Category Archives: personal

ഇന്നും ആറൂ രുപ പോയി, പക്ഷേ, എനിക്ക് സന്തോഷമായി

പണ്ട് നമ്മള്‍ കടയില്‍ പോവുക ഒരു സഞ്ചിയുമായാണ്. വാങ്ങിയ സാധനങ്ങളെല്ലാം അതിലിട്ട് തൂക്കി പിടിച്ചോ തോളില്‍ വെച്ചോ തിരിച്ചു പോരും. സഞ്ചിയെടുക്കാന്‍ മറന്നാല്‍ പലപ്പോഴും നമ്മള്‍ തിരിച്ചു പോകും. തുറക്കാന്‍ കഴിയാത്ത റെയ്‌നോള്‍ഡ് പെന്‍ ഉപയോഗിക്കുമ്പോഴും നമ്മള്‍ കടയില്‍ പോകുമ്പോള്‍ സഞ്ചിയെടുത്തിരുന്നു. യൂസ് ആന്റ് ത്രോ രീതി എന്നു മുതലാണ് ഒരു “ഫാഷനായി’ മാറിയതെന്ന് അറിയില്ല.

ബാംഗ്ലൂര്‍ നഗരത്തിലെത്തിയതോടെ പൈസയെടുക്കുന്ന ശീലവും മാറി. പഴ്‌സില്‍ ഒരു നൂറു രൂപ നോട്ടുണ്ടെങ്കില്‍ ആഴ്ചകളോളം അത് അനങ്ങാതെ അവിടെ ഇരിയ്ക്കുന്നുണ്ടാകും.. എല്ലാത്തിനും കാര്‍ഡായി. ചുരുക്കത്തില്‍ സാധനം വാങ്ങാന്‍ പോകുന്നത് കൈയില്‍ സഞ്ചിയോ പൈസയോ ഇല്ലാതായി മാറി.

ടണ്‍ കണക്കിന് പ്ലാസ്റ്റിക് കവറുകള്‍ കുമിഞ്ഞു കൂടാന്‍ തുടങ്ങിയതോടെയാണ് ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ ആ കടുത്ത തീരുമാനമെടുത്തത്. എല്ലാ രൂപത്തിലുള്ള പ്ലാസ്റ്റിക് കവറുകളും ഡിസ്‌പോസിബിള്‍ പാത്രങ്ങളും തെര്‍മോകോള്‍ പാത്രങ്ങളും നിരോധിച്ചു. തിക്ക്‌നസ് നോക്കിയുള്ള വിലക്കല്ല. പരിപൂര്‍ണമായ നിരോധനമാണ് ലക്ഷ്യമിടുന്നത്. നഗരത്തിലെ പ്രമുഖ സ്ഥാപനങ്ങളെല്ലാം തന്നെ ഇതിനോട് അനുകൂലമായാണ് പ്രതികരിക്കുന്നത്.

സഞ്ചിയെടുക്കാതെയുള്ള യാത്ര ശീലമായതിനാല്‍ തുണി സഞ്ചി പലപ്പോഴും പണം കൊടുത്തു വാങ്ങേണ്ടി വരുന്നു.. ആറു രൂപ.. പക്ഷേ, ഇത് കൊടുക്കുമ്പോള്‍ ഒരു സന്തോഷമുണ്ട്.. നാളെയെ കുറിച്ച് ഒരു പ്രതീക്ഷയുണ്ട്. സഞ്ചിയെടുത്ത് വണ്ടിയില്‍ വെയ്ക്കണമെന്ന തീരുമാനമുണ്ട്. ബിബിഎംപിക്ക് നന്ദി..ധീരതയോടെ നടപ്പാക്കൂ…ദീര്‍ഘവീക്ഷണമുള്ള നല്ലൊരു നീക്കം…

വാല്‍ക്കഷണം-പ്ലാസ്റ്റിക് കവറുമായി പിടിച്ചാല്‍ ബാംഗ്ലൂരില്‍ 500 രൂപയാണ് പിഴ . വാങ്ങുന്നവരും വില്‍ക്കുന്നവരും ഒരു പോലെ കുറ്റക്കാരാണ്. വീണ്ടും പിടിച്ചാല്‍ പിഴ ആയിരം രൂപയാകും. കേരളം പോലെയല്ല, കവര്‍ ഉണ്ടാക്കുന്നവര്‍ക്കും പിഴയുണ്ട്. ചെറുതൊന്നുമല്ല, അഞ്ച് ലക്ഷത്തോളം.

