ഇന്നലെ ഓഫീസ് വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് ആ കോൾ വന്നത്…ഷിനോദ് മനസ്സിലായോ….സൗണ്ട് കേട്ടപ്പോൾ പരിചയം തോന്നിയില്ല. വാസ്തവത്തിൽ ഇങ്ങനെ ചോദിക്കുന്നത് എനിക്കിഷ്ടമല്ല. പക്ഷേ, ആ ശബ്ദത്തിലെ കോൺഫിഡൻസിൽ നിന്നും ആൾക്ക് എന്നിലുള്ള അധികാരവും സ്നേഹവും മനസ്സിലായി… രജനി ചേച്ചി.. ഒടുവിൽ ആ പേര് തെളിഞ്ഞു വന്നു… നീയറിഞ്ഞോ? എന്ത് എന്ന് ചോദിക്കും മുമ്പെ.. ഒരു കുഞ്ഞു മോളുടെ രൂപം നിറഞ്ഞു വന്നു…’ മോളുടെ കല്യാണമാണോ?’ അതേ, ഏപ്രിൽ പത്തിനാണ്..നീ വരണം, ഭാര്യയെയും കുട്ടികളെയും കൂട്ടി.. പിന്നെ നീ വരുമ്പോ അതും കൊണ്ടു വരണം…അത്രയേ മൂപ്പത്തി പറഞ്ഞുള്ളൂ…എന്താണ് അത് ? എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല..
ചേച്ചിയുടെ മോള്..ഞങ്ങളുടെ ഭാഗത്തെ ആദ്യത്തെ കുഞ്ഞാവയായിരുന്നു..എല്ലാവരുടെയും കുഞ്ഞാവ.. രാവിലെ എന്റെ കൂടെ വന്നാൽ ചിലപ്പോൾ എല്ലാ കറക്കവും കഴിഞ്ഞ് ഉച്ചയോടു കൂടിയാണ് വാവ വീട്ടിലെത്തുക. തൊട്ടടുത്തുള്ള അമ്മയുടെ അനിയത്തിയുടെ വീട്ടിലോ മാമന്റെ വീട്ടിലോ മറ്റു കുട്ടികളോടൊപ്പം കളിയ്ക്കും. ഞങ്ങളുടെ തോളിൽ കരഞ്ഞുപിടിച്ച് കയറി പോരും. വാവയുടെ ചിരിയും കളിയും നിറഞ്ഞതായിരുന്നു ഞങ്ങളുടെ അധിക ദിവസങ്ങളും. സ്വാഭാവികമായും ഒട്ടേറെ ഫോട്ടോകളും ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരുടെ ആൽബത്തിലും കാണുമായിരുന്നു. ഇന്നത്തെ പോലെ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ കഴിയാത്തതുകൊണ്ട് ഭൂരിഭാഗവും നഷ്ടപ്പെട്ടു.
മോൾക്ക്.എകദേശം രണ്ടു വയസ്സ് മാത്രം പ്രായമുള്ള സമയത്ത് ഒരു ഫോട്ടോയെടുത്ത് ലാമിനേറ്റ് ചെയ്തെടുത്തിരുന്നു.. ഇപ്പോഴും ബാംഗ്ലൂരിലെ ഞങ്ങളുടെ ആൽബത്തിൽ ആ പടം ഉണ്ട്. 20 വർഷത്തിലേറെ പഴക്കമുള്ള ഈ ഫോട്ടോയാണ് രജനിയേച്ചി..ചോദിക്കുന്നത്. കല്യാണ പെണ്ണിന് സമ്മാനമായി ആ ഫോട്ടോ തന്നെ കൊടുക്കണം.. ബോർഡ് ലാമിനേഷനാക്കി..ഇത്തിരി പത്രാസിൽ..(കല്യാണത്തിന് പോയാലും ഇല്ലെങ്കിലും)…
നഴ്സറിയും എൽകെജിയും യുകെജിയുമൊന്നും നമ്മൾ പഠിച്ചിട്ടില്ല. നേരിട്ട് ഒന്നാം ക്ലാസ്സിലേക്കായിരുന്നു. അന്ന് ഇമ്മാതിരി പുന്നാര പരിപാടിയൊന്നുമില്ല. വീട്ടിൽ വല്ലാണ്ട് കുറുമ്പു കാണിയ്ക്കുന്നുണ്ടെങ്കിൽ സ്കൂളിൽ കൊണ്ടു പോയി ചേർക്കും. ചേർക്കുമ്പോ..മെയ് മാസത്തിലെ ഒരു ഡേറ്റ് അങ്ങ് ഡേറ്റ് ഓഫ് ബെർത്തായി ഫിക്സാക്കും. ഇന്നത്തെ പോലെ ബെർത്ത് സർട്ടിഫിക്കറ്റും ആധാറും ഒന്നില്ലായിരുന്നു..
മോളെ ആദ്യം ചേർത്തിയത് നാട്ടിലെ ഒരു ഐസിഎസ്ഇ സ്കൂളിലായിരുന്നു. കുറെ താരതമ്യം ചെയ്താണ് ഐസിഎസ്ഇ തിരഞ്ഞെടുത്തത്. രണ്ടു മാസം മാത്രമാണ് അവൾ അവിടെ പോയത്..അപ്പോഴേക്കും ബാംഗ്ലൂരിലേക്ക് പറിച്ചു നട്ടു..എല്ലാവരും നല്ലതെന്നു പറഞ്ഞ തൊട്ടടുത്ത സ്കൂളിൽ മകളെ ചേർത്തു.. . പാറു അതിവേഗം കാര്യങ്ങൾ പഠിച്ചു.. ഹിന്ദിക്കാരെയും കന്നഡക്കാരെയും മറികടന്ന് ക്ലാസ്സിലെ ആദ്യ മൂന്നിൽ ഒന്ന് എപ്പോഴും പാറുവായിരുന്നു. ആ സ്കൂൾ ഫോളോ ചെയ്തിരുന്നത് ഐഎസിഎസ് ഇ സിലബസ്സായിരുന്നു. കന്നഡയും ഹിന്ദിയും പഠിയ്ക്കാനുണ്ടായിരുന്നു.
