യാത്ര, പഠനം, പ്രജിയുടെ ഡ്രൈവിങ്…പിന്നെ ആ ഡാറ്റാ ഹാൻഡ്ലിങും

ജനുവരി ഒന്നു മുതൽ പുതിയൊരു മനുഷ്യനാകുമെന്ന പ്രതിജ്ഞയൊന്നുമല്ല ഓരോ തവണയും റസല്യൂഷൻ കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. പെർഫക്ഷൻ എന്നതിൽ വിശ്വസിക്കുന്നില്ലെങ്കിലും സഹജീവികളുമായി ഇടപഴകുമ്പോൾ നമുക്ക് ലഭിക്കുന്ന ചില തിരിച്ചറിവുകളുണ്ട്. അത്തരം വെളിച്ചങ്ങളിൽ നിന്നും ലഭിക്കുന്ന ദിശാബോധത്തെ ക്രോഡീകരിക്കുക മാത്രമാണ് ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ചെയ്യുന്നത്. പിന്നെ എത്രയോ വർഷങ്ങളായി ചെയ്തുവരുന്ന ആചാരമാണിത്. അതു മുടക്കാതിരിക്കാൻ കൂടിയാണ് ഈ കുറിപ്പ്.

കഴിഞ്ഞ ഡിസംബറിലെടുത്ത പുതുവർഷ തീരുമാനങ്ങളിൽ ഭൂരിഭാഗം സംഗതികളും നടപ്പിലാക്കാനായിയെന്നതാണ് സന്തോഷകരമായ കാര്യം. വർക്ക്-ലൈഫിനെ ബാലൻസ് ചെയ്യുന്നതിനാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നത്. അത് 110 ശതമാനം നടപ്പിലായി പോയോ എന്ന ആശങ്ക മാത്രമേയുള്ളൂ. അത്രയും പെർഫക്ടായിരുന്നു. അതിലേക്ക് കൈപിടിച്ചു നടത്തിച്ച സുഹൃത്തിനുള്ള അകമഴിഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. (കഴിഞ്ഞ വർഷത്തെ റസല്യൂഷൻ).

നിരന്തരം മോഡിഫൈ ചെയ്യാനുള്ള ശ്രമമാണ് പലപ്പോഴും മുന്നോട്ട് കുതിക്കാനുള്ള ഇന്ധനമാകാറുള്ളത്. 2023നെ വിശകലനം ചെയ്യുമ്പോൾ വ്യക്തിപരമായും പ്രൊഫഷണലായും മാറ്റം വരുത്തേണ്ട ചില കാര്യങ്ങളിലാണ് മനസ്സ് ഉടക്കി നിൽക്കുന്നത്. ഇത്തവണ ഫോക്കസ് ചെയ്യുന്നത് ഇവിടെയാണ്.

പ്രൊഫഷണൽ ആന്റ് പേഴ്സണൽ ഡെവലപ്മെന്റ്: ഈ വർഷം ഏറ്റവും ചുരുങ്ങിയത് പന്ത്രണ്ട് സർട്ടിഫിക്കറ്റ് കോഴ്സ് എങ്കിലും പൂർത്തിയാക്കണമെന്ന് കരുതുന്നു. ടൈം മാനേജ്മെന്റ്, ഓർ​ഗനൈസേഷനൽ സ്കിൽസ് എന്നിവയ്ക്കായിരിക്കും ഈ വർഷം പ്രാധാന്യം കൊടുക്കുക. കൂടുതൽ പുസ്തകങ്ങൾ വായിക്കാനും കൂടുതൽ വാല്യുബിൾ ആയ സിനിമകളും ടിവി ഷോകളും കാണാൻ ശ്രമിക്കും. (നിലവിൽ ലൈറ്റ് സം​ഗതികൾ മാത്രമാണ് കാണുന്നത്)

റിലേഷൻ ഷിപ്പ്: ഫാമിലിയ്ക്കും കൂട്ടുകാർക്കും വേണ്ടി കൂടുതൽ സമയം മാറ്റിവെയ്ക്കാൻ ശ്രമിക്കും. കമ്യൂണിക്കേഷൻ വർധിപ്പിക്കാനും ​കൂടുതൽ കൂട്ടായ്മകൾക്കായും ശ്രമിക്കും. മറ്റുള്ളവരെ കേൾക്കാൻ കൂടുതൽ സമയം കണ്ടെത്തും. റിലേഷൻഷിപ്പിൽ ഒന്നിലേറെ ആളുകളുണ്ടെന്ന സത്യം മനസ്സിനെ പറഞ്ഞ് പഠിപ്പിക്കും.

