ചാനലില്‍ സംഭവിച്ചത്, അതില്‍ അത്ര പുതുമയൊന്നുമില്ല

ആരെ ജോലിക്കെടുക്കണമെന്നത് 100 ശതമാനവും മുതലാളിയുടെ വിവേചനാധികാരത്തിന് വിധേയമാണ്. തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചു തന്നെ ഒരു ജീവനക്കാരനെ മുതലാളിക്ക് എളുപ്പത്തില്‍ പിരിച്ചു വിടാന്‍ സാധിക്കുമെന്നിരിക്കെ അവകാശങ്ങളെ ഇനി നമുക്ക് അധികം പൊക്കിപിടിയ്ക്കാനാകില്ല.. നാളെ ഇതു തന്നെയായിരിക്കും കേരളത്തിലെയും തൊഴില്‍ സംസ്കാരം. വീണ്ടും കൊടിപിടിച്ച് നേടാമെന്ന് സ്വപ്നം കാണണ്ട.

ഒരു തൊഴിലാളിക്ക് ജോലിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിവു മാത്രം പോരാ എന്നതാണ് സ്ഥിതി. അതോടൊപ്പം കഠിനാധ്വാനം ചെയ്യാനുള്ള ഒരു പോസിറ്റീവ് മനസ്സും വേണം. മുതലാളി ഓരോ വര്‍ഷവും കൂട്ടിവെയ്ക്കുന്ന ലാഭകണക്കില്‍ പരാതിയില്ലാതെ സമയം നോക്കാതെ ജോലി ചെയ്തു കൊണ്ടിരിക്കാനുള്ള ഒരു ആറ്റിറ്റ്യൂഡ് വേണം. കഴിഞ്ഞ പേജിലെ കണക്കുകള്‍ എളുപ്പം മറക്കുന്ന മൂരാച്ചിമാരാണ് മുതലാളിമാര്‍. പുതിയ കണക്ക് എത്തിക്കാന്‍ നമ്മളെ കൊണ്ട് പറ്റില്ലെന്നു കണ്ടാല്‍ കറിവേപ്പില പോലെ വലിച്ചെറിയും. നമ്മുടെ അത്രയും കാലത്തെ അധ്വാനമൊന്നും അവരുടെ ലാഭ സ്വപ്‌നത്തിനു മുന്നില്‍ വിലങ്ങ് തടി തീര്‍ക്കില്ല. ഇവിടെ മാനേജര്‍മാര്‍ പോലും ലാഭകണക്കിലെത്തിക്കാനുള്ള ടൂളുകള്‍ മാത്രമാണ്. അതുകൊണ്ട് എപ്പോഴും അപ് ഡേറ്റായിരിക്കുക. ബുദ്ധിപരമായി ജോലി ചെയ്യുക.

കോര്‍പ്പറേറ്റ് കമ്പനികളിലെ ജോലി
ഒരാളെ ജോലിക്കെടുക്കും. ആദ്യ വര്‍ഷം അയാളെ ആവുന്നത്ര പ്രോത്സാഹിപ്പിക്കും. കൂടെ ഒരു പ്രമോഷനും. രണ്ടു വര്‍ഷമാകുമ്പോഴേക്കും കമ്പനിയെ കുറിച്ച് അല്ലാതെ മറ്റൊന്നും ചിന്തിക്കാനാവാതെ കെട്ടിയിടും. ഇതിനിടയില്‍ ടാര്‍ജറ്റ് ഇരട്ടിയാക്കിയിരിക്കും. അടുത്ത വര്‍ഷമാകുമ്പോഴേക്കും വീണ്ടും ഇരട്ടി. മുതലാളി രാത്രി ഉറങ്ങി കിടക്കുമ്പോള്‍ സ്വപ്‌നം കാണുന്ന ലാഭത്തിനനുസരിച്ച് നമ്മുടെ ടാര്‍ജറ്റും കൂടി കൊണ്ടേയിരിക്കും. അവസാനം ജോലി നഷ്ടപ്പെടുന്ന ആധിയും ജോലിയുടെ ഭാരവും കുടുംബസംബന്ധമായ മറ്റു ടെന്‍ഷനും ചേര്‍ന്നുണ്ടാക്കുന്ന വ്യാധികളില്‍ കിതച്ചു നില്‍ക്കുമ്പോള്‍ ടെര്‍മിനേഷന്‍ ലെറ്റര്‍ നമുക്ക് മുന്നിലേക്ക് നീട്ടി തരും.  ഈ ബോധത്തോടെ ജോലിയെ സമീപിക്കുന്പോള്‍ എല്ലാം ശരിയാകും. .

