ട്രേഡിങ് ചെയ്യുന്നവര്‍ക്കായി മൂന്നു കാര്യങ്ങള്‍

1 സ്റ്റോപ്പ് ലോസ്- പത്തു രൂപയ്ക്ക് തേങ്ങ വാങ്ങിയ ഒരാളുടെ കാര്യമെടുക്കാം. വില ഇപ്പോള്‍ എട്ടു രൂപയാണ്. എന്തു ചെയ്യും? എട്ടു രൂപയ്ക്ക് തേങ്ങ വിറ്റൊഴിവാക്കുക. നൂറു തേങ്ങയാണ് ഉള്ളതെങ്കില്‍ അയാളുടെ നഷ്ടം 200 രൂപയാണ്. വീണ്ടും തേങ്ങയ്ക്ക് വിലകുറഞ്ഞാലും അയാള്‍ക്ക് പേടിക്കേണ്ട കാര്യമില്ല. കാരണം അയാള്‍ നഷ്ടം പരിമിതപ്പെടുത്തി. ഇവിടെ പത്തു രൂപയ്ക്ക് തേങ്ങ വാങ്ങുന്പോള്‍ , എട്ട് രൂപയിലേക്ക് താഴ്ന്നാല്‍ ഞാനിത് വിറ്റൊഴിവാക്കും എന്നയാള്‍ തീരുമാനിച്ചിട്ടുണ്ട്. അതു പോലെ വില പന്ത്രണ്ട് രൂപയിലേക്ക് ഉയര്‍ന്നാലും കൊടുത്തൊഴിവാക്കാന്‍ തയ്യാറാകണം. എട്ടു രൂപ എന്നതാണ് അയാളുടെ സ്റ്റോപ് ലോസ്. ഇതു പോലെ പ്രോഫിറ്റിനും ഒരു ബ്രെയ്ക്ക് കാണണം. അത്യാഗ്രഹം പാടില്ല. ഓരോ ഓഹരിക്കനുസരിച്ചും നഷ്ടവും ലാഭവും നിശ്ചയിക്കണം. അതിന് ആ ഓഹരിയെ കുറിച്ച് കൂടുതല്‍ പഠിയ്ക്കണം. ഈ രീതിയില്‍ റിസ്ക് കുറവാണ്.

2 ആവറേജ്- ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് നമ്മള്‍ വാങ്ങിയ ഓഹരികളുടെ വില ഇടിഞ്ഞുവെന്നിരിക്കട്ടെ. അത്തരം സാഹചര്യങ്ങളിലാണ് ആവറേജ് രീതി വര്‍ക്ക് ചെയ്യുക. തേങ്ങയുടെ കണക്കില്‍ തന്നെ നോക്കാം. പത്തു രൂപയ്ക്ക് നൂറു തേങ്ങ വാങ്ങി വെച്ചിട്ടുണ്ട്. വില ഇടിയുന്നു. എട്ടു രൂപയാകുന്നു. അപ്പോള്‍ ഈ നഷ്ടം നികത്താന്‍ ഒരു മാര്‍ഗ്ഗമുണ്ട്. 200 തേങ്ങ കൂടി അധികം വാങ്ങുക. അപ്പോള്‍ തേങ്ങയ്ക്കു വേണ്ടി മൊത്തം ചെലവാക്കിയ തുക-1000+800+800=2600. അപ്പോള്‍ ഒരു തേങ്ങയുടെ വില 8.66 പൈസ. തേങ്ങ എട്ടില്‍ നിന്നും ഉയരാന്‍ തുടങ്ങിയാല്‍ വിറ്റൊഴിവാക്കാനും തുടങ്ങുക. എട്ടില്‍ നിന്നും പത്തു തന്നെയാകാന്‍ സമയമെടുക്കും. പക്ഷേ, 8.50, 8.60 ഒക്കെ പെട്ടെന്ന് ആകും. ഈ സമയത്ത് വിറ്റൊഴിവാക്കി രക്ഷപ്പെടുക. ഇനി കൂടുതല്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ പത്തു രൂപയാകുന്നതുവരെ കാത്തിരുന്നാല്‍ നഷ്ടത്തിനു പകരം നല്ല ലാഭം കിട്ടും. ഇതില്‍ റിസ്കുണ്ട്. തേങ്ങയുടെ വില കൂടുതല്‍ താഴേക്ക് പോവുകയാണെങ്കില്‍ അധിക പണം കുടുങ്ങി കിടക്കും.