സാമൂഹ്യമാധ്യമം വ്യക്തിത്വത്തിന്റെ മാനകമാകുമ്പോള്‍

നീ എന്താണ് കരുതുന്നത്. ഞങ്ങളെല്ലാം പൊട്ടന്മാരാണെന്നോ? ഒരു നൂലിന് അടങ്ങിക്കാണ്ടീ..നീ തന്നെ ഒന്നു ആലോചിച്ചു നോക്കൂ..ഇത്തിരി ഓവറല്ലേ…? ഒരു പ്രമുഖ പാര്‍ട്ടിയുടെ സമ്മേളനം നടന്നു കൊണ്ടിരിക്കെ അടുത്ത ബന്ധുവിന്റെ ഒത്തിരി അമര്‍ഷത്തോടെയുള്ള ചോദ്യം ഇതായിരുന്നു.

കാരണം ഫേസ്ബുക്കിലെ എന്റെ പല പോസ്റ്റുകളും അയാളെ അത്രമാത്രം വിറളി പിടിപ്പിച്ചിരുന്നു. ബന്ധുവല്ലെങ്കില്‍ ഞാന്‍ പ്രതികരിക്കുന്നത് രൂക്ഷമായിട്ടായിരിക്കും…താങ്കള്‍ എന്റെ പോസ്റ്റ് സഹിക്കണ്ട, അണ്‍ഫ്രണ്ട് ചെയ്യാനുള്ള ഓപ്ഷനുണ്ടല്ലോ..എന്ന ചോദ്യമായിരിക്കും എന്റെ നാവില്‍ നിന്ന് ആദ്യം ഉയരുക. പക്ഷേ, പാപ്പനായി പോയില്ലേ..അതുകൊണ്ട് അതു ഞാനങ്ങ് ചെയ്തു.

ഫേസ്ബുക്കിലെ തല തിരിഞ്ഞ പോസ്റ്റുകള്‍ക്കെതിരേ ആദ്യം കലാപം ഉയര്‍ത്തിയത് സന്ദീപാണെന്നാണ് എന്റെ ഓര്‍മ, പിന്നീട് അത് ഷഹീറും അനിയന്‍ ഷാജനും ഏറ്റെടുത്തു. ചിലപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക്, അധികസമയവും ബിജെപിക്ക്, മോദിക്ക്, അപൂര്‍വം ചില സമയങ്ങളില്‍ ഇടതുപക്ഷത്തിന്…പലപ്പോഴും പിണറായിക്കെതിരേ.എടോ മനുഷ്യാ തനിക്ക് നിലപാടൊന്നും ഇല്ലേ...? ഇതില്‍ തന്നെ സന്ദീപും ഷഹീറും ഞാന്‍ കൈവിട്ടുപോയെന്ന് മുദ്രകുത്തുകയും ചെയ്തു.

ഇതില്‍ മുകളില്‍ പറഞ്ഞ രണ്ടു പ്രശ്‌നങ്ങളെയും ഞാന്‍ കാര്യമായെടുത്തുരുന്നില്ല. കാരണം എനിക്ക് എന്റെതായ ലോജിക്കുണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഫേസ്ബുക്ക് വെറുമൊരു കളിക്കോപ്പ് മാത്രമായിരുന്നു. ഒരു ലിറ്റ്മസ് ടെസ്റ്റ് പേപ്പര്‍. ഈ പരീക്ഷണങ്ങള്‍ എന്റെ തൊഴിലിനെ വളരെയധികം സഹായിച്ചിട്ടുണ്ട്.

ട്വിറ്ററിലാണ് കുറച്ചെങ്കിലും വാര്‍ത്താമൂല്യമുള്ള കാര്യങ്ങള്‍ പോസ്റ്റ് ചെയ്യാറുള്ളത്. എന്നാല്‍ അപൂര്‍വം ചില നിമിഷങ്ങളിലാണല്ലോ നമുക്ക് ലൈറ്റ് കത്തുക. കഴിഞ്ഞ ദിവസം ഷഹീറും റാല്‍സണും സംയുക്തമായി നടത്തിയ ഉപദേശം ചില മാറ്റങ്ങള്‍ക്ക് എന്നെ പ്രേരിപ്പിച്ചു. അതുകൊണ്ട് ഫേസ്ബുക്കും ഇനി ട്വിറ്റര്‍ കൈകാര്യം ചെയ്യുന്ന പോലെ ഉപയോഗിക്കാന്‍ തീരുമാനിച്ചു.

