മുത്തൂറ്റ് മൈക്രോഫിൻ ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 284.99 കോടി രൂപ സമാഹരിച്ചു

കൊച്ചി: മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് കമ്പനിയുടെ നിര്‍ദ്ദിഷ്ട പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 284.99 കോടി രൂപ സമാഹരിച്ചു. 26 ആങ്കര്‍ നിക്ഷേപകര്‍ക്കായി 97,93,812 ഇക്വിറ്റി ഓഹരികളാണ് അനുവദിച്ചത്. പത്ത് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 291 രൂപ എന്ന ഉയര്‍ന്ന പ്രൈസ് ബാന്‍ഡിലാണ് വിതരണം നടന്നത്.

കമ്പനിയുടെ ഐപിഒ 2023 ഡിസംബര്‍ 18 മുതല്‍ 20 വരെയാണ്. ഐപിഒയിലൂടെ 960 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 760 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 200 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്വിറ്റി ഓഹരി ഒന്നിന് 277 രൂപ മുതല്‍ 291 രൂപ വരെയാണ് പ്രൈസ് ബാന്‍‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 51 ഓഹരികള്‍ക്കും തുടര്‍ന്ന് 51ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

 Price Band fixed at ₹277 to ₹291 per equity share of face value of ₹10 each
(“Equity Share”)
 Bid/ Offer will open on Monday, December 18, 2023 and close on Wednesday,
December 20, 2023
 Bids can be made for a minimum of 51 Equity Shares and in multiples of 51
Equity Shares thereafter
 Link: https://www.bseindia.com/markets/MarketInfo/DownloadAttach.aspx?id=20231215-
42&attachedId=3b7cd417-9229-4ef6-bcf0-e6eb2296ec6c

സാംകോ മ്യുച്വൽ ഫണ്ട് ഡൈനാമിക്ക് അസറ്റ് അലോക്കേഷൻ ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ഇൻവെസ്റ്റ്മെന്റ് മാനേജ്‍മെന്റ് സ്ഥാപനമായ സാംകോ അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആകർഷകമായ പുതിയൊരു മ്യൂച്വൽ ഫണ്ട് കൂടി അവതരിപ്പിച്ചു. നിക്ഷേപകർക്ക് സ്ഥിരതയും ലാഭവും ഉറപ്പ് നൽകുന്നതിനൊപ്പം അപ്രതീക്ഷിതമായ ഓഹരി ഇടിവുകളിൽ നിന്ന് സുരക്ഷയും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ “ഡൈനാമിക്ക് അസറ്റ് അലോക്കേഷൻ ഫണ്ട്” അഥവാ ഡാഫ്‌ (DAAF).

മാർക്കറ്റിന്റെ ഗതിവിഗതികൾ അനുസരിച്ച് ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപം ക്രമീകരിച്ച് ഇടിവുകളെ നേരിടാൻ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡാഫ്‌ ഫണ്ടാണിത്. ഓഹരികളുടെ പ്രകടനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ ഭയാശങ്കയോടെ കാണുന്ന നിക്ഷേപകർക്കുപോലും ഏറെ ആത്മവിശ്വാസം നൽകുന്നതാണ് ഈ പദ്ധതി. മാർക്കറ്റ് ഇടിയുമ്പോൾ നഷ്ടം പരമാവധി കുറയ്ക്കാനും നിക്ഷേപങ്ങളുടെ മൂല്യമിടിയാതെ സൂക്ഷിക്കാനും കഴിയുന്ന തരത്തിലാണ് ഫണ്ട് ക്രമീകരിച്ചിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാനുള്ള സൗകര്യവും സാംകോ ഒരുക്കിയിട്ടുണ്ട്.

മാർക്കറ്റിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ സധൈര്യം നേരിടാനും നഷ്ടസാധ്യതകൾ കുറയ്ക്കാനും നിക്ഷേപകരെ ഈ ഫണ്ട് സഹായിക്കുമെന്ന് സാംകോയുടെ മുഖ്യനിക്ഷേപക ഓഫിസർ ഉമേഷ്‌കുമാർ മെഹ്ത പറഞ്ഞു.