പാറുവിന്റെ മൂന്നാമത്തെ സ്കൂൾ കെആർ പുരത്തിനടുത്തുള്ള ന്യു ഇൻഡസ് വാലി റെസിഡൻഷ്യൽ സ്കൂൾ.. അത് ഐസിഎസ്ഇ സിലബസ് ഫോളോ ചെയ്യുന്ന സ്കൂളായിരുന്നു. പിന്നീട് ഓഫിസിനടുത്തേക്ക് താമസം മാറിയപ്പോൾ തൊട്ടടുത്തുള്ള ഹോളിസ്പിരിറ്റ് സ്കൂളിൽ… ഇപ്പോ അവിടെ രണ്ടു വർഷമായി.. നാലാം ക്ലാസ്സിൽ.. പാറു ഇപ്പോഴും ക്ലാസ്സിൽ അതേ പ്രകടനം തുടരുന്നുണ്ട്.. ഇതുവരെ പഠിച്ചത് ഐസിഎസ്ഇ സിലബസ് അടിസ്ഥാനമാക്കിയാണ്.
ട്വിസ്റ്റ്
പല കാരണങ്ങളാൽ കിഷനെ നഴ്സറിയിൽ വിടാൻ പറ്റിയില്ല. എൽകെജിയിലേക്കാണ് നേരിട്ട് വിട്ടത്. വീടിന് തൊട്ടടുത്തുള്ള മോണ്ടിസോറി സിലബസ് സ്കൂളിലാണ് എൽകെജിയും യുകെജിയും പൂർത്തിയാക്കിയത്.(ഫീസിന് യാതൊരു കുറവുമില്ലായിരുന്നു. ഒരു വർഷത്തെ ഫീസ് 50000നു മുകളിലായിരുന്നു-ഇനി കഷ്ടി 15 ദിവസം കൂടിയേ ഉള്ളൂ യുകെജി പൂർത്തിയാകാൻ).
മോണ്ടിസോറി സിസ്റ്റത്തിന് യാതൊരു കുഴപ്പവുമില്ല. പക്ഷേ, നഴ്സറിയിൽ വിടാതെ എൽകെജിയിലും യുകെജിയിലും നേരിട്ട് വിട്ടാൽ ബാംഗ്ലൂരിലാണ് തുടർന്നു പഠിയ്ക്കുന്നതെങ്കിൽ ഇത്തിരി കുഴപ്പമുണ്ടെന്ന് പിന്നീട് മനസ്സിലായി. മോണ്ടിസോറിയ്ക്ക് മൂന്നു ഗ്രേഡുള്ള സിസ്റ്റത്തിലൂടെ തന്നെ കടന്നു വരണം എന്നാൽ മാത്രമേ കാര്യമുള്ളൂ..
ഒന്നാം ക്ലാസ്
സ്വാഭാവികമായും മോള് പഠിയ്ക്കുന്ന സ്കൂളിൽ തന്നെയാണ് (അടുത്ത അക്കാദമിക് ഇയറിലേക്ക്) മോനും ഒന്നാം ക്ലാസ് അഡ്മിഷനുവേണ്ടി ശ്രമിച്ചത്. എൻട്രൻസ് ഉണ്ട് പോലും. ഇംഗ്ലീഷിലും ഹിന്ദിയിലും കന്നഡയിലും ചോദ്യങ്ങൾ.. കാരണം… പറഞ്ഞത്…നിങ്ങളുടെ മകൻ ഐസിഎസ്ഇ സിലബസ് അല്ല ഫോളോ ചെയ്തത്.. ഞങ്ങൾ അക്കമഡേറ്റ് ചെയ്യണമെങ്കിൽ ഞങ്ങളുടെ സ്റ്റാൻഡേർഡ് വേണം..
അങ്ങനെ ഞാൻ ആദ്യമായി ആ സത്യം അറിഞ്ഞു.എൽകെജിയ്ക്കും യുകെജിയ്ക്കും പോലും സിലബസ് ഉണ്ടു പോലും… പിള്ളേര് ഒന്നാം ക്ലാസ്സിലെത്തുമ്പോഴേക്കും കന്നഡയും ഹിന്ദിയും നിർബന്ധമായും എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന രീതിയിലുള്ളതാണ് ഈ സിലബസ്. നാലാം ക്ലാസ് മുതലാണ് നമ്മളൊക്കെ ഇംഗ്ലീഷ് പഠിച്ചു തുടങ്ങിയത്. അഞ്ചിൽ നിന്നാണ് ഹിന്ദി തുടങ്ങിയത്. ഇതാരോട് പറയാൻ.ഐസിഎസ്ഇ പോലെ സിബിഎസ്ഇ സിലബസ്സിനെയും അടിസ്ഥാനമാക്കി എൽകെജി യുകെജി ക്ലാസ്സുകൾ നടക്കുന്നുണ്ട്.. എല്ലാം കച്ചവടം.
.ഈ പിള്ളേരുടെ ഒരു കാര്യമെന്ന് മനസ്സിൽ പറഞ്ഞെങ്കിലും അഡ്മിഷൻ കിട്ടാതിരുന്നാൽ പണി പാളുമല്ലോ. (പെണ്ണുങ്ങൾ ഇക്കാര്യത്തിൽ ഇത്തിരി ഇമോഷണൽ ആയിരിക്കും. കൂടാതെ മക്കളെ എന്നിൽ നിന്ന് അകറ്റി നാട്ടിൽ പഠിപ്പിക്കാൻ മനസ്സും വരുന്നില്ല.). ടീച്ചറോട് എത്ര സംസാരിച്ചിട്ടും എൻട്രൻസ് അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. അപ്പോ സംഗതി ഗോവിന്ദ..
എന്തായാലും ആ പ്രതീക്ഷ വിട്ടു.. പക്ഷേ, ഏറ്റവും രസകരമായ കാര്യം ഈ സ്കൂളിൽ ടീച്ചർ അവനോട് ചോദിച്ച ഒരു ചോദ്യത്തിനും അവൻ ഉത്തരം പറയാതിരുന്നില്ല.. അതേ..മോണ്ടിസോറിയുടെ പ്രായോഗികതയ്ക്ക് മുന്നിൽ ടീച്ചർ പോലും പകച്ചു.. പക്ഷേ, ശാഠ്യം ഒഴിവാക്കാൻ തയ്യാറായില്ല..
പുതിയ അഡ്മിഷൻ
എന്തായാലും മോളുടെ സ്കൂളിൽ മോന് അഡ്മിഷൻ കിട്ടില്ലെന്ന് ബോധ്യമായതോടെ മറ്റു സ്കൂളുകൾ തിരയാൻ തുടങ്ങി. അതിന്റെ ഭാഗമായി വീടിന് തൊട്ടടുത്തുള്ള പല സ്കൂളുകളിലും പോയി നോക്കി. അവിടെ 50 ശതമാനത്തോളം സ്ഥലത്തും മേൽപ്പറഞ്ഞ ന്യായങ്ങൾ നിരത്തി. ചിലർ പറഞ്ഞ ഫീസ്..ആ സ്ഥാപനത്തിന്റെ നിലവാരത്തിനും യോജിക്കുന്നതായിരുന്നില്ല.. നല്ല ഡോണേഷൻ..
