, ഹിന്ദ് കോപ്പര്‍ ഓഹരികള്‍ക്ക് ഇന്നു നഷ്ടത്തിന്റെ ദിവസമായിരുന്നു.
എല്‍ ആന്‍ ടിയ്ക്കു പിറകെ ഐ.ടി.സിയുടെ മികച്ച പ്രവര്‍ത്തനഫലം വിപണിയില്‍ ചില ശുഭസൂചനകള്‍ നല്‍കിയെങ്കിലും ഓയില്‍ സബ്‌സിഡികള്‍ വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിപണിയെ പിന്നോട്ടുവലിച്ചു. വില്‍പ്പന സമ്മര്‍ദ്ദം ഏറ്റവും കൂടുതല്‍ പ്രകടമായത് ഒ.എന്‍.ജി.സി, ഐ.ടി.സി ഓഹരികളിലാണ്.33 ശതമാനമുണ്ടായിരുന്ന സബ്‌സിഡി വിഹിതം 38 ശതമാനമായി ഉയര്‍ത്തിയതാണ് ഒ.എന്‍.ജി.സിക്ക് തിരിച്ചടിയായത്. അതേ സമയം മികച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ലാഭമെടുക്കാന്‍ നടത്തിയതാണ് ഐ.ടി.സിക്ക് തിരിച്ചടിയായത്.