സെന്‍സെക്‌സ് രണ്ടു മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

മുംബൈ: യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നുവെന്ന റിപോര്‍ട്ടുകളും രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണാധീതമായി വര്‍ധിക്കുന്നുവെന്ന ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ വെളിപ്പെടുത്തലും ചേര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയെ രണ്ടു ശതമാനത്തോളം താഴോട്ടുവലിച്ചു. 332 പോയിന്റോളം താഴ്ന്ന സെന്‍സെക്‌സ് രണ്ടു മാസത്തിനുശേഷം 18000ല്‍ താഴെ ഏറ്റവും താഴ്ന്ന ലെവല്‍ രേഖപ്പെടുത്തി. 100 പോയിന്റിലേറെ താഴ്ന്ന നിഫ്റ്റി 5400 എന്ന ശക്തമായ സപ്പോര്‍ട്ടിങ് ലെവലും തകര്‍ത്ത് 5386.55ല്‍ ക്ലോസ് ചെയ്തു.
ഇറ്റലിയില്‍ പുതുതായി രൂപമെടുത്ത സാമ്പത്തിക പ്രതിസന്ധിയും ഉത്തേജകപാക്കേജുകള്‍ക്കുശേഷവും ഗ്രീസില്‍ തുടരുന്ന അരക്ഷിതാവസ്ഥയും വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ കാരണമായി. അരബിന്ദോ ഫാര്‍മ, ഡി.ബി റിയാലിറ്റി, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, യുനൈറ്റഡ് ബ്രിവറീസ് ലിമിറ്റഡ്, യൂനിടെക് ലിമിറ്റഡ് എന്നീ ഓഹരികളുടെ മൂല്യത്തില്‍ കാര്യമായ ഇടിവുണ്ടായി. ശ്രീ സിമന്റ്‌സ്, ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ്, ഡിവീസ് ലാബ്, ഐ.ടി.സി ലിമിറ്റഡ്, ടൈറ്റാന്‍ ഇന്ത്യ തുടങ്ങിയ കമ്പനികള്‍ കടുത്ത സമ്മര്‍ദ്ദത്തിനിടയിലും തിളങ്ങി. ഹൈദരാബാദ് യൂനിറ്റില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന പ്രതിരോധമരുന്നുകള്‍ അമേരിക്കയില്‍ നിരോധിക്കാനിടയുണ്ടെന്ന റിപോര്‍ട്ടുകളാണ് അരബിന്ദോ ഫാര്‍മയ്ക്ക് തിരിച്ചടിയായത്. 2ജി കേസിലുള്‍പ്പെട്ടവര്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം നിക്ഷേധിച്ചതാണ് ഡി ബി റിയാലിറ്റി, യൂനിടെക്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ പോലുള്ള കമ്പനികള്‍ക്ക് വിനയായത്. നാലാംപാദത്തില്‍ 327 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയ മഹീന്ദ്ര സത്യം നാലുശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി.
ഇതുവരെയുള്ള സൂചനകളനുസരിച്ച് വിപണി താഴോട്ടുപോവുകയാണ്. സാധാരണ നിക്ഷേപകര്‍ ഫ്യൂച്ചര്‍,ഓപ്ഷന്‍ ട്രേഡുകളില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. നിഫ്റ്റി 5400 ല്‍ താഴെ ക്ലോസ് ചെയ്തതിനാല്‍ 5150വരെ താഴാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഡെലിവറിയിലേക്ക് മാറ്റുന്നതിന് ആവശ്യമായ ഫണ്ടു ഉറപ്പാക്കാന്‍ കഴിയുന്ന സാധാരണനിക്ഷേപകര്‍ മാത്രം ഇന്‍ട്രാഡേയില്‍ ട്രേഡിങ് നടത്തുന്നതാണ് നല്ലത്. ട്രേഡര്‍മാര്‍ ഷോട്ടിലൂടെ പണമുണ്ടാക്കാന്‍ അനുകൂലമായ സാഹചര്യമാണ്. വ്യക്തമായ സ്റ്റോപ്പ് ലോസ് സൂക്ഷിക്കണമെന്നു മാത്രം.
വാങ്ങാവുന്ന ഓഹരികള്‍: ടാറ്റാ സ്റ്റീല്‍, ഡി.സി.ബി, എന്‍.ടി.പി.സി, മുണ്ട്രാ പോര്‍ട്ട്, സത്യം കംപ്യൂട്ടേഴ്‌സ്,ഡിഷ് ടിവി.