ഫാമിലി: പ്രജിയെ കാർ ഓടിയ്ക്കാൻ പഠിപ്പിക്കുകയെന്നത് 2024ലെ ചലഞ്ചായി ഏറ്റെടുക്കുന്നു. അവളെ കൂടുതൽ ഓട്ടോണമസാക്കുക എന്നതാണ് ലക്ഷ്യം. പാറുവിന് മെഡിക്കൽ, എൻജിനിയറിങ് എൻട്രൻസിലൊന്നും താത്പര്യമില്ലെങ്കിലും ആർട്സ് വിഷയങ്ങൾക്കുള്ള യൂനിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റിനു പ്രിപ്പയർ ചെയ്യേണ്ടതുണ്ട്. 2024 അതിനൊരു ദിശാബോധം നൽകുന്നതിന് കൂടിയായിരിക്കണം. ഏതു കോളജ് ?, ഏതു കോഴ്സ്? ഏതു ടെസ്റ്റ്? തുടങ്ങിയ കാര്യങ്ങളിൽ ഒരു ഫൈനൽ ചിത്രം തയ്യാറാക്കണം. കിഷന് ഇഷ്ടമുള്ള കളിയിൽ കൂടുതൽ തിളങ്ങാൻ കഴിയുന്ന രീതിയിൽ പരിശീലനവും അവസരങ്ങളും കിട്ടാൻ സൗകര്യമൊരുക്കണം.

ഇമോഷണൽ : 2024ൽ മറ്റുള്ളവരുടെ ഫീലിങ്സിനു കൂടി പ്രാധാന്യം നൽകി കൊണ്ടുള്ള ഒരു അപ്രോച്ച് പടുത്തുയർത്താൻ ശ്രമിക്കും. ബിസിനസ്സും സൗഹൃദവും രണ്ടായിരിക്കണമെന്ന പോളിസിയിൽ നിന്നുകൊണ്ട് തന്നെയായിരിക്കും ഇത്. രണ്ടിനെയും ബാലൻസ് ചെയ്യാനാകുന്നില്ലെങ്കിൽ ഒന്നിനെ അടർത്തി മാറ്റും. ഒന്നിനു മുന്നിലും മുട്ടുമടക്കില്ലെന്ന അഹന്തയെയും ഞാൻ ഇമോഷന് അതീതനാണെന്ന മിഥ്യാ ബോധത്തിനെയും ചെറുതാക്കി കൊണ്ടുവരാൻ ശ്രമിക്കും.

യാത്ര: വാസ്തവത്തിൽ ലക്ഷ്യ സ്ഥാനത്തിനേക്കാളും അവിടേക്കുള്ള യാത്രയാണ് എനിക്ക് ഹരം നൽകാറുള്ളത്. വെറുതെ യാത്ര ചെയ്യുക. അതും മറ്റാരെങ്കിലും ഡ്രൈവ് ചെയ്യുന്ന വണ്ടിയിൽ… ഏറ്റവും ക്രിയേറ്റായി ചിന്തിക്കുന്നതും ഇത്തരം യാത്രകളിലാണ്. ഓരോ യാത്രയും മനസ്സിനെ വല്ലാതെ തണുപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ 2024ലും കൂടുതൽ യാത്ര ചെയ്യാൻ ശ്രമിക്കും. എല്ലാവരും ഉണ്ടെങ്കിൽ സന്തോഷം എന്നാൽ ആരുമില്ലെങ്കിലും യാത്രകൾ തുടരണം എന്ന പോളിസിയിൽ മുന്നോട്ടു പോകും.

ഇൻഫർമേഷൻ: ഡാറ്റ കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. രണ്ടു രീതിയിലാണ് ഇൻഫർമേഷൻ പാസ് ചെയ്യാറുള്ളത്. ഈ വിവരം അവർക്ക് ഉപകാരപ്പെടും അത് അവരെ കൂടുതൽ മെച്ചപ്പെടുത്തും എന്ന തിരിച്ചറിവാണ് ഒന്നാമത്തെ ലോജിക്. രണ്ടാമത്തേത് അവരെ അത്ര മാത്രം വിശ്വസിക്കുന്നുവെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ്. അവരിൽ നിന്നും ഒന്നും മറച്ചുവെയ്ക്കാനില്ല എന്ന ബോധ്യപ്പെടുത്തലാണ്. എന്നാൽ ഈ രണ്ട് സാഹചര്യങ്ങളിലും റിസീവ് എൻഡിന്റെ അതു ഉൾകൊള്ളാനുള്ള കപ്പാസിറ്റി, അപ്പോഴത്തെ മൂഡ് എന്നിവ പലപ്പോഴും സൂഷ്മമായി വിലയിരുത്താറില്ല. ഇത് ചിലപ്പോഴെങ്കിലും തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡാറ്റ ഹാൻഡ്ലിങിന് അല്ലെങ്കിൽ ഇൻഫർമേഷൻ ഷെയറിങിന് പുതുവർഷം മുതൽ ചില നിബന്ധനകൾ വരുത്തണമെന്ന് ആത്മാർത്ഥമായി ആ​ഗ്രഹിക്കുന്നു.. ഒരു പക്ഷേ, ഈ പോയിന്റിനായിരിക്കും പുതുവർഷത്തിൽ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കുകയെന്ന് തോന്നുന്നു.