3 കാത്തിരിപ്പ്-ട്രേഡിങ് നടത്തുന്ന ഒരാള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിത്. വിലയിടിയുന്പോള്‍ അത് ഉയരുന്നതുവരെ കാത്തിരിക്കുക. നിര്‍ഭാഗ്യത്തിന് ഇന്ത്യയിലെ ഭൂരിഭാഗം നിക്ഷേപകരും ഈ രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ ചെയ്യുന്നത്. ഓഹരി വിപണിയിലെത്തുന്ന നിങ്ങള്‍ ആദ്യം തീരുമാനിക്കേണ്ടത്. ഞാന്‍ നിക്ഷേപകനാണോ ട്രേഡറാണോ എന്നതാണ്. ട്രേഡറാണെങ്കില്‍ നീണ്ട കാത്തിരിപ്പ് ശരിയായ കാര്യമല്ല. അതേ സമയം നിക്ഷേപകനാണെങ്കില്‍ നല്ല കന്പനികള്‍ തിരഞ്ഞെടുക്കുയും അതില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുകയുമാണ് വേണ്ടത്. ആകെ ശ്രദ്ധിക്കേണ്ട കാര്യം വില കുറഞ്ഞ സമയത്തുവേണം വാങ്ങാന്‍ എന്നതുമാത്രമാണ്. ഇടക്കിടെയുള്ള വിപണി കയറ്റിറക്കങ്ങളെ കുറിച്ച് അധികം ബോധവാനാകേണ്ട കാര്യമില്ല.

എന്താണ് മ്യൂച്വല്‍ ഫണ്ടുകള്‍ ?

മ്യൂച്വല്‍ ഫണ്ട് എന്താണെന്ന് വളരെ ലളിതമായി പറഞ്ഞുതരാം. ഓഹരിയില്‍ പണം നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഓഹരികളെ കുറിച്ചും വിപണിയെ കുറിച്ചും വ്യക്തമായ ധാരണയില്ലെങ്കില്‍ എന്തു ചെയ്യും? തീര്‍ച്ചയായും നിങ്ങള്‍ക്ക് പരിചയ സമ്പന്നരുടെയും വിദഗ്ധരുടെയും ഉപദേശം ആവശ്യമായി വരും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ട്. നിങ്ങളില്‍ നിന്നും ശേഖരിയ്ക്കുന്ന പണം ഉപയോഗിച്ച് മ്യൂച്ചല്‍ഫണ്ട് സ്ഥാപനങ്ങള്‍ ഓഹരികളില്‍ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ലാഭം കിട്ടേണ്ടത് ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത കൂടിയായതിനാല്‍ വളരെ കരുതലോടെ മാത്രമേ അവര്‍ നിക്ഷേപം നടത്തൂ.
ചില ഉദാഹരണങ്ങള്‍…

സൂപ്പര്‍ റിട്ടേണ്‍സ് മ്യൂച്വല്‍ ഫണ്ട് എന്ന പേരില്‍ ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമുണ്ട്. സൂപ്പര്‍ റിട്ടേണ്‍സ് അസെറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് പദ്ധതി നടപ്പാക്കിയത്. ഈ സ്‌കീം പ്രകാരം വിവിധ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച പണം സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

ആരംഭത്തില്‍ പത്തുരൂപ യൂണിറ്റുകളായാണ് ഫണ്ട് വാഗ്ദാനം ചെയ്യുന്നതെങ്കില്‍ ആയിരം യൂണിറ്റുകള്‍ വാങ്ങാന്‍ 10,000 രൂപ അടക്കണം. കുറച്ച് കഴിഞ്ഞ് യൂനിറ്റിന് 12 രൂപയാണെന്നിരിക്കട്ടെ, വില്‍പ്പന നടത്തുമ്പോള്‍ നിങ്ങള്‍ക്ക് 12000 രൂപ ലഭിക്കും. രണ്ടായിരം രൂപ ലാഭം. ഓപണ്‍ എന്‍ഡഡ് ഫണ്ടുകള്‍ എപ്പോള്‍ വേണമെങ്കിലും വാങ്ങാവുന്നതാണ്. അപ്പോഴത്തെ യൂനിറ്റ് വില കൊടുക്കണമെന്നു മാത്രം. ഓരോ ഫണ്ടിന്റെയും യൂനിറ്റ് വില ഓഹരി വിപണിയിലെ കയറ്റിറക്കങ്ങള്‍ക്കനുസരിച്ചും സര്‍ക്കാറിന്റെ പലിശ നയത്തിനനുസരിച്ചും മാറി കൊണ്ടിരിക്കും.

ഇന്ത്യയിലെ വിവിധതരം മ്യൂച്വല്‍ ഫണ്ടുകള്‍

മ്യൂച്ചല്‍ഫണ്ടുകള്‍ പലതരത്തിലുണ്ട്. അവയില്‍ ചിലതിനെ കുറിച്ച് മനസ്സിലാക്കാം.