വാല്യു ഇന്‍വെസ്റ്റ്‌മെന്റ്

ഭൂരിഭാഗം പേരും ഓഹരി വിപണിയെ ഒരു കളിയായിട്ടാണ് കണക്കാക്കാറുള്ളത്. നീ ഷെയറില്‍ കളിച്ചു നോക്കിയിട്ടുണ്ടോ? എന്നാണ് അത്തരക്കാരുടെ ചോദ്യം പോലും. ഞാന്‍ രണ്ടു വര്‍ഷം മുമ്പ് ഒന്നു കളിച്ചു നോക്കിയതാ…ഇട്ട പണം രണ്ടു മാസം കൊണ്ട് പൊട്ടി പാളീസായി… മോനേ…ഷെയര്‍മാര്‍ക്കറ്റില്‍ കളിയ്ക്കണ്ട പണം…പോവും.. ഇതായിരിക്കും നിങ്ങള്‍ക്ക് കിട്ടുന്ന ആദ്യത്തെ ഉപദേശവും.

ആദ്യം മാറേണ്ടത്

ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നത് കളിയാണെന്ന ചിന്ത തന്നെ ഒഴിവാക്കണം. ഒരു ഫിക്‌സഡ് നിക്ഷേപകനെ പോലെ അലസനായിരിക്കാന്‍ ഓഹരി നിക്ഷേപകനു സാധിക്കില്ല. വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട നിക്ഷേപമാര്‍ഗ്ഗമാണിത്. അതിനര്‍ഥം മുഴുവന്‍ സമയം മാര്‍ക്കറ്റും നോക്കിയിരിക്കണം എന്നല്ല. ഒരു കച്ചവടക്കാരന്‍ സ്വാഭാവികമായി ചെയ്യുന്ന രീതി തന്നെ സ്വീകരിക്കണം. മഴക്കാലം വരുന്നു ആ സാധനത്തിനു വില കൂടും.. ഉത്തരേന്ത്യയില്‍ മഴ കുറവാണ് കിട്ടിയത്…അടുത്ത മാസം അതിനു വിലകൂടും. ഓണമാണ് വരുന്നത്..വിപണിയില്‍ ആവശ്യമുള്ള സാധനങ്ങള്‍ ഇതൊക്കെയായിരിക്കും. ഇത്തരത്തില്‍ ചില മുന്‍വിധികളോടെയും മുന്‍കരുതലോടെയും വിപണിയെ സമീപിക്കണം. എന്നാല്‍ നമ്മുടെ കണക്കുകൂട്ടലുകള്‍ക്കപ്പുറവും വിപണിയില്‍ തകര്‍ച്ചകള്‍ വന്നേക്കാം.. ഇവിടെയാണ് വാല്യു ഇന്‍വെസ്റ്റ്‌മെന്റിന്റെ സാധ്യത.