വാല്‍ക്കഷണം- അവസാനത്തെ പോയിന്‍റ് വളരെ ശക്തമായി നടപ്പാക്കുന്നതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ഇനി 2024 മുതല്‍ അപ് ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല..

മൊബൈൽ ഫോൺ കൂടുതൽ ഉപയോ​ഗിച്ചാൽ എന്തു സംഭവിക്കും?

മൊബൈൽ ഫോണിന്റെ വരവ് എല്ലാ കാര്യങ്ങളും എളുപ്പാക്കിയിട്ടുണ്ട്.  പോസിറ്റീവായ ഒട്ടേറെ കാര്യങ്ങൾക്കൊപ്പം ചില നെ​ഗറ്റീവ് സം​ഗതികളുമുണ്ട്. ഓൺ ലൈൻ ക്ലാസ്സുകളുടെ കാലമാണ്.   കൂട്ടികൾ മൊബൈൽ ഉപയോ​ഗിക്കുന്ന വേ​ഗത കണ്ട് അഭിമാനിക്കുന്ന രക്ഷിതാക്കൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. കുട്ടികൾ കരയുന്നത് ഒഴിവാക്കാൻ മൊബൈൽ കൊടുക്കുന്ന പ്രിയപ്പെട്ടവർ തിരിച്ചറിയേണ്ട ചില സം​ഗതികളുണ്ട്. താഴെ പറയുന്ന കണ്ടീഷനിൽ എത്തിയാൽ നമ്മൾ അവരിൽ നിന്നും മൊബൈൽ പിടിച്ചു വാങ്ങി മാറ്റിവെയ്ക്കണം. എന്നിട്ട് നിയന്ത്രിതമായ രീതിയിൽ കൊടുക്കാൻ ശ്രമിക്കണം. മുതിര്‍ന്നവരും ഇതിനു സമാനമായ മാനസികാവസ്ഥയിലൂടെ കടന്നുപോകും.

ഏകാ​ഗ്രത കുറയുന്നത്
തുടർച്ചയായി മൊബൈൽ ഉപയോ​ഗിക്കുന്നത് ഏകാ​ഗ്രത നശിപ്പിക്കും. ഹോം വർക്ക് ചെയ്യുന്നതിലും റിവിഷൻ നടത്തുന്നതിലും തുടർച്ചയായി വീഴ്ച വരുത്തുന്നുവെങ്കിൽ സൂക്ഷിക്കേണ്ട സം​ഗതിയാണ്. നിശ്ചിത ഇടവേളകളിൽ മൊബൈൽ കൈയിലെടുക്കുക, ടിവി കാണുമ്പോഴും മൊബൈൽ നോക്കിയിരിക്കുക, മറ്റു കുട്ടികൾ കളിയ്ക്കുമ്പോഴും നിങ്ങളുടെ കുട്ടികളുടെ കൈയിൽ മൊബൈലുമായി ഇരിയ്ക്കുക. .ഇങ്ങനെയൊക്കെയാണെങ്കില്‍.എത്രയും വേ​ഗം മൊബൈലും കുട്ടിയും തമ്മിലുള്ള അകലം കൂട്ടികൊണ്ടു വരേണ്ടതുണ്ട്. ഇത് വലിയവർക്കും ബാധകമാണ്. അവരുടെ കാര്യത്തിൽ ഹോം വർക്ക്, റിവിഷൻ എന്നിവ മാറ്റിപിടിച്ചാൽ മതി.

ഫൊമോ
ഫിയർ ഓഫ് മിസ്സിങ് ഔട്ട് (FOMO). മുതിർന്നവരിലാണ് ഇത് കൂടുതൽ കണ്ടു വരുന്നത്. വെരുതെ ഇരിയ്ക്കുമ്പോൾ ഫോൺ അടിയ്ക്കുന്നുണ്ടോ എന്ന് തോന്നുക. ഇരിയ്ക്കുന്ന അടുത്ത് തന്നെ ഫോൺ കൊണ്ടു വെയ്ക്കുക. എന്നുവെച്ചാൽ ഫോൺ ഇല്ലെങ്കിൽ എന്തൊക്കെയോ നഷ്ടപ്പെടന്നുണ്ടോ എന്നൊരു തോന്നൽ വരിക. ഇത്തരക്കാർ സോഷ്യൽ മീഡിയയിലും ഏറെ സജീവമായിരിക്കും. മറ്റുള്ളവർ എന്താണ് ചെയ്യുന്നത് എന്ന ഉത്കണ്ഠ കൂടുതലായിരിക്കും. ജോലികൾ ചെയ്യുമ്പോഴും സംസാരിക്കുമ്പോഴും ഇത്തരക്കാർ നിരന്തരം ഫോൺ പരിശോധിച്ചു കൊണ്ടിരിക്കും. ഇത്തരം ഫോമോ ഉള്ളവരുടെ മാനസികാവസ്ഥ എപ്പോഴും ഇത്തിരി ഡൗണായിരിക്കും. ഇത് മറികടക്കുക എളുപ്പമാണ്. മൾട്ടി ടാസ്കിങ് ഒഴിവാക്കുകയോ സോഷ്യൽമീഡിയ സമയം ലഘൂകരിക്കുകയോ ചെയ്താൽ മതി.