അങ്ങനെയിരിക്കെയാണ് വീടിന് തൊട്ടടുത്തുള്ള, ഇന്ത്യയൊട്ടാകെ നെറ്റ് വർക്കുള്ള സ്കൂളിനെ കുറിച്ച് ആലോചിച്ചത്.. രണ്ടു വർഷം മുമ്പ് പുതിയ സ്ഥലത്ത് എത്തിയപ്പോൾ ഈ സ്കൂളിന്റെ അടുത്തേക്കേ പോയിരുന്നില്ല..കാരണം ആ സ്കൂളിന്റെ പേരിനു കൂടെ ടെക്നോ എന്ന വാക്കുണ്ടായിരുന്നു. എന്തോ അതിനോട് ഇപ്പോഴും പൊരുത്തപ്പെടാനാകില്ല. എന്തായാലും ടെക്നോ തുടങ്ങുന്നത് ആറു മുതലാണ്. അതുവരെ ഇത് സാധാരണ സിബിഎസ്ഇ സ്കൂളാണ്). പുതിയ തിരച്ചിലിനിടയിൽ ഒരുദിവസം വെറുതെ ഒന്നുകയറി നോക്കി.. ഫീസ് മോളുടെ സ്കൂളിന്റെ ഡബിൾ വരും.. ഡൊണേഷൻ കാര്യമായി ഇല്ല.. മോണ്ടി സോറി സ്കൂളിന്റെ കാര്യം പറഞ്ഞപ്പോൾ..അവർ കുട്ടിയോട് സംസാരിച്ചു..അവർ കൺവിൻസ്ഡ്.. അഡ്മിഷൻതരാമെന്ന് സമ്മതിക്കുകയും ചെയ്തു.. അന്നു തന്നെ കിഷനെ ആ സ്കൂളിൽ ചേർത്തി..(അടുത്ത വർഷത്തേക്ക്)
നമ്മുടെ ഐസിഎസ്ഇ പ്രേമവും പതുക്കെ ചോർന്നു തുടങ്ങിയിരുന്നു. അതിനു പ്രധാനകാരണം സർക്കാർ ഐസിഎസ്ഇയെയും സിബിഎസ്ഇയെയും ലയിപ്പിക്കും എന്ന വാർത്തയും നാട്ടിലേക്ക് പോകേണ്ട സാഹചര്യം വന്നാൽ വേണ്ടത്ര ഐസിഎസ്ഇ സ്കൂൾ ഉണ്ടാകില്ലെന്ന തിരിച്ചറിവുമാണ്.. അങ്ങനെ ഐസിഎസ്ഇ വാദക്കാരനായ എന്റെ മോൻ സിബിഎസ്ഇയായി. എന്തുകൊണ്ട് ഐസിഎസ്ഇ വാദക്കാരനായി എന്നത്..പിന്നീട് വിശദമാക്കാം..നീണ്ടകഥയാണ്. വാസ്തവത്തിൽ കേരള സ്റ്റേറ്റ് സിലബസ്സി്നറെ ആളാണ് നമ്മൾ. ഐസിഎസ്ഇയും സിബിഎസ്ഇയും താരതമ്യം ചെയ്യുമ്പോൾ എന്ന ചോദ്യത്തിന് ഞാൻ ഓപ്റ്റ് ചെയ്തതത് ഐസിഎസ്ഇയാണെന്നു മാത്രം..
പ്രശ്നം
മോളുടെ സ്കൂൾ ഒരു ഭാഗത്ത്..മകന്റെ സ്കൂൾ മറ്റൊരു അറ്റത്ത്.. ശനിയാഴ്ച പിടിഎ മീറ്റിങ് വിളിച്ചാൽ അച്ഛൻ ഒരു ഭാഗത്തേക്കും അമ്മ ഒരു ഭാഗത്തേക്കും പോകേണ്ടി വരും.രണ്ട് സ്കൂളിലെയും അവധി ദിവസങ്ങലും വ്യത്യാസമുണ്ട്…നിലവാരത്തിലും വ്യത്യാസമുണ്ട്. നാളെ ഒരാൾ എന്നെ മോശം സ്കൂളിൽ ചേർത്തിയെന്ന ആരോപണവുമായി വരരുതല്ലോ..?
പക്ഷേ, നിലവിലെ സ്കൂൾ വിട്ടു വരാൻ മോൾക്ക് മനസ്സില്ല.. അവസാനം നാലഞ്ച് ദിവസം അവളുമായി നിരന്തരം ഇൻട്രാക്ഷൻ നടത്തി…അങ്ങനെ ആ തീരുമാനത്തോട് അവളും യോജിച്ചു…അവളുടെ അഡ്മിഷനും കിഷന്റെ സ്കൂളിലേക്ക്.(അടുത്ത അക്കാദമിക് ഇയർ).. അങ്ങനെ ആറു വർഷത്തോളമായി ഐസിഎസ്ഇ സിലബസ് ഫോളോ ചെയ്യുന്ന മകൾ സിബിഎസ്ഇ സ്കൂളിലേക്ക്.. വീണ്ടും ബജറ്റ് പാളുന്നു..
സങ്കടവും ദേഷ്യവും ഒന്നിച്ച്
അക്കാദമിക് ഇയർ കഴിഞ്ഞാൽ മോളുടെ ടിസി വാങ്ങുന്ന കാര്യം സംസാരിക്കാനാണ് ഇന്നു സ്കൂളിലെത്തിയത്. ടിസിയുടെ കാര്യം പറഞ്ഞപ്പോൾ രണ്ടു തവണയും സംസാരിച്ച സ്വരമല്ല.. മകന് വേണമെങ്കിൽ സ്കൂളിൽ അഡ്മിഷൻ തരാമെന്ന് ടീച്ചർ. ഞാൻ പറഞ്ഞു. മറ്റേ സ്കൂളിൽ. ഡോണേഷൻ കൊടുത്തു പോയി..ഒടുവിൽ ടിസി തരാമെന്ന ഉറപ്പിലൂടെ പടിയിറങ്ങി.
