
ഞങ്ങള്‍ പദ്ധതിയുടെ അവസാനഘട്ടത്തിലാണ്. മൂന്നു നാലുമാസത്തിനുള്ളില്‍ ഇത് നടപ്പിലാക്കാനാവും. പ്രകൃതിപരമായ ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് പരിഗണന നല്‍കി പരിസ്ഥിതി സംതുലനം സാധ്യമാക്കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണിത്-ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് ഒപ്പിടുന്നതോടെ വീടുകളുടെ മുകളില്‍ സൗരോര്‍ജ്ജപാനലുകള്‍ വിരിയ്ക്കും. 200 സ്‌ക്വയര്‍ മീറ്റര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് ഏകദേശം ഒമ്പതുലക്ഷം ചെലവാകുമെന്നാണ് കണക്കാക്കുന്നത്. വീട്ടുടമകള്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് മേല്‍ക്കൂര പാട്ടത്തിനോ നല്‍കുകയോ അല്ലെങ്കില്‍ മൊത്തം മുടക്കുമുതലിന്റെ 30 ശതമാനം പണം മുടക്കുകയോ വേണം. ബാക്കിയുള്ള 70 ശതമാനം ബാങ്കുകളിലൂടെ വായ്പയായി ലഭ്യമാക്കും. മേല്‍ക്കൂരയിലുള്ള പ്ലാന്റില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി യൂനിറ്റിന് 17.50 രൂപ എന്ന നിരക്കില്‍ വിതരണ കമ്പനികള്‍ക്ക് വില്‍ക്കാനുള്ള അവകാശം വീട്ടുടമയ്ക്കുണ്ടാവും. വിലകൂടുതലാണെങ്കിലും വിതരണകമ്പനികള്‍ക്ക് സബ്‌സിഡി നല്‍കി കൊണ്ട് സര്‍ക്കാര്‍ ഈ പ്രൊജക്ടിനെ പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമിക്കും. ഫോട്ടോ വോള്‍ട്ടെയ്ക്ക് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയായിരിക്കും ഈ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട കണക്കനുസരിച്ച് ഒരു സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് നാലുമുതല്‍ ഏഴുവരെ കിലോവാട്ട് ഉല്‍പ്പാദിപ്പിക്കാനുള്ള സൂര്യപ്രകാശമാണ് ഒരു ദിവസം ലഭിക്കുന്നത്. ഡല്‍ഹിയില്‍ ഇത് 5.5 കിലോവാട്ടാണ്.
നാളെയുടെ മുഖ്യ ഊര്‍ജ്ജസ്രോതസ്സ് സൂര്യനായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോഴുള്ള പരമ്പരാഗത ഊര്‍ജ്ജമാര്‍ഗ്ഗങ്ങളെല്ലാം ഉടന്‍ തന്നെ തടസ്സപ്പെടും. സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ഒളിഞ്ഞുകിടക്കുന്ന മറ്റുചെലവുകളില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വെള്ളമോ, കല്‍ക്കരിയോ, പ്രത്യേക ഭൂമിയോ വേണ്ടായെന്നതാണ് പ്രത്യേകത. ഡല്‍ഹി സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ നല്ലൊരു നീക്കമാണിത്- ഊര്‍ജ്ജമേഖലയില്‍ വിദഗ്ധനായ ശങ്കര്‍ ശര്‍മ അഭിപ്രായപ്പെട്ടു.