ഓർമശക്തിയെ ബാധിക്കും
ഫോൺ സന്ദേശങ്ങളും അലെർട്ടുകളും പഠനത്തെ ശല്യപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. പലപ്പോഴും പഠനത്തിന്റെ ഭാ​ഗമായ ആക്ടിവിറ്റികളിൽ പലതും കുട്ടികൾ മറക്കാൻ ഇത് ഇടയാക്കും. മൊബൈല്‍ വികിരണങ്ങൾ ഓർമശക്തിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ചില പഠനങ്ങൾ പോലും വ്യക്തമാക്കുന്നു. തുടർച്ചയായ മൊബൈൽ ഫോണുകൾ ഉപയോ​ഗിക്കുന്നവരിൽ മറ്റുള്ള കുട്ടികളേക്കാളും മെമ്മറി കുറവായിരിക്കും. ഇവരുടെ റെസ്പോൺസും പതുക്കെയായിരിക്കും. നിങ്ങളുടെ കുട്ടികളെ ഓൺലൈൻ ക്ലാസ്സുകൾ സജീവമായ ഈ കാലത്ത് സൂഷ്മമമായി നിരീക്ഷിക്കുന്നത് നല്ലതാണ്.

വളച്ചൊടിയ്ക്കുന്ന വസ്തുതകൾ
പലപ്പോഴും വികലമാക്കപ്പെട്ട കാഴ്ചയാണ് സോഷ്യൽ മീഡിയകളിലൂടെ കുട്ടികൾക്കു ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ഒഴുകിയെത്തുന്ന കാര്യങ്ങൾ അതേ പോലെ വിശ്വസിക്കുന്നവരുണ്ട്. തെറ്റായ കാര്യങ്ങളെ യഥാർത്ഥ ജീവിതവുമായി താരതമ്യം ചെയ്യുന്നതോടെ പ്രശ്നങ്ങൾ തുടങ്ങും. പലപ്പോഴും ഭയവും നിരാശയുമാണ് സോഷ്യൽ മീഡിയ പലരുടയും മനസ്സുകളിലേക്ക് പകർത്തുന്നത്. ‘ഫൊമോ’ ക്രിയേറ്റ് ചെയ്യുന്നതിനും ഇതിലൂടെ സാധ്യതയുണ്ട്.

കടുത്ത മാനസിക സമ്മർദ്ദം
തുടർച്ചയായി മൊബൈൽ ഫോണുകൾ ഉപയോ​ഗിക്കുന്നത് നമ്മുടെ മാനസികാരോ​ഗ്യത്തിന് ഏറെ ദോഷം ചെയ്യും. ഏകാന്തത, ആത്മവിശ്വാസമില്ലായ്മ എന്നിവയിലൂടെയായിരിക്കും തുടക്കം. മൊബൈൽ ഉപയോ​ഗിക്കാൻ സാധിക്കാതെ വന്നാൽ ദേഷ്യവും നിരാശയും അക്ഷമയും കാണിയ്ക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കുക.

ഉറക്കത്തെ ഇല്ലാതാക്കും.
20 മിനിറ്റിലധികം തുടർച്ചയായി ഫോൺ ഉപയോ​ഗിക്കുന്നത് ഉറക്കത്തിന്റെ ക്വാളിറ്റിയിൽ വ്യത്യാസം വരുത്തുമെന്ന് പഠനങ്ങൾ തളിയിച്ചിട്ടുണ്ട്. നല്ല ഉറക്കം കിട്ടാൻ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഫോൺ, ലാപ് ടോപ്പ്, ടിവി പോലുള്ള സ്ക്രീനുകൾക്ക് മുന്നിൽ അധിക സമയം ഇരിയ്ക്കാതിരിക്കുകയാണ് നല്ലത്. ഇത്തരം ബ്രൈറ്റ് സ്ക്രീനുകൾ നിങ്ങളുടെ ഉറക്കത്തെയും ഹൈജാക്ക് ചെയ്യുമെന്ന് തീർച്ച.

വിദേശരാജ്യങ്ങളിലെ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചപ്പോള്‍ കുട്ടികളുടെ പ്രകടനത്തില്‍ വന്‍ വ്യത്യാസം വന്നിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. പരിപൂര്‍ണമായും മൊബൈല്‍ ഉപേക്ഷിക്കുക പ്രായോഗികമല്ലെങ്കിലും നമുക്ക് സ്വയം ചില നിയന്ത്രണങ്ങളൊക്കെ  കൊണ്ടുവരുന്നത് നല്ലതാണ്.. ഒരു ഫെയര്‍ യൂസേജ് പോളിസി വേണമെന്ന് ചുരുക്കം.