അത് എന്തായാലും തരേണ്ട സംഗതിയാണെങ്കിലും… സങ്കടം വരാൻ കാരണമുണ്ട്. മകളെ ചേർത്തിയ സ്കൂൾ ഞങ്ങളുടെ പ്രദേശത്ത് നിലവാരവും ചെലവും കൂടി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും മികച്ചതാണെന്ന് വേണമെങ്കിൽ പറയാം. ചെലവ് ഇരട്ടിയാക്കിയതിനു ശേഷമാണ് ഈ ഔദാര്യമേ.. പക്ഷേ ഏറ്റവും വലിയ മെച്ചം.. വീട്ടിൽ നിന്നും കഷ്ടി 250 മീറ്റർ മാത്രമേ ഇനി മക്കളുടെ സ്കൂളിലേക്ക് ഉള്ളൂവെന്നതാണ്.. അടുത്ത അക്കാദമിക് ഇയറിൽ കുട്ടികൾക്ക് സ്കൂൾ ബസ്സിന്റെ കാത്തിരിപ്പുണ്ടാകില്ലെന്ന് ചുരുക്കം.
എന്തിനാണ് ഈ സിലബസ്? എൽകെജി, യുകെജി, ഒന്നാം ക്ലാസ് പ്രവേശനങ്ങൾ കൂടുതൽ സുതാര്യമാകണം.. ഈ സിലബസ് തട്ടിപ്പിൽ നിന്നും കുട്ടികളെ രക്ഷിക്കണം. ആദ്യം ഒന്നാം ക്ലാസ്സിലെത്തട്ടെ….അമിത ലോഡാണ് ഇന്ന് കുട്ടികൾക്ക്… ഇങ്ങനെ പോസ്റ്റിടാനെ നമുക്കും പറ്റൂ..അല്ലാതെന്ത് ചെയ്യാൻ..സിസ്റ്റം അല്ലേ..സിസ്റ്റം.. നാട്ടിലായിരുന്നെങ്കിൽ നല്ല ഗവൺമെന്റ് സ്കൂളിൽ ചേർത്തിയാൽ അതിനോളം വരില്ല ഒന്നും..ഇവിടെ അങ്ങനെ ചെയ്താൽ പണി പാളും.. കാരണം ഇപ്പോ കന്നഡ ഭാഷ എന്ന രീതിയിൽ പഠിച്ചാൽ മതി.. അങ്ങനെ ചെയ്താൽ എല്ലാം കന്നഡയാകും..ആർക്കും ഒന്നും പറഞ്ഞു കൊടുക്കാൻ സാധിക്കില്ല..
പാറുവിന് മലയാളം ഒപ്പിച്ചു വായിക്കാനറിയാം. പക്ഷേ, കിഷനെ സംബന്ധിച്ചിടത്തോളം മലയാളം നമ്മുടെ ഭാഷ മാത്രമാണ്. നമ്മൾ സംസാരിക്കുന്ന ഭാഷ… ഹിന്ദി അക്ഷരങ്ങളും കന്നഡ അക്ഷരങ്ങളും അറിയാം. അവൻ ഒന്നു താളത്തിലായി വന്നിട്ടു വേണം മലയാളം പഠിപ്പിക്കാൻ.. എനിക്ക് പ്രവാസി സുഹൃത്തുക്കളോട് പറയാനുള്ളത്..പിള്ളേരെ എങ്ങനെയെങ്കിലും മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കണമെന്നാണ്..ഇല്ലെങ്കിൽ ഒന്നുമില്ല.. പക്ഷേ, ഉണ്ടെങ്കിലോ?…അതിന്റെ മെച്ചം..അതു വാക്കുകളിൽ ഒതുങ്ങുന്നതല്ല..അനുഭവിച്ചു തന്നെ അറിയണം…നീണ്ട സ്കൂൾ അവധിക്കാലം മലയാളം പഠനത്തിനായി ഉപയോഗിക്കൂ…
കേരള പോലിസ് ആക്ട് 73ാം വകുപ്പ് അനുസരിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ശാഖാ പ്രവര്‍ത്തനം നിരോധിക്കുന്ന ഉത്തരവ് തയ്യാറാക്കുന്നുണ്ട് പോലും. മുഖ്യമന്ത്രി കണ്ണ് കാട്ടിയാല്‍ നിയമം പ്രാബല്യത്തില്‍ വരും. എന്താ അല്ലേ…എന്നാല്‍ എന്താണ് ഇത്തരം ഒരു ഉത്തരവിന്‍റെ പ്രസക്തി?
സ്വാഭാവികമായും പല സംശയങ്ങളും ഉയരും. കേരളത്തില്‍ എവിടെയൊക്കെയാണ് ശാഖകള്‍ ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത്? ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ആരാണ്? ഏതൊക്കെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കണ്ണടച്ച് കേരളത്തെ കണ്ണൂരാക്കരുത്. ദേവസ്വം ക്ഷേത്രങ്ങളില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് വളരെ കുറവാണ്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റി ആര്‍എസ്എസ് ശക്തി പ്രാപിച്ചുവരുന്നുണ്ടെന്ന് മുറവിളി കൂട്ടുന്നത് സിപിഎമ്മുകാരനല്ല, കോണ്‍ഗ്രസുകാരാണ്്. അവര്‍ പറയുന്നത് സത്യമാണു താനും. ഈ സാഹചര്യത്തെ സമാന്യവത്കരിച്ച് കണ്ണൂരിനെ കേരളമാക്കാനുള്ള ശ്രമമാണിത്. അധിക ശാഖകളും പ്രവര്‍ത്തിക്കുന്നത് കുടുംബ ക്ഷേത്രങ്ങളിലോ ആര്‍എസ്എസുകാര്‍ക്ക് നിയന്ത്രണമുള്ള ക്ഷേത്രങ്ങളോട് അനുബന്ധിച്ച സ്ഥലങ്ങളിലോ ആര്‍എസ്എസുകാരുടെ തന്നെ സ്ഥലങ്ങളിലോ ആണ്.. പിന്നെ എന്തിനാണ് ഈ കാടടച്ച വെടിയെന്നു മാത്രം മനസ്സിലാകുന്നില്ല.
സര്‍ക്കാറിന്റെ ഇത്തരം നടപടികള്‍ ആര്‍എസ്എസിനെ തഴച്ചു വളരാന്‍ മാത്രമേ സഹായിക്കൂ. കൗമാരക്കാരുടെയും യുവാക്കളുടെയും ഒരു ഒഴുക്ക് തന്നെ ആര്‍എസ്എസ് പാളയത്തിലേക്കുണ്ടെന്ന യാഥാര്‍ത്ഥ്യം ഉള്‍കൊണ്ടു വേണം ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍. പ്രത്യേകിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന ഒരു സര്‍ക്കാറിന് നിലവിലുള്ള ട്രെന്‍ഡ് പല പഴയ സംഭവങ്ങളും ഓര്‍മയിലെത്തിക്കും.. ഇത്തരം ഒരു ഒഴുക്കില്‍ നിന്നാണ് ഇന്നത്തെ സിപിഎം പോലും ശക്തി പ്രാപിച്ചത്.