മൂലധന താല്‍പ്പര്യങ്ങളെ സ്വന്തം വാളിലേക്ക് വലിച്ചിഴയ്‌ക്കേണ്ടെന്ന് തീരുമാനിച്ചു. അതുകൊണ്ട് എന്റെ ഇതുവരെയുള്ള പോസ്റ്റുകള്‍ കണ്ട് എന്നെ ലൈക്കിയവരുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സലാം സലാം. ഇനിയുള്ള പോസ്റ്റുകള്‍ ഓരോ വിഷയത്തിലുമുള്ള വ്യക്തിപരമായ നിലപാടുകളാക്കാന്‍ പരമാവധി നോക്കും. പ്രൊഫൈലും പേജും നല്ലതുപോലെ കൊണ്ടു നടക്കാമെന്നു സ്വപ്‌നം കാണുന്നു. അനസ് എന്നോട് ഒരിക്കല്‍ ചോദിച്ചു..ടോ തനിക്കെന്തു പറ്റിയെന്ന്…25 വര്‍ഷം മുമ്പുള്ള കൂട്ടുകാരനുപോലും മനസ്സിലാകാത്ത ഫേസ്ബുക്ക് പരീക്ഷണം ഇനി വേണ്ടെന്നു കരുതുന്നത് ഒരു തോല്‍വിയല്ല, ഒരു തിരിച്ചറിവാണ്.

പേജ്-https://www.facebook.com/shinodnews

 

ഈ തീരുമാനം, ഓണം സ്‌പെഷ്യല്‍

ന്യൂഇയറിന് പലപ്പോഴും കടുത്ത തീരുമാനങ്ങളെടുക്കാറുണ്ട്…അത് ഫെബ്രുവരിയെത്തും മുമ്പെ അലിഞ്ഞുതീരുമെന്നു മാത്രം. ഇഷ്ടമുള്ളത് കൂടുതല്‍ കഴിയ്ക്കുന്ന ശീലമുണ്ട്.

എല്ലാവരും അങ്ങനെ തന്നെയാകും. പക്ഷെ, നമ്മുടെ ശരീരത്തിന് അത് തീരെ പിടിയ്ക്കുന്നില്ല. എല്‍ഡിഎല്‍ റോക്കറ്റ് വേഗത്തിലാണ് ഉയരുന്നത്. പ്രഷര്‍ മൂലമാണിതെന്ന് തെളിഞ്ഞതോടെ സംഗതി ഗുരുതരമായി. ചെറിയ ടെന്‍ഷന്‍ ഇല്ലാതില്ല. അതുകൊണ്ട് ആറുമാസത്തിലൊരിക്കല്‍ ഇത്തിരി പരിശോധനകള്‍ നടത്തും. ചിലപ്പോള്‍ അത് മൂന്നു മാസത്തിലൊരിക്കലാകും.

ഇതൊക്കെ പറയുന്നത് എന്തിനാണെന്നല്ലേ..? തിരുവോണത്തിന് ശേഷം നോണ്‍ പാടെ അങ്ങ് ഉപേക്ഷിക്കുമെന്ന പ്രഖ്യാപനം നടത്തി കഴിഞ്ഞു. എട്ടുകൊല്ലമായി നിങ്ങളെ കാണുന്നുവെന്ന് ഭാര്യയുടെ വീരവാദം. കുട്ടികള്‍ക്ക് അത്യാവശ്യം മീനൊക്കെ കൊടുക്കണമെന്ന യുക്തിവാദവും. എന്തായാലും കാത്തിരുന്നു കാണാം…
വാല്‍ക്കഷണം: ചിക്കന്‍ കടിച്ചുവലിക്കുമ്പോള്‍ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചു പറഞ്ഞ്…ആരും പോളിങ് കുറയ്ക്കാന്‍ നോക്കരുത്.