ജീവിതത്തില്‍ ഉയരങ്ങളിലെത്താന്‍ അഞ്ച് കാര്യങ്ങള്‍

1 അതിരാവിലെ എഴുന്നേല്‍ക്കുക. മഹാന്മാരായ പലരും ഈ ശീലമുള്ളവരാണെന്നു കാണാം. രാവിലെ 5.30ന് ഉള്ളിലെങ്കിലും എഴുന്നേല്‍ക്കണം. നേരത്തെ എഴുന്നേല്‍ക്കുന്ന നിങ്ങള്‍ ഭൂരിപക്ഷം പേരേക്കാളും മുന്നിലായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഓരോ ദിവസവും നിങ്ങള്‍ക്ക് രണ്ടു മണിക്കൂറെങ്കിലും ഇതിലൂടെ അധികം ലഭിക്കുന്നു.

2 വ്യായാമം. ഏതെങ്കിലും രീതിയിലുള്ള വ്യായാമം ചെയ്യാന്‍ രാവിലെ തന്നെ സമയം കണ്ടെത്തണം. യോഗയും ധ്യാനവും ശീലിക്കുന്നത് നല്ലതാണ്. മാനസിക സമ്മര്‍ദ്ദം കുറച്ച് പ്രതികൂല സാഹചര്യങ്ങളെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇത് നിങ്ങളെ പ്രാപ്തരാക്കും.

3 കാര്യങ്ങള്‍ ഉള്‍കൊള്ളണം
വ്യക്തികളെ മനസ്സിലാക്കാനും കാര്യങ്ങളെ ഉള്‍കൊള്ളാനും ശ്രമിക്കണം. അഭിനന്ദിക്കേണ്ട സമയത്ത് അഭിനന്ദിക്കണം. സ്‌നേഹിക്കേണ്ട സമയത്ത് സ്‌നേഹിക്കണം. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കണം.

4 വായന
ശരിയ്ക്കും പുസ്തക വായനയ്ക്ക് ഒരാളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. എത്ര തിരക്കാണെങ്കിലും വായിക്കാന്‍ വേണ്ടി ഒരു ദിവസം ഇത്തിരി സമയം കണ്ടെത്താന്‍ ശ്രമിക്കണം.ജീവിത വിജയം നേടിയതില്‍ ഭൂരിഭാഗം പേരും നല്ല വായനക്കാരായിരുന്നു. ബില്‍ഗേറ്റ്‌സും ബാരന്‍ ബഫെറ്റും വായന കൊണ്ടാണ് ഉയരങ്ങളിലെത്താന്‍ സാധിച്ചതെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗവും നെഗറ്റീവ് റീഡിങ്ങാണ്. നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ സമയം കണ്ടെത്തൂ. ഓഡിയോ ബുക്കുകളും പരീക്ഷിച്ചു നോക്കാവുന്നതാണ്.

5 ത്രില്ലിങായ എന്തെങ്കിലും ചെയ്യാന്‍ ശ്രമിയ്ക്കൂ..
നമ്മളെല്ലാം നമ്മുടെ കംഫര്‍ട്ട് സോണില്‍ സമാധാനത്തോടെ ജീവിക്കാന്‍ ഇഷ്ടമുള്ളവരാണ്. ഇതില്‍ നിന്നു വിപരീതമായി ഇത്തിരി ചലഞ്ചിങായ ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കൂ. സൈക്കിള്‍ റൈഡിങ്, ട്രക്കിങ്, ട്രാവലിങ്..ഇതുപോലെ നിങ്ങള്‍ സാധാരണ ചെയ്യാത്ത ചില കാര്യങ്ങള്‍ ചെയ്യാന്‍ സമയം കണ്ടെത്തണം. വാസ്തവത്തില്‍ അസാധാരണമായ സാഹചര്യങ്ങളെ തരണം ചെയ്യുന്നതില്‍ ഇത് നിങ്ങളെ സഹായിക്കും.

 

ഹോട്ടല്‍ ബില്‍ ഇനി മുതല്‍ കൗണ്ടറില്‍ തിരിച്ചു കൊടുക്കാതിരിക്കുക

ജിഎസ്ടിയും ഹോട്ടല്‍ ബില്ലും.