ആര്‍ക്കാണ് ശാഖയില്‍ പോകാന്‍ നേരം?
ഒരു കാര്യം ഉറപ്പ് പറയാം. കേരളം ആകെ നോക്കുകയാണെങ്കില്‍ ശാഖകള്‍ ക്ഷയിച്ചു വരികയാണ്. പക്ഷേ, കണ്ണൂര്‍, കാസര്‍ക്കോട് ബെല്‍റ്റിലാണ് ഇത് കൂടുതല്‍ കരുത്താര്‍ജ്ജിച്ചു വരുന്നത്. ഈ പ്രദേശങ്ങളെ മാത്രം ലക്ഷ്യമാക്കി ഒരു ഉത്തരവിറക്കിയാല്‍ അത് ഉറങ്ങി കിടക്കുന്ന പല ശാഖകളെയും ഉയര്‍ത്തെഴുന്നേല്‍പ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സംഘടനാപരമായി ആര്‍എസ്എസിനെ കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ ഈ ഉത്തരവ് സഹായിക്കും.
സംഭവം വര്‍ഗ്ഗീയമാകുമ്പോള്‍
സിപിഎമ്മിന്റെ മതനിരപേക്ഷത ന്യൂനപക്ഷ പ്രീണനമാണെന്ന് സംഘപരിവാര സംഘടനകള്‍ പണ്ടേ പരാതി പറയുന്ന കാര്യമാണ്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സംഘടനാപ്രവര്‍ത്തനവും ആയുധനപരിശീലനവുമാണ് പിണറായി സര്‍ക്കാര്‍ നിരോധിക്കാന്‍ നോക്കുന്നത്. അത് ഉണ്ടെന്ന് അംഗീകരിക്കുന്നത് മറ്റു ചിലത് ഇല്ലെന്ന അംഗീകരിക്കല്‍ കൂടിയാണെന്നതാണ് വാസ്തവം.
നിങ്ങള്‍ക്ക് മുസ്ലീം പള്ളികളില്‍ കയറാന്‍ ധൈര്യമുണ്ടോ? ഇത്തരമൊരു ഉത്തരവ് മുസ്ലീം ക്രിസ്ത്യന്‍ പള്ളികളെ ലക്ഷ്യമാക്കി ഇറക്കാന്‍ ധൈര്യമുണ്ടോ? എന്നിട്ടല്ലേ അവിടെ നിന്ന് ഒരുത്തനെ അറസ്റ്റ് ചെയ്യുന്നത്. അതേ, ഹിന്ദുക്കള്‍ സംഘടിതമായി നില്‍ക്കാത്തതാണ് ഇത്തരം കുതിരകയറലിനു കാരണമെന്ന് സംഘികള്‍ക്ക് മുറവിളി കൂട്ടാനുള്ള ഒരു അവസരമാണിത് നല്‍കുന്നത്. ഇത്തരം വിഷയങ്ങളെ കൂടുതല്‍ ഗൗരവബോധത്തോടെ സമീപിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബിജെപി ഒരു സീറ്റില്‍ നിന്നും പത്തുസീറ്റിലേക്ക് എളുപ്പത്തില്‍ വളരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
അന്യസംസ്ഥാന തൊഴിലാളികളെ പറഞ്ഞു വിടാനുള്ള ധാര്‍മികമായ ഒരു അവകാശവും മലയാളികള്‍ക്കില്ല. പക്ഷേ,നിലവിലുള്ള അവസ്ഥ തുടര്‍ന്നാല്‍ എല്ലാം അടിഞ്ഞുകൂടാനുള്ള ഒരു സ്ഥലമായി കേരളം മാറും. ഏറ്റവും എളുപ്പ വഴി വരുന്നവര്‍ക്കെല്ലാം ആധാര്‍കാര്‍ഡ് ഉണ്ടെന്ന് ഉറപ്പാക്കിയാല്‍ മാത്രം മതി. ഏറ്റവും ചുരുങ്ങിയത് അസംഘടിത മേഖലയില്‍ ജോലിയെടുക്കാന്‍ വരുന്നവരിലെങ്കിലും.
ആധാര്‍കാര്‍ഡോ പാസ് പോര്‍ട്ടോ ഇല്ലാത്തവനെ ജോലിക്കു വെച്ചാല്‍ മുതലാളി കുടുങ്ങും എന്നാക്കണം. ഒരു കന്പനിയില്‍ പുതുതായി ജോയിന്‍ ചെയ്യുന്ന ഓരോരുത്തര്‍ക്കും ആധാര്‍കാര്‍ഡ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഇല്ലാത്തവര്‍ക്ക് അത് ഇവിടെ നിന്നു തന്നെ എടുത്തു കൊടുക്കാനുള്ള സംവിധാനം കന്പനി തന്നെ ഉണ്ടാക്കി കൊടുക്കണം. ഇതോടെ വരുന്നത് ബംഗ്ലാദേശി ആണെങ്കിലും അവന്‍റെ വിരലടയാളവും മറ്റും റെക്കോര്‍ഡിലാകും.
വാലിഡ് ആയ എന്തെങ്കിലും ഐഡി കാര്‍ഡെങ്കിലും ഇല്ലാതെ കേരളത്തിലേക്ക് പോകാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെടണം. വാലിഡ് ആയ ഐഡി കാര്‍ഡുള്ള ഏതൊരാള്‍ക്കും ആധാര്‍ കാര്‍ഡ് കേരളത്തില്‍ നിന്നും ഉണ്ടാക്കാം. ഇപ്പോള്‍ കേരളത്തിലെത്തുന്ന അസം, ബംഗാള്‍ മേഖലയില്‍ നിന്നുള്ള പലരുടെയും കൈവശമുള്ളത് ഒറിജിനല്‍ ഇലക്ഷന്‍ ഐഡി കാര്‍ഡ് അല്ലെന്ന് ഉറപ്പാണ്. ഇനി എല്ലാം ആധാര്‍ എന്ന യൂനിക് നന്പറില്‍ ഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പോലിസ് കേസുണ്ടെങ്കില്‍ അതും ഇനി ആധാര്‍ കാര്‍ഡിലൂടെ തിരിച്ചറിയാനാകും.