സമ്പൂര്‍ണ ചന്ദ്രഗ്രഹണം ജൂണ്‍ 15ന്
നിഫ്റ്റി നഷ്ടത്തില്‍ ക്ലോസ് ചെയ്തു
നിഫ്റ്റി നഷ്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 117.70 പോയിന്റും നിഫ്റ്റി 33.60 പോയിന്റും താഴോട്ടിറങ്ങി യഥാക്രമം 18376.48ലും 5516.75ലും വില്‍പ്പന അവസാനിപ്പിച്ചു.ആഗോളവിപണിയില്‍ നിന്നു കാര്യമായ പിന്തുണ കിട്ടാതിരുന്നതും പ്രമുഖ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കാര്യമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കപ്പെടാതിരുന്നതും തിരിച്ചടിയായി. ബ്രിട്ടീഷ് പെട്രോളിയവുമായുള്ള സഹകരണം, ഇന്ത്യയില്‍ നിന്നു ഉല്‍പ്പാദനം വിപുലീകരിക്കല്‍ എന്നീ വിഷയങ്ങളില്‍ നിക്ഷേപകര്‍ക്കുണ്ടായിരുന്ന ആശങ്കകള്‍ അകറ്റുന്ന തരത്തില്‍ ഒന്നും തന്നെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ കിഴക്കന്‍ തീരത്തുള്ള റിലയന്‍സ് എണ്ണപ്പാടങ്ങളില്‍ ഉല്‍പ്പാദനം കാര്യമായി കുറഞ്ഞിട്ടുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.വാര്‍ഷികയോഗത്തില്‍നിന്നും നല്ല വാര്‍ത്തകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടു തന്നെ യോഗത്തിനു മുമ്പ് ഓഹരി ഒരു ശതമാനത്തോളം ഉയര്‍ന്നിരുന്നു. എന്നാല്‍ നിരാശപ്പെടുത്തിയ യോഗത്തിനൊടുവില്‍ ഓഹരി 1.65 ശതമാനത്തോളം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇതോടെ സ്വാഭാവികമായും മൊത്തം വിപണിയും നഷ്ടത്തിലേക്ക് നീങ്ങി.അടുത്താഴ്ചയും വിപണി 5300-5700 ലെവലിനുള്ളില്‍ വില്‍പ്പന തുടരാനാണ് സാധ്യത. ഒമ്പതാം തിയ്യതി പെട്രോളിയം ഉല്‍പ്പന്നങ്ങളായ ഡീസല്‍, മണ്ണെണ്ണ, ഗ്യാസ് എന്നിവയുടെ വിലവര്‍ധിപ്പിക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ട് നിര്‍ണായകമാണ്.ഇന്നലെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് മണപ്പൂരം ജനറല്‍ ഫിനാന്‍സാണ്.6.35 പോയിന്റ് വര്‍ധിച്ച് 122.95ലാണ് വില്‍പ്പന നിര്‍ത്തിയത്. കഴിഞ്ഞ ദിവസം വന്‍ തകര്‍ച്ചയെ നേരിട്ട സണ്‍ ടിവി നെറ്റ്‌വര്‍ക്ക് ഇന്നലെ ചെറിയതോതില്‍ തിരിച്ചുവരവ് നടത്തി. റിലയന്‍സ് കമ്യൂണിക്കേഷന്‍, എന്‍ജീനിയേഴ്‌സ് ഇന്ത്യ, മാംഗ്ലൂര്‍ റിഫൈനറീസ് ഓഹരികള്‍ക്കും ഇന്നലെ സന്തോഷത്തിന്റെ ദിവസമായിരുന്നു. ഏറ്റവും നഷ്ടം സംഭവിച്ച ആദ്യ ഓഹരികളില്‍ സ്‌റ്റെര്‍ലിങ് ഇന്റര്‍നാഷണല്‍, എച്ച്.ഡി.എഫ്.സി, കോള്‍ ഇന്ത്യ, അപ്പോളോ ഹോസ്പിറ്റല്‍, ആക്‌സിസ് ബാങ്ക് എന്നിവ സ്ഥാനം പിടിച്ചു.
യുലിപ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നുവെന്ന മെച്ചമുണ്ടെങ്കിലും യൂലിപ് ഒരു തരം മ്യൂച്ചല്‍ ഫണ്ട് തന്നെയാണ്.് ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒട്ടുമിക്ക കാര്യങ്ങള്‍ ഇവിടെയും ബാധകമാണ്. നിക്ഷേപകരുടെ അറിവില്ലായ്മയാണ് പലപ്പോഴും സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുന്നത്. യൂലിപ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്.
1 ഫണ്ട് അലോട്ട്‌മെന്റ് എത്രയെന്ന് ചോദിച്ചു മനസ്സിലാക്കണം. നിങ്ങള്‍ നല്‍കുന്ന ആദ്യ തവണയില്‍ എത്ര നിക്ഷേപത്തിനായി പോവുന്നു? കമ്മീഷനും,മറ്റു കമ്പനി ചെലവുകള്‍ക്കായി എത്ര പോവുന്നു എന്നീ കാര്യങ്ങള്‍ മനസ്സിലാക്കണം. നിക്ഷേപത്തിലേക്ക് 90 ശതമാനത്തിലധികം തുക നീക്കിവയ്ക്കാത്ത ഉല്‍പ്പന്നങ്ങളെ നിരാകരിക്കുക.