എന്താണ് വാല്യു ഇന്‍വെസ്റ്റ്‌മെന്റ്

വിപണിയില്‍ അന്നന്നത്തെ താളത്തിനനുസരിച്ച് ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഡേ ട്രേഡിങ് അങ്ങേയറ്റം അപകടം നിറഞ്ഞതും പണം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലുള്ളതുമാണ്. സാധാരണ നിക്ഷേപകര്‍ ഇതില്‍ നിന്നു വിട്ടുനില്‍ക്കുകയാണ് വേണ്ടത്.
നല്ല കമ്പനികളുടെ ഓഹരികള്‍ വിലകുറഞ്ഞ സമയത്ത് വാങ്ങി വയ്ക്കുകയും അത് മികച്ച വിലയിലെത്തുമ്പോള്‍ കൊടുത്തൊഴിവാക്കുകയും ചെയ്യുന്ന രീതിയാണ് വാല്യു ഇന്‍വെസ്റ്റ് മെന്റ്. ചുരുങ്ങിയത് ആറു മാസമെങ്കിലും കൈവശം വച്ച് വില്‍ക്കുന്നതിനെ നമുക്ക് ഈ കൂട്ടത്തില്‍ പെടുത്താം. പക്ഷേ, വിപണിയെ കരുതലോടെ നോക്കിയിരുന്ന് ക്ഷമയോടെ കാത്തിരിക്കുന്ന നിക്ഷേപകരാണ് പലപ്പോഴും ക്ലിക്കാവുന്നത്. ഇന്‍ഫോസിസിന്റെയും മണപ്പുറത്തിന്റെ ഓഹരികള്‍ പത്തുവര്‍ഷം മുമ്പ് വെറും പതിനായിരം രൂപയ്ക്കു വാങ്ങിവച്ചവര്‍ ഇന്നു ലക്ഷപ്രഭുക്കളാണെന്ന കാര്യം ഇതിനോടൊപ്പം കൂട്ടി വായിക്കണം.
മികച്ച പ്രവര്‍ത്തന പാരമ്പര്യം, കഴിവുതെളിയിച്ച പ്രമോട്ടര്‍മാര്‍,തുടര്‍ച്ചയായി ലാഭത്തില്‍ നീങ്ങി കൊണ്ടിരിക്കുകയോ അല്ലെങ്കില്‍ മുന്നോട്ടുകുതിക്കുകയോ ചെയ്യുന്ന കമ്പനികള്‍ ഇവ കണ്ടെത്തുന്നതില്‍ സാധാരണ നിക്ഷേപകന്‍ പലപ്പോഴും പരാജയപ്പെടും. ഉചിതമായ ഓഹരി ശരിയായ സമയത്ത് കണ്ടെത്തുന്നതിലാണ് പലരും പരാജയപ്പെടുന്നത്. ശരിയായ ഓഹരി,,, ശരിയായ സമയത്തു വാങ്ങിയാല്‍, അത് എത്ര കാലം കാത്തുസൂക്ഷിക്കുന്നതിലും തെറ്റില്ല.

വിപണിയില്‍ നിന്ന് എത്ര ലാഭം കിട്ടും

വിപണിയില്‍  അത്യാഗ്രഹം പാടില്ല. എങ്കിലും ചുരുങ്ങിയത് ഒരു വര്‍ഷം മുടക്കുമുതലിന്റെ 20 ശതമാനം ലാഭം ഉറപ്പാക്കാനാവും. കൂടുതല്‍ കരുതലോടെ ചെയ്യുകയാണെങ്കില്‍ 30 മാസം കൊണ്ട് മുടക്കു മുതല്‍ ഇരട്ടിയാക്കാനാവുമെന്ന് ഉറച്ച വിശ്വാസം എനിക്കുണ്ട്. ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് 30 മാസം കൊണ്ട് അത്ര തന്നെ ഉണ്ടാക്കാമെന്നു ചുരുക്കം. മാസത്തില്‍ 4000 തരാം, 5000തരാം, 7000തരാം, പതിനായിരം തരാമെന്നു പറഞ്ഞു പ്രലോഭനവുമായി വരുന്നവരെ ശ്രദ്ധിക്കുക. ഇത് ഓഹരി വിപണിയിലാണ്. താല്‍ക്കാലിക ലാഭത്തിനു വേണ്ടി ശ്രമിക്കുമ്പോഴാണ് പലപ്പോഴും കൈപൊള്ളുക. നിങ്ങള്‍ക്ക് ഒരു നിശ്ചിത തുക തരാമെന്നു പറയുന്നവന് അധികകാലം അതു തുടരാനാവില്ല. കാരണം വിപണി ഉയര്‍ച്ചയും താഴ്ചയും നിറഞ്ഞതാണ്. പുട്ടും കോളും ഫ്യൂച്ചര്‍ ഓപ്ഷനുകളുമായി അവന്‍ തീക്കളി കളിച്ചായിരിക്കും നിങ്ങള്‍ക്കു തരാനുള്ള പണം ഉണ്ടാക്കാന്‍ ശ്രമിക്കുക. അതേ സമയം വര്‍ഷത്തില്‍ ഇത്ര ലാഭമുണ്ടാക്കി തരാനാവുമെന്ന്(20-25 ശതമാനം പരമാവധി) ഉറപ്പുനല്‍കി കൊണ്ട് ആരെങ്കിലും വരികയാണെങ്കില്‍ വലിയ സംശയവേണ്ട…. വിപണി ശ്രദ്ധയോടെ നിരീക്ഷിക്കുന്ന ഒരാള്‍ക്ക് അതു സാധിക്കും…
www.shinod.in

