Tag Archives: DigitalMediaCrisis

ഡിജിറ്റൽ മീഡിയയുടെ ‘സീറോ ക്ലിക്ക്’ യുഗം: ന്യൂസ് പോർട്ടലുകളുടെ അതിജീവന പോരാട്ടം

ഡിജിറ്റൽ മീഡിയാ ബിസിനസ്സിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്ന സമയമാണിത്. ന്യൂസ് പോർട്ടൽ ബിസിനസ്സ് അല്ലെങ്കിൽ ടെക്സ്റ്റ് ബിസിനസ് അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. എന്താണ് ഈ വൻ മാറ്റത്തിനു കാരണമെന്ന് ആലോചിക്കുന്നവർക്ക് ആശങ്കയുണ്ടാകുമെന്നത് സ്വാഭാവികം മാത്രമാണ്.

അടിസ്ഥാനപരമായ മാറ്റം: സെർച്ച് എൻജിനിലൂടെയും സോഷ്യൽമീഡിയകളിലൂടെയും ട്രാഫിക് കൊണ്ടു വന്ന് ആഡ് റവന്യു നേടുകയെന്ന പരമ്പരാ​ഗത ന്യൂസ് പോർട്ടൽ ബിസിനസ് മോഡൽ തകരുകയാണ്. ഇത്തരം ഓർ​ഗാനിക് ട്രാഫിക് നഷ്ടപ്പെടുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം.

ഗൂ​ഗിളിന്റെ ചുവടു മാറ്റം: നേരത്തെ വെബ് സൈറ്റുകൾക്ക് ട്രാഫിക് തരുന്ന, മറ്റൊരു രീതിയിൽ പറഞ്ഞാൽ gateway to the web ആയിരുന്നു ​ഗൂ​ഗിൾ. എന്നാൽ എഐയുടെ വരവോടു കൂടി എഐ ഓവർവ്യൂവും എഐ മോഡും എത്തിയതോടെ ​ഗൂ​ഗിൾ സെർച്ച് എൻജിനിൽ നിന്നും ആൻസർ എൻജിനിലേക്ക് ചുവട് മാറ്റുകയാണ്. യൂസേഴ്സിന് ഒരു ലിങ്കും ക്ലിക്ക് ചെയ്യാതെ അവരുടെ ഉത്തരം ലഭിക്കും. വാസ്തവത്തിൽ ഈ ‘സീറോ ക്ലിക്ക്’ ഫിനോമിനയാണ് ന്യൂസ് പോർട്ടലുകളുടെ അന്തകനായി കൊണ്ടിരിക്കുന്നത്.

ഗൂ​ഗിൾ കോർ അപ്ഡേറ്റ്സ്: കൊല്ലത്തിൽ പത്തോളം തവണ നടക്കുന്ന ഗൂഗിൾ കോർ അപ്പ് ഡേറ്റ്സ് മാമാങ്കം ട്രാഫിക്കിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടാക്കുന്നത്. പലപ്പോഴും കൃത്യമായ സ്ട്രാറ്റജിയും പ്ലാനിങും സാധ്യമാകാത്ത രീതിയിൽ കോർ അപ് ഡേറ്റ്സിൻറെ ഇംപാക്ട് മാസങ്ങളോളം നീണ്ടു നിൽക്കും. നമ്മൾ കോർപ്പറേറ്റ് ​ഗ്രൂപ്പിന്റെ ഭാ​ഗമാണെങ്കിൽ ​ഗോൾ പോസ്റ്റ് തന്നെ ഇടയ്ക്കിടെ എടുത്തു മാറ്റി വെയ്ക്കേണ്ടി വരുമെന്ന് ചുരുക്കം.