2 ഓഹരി സൂചികകള്‍ ഉയര്‍ന്നുനില്‍ക്കുന്ന സമയത്ത് ചേരാതിരിക്കുന്നതാണ് നല്ലത്. കാരണം അപ്പോള്‍ വാങ്ങുന്ന യൂനിറ്റുകള്‍ക്ക് മൂല്യം കുറവായിരിക്കും.
3 ലോക്കിങ് പിരിയഡ് എത്ര സമയത്തേക്കാണെന്ന് മനസ്സിലാക്കണം. അതിനേക്കേള്‍ പ്രാധാന്യമുള്ളതാണ്. എത്രകാലത്തേക്കാണ് നിങ്ങളുടെ പോളിസി ചേര്‍ത്തിയിട്ടുള്ളതെന്ന കാര്യം. അഞ്ചുവര്‍ഷം കഴിഞ്ഞ് എടുക്കാമെന്ന് നിങ്ങളുടെ ഏജന്റ് പറയും. പക്ഷേ, പോളിസി ചേര്‍ത്തിട്ടുണ്ടാവുക 15 വര്‍ഷത്തിനോ 20 വര്‍ഷത്തിനോ ആയിരിക്കും. തീര്‍ച്ചയായും നിങ്ങളുടെ പണം കമ്പനിയുടെ ഫണ്ട് മാനേജര്‍മാര്‍ അത്രയും കാലത്തിനു പ്ലാന്‍ ചെയ്തിട്ടായിരിക്കും വിവിധ കമ്പനി ഓഹരികളില്‍ നിക്ഷേപിക്കുക. പെട്ടെന്ന് നിങ്ങള്‍ പണം ആവശ്യപ്പെട്ടാല്‍ അതുകൊണ്ടുണ്ടാവുന്ന നഷ്ടത്തിനുള്ള ഉത്തരവാദി നിങ്ങള്‍ തന്നെയാണ്. അതുകൊണ്ട് എത്ര കാലമാണോ തിരഞ്ഞെടുക്കുന്നത് അത്ര കാലം കാത്തിരിക്കാന്‍ തയ്യാറാവണം. അഞ്ചുവര്‍ഷം എന്നു പറയുന്നത് ലോക്കിങ് പിരിയഡ് മാത്രമാണ്.
4 പണം തിരിച്ചെടുക്കുന്ന സമയവും നിര്‍ണായകമാണ്. ഓഹരി സൂചികകള്‍ ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് പണം തിരിച്ചെടുക്കുന്നതാണ് നല്ലത്. അല്ലാതെ നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ വിപണി മൂല്യം കൂടികൊള്ളണമെന്നില്ല.
ഒരു പോളിസിയില്‍ ചേരുമ്പോള്‍ ഒരു കരാറിലാണ് നിങ്ങള്‍ ഒപ്പിടുന്നത്. ആ കരാര്‍ ഒപ്പിടുമ്പോള്‍ അതിലെ വ്യവസ്ഥകള്‍ വ്യക്തമായി മനസ്സിലാക്കണം. അതു മനസ്സിലാക്കാതെ, വിപണി നോക്കാതെ ബാങ്ക് നിക്ഷേപം പണമെടുക്കാന്‍ ഓടുന്നവര്‍ക്കാണ് പലപ്പോഴും നഷ്ടം സംഭവിക്കുന്നത്. യൂലിപ്പിലായാലും മ്യൂച്ചല്‍ ഫണ്ടിലായാലും ഓഹരി വിപണിയിലായാലും അറിഞ്ഞു നിക്ഷേപിക്കണം.
ടൈക്കൂണുകള്‍ വീണു, ഇനി ബിസയറിന്റെ കാലം
ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത. കഴിഞ്ഞ നവംബറിലെഴുതിയ ഇക്കാര്യം ശരിയെന്നു കാലം തെളിയിച്ചു
സെന്‍സെക്‌സ് തിളങ്ങി,ടാറ്റാ മോട്ടോഴ്‌സിനു തിരിച്ചടി
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി ഒരു ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു. ഏഷ്യന്‍ വിപണിയില്‍ ഇന്നലെ ഏറെ തിളങ്ങിയത് സെന്‍സെക്‌സാണ്. 221.46 പോയിന്റ് നേട്ടത്തോടെ 18266.10ലാണ് മുംബൈ സൂചിക ക്ലോസ് ചെയ്തത്. 5476.10ല്‍ വില്‍പ്പന അവസാനിപ്പിച്ച നിഫ്റ്റി ഇന്നലെ മാത്രം 63.75 പോയിന്റ് അധികം നേടി.