വിപണിയില്‍ വീണ്ടും വെള്ളി വെളിച്ചം

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായി മൂന്നാമത്തെ വെള്ളിയാഴ്ചയും നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 184.69 പോയിന്റ് നേട്ടത്തില്‍ 18326.09ലും നിഫ്റ്റി 58.25ന്റെ മെച്ചത്തില്‍ 5486.35ലും വില്‍പ്പന അവസാനിപ്പിച്ചു. പക്ഷേ, ഈ ആഴ്ച മൊത്തം വിലയിരുത്തുകയാണെങ്കില്‍ സെന്‍സെക്‌സിലും നിഫ്റ്റിയിലും ഒരു ശതമാനത്തിലധികം നഷ്ടം സംഭവിച്ചിട്ടുണ്ട്. ലാര്‍സണ്‍ ആന്റ് ടര്‍ബയോടെ മികച്ച നാലാം പാദഫലം ഇന്നും വിപണിയില്‍ ചലനങ്ങളുണ്ടാക്കി. ഓഹരി ഇന്നു മാത്രം 3.5 ശതമാനത്തിന്റെ വര്‍ധനവാണ് നേടിയത്. വോള്‍ട്ടാസ്, അശോക് ലെയ്‌ലന്റ്, ശ്രീ സിമന്റ്, ഐ.ഡി.എഫ്.സി, മാംഗ്ലൂര്‍ റിഫൈനറീസ് ഓഹരികള്‍ക്ക് ഇന്നു നാലുശതമാനത്തിലധികം മൂല്യം കൂടിയപ്പോള്‍ സണ്‍ടിവി, ജിന്‍ഡാല്‍ സോ, ജെയിന്‍ ഇറിഗേഷന്‍, കോള്‍ ഇന്ത്യ, ഹിന്ദ് കോപ്പര്‍ ഓഹരികള്‍ക്ക് ഇന്നു നഷ്ടത്തിന്റെ ദിവസമായിരുന്നു.
എല്‍ ആന്‍ ടിയ്ക്കു പിറകെ ഐ.ടി.സിയുടെ മികച്ച പ്രവര്‍ത്തനഫലം വിപണിയില്‍ ചില ശുഭസൂചനകള്‍ നല്‍കിയെങ്കിലും ഓയില്‍ സബ്‌സിഡികള്‍ വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിപണിയെ പിന്നോട്ടുവലിച്ചു. വില്‍പ്പന സമ്മര്‍ദ്ദം ഏറ്റവും കൂടുതല്‍ പ്രകടമായത് ഒ.എന്‍.ജി.സി, ഐ.ടി.സി ഓഹരികളിലാണ്.33 ശതമാനമുണ്ടായിരുന്ന സബ്‌സിഡി വിഹിതം 38 ശതമാനമായി ഉയര്‍ത്തിയതാണ് ഒ.എന്‍.ജി.സിക്ക് തിരിച്ചടിയായത്. അതേ സമയം മികച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ലാഭമെടുക്കാന്‍ നടത്തിയതാണ് ഐ.ടി.സിക്ക് തിരിച്ചടിയായത്.