EEAT ഇംപാക്ട്: ​ഗൂ​ഗിളിന്റെ അൽ​ഗൊരിതം ‘Experience, Expertise, Authoritativeness, and Trustworthiness’ എന്ന നാലു പോയിന്റുകൾക്ക് കൂടുതൽ കൂടുതൽ ഫോക്കസ് കൊടുക്കാൻ തുടങ്ങിയതിന് ആനുപാതികമായി എഐ അതിന്റെ സംഹാരരൂപത്തിൽ തന്നെ പിടിമുറുക്കാൻ തുടങ്ങിയത് ഏറ്റവും വലിയ തിരിച്ചടിയായി. ​ഗൂ​ഗിളിനാണെങ്കിൽ നിലവിലെ സാഹചര്യത്തിൽ രണ്ടിനെയും സമാന്തരമായി തന്നെ കൊണ്ടു പോയെ പറ്റൂ. ഫലം, EEAT സങ്കൽപ്പത്തിന് അനുസരിച്ച് എഴുത്തുകാരൻ ഏറെ സമയമെടുത്ത് തയ്യാറാക്കുന്ന സ്റ്റോറിയെ എഐ സമ്മറിയിലൂടെ വായനക്കാരിലെത്തിക്കുന്നത് ‘ഇൻവെസ്റ്റ്മെന്റ് ഓഫ് ടൈം, വാല്യു ഓഫ് ഇൻവെസ്റ്റ്മെന്റ്, റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെന്റ്’ എന്നീ പോയിന്റുകളിൽ കമ്പനികൾക്ക് ആശങ്ക വരുത്തുന്നത് സ്വാഭാവികമാണ്.

ചുരുക്കത്തിൽ നേരത്തെ കോർ അപ് ഡേറ്റിനു ശേഷം വരുന്ന നഷ്ടം എസ്ഇഒയിലൂടെയും ചില ​ഗിമ്മിക്കുകളിലൂടെയും നമുക്ക് തിരിച്ചുപിടിയ്ക്കാൻ സാധിക്കുമായിരുന്നു. എന്നാൽ പുതിയ എഐ ലോകത്ത് ഈ തിരിച്ചുപിടിയ്ക്കൽ അത്ര എളുപ്പമാകുന്നില്ല. സ്വാഭാവികമായും അടുത്ത മാസമെത്തുന്ന പുതിയ കോർ അപ്പ് ഡേറ്റിനായി കാത്തിരിക്കാം. എന്നാൽ ഓരോ മണിക്കൂറിലും അപ് ഡേറ്റ് ആകുന്ന എഐ ലോകത്തെ കുറിച്ച് കൂടുതൽ പഠിയ്ക്കുമ്പോൾ അതിൽ വലിയ പ്രതീക്ഷയില്ലാതിരിക്കുന്നതാണ് നല്ലത്.

ഈ മാറ്റങ്ങൾ ഏറ്റവും കൂടുതൽ തിരിച്ചടി നൽകിയിരിക്കുന്നത് സ്വതന്ത്ര്യ ന്യൂസ് പോർട്ടലുകൾക്കാണ്. എന്നാൽ ഡയറക്ട് യൂസേഴ്സ് കൂടുതലുള്ള ന്യൂസ് പോർട്ടലുകൾക്ക് ക്ഷീണമുണ്ടായിട്ടുണ്ടെങ്കിലും അത് ഒരിക്കലും മേൽപ്പറഞ്ഞ സ്വതന്ത്ര്യ ന്യൂസ് പോർട്ടലുകളുടെ അത്ര വരില്ല. ആർക്കൊക്കെയാണ് ഡയറക്ട് യൂസേഴ്സ് കൂടുതലുണ്ടാകാൻ സാധ്യതയുള്ളതെന്ന് നോക്കാം.