അസെസ്സ്‌മെന്റ് കലാപരിപാടി
എല്ലാ വര്‍ഷവും മുതലാളിയുടെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന കലാപരിപാടിയാണ് അസെസ്‌മെന്റ്. ഒരു കൊല്ലത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്നവര്‍ക്ക് ടെര്‍മിനേഷന്‍ ലെറ്റര്‍ കൊടുക്കാനാണ് മുതലാളി പറയുക. ഇത് അനുസരിക്കുക മാത്രമായിരിക്കും അതാത് ടീമിനെ നയിക്കുന്ന മാനേജര്‍മാര്‍ക്ക് മുന്നിലുള്ള വഴി.. കാരണം അയാള്‍ക്ക് അയാളുടെ ജോലി സംരക്ഷിക്കേണ്ടതുണ്ട്.

എന്നാല്‍ കേരളത്തിലെ തൊഴില്‍ മേഖലയില്‍ ഇപ്പോഴും യൂനിയന്‍ സംസ്‌കാരവും അവകാശവാദവും ശക്തമാണെന്ന് പറയാം. കേരളത്തിനുള്ളില്‍ നിന്നു നോക്കുമ്പോള്‍ ന്യൂസ് 18ലെ പിരിച്ചുവിടല്‍ അധാര്‍മികമാണെന്ന് തോന്നിയേക്കാം. എന്നാല്‍ കേരളത്തിനു പുറത്തുള്ള തൊഴില്‍ സംസ്‌കാരത്തില്‍ ഇത്തരം പുറത്താക്കലുകള്‍ പുത്തരിയല്ല. ഇനി മറ്റൊരു കാര്യം. പുറത്താക്കപ്പെട്ടവര്‍ കോടതിയെ സമീപിച്ചാല്‍ പോലും രക്ഷയില്ല. കാരണം എല്ലാം നിലവിലുള്ള നിയമങ്ങള്‍ അനുസൃതമായിരിക്കും. കാരണം കാണിക്കല്‍ നോട്ടീസ്, പിരിച്ചുവിടുന്നതിനുള്ള മുന്‍കൂര്‍ നോട്ടീസ്, ശമ്പളം എല്ലാം കൃത്യമായിരിക്കും. പിന്നെ ആകെയുള്ള വഴി ചില ക്രിമിനല്‍ കേസുകളും തൊഴില്‍ കേസുകളും തമ്മില്‍ കൂട്ടികുഴയ്ക്കുകയാണ്.