എല്‍ ആന്റ് ടിയ്ക്കും അശോക് ലെയ്‌ലന്റിനും മികച്ച ലാഭം, വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്റ് ടി, ഒ.എന്‍.ജി.സി തുടങ്ങിയ മുന്‍നിര കമ്പനികളുടെ കരുത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നു പച്ചക്കത്തി. തുടര്‍ച്ചയായ മൂന്നു ദിവസത്തെ നഷ്ടത്തിനുശേഷമാണ് വിപണി ലാഭത്തിലേക്ക് തിരിച്ചെത്തുന്നത്.
കണ്‍സ്ട്രക്ഷന്‍-എന്‍ജിനീയറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ആന്റ് ടിയുടെയും വാഹനനിര്‍മാതാക്കളായ അശോക് ലെയലന്റിന്റെയും മികച്ച നാലാംപാദ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളാണ് വിപണിയ്ക്ക് അനുഗ്രഹമായത്. മുബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 55.20 പോയിന്റുയര്‍ന്ന് 18141.40ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 7.5 പോയിന്റുയര്‍ന്ന് 5428.10ലുമാണ് ക്ലോസ് ചെയ്തത്.
എല്‍ ആന്റ് ടി നാലാം പാദത്തില്‍ 17.2 ശതമാനം അധികലാഭം സ്വന്തമാക്കിയപ്പോള്‍ അശോക് ലെയ്‌ലന്റിന് മാര്‍ച്ച് 31നവസാനിച്ച സാമ്പത്തിക പാദത്തില്‍ 33.93 ശതമാനം നേടാനായി.
ഹിന്ദ് കോപ്പര്‍(11.41%), പാന്റലൂണ്‍ റീട്ടെയ്ല്‍(6.51%), എല്‍ ആന്റ് ടി(5.92%), അശോക് ലെയ്‌ലന്റ്(4.18%), എച്ച്.എം.ടി(3.9%) എന്നീ കമ്പനികളാണ് ഇന്നേറ്റവുമധികം നേട്ടമുണ്ടാക്കിയത്. അതേ സമയം പാട്‌നി കംപ്യൂട്ടേഴ്‌സ്, വോള്‍ട്ടാസ്, യൂനിടെക്, ഇന്ത്യാ ബുള്‍ ഫിന്‍സര്‍വീസ്, ശ്രീ സിമന്റ് ഓഹരികള്‍ക്ക് ഇന്നു കാര്യമായ നഷ്ടം സംഭവിച്ചു.
മറ്റു ഓഹരികള്‍ പരിഗണിക്കുമ്പോള്‍ സ്‌കൂട്ടര്‍ ഇന്ത്യയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഒരു കാലത്ത് വിജയ്,ലംബ്രട്ടാ ബ്രാന്‍ഡ് സ്‌കൂട്ടറുകളുമായി വിപണിയില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്ന കമ്പനിയുടെ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കാനുള്ള തീരുമാനമാണ് ഓഹരി മൂല്യം കൂട്ടിയത്. ഇതോടെ ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന കമ്പനി സ്വകാര്യനിയന്ത്രണത്തിലാവും.  അഞ്ചുശതമാനം വര്‍ധനവോടെ 38.40ലാണ് സ്‌കൂട്ടേഴ്‌സ് ഇന്ത്യയുടെ ഓഹരികള്‍ വില്‍പ്പന നിര്‍ത്തിയത്.
അതേ സമയം, വിപണിയില്‍ ഇപ്പോഴുള്ള  മാന്ദ്യം തുടരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പണത്തിന്റെ ഒഴുക്കില്‍ കാര്യമായ തടസ്സം വരുന്നുണ്ടെന്നതാണ് ഇതിനു പ്രധാനകാരണം. യൂറിയ, ഡീസല്‍ എന്നിവയുടെ വിലനിയന്ത്രണകാര്യത്തില്‍ നയപരമായ ചില തീരുമാനങ്ങള്‍ പുറത്തുവരുമെന്ന ആശങ്കയും സജീവമാണ്. ഈ സമയത്ത് സാധാരണ നിക്ഷേപകര്‍ ഡെയ്‌ലി ട്രേഡിങില്‍ നിന്നു വിട്ടുനില്‍ക്കുന്നതാണ് നല്ലത്. വാങ്ങി സൂക്ഷിക്കാവുന്ന ചില ഓഹരികള്‍: എച്ച്.എം.ടി: ഈ ഓഹരി 59.50 എന്ന ലെവലില്‍ വാങ്ങി 63 രൂപയിലെത്തുമ്പോള്‍ ഒഴിവാക്കാവുന്നതാണ്. 57.50ഉം ഭേദിച്ച് താഴേക്കു പോവുന്നുവെങ്കില്‍ വിറ്റൊഴിവാക്കണം. ഹിന്‍ഡാല്‍കോ,ഒ.എന്‍.ജി.സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.ഡി.എഫ്.സി, ജൂബിലന്റ് ഫുഡ്, എച്ച്.സി.എല്‍ ഇന്‍ഫോ തുടങ്ങിയ ഓഹരികളും വാങ്ങാന്‍ പറ്റിയ സമയമാണ്.