പ്രാദേശിക ടെലിവിഷൻ ചാനലുകളും പത്രങ്ങളുമുള്ള മാധ്യമ​ ​ഗ്രൂപ്പുകൾക്ക് വലിയ നഷ്ടം വന്നു കാണില്ല. നിരന്തരം ബ്രാൻഡ് റീകോളിങ് നടക്കുന്നതും വർഷങ്ങളുടെ വിശ്വാസവും ചേർന്ന് യൂസേഴ്സിനെ നേരിട്ട് പോർട്ടലിലേക്ക് കൊണ്ടു വരും. സ്വതന്ത്ര്യപോർട്ടലുകളുടെ ട്രാഫിക്കിൽ പരമാവധി 70 ശതമാനം വരെ നഷ്ടമുണ്ടാകുമ്പോൾ പ്രാദേശിക മാധ്യമസ്ഥാപനങ്ങളുടെ പോർട്ടലുകളിൽ ഇത് പരമാവധി 40 ശതമാനത്തിന് താഴെയായിരിക്കുമെന്നാണ് കണക്കുകൾ നൽകുന്ന സൂചന. എല്ലാവര്‍ക്കും നഷ്ടം ഉണ്ടാകുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക്, ഡയറക്ട് യൂസേഴ്സിന്റെ കരുത്തിൽ പിടിച്ചു നിൽക്കാനുമാകുന്നുണ്ട്.

അപ്പോ ഇനി എന്തു ചെയ്യും? എഐ എന്നത് ഒരു റിയാലിറ്റിയാണ്. ഈ സത്യം അം​ഗീകരിച്ചുകൊണ്ടുള്ള സ്ട്രാറ്റജിയാണ് നമ്മൾ ഇനി കൊണ്ടു വരേണ്ടത്. മാറ്റത്തിന്റെ വേ​ഗത വളരെ കൂടുതലായതുകൊണ്ടു തന്നെ അതേ വേ​ഗതയിൽ നമ്മുടെ കൂടെയുള്ളവരെ മാറ്റിയെടുക്കുക അത്ര എളുപ്പമല്ല. ‘ആരെ കൊന്നിട്ടാണെങ്കിലും ട്രാഫിക്, എന്തു ചെയ്തിട്ടാണെങ്കിലും ട്രാഫിക്’ ( traffic at any cost) എന്ന സങ്കൽപ്പത്തിൽ നിന്നും യൂസേഴ്സുമായി വാല്യുബിളും ലോയലുമായ ഒരു ബന്ധം നേരിട്ട് ഉണ്ടാക്കുന്ന ഒരു സംവിധാനത്തിലേക്ക് മാറാൻ സാധിക്കണം. അതിലൂടെ ഡയറക്ട് യൂസേഴ്സിന്റെ എണ്ണവും വർധിപ്പിക്കണം.

എന്നാൽ ഇത് അത്ര എളുപ്പമുള്ളതായിരിക്കില്ലെന്ന് ഉറപ്പാണ്. കാരണം പരസ്യ വരുമാനത്തെ ആശ്രയിച്ചുള്ള ബിസിനസ്സിൽ നിന്നും Reader-first business modelലേക്ക് മാറുമ്പോൾ നമ്മുടെ കണ്ടന്റിന് അവരിൽ നിന്നും സബ് സ്ക്രിപ്ഷനിലൂടെയോ മെംബർഷിപ്പിലൂടെയോ ഡൊണേഷനിലൂടെയോ പണം വാങ്ങേണ്ടി വരുമെന്നതാണ്. കാരണം ടെക്സ്റ്റ് ബിസിനസ്സിൽ ട്രാഫിക് കുറയുമ്പോൾ അവിടെ നേരത്തെ പരസ്യം നൽകിയിരുന്നവർ മറ്റു ഫോർമാറ്റിലേക്ക് ചുവട് മാറ്റും.

അതേ സമയം ഇത്രയും കാലം കണ്ടന്റ് ഫ്രീയായി ലഭിച്ചിരുന്നവരോട് ഏതെങ്കിലും രീതിയിൽ പണം വാങ്ങണമെങ്കിൽ ആ സേവനം അത്ര മാത്രം മഹത്തരമാകണം. കേവലം പതിനഞ്ച് ശതമാനം പേർ മാത്രമാണ് ന്യൂസ് കൺസ്യൂം ചെയ്യുന്നത്. അതിൽ വാർത്ത പണം കൊടുത്ത് വായിക്കാൻ എത്ര പേർ തയ്യാറാകും. ഈ കണക്കു കൂടി ചേർത്തു വായിക്കുമ്പോൾ ഏകദേശം ചിത്രം വ്യക്തമാകും.