സാംകോയുടെ ഡാഫ്‌ ഫണ്ടിന്റെ എൻ എഫ് ഓ ഈ മാസം 21 വരെയാണ്. അതിനുശേഷം അഞ്ചുദിവസത്തിനുള്ളിൽ തന്നെ സാധാരണ ക്രയവിക്രയങ്ങൾക്കായി ഫണ്ട് ഓപ്പണാകും. കൂടുതൽ വിവരങ്ങൾക്ക് https://www.samcomf.com/dynamic-asset-allocation-fund എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

എന്തുകൊണ്ട് ഓഹരി വിപണി ഇടിഞ്ഞു? ഇപ്പോള്‍ നിക്ഷേപിക്കാമോ?

ചൈന തന്നെയാണോ? ഓഹരി വിപണിയിലെ ഈ വന്‍ തകര്‍ച്ചയ്ക്കു കാരണം? അല്ലെന്നാണ് ഓഹരി വിപണിയിലെ വിദഗ്ധരുടെ അഭിപ്രായം. എന്തൊക്കെയായിരിക്കും മറ്റു കാരണങ്ങള്‍?

1 അമിത വില- പല ഓഹരികളും ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയാണെന്നതാണ് പ്രധാന കാര്യം. വില കുറയുമ്പോള്‍ വാങ്ങുകയും വില കൂടുമ്പോള്‍ വില്‍ക്കുകയും ചെയ്യുകയെന്ന സാമാന്യ തന്ത്രത്തില്‍ നിന്നും വിഭിന്നമായി ആളുകള്‍ ഏതു സമയത്തും വാങ്ങാനെത്തിയപ്പോള്‍ പല ഓഹരികളുടെയും വില യുക്തിരഹിതമായി വര്‍ദ്ധിച്ചുവെന്നതാണ് വാസ്തവം.
2 വികസനത്തിന്റെ അഭാവം. ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ വന്‍ പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍ അതിന്റെ ഏഴയലത്തു പോലും എത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം.

3 കമ്പനികളുടെ മോശം പ്രകടനങ്ങള്‍-കഴിഞ്ഞ രണ്ട് പാദങ്ങളിലെയും സാമ്പത്തിക ഫലം വിശകലനം ചെയ്യുകയാണെങ്കില്‍ എടുത്തു പറയാവുന്ന പ്രകടനം നടത്തിയ കമ്പനികള്‍ അപൂര്‍വമാണ്.

4 ചൈനീസ് എക്‌സ്‌ക്യൂസ്-വാസ്തവത്തില്‍ ചൈനയിലെ തകര്‍ച്ച ഇന്ത്യയെ കാര്യമായി ബാധിക്കേണ്ട സംഗതിയല്ല. എന്നാല്‍ ഇതിനെ രക്ഷപ്പെടാനുള്ള ഒരു പഴുതാക്കിയെടുക്കുകയായിരുന്നു പലരും.

5 ഈസി മണി-വാസ്തവത്തില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അശാസ്ത്രീയമായി പണം ഒഴുക്കിയതാണ് ഇന്ത്യയിലെ പല പ്രമുഖ കമ്പനികളുടെയും വില വര്‍ദ്ധിപ്പിച്ചത്. അനുകൂല സമയത്ത് അവര്‍ പണം പിന്‍വലിക്കും. വീണ്ടും കുറഞ്ഞ വിലയില്‍ തിരിച്ചു കയറും. അവര്‍ക്ക് പണം സ്റ്റോക്ക് ചെയ്യാനുള്ള ഒരിടം മാത്രമാണ് ഇന്ത്യന്‍ വിപണി.

ഇപ്പോള്‍ നിക്ഷേപിക്കാമോ?

സെന്‍സെക്‌സില്‍ ഇനിയും ഒരു പത്തു ശതമാനത്തോളം ഇടിവുണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും നിക്ഷേപിക്കാം. കാരണം അപ്പോഴാണ് ഇന്ത്യന്‍ വിപണി യഥാര്‍ത്ഥ്യ മൂല്യത്തിലേക്ക് തിരിച്ചെത്തുന്നത്.

എന്താണ് മ്യൂച്വല്‍ ഫണ്ടുകള്‍ ?