വിപണി മൂന്നാം ദിവസവും താഴോട്ട്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും താഴോട്ട്. സെന്‍സെക്‌സ് 51.15 പോയിന്റ് താഴ്ന്ന് 18086.20ലും നിഫ്റ്റി 18.35 കുറഞ്ഞ് 5420.60ലും ക്ലോസ് ചെയ്തു. ഇന്ധനവിലവര്‍ധനയും വര്‍ധിച്ചുവരുന്ന പലിശനിരക്കുമാണ് ഇപ്പോഴത്തെ മാന്ദ്യത്തിനു പ്രധാനകാരണം.
ബ്ലുചിപ്പ് കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമാണ് ഇന്നും മാര്‍ക്കറ്റിനെ താഴോട്ട് വലിച്ചത്. നാലാംപാദത്തില്‍ ലാഭം കുത്തനെ ഇടിഞ്ഞ എസ്.ബി.ഐയുടെ ഓഹരി മൂല്യത്തില്‍ 57.90ന്റെ കുറവാണുണ്ടായത്. ഉല്‍പ്പാദനമേഖലയില്‍ നിലനില്‍ക്കുന്ന മന്ദിപ്പാണ് റിലയന്‍സ് ഓഹരികളെ പ്രതികൂലമായി ബാധിച്ചത്. 2.02 ശതമാനത്തോളം(18.60) തളര്‍ന്ന ഓഹരി 901.80ലാണ് ക്ലോസ് ചെയ്തത്.
ഓപ്‌റ്റോ സര്‍ക്യൂട്ട് ഇന്ത്യ, കോള്‍ ഇന്ത്യ, എംഫസിസ്, എസ്.കെ.എസ് മൈക്രോഫിനാന്‍സ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഹരികള്‍ക്കാണ് ഇന്നും ഏറ്റവും കൂടുതല്‍ നഷ്ടംസംഭവിച്ചത്.
ബജാജ് ഫിന്‍സെര്‍വ്, ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് ഫിന്‍, ഇന്ത്യാബുള്‍ ഫിന്‍ സര്‍വീസ്, ഇമാമി , മുണ്ട്ര പോര്‍ട്ട് ഓഹരികള്‍ തകര്‍ച്ചയ്ക്കിടയിലും കരുത്തു തെളിയിച്ചു.
വിപണിയിലെ തളര്‍ച്ച ദീര്‍ഘകാല നിക്ഷേപത്തിനുള്ള അനുകൂല അവസരമായി ഉപയോഗിക്കാമെന്നാണ് ഓഹരി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വിപണി വിശകലനം ചെയ്യുമ്പോള്‍ 5350 എന്നത് വളരെ ശക്തമായ സപ്പോര്‍ട്ടിങ് ലെവലാണ്. ഈ തിരുത്തലില്‍ നിന്നു കരകയറിയാല്‍ 5550 വരെ ഒന്നോ രണ്ടോ ദിവസം കൊണ്ട് തിരിച്ചെത്താനാവുമെന്നാണ് കരുതുന്നത്. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ 5150 ലെവല്‍ വരെ താഴുന്ന മാര്‍ക്കറ്റ് 5150-5650 ലെവലില്‍ ഇനിയും മാസങ്ങളോളം തുടരാനുള്ള സാധ്യതയും കാണുന്നു.
പണപ്പെരുപ്പനിരക്കിനെ കുറിച്ചും പലിശനിരക്കിനെ കുറിച്ചുമുള്ള ആശങ്ക സജീവമായതിനാല്‍ വിപണി ഇപ്പോഴുള്ള അവസ്ഥയില്‍ തുടര്‍ന്നേക്കും- യൂനിയന്‍ ഫിനാന്‍ഷ്യല്‍ സി.ഇ.ഒ ഗജേന്ദ്ര നാഗ്പാല്‍ അഭിപ്രായപ്പെട്ടു.
വാങ്ങി സൂക്ഷിക്കാവുന്ന ഓഹരികള്‍: ഓപ്‌റ്റോ സര്‍ക്യൂട്ട്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ ടെല്‍, പി.ടി.സി ഇന്ത്യ, ക്രോംപ്റ്റന്‍ ഗ്രീവ്‌സ്, എച്ച്.ഡി.എഫ്.സി,