വാല്‍ക്കഷണം: കേരളത്തില്‍ 15 വര്‍ഷം വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടാണ് പുതിയ താവളത്തിലെത്തിയത്. തുടക്കത്തില്‍ ശരിയ്ക്കും ശ്വാസം മുട്ടിയിരുന്നു. പൊരുത്തപ്പെടാനാകാത്ത ഒട്ടേറെ കാര്യങ്ങള്‍. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്പ് ജോയിന്‍ ചെയ്യുമ്പോഴുള്ള ടാര്‍ജറ്റിന്റെ എത്രയോ മടങ്ങ് അധികമാണ് ഇപ്പോഴുള്ളത്. ഒരിക്കലും സ്വന്തം ജോലി പോകുന്നതിനെ കുറിച്ച് വേവലാതിപ്പെട്ടിരുന്നില്ല. കൂടെയുള്ളവരെ സംരക്ഷിക്കാനാണ് ശ്രമിക്കാറുള്ളത്. ഈ വര്‍ഷത്തെ അസെസ്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ മൂന്നു പേര്‍ക്ക് ടെര്‍മിനേഷന്‍ ലെറ്റര്‍ കൊടുക്കാനാണ് മാനേജ്‌മെന്റ് അറിയിച്ചത്. ഇക്കാര്യം അവരെ ഞാന്‍ അറിയിക്കുക പോലും ചെയ്തിട്ടില്ലെന്നതാണ് സത്യം. കാരണം ആറ്റിറ്റ്യൂഡിന് പ്രാധാന്യം കൊടുക്കുന്ന ഒരു മാനേജരാണ് ഞാന്‍.  അവരെ മുന്നോട്ടുകൊണ്ടുവരാനും ഗ്യാപ്പ് നികത്താനും കഴിയുമെന്ന എന്‍റെ വിശ്വാസം ജയിക്കുക തന്നെ ചെയ്യും.

ടാര്‍ജറ്റ് എന്റെ ബാധ്യതയാണ് അതു ഞാന്‍ എത്തിക്കുക തന്നെ ചെയ്യുമെന്ന വാദമാണ് അവര്‍ക്ക് മുന്നില്‍ വെച്ചത്. ഇതിന്റെ മുഴുവന്‍ സമ്മര്‍ദ്ദവും നമുക്കു മുന്നിലുണ്ടാകും. അത് അനുഭവിക്കാന്‍ തയ്യാറായിട്ടു തന്നെയാണ് ആ റിസ്ക് ഏറ്റെടുത്തത്. തീര്‍ച്ചയായും ഒരു രക്ഷയുമില്ലെങ്കില്‍ മാത്രമേ കൂടെയുള്ളവരെ കൈവിടാവൂവെന്നു മാത്രമേ ന്യൂസ് 18 വിഷയത്തില്‍ പറയാനുള്ളൂ. അതേ സമയം നിരക്കാത്ത രീതിയില്‍ സംരക്ഷിക്കേണ്ട കാര്യവും ഇല്ല. നമ്മുടെ പൊസിഷന്‍ മാന്യമായി തന്നെ അവരെ അറിയിക്കുകയും അവരില്‍ നിന്നു തന്നെ രാജി വാങ്ങുകയുമാണ് അതിന്‍റെ മര്യാദ. അതിനിടയില്‍ പൊളിറ്റിക്സ് കളിയ്ക്കുന്നതിനോട് യോജിപ്പില്ല..മാനേജര്‍മാരും ജീവനക്കാര്‍ മാത്രമാണ്.

ടീം വര്‍ക്കിലാണ് കാര്യം. അതേ സമയം കൊള്ളരുതാത്ത ഒരു ജീവനക്കാരനോട് വളരെ സ്നേഹത്തോടെ തന്നെ നമ്മള്‍ മാച്ചായി വരില്ല. താങ്കള്‍ക്ക് പുതിയ മേച്ചില്‍പ്പുറം തേടാമെന്ന് പറയുന്നതിനും ഇത്രയും കാലത്തിനിടയില്‍ മടി കാണിച്ചിട്ടില്ല. എന്നാല്‍ എല്ലാ വ്യക്തികള്‍ക്കും കഴിവുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ ഇതുവരെ രണ്ടു മൂന്നു പേരോട് മാത്രമേ പറയേണ്ടി വന്നിട്ടുള്ളൂ.

‘മാധ്യമ ജീവികൾ’, അത് എത്രതരം?