കാ കാ കാഗെ

കാഗെയൊന്തു ഹാരിതു
മരതമേലെ കുളിതിതു
ഹുല്ലു കഡി തന്തിതു
ഗൂഡൊനൊന്തു കെട്ടിതു

മുട്ടകളെന്നു ഇട്ടിതു
കാവനതകെ കൊട്ടിതു
മൊട്ടെയൊടതു ഹോയിതു
മറിയു ഹൊറകെ ബന്തിതു

മറികെ ഗുട്ടു നീട്ടിതു
ഹാരലികെ കലിസിതു
റെക്കെ ബിച്ചി ഹാരിതു
കാ കാ കൂകിതു

എല്ലാവരും എവിടെയൊക്കെയോ…..

വര്‍ത്തമാനത്തിന്റെ തുടക്കകാലം… സംസാരിക്കുന്നത് എന്‍പി മുഹമ്മദോ സുകുമാര്‍ അഴീക്കോടോ പിജെ മാത്യുസാറോ എന്‍പി ഹാഫിസ് മുഹമ്മദോ ആണ്… ക്ലാസ്സിലിരിക്കുന്നവര്‍ ഇന്ന് കേരളത്തിലെ വിവിധ മാധ്യമങ്ങളില്‍.. സ്വന്തമായി ബിസിനസ്സ് നടത്തുന്നവരും സര്‍ക്കാര്‍ ജോലിയിലിരിക്കുന്നവരും ഉണ്ട്.

അഷ്‌റഫ് തൂണേരി, ഗീന, സ്മിത, രഹ്ന അന്‍വര്‍ അബ്ദുള്ള, കബനി, അജീഷ്, ബിജുകുമാര്‍, സതീഷ് ഇത്തിക്കാട്, എന്‍പി സക്കീര്‍, ദീജു ശിവദാസ്, പ്രസാദ് രാമചന്ദ്രന്‍, സുരേഷ് സക്കീര്‍ ഹുസൈന്‍, അഫ്‌സല്‍, പ്രദീപ്, ജോര്‍ജ്, അബി, ജയകുമാര്‍, രഞ്ജിത്, ജാബിര്‍, ഷനില്‍, സമദ്, ഫൈസല്‍, ചിത്ര, പ്രദീപ്, മഹേഷ് ഗുപ്തന്‍, നന്ദകുമാര്‍, മിസ്റ്റര്‍ അരീക്കോട്, ജീമോന്‍ ജേക്കബ്…അങ്ങനെ ചിത്രത്തില്‍ ചിലരെയൊക്കെ തെളിഞ്ഞു കാണുന്നു.

വര്‍ത്തമാനത്തിന് മുമ്പും ശേഷവും നിരവധി പത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്നും അവിടെ നിന്നു ലഭിച്ച സൗഹൃദങ്ങള്‍ നിലനില്‍ക്കുന്നു. ആ പുട്ടുകടയും ചൂടുള്ള കറിയും ലാസ്റ്റ് എഡിഷന്‍ കഴിഞ്ഞ് ദീവാര്‍ഹോട്ടലിലേക്കുള്ള യാത്രയും പന്തീരങ്കാവിലെ പുലര്‍ച്ചെ നാലു മണിയ്ക്ക് തുറക്കുന്ന കടയില്‍ നിന്നുള്ള നെയ്യപ്പവും….ഇല്ലായ്മയും പങ്കുവെയ്ക്കലും…..സൗഹൃദത്തിന്റെ വര്‍ത്തമാനമല്ലാതെ മറ്റൊന്നുമില്ലാതിരുന്ന കാലം… ഫോട്ടോ ഓര്‍മ്മിയ്ക്കാന്‍ ഇന്ന് പ്രത്യേകിച്ചൊരു കാര്യമുണ്ടായി.

അഴിക്കോട് മാഷെ ഓര്‍ക്കുമ്പോള്‍

പ്രഭാഷണകലയെ കുറിച്ചുള്ള അഴിക്കോട് മാഷുടെലേഖനം പത്താംക്ലാസില്‍ അതുപഠിച്ചതിനുശേഷമാണ് ഒന്നു കാണാനും ആ പ്രസംഗമൊന്നുകേള്‍ക്കാനുള്ള ആഗ്രഹം മനസ്സില്‍ ജനിച്ചത്. അടുത്ത ഗ്രാമത്തില്‍ പുരോഗമനകലാസംഘത്തിന്റെ പരിപാടിക്ക് അദ്ദേഹമെത്തുന്ന വിവരമറിഞ്ഞ് മണിക്കൂറുകള്‍ക്കു മുമ്പ് വേദിയിലെത്തിയതും ഈ ഒരു ആവേശത്തിലായിരുന്നു.
ആ വാക്കുകള്‍ അതു വരെ കേള്‍ക്കാത്ത ഒരു സംസാരരീതിയയിരുന്നു അത്. പതുക്ക പതുക്കെ മനസ്സിനെ കീഴടക്കാന്‍ തുടങ്ങി. തിരിച്ചുപോയപ്പോഴും പിന്നീടും ആ ശൈലി അനുകരിക്കാനുള്ള ശ്രമമായിരുന്നു. അന്നു മുതല്‍ അഴിക്കോട് മാഷുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിപ്പെടാന്‍ കഴിയുന്ന എല്ലായിടത്തും എത്തുന്നത് ശീലമായി.