1 ബില്‍ നന്പര്‍ തുടര്‍ച്ചയായിട്ടുള്ളതല്ലെങ്കില്‍ ഇക്കാര്യം ബില്‍ വാങ്ങിയതിനു ശേഷം കടക്കാരനോട് പറയുക. ഓരോ ദിവസവും അല്ല ജിഎസ്ടി പ്രകാരം നന്പര്‍ വരേണ്ടത്. അത് തുടര്‍ച്ചയായ നന്പറുകളായിരിക്കണം. നല്ല തിരക്കുള്ള ഹോട്ടലുകളില്‍ നന്പര്‍ പ്രതിദിനം ആയിരം കടന്നേക്കും. ഇക്കാര്യം മറക്കരുത്. അപ്പോള്‍ തുടര്‍ച്ചയായ നന്പറുകളാണെങ്കില്‍ എത്രയുണ്ടാകുമെന്ന് ഊഹിക്കാമല്ലോ.. ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കുന്പോള്‍ 100ല്‍ താഴെയുള്ള നന്പര്‍ കണ്ടാല്‍ ഓര്‍ത്തോ..ഈ ഹോട്ടല്‍ നടത്തിപ്പുക്കാരന്‍ കള്ളനാണ്.

2 18 ശതമാനം ജിഎസ് ടി എടുക്കുന്ന ഹോട്ടലുകാരോട് തമാശയായിട്ടാണെങ്കിലും നിങ്ങള്‍ക്ക് 75 ലക്ഷത്തിന് മുകളില്‍ കച്ചവടം ഉണ്ടല്ലേ… അപ്പോ ജിഎസ്ടി ഇനത്തില്‍ പ്രതിമാസം നിങ്ങള്‍ ഏറ്റവും ചുരുങ്ങിയത് 13.5 ലക്ഷം രൂപ സര്‍ക്കാറിന് നല്‍കുന്നുണ്ടല്ലേ..നമുക്കറിയാം..ഇത്രയും കാലം ആവറേജ് ടാക്സ് അടച്ചു പോന്നവന്‍ ഈ പണം കൂടി പോക്കറ്റിലിടാമെന്നു കരുതിയിരിക്കുകയാണ്. സമ്മതിക്കരുത്.

3 അപ്പോ നിങ്ങളുടെ മുതലാളിയുടെ വരുമാനവും പ്രതിമാസം 10 ലക്ഷത്തോളം കാണില്ലേ. അയാള്‍ ഇന്‍കം ടാക്സ് ഇനത്തിലും നല്ല സംഖ്യ കൊടുക്കുമായിരിക്കും അല്ലേ… കാരണം ഇവന്‍ തന്നെ അല്ലേ വളണ്ടിയറായി വന്ന് 18 ശതമാനം ടാക്സ് എടുക്കുന്നത്.. കച്ചവടം കുറവാണെങ്കില്‍ അവന്‍ 12 ശതമാനവും അഞ്ച് ശതമാനവും അല്ലേ വാങ്ങേണ്ടത്..അപ്പോ നല്ല കച്ചവടമാണ്.

4 ബില്ലുകളില്‍ നിന്നു പിടിയ്ക്കുന്ന ടാക്സ് സര്‍ക്കാറിലേക്ക് അടയ്ക്കുന്നില്ലെന്ന് സംശയമുണ്ടെങ്കില്‍ facebook.com/postbillshere/ എന്ന പേജില്‍ അത് പോസ്റ്റ് ചെയ്യൂ. സംസ്ഥാന സര്‍ക്കാറും ഇക്കാര്യത്തില്‍ ഉറച്ച് തന്നെയാണ്.

5 കൂടാതെ ജിഎസ്ടി നന്പറും ബില്‍ നന്പറും എന്‍റര്‍ ചെയ്താല്‍ ടാക്സ് ക്രെഡിറ്റായോ എന്ന് അറിയാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കുമായിരിക്കും. ഒരു മാസം കഴിഞ്ഞ് ബില്‍ ഈ രീതിയില്‍ ചെക് ചെയ്തു നോക്കാം. അതുകൊണ്ട് ബില്‍ സൂക്ഷിക്കുക. പണി കൊടുക്കേണ്ടവന് പണി കൊടുക്കാം..

വൻകിട കമ്പനികളിലെ മൂന്നു തരം ജീവനക്കാർ.

1 മിസ്റ്റർ വിധേയൻ/വിധേയ:.. ഇയാൾ റേറ്റിങിനെ കുറിച്ചോ ഇംക്രിമെന്റിനോ കുറിച്ചോ ആശങ്കപ്പെടുന്നില്ല. ഇയാൾ കൊടുക്കുന്ന പണി ചെയ്യും. കിട്ടുന്ന ശമ്പളവും ഇംക്രിമെന്റും കൈപറ്റും. മിണ്ടാതെ പണിയെടുത്ത് ജീവിയ്ക്കും. ഇത്തരം വിധേയന്മാരായ ജോലിക്കാർക്ക് ഒരു കോർപ്പറേറ്റ് സംവിധാനത്തിൽ പിടിച്ചു നിൽക്കാം. സാമ്പത്തികമായി വലിയ വളർച്ചയൊന്നും കാണില്ല. പക്ഷേ, ജോലിക്ക് യാതൊരു ഭീഷണിയും കാണില്ല.അങ്ങനെ ജീവിച്ചു പോകാം. പരാതിയും കാണില്ല.