1 ലോക്കൽ വാർത്തകളും ചരമപേജും പ്രസ് ക്ലബ്ബും പ്രസ് മീറ്റുമായി ഉരുണ്ട് പോകുന്നവർ. ഇവർക്ക് പോളിസിപരമായ പ്രശ്നങ്ങളൊന്നും ഇല്ല. ഇവരുടെ ഏറ്റവും വലിയ ക്രിയേറ്റിവിറ്റി സ്വന്തം ഗ്രൂപ്പിന്റെ തന്നെ പിരിയോഡിക്കൽസിലേക്കും സപ്ലിമെന്റിലേക്കും ആർട്ടിക്കിൾ എഴുതുകയെന്നതാണ്. വലിയ വലിയ കാര്യങ്ങളിൽ ഇവർക്ക് താത്പര്യം കാണില്ല. വലിയ ആദർശം പറഞ്ഞു വരില്ല. പിന്നെ ഇനി ആദർശം പറഞ്ഞാലും വലിയ കുഴപ്പമില്ല. കാരണം അവർക്ക് അത്തരം വലിയ വലിയ കാര്യങ്ങളിൽ ഇടപെടേണ്ട സാഹചര്യം കുറവായിരിക്കും.

2 മാനേജ്മെന്റുമായി ഒട്ടി ജീവിക്കുന്ന ചിലർ. സ്പെഷ്യൽ സ്റ്റോറികളും സ്ഥാനങ്ങളും മാനേജ്മെന്റിന്റെ കാതു കടിച്ചു തിന്ന് വാങ്ങും. മാധ്യമപ്രവർത്തകർ എന്ന നിലയിൽ പൊതു സമൂഹം ശ്രദ്ധിക്കും. വലിയ വലിയ കാര്യങ്ങളിൽ വലിയ വലിയ അഭിപ്രായം പറയും. പക്ഷേ, അടിസ്ഥാന പ്രവർത്തനം കുത്തിത്തിരിപ്പും കുതികാൽവെട്ടും മണിയടിയും. നിർഭാഗ്യവശാൽ ഇക്കൂട്ടരാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. എവിടെയും ഇവരുടെ ലക്ഷ്യം അധികാരമാണ്. പ്രസ് ക്ലബ്ബിലാണെങ്കിൽ പോലും. നല്ല കളിക്കാരാണിവർ. പേരിനും പ്രശസ്തിക്കുമായി ഇവർ എന്തും ചെയ്യും.

3 ആദർശത്തിന്റെ സൂക്കേടുള്ള അപൂർവം ചില ജന്മങ്ങളുണ്ട്. പണ്ട് കാലത്ത് ഇവരായിരുന്നു റോൾ മോഡൽസ്. എന്നാൽ ഇക്കാലത്ത് അവർ പണിക്ക് കൊള്ളാത്തവരാണെന്ന ലേബലാണുണ്ടാവുക.. വംശനാശം വന്നു കൊണ്ടിരിക്കുന്ന ഈ വിഭാഗം ഇന്ന് നവ മാധ്യമങ്ങളിൽ ഏറെ സജീവമാണ്. ഒരു സ്ഥാപനത്തിലും ഉറച്ചു നിൽക്കാത്ത ഇത്തരക്കാർക്ക് ഈഗോ വളരെ കൂടുതലായിരിക്കും. സിസ്റ്റവുമായി സമരസപ്പെട്ടു പോകുന്ന ഒരു മനസ്സായിരിക്കില്ല ഇവരുടെത്. മാനേജ്മെന്റിന്റെ കണ്ണിലെ കരടും ടെർമിനേറ്റ് ചെയ്യാൻ കമ്പനി ആഗ്രഹിക്കുന്നവരുടെ ലിസ്റ്റിലെ മുൻനിരക്കാരും ആയിരിക്കും. ചിലരൊക്കെ സ്വന്തം ബ്ലോഗുകളും പോർട്ടലുകളുമായി കഴപ്പ് തീർക്കുന്നു.

എന്നാൽ രസകരമായ കാര്യം. ഈ മൂന്നാം വിഭാഗമല്ല മംഗളം വിഷയത്തിൽ ഏറെ ഉറഞ്ഞു തുള്ളിയത്.