ഓരോരുത്തര്‍ക്കും ഓരോ യൂനിക് നന്പറായതിനാല്‍ ആധാര്‍ വ്യാജമായി ഉണ്ടാക്കുന്നതിന് സാങ്കേതികമായി ഏറെ ബുദ്ധിമുട്ടുണ്ട്. മൊബൈലില്‍ പോലും ആധാര്‍ നന്പര്‍ ചെക്ക് ചെയ്യാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് സാധിക്കുന്ന സംവിധാനം റെഡിയായി വരുന്നുണ്ട്. ആധാര്‍ നന്പര്‍ മാത്രം പറഞ്ഞു കൊടുത്താല്‍ മതി.. കാര്‍ഡ് പോലും വേണ്ട…
മലയാളി ഗള്‍ഫില്‍ പോകുന്നതിനെയും ഇതിനെയും താരതമ്യം ചെയ്യരുത്. പാസ് പോര്‍ട്ട് എന്ന രേഖയുമായാണ് നമ്മള്‍ അവിടെ എത്തുന്നത്. ഇവന്‍ ചാത്തനാണോ പോത്തനാണോ, തിരിച്ചറിയാനുള്ള എല്ലാ സംവിധാനവും ഉണ്ട്. അസമിലേക്ക് നുഴഞ്ഞു കയറി അവിടെ നിന്നും ഉത്തരേന്ത്യക്കാരന്‍ എന്ന വ്യാജേന ഒരു കെട്ട് കള്ള നോട്ടുമായെത്തുന്നവരെ ആധാറില്‍ കുടുക്കിയിട്ടേ പറ്റൂ. എല്ലാവിധ ഗുണ്ടായിസവും നടത്തി കേരളത്തിലേക്ക് രക്ഷപ്പെടുന്ന പ്രവണത കൂടി വരികയാണ്. ആധാര്‍കാര്‍ഡ് ഉണ്ടെങ്കില്‍ ഇവിടം മുതല്‍ ട്രാക്കിങിലാകുമല്ലോ? കേരളത്തിലെ ആവശ്യത്തിന് ആധാര്‍കാര്‍ഡിനെ ഔദ്യോഗിക രേഖയാക്കാന്‍ പ്രേരിപ്പിക്കുക. അതു മാത്രമേ മാര്‍ഗ്ഗമുള്ളൂ.
ചുരുങ്ങിയത് അയാളെ കൊന്നത് ഈ കന്പനിയില്‍ ഈ പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ആ ആധാര്‍ കാര്‍ഡിന് ഉടയാണെന്നെങ്കിലും തിരിച്ചറിയാമല്ലോ? അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രവാസിമലയാളികള്‍ക്കും ഇത് ബാധകമാണ്. കന്പനി ജോലികളില്‍ ഇതിന‍്റെ കാര്യമില്ല. അവിടത്തെ ഐഡി കാര്‍ഡ് തന്നെ ധാരാളം. കാരണം രേഖകള്‍ പരിശോധിച്ചിട്ടാണ് അവര്‍ ജോലിക്കെടുക്കുന്നത്.
ഡിങ്കന്‍ അവരെ രക്ഷിക്കുമോ? മായാവിയെ കുട്ടൂസന്‍ പിടിയ്ക്കുമോ? കപീഷ് വാലു നീട്ടുമോ? പൂച്ച പോലിസ് കേസ് തെളിയിക്കുമോ? ഇത്തരം ടെന്‍ഷനുകളൊക്കെ നിറഞ്ഞതായിരുന്നു നമ്മുടെ കുട്ടിക്കാലം…പക്ഷേ, അവിടെ വായന എന്ന പ്രക്രിയ ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോഴോ? ചന്ദനമഴയിലെ അമൃതയ്ക്ക് ഭര്‍ത്താവിനെ കിട്ടുമോ? തട്ടികൊണ്ടു പോകല്‍, മോഷണം, പാരവെപ്പ്, അമ്മായിമ്മ പോര്, ദേഷ്യം, പക…… കൊച്ചു മക്കളുടെ പോലും ചിന്ത ഇത്തരം കാര്യങ്ങളിലാണ്. കുശുന്പും കുന്നായ്മയും പ്രതികാരവുമാണ് അവര്‍ ദിവസവും കണ്ടു വരുന്നത്. അതും തീര്‍ത്തും ഏകപക്ഷീയമായി അവരുടെ മനസ്സിലേക്ക് ഇറങ്ങി ചെല്ലുകയാണ്.
വാസ്തവത്തില്‍ വളര്‍ന്നു വരുന്ന പുതിയ തലമുറ അങ്ങേയറ്റം അപകടകരമായ മാനസികാവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഇതാണ് ജീവിതമെന്നാണ് അവര്‍ മനസ്സിലാക്കി വെയ്ക്കുന്നത്. അതാണ് അവരുടെ മനസ്സില്‍ ഉറച്ചു പോകുന്നത്. അതേ സമയം മക്കളെ എന്‍ജിനീയറും ഡോക്ടറുമാക്കാനുള്ള തിരക്കില്‍ പുറംലോകവുമായുള്ള ഇന്‍ട്രാക്ഷന്‍ പരിപൂര്‍ണമായി കൊട്ടിയടയ്ക്കുകയും ചെയ്യും.
ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് വീട്ടിലെ പ്രായമായവരാണ്.. കാരണം, ഒരു പക്ഷേ, അവര്‍ ഇക്കാര്യത്തില്‍ കുട്ടികളേക്കാള്‍ സീരിയസ്സാണ്.. അവരറിയുന്നില്ല..ഇത് വരാനിരിക്കുന്ന തലമുറയെ മാറ്റി മറിയ്ക്കുന്നുണ്ട്.. നാളെ അവരെയും നിങ്ങളെയും തന്നെയാണ് ഇത് തിരിഞ്ഞു കൊത്താന്‍ തുടങ്ങുന്നത്. മുതിര്‍ന്നവര്‍ സീരിയല്‍ കാണുന്നത് അത്ര വലിയ പാതകമല്ല, പക്ഷേ, കുട്ടികളെ മടിയിലിരുത്തി കാണാതിരിക്കാന്‍ ശ്രമിക്കുക.