2 മണിയടി വീരൻ/വീരത്തി: രണ്ടാമത്തെ ചില വിഭാഗക്കാരുണ്ട്. ഇവർ എപ്പോഴും മാനേജരെ അല്ലെങ്കിൽ ടീം ലീഡിന്റെ സ്തുതിപാഠകരായിരിക്കും. മാനേജർ എന്ത് അറുബോറൻ സംഗതി പറഞ്ഞാലും അത് കേട്ട് ചാടി ചാടി ചിരിക്കും. ഇവർക്ക് നല്ല ഇംക്രിമെന്റ് കിട്ടും. കാര്യമായ ജോലിയും കാണില്ല..പെട്ടെന്ന് പ്രമോഷനും കിട്ടും. മാനേജർ ഉള്ളിടത്തോളം കാലം ജോലിക്ക് ഭീഷണിയും കാണില്ല. പക്ഷേ, കമ്പനി ഇത്തരക്കാരെ മോണിറ്റർ ചെയ്യുന്നുണ്ടാകും. ആ മാനേജരെ വലിച്ചെറിയുന്ന കൂട്ടത്തിൽ ഈ കൂട്ടരെയും വലിച്ചെറിയും..കഴിവും സ്വന്തം ലീഡിനെ പുകഴ്ത്താനും കഴിയുന്ന ഇത്തരം വീരന്മാരെ സൂക്ഷിക്കണം.

3 റിബൽ മാൻ അല്ലെ റിബൽ വുമൻ-. തുടർച്ചയായി വ്യവസ്ഥിതിയെ ചോദ്യം ചെയ്തു കൊണ്ടിരിക്കും. മാനേജർ പൊട്ടത്തരം പറഞ്ഞാൽ അപ്പോ വിളിച്ചു പറയും. വാക്കു തർക്കത്തിലേർപ്പെടും.. ഭീഷണിയ്ക്ക് മുന്നിലൊന്നും ഇവർ വീഴില്ല. കഠിനപ്രയത്നം ചെയ്യും. ഇംക്രിമെന്റ് വേണ്ടത്ര കിട്ടിയില്ലെങ്കിൽ അതിനു ബഹളം വെയ്ക്കും. താരതമ്യം ചെയ്യും. . തുടർച്ചയായി രാജി ഭീഷണി മുഴക്കും. ചിലപ്പോൾ രാജിവെച്ച് പോവുകയും ചെയ്യും. എന്നാൽ പുതിയിടത്തും ഇയാൾ ഇതേ ജോലി തന്നെ ആവർത്തിക്കും. കാരണം കമ്പനി മാറുന്നുവെന്നതുകൊണ്ട് ടാർജറ്റും പ്രഷറും പക്ഷപാതവും ഇല്ലാതാകുന്നില്ല. ഈ ഗ്രൂപ്പിൽ പെട്ടവർ ചിലപ്പോൾ കമ്പനികൾ ചാടി ചാടി ഗതികിട്ടാതെ അങ്ങനെ ജീവിക്കും. അല്ലെങ്കിൽ പതുക്കെ ഒന്നാം ഗ്രൂപ്പിലേക്കോ രണ്ടാം ഗ്രൂപ്പിലേക്കോ മാറും.. സ്ഥിരം അസംതൃപ്തരാകും ഇവർ… ശ്രദ്ധിക്കേണ്ട കാര്യം: റിബലായി നിൽക്കുന്നവരെ കമ്പനി ചിലപ്പോൾ നിങ്ങൾ പറയുന്ന നല്ല കാര്യങ്ങൾ തിരിച്ചറിയാനുള്ള ടീം ലീഡോ ടോപ്പ് മാനേജ്മെന്റോ വേണം.എങ്കിൽ മാത്രം.. അല്ലെങ്കിൽ കണ്ണിലെ കരടായി മാറും.. രണ്ടു കൂട്ടരും നിങ്ങളുടെ ഫ്രീക്വൻസിയിൽ നിൽക്കുന്നില്ലെന്ന് കണ്ടാൽ റിബലിനേക്കാളും നല്ലത് ഒന്നും രണ്ടും മാർഗ്ഗങ്ങളാണ്..
ഇതിൽ തീർച്ചയായും ഞാനൊക്കെ കുറെയെങ്കിലും മാച്ചാവുക മൂന്നാം ഗ്രൂപ്പിലാണ് പക്ഷേ, പൈസയ്ക്ക് വേണ്ടി ഞാനൊരിക്കലും കമ്പനിയിൽ സംസാരിക്കാറില്ല.. സിസ്റ്റത്തിലെ പ്രശ്നങ്ങളെ കുറിച്ചാണ് സംസാരിക്കാറുള്ളത്…. നിങ്ങൾ ഏത് ഗ്രൂപ്പിലാണ് ടീംസ്..