സ്‌റ്റേറ്റ് ബാങ്ക് ലാഭത്തില്‍ വന്‍കുറവ്, ഓഹരി വിപണി ഇടിഞ്ഞു

മുംബൈ:  കടുത്ത വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന്ബ്ലുചിപ്പ് ഓഹരികളായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയം എണ്ണക്കമ്പനിയായ ഒ.എന്‍.ജി.സിയുടെയും വില ഇടിഞ്ഞു. എസ്.ബി.ഐ മൂല്യത്തില്‍ 203.70 പോയിന്റിന്റെയും 19.95 പോയിന്റെയും നഷ്ടമാണുണ്ടായത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 207.68 പോയിന്റ് താഴ്ന്ന് 18137.35ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 60.05 കുറഞ്ഞ് 5438.95ലും വില്‍പ്പന അവസാനിപ്പിച്ചു. നാലാംപാദ പ്രവര്‍ത്തനറിപ്പോര്‍ട്ട് മോശമായതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിനെ പ്രതികൂലമായി ബാധിച്ചത്. മാര്‍ച്ച് 11നവസാനിച്ച അവസാന പാദത്തില്‍ വെറും 20.88 കോടി മാത്രമാണ് ബാങ്കിന്റെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ബാങ്കിന്റെ ലാഭം 1866 കോടി രൂപയായിരുന്നുവെന്നതാണ് വിപണിയെ പിടിച്ചുലച്ചത്. കിട്ടാക്കടം പിരിക്കുന്നതിനുവേണ്ടി കൂടുതല്‍ തുക മാറ്റിവയ്‌ക്കേണ്ടി വന്നതുമാണ് നഷ്ടത്തിന്റെ ആഴം കൂട്ടിയത്.
സെന്‍സെക്‌സില്‍ 72 പോയിന്റിന്റെ നഷ്ടമാണ എസ്.ബി.ഐ ഓഹരികളിലൂടെ മാത്രമുണ്ടായത്. സ്റ്റേറ്റ് ബാങ്കിന്റെ തളര്‍ച്ച ബാങ്കിങ് മേഖലയിലാകെ മ്ലാനത് പടര്‍ത്തി. ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, യൂനിയന്‍ ബാങ്ക് ഓഹരികളും നഷ്ടത്തിലാണ്.

എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി വര്‍ധിപ്പിക്കുമെന്ന റിപോര്‍ട്ടുകള്‍ എണ്ണ ക്കമ്പനികളുടെ ഓഹരികളില്‍ സമ്മര്‍ദ്ദമുണ്ടാക്കി. ഒ.എന്‍.ജി.സി, ഓയില്‍ ഇന്ത്യ, ഗെയില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പെട്രോനെറ്റ് ഓഹരികളെല്ലാം ഇന്നു നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. എണ്ണവിലയിലുണ്ടായ വര്‍ധനവ് വാഹനവിപണിയെയും പ്രതികൂലമായി ബാധിച്ചു. ഹീറോ ഹോണ്ട, ടാറ്റാ മോട്ടോര്‍സ് ഓഹരികളാണ് വലിയ നഷ്ടം രേഖപ്പെടുത്തിയത്.
വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, എണ്ണവില വീണ്ടും വര്‍ധിപ്പിക്കുമെന്ന ആശങ്ക എന്നിവയാണ് വിപണിയില്‍ നിന്നു പണം പിന്‍വലിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. വാങ്ങാവുന്ന ഓഹരികള്‍: ഓപ്‌റ്റോ സര്‍ക്യൂട്ട്, ഭാരതി എയര്‍ടെല്‍, യൂനികെം, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ് എന്നിവ വാങ്ങാവുന്നതാണ്.

സി.എഫ്.എല്ലുകള്‍ കണ്ണു ചിമ്പുന്നു,,,വരാനിരിക്കുന്നത് എല്‍.ഇ.ഡികളുടെ കാലം-ബിസിനസ് പ്രൊപ്പോസല്‍