വീഡിയോ ഓഡിയോ: ഇൻറർനെറ്റ് ലോകത്ത് ഏറെ ആക്ടീവായ പുതിയ തലമുറ വീഡിയോ, ഓഡിയോ, പോഡ്കാസ്റ്റ്, ലൈവ് സ്ട്രീമിങ് ഏരിയകളിലാണ് കൂടുതൽ താത്പര്യം കാണിയ്ക്കുന്നത്. താമസിയാതെ മില്ലേനിയൻസും ജനററേഷൻ എക്സും ഈ ഏരിയകളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുമെന്നതിനാൽ ടെക്സ്റ്റ് ബിസിനസ്സിനൊപ്പം ശക്തമായ ഒരു വീഡിയോ ഓഡിയോ ബിസിനസ്സ് കൂടി പടുത്തുയർത്താൻ സാധിച്ചാൽ ഒരു പരിധി വരെ ഇതിനെ പ്രതിരോധിക്കാനാകും. കാരണം യുട്യൂബിൽ നിന്നും ഫേസ് ബുക്കിൽ നിന്നും റവന്യു ലഭിക്കുന്നുണ്ട്. കൂടുതൽ പരസ്യക്കാർ ഈ മേഖലയിൽ സജീവമാണു താനും.

ഇമെയിൽ ന്യൂസ് ലെറ്റർ, പുഷ് നോട്ടിഫിക്കേഷൻ, കമ്യൂണിറ്റി ബിൽഡിങ് തുടങ്ങിയ ഒട്ടേറെ സജഷനുകൾ മുന്നോട്ടു വരുന്നുണ്ട്. എന്നാൽ ഇതൊന്നും നമ്മുടെ കൺസ്യൂം രീതിയിൽ അത്ര വലിയ ഇംപാക്ട് ഉണ്ടാക്കില്ലെന്ന് നമുക്കറിയാം. അതേ സമയം എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യമുണ്ട്. ഒറിജിനൽ ആൻറ് യുനിക് കണ്ടൻറ്- അത് ടെക്സ്റ്റിലായാലും വീഡിയോയിലായാലും നമ്മൾക്ക് കൈ തരും. ഡാറ്റയും കാഴ്ചയും നിറയുന്ന റിച്ച് മീഡിയ കണ്ടന്‍റുകളും വര്‍ക്കാകും. മള്‍ട്ടി ഫോര്‍മാറ്റുകള്‍ സമന്വയിക്കുന്ന ഇത്തരം കണ്ടന്‍റുകള്‍ വാണിജ്യപമായി ഉണ്ടാക്കുന്നതിന് പരിമിതിയുണ്ടെന്ന് മാത്രം.

പറഞ്ഞു വരുന്നത്, പഴയ മോഡൽ ന്യൂസ് പോർട്ടൽ ജേർണലിസത്തിന് ഇനി പ്രസക്തിയില്ല. എന്നാൽ ഇതൊരിക്കലും ന്യൂസ് ബിസിനസ്സിൻറെ അവസാനമാണെന്ന് കരുതുന്നില്ല. പ്രതിസന്ധികൾ നിറഞ്ഞ ഈ കാലവും മറികടക്കാം. പുതിയതിനെ സ്വീകരിക്കാനുള്ള ഒരു മനസ്സ് നമുക്കുണ്ടായാൽ അതിനനുസരിച്ച് അതിവേഗം മാറിയാൽ അപ്പുറത്ത് കൂടുതൽ സ്റ്റേബിളായ ആശങ്കകൾ കുറഞ്ഞ ഒരു കാലം നമുക്കു വേണ്ടി കാത്തിരിക്കുന്നുണ്ടെന്നു പ്രതീക്ഷിക്കാം. പക്ഷേ, ഒരു കാര്യം ഉറപ്പിക്കാം.

We can’t become what we need to be by remaining what we are.This is our moment to hit the reset button.