മോദി ആദിവാസി-ദളിത് കുട്ടികളുടെ മരണനിരക്കിനെ സോമാലിയയോട് താരതമ്യം ചെയ്തത് ഇത്തിരി കൂടി പോയെന്ന് എല്ലാവര്‍ക്കുമറിയാം. ഇത് ഇങ്ങനെ വേര്‍തിരിച്ചു പറയാതെ ഉമ്മന്‍ചാണ്ടിയുടെ ആവേശത്തില്‍ സഖാക്കളും അണി ചേര്‍ന്നത് മോദിയായതുകൊണ്ടു മാത്രമാണ്. കേരളത്തിലെ ഭൂരിഭാഗത്തിനും മോദിയേ പണ്ടേ ഇഷ്ടമല്ല. കേരളത്തെ സോമാലിയയുമായി മോദി താരതമ്യം ചെയ്തിട്ടില്ലെന്ന സത്യം ഉയര്‍ത്തിക്കാട്ടാന്‍ ഇടതുപക്ഷ സോഷ്യല്‍ മീഡിയക്കാര്‍ ശ്രമിച്ചതുമില്ല.
മോദിയുടെ പ്രസംഗത്തിലെ ഭാഗം
“Yahan Kerala ki janjaati, janta, ST Scheduled Tribe, usmey jo child death ratio hai, Somalia se bhi sthiti khatarnaak hai… Abhi kuchh din pehle… media mein dardnaak chitra dekhney ko mila…Jo Communist party ka qila maana jaata hai, jahaan voh hamesha jeet-ti hai, us Peravoor mein Scheduled Tribe ke baalak koode ke dher mein bhojan talaash kar rahe hain, yeh media mein prakaashit hua hai,”
തെറ്റാണെങ്കില്‍ കൃത്യമായി മോദിയെ കുറ്റപ്പെടുത്താം. പറയാത്തത് അയാളുടെ തലയില്‍ കെട്ടിവെയ്ക്കുന്നത് എന്തിനാണ്?. മോദി കേരളത്തെ മൊത്തത്തില്‍ സോമാലിയയുമായി താരതമ്യം ചെയ്തിട്ടില്ല. പകരം കേരളത്തിലെ ട്രൈബല്‍ മേഖലയിലെ ദയനീയ അവസ്ഥ വിളിച്ചു പറയുകയാണ് ചെയ്തത്. മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ചില റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി കേരള നേതാക്കള്‍ നല്‍കിയ നോട്സായിരിക്കാം ഒരു പക്ഷേ, ഇതിനു കാരണം. എന്നാല്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രി തെറ്റായ കണക്കുകള്‍ പറയുന്നത് ശരിയല്ല.
വാസ്തവത്തില്‍ അതിനെ(മോദി പറഞ്ഞതുപോലെ) ആ രീതിയില്‍ തന്നെ ഇടതുപക്ഷം ഉയര്‍ത്തി കാട്ടിയിരുന്നെങ്കില്‍ ഇത്തിരി മൈലേജ് കിട്ടുമായിരുന്നു. ഇത് ചാണ്ടി കിട്ടിയ അവസരം മുതലാക്കി. കേരള ദേശീയതയെയും അന്ധമായ മോദി വെറുപ്പിനെയും ആളിക്കത്തിച്ചു. ഇതില്‍ നിന്നും തിരഞ്ഞെടുപ്പിനെ സഹായിക്കുന്ന രീതിയില്‍ ഇടതുപക്ഷത്തിന് കാര്യമായ നേട്ടമുണ്ടാക്കാനാകില്ലെന്നതാണ് കാര്യം.. അതേ സമയം ബിജെപിക്ക് നഷ്ടപ്പെടാനൊന്നുമില്ലെന്ന് തിരിച്ചറിയണം. ഇപ്പോ തിരഞ്ഞെടുപ്പും അതിലെ ഭൂരിപക്ഷവും തന്നെയാണ് വിഷയം. കേരളത്തിലെ ട്രൈബല്‍ മേഖലയിലെ സ്ഥിതി മോശമാണെന്നു പറയാനാണ് മോദി ശ്രമിച്ചത്. റേഷ്യോ എന്ന പദം പ്രയോഗിച്ചതുകൊണ്ട് ആ താരതമ്യം തെറ്റാണെന്നു നമുക്കു പറയാം. പക്ഷേ, താരതമ്യം ഒരിക്കലും കേരളം എന്ന സംസ്ഥാനവും സോമാലിയ എന്ന രാജ്യവുമായിട്ടായിരുന്നില്ല. കേരളത്തിലെ ആദിവാസി മേഖലയും സോമാലിയയും തമ്മിലായിട്ടായിരുന്നു.
വാല്‍ക്കഷണം-ഇതുപോലെ തന്നെയുള്ള മറ്റൊരു കാര്യമാണ്. സോളാര്‍ വിവാദം. ഇനി സരിത വല്ലതും വിളിച്ചു പറഞ്ഞാലോ പുറത്തുവിട്ടാലോ…അത് മുഖ്യ അജണ്ടയായി ഇടതുപക്ഷം ഏറ്റെടുക്കരുതെന്നാണ് അഭിപ്രായം. ആ പിണറായിയുടെ ഫേസ് ബുക്കുകാരനോട് ആദ്യം പറയണം.. കഷ്ടി നാലു ദിവസം മാത്രമേ മുന്നിലുള്ളൂ. മോദിക്കെതിരേ ആഞ്ഞടിച്ചതില്‍ ആത്മസംതൃപ്തി കൊണ്ട സഖാക്കള്‍ അറിയാതെ പോകുന്ന ഒരു സത്യമുണ്ട്. മോദിയെയും സരിതയെയും ഇടതുപക്ഷം ഏറ്റെടുത്താല്‍ വിജയിക്കുന്നത് ചാണ്ടിയുടെ തന്ത്രമാണ്. .
പണ്ട് നമ്മള്‍ കടയില്‍ പോവുക ഒരു സഞ്ചിയുമായാണ്. വാങ്ങിയ സാധനങ്ങളെല്ലാം അതിലിട്ട് തൂക്കി പിടിച്ചോ തോളില്‍ വെച്ചോ തിരിച്ചു പോരും. സഞ്ചിയെടുക്കാന്‍ മറന്നാല്‍ പലപ്പോഴും നമ്മള്‍ തിരിച്ചു പോകും. തുറക്കാന്‍ കഴിയാത്ത റെയ്‌നോള്‍ഡ് പെന്‍ ഉപയോഗിക്കുമ്പോഴും നമ്മള്‍ കടയില്‍ പോകുമ്പോള്‍ സഞ്ചിയെടുത്തിരുന്നു. യൂസ് ആന്റ് ത്രോ രീതി എന്നു മുതലാണ് ഒരു “ഫാഷനായി’ മാറിയതെന്ന് അറിയില്ല.