ക്രെഡിറ്റ് കാര്‍ഡ് വേണോ? ഒരു എളുപ്പവഴിയുണ്ട്

വളരെ ശ്രദ്ധിച്ച് ഉപയോഗിക്കുകയാണെങ്കില്‍ ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് ക്രെഡിറ്റ് കാര്‍ഡ്. ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ നിങ്ങളുടെ മൊത്തം സാമ്പത്തിക സ്ഥിതിയെ തകിടം മറിയ്ക്കാന്‍ ഈ കാര്‍ഡ് മതി. ബാങ്കുകളും നല്ല കസ്റ്റമേഴ്‌സിനു മാത്രമേ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുകയുള്ളൂ. ഭൂരിഭാഗം പേരും ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് യോഗ്യതാ പട്ടികയില്‍ നിന്നു പുറത്തായിരിക്കുമെന്നതാണ് സത്യം.

ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുന്നതിനു മുമ്പ് സ്വന്തം സാമ്പത്തിക അച്ചടക്കത്തെ കുറിച്ച് ഓരോരുത്തര്‍ക്കും നല്ല ബോധ്യം വേണം. എലിജിബിലിറ്റി ഇല്ലെങ്കിലും ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാന്‍ ഒരു എളുപ്പ മാര്‍ഗ്ഗമുണ്ട്. ഇത് ഏറെ സുരക്ഷിതമാണ്.
ബാങ്കില്‍ ചെറിയൊരു ഫിക്‌സഡ് ഡിപ്പോസിറ്റ് നടത്തുക. അതിന്റെ ഈടില്‍ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് തരും. ഐസിഐസിഐ ബാങ്ക്, ആക്‌സിസ്, ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്കുകള്‍ ഈ സൗകര്യം നല്‍കുന്നുണ്ട്. ഏറ്റവും ചുരുങ്ങിയത് 20000 രൂപയെങ്കിലും നിക്ഷേപിക്കണം.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പത്തുകാര്യങ്ങള്‍

നിങ്ങളുടെ വീടിനു മുകളില്‍ ഗൂഗിള്‍ സോളാര്‍ പാനല്‍ വെച്ചാലോ?

വീടിനു മുകളില്‍ സോളാര്‍ പാനലുകള്‍ വെച്ച് വൈദ്യുതി ചിലവ് ലാഭിക്കണമെന്ന് കരുതുന്നവര്‍ പലപ്പോഴും ഇതില്‍ നിന്നും പിന്തിരിയാന്‍ കാരണം ഭീമമായ ചെലവാണ്. എന്നാല്‍ ആരെങ്കിലും സൗജന്യമായി നിങ്ങളുടെ വീടിനു മുകളില്‍ ഒരു ‘സോളാര്‍ തോട്ടം’ ഉണ്ടാക്കിതരാമെന്നു പറഞ്ഞാലോ? അതും സെര്‍ച്ച് എന്‍ജിന്‍ രാജാവായ ഗൂഗിള്‍ തന്നെ. തമാശയല്ല , സോളാര്‍ സിറ്റി പ്രൊജക്ടിന്റെ ഭാഗമായാണ് ഗൂഗിള്‍ ഇതിനു തയ്യാറാകുന്നത്.

തുടക്കത്തില്‍ നമുക്ക് ഇന്ത്യയില്‍ ലഭിക്കില്ല. അമേരിക്കയിലെ 25000ഓളം വീടുകള്‍ക്കു മുകളിലായാണ് ഈ സോളാര്‍ പാടം ഉണ്ടാക്കുന്നത്. 500 മെഗാവാട്ട് വൈദ്യുതിയാണ് ലക്ഷ്യം.

ഓരോ വീടിനും യോജിച്ച രീതിയിലാണ് സോളാര്‍ സിറ്റി പാനലുകള്‍ ഫിറ്റ് ചെയ്യുന്നത്. അതിനുശേഷം നിങ്ങളുടെ പഴയ ബില്ലുകള്‍ പരിശോധിച്ച് നിങ്ങള്‍ക്കായി ഒരു താരിഫ് നിശ്ചയിക്കും. തീര്‍ച്ചയായും ഇത് പൊതു കണക്ഷനേക്കാള്‍ വളരെ കുറവായിരിക്കും. ചുരുക്കത്തില്‍ നിങ്ങളുടെ ബില്ല് പ്രതിമാസം 1000 രൂപയാണെങ്കില്‍ ഗൂഗിള്‍ അത് 300 രൂപയാക്കി താഴ്ത്താന്‍ നിങ്ങളെ സഹായിക്കും. സോളാര്‍ പാനലിനുള്ള ഒരു ചെറിയ വാടകയും കൊടുക്കേണ്ടി വരും. എന്നാല്‍ ഇതൊന്നുമല്ല ഏറ്റവും ആകര്‍ഷകമായ കാര്യം. നിങ്ങളുടെ വീടിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ള പാനലില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന അധികവൈദ്യുതി നിങ്ങള്‍ക്ക് കമ്പനിക്ക് വില്‍ക്കാനും സാധിക്കും. ക്ലീന്‍ എനര്‍ജി ലഭിക്കും. അതോടൊപ്പം പോക്കറ്റ് മണിയും.