ജേര്‍ണലിസം പഠനത്തിനുശേഷം സിറാജ് പത്രത്തില്‍ ജോലി നോക്കുന്ന കാലത്താണ് വര്‍ത്തമാനം പത്രം തുടങ്ങുന്ന വിവരമറിയുന്നത. സുകുമാര്‍ അഴിക്കോട്, എന്‍ പി മുഹമ്മദ് എന്ന രണ്ടു മഹാരഥന്മാരാണ് ഇതിന്റെ അമരത്തുള്ളത് എന്നറിഞ്ഞതോടെ പിന്നെ രണ്ടാമതൊന്നാലോചിച്ചില്ല. കോഴിക്കോട് അളകാപുരിയില്‍ വെച്ചായിരുന്നു അഭിമുഖം. മുന്നിലുള്ളവരുടെ ചോദ്യങ്ങളെക്കാളും മനസ്സില്‍ ആരാധിക്കുന്ന വ്യക്തിയെ അരമീറ്റര്‍ വ്യത്യാസത്തില്‍ കാണാന്‍ സാധിച്ചതിന്റെ ത്രില്ലിലായിരുന്നു. അവിടെ നിന്നിറങ്ങിയിട്ടും ജോലി കിട്ടുമയെന്ന കാര്യത്തില്‍ വലിയ ടെന്‍ഷനൊന്നുമില്ലായിരുന്നു. മറിച്ച് അഴിക്കോടിനെ കണ്ട സന്തോഷമായിരുന്നു.
സബ്എഡിറ്ററായി ജോലിചെയ്യുന്ന കാലത്ത് അദ്ദേഹത്തെ കൂടുതല്‍ അടുത്തുകാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. പത്രത്തിന്റെ ഉദ്ഘാടനത്തിലും പത്രവുമായി ബന്ധപ്പെട്ട ചടങ്ങുകളിലും അദ്ദേഹം ഇടക്കിടെ ഓര്‍മ്മിപ്പിക്കുന്ന ഒരു കാര്യമുണ്ടായിരുന്നു. ‘ഞാന്‍ പരാജയപ്പെട്ട ഒരു പത്രാിപരാണ്’. നേരത്തെ ഒരു പത്രത്തിന്റെ ചുമതല ഏറ്റെടുത്തിരുന്നെങ്കിലും തിരക്കേറിയ ജീവിതത്തിനിടയില്‍ ആ കസേരയില്‍ തിളങ്ങാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. മികച്ച എഴുത്തുകാരനും വാഗ്മിയും സാമൂഹികവിമര്‍ശകനുമായിരുന്നെങ്കിലും പലപ്പോഴും പത്രാധിപരുടെ ജോലി അദ്ദേഹത്തിനു അത്ര സുഖിച്ചിരുന്നില്ലെന്നതാണ് സത്യം. കാരണം അദ്ദേഹത്തെ പോലൊരു മനുഷ്യനെ അത്തരം ഒരു കസേരയില്‍ ഒതുക്കി നിര്‍ത്തുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