ബാംഗ്ലൂര്‍ നഗരത്തിലെത്തിയതോടെ പൈസയെടുക്കുന്ന ശീലവും മാറി. പഴ്‌സില്‍ ഒരു നൂറു രൂപ നോട്ടുണ്ടെങ്കില്‍ ആഴ്ചകളോളം അത് അനങ്ങാതെ അവിടെ ഇരിയ്ക്കുന്നുണ്ടാകും.. എല്ലാത്തിനും കാര്‍ഡായി. ചുരുക്കത്തില്‍ സാധനം വാങ്ങാന്‍ പോകുന്നത് കൈയില്‍ സഞ്ചിയോ പൈസയോ ഇല്ലാതായി മാറി.
ടണ്‍ കണക്കിന് പ്ലാസ്റ്റിക് കവറുകള്‍ കുമിഞ്ഞു കൂടാന്‍ തുടങ്ങിയതോടെയാണ് ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ ആ കടുത്ത തീരുമാനമെടുത്തത്. എല്ലാ രൂപത്തിലുള്ള പ്ലാസ്റ്റിക് കവറുകളും ഡിസ്‌പോസിബിള്‍ പാത്രങ്ങളും തെര്‍മോകോള്‍ പാത്രങ്ങളും നിരോധിച്ചു. തിക്ക്‌നസ് നോക്കിയുള്ള വിലക്കല്ല. പരിപൂര്‍ണമായ നിരോധനമാണ് ലക്ഷ്യമിടുന്നത്. നഗരത്തിലെ പ്രമുഖ സ്ഥാപനങ്ങളെല്ലാം തന്നെ ഇതിനോട് അനുകൂലമായാണ് പ്രതികരിക്കുന്നത്.
സഞ്ചിയെടുക്കാതെയുള്ള യാത്ര ശീലമായതിനാല്‍ തുണി സഞ്ചി പലപ്പോഴും പണം കൊടുത്തു വാങ്ങേണ്ടി വരുന്നു.. ആറു രൂപ.. പക്ഷേ, ഇത് കൊടുക്കുമ്പോള്‍ ഒരു സന്തോഷമുണ്ട്.. നാളെയെ കുറിച്ച് ഒരു പ്രതീക്ഷയുണ്ട്. സഞ്ചിയെടുത്ത് വണ്ടിയില്‍ വെയ്ക്കണമെന്ന തീരുമാനമുണ്ട്. ബിബിഎംപിക്ക് നന്ദി..ധീരതയോടെ നടപ്പാക്കൂ…ദീര്‍ഘവീക്ഷണമുള്ള നല്ലൊരു നീക്കം…
വാല്‍ക്കഷണം-പ്ലാസ്റ്റിക് കവറുമായി പിടിച്ചാല്‍ ബാംഗ്ലൂരില്‍ 500 രൂപയാണ് പിഴ . വാങ്ങുന്നവരും വില്‍ക്കുന്നവരും ഒരു പോലെ കുറ്റക്കാരാണ്. വീണ്ടും പിടിച്ചാല്‍ പിഴ ആയിരം രൂപയാകും. കേരളം പോലെയല്ല, കവര്‍ ഉണ്ടാക്കുന്നവര്‍ക്കും പിഴയുണ്ട്. ചെറുതൊന്നുമല്ല, അഞ്ച് ലക്ഷത്തോളം.
ഈ മാസം രണ്ടാം വാരം നടന്ന സംഭവം പറയാം. ആറ്റിങലില്‍ നിന്നും തിരുവനന്തപുരം സിറ്റിയിലേക്ക് പോകാന്‍ ഒരു ടാക്‌സിക്കാരനോട് ചാര്‍ജ് ചോദിച്ചു. കഷ്ടി 30 കിലോമീറ്റര്‍. വിലപേശലെല്ലാം കഴിഞ്ഞപ്പോള്‍ നമ്മുടെ ടാക്‌സിക്കാരന്‍ പറഞ്ഞ ചാര്‍ജ് 900 രൂപ. ബാംഗ്ലൂര്‍ ഞങ്ങള്‍ 350-375 രൂപ കൊടുക്കുന്ന ദൂരം.
ആദ്യം കല്ലെറിഞ്ഞാണ് ഇത്തരം ഓണ്‍ലൈന്‍ ടാക്‌സിക്കാരെ കേരളം സ്വീകരിച്ചത്..ഇപ്പോള്‍ സമരം നടത്തി പൊളിപ്പിക്കാന്‍ നോക്കുന്നു. നമ്മുടെ പോയിന്റ് വളരെ സിംപിളാണ്.
ഇതില്‍ ജോലി ചെയ്യുന്നവരും തൊഴിലാളികളാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഓലയിലും യൂബറിലും മെരു കാബിലും ജോലി ചെയ്യുന്ന നിരവധി ഡ്രൈവര്‍മാരുമായി സംസാരിച്ചതാണ്. അവരെല്ലാം പറഞ്ഞത്, ജോലിയെടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് നല്ല വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന സംവിധാനമാണെന്നാണ്.. കുത്തക വത്കരണം എന്നൊക്കെ പറഞ്ഞ് കല്ലെറിയാന്‍ വരട്ടെ.. ഇത്തരം ടാക്‌സികള്‍ ഏറെ ഉപകാരപ്രദമാണെന്ന് അനുഭവമുള്ള ഞങ്ങളും പറയുന്നു.
ഇപ്പോള്‍ കേരളത്തിലെ ഓണ്‍ ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സമരത്തിലാണു പോലും. ഇതില്‍ നിന്നും എന്താണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. ഒരു കാര്യം ഉറപ്പാണ് ഓലയും യൂബറും കേരളത്തില്‍ വരും. ഒരു പക്ഷേ, അത് ഓടിക്കുന്ന ഉത്തരേന്ത്യന്‍ ഡ്രൈവര്‍മാരാകുമെന്നു മാത്രം.
പണം പോലും ഡ്രൈവര്‍ക്ക് കൊടുക്കേണ്ട കാര്യമില്ല. ഈ വാലറ്റില്‍ നിന്നും ഡെബിറ്റ് ആകും.. അപ്പോ 300 രൂപയുടെ ഓട്ടം 900 രൂപയ്‌ക്കേ പോകൂവെന്ന് നമ്മുടെ നാട്ടുകാര്‍ വാശിപിടിച്ചാല്‍ ഒരു രക്ഷയുമില്ല. ഈ തൊഴില്‍ സംസ്കാരം നമ്മുടെ നാടിന് ആപത്താണ്.