മ്യൂച്വല്‍ ഫണ്ട് എന്താണെന്ന് വളരെ ലളിതമായി പറഞ്ഞുതരാം. ഓഹരിയില്‍ പണം നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഓഹരികളെ കുറിച്ചും വിപണിയെ കുറിച്ചും വ്യക്തമായ ധാരണയില്ലെങ്കില്‍ എന്തു ചെയ്യും? തീര്‍ച്ചയായും നിങ്ങള്‍ക്ക് പരിചയ സമ്പന്നരുടെയും വിദഗ്ധരുടെയും ഉപദേശം ആവശ്യമായി വരും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ട്. നിങ്ങളില്‍ നിന്നും ശേഖരിയ്ക്കുന്ന പണം ഉപയോഗിച്ച് മ്യൂച്ചല്‍ഫണ്ട് സ്ഥാപനങ്ങള്‍ ഓഹരികളില്‍ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ലാഭം കിട്ടേണ്ടത് ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത കൂടിയായതിനാല്‍ വളരെ കരുതലോടെ മാത്രമേ അവര്‍ നിക്ഷേപം നടത്തൂ.
ചില ഉദാഹരണങ്ങള്‍…

സൂപ്പര്‍ റിട്ടേണ്‍സ് മ്യൂച്വല്‍ ഫണ്ട് എന്ന പേരില്‍ ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമുണ്ട്. സൂപ്പര്‍ റിട്ടേണ്‍സ് അസെറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് പദ്ധതി നടപ്പാക്കിയത്. ഈ സ്‌കീം പ്രകാരം വിവിധ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച പണം സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

ആരംഭത്തില്‍ പത്തുരൂപ യൂണിറ്റുകളായാണ് ഫണ്ട് വാഗ്ദാനം ചെയ്യുന്നതെങ്കില്‍ ആയിരം യൂണിറ്റുകള്‍ വാങ്ങാന്‍ 10,000 രൂപ അടക്കണം. കുറച്ച് കഴിഞ്ഞ് യൂനിറ്റിന് 12 രൂപയാണെന്നിരിക്കട്ടെ, വില്‍പ്പന നടത്തുമ്പോള്‍ നിങ്ങള്‍ക്ക് 12000 രൂപ ലഭിക്കും. രണ്ടായിരം രൂപ ലാഭം. ഓപണ്‍ എന്‍ഡഡ് ഫണ്ടുകള്‍ എപ്പോള്‍ വേണമെങ്കിലും വാങ്ങാവുന്നതാണ്. അപ്പോഴത്തെ യൂനിറ്റ് വില കൊടുക്കണമെന്നു മാത്രം. ഓരോ ഫണ്ടിന്റെയും യൂനിറ്റ് വില ഓഹരി വിപണിയിലെ കയറ്റിറക്കങ്ങള്‍ക്കനുസരിച്ചും സര്‍ക്കാറിന്റെ പലിശ നയത്തിനനുസരിച്ചും മാറി കൊണ്ടിരിക്കും.

ഇന്ത്യയിലെ വിവിധതരം മ്യൂച്വല്‍ ഫണ്ടുകള്‍

മ്യൂച്ചല്‍ഫണ്ടുകള്‍ പലതരത്തിലുണ്ട്. അവയില്‍ ചിലതിനെ കുറിച്ച് മനസ്സിലാക്കാം.

ഇക്വിറ്റി ഫണ്ടുകള്‍

പേരില്‍ തന്നെയുണ്ട് മ്യൂച്ചല്‍ ഫണ്ടിന്റെ സ്വഭാവം. നിക്ഷേപകരില്‍ നിന്നു സ്വീകരിക്കുന്ന ഭൂരിഭാഗം പണവും ഓഹരി വിപണിയിലാണ് നിക്ഷേപിക്കുക. ലാഭം കൂടുതല്‍ ലഭിക്കുമെങ്കിലും ഓഹരി വിപണിയില്‍ നേരിട്ടു നിക്ഷേപിക്കുന്നതിനു സമാനമായ റിസ്‌ക് ഇതിനുമുണ്ട്. അതേ സമയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണിത്. രണ്ട് ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. കമ്പനികള്‍ പ്രഖ്യാപിക്കുന്ന ഡിവിഡന്റ് സ്വീകരിച്ചു കൊണ്ടുള്ള ഡിവിഡന്റ് ഓപ്ഷനും ലാഭവിഹിതം വാങ്ങാതെയുള്ള ഗ്രോത്ത് ഓപ്ഷനും. കൂടാതെ കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതം അല്ലെങ്കില്‍ ഡിവിഡന്റ് റീ ഇന്‍വെസ്റ്റ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്.