എഡിറ്റോറിയല്‍ മീറ്റിങുകളില്‍ അപൂര്‍വമായേ മാഷ് പങ്കെടുക്കാറുണ്ടായിരുന്നുള്ളൂവെങ്കിലും ഞങ്ങളുടെ മൊത്തം പ്രവര്‍ത്തനങ്ങളുടെ ഊര്‍ജ്ജം അദ്ദേഹമായിരുന്നു. അഭിമുഖത്തിനും മറ്റു പോകുമ്പോള്‍ പുതിയ പത്രമായതിനാല്‍ ആദ്യം പത്രത്തെകുറിച്ച് പറഞ്ഞുകൊടുക്കേണ്ടി വരുമായിരുന്നു. ചീഫ് എഡിറ്റര്‍ അഴിക്കോട് മാഷല്ലെ എന്നു ചോദിച്ച് പലരും കൂടുതല്‍ പരിചയവും പ്രിയവും കാണിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. സാമ്പത്തികമായി പത്രം ക്ഷീണം കാണിക്കാന്‍ തുടങ്ങിയപ്പോഴും നയപരമായ കാഴ്ചപ്പാടുകളില്‍ കാലിടറിയപ്പോഴും മാഷെന്ന പത്രാധിപര്‍ പലപ്പോഴും ഒത്തുതീര്‍പ്പിന് തയ്യാറായിരുന്നത് സൗഹൃദത്തിന്റെ ഊഷ്മളത കൊണ്ടു മാത്രമായിരുന്നു. . തെറ്റു കണ്ടാല്‍ ആരെയും വെറുതെ വിടാത്ത വിമര്‍ശകന്‍ പലപ്പോഴും പത്രമാനേജ്‌മെന്റിന്റെ പ്രശ്‌നങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുകയും ഞങ്ങളെ ആശ്വസിപ്പിക്കുന്ന, സമാധാനിപ്പിക്കുന്ന കുടുംബനാഥനായി മാറുകയും ചെയ്തിരുന്നു. ഏത് തിരക്കിലിനിടയിലും ആഴ്ചയില്‍ മൂന്നോ നാലോ ദിവസം പത്ര ഓഫീസിലെ സ്വന്തം കാബിനിലെത്താനും കാര്യങ്ങള്‍ ശ്രദ്ധിക്കാനും അദ്ദേഹം താല്‍പ്പര്യം കാണിച്ചിരുന്നു. പപ്പോഴും ‘എന്താടോ’ എന്നൊരു ചോദ്യം കേള്‍ക്കാനായി മുന്നിലെത്താന്‍ ഞാനും ശ്രമിച്ചിരുന്നു. ആ ഒരു ചോദ്യത്തില്‍ എല്ലാം അടങ്ങിയിരുന്നു.

മൂന്നു വര്‍ഷത്തിനുശേഷം വര്‍ത്തമാനത്തില്‍നിന്നു പുറത്തിറങ്ങിയതിനുശേഷമാണ് മാഷുമായി കൂടുതല്‍ അടുക്കാനുള്ള അവസരം ലഭിച്ചത്. അഴിക്കോട് ട്രസ്‌ററ് രൂപീകരിക്കുന്നതും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതും ഇക്കാലത്താണ്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വാഗ്ഭടാനന്ദ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കിടയിലാണ് മാഷുടെ സന്തത സഹചാരിയായ സുരേഷുമായി പരിചയപ്പെടുന്നത്. മാഷുടെ ഓരോ കാര്യവും തിരിച്ചറിഞ്ഞ് വര്‍ഷങ്ങളായി നിഴല്‍ പോലെ സുരേഷ് കൂടെയുണ്ട്. അദ്ദേഹത്തിന്റെ സുവനീര്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ കാലം സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. കോഴിക്കോടെത്തിയാല്‍ തങ്ങാറുള്ള മലബാര്‍ പാലസിലെ സ്ഥിരം മുറിയില്‍ ചെന്ന് നിരവധി തവണ അദ്ദേഹത്തെ കാണാനും സംസാരിക്കാനുമുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. കൂടെ നില്‍ക്കുന്നവരോട് എന്നും വളരെ ഔദാര്യത്തോടെ പെരുമാറിയിരുന്ന മാഷ് എപ്പോഴാണ് തെറ്റുകയെന്ന് പ്രവചിക്കാനാവില്ല. പക്ഷേ, കാര്യം മനസ്സിലായാല്‍ അല്ലെങ്കില്‍ നമ്മുടെ കുറ്റം ഏറ്റുപറഞ്ഞാല്‍ എല്ലാ മഞ്ഞും നിമിഷനേരം കൊണ്ട് അലിഞ്ഞില്ലാതാവും. പഴയ വാത്സല്യവും സ്‌നേഹവും ആവോളം ലഭിക്കുകയും ചെയ്യും. മാഷുമായി തെറ്റിയവരെല്ലാം തന്നെ മാഷെ ശരിയ്ക്കും മനസ്സിലാക്കാത്തവരായിരുന്നുവെന്നതാണ് ശരി.

 

വണ്‍ ഇന്ത്യ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്.