റിയാലിറ്റി, ബാങ്കിങ്, മെറ്റല്‍, ഓയില്‍ മേഖലകളിലാണ് ഇന്നു മുന്നേറ്റം കൂടുതല്‍ പ്രകടമായത്. മറ്റൊരു നിര്‍ണായകസംഗതി അഡാഗ്(റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ്) കമ്പനികള്‍ ഇന്നലെ നിലമെച്ചപ്പെടുത്തിയെന്നതാണ്. അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനികളെല്ലാം കഴിഞ്ഞ കുറെ കാലമായി പിറകോട്ടടിക്കുകയായിരുന്നു.
എഡ്യുകോംപ് സൊലൂഷന്‍സ്, സിന്റക്‌സ് ഇന്‍ഡസ്ട്രീസ്, സ്റ്റെര്‍ലിങ് ഇന്റര്‍നാഷണ്‍, ഐ.ഡി.എഫ്.സി, അലഹാബാദ് ബാങ്ക് ഓഹരികള്‍ ഏറെ നേട്ടമുണ്ടാക്കിയപ്പോള്‍ ടാറ്റാ മോട്ടോര്‍സ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, ശ്രീറാം ട്രാന്‍സ് ഫിന്‍, എ.ബി.ബി ലിമിറ്റഡ്, റെലിഗെയര്‍ ഓഹരികള്‍ക്ക് ഇന്നലെ തിരിച്ചടിയുടെ ദിവസമായിരുന്നു. അസംസ്‌കൃതവസ്തുക്കളായ സ്റ്റീല്‍, റബ്ബര്‍ എന്നിവയുടെ വിലകുത്തനെ ഉയരുന്നതാണ് ടാറ്റാ മോട്ടോര്‍ഴ്‌സിനെ അലട്ടുന്നത്. നാലാം പാദത്തില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ആഡംബരവാഹനങ്ങളില്‍ ശ്രദ്ധവര്‍ധിപ്പിക്കുന്നത് പ്രവര്‍ത്തന ചെലവ് കൂട്ടുമെന്ന് നിക്ഷേപകര്‍ ആശങ്കപ്പെടുന്നു.
ഈ രണ്ടു ദിവസത്തെ കുതിപ്പില്‍ നിന്നും വിപണി കാളക്കൂറ്റന്മാര്‍ കൈയിലാണെന്ന് വിശ്വസിക്കുന്നത് ശരിയല്ല. പ്രതികൂലമായ ഘടകങ്ങളെല്ലാം ഒരുമിച്ച് അണിനിരക്കുന്ന ഈ സാഹചര്യത്തില്‍ ഇവയെ മറികടക്കാന്‍ കെല്‍പ്പുള്ള ആഗോളവിപണികളിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നിഫ്റ്റി 5400നുമുകളില്‍, എണ്ണക്കമ്പനികള്‍ക്ക് നേട്ടം
മുംബൈ: ആഗോളവിപണിയില്‍ നിന്നുള്ള അനുകൂലവാര്‍ത്തകളും എണ്ണവില വീണ്ടും വര്‍ധിപ്പിക്കുമെന്ന അഭ്യൂഹങ്ങളും ചേര്‍ന്ന് ഇന്നു ഇന്ത്യന്‍ ഓഹരിവിപണിയില്‍ പച്ചക്കത്തിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒ.എന്‍.ജി.സി തുടങ്ങിയ മുന്‍നിര കമ്പനികള്‍ നടത്തിയ മുന്നേറ്റവും ഷോട്ട് കവറിങും ചേര്‍ന്നാണ് വിപണിയെ കൈപിടിച്ചുയര്‍ത്തിയത്.
സെന്‍സെക്‌സ് 197.40 പോയിന്റുയര്‍ന്ന് 18044.64ലും നിഫ്റ്റി 63.40 വര്‍ധിച്ച് 5412.35ലും വില്‍പ്പന അവസാനിപ്പിച്ചത്. ഫ്യൂച്ചര്‍, ഓപ്ഷന്‍ മെയ്മാസ വ്യാപാരത്തിന്റെ അവസാനദിവസമായ ഇന്നു വിപണി 5380 എന്ന നിര്‍ണായകമായ സപ്പോര്‍ട്ടീവ് ലെവലും തകര്‍ത്ത് താഴേക്കു പതിക്കുമെന്ന ആശങ്കകള്‍ സജീവമായിരുന്നു. പക്ഷേ, അമേരിക്ക, യൂറോപ്പ് വിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തത് ഇന്ത്യ അടക്കമുള്ള ഏഷ്യന്‍വിപണിക്ക് പ്രചോദനമായി.