ഡെബ്റ്റ് ഫണ്ട്

അധികം റിസ്‌കെടുക്കാന്‍ വയ്യ, എന്നാല്‍ ബാങ്ക് നിക്ഷേപത്തേക്കാള്‍ മികച്ച റിട്ടേണ്‍ കിട്ടണം എന്നതാണോ നിങ്ങളുടെ സ്വപ്‌നം. ബോണ്ട്, കടപ്പത്രം, ഫിക്‌സഡ് ഡിപ്പോസിറ്റ്, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ എന്നിവയിലാണ് ഇത്തരം മ്യൂച്ചല്‍ ഫണ്ടുകള്‍ നിക്ഷേപം നടത്തുക. ഫലത്തില്‍ ഇത്തരം നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയാണ് ലാഭമായി കിട്ടുന്നത്. കൃത്യമായ വരുമാനം ലഭിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. റിസ്‌ക് താരതമ്യേന കുറവായിരിക്കും. അതേ സമയം ബാങ്ക് നിക്ഷേപത്തേക്കാള്‍ വലിയ മെച്ചമൊന്നും കിട്ടികൊള്ളണമെന്നില്ല.

ബാലന്‍സ്ഡ് ഫണ്ട്

ഇക്വിറ്റിയും ഡെബ്റ്റും ചേര്‍ന്ന രീതിയാണിത്. ഓഹരികളിലും കടപ്പത്രങ്ങളിലും ഒരേ പോലെ നിക്ഷേപം നടത്തും. അധികം റിസ്‌കെടുക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് ഈ മാര്‍ഗ്ഗം സ്വീകരിക്കാം. ഓഹരി വിപണിയിലെ തിരിച്ചടികള്‍ മ്യൂച്ചല്‍ ഫണ്ടിനെ കാര്യമായി ബാധിക്കില്ല. ഇത്തരത്തിലുള്ള ഫണ്ടുകള്‍ 40 ശതമാനത്തോളം മാത്രമേ മാര്‍ക്കറ്റില്‍ നിക്ഷേപിക്കൂ.

ലിക്വിഡ് ഫണ്ട്

ട്രഷറി ബില്‍, സര്‍ക്കാര്‍ ബോണ്ടുകള്‍ എന്നിവയിലേക്ക് ചെറിയ കാലയളവില്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നുവെന്നതാണ് ഈ മണി മാര്‍ക്കറ്റ് എന്ന ലിക്വിഡ് ഫണ്ടിന്റെ പ്രത്യേകത.

ഗില്‍റ്റ് ഫണ്ടുകള്‍

ഇത് പലിശ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. സെര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ് അധിക നിക്ഷേപവും നടത്തുന്നത്. സര്‍ക്കാറിന്റെ സുരക്ഷിതത്വമുള്ളതിനാല്‍ ഏറ്റവും സുരക്ഷിതമായ മ്യൂച്ചല്‍ഫണ്ട് ഗില്‍റ്റ് ഫണ്ടാണെന്നു വേണമെങ്കില്‍ പറയാം.

ഇന്‍ഡക്‌സ്, സെക്ടര്‍ ഫണ്ടുകളും ഫണ്ട് ഓഫ് ഫണ്ട്‌സ് എന്ന രീതിയും നിലവിലുണ്ട്. ചെറിയ മുതല്‍ മുടക്കില്‍ സുരക്ഷിതമായി ഓഹരി വിപണിയില്‍ നിക്ഷേപം നടത്താമെന്നതു തന്നെയാണ് മ്യൂച്ചല്‍ ഫണ്ടുകളുടെ പ്രത്യേകത.

വണ്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചത്.