വരാനിരിക്കുന്ന നാളുകളില്‍ ഏറ്റവും വലിയ വെല്ലുവിളി ഊര്‍ജ്ജമേഖലകളിലായിരിക്കും. ബള്‍ബുകള്‍ ഒഴിവാക്കി സി.എഫ്.എല്ലുകള്‍ വിപണി പിടിച്ചെങ്കിലും വൈദ്യുത ഉപഭോഗത്തില്‍ കാര്യമായ കുറവുണ്ടായില്ല.
ഇതാണ് എല്‍.ഇ.ഡി ലൈറ്റുകളുടെ പ്രധാന്യം വര്‍ധിപ്പിക്കുന്നത്. എല്‍.ഇ.ഡി എന്നു കേള്‍ക്കുമ്പോള്‍ കളിപ്പാട്ടങ്ങളിലും മറ്റുമുള്ള കൊച്ചു വെളിച്ചമോ.
..തെരുവോരങ്ങളില്‍ വില്‍ക്കുന്ന ചൈനീസ് എമര്‍ജന്‍സി ലൈറ്റുകളോ ആയിരിക്കും മനസ്സില്‍ വരിക. പക്ഷേ, യൂറോപ്പിലും അമേരിക്കയിലും അതിവേഗം പ്രചാരം നേടികൊണ്ടിരിക്കുന്ന ഗുണമേന്മയേറിയ എല്‍.ഇ.ഡികളെ കുറിച്ചാണ് പറയുന്നത്. മൂന്നു വാട്ടിന്റെ എല്‍.ഇ.ഡി ഉപയോഗിക്കുമ്പോള്‍ നമുക്ക് 11 വാട്ട് സി.എഫ്.എല്‍ വെളിച്ചം ലഭിക്കും. സി.എഫ്.എല്‍ എളുപ്പത്തില്‍ ഉപയോഗയൂന്യമാവുമ്പോള്‍ എല്‍.ഇ.ഡിയെ ആജിവനാന്തം എന്നു തന്നെ നമുക്ക് പറയാം. പരമാവധി പോവുന്നത് ബോര്‍ഡാണ്. അതു റിപ്ലേസ് ചെയ്യാന്‍ 40 രൂപയില്‍ താഴേ ചെലവേ വരൂ..സി.എഫ്.എല്ലിനേക്കാള്‍ വില അല്‍പ്പം കൂടുതലാണെങ്കിലും ആ വില തൊട്ടടുത്ത ഒമ്പതുമാസം കൊണ്ടു തന്നെ നമുക്ക് കറണ്ട് ചാര്‍ജ് ഇനത്തില്‍ ലാഭിക്കാനാവും. എല്‍.ഇ.ഡി മേഖല കൂടുതല്‍ വളര്‍ന്നു. ഇപ്പോള്‍ തെരുവുവിളക്കുകളും വാഹനങ്ങളുടെ ഹെഡ്‌ലൈറ്റും ഡൂം ലൈറ്റും ഡൗണ്‍ ലൈറ്റും ഫഌഷ് ലൈറ്റുമെല്ലാം എല്‍.ഇ.ഡിയിലെത്തി കഴിഞ്ഞു. എന്തിനേറെ പറയുന്നു. 25 മീറ്റര്‍ ഉയരത്തില്‍ നിന്നും പോലും ഏറ്റവും മികച്ച വെള്ളിവെളിച്ചം വാരിവിതറാന്‍ കഴിയുന്ന ഹൈ എന്‍ഡ് എല്‍.ഇ.ഡികളുടെ കാലമാണിത്.
ബിസിനസ് പ്രൊപ്പോസല്‍: കേരളത്തില്‍ ഒരു മികച്ച ബ്രാന്‍ഡ് ക്രിയേറ്റ് ചെയ്ത് രാജ്യത്താകെ വിതരണം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുന്നു. ഇപ്പോള്‍ ചെയ്യുന്നത് ഇന്ത്യയില്‍ അറിയപ്പെടുന്ന ഒരു ബ്രാന്‍ഡ് ഏറ്റെടുത്ത് കേരളത്തില്‍ വിതരണം ചെയ്യുകയാണ്. നല്ല റിസല്‍റ്റാണ് ലഭിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ വിളിയ്ക്കുക.

എല്‍.എല്‍.പി(ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്)യില്‍ വിദേശ നിക്ഷേപത്തിന് അനുമതി

കൂടുതല്‍ ൂലധനം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് കമ്പനികളില്‍ വിദേശനിക്ഷേപങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. തുടക്കത്തില്‍ മൈനിങ്, പവര്‍, എയര്‍പോര്‍ട്ട് മേഖലയിലാണ് നിക്ഷേപം അനുവദിക്കുന്നത്. അദേ സമയം പ്രിന്റ് മീഡിയ, കൃഷി, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം അനുവദിക്കില്ല. 2008ലെ ആക്ട് പ്രകാരമാണ് കമ്പനിയുടെയും പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥകളുടെയും മേന്മകള്‍ സമന്വയിക്കുന്ന എല്‍.എല്‍.പി യാഥാര്‍ഥ്യമായത്. മെയ് ആദ്യവാരം വരെ 4679 കമ്പനികളാണ് ഇത്തരത്തില്‍ മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പക്ഷേ, നിക്ഷേപം സ്വീകരിക്കുന്നതിനു മുമ്പ് ഫോറിന്‍ ഇന്‍വെസ്റ്റ് മെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ അനുമതി വാങ്ങേണ്ടതുണ്ട്.

Digital Story Teller

Exit mobile version