ഇക്വിറ്റി ഫണ്ടുകള്‍

പേരില്‍ തന്നെയുണ്ട് മ്യൂച്ചല്‍ ഫണ്ടിന്റെ സ്വഭാവം. നിക്ഷേപകരില്‍ നിന്നു സ്വീകരിക്കുന്ന ഭൂരിഭാഗം പണവും ഓഹരി വിപണിയിലാണ് നിക്ഷേപിക്കുക. ലാഭം കൂടുതല്‍ ലഭിക്കുമെങ്കിലും ഓഹരി വിപണിയില്‍ നേരിട്ടു നിക്ഷേപിക്കുന്നതിനു സമാനമായ റിസ്‌ക് ഇതിനുമുണ്ട്. അതേ സമയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണിത്. രണ്ട് ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. കമ്പനികള്‍ പ്രഖ്യാപിക്കുന്ന ഡിവിഡന്റ് സ്വീകരിച്ചു കൊണ്ടുള്ള ഡിവിഡന്റ് ഓപ്ഷനും ലാഭവിഹിതം വാങ്ങാതെയുള്ള ഗ്രോത്ത് ഓപ്ഷനും. കൂടാതെ കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതം അല്ലെങ്കില്‍ ഡിവിഡന്റ് റീ ഇന്‍വെസ്റ്റ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്.

ഡെബ്റ്റ് ഫണ്ട്

അധികം റിസ്‌കെടുക്കാന്‍ വയ്യ, എന്നാല്‍ ബാങ്ക് നിക്ഷേപത്തേക്കാള്‍ മികച്ച റിട്ടേണ്‍ കിട്ടണം എന്നതാണോ നിങ്ങളുടെ സ്വപ്‌നം. ബോണ്ട്, കടപ്പത്രം, ഫിക്‌സഡ് ഡിപ്പോസിറ്റ്, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ എന്നിവയിലാണ് ഇത്തരം മ്യൂച്ചല്‍ ഫണ്ടുകള്‍ നിക്ഷേപം നടത്തുക. ഫലത്തില്‍ ഇത്തരം നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയാണ് ലാഭമായി കിട്ടുന്നത്. കൃത്യമായ വരുമാനം ലഭിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. റിസ്‌ക് താരതമ്യേന കുറവായിരിക്കും. അതേ സമയം ബാങ്ക് നിക്ഷേപത്തേക്കാള്‍ വലിയ മെച്ചമൊന്നും കിട്ടികൊള്ളണമെന്നില്ല.

ബാലന്‍സ്ഡ് ഫണ്ട്

ഇക്വിറ്റിയും ഡെബ്റ്റും ചേര്‍ന്ന രീതിയാണിത്. ഓഹരികളിലും കടപ്പത്രങ്ങളിലും ഒരേ പോലെ നിക്ഷേപം നടത്തും. അധികം റിസ്‌കെടുക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് ഈ മാര്‍ഗ്ഗം സ്വീകരിക്കാം. ഓഹരി വിപണിയിലെ തിരിച്ചടികള്‍ മ്യൂച്ചല്‍ ഫണ്ടിനെ കാര്യമായി ബാധിക്കില്ല. ഇത്തരത്തിലുള്ള ഫണ്ടുകള്‍ 40 ശതമാനത്തോളം മാത്രമേ മാര്‍ക്കറ്റില്‍ നിക്ഷേപിക്കൂ.

ലിക്വിഡ് ഫണ്ട്

ട്രഷറി ബില്‍, സര്‍ക്കാര്‍ ബോണ്ടുകള്‍ എന്നിവയിലേക്ക് ചെറിയ കാലയളവില്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നുവെന്നതാണ് ഈ മണി മാര്‍ക്കറ്റ് എന്ന ലിക്വിഡ് ഫണ്ടിന്റെ പ്രത്യേകത.

ഗില്‍റ്റ് ഫണ്ടുകള്‍

ഇത് പലിശ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. സെര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ് അധിക നിക്ഷേപവും നടത്തുന്നത്. സര്‍ക്കാറിന്റെ സുരക്ഷിതത്വമുള്ളതിനാല്‍ ഏറ്റവും സുരക്ഷിതമായ മ്യൂച്ചല്‍ഫണ്ട് ഗില്‍റ്റ് ഫണ്ടാണെന്നു വേണമെങ്കില്‍ പറയാം.

ഇന്‍ഡക്‌സ്, സെക്ടര്‍ ഫണ്ടുകളും ഫണ്ട് ഓഫ് ഫണ്ട്‌സ് എന്ന രീതിയും നിലവിലുണ്ട്. ചെറിയ മുതല്‍ മുടക്കില്‍ സുരക്ഷിതമായി ഓഹരി വിപണിയില്‍ നിക്ഷേപം നടത്താമെന്നതു തന്നെയാണ് മ്യൂച്ചല്‍ ഫണ്ടുകളുടെ പ്രത്യേകത.

വണ്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചത്.