മെച്ചപ്പെട്ട നാലാംപാദപ്രവര്‍ത്തന ഫലത്തിന്റെ വെളിച്ചത്തില്‍ ടാറ്റാ സ്റ്റീല്‍ മികച്ച മുന്നേറ്റമാണ് നടത്തിയത്. 561.50ല്‍ വില്‍പ്പന തുടങ്ങിയ ഓഹരി ഒരു സമയത്ത് 579.80 വരെ ഉയര്‍ന്ന് 572.60ലാണ് ക്ലോസ് ചെയ്തത്.
മെയ് 14ലിനവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യപണപ്പെരുപ്പം തൊട്ടുമുമ്പുള്ള ആഴ്ചയിലെ 7.47ശതമാനത്തിനെ അപേക്ഷിച്ച് 8.55 ശതമാനമായി ഉയര്‍ന്നത് വിപണിയില്‍ മ്ലാനത പടര്‍ത്തി. മെയ് മാസം വിദേശനിക്ഷേപസ്ഥാപനങ്ങള്‍ ഏകദേശം 7791 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നു പിന്‍വലിച്ചത്.
അതുകൊണ്ടു തന്നെ ഇന്നത്തെ നേട്ടത്തെ ഒരു കുതിപ്പിനു മുന്നോടിയായി കാണാന്‍ പറ്റില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അടുത്ത മൂന്നാഴ്ചക്കുള്ളില്‍ നിഫ്റ്റി 5200 ലെവലിലേക്ക് താഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള താഴ്ച കടന്നുവന്നില്ലെങ്കില്‍ വിപണി വരും മാസങ്ങളില്‍ 5300-5500 ലെവലിനുള്ളില്‍ കുടുങ്ങികിടക്കാനാണ് സാധ്യത. തീര്‍ച്ചയായും ജൂണ്‍-സെപ്തംബര്‍ മാസത്തില്‍ ലഭിക്കുന്ന മണ്‍സൂണ്‍ മഴയും പണപ്പെരുപ്പവും എണ്ണവിലവര്‍ധനയും യൂറോപ്യന്‍ സാമ്പത്തികപ്രതിസന്ധികളും നിര്‍ണായകമാവും. പണപ്പെരുപ്പത്തിലും ക്രൂഡ് വിലയിലും സ്ഥിര സ്വഭാവം കടന്നുവരാത്തിടത്തോളം കാലം വിപണിയില്‍ ഒരു വലിയ കുതിപ്പ് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. കാര്‍ഷികവൃത്തിയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന സാമ്പത്തികവ്യവസ്ഥയാണ് ഇന്ത്യക്കുള്ളത്. നല്ല മഴ ലഭിച്ചാല്‍ നല്ല വിളവ് ലഭിക്കും. സ്വാഭാവികമായും വരുമാനം വര്‍ധിക്കുന്നതോടെ അത് വാഹനവിപണിയെയും കണ്‍സ്യൂമര്‍ ഗൂഡ്‌സ്, കമോഡിറ്റി മാര്‍ക്കറ്റുകളെയും ഉത്തേജിപ്പിക്കും.
ഒ.എന്‍.ജി.സി കമ്പനിയോടൊപ്പം ഹീറോ ഹോണ്ട മോട്ടോര്‍സ്, സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്, ഡി.എല്‍.എഫ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് കമ്പനികളുടെ ഓഹരികളാണ് ഇന്നു ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം റിലയന്‍സ് കാപ്പിറ്റല്‍, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ഐ.ടി.സി ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍ ഓഹരികള്‍ക്ക് തിരിച്ചടിയുടെ ദിവസമായിരുന്നു.
തകര്‍ച്ച തുടരുന്നു, ഇന്‍ഫോസിസിനു തിരിച്ചടി
മുംബൈ: കടുത്ത വില്‍പ്പനസമ്മര്‍ദ്ദത്തില്‍ ഓഹരി വിപണി താഴേക്ക് പതിക്കുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 164.73 പോയിന്റ് നഷ്ടത്തില്‍ 17847.24ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 45.90 കുറഞ്ഞ് 5348.95ലും ക്ലോസ് ചെയ്തു. ഒട്ടുമിക്ക മേഖലകളും ഇന്നു നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ഐ.ടി, ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി, കാപ്പിറ്റല്‍ ഗുഡ്‌സ് ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഇടിവ് സംഭവിച്ചത്.
പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിനു ഇന്നു മോശം ദിവസമായിരുന്നു. 90ഓളം പോയിന്റ് താഴ്ന്ന ഓഹരി 50.05 നഷ്ടത്തില്‍ 2795ലാണ് ക്ലോസ് ചെയ്തത്. ബി-1 ബിസിനസ് വിസ ഉപയോഗിച്ചതിനെ കുറിച്ച് അമേരിക്കന്‍ കോടതി കമ്പനിയോട് വിശദീകരണമാവശ്യപ്പെട്ട റിപ്പോര്‍ട്ടാണ് തിരിച്ചടിയായത്. ടി.സി.എസ്, വിപ്രോ എന്നീ കമ്പനികളും ഇതിന്റെ ചുവടുപിടിച്ച് താഴോട്ടുപോന്നു.
റിയാലിറ്റി കമ്പനിയായ ഡി.എല്‍.എഫിന്റെ നാലാംപാദ ലാഭത്തില്‍ 20 ശതമാനത്തിന്റെ കുറവുണ്ടായത് കമ്പനി ഓഹരി മൂല്യത്തില്‍ 4ശതമാനത്തിന്റെ ക്ഷീണമുണ്ടാക്കി. 218.95ല്‍ ട്രേഡിങ് ആരംഭിച്ച ഓഹരി 8.85 നഷ്ടത്തില്‍ വില്‍പ്പന അവസാനിപ്പിച്ചു.
അതേ സമയം ഡി ബി റിയാലിറ്റി, എംഫസിസ്, എച്ച്.എം.ടി, എന്‍.എം.ഡി.സി, ഭാരത് ഫോര്‍ജ് എന്നീ കമ്പനികള്‍ക്ക് ഇന്നു നല്ല ദിവസമായിരുന്നു. കഴിഞ്ഞ കുറെ ദിവസമായി നേട്ടമുണ്ടാക്കി കൊണ്ടിരുന്ന ശ്രീരാം ട്രാന്‍സ് ഫിനാന്‍സിനാണ് ശതമാനക്കണക്കില്‍ ഇന്നേറ്റവും നഷ്ടം സംഭവിച്ചത്. 49.50 രൂപയോളം താഴ്ന്ന് 698ലാണ് വില്‍പ്പന അവസാനിപ്പിച്ചത്. പാട്‌നി കംപ്യൂട്ടേഴ്‌സ് സിസ്, ടാറ്റ ഗ്ലോബല്‍ ബിവറേജ്, അരബിന്ദോ ഫാര്‍മ തുടങ്ങിയ കമ്പനികളും നഷ്ടപ്പെട്ടവരുടെ പട്ടികയിലെ മുന്‍നിരയില്‍ ഇടംപിടിച്ചു.
വിപണിയുടെ ഇപ്പോഴത്തെ നീക്കം വിലയിരുത്തുമ്പോള്‍ അടുത്ത രണ്ടു മൂന്നു മാസത്തിനുള്ളില്‍ 5 മുതല്‍ 10 ശതമാനം വരെ തിരുത്തലിനുള്ള സാധ്യതയാണുള്ളത്. 5340നും താഴെ വിപണി നീങ്ങുകയാണെങ്കില്‍ അടുത്ത ഏറ്റവും മികച്ച സപ്പോര്‍ട്ട് 5200ലാണുള്ളത്. യൂറോപ്പ്, അമേരിക്ക വിപണികളില്‍ നിന്നും പ്രതീക്ഷാനിര്‍ഭരമായ ഒരു വാര്‍ത്തയും ഇന്ത്യയ്ക്കു ലഭിക്കുന്നില്ല. ഇതുകൂടാതെ പണപ്പെരുപ്പം, ഇന്ധനവില വര്‍ധനവ് എന്നീ പ്രശ്‌നങ്ങളും കൂടി ചേരുന്നതോടെ തകര്‍ച്ചയുടെ വേഗം വര്‍ധിക്കുകയാണ്. മെയ് മാസം ഫ്യൂച്ചര്‍, ഓപ്ഷന്‍ വ്യാപാരത്തിന്റെ അവസാനദിവസമായ നാളെ(വ്യാഴം)വിപണിയില്‍ നേരിയ മുന്നേറ്റമെങ